ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട ഒരു വിസ്മയം തന്നെയാണ് അന്തിയൂരിലെ ഉത്സവക്കാഴ്ചകൾ

തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലുള്ള അന്തിയൂർ എന്ന ഗ്രാമം വർഷത്തിലൊരിക്കൽ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി മാറാറുണ്ട്. ശാന്തമായ ആ ഗ്രാമവീഥികളിലേക്ക് ലക്ഷക്കണക്കിന് മനുഷ്യരും, തലയെടുപ്പുള്ള കുതിരകളും, മികച്ചയിനം കന്നുകാലികളും ഒഴുകിയെത്തുന്ന ആ ദിനങ്ങൾ ഒരേസമയം ഭക്തിയുടെയും, ചരിത്രത്തിന്റെയും, കാർഷിക പാരമ്പര്യത്തിന്റെയും മഹാസംഗമമാണ്. തെന്നിന്ത്യയിലെ ഏറ്റവും വലിയ കുതിരച്ചന്തയായ അന്തിയൂർ കുതിരച്ചന്തയും അതിനോടനുബന്ധിച്ചുള്ള അരുൾമിഗു ഗുരുനാഥസ്വാമി കോവിൽ ഉത്സവവും ഗ്രാമീണ തനിമയുടെ വിസ്മയക്കാഴ്ചകളാണ് സന്ദർശകർക്കായി ഒരുക്കുന്നത്. ഇത്തവണ ഓഗസ്റ്റ് 12 മുതൽ 16 വരെയാണ് ഈ മേള അരങ്ങേറിയത്. അന്തിയൂരിലെ ഈ അപൂർവ്വ ഉത്സവക്കാഴ്ചകളുടെ ചരിത്രവഴികളിലൂടെ ഒരു യാത്ര.
ടിപ്പു സുൽത്താന്റെ പടക്കുതിരകൾ വഴിതുറന്ന ചരിത്രം
അന്തിയൂർ കുതിരമേളയ്ക്ക് രണ്ട് നൂറ്റാണ്ടിലധികം പഴക്കമുണ്ട്. പാണ്ഡ്യ രാജാക്കന്മാരുടെ കാലത്താണ് നിലവിലുള്ള രൂപത്തിൽ ക്ഷേത്രം നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ ഇവിടെ കുതിരച്ചന്ത ആരംഭിച്ചതിന് പിന്നിൽ മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താനാണ്. ടിപ്പു തന്റെ സേനയിലേക്ക് ആവശ്യമായ ഏറ്റവും മികച്ച പടക്കുതിരകളെ വാങ്ങാനും യുദ്ധത്തിന് ഉപയോഗിക്കാനാകാത്ത തന്റെ അവശരായ കുതിരകളെ വിൽക്കാനുമായി അന്തിയൂരിൽ സ്ഥാപിച്ചതാണ് ഈ വിപണിയെന്നാണ് ചരിത്രം.
സത്യമംഗലം ടൈഗർ റിസർവിലെ താലമലൈ ഫോറസ്റ്റ് റേഞ്ചിലൂടെ കടന്നുപോകുന്ന 'സുൽത്താൻ റോഡ്' എന്ന 4 കിലോമീറ്റർ വനപാത അക്കാലത്ത് ടിപ്പു സുൽത്താന്റെ സൈന്യം കർണാടകയിലെ മൈസൂരിനെയും കേരളത്തിലെ പാലക്കാടിനെയും ബന്ധിപ്പിക്കാൻ ഉപയോഗിച്ചിരുന്ന പ്രധാന പാതയായിരുന്നു. കാലക്രമേണ ഈ സൈനിക വിപണി രാജ്യത്തെമ്പാടുമുള്ള കുതിരപ്രേമികളുടെ അഭിമാന കേന്ദ്രമായി മാറുകയായിരുന്നു.
തമിഴ് കലണ്ടറിലെ ആടി മാസത്തിലാണ് (സാധാരണമായി ജൂലൈ - ഓഗസ്റ്റ് മാസങ്ങളിൽ) ഈ ഉത്സവം നടക്കുന്നത്. 10 ദിവസം നീണ്ടുനിൽക്കുന്ന പ്രധാന ഉത്സവത്തോടനുബന്ധിച്ച് 4 മുതൽ 6 ദിവസം വരെയാണ് കുതിര-കന്നുകാലി മേള നടക്കുന്നത്. ഈ വർഷം ഓഗസ്റ്റ് 12 മുതൽ 16 വരെയായിരുന്നു ഈ പ്രസിദ്ധമായ കന്നുകാലി-കുതിരച്ചന്ത നടന്നത്.
തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ ഭവാനി താലൂക്കിൽ, അന്തിയൂരിൽ നിന്നും ഏകദേശം 2 കിലോമീറ്റർ മാറി പുതുപ്പാളയം എന്ന ഗ്രാമത്തിലെ ശ്രീ ഗുരുനാഥസ്വാമി ക്ഷേത്രപരിസരത്താണ് ഈ മേള അരങ്ങേറുന്നത്.
വീരപ്പന്റെ പ്രിയപ്പെട്ട ഗുരുനാഥസ്വാമി ക്ഷേത്രം
തമിഴ്‌നാട്, കർണാടക, കേരള അതിർത്തികളിലെ വനമേഖലകളിൽ വിരാജിച്ചിരുന്ന കാട്ടുകൊള്ളക്കാരൻ മുനിസ്വാമി വീരപ്പന്റെ ഒളിജീവിതത്തെക്കുറിച്ചുള്ള കഥകളിലും അന്തിയൂരിനും അവിടുത്തെ ക്ഷേത്രത്തിനും വലിയ സ്ഥാനമുണ്ട്. മേള നടക്കുന്ന ഗുരുനാഥസ്വാമി ക്ഷേത്രത്തിൽ വീരപ്പൻ വേഷം മാറി പലതവണ രഹസ്യ സന്ദർശനം നടത്തിയിരുന്നതായി ക്ഷേത്രം ട്രസ്റ്റി ഗുരു രാജേഷ് പറയുന്നു. ഔദ്യോഗികമായ സ്ഥിരീകരണമില്ലെങ്കിലും, ക്ഷേത്രപരിസരത്തും അന്തിയൂർ വനമേഖലയിലൂടെയും വീരപ്പനും സംഘവും നടത്തിയ ഒളിഞ്ഞും തെളിഞ്ഞുമുള്ള നീക്കങ്ങളെക്കുറിച്ചുള്ള കഥകൾ ഇപ്പോഴും ഇവിടുത്തെ ജനങ്ങൾക്കിടയിൽ സംസാരവിഷയമാണ്.
പതിറ്റാണ്ടുകളോളം വീരപ്പന്റെയും സംഘത്തിന്റെയും പ്രധാന ഒളിത്താവളമായിരുന്ന അന്തിയൂർ, സത്യമംഗലം കാടുകൾ തമിഴ്‌നാടിനും കർണാടകയ്ക്കും ഇടയിലുള്ള അവരുടെ പ്രധാന യാത്രാ ഇടനാഴിയായിരുന്നു. ഇവിടെ വെച്ച് ഇയാളെ കണ്ടതായുള്ള ദൃക്‌സാക്ഷി വിവരണങ്ങളും ക്ഷേത്ര സന്ദർശനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളും അയാളുടെ ഒളിജീവിതവുമായി ബന്ധപ്പെട്ട നാടോടിക്കഥകളുടെ ഭാഗമായി ഇന്നും നിലനിൽക്കുന്നു.
മാർവാരി മുതൽ ഫാലബെല്ലവരെ: കുതിരകളുടെ വിസ്മയ ലോകം
അന്തിയൂർ കുതിരച്ചന്തയിൽ ഓരോ വർഷവും 1,000 മുതൽ 3,500 ഓളം കുതിരകളാണ് പ്രദർശനത്തിനും വില്പനയ്ക്കുമായി രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് എത്താറുള്ളത്. അതിവേഗത്തിനും സഹനശക്തിക്കും പേരുകേട്ട രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നുള്ള അപൂർവ്വ ഇനമായ മാർവാരി, ഗുജറാത്തിൽ നിന്നുള്ള അതിസുന്ദരന്മാരായ കാത്തിയാവാരി, ഉത്തരേന്ത്യയിൽ നിന്നുള്ള സിന്ധി കുതിരകൾ എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ. ഇതുകൂടാതെ വിവിധയിനം നാട്ടുകുതിരകളും, കുട്ടികൾക്ക് സവാരി ചെയ്യാവുന്ന ചെറിയയിനം പോണി കുതിരകളും ഇവിടെ എത്താറുണ്ട്.
മാത്രമല്ല കുതിരകളെ വാങ്ങാനെത്തുന്നവർക്ക് കുതിരകളെ ഓടിച്ച് നോക്കി തിരഞ്ഞെടുക്കാൻ ഒരു റേസ് ട്രാക്കും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. നിരവധി പേരാണ് കുതിരകളെ വാങ്ങാനായി ഇവിടെ എത്തുന്നത്. ഇതേ റേസ് ട്രാക്കിൽ തന്നെ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.
നാമക്കൽ ജില്ലയിലെ കൊളത്തുപ്പാളയം ഗ്രാമത്തിൽ നിന്നുള്ള കെഡിഎസ് സ്റ്റഡ് ഫാം ഉടമ നിഥിൻ തങ്ങളുടെ സ്റ്റാലിയനായ 'ആദവിനെ' കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്നു
'ഞങ്ങൾ വർഷങ്ങളായി അന്തിയൂർ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഇത്തവണ ഞങ്ങൾ മൂന്ന് കുതിരകളെയാണ് കൊണ്ടുവന്നത്. അതിലൊന്ന് പത്ത് മാസം ഗർഭിണിയായ മാർവാരി കുതിരയാണ്. അതിന് ഞങ്ങൾ 10 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. മറ്റൊന്ന് ഉദയപ്പൂർ കൊട്ടാരത്തിലെ പ്രശസ്തമായ ബ്ലഡ്‌ലൈനിൽ ജനിച്ച ഫീമെയിൽ കുട്ടിക്കുതിരയാണ്, അതിന് 15 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങളുടെ ഫാമിന്റെ അഭിമാനമാണ് 'ആദവ്' എന്ന സ്റ്റാലിയൻ. പഞ്ചാബിലെയും രാജസ്ഥാനിലെയും മികച്ച പരമ്പരയിലുള്ള 'ദേവലി ബ്ലഡ്‌ലൈൻ' ആണ് ഇവന്റേത്. അന്തിയൂരിലെ പ്രദർശനം കഴിഞ്ഞ് ഇവനെ ഞങ്ങൾ വിൽക്കാതെ തിരികെ കൊണ്ടുപോകും.'
ഈ മേളയിലെ മറ്റൊരു അപൂർവ്വ താരം അർജന്റീന സ്വദേശിയായ 'ഫാലബെല്ല' മിനിയേച്ചർ കുതിരകളാണ്. ഒരു മുതിർന്ന കുതിരയുടെ എല്ലാ ലക്ഷണങ്ങളും സ്വഭാവവുമുള്ള എന്നാൽ വളരെ ചെറിയ രൂപമുള്ള ഇവയെ ഓട്ടിസം ബാധിച്ച കുട്ടികളുടെ ചികിത്സാ ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. പാലക്കാടുള്ള സിൽവർ സ്റ്റേബിൾ ഉടമ ഹരിലാൽ പ്രദർശിപ്പിച്ച 7 വയസ്സുള്ള 'ബ്ലാക്ക് പേൾ' എന്ന ഫാലബെല്ല കുതിരയ്ക്ക് 50 ലക്ഷത്തിലധികം രൂപയാണ് മോഹവിലയായി പറയുന്നത്. സാധാരണ നാട്ടുകുതിരകൾ ₹40,000 മുതൽ ലഭ്യമാണെങ്കിൽ, ഇത്തരം അപൂർവ്വ ഇനം കുതിരകൾക്ക് ലക്ഷങ്ങൾ മുതൽ കോടികൾ വരെ വിലമതിക്കുന്നു.
'ലോകത്തിൽ തന്നെ ഇത്തരം കുതിരകൾ പതിനായിരത്തിൽ താഴെ മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ ഇതിനൊരു മോഹവിലയാണ്. ഏകദേശം 50 ലക്ഷത്തിലധികം രൂപ ചോദിക്കുന്നവരുണ്ട്. കുട്ടികളോട് ഇവൻ വളരെ ശാന്തനാണെങ്കിലും മറ്റ് വലിയ കുതിരകളുടെ അടുത്ത് ചെല്ലുമ്പോൾ അല്പം അഗ്രസീവ് ആകാറുണ്ട്.' ഹരിലാൽ പറയുന്നു.
കുതിരയുടെ തലയിലെ 'സുഴി'യും ഭാഗ്യനിർണ്ണയവും
ഗ്രാമീണ മേഖലകളിൽ തലയെടുപ്പുള്ള കുതിരകളെ സ്വന്തമാക്കുന്നത് അഭിമാനത്തിന്റെയും പ്രതാപത്തിന്റെയും പ്രതീകമായാണ് കണക്കാക്കുന്നത്. കുതിരകളുടെ ശരീരത്തിൽ, പ്രത്യേകിച്ച് തലയിലും കഴുത്തിലും കാണപ്പെടുന്ന 'സുഴി' അഥവാ രോമച്ചുഴികൾ ഉടമസ്ഥന് ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം.
കുതിരയ്ക്ക് കുറഞ്ഞത് 9 സുഴികൾ ഉണ്ടാകുന്നത് നല്ലതാണെന്ന് വിശ്വസിക്കപ്പെടുന്നു. 13 സുഴികളുള്ള കുതിരകളെയാണ് ഏറ്റവും മികച്ചതായി കണക്കാക്കുന്നത്. ചില പ്രത്യേക രാശിയിൽ ജനിച്ച ആളുകൾ പ്രത്യേക തരം സുഴികളുള്ള കുതിരകളെ മാത്രമേ വാങ്ങാറുള്ളൂ. അതുപോലെ തന്നെ വിവാഹങ്ങൾക്കും ക്ഷേത്ര ഉത്സവങ്ങൾക്കും എഴുന്നള്ളിക്കാൻ ഉപയോഗിക്കുന്നതിനാൽ വെളുത്ത നിറമുള്ള കുതിരകൾക്ക് വിപണിയിൽ എപ്പോഴും ഉയർന്ന ഡിമാൻഡാണ്. മേളയുടെ അവസാന ദിവസങ്ങളിൽ കുതിരകളുടെ ശരീരഘടനയും ഭംഗിയും വിലയിരുത്തി മികച്ച കുതിരകൾക്ക് അവാർഡുകളും നൽകാറുണ്ട്.
ഡാൻസ് ചെയ്യുന്ന കുതിരകൾ
കുതിരകളുടെ കച്ചവടത്തിനപ്പുറം അവയുടെ അഭ്യാസപ്രകടനങ്ങളും തുകൽമേളത്തിനൊപ്പമുള്ള ചുവടുവെപ്പുകളുമാണ് മേളയെ ഉത്സവമാക്കി മാറ്റുന്നത്. തമിഴ്‌നാട്ടിൽ ആദ്യമായി 'ഡാൻസിങ് കുതിരകളെ' അവതരിപ്പിച്ച എസ്ആർഎം ഈവന്റ്സ് ഉടമ സേലത്തുനിന്നുള്ള കാർത്തിക് പറയുന്നു:
'ഞങ്ങൾ സേലത്തുനിന്നാണ് വരുന്നത്. ഈ ലോകപ്രശസ്തമായ ചന്തയിൽ ഇത് ഞങ്ങളുടെ മൂന്നാം ദിവസമാണ്. കാത്തിയാവാരി, മാർവാറി, പോണി തുടങ്ങി ആറേഴോളം ബ്രീഡുകളെ ഞങ്ങൾ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. തമിഴ്‌നാട്ടിൽ ആദ്യമായി കുതിരകളുടെ ഡാൻസിങ് ഈവന്റുകൾ അവതരിപ്പിച്ചത് ഞങ്ങളാണ്. വിവാഹങ്ങൾക്കും ക്ഷേത്ര ഉത്സവങ്ങൾക്കും കാതുകുത്ത് കല്യാണങ്ങൾക്കുമൊക്കെയായി ഈ കുതിരകളെ ആളുകൾ വാടകയ്ക്ക് എടുക്കാറുണ്ട്. കേരളത്തിലെ പാലക്കാട് ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങളിൽ ഞങ്ങൾ ഇത്തരം പരിപാടികൾ വിജയകരമായി നടത്തിയിട്ടുണ്ട്.'
ഏകദേശം 35 ഏക്കറോളം വരുന്ന കൃഷിഭൂമിയിലാണ് ഈ വിപുലമായ താൽക്കാലിക മേള സജ്ജീകരിക്കുന്നത്. കുതിരകൾക്ക് പുറമെ പതിനായിരത്തിലധികം കന്നുകാലികളും ഇവിടെ പ്രദർശനത്തിനെത്താറുണ്ട്. തദ്ദേശീയ ഇനങ്ങളായ കാങ്കേയം കാളകൾ, പർവ്വത മേഖലകളിൽ നിന്നുള്ള ബർഗൂർ പശുക്കൾ, ആലമ്പാടി, ഉംബ്ലച്ചേരി എന്നീ ഇനങ്ങൾ ഇവിടെ വലിയ ജനശ്രദ്ധ ആകർഷിക്കുന്നുണ്ട്.
ആന്ധ്രാപ്രദേശിൽ നിന്നുള്ള കുള്ളൻ പശുക്കൾ, ഒംഗോൾ, റെഡ് സിന്ധി, കാൻക്രേജ്, രാതി തുടങ്ങിയ വിശിഷ്ട ഇനങ്ങളും ഇവിടെ എത്താറുണ്ട്. ഇവ കൂടാതെ അയ്യായിരത്തിലധികം പക്ഷികൾ (പൂവൻകോഴികൾ, തത്തകൾ, പ്രാവുകൾ, അലങ്കാരക്കോഴികൾ), ഒട്ടകങ്ങൾ, ആടുകൾ, നായ്ക്കൾ എന്നിവയും ഈ വലിയ വിപണിയുടെ ഭാഗമാണ്. വെല്ലൂരിൽ നിന്നെത്തുന്ന ഒട്ടകങ്ങളുടെ പുറത്ത് സവാരി ചെയ്യാനും സന്ദർശകർക്ക് അവസരം ലഭിക്കും.
ഐതിഹ്യവും ക്ഷേത്രോത്പത്തിയും
അന്തിയൂർ ഗുരുനാഥസ്വാമി ക്ഷേത്രത്തിന്റെ ഉത്പത്തിയെക്കുറിച്ച് ചുറ്റുമുള്ള ഗ്രാമങ്ങളിൽ പ്രചരിക്കുന്ന ഐതിഹ്യത്തിന് ഏകദേശം 600 വർഷത്തെ പഴക്കമുണ്ട്. പണ്ട് പിച്ചാവരം വനമേഖലയ്ക്കടുത്ത് താമസിച്ചിരുന്ന ഒരു ഗോത്രവിഭാഗം 'കുട്ടി ആണ്ടവർ' (ചെറിയ ദൈവം) എന്ന് വിളിച്ചിരുന്ന മൂന്ന് പ്രാർഥനാ ശിലകളെ ആരാധിച്ചിരുന്നു. അക്കാലത്ത് അവിടുത്തെ നാടുവാഴി ഈ ഗോത്രത്തിലെ പുരോഹിതന്റെ മകളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. എന്നാൽ ഈ വിവാഹാലോചനയ്ക്ക് പുരോഹിതന്റെ കുടുംബം എതിരായിരുന്നു. ഭരണാധികാരിയുടെ കോപത്തിൽ നിന്ന് രക്ഷപ്പെടാൻ, തങ്ങളുടെ ദൈവത്തിന്റെ ആജ്ഞപ്രകാരം പുരോഹിതനും കുടുംബവും മൂന്ന് പ്രാർത്ഥനാ ശിലകളുമായി വടക്കോട്ട് പലായനം ചെയ്തു.
യാത്രയ്ക്കിടയിൽ ശിലകളുടെ ഭാരം കാരണം യാത്ര ദുഷ്‌കരമാകുകയും ജീവൻ നിലനിർത്താൻ ബുദ്ധിമുട്ടുകയും ചെയ്തപ്പോൾ, അവർ ഈ ശിലകൾ വഴിയരികിലെ ഒരു കുളത്തിലേക്ക് എറിഞ്ഞു കളഞ്ഞു. അന്നുരാത്രി അവർ അന്തിയൂരിൽ വിശ്രമിച്ചു. എന്നാൽ പിറ്റേന്ന് രാവിലെ ഉണർന്ന പുരോഹിത കുടുംബത്തിലെ സന്താകുമരൻ എന്നയാൾ തന്റെ സഞ്ചിയിൽ ആ മൂന്ന് ശിലകളും തിരികെ വന്നിരിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു. തങ്ങളുടെ ദൈവത്തിന്റെ അമാനുഷിക ശക്തി തിരിച്ചറിഞ്ഞ കുടുംബം ആ ശിലകളെ വീണ്ടും പ്രതിഷ്ഠിച്ച് ആരാധന ആരംഭിച്ചു. അവർ ആ മൂന്ന് ശിലകൾക്ക് മൂന്ന് പേരുകൾ നൽകി: കാമാക്ഷി, പെരുമാൾ (വിഷ്ണു), ഗുരുനാഥ സ്വാമി (ശിവൻ)
വനകോവിലിന്റെയും കുലുക്കൈയുടെയും രഹസ്യങ്ങൾ
ഇന്ന് ഈ ഉത്സവത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് ദേവതകളെ പ്രധാന ക്ഷേത്രത്തിൽ നിന്നും വനത്തിനുള്ളിലെ 'വനകോവിലി'ലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണ്. ഐതിഹ്യമനുസരിച്ച്, ഈ വനത്തിൽ ഒരു അസുരൻ വസിച്ചിരുന്നു. ദേവി കാമാക്ഷിയമ്മന് അവിടെ വസിക്കാൻ താല്പര്യമുണ്ടായതിനെ തുടർന്ന് ദേവിയുടെ കാവൽക്കാരനായ വീരഭദ്രനും അസുരനും തമ്മിൽ കടുത്ത യുദ്ധം നടന്നു. ഒടുവിൽ അസുരൻ കീഴടങ്ങി. വനം വിട്ടുപോകാൻ വിസമ്മതിച്ച അസുരൻ, വർഷത്തിലൊരിക്കൽ കാമാക്ഷിയമ്മൻ തന്നെ വന്ന് കാണണമെന്ന വ്യവസ്ഥയിൽ അവിടെ തുടരാൻ അനുവാദം ചോദിച്ചു. വീരഭദ്രനും അവിടെ ഒപ്പം താമസിക്കാമെന്ന വ്യവസ്ഥയിൽ ദേവി ഇത് അംഗീകരിച്ചു. ഇതിന്റെ സ്മരണാർത്ഥമാണ് വർഷത്തിലൊരിക്കൽ കാമാക്ഷിയമ്മനെ പല്ലക്കിൽ വനകോവിലിലേക്ക് എഴുന്നള്ളിക്കുന്നത്.
ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റൊരു അത്ഭുതമാണ് ക്ഷേത്രത്തിനുള്ളിലെ 11 അടി വലിപ്പമുള്ള 'കുലുക്കൈ' (മൺപാത്രം). സാധാരണമായി ധാന്യങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന വലിയ മൺപാത്രമാണ് കുലുക്കൈ. എന്നാൽ ഈ ക്ഷേത്രത്തിലെ കുലുക്കൈയിൽ ദേവന്റെ സ്വർണ്ണാഭരണങ്ങളും പൂജാസാധനങ്ങളുമാണ് സൂക്ഷിച്ചിരിക്കുന്നത്. വിഷപ്പാമ്പുകൾ കാവൽ നിൽക്കുന്ന ഈ മൺപാത്രത്തിനുള്ളിൽ പ്രവേശിക്കാൻ പ്രധാന പുരോഹിതന് മാത്രമേ അനുവാദമുള്ളൂ. പുരോഹിതനെ ഈ പാമ്പുകൾ ഉപദ്രവിക്കാറില്ല എന്നാണ് വിശ്വാസം. ഈ കുലുക്കൈയെ ആരാധിക്കുന്നത് തങ്ങളെ വിഷപ്പാമ്പുകളിൽ നിന്നും തേളുകളിൽ നിന്നും സംരക്ഷിക്കുമെന്ന് നാട്ടുകാർ വിശ്വസിക്കുന്നു.
ഏറ്റവും വലിയ താൽക്കാലിക അമ്യൂസ്മെന്റ് പാർക്ക്
ഉത്സവത്തോടനുബന്ധിച്ച് ഇവിടെ സ്ഥാപിക്കുന്ന അമ്യൂസ്മെന്റ് പാർക്ക് തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ താൽക്കാലിക വിനോദ കേന്ദ്രങ്ങളിലൊന്നാണ്. പത്തിലധികം ഭീമൻ ജയന്റ് വീൽസ്, റോളർ കോസ്റ്ററുകൾ, സർക്കസ് കൂടാരങ്ങൾ, മൂന്നിലധികം 'മരണക്കിണറുകൾ' എന്നിവ ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.
റോഡരികിലുടനീളം പ്രാദേശിക വിഭവങ്ങൾ, കരിമ്പിൻ ജ്യൂസ്, കരിക്കിൻ വെള്ളം, കളിപ്പാട്ടങ്ങൾ എന്നിവ വിൽക്കുന്ന താൽക്കാലിക സ്റ്റാളുകൾ സജീവമാണ്. ഈ സാംസ്കാരിക വിസ്മയം കാണാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്നും സന്ദർശകർ എത്താറുണ്ട്.
കോടികളുടെ പ്രൗഢ ഗാംഭീര്യമുള്ള മാർവാരി കുതിരകളും, ഒരു കളിപ്പാവയെപ്പോലെ കുട്ടികൾക്ക് കൗതുകം സമ്മാനിച്ച പാലക്കാട്ടുകാരുടെ കുഞ്ഞൻ 'ബ്ലാക്ക് പേളും' , ഭീമൻ ജയന്റ് വീലുകളും റോളർകോസ്റ്ററും മരണക്കിണറുകളും തീർത്ത വിനോദലോകവുമെല്ലാം കടന്ന് മടങ്ങുമ്പോൾ ഓരോ സഞ്ചാരിയുടെയും മനസ്സിൽ ഒരു കാര്യം വ്യക്തമാകും. ഇത് വെറുമൊരു കാഴ്ചയല്ല, അനുഭവിച്ചറിയേണ്ട ഒരു വലിയ സംസ്കാരമാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട ഒരു വിസ്മയം തന്നെയാണ് അന്തിയൂരിലെ ഈ ഉത്സവക്കാഴ്ചകൾ. വരുംവർഷങ്ങളിലും ഈ കുളമ്പടിയൊച്ചകൾ ഈ ഗ്രാമീണ പാരമ്പര്യത്തിന്റെ കരുത്തായി അന്തിയൂരിൽ കൂടുതൽ ഗാംഭീര്യത്തോടെ മുഴങ്ങിക്കേൾക്കുമെന്നതിൽ സംശയമില്ല.
Content Highlights: Anthiyur Horse Fair is South India's largest annual livestock and horse market, held from August 12 to 16, 2026., Features rare breeds like Marwari, Kathiawari, and Falabella miniature horses, with valuations reaching up to 50 lakhs., Rooted in a 200-year history linked to Tipu Sultan and the sacred Gurunathaswamy Temple traditions., Includes massive temporary amusement parks, giant wheels, and traditional cultural festivities spanning 35 acres.
Published: 10 Sept 2026, 02:44 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented