യഥാർത്ഥ ആത്മകഥ മനുഷ്യരുടെ മനസ്സിൽ ഉടലെടുക്കുന്ന വികാരങ്ങളും വിചാരങ്ങളുമാണെന്നും അതൊരിക്കലും പൂർണ്ണമായി എഴുതപ്പെടുന്നില്ലെന്നും പറഞ്ഞത് അമേരിക്കൻ സാഹിത്യകാരനായ മാർക്ക് ട്വയിനാണ്. മനസ്സിൽ നമ്മൾ വിചാരിക്കുന്ന കാര്യങ്ങൾ പലപ്പോഴും പുറത്തറിയിക്കാൻ പറ്റില്ല. അതുകൊണ്ടുതന്നെ ഉള്ളിലും പുറത്തും രണ്ട് വ്യക്തിത്വങ്ങൾ കൊണ്ടുനടക്കുന്നവരാണ് ഭൂരിപക്ഷം മനുഷ്യരും. പ്രശസ്ത പത്രപ്രവർത്തകൻ സി.പി. രാമചന്ദ്രനുമായി 1996-ൽ നടത്തിയ അഭിമുഖത്തിൽ എന്തുകൊണ്ടാണ് ആത്മകഥ എഴുതാത്തതെന്ന് ഈ ലേഖകൻ ചോദിച്ചിരുന്നു. എഴുതുന്നതെല്ലാം സത്യമാവണമെന്ന് നിർബ്ബന്ധമുണ്ടെന്നും അങ്ങിനെ എഴുതിയാൽ അത് പലരേയും വേദനിപ്പിക്കുമെന്നും അതുകൊണ്ടുതന്നെ ആത്മകഥ എഴുതേണ്ടെന്നാണ് തീരുമാനമെന്നും സി.പി. പറഞ്ഞു.

To advertise here,

ഇന്ത്യയിൽ ഏതെങ്കിലും ഒരു ആത്മകഥ സത്യത്തിന്റെ തീക്ഷണ്ത കൊണ്ട് സൂര്യനെപ്പോലെ ജ്വലിക്കുന്നുണ്ടെങ്കിൽ അത് മഹാത്മ ഗാന്ധിയുടെ ആത്മകഥയാണ്. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ പോലെ എന്തും ഏതും തുറന്നുപറയുന്ന മറ്റൊരു ആത്മകഥയുണ്ടെന്ന് തോന്നുന്നില്ല. കോൺഗ്രസിന്റെ സമുന്നത നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥ വായിച്ചപ്പോൾ ഗാന്ധിജിയെയും സി.പിയെയും മാർക്ക് ട്വയിനിനെയും ഓർത്തു. എല്ലാ സത്യങ്ങളും സോണിയ വെളിപ്പെടുത്തുന്നില്ല, പക്ഷേ, സോണിയ ഗാന്ധിയുടെ ആത്മകഥയെ വിശേഷിപ്പിക്കാൻ ഒരു വാക്കുണ്ടെങ്കിൽ അത് സത്യസന്ധം എന്നുതന്നെയാണ്. തുറന്നുപറച്ചിലിന്റെ ആർജ്ജവമാണ് സോണിയയുടെ ആത്മകഥയെ ഹൃദയഹാരിയാക്കുന്നത്.

അരുന്ധതിയും സാറാ ചൗധരിയും

അടുത്തിടെ വായിച്ച ആത്മകഥകളിൽ മനസ്സിനെ ആഴത്തിൽ തൊട്ട മൂന്ന് രചനകളും സ്ത്രീകളുടേതാണ്. അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മി' , സാറ ചൗധരിയുടെ 'ദ ലക്കി വൺസ്' എന്നിവയാണ് ആദ്യ രണ്ട് പുസ്തകങ്ങൾ. അമ്മയുടെ മാത്രം കഥയല്ല മദർ മേരി കംസ് ടു മീ. അത് മകളുടെയും കഥയാണ്, അരുന്ധതിയുടെ സഹോദരൻ ക്രിസ്റ്റഫറിന്റെയും അമ്മാവൻ ഐസക്കിന്റെയും കഥയാണ്, പിതാവ് റോയിയുടെയും സ്നേഹിതൻ പ്രദീപ് കിഷന്റെയും പല പല മനുഷ്യരുടെയും കഥയാണ്. എന്തൊരു അനുഭവം, എന്തൊരു ഭാഷ എന്ന് അറിയാതെ പറഞ്ഞുപോകുന്നു.

അരുന്ധതി എങ്ങിനെയാണ് അരുന്ധതിയാവുന്നതെന്ന് ഈ ആത്മകഥ പറഞ്ഞുതരും. ഗുജറാത്തുകാരിയായ സാറ ചൗധരിയുടെ ആത്മ കഥ 2002-ലെ ഗുജറാത്ത് കലാപം അതിജീവിക്കാൻ ഭാഗ്യമായുണ്ടായവരുടെ നേർസാക്ഷ്യമാണ്. ജീവിതത്തിന്റെ മുനമ്പിൽനിന്നാണ് അരുന്ധതി ഓർമ്മക്കുറിപ്പുകൾ എഴുതുന്നതെങ്കിൽ സാറ എഴതുന്നത് മരണത്തിന്റെ മുനമ്പിൽ നിന്നുകൊണ്ടാണ്. സോണിയയുടെ ആത്മകഥ ജീവിതത്തിനും മരണത്തിനുമിടയിലുള്ള അതിർവരമ്പിലൂടെയുള്ള യാത്രയാണ്. ഓരോ ജീവിതവും എത്രമാത്രം വിചിത്രവും ഗാഢവുമാണെന്ന് ഈ ആത്മകഥകൾ നമ്മോട് പറയുന്നു.

അമ്മയെപ്പോലെ സ്നേഹിച്ച അമ്മായിയമ്മയുടെയും പ്രാണന് തുല്യം പ്രണയിച്ച ഭർത്താവിന്റെയും അകാലമൃത്യുവിന് മുന്നിൽ അടിമുടി തകർന്നുപോവുന്ന ഒരു സ്ത്രീയുടെ നൊമ്പരപ്പെടുത്തുകയും പൊള്ളിക്കുകയും ചെയ്യുന്ന ചിത്രം സോണിയയുടെ ആത്മകഥയിലുണ്ട്. അനുഭവങ്ങളുടെ തീക്കനലുകളിൽ ചൂട്ടെടുക്കുമ്പോഴാണ് ഭാഷ ഭാഷയാവുന്നതും എഴുത്ത് എഴുത്താവുന്നതും.

നിർഭയത്വം

'Belonging: A Journey Of Love' എന്നാണ് സോണിയയുടെ ആത്മകഥയുടെ പേര്. ബിലോങിങ് എന്ന ഇംഗ്ലീഷ് വാക്കിനെ അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക എളുപ്പമല്ല. ചേർന്നുനിൽക്കൽ, സ്വന്തമാകൽ എന്നൊക്കെ മൊഴിമാറ്റുമ്പോൾ ബിലോങ്ങിങ്ങിന്റെ ആത്മാവ് വഴുതി മാറുന്നതുപോലെ തോന്നുന്നു. തന്റെ ജീവിതം സ്നേഹത്തിന്റെ യാത്രയാണെന്നാണ് സോണിയ പറയുന്നത്. ബൈബിളിനെ ഒറ്റവാക്കിലേക്ക് ഒതുക്കാൻ പറഞ്ഞാൽ അത് സ്നേഹം എന്നായിരിക്കുമെന്ന് ടോൾസ്റ്റോയ് പറഞ്ഞിട്ടുണ്ട്.

സോണിയയുടെ ആത്മകഥയുടെ മുഖചിത്രവും അവസാന പേജിലെ ചിത്രവും ശീർഷകത്തോട് ഉൾച്ചേർന്നു നിൽക്കുന്നു. 1966-ൽ ഇറ്റലിയിലെ ടൂറിനിൽവെച്ച് രാജീവ് ഗാന്ധി എടുത്ത ഇരുപതുകാരിയായ സോണിയയാണ് മുഖചിത്രത്തിൽ. സോണിയയുടെ പേരക്കിടാവ് റൈഹാൻ വദ്രയും കാമുകി അവിവ ബെയ്ഗും ചേർന്നെടുത്ത എൺപതുകാരിയായ സോണിയയാണ് അവസാന പുറത്ത്. രാജീവിന്റെ ചിത്രത്തിൽ സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും പ്രവാഹമുണ്ട്. റൈഹാന്റെയും അവിവയുടെയും ചിത്രത്തിൽ നിർഭയത്വത്തിന്റെ പ്രസരണമാണ്. നിർഭയയായ സോണിയയാണ് 2026-ലേത്. സ്നേഹത്തിന്റെ കൊടുമുടിയിലാണ് മനുഷ്യർ ഭയരഹിതരാവുക.

സോണിയ ഏറ്റവുമധികം അപഹസിക്കപ്പെട്ടത് വിദേശജന്മത്തിന്റെ പേരിലാണ്. രാജീവിന്റെ വധുവായി 1968-ൽ വന്നതു മുതലിങ്ങോട്ട് ഇന്നുവരെ വിദേശി എന്ന വിശേഷണം ചാർത്തിയാണ് എതിരാളികൾ അവരെ ആക്രമിച്ചിട്ടുള്ളത്. ലണ്ടനിലെ കോഫി ബാറിൽവെച്ചായിരുന്നു രാജിവിന്റെയും സോണിയയുടെയും പ്രഥമ സമാഗമം. ഈ ഒരൊറ്റ സംഭവത്തെ വികൃതമാക്കി ബാർ ഡാൻസർ എന്ന വ്യാജനിർമ്മിതി തീർത്തതിനെക്കുറിച്ച് സോണിയ എഴുതുന്നുണ്ട്. ഈ ആക്രമണത്തിനും അപമാനത്തിനുമുള്ള സോണിയയുടെ മറുപടി കൂടിയാണ് ആത്മകഥ.

ഇറ്റലിയിൽനിന്നാണ് താൻ വരുന്നതെന്ന സത്യം സോണിയ ആത്മകഥയിൽ സധൈര്യം വിളിച്ചുപറയുന്നുണ്ട്. പക്ഷേ, ഇന്നിപ്പോൾ തന്റെ ദേശം ഇന്ത്യയാണെന്നും ഇന്ത്യയല്ലാതെ മറ്റൊരു ഇടവും തനിക്കില്ലെന്നും സോണിയ വ്യക്തമാക്കുന്നു. ശരത്പവാർ മുതൽ സുഷമ സ്വരാജ് വരെയുള്ളവർ ഉയർത്തിയ ആരോപണത്തിന്റെ കുന്തമുനയാണ് ആത്മകഥയിൽ സോണിയ ഒടിച്ചുകളയുന്നത്.

ശരത് പവാർ 1999-ൽ തനിക്കെതിരെ ഈ ആരോപണം ആദ്യമായി ഉയർത്തിയപ്പോൾ തളർന്നു പോയതിനെക്കുറിച്ച് സോണിയ എഴുതുന്നുണ്ട്: ''ശരത് പവാറും കൂട്ടരും എഴുതിയ കത്ത് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽവെച്ച് വായിച്ചപ്പോൾ എന്റ കണ്ണുകൾ നിറഞ്ഞു. യോഗത്തിൽനിന്ന് ഞാൻ ഇറങ്ങിപ്പോന്നു. ഇവർ തന്നെയാണ് രാഷ്ട്രീയത്തിലേക്കിറങ്ങാൻ എന്നെ പ്രേരിപ്പിച്ചത്. ഇപ്പോൾ ഇവർതന്നെ എനിക്കെതിരെ തിരിഞ്ഞിരിക്കുന്നു. കോൺഗ്രസ് പ്രവർത്തക സമിതിക്ക് ഞാൻ രാജിക്കത്ത് നൽകി. വിദേശത്താണ് ജനിച്ചതെങ്കിലും എന്റെ നാടായി ഞാൻ തിരഞ്ഞെടുത്തത് ഇന്ത്യയാണെന്നും മരണംവരെ ഞാൻ ഇന്ത്യക്കാരിയായിരിക്കുമെന്നും ഞാൻ അതിൽ എഴുതി.''

ഇറ്റലിയിലെ ബാല്യത്തെക്കുറിച്ചും ബന്ധുമിത്രാദികളെക്കുറിച്ചും തട്ടും തടവുമൊന്നുമില്ലാതെ തുറന്നെഴുതുമ്പോൾ അതിനൊരു പൂർണ്ണത നൽകാൻ സോണിയ ഇറ്റാലിയൻ വാക്കുകൾ യഥേഷ്ടം ഉപയോഗിക്കുന്നുണ്ട്. താൻ പൂർണ്ണമായും ഇന്ത്യാക്കാരിയായിരിക്കുന്നു എന്ന ഉത്തമ ബോദ്ധ്യത്തിന്റെ വ്യക്തമായ പ്രതിഫലനം ഇതിലുണ്ട്്്. കാരണം തീർത്തും നിർമ്മമമായും നിർഭയമായുമാണ് സോണിയ ഇറ്റാലിയൻ ഭാഷ ആത്മകഥയിലേക്ക് കൊണ്ടുവരുന്നത്.

മൗനങ്ങൾ

സോണിയയുടെ ആത്മകഥയെക്കുറിച്ചുള്ള ഏറ്റവും ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത് മകൻ രാഹുൽ ഗാന്ധിയാണ്. സഹോദരി പ്രിയങ്കയ്ക്കൊപ്പം അമ്മയുമായി നടത്തിയ സംഭാഷണത്തിൽ രാഹുൽ ഇങ്ങനെ പറയുന്നു: ''അമ്മ ആവശ്യമുള്ളത് ഓർക്കുകയും ആവശ്യമില്ലാത്തത് ഓർക്കാതിരിക്കുകയും ചെയ്യുന്നു.'' സോണിയയുടെ ഓർമ്മകളുടെ രാഷ്ട്രീയത്തിലേക്കാണ് രാഹുൽ ഗാന്ധി ഇവിടെ അറിഞ്ഞോ അറിയാതെയോ വിരൽ ചൂണ്ടുന്നത്.

രാജിവ് ഗാന്ധി അതിദാരുണമായി കൊല്ലപ്പെട്ട 1991 മെയ് 21-നെക്കുറിച്ച് സോണിയയുടെ ഓർമ്മകൾ ശുഷ്‌കമാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടുന്നുണ്ട്. രാജീവിന്റെ അകാലത്തിലുള്ള വേർപാട് സോണിയയ്ക്ക് താങ്ങാനാവുമായിരുന്നില്ല. സ്വന്തം അസ്തിത്വം ഇല്ലാതായതുപോലുള്ള അനുഭവമായിരുന്നു അതെന്ന് സോണിയ പറയുന്നുണ്ട്.

അന്ന് എന്താക്കെയാണ് സംഭവിച്ചതെന്ന് ആത്മകഥയിൽ രേഖപ്പെടുത്തുന്നതിന് താനും പ്രിയങ്കയും ചേർന്നാണ് അമ്മയ്ക്ക് പറഞ്ഞുകൊടുത്തതെന്നും രാഹുൽ വ്യക്തമാക്കുന്നുണ്ട്. ഭർത്താവിന്റെ മരണമേൽപിച്ച ആഘാതം തീർത്ത മറവിയായിരുന്നു അത്. പക്ഷേ, അറിഞ്ഞുകൊണ്ട് സോണിയ രേഖപ്പെടുത്താതെ പോവുന്ന ചില സംഗതികളുണ്ട്. ഈ മൗനങ്ങൾ കൂടിയാണ് സോണിയയുടെ ആത്മകഥയെ അടയാളപ്പെടുത്തുന്നത്.

നരസിംഹറാവു, ബാബറി മസ്ജിദ്

ബാബറി മസ്ജിദ് തകർക്കപ്പെട്ടതിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയാണ് ഇത്തരത്തിൽ രേഖപ്പെടുത്തപ്പെടാതെ പോവുന്നവയിൽ മുഖ്യസ്ഥാനത്തുള്ളത്. രാജീവിന്റെ മരണത്തെതുടർന്ന് പൊതു ജീവിതത്തിൽനിന്ന് ഏതാണ്ട് പൂർണ്ണമായും സോണിയ പിൻവലിഞ്ഞ നേരത്താണ് 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർക്കപ്പെടുന്നത്. എൽ.കെ. അദ്വാനിയുടെ നേതൃത്വത്തിൽ നടന്ന രാജന്മഭൂമി യാത്രയും ഹിന്ദുത്വ അജണ്ടയും വിശദമായി സോണിയ പരാമർശിക്കുന്നുണ്ട്. എന്നാൽ ബാബറി മസ്ജിദ് തകർക്കപ്പെടുന്നതിൽ കോൺഗ്രസിന്റെ പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്റെ നിസ്സംഗത വഹിച്ച പങ്കിലേക്ക് സോണിയ കടക്കുന്നില്ല. കോൺഗ്രസിനോട് ചേർന്നുനിന്നിരുന്ന മുസ്ലിം സമുദായം അകന്നുപോയ ഈ പശ്ചാത്തലം വിവരിക്കുന്നതിലുള്ള രാഷ്ട്രീയ പന്തികേടായിരിക്കാം സോണിയയെ പിന്നോട്ട് വലിക്കുന്നത്.

നെഹ്രു കുടുംബത്തോടുള്ള വിധേയത്വമാണ് നരസിംഹ റാവുവിനെ പ്രധാനമന്ത്രിയാക്കിയ സുപ്രധാന ഘടകം എന്നത് രഹസ്യമല്ല. 1991-ലെ തിരഞ്ഞെടുപ്പിൽ 244 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെ തിരഞ്ഞെടുക്കണെമെന്ന് സോണിയ കൂടിയാലോചിച്ചത് ഇന്ദിര ഗാന്ധിയുടെ ഉപദേഷ്ടാവായിരുന്ന പി.എൻ. ഹക്സറുമായിട്ടായിരുന്നെന്ന് കെ. നട്‌വർ സിങ് വെളിപ്പെടുത്തിയിട്ടുണ്ട്. അന്ന് ഉപരാഷ്ട്രപതിയായിരുന്ന ശങ്കർദയാൽ ശർമ്മയെ ആണ് ഹക്സർ ആദ്യം നിർദ്ദേശിച്ചത്. എന്നാൽ, എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ശങ്കർദയാൽ ശർമ്മ ആ ഓഫർ നിരസിച്ചു. തുടർന്നാണ് ഹക്സർ റാവുവിലേക്ക് വിരൽ ചൂണ്ടിയത്.

പ്രധാനമന്ത്രിയായ ആദ്യവർഷങ്ങളിൽ സോണിയയുമായി അടുപ്പം കാത്തുസൂക്ഷിച്ച റാവു പതുക്കെ നയം മാറ്റി. സോണിയയുടെ വീടായ പത്ത് ജൻപഥിലേക്കുള്ള റാവുവിന്റെ സന്ദർശനം ക്രമേണ ഇല്ലാതായി. കോൺഗ്രസ് പ്രസിഡന്റ് പദവിയും പ്രധാനമന്ത്രി സ്ഥാനവും ഒരേസമയം വഹിച്ച റാവു പാർട്ടിക്കുള്ളിൽ പുതിയ ചരിത്രമെഴുതാൻ തുനിഞ്ഞു. നെഹ്രു കുടുംബത്തിൽനിന്നു കോൺഗ്രസിനെ മുക്തമാക്കാനുള്ള റാവുവിന്റെ ശ്രമം പക്ഷേ, ബാബറി മസ്ജിദിന്റെ തകർച്ചയോടെ വിഫലമായി.

കോൺഗ്രസിന്റെ അമരത്തേക്ക് സോണിയ എത്തിയതോടെ റാവു പാർട്ടിക്ക് അനഭിമതനായി. ഒടുവിൽ റാവു മരിച്ചപ്പോൾ മൃതദേഹം ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് പൊതുദർശനത്തിന് വെയ്ക്കാതിരുന്നത് വലിയ വിവാദമായിരുന്നു. ഇതൊന്നും പക്ഷേ, സോണിയയുടെ ആത്മകഥയിൽ ഇല്ല. വാസ്തവത്തിൽ ഈ വിഷയത്തിൽ ശരിക്കും വ്യക്തത വരുത്താൻ കഴിയുന്ന ഏക വ്യക്തി സോണിയ ആണ്. മോദി സർക്കാരിനും സംഘപരിവാറിനുമെതിരെയുള്ള നിർണ്ണായക പോരാട്ടത്തിൽ കോൺഗ്രസ് നിൽക്കുന്ന ഘട്ടത്തിൽ പാർട്ടിയെ തളർത്താൻ എതിരാളികൾക്ക് ഒരായുധവും നൽകേണ്ടെന്ന നിലപാടിലായിരിക്കാം സോണിയ നിശ്ശബ്ദയാവുന്നത്.

ആന്ധ്രപ്രദേശിനെ വിഭജിച്ച് 2014-ൽ രണ്ടാക്കിയതിനെക്കുറിച്ചും വൈ.എസ്. രാജശേഖർ റെഡ്ഡിയുടെ മകൻ ജഗൻ മോഹനുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ചും സോണിയ മൗനമവലംബിക്കുന്നതും കാണാതിരിക്കാനാവില്ല. കോൺഗ്രസിനെ ആന്ധ്രയിൽ ഇല്ലാതാക്കിയ നടപടിയായിരുന്നു അത്. അന്ന് കോൺഗ്രസിന്റെ പ്രസിഡന്റും യുപിഎയുടെ അദ്ധ്യക്ഷയുമായിരുന്ന സോണിയയുടെ കാർമ്മികത്വത്തിൽ നടന്ന ഈ നീക്കത്തിന്റെ ഉള്ളുകള്ളികൾ വെളിപ്പെടുത്താനുള്ള അവസരമായിരുന്നു ആത്മകഥ. അതുണ്ടായില്ല.

പഞ്ചാബിൽ അമരിന്ദർ സിങ്ങും മദ്ധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയും കോൺഗ്രസിൽ നിന്നകന്നതിനെക്കുറിച്ചും ആത്മകഥയിൽ പരാമർശമില്ല. 1987-ൽ വിദേശകാര്യ സെക്രട്ടറിയായിരുന്ന എ.പി. വെങ്കടേശ്വരനെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒരു വാർത്താസമ്മേളനത്തിൽവെച്ച് പുറത്താക്കിയതും വർഷങ്ങൾക്കുശേഷം മറ്റൊരു വാർത്താസമ്മേളനത്തിൽ മൻമോഹൻ സിങ് സർക്കാർ കൊണ്ടുവന്ന ജനപ്രാതിനിധ്യ നിയമ ഭേദഗതി ബില്ലിനെ രാഹുൽ ഗാന്ധി പരസ്യമായി വിമർശിച്ചതും സോണിയ രേഖപ്പെടുത്തുന്നില്ല.

തുറന്നുപറച്ചിലുകൾ

സോണിയയുടെ ആത്മകഥയുടെ ശക്തിയും സൗന്ദര്യവും വെളിപ്പെടുന്നത് സത്യസന്ധമായ തുറന്നുപറച്ചിലുകളിലാണ്. 1975-ലെ അടിയന്തരാവസ്ഥയെക്കുറിച്ചും 1984-ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചും ആഴമാർന്ന ആത്മപരിശോധനയാണ് സോണിയ നടത്തുന്നത്. അടിയന്തരാവസ്ഥ തെറ്റായിരുന്നുവെന്ന് ഒരു മടിയുമില്ലാതെ സോണിയ തുറന്നെഴുതുന്നുണ്ട്. ജെ.പി. പ്രസ്ഥാനം ആർഎസ്എസിന്റെ പിടിയിലായിരുന്നു എന്ന വിമർശമുന്നയിക്കുമ്പോഴും അടിയന്തരാവസ്ഥയിൽ ഇന്ദിരാ ഭരണകൂടത്തിനും കോൺഗ്രസിനും മാർഗഭ്രംശമുണ്ടായി എന്ന് സോണിയ സമ്മതിക്കുന്നു.

അലഹബാദ് വിധിയെത്തുടർന്നുണ്ടായ പ്രതിസന്ധി നേരിടാൻ രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടുകയാണ് വേണ്ടതെന്നായിരുന്നു രാജീവ് ഗാന്ധിയുടെ നിലപാട്. എന്നാൽ, സഞ്ജയ് ഗാന്ധി ഇതിനെ രൂക്ഷമായി എതിർത്തു. എതിരാളികൾ ഇന്ദിരയെ നശിപ്പിക്കാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണെന്നും ഈ ഘട്ടത്തിൽ അടിയന്തരാവസ്ഥ പിൻവലിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നുമാണ് ഇന്ദിരയോട് സഞ്ജയ് പറഞ്ഞത്.

ഭരണഘടനാതീത ശക്തിയായി സഞ്ജയ് ഗാന്ധി വളർന്നതാണ് അടിയന്തരാവസ്ഥയിലെ അതിക്രമങ്ങൾക്ക് വഴിയൊരുക്കിയ മുഖ്യഘടകമെന്ന് സോണിയ ചൂണ്ടിക്കാട്ടുന്നു. സഞ്ജയ് ആണ് ഇന്ദിരയെ തകർത്തതെന്ന് സഞ്ജയിന്റെ മുഖത്ത്നോക്കി രാജീവ് പറഞ്ഞത് സോണിയ രേഖപ്പെടുത്തുന്നുണ്ട്. എന്ത് ചെയ്യാനാണ് സഞ്ജയ് എന്നെ കേൾക്കുന്നില്ല, ഞാൻ പോലുമാറിയാതെയാണ് അവൻ പല ഉത്തരവുകളും നൽകുന്നതെന്ന് ഇന്ദിര പറഞ്ഞതും സോണിയ അടയാളപ്പെടുത്തുന്നു.

സിഖ് വിരുദ്ധ കലാപം

സിഖ് വിരുദ്ധ കലാപം ഇന്ത്യയുടെ മനഃസാക്ഷിക്കേറ്റ കടുത്ത പ്രഹരമായിരുന്നുവെന്ന് സോണിയ വ്യക്തമാക്കുന്നുണ്ട്. ഇന്ദിര ഗാന്ധിയുടെ വധത്തെ തുടർന്ന് കോൺഗ്രസ് സർക്കാർ മുഖം തിരിച്ചുനിന്ന നാളുകളിലാണ് സിഖുകാർക്കെതിരെ ആക്രമികൾ അഴിഞ്ഞാടിയത്. വൻവൃക്ഷങ്ങൾ വീഴുമ്പോൾ ഭൂമി ഒന്ന് കുലുങ്ങിയെന്നിരിക്കുമെന്ന ഏറെ വിവാദമായ പ്രസ്താവന രാജീവ് നടത്തിയതും ഇതേ ദിവസങ്ങളിലാണ്. ഈ പ്രസ്താവനയിലേക്ക് വിരൽചൂണ്ടുന്നില്ലെങ്കിലും ആ ദിനങ്ങളിൽ ഭരണകൂടം തീർത്തും നിസ്സംഗമായിരുന്നുവെന്ന് സോണിയ തുറന്നെഴുതുന്നുണ്ട്:

''But while Rajiv's heart held no bigotry or rancour, there is no denying that he was thrust into a moment of the country's history when effective governance had foundered and barbaric acts followed. The system had undergone a time of cataclysmic upheaval in which the structure of government had come under strain- perhaps even broken down.''

1989-ൽ രാജീവിനൊപ്പം ഭഗൽപൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചപ്പോഴാണ് ആൾക്കൂട്ട കൊലപാതകങ്ങളുടെ ഭീകരത താൻ ശരിക്കും മനസ്സിലാക്കിയതെന്നും സോണിയ എഴുതുന്നു: ''Had my own grief and trauma in 1984 overshadowed my mind when the very same brutalities had been visited upon Sikhs in Delhi?''

2004-ൽ സംഭവിച്ചത്

2004-ൽ പ്രധാനമന്ത്രി പദം നിരസിച്ചതിനെക്കുറിച്ചും സോണിയ വിശദമായി എഴുതുന്നുണ്ട്. വിദേശ ഉത്പത്തി ചൂണ്ടിക്കാട്ടി അന്ന് പ്രസിഡന്റായിരുന്ന എ.പി.ജെ. അബ്ദുൾ കലാം താൻ പ്രധാനമന്ത്രിയാവുന്നതിനെ എതിർത്തുവെന്ന പ്രചാരണം ചില നിക്ഷിപ്ത കേന്ദ്രങ്ങൾ സൃഷ്ടിച്ചതാണെന്ന് സോണിയ പറയുന്നു. കലാമിന്റെ ആത്മകഥയിൽ കലാം തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും സോണിയ ചൂണ്ടിക്കാട്ടുന്നു. സോണിയ പ്രധാനമന്ത്രിയാവാൻ സന്നദ്ധയായിരുന്നുവെങ്കിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവെന്ന നിലയിൽ താൻ അവരെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുമായിരുന്നുവെന്നാണ് കലാം എഴുതിയത്.

രാജീവ് രാഷ്ട്രീയത്തിലേക്ക് കടന്നതിനെ ശക്തമായി എതിർത്തിരുന്ന താൻ ഒടുവിൽ അങ്ങോട്ടുതന്നെ എത്തിപ്പെട്ടത് രാജ്യത്തോടും കോൺഗ്രസിനോടുമുള്ള കടമ നിറവേറ്റാനായിരുന്നുവെന്ന് സോണിയ പറയുന്നു. രാജ്യത്തെ ശിഥിലമാക്കാനുള്ള സംഘപരിവാർ പദ്ധതി ചെറുക്കുന്നതിന് മറ്റു വഴിയൊന്നുമില്ലാതായപ്പോഴാണ് താൻ രാഷ്ട്രീയ പ്രവർത്തനം തിരഞ്ഞെടുത്തതെന്ന് ഒരു തരത്തിലുള്ള അർത്ഥശങ്കയ്ക്കുമിട നൽകാതെയാണ് സോണിയ പറയുന്നത്. പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന് മക്കളോട് പറഞ്ഞിരുന്നെങ്കിലും പ്രവർത്തകരും നേതാക്കളും വല്ലാതെ നിർബ്ബന്ധിച്ച ഒരു നിമിഷത്തിൽ താൻ സമ്മതം മൂളുകയായിരുന്നുവെന്ന്് സോണിയ വെളിപ്പെടുത്തുന്നു.

എന്നാൽ, ഇതിനെല്ലാം സാക്ഷ്യം വഹിച്ചുകൊണ്ട് കോൺഫറൻസ് ഹാളിന് വെളിയിലുണ്ടായിരുന്ന പ്രിയങ്ക വീടിനുള്ളിലേക്ക് പോയി രാഹുലിനോട് കാര്യങ്ങൾ പറഞ്ഞു. വീട്ടിലെത്തിയ സോണിയ നേരിട്ടത് അത്യധികം ക്ഷുഭിതനായ രാഹുലിനെ ആയിരുന്നു. പിതാവിനെപ്പോലെ അമ്മയെയും നഷ്ടപ്പെട്ടേക്കുമെന്ന ഭീതിയിലാണ് രാഹുൽ പൊട്ടിത്തെറിച്ചത്: ''You said yes?'' thundered Rahul. '' They wouldn't listen to me.'' I replied, I don't want to do ti, you know I don't . I was being pressurised. '' Pressurised? You are being pressurised?'' he demanded. '' What about us?'' He stormed off, his face being clouded with anger.'' രാഹുലിന്റെ ഈ ക്ഷോഭമാണ് ആത്യന്തികമായി പ്രധാനമന്ത്രി പദം നിരസിക്കുന്നതിലേക്ക്്് സോണിയയെ എത്തിച്ചത്. സോണിയയുടെ അടുത്ത സുഹൃത്തുക്കൾ സുമൻ ദുബെയും ഭാര്യ മഞ്ജുളികയും ഇതേ അഭിപ്രായക്കാരായിരുന്നു.

സോണിയയുടെ ഈ തീരുമാനത്തിൽ ഒരുപക്ഷേ, ഏറ്റവുമധികം ഉലഞ്ഞുപോയത് ആർഎസ്എസ്, ബിജെപി നേതൃത്വമായിരിക്കും. സോണിയ പ്രധാനമന്ത്രി പദവി ഏറ്റെടുത്തിരുന്നെങ്കിൽ കോൺഗ്രസിനെതിരെ എക്കാലത്തും ഉയർത്താവുന്ന ഒരായുധമായി സംഘപരിവാർ അതിനെ പ്രയോജനപ്പെടുത്തുമായിരുന്നു. അന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ സോണിയ നടത്തിയ പ്രസംഗം ചരിത്രമാണ്: ''I was always certain that if ever I found in the position that I am in today, I would follow my own inner voice. Today that voice tells me I must humbly decline this post.''

പി.എൻ. ഹക്സർ, എ.കെ. ആന്റണി

തനിക്കേറ്റവും പ്രിയപ്പെട്ട കോൺഗ്രസ് നേതാക്കളെക്കുറിച്ച് സോണിയ ആത്മകഥയിൽ എഴുതുന്നുണ്ട്. അർജുൻ സിങാണ് അതിൽ പ്രഥമസ്ഥാനത്ത്. പ്രിയരഞ്ജൻ ദാസ് മുൻഷിയും എ.കെ. ആന്റണിയും അഹമ്മദ് പട്ടേലും മാധവറാവു സിന്ധ്യയും ഷീല ദിക്ഷിതും അംബിക സോണിയും ഈ പട്ടികയിലുണ്ട്. എന്നാൽ, ഒരു വ്യക്തിയെക്കുറിച്ച് ഏറ്റവുമധികം താൽപര്യത്തോടെ സോണിയ പറയുന്നുണ്ടെങ്കിൽ അത് പരമേശ്വർ നാരായൺ ഹക്സർ എന്ന പി.എൻ. ഹക്സറെക്കുറിച്ചാണ്. ഹക്സറുടെ മേധാശക്തിയും പ്രത്യയശാസ്ത്രപരമായ ബോദ്ധ്യവും പകരംവെയ്ക്കാനാവാത്തതാണെന്ന് സോണിയ വ്യക്തമാക്കുന്നു. ഹക്സറേപ്പോലൊരു ഉപദേഷ്ടാവിനെ സ്വതന്ത്ര ഇന്ത്യയിൽ മറ്റൊരു പ്രധാനമന്ത്രിക്കും കിട്ടിയിട്ടില്ലെന്ന് സോണിയ പറയുമ്പോൾ ഹക്സർ എന്ന വ്യക്തിയെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംക്ഷ വായനക്കാരിൽ ഉടലെടുക്കുമെന്നത് തീർച്ചയാണ്.

എതിരാളികളിൽ നരേന്ദ്ര മോദിയെക്കുറിച്ച് മാത്രമേ സോണിയ വിശദമായി പ്രതിപാദിക്കുന്നുള്ളു. വളരെ കുറച്ച് ആശയവിനിമയം മാത്രമേ തങ്ങൾ തമ്മിലുള്ളുവെന്നും പരസ്പരം കണ്ടുമുട്ടുമ്പോൾ തന്റെ കണ്ണുകളിലേക്ക് നോക്കാൻ മോദിക്ക് മടിയാണെന്നും സോണിയ എഴുതുന്നു. സോണിയയെ ഏറ്റവുമധികം അപഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്ന സുബ്രഹ്‌മണ്യൻ സ്വാമിയുടെ പേര് പോലും ആത്മകഥയിൽ ഇല്ലെന്നത് സ്വാമിയോട് സോണിയയ്ക്കുള്ള അകൽച്ച എത്രമാത്രമാണെന്ന് സുവ്യക്തമാക്കുന്നുണ്ട്.

അധികാരത്തിന്റെ ഏകാന്തത

ഇറ്റലിയിലെ ഒരു ചെറിയ ഗ്രാമത്തിൽനിന്ന് ഡൽഹിയിലെത്തി ഒരു ഘട്ടത്തിൽ ഇന്ത്യയിലെ ഏറ്റവും ശക്തയായ സ്ത്രീയായി മാറിയ സോണിയ ഗാന്ധിയുടെ ആത്മകഥ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സുപ്രധാനമായൊരു കാലഘട്ടത്തിന് നേർക്കുള്ള കണ്ണാടിയാണ്. അധികാരത്തെക്കുറിച്ചുള്ള തന്റെ വീക്ഷണം സോണിയ എടുത്തുപറയുന്നുണ്ട്. അധികാരത്തിലിരിക്കുന്നവർ അനുഭവിക്കുന്ന ഏകാന്തത പലപ്പോഴും പലരും ഓർക്കാറില്ലെന്ന സോണിയയുടെ നിരീക്ഷണം ശ്രദ്ധേയമാണ്.

പുകഴ്ത്തലുകളിലും പ്രശംസകളിലും വീണുപോയി യാഥാർത്ഥ്യം എന്താണെന്നറിയാതെ പോവുന്ന അധികാരികളെക്കുറിച്ചും സോണിയ എഴുതുന്നുണ്ട്. കൂടെയുള്ളവർ എല്ലാവരും ശരിക്കുള്ള സൃഹൃത്തുക്കളായിരിക്കില്ലെന്നും ഭാഗ്യമുണ്ടെങ്കിൽ ഒന്നോ രണ്ടോ യഥാർത്ഥ സുഹൃത്തുക്കളെ കിട്ടിയേക്കുമെന്നും രാഹുലിനെഴുതിയ ഒരു കത്തിൽ രാജീവ് ചൂണ്ടിക്കാട്ടിയത് സോണിയ എടുത്തുപറയുന്നുണ്ട്.

1977-ൽ ഇന്ദിര ഗാന്ധി അധികാരത്തിൽനിന്ന് പുറത്തായപ്പോൾ രാഹുലിന്റെ പിറന്നാൾ ആഘോഷിച്ചതിനെക്കുറിച്ചുള്ള ഓർമ്മകളും ഇതിനോട് ചേർത്തുവെക്കാം. അന്ന് സോണിയ ക്ഷണിച്ച രാഹുലിന്റെ വിദ്യാർത്ഥി സുഹൃത്തുക്കളിൽ ഒരാൾ മാത്രമേ വന്നുള്ളു. മറ്റുള്ളവരെല്ലാംതന്നെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ മാതാപിതാക്കളുടെ നിർബ്ബന്ധത്തിന് വഴങ്ങി ആഘോഷത്തിൽനിന്ന് വിട്ടുനിന്നു. അന്ന് വന്ന ആ കൂട്ടുകാരൻ ഇപ്പോഴും തന്റെ കൂട്ടുകാരനാണെന്ന് രാഹുൽ അമ്മയെ ഓർമ്മിപ്പിക്കുന്നുണ്ട്.

വി.പി. സിങ്, സെയിൽ സിങ്

1990-ൽ വി.പി. സിങ് സർക്കാർ രാജീവ് ഗാന്ധിക്കുള്ള എസ്പിജി സുരക്ഷ പിൻവലിച്ചത് അത്യധികം വിഷമത്തോടെയാണ് സോണിയ പ്രതിപാദിക്കുന്നത്. രാജീവിന്റെ തല തകർക്കണമെന്ന് ആഹ്വാനം ചെയ്യുന്ന എൽടിടിഇയുടെ ഒരു റേഡിയൊ സന്ദേശം ഐപികെഎഫ് പിടിച്ചെടുത്തിരുന്നു. രാജീവിന്റെ ജീവൻ അപകടത്തിലാണെന്ന് വ്യക്തമാക്കുന്ന ഈ സന്ദേശം ഐപികെഎഫ് കേന്ദ്ര സർക്കാരിന് കൈമാറിയെങ്കിലും അതെക്കുറിച്ച് ഒരന്വേഷണമോ നടപടിയോ ഉണ്ടായില്ലെന്നും സോണിയ ചൂണ്ടിക്കാട്ടുന്നു. രാജീവിന്റെ സുരക്ഷ പിൻവലിച്ചത് യാദൃശ്ചികമായിരുന്നില്ലെന്നും അതിനൊരു ലക്ഷ്യമുണ്ടായിരുന്നെന്നും രാഹുൽ ഗാന്ധി ആരോപിക്കുന്നത് സോണിയയുടെ ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ്.

രാജീവ് സർക്കാരിനെ അട്ടിമറിക്കാൻ രാഷ്ട്രപതിയായിരുന്ന ഗ്യാനി സെയിൽസിങ് ശ്രമിച്ചെന്ന ഗുരുതരമായ ആരോപണം സോണിയ ഉയർത്തുന്നുണ്ട്. സെയിൽ സിങ്ങിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കമുണ്ടായതായി പലരും പറഞ്ഞിരുന്നെങ്കിലും രാജീവിനോട് ഏറ്റവും അടുത്ത ഒരാൾ ഇതെക്കുറിച്ച് പറയുന്നത് ഇതാദ്യമായാണ്. 1987-ൽ കാലാവധി കഴിഞ്ഞപ്പോൾ സെയിൽ സിങ്ങിന് രണ്ടാം വട്ടവും രാഷ്്രടപതിയാവാൻ താൽപര്യമുണ്ടായിരുന്നെന്നും എന്നാൽ രാജീവിന് അതിനോട് യോജിപ്പുണ്ടായിരുന്നില്ലെന്നും സോണിയ പറയുന്നു.

ഒരു മാദ്ധ്യമ മുതലാളിക്കും മുംബൈയിലെ വ്യവസായ പ്രമുഖനുമൊപ്പം ചില പ്രതിപക്ഷ പാർട്ടികളുമായി ഒത്തുചേർന്ന് രാജിവ് സർക്കാരിനെ വീഴ്ത്താൻ സെയിൽ സിങ് ശ്രമിച്ചത് ഈ ഘട്ടത്തിലാണെന്നാണ് സോണിയ പറയുന്നത്. പക്ഷേ, സെയിൽ സിങ്ങിന്റെ നീക്കം വിജയിച്ചില്ല. പുതിയ രാഷ്ട്രപതിയായി ആർ. വെങ്കട്ടരാമനാണ് തിരഞ്ഞെടുക്കപ്പെട്ടത്്.

ബഹുസ്വരതയും ഇന്ത്യയും

മൂന്ന് വട്ടം അധികാരം പിടിച്ച നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി നാലാം വട്ടവും തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോഴും പ്രതീക്ഷകൾ അസ്തമിക്കുന്നില്ലെന്ന് സോണിയ പറയുന്നത് ചരിത്രത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ടാണ്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ കൃശഗാത്രനായ ഒരു മനുഷ്യന്റെ പിന്നിൽ അണിനിരന്നുകൊണ്ട് ഇന്ത്യൻ ജനത കടപുഴക്കിയെറിയുമെന്ന് ഒരു നൂറ്റാണ്ടിന് മുമ്പ് ആരെങ്കിലും വിശ്വസിച്ചിരുന്നോ എന്ന് സോണിയ ചോദിക്കുന്നു. വെറുപ്പിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്ന സംഘപരിവാറിനും ഇതേ ഗതി തന്നെയാവും നേരിടേണ്ടി വരികയെന്നും സോണിയ ഉറച്ചു വിശ്വസിക്കുന്നു.

ഹിന്ദുത്വയുമായി ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും സാദ്ധ്യമല്ലെന്നും ഗാന്ധിജിയും നെഹ്രുവും ഇന്ദിരയും രാജീവും ഉയർത്തിപ്പിടിച്ച മതേതര ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിൽനിന്ന് ഒരിക്കലും പിന്നോട്ടുപോവില്ലെന്നും സോണിയ പ്രഖ്യാപിക്കുന്നു. ജീവിതത്തിലുണ്ടായ സകല പ്രതിസന്ധികളും മറികടക്കാൻ തനിക്ക് തുണയായത് ഇന്ത്യൻ ജനത പകർന്നുതന്ന സ്നേഹമാണെന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് സോണിയ ആത്മകഥ അവസാനിപ്പിക്കുന്നത്.

അരുന്ധതിയുടെയും സാറാ ചൗധരിയുടെയും ആത്മകഥകൾ പോലെ സോണിയയുടെ ആത്മകഥയും ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാൻ പ്രേരിപ്പിക്കുന്നതാണ്. ഭാഷയുടെ ലാളിത്യവും സൗന്ദര്യവും എടുത്തുപറയുക തന്നെ വേണം. ഇത്രയധികം അപമാനിക്കപ്പെട്ടിട്ടും ഒരൊറ്റ എതിരാളിയെപ്പോലും സോണിയ അവഹേളിക്കുന്നില്ല. സ്നേഹത്തിന്റെയും പ്രണയത്തിന്റെയും പുസ്തകമാണിത്. കഴിഞ്ഞ ആറ് പതിറ്റാണ്ടുകളിൽ ഇന്ത്യൻ രാഷ്ട്രീയം നിർമ്മിക്കപ്പെടുന്നത് അടുത്തു നിന്നുകണ്ട ഒരാളുടെ സാക്ഷ്യപത്രം. അനുഭവത്തിന്റെ ചൂടിലും ചൂരിലും എരിയുന്ന പേജുകൾ. പാശവും അൻപും അതിരിടുന്ന ആർദ്രമാർന്ന രചന. കഴിയുന്നത്ര സത്യസന്ധമായി എഴുതാൻ ശ്രമിച്ചിട്ടുണ്ടെന്നും ഏതെങ്കിലും തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ അത് മനഃപൂർവ്വമല്ലെന്നും അവ തന്റേതുമാത്രമാണെന്നും സോണിയ പറയുന്നുണ്ട്. സോണിയയുടെ ആത്മകഥ വായിച്ചു തീരുമ്പോൾ കയ്പല്ല ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രസാദം തന്നെയാണ് ബാക്കിയാവുന്നത്.

വഴിയിൽ കേട്ടത്: പഞ്ചാബിൽ അകാലിദളാണ് എൻഡിഎ സഖ്യത്തിലെ വലിയ പാർട്ടിയെന്ന് അമിത് ഷാ. തമിഴകത്ത് എഐഎഡിഎംകെയും ബിഹാറിൽ ജെഡിയുവും ഒഡിഷയിൽ ബിജു ജനതാദളും ഒക്കെ ആയിരുന്നു ഇതിന് മുമ്പുള്ള വലിയ പാർട്ടികൾ!