ന്ത്യയിൽ ബ്രാഹ്മം, ദൈവം, ആർഷം, പ്രാജപത്യം, ഗാന്ധർവം, ആസുരം, രാക്ഷസം, പൈശാചം എന്നിങ്ങനെ എട്ടുതരം വിവാഹരീതികളുണ്ടായിരുന്നുവെന്നാണ് ഐതിഹ്യങ്ങൾ പറയുന്നത്. ഓരോന്നിനും ഓരോന്നാണ് പ്രത്യേകത. ഗാന്ധർവം ആണും പെണ്ണും തമ്മിൽ ഇഷ്ടമായാൽ അവർതന്നെ മുൻകൈയെടുത്ത് നടത്തുന്ന വിവാഹമാണ്, ഒരുതരം സ്വയംവരം. ആസുരമെന്നാൽ പിതാവിന് പാരിതോഷികമോ മറ്റെന്തെങ്കിലുമോ നൽകി പുരുഷൻ സ്ത്രീയെ സ്വന്തമാക്കുന്നതാണ്. പെൺകുട്ടിയുടെ വീട്ടുകാരെ എതിർത്ത് അവളെ തട്ടിക്കൊണ്ടുപോകുന്നത് രാക്ഷസം. പൈശാചമാണെങ്കിൽ സ്ത്രീക്ക് ബോധമില്ലാത്ത അവസ്ഥയിൽ അവളെ ബലംപ്രയോഗിച്ച് സ്വന്തമാക്കുന്ന രീതിയാണ്.

To advertise here,

എന്നാൽ ഇതിനേക്കാളൊക്കെ അതിശയകരവും വൈചിത്ര്യം നിറഞ്ഞതുമായ വിവാഹരീതികൾ ഇക്കാലത്തും ലോകത്തുണ്ട്. സഹോദരങ്ങൾ തമ്മിലുള്ളത്, വാഴയെ കെട്ടുന്നത്, നായയെ കെട്ടുന്നത്, മരിച്ചവരെ കെട്ടുന്നത്.. അങ്ങനെയങ്ങനെ. ഓരോ ജനസമൂഹത്തിനും ഗോത്രത്തിനും ഓരോ വിവാഹരീതികളാണ്. നമുക്ക് അധാർമികമെന്ന് തോന്നുന്നത് മറ്റൊരു ജനസമൂഹത്തിന് ധാർമികമാവും. അവർക്ക് ശരിയെന്ന് തോന്നുന്നത് നമ്മെ സംബന്ധിച്ച് പാപവും. ധർമാധർമ സങ്കൽപങ്ങൾ പൂർണമായും കാല-ദേശാധിഷ്ഠിതവും മനുഷ്യനിർമിതവുമാണെന്നതിന്റെ കൃത്യമായ ഉദാഹരണങ്ങളാണ് ലോകത്ത് നിലനിൽക്കുന്ന വിവാഹവൈവിധ്യങ്ങൾ.

വാഴക്കല്യാണവും നായക്കല്യാണവും

ഷംസു സൈബ സംവിധാനം ചെയ്ത് മലയാളത്തിലിറങ്ങിയ 'മണിയറയിലെ അശോകൻ' എന്ന സിനിമയിൽ നായകനടൻ മംഗല്യദോഷം കളയാൻ ഒരു വാഴയെ കല്യാണം കഴിക്കുന്നുണ്ട്. വാഴയെ താലികെട്ടുകയും നവവധുവായി കരുതുകയും സ്വപ്നങ്ങൾ കാണുകയും ചെയ്യുന്ന നായകൻ. ഇത് ഹാസ്യത്തിന് വേണ്ടി ചമച്ചതാണെങ്കിലും വാഴക്കല്യാണം വെറും തമാശയല്ല, വളരെ ഗൗരവമായിത്തന്നെ ഇന്നും നടക്കുന്നതാണ്. പ്രശസ്ത നടി ഐശ്വര്യാറായ് ഇത്തരമൊരു കല്യാണം നടത്തിയതായി വാർത്തകളുണ്ടായിരുന്നു. ചൊവ്വാദോഷം പോലുള്ള ദോഷങ്ങൾ കളയാനുള്ള ഒരു 'തന്ത്ര'മായാണ് വാഴക്കല്യാണം നടത്തുന്നത്. ആദ്യവിവാഹം എന്ന നിലയിലാണ് ഈ കല്യാണം നടത്തുക. അതുകഴിഞ്ഞ് വാഴയെ വെട്ടിനശിപ്പിക്കും. ഇനി ധൈര്യമായി രണ്ടാം കല്യാണം കഴിക്കാം! കേരളം,തമിഴ്നാട്,കർണാടകം,ആന്ധ്രാപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ വാഴക്കല്യാണമുണ്ട്. കുംഭവിവാഹമെന്നും കദളീവിവാഹമെന്നുമെല്ലാം ഇതിന് പേരുണ്ട്. ജൗതിഷികളാണ് യുവതീയുവാക്കളെക്കൊണ്ട് ഈ വേഷം കെട്ടിക്കുന്നത്. വാഴയെ എല്ലാവിധ അലങ്കാരങ്ങളുമണിയിച്ച് സ്ഥാപിക്കും. പുരുഷനാണെങ്കിൽ വാഴയെ വധുവായും സ്ത്രീയാണെങ്കിൽ വരനായും സങ്കൽപിക്കും. എന്നിട്ട് താലിചാർത്തും. വാഴക്കുചുറ്റും ഏഴ് പ്രദക്ഷിണവും വെക്കും. ചിലയിടങ്ങളിൽ എരിക്കിൻ ചെടിയെയാണ് കല്യാണം കഴിക്കുക. അതിനെ അർക്കവിവാഹം എന്നാണ് പേര്.

നായക്കല്യാണം അതിനേക്കാൾ വിശേഷമാണ്. വിവാഹദോഷം മാറാൻ മാത്രമല്ല, തെറ്റിനുള്ള പ്രായശ്ചിത്തമായും ദുശ്ശകുനം ഒഴിവാകാനുമെല്ലാം നായക്കല്യാണം നടക്കാറുണ്ട്. 2007ലാണ് തമിഴ്നാട്ടിലെ ശിവഗംഗയിൽ ഒരാൾ രണ്ട് നായ്ക്കളെ കൊന്നതിന് പരിഹാരമായി നായയെ വധുവാക്കിയത്. ഒഡിഷയിലും ജാർഖണ്ഡിലും ചില വിഭാഗങ്ങൾ കുട്ടികളുടെ ദോഷപരിഹാരാർത്ഥം നായക്കല്യാണം നടത്താറുണ്ട്. ഇതിന്റെയൊക്കെ പിന്നിലെ വില്ലൻമാർ ജൗതിഷികൾ തന്നെ.

സഹോദരങ്ങൾ തമ്മിലെ കല്യാണങ്ങൾ

നമ്മൾ 'അയ്യേ'... എന്നു പറയുന്ന ഇത്തരം കല്യാണങ്ങൾ വലിയ രാജവംശങ്ങളിൽപ്പോലും നടന്നിട്ടുണ്ട്. ഈജിപ്ഷ്യൻ ഫറവോമാർ 'ദൈവരക്തം' വംശംവിട്ട് പോകാതിരിക്കാൻ സഹോദരങ്ങളെ കല്യാണം കഴിച്ചിരുന്നത്രെ. 1332 ബി.സി.ഇയിൽ ഈജിപ്ത് ഭരിച്ച തുത്തൻഖാമുൻ എന്ന ഫറവോ അഖ്നാതൻ എന്ന ഫറവോയുടേയും അയാളുടെ സഹോദരി നെഫർട്ടിറ്റിയുടേയും മകനാണ് എന്നാണ് ചരിത്രം പറയുന്നത്. തുത്തൻഖാമുൻ വിവാഹം കഴിച്ചതും തന്റെ സഹോദരിയെയായ അങ്കസെൻ പാറ്റനെയാണ്. 2010 ൽ ചില ഡി.എൻ.എ പഠനങ്ങൾ ഇതുസംബന്ധിച്ച് നടന്നിട്ടുണ്ട്. അതിൽ തുത്തൻഖാമുനിൽ ചില ജനിതകപ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് തെളിഞ്ഞിട്ടുമുണ്ട്. ഇനി ലോകസുന്ദരി ക്ലിയോപാട്രയാണെങ്കിൽ സഹോദരൻ ടോളമി 13-ാമനെയാണ് കല്യാണം കഴിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം മറ്റൊരുസഹോദരനായ ടോളമി 14-ാമനേയും കെട്ടി. ഈജിപ്ഷ്യൻ ആചാരപ്രകാരം അവരുടെ ദൈവങ്ങൾതന്നെ സഹോദരവിവാഹം കഴിച്ചവരാണത്രെ. മാത്രമല്ല, രാജ്യഭരണം രാജാവും രാജ്ഞിയും ചേർന്നാണ് നിർവഹിച്ചിരുന്നത്. ഇതൊക്കെ ആചാരത്തിന് വേണ്ടി മാത്രം ചെയ്തതാണെന്നും ഇവർതമ്മിൽ യഥാർത്ഥ ദാമ്പത്യമുണ്ടായിരുന്നില്ലെന്നും വാദിക്കുന്ന ചരിത്രകാരൻമാരുമുണ്ട്. ഇൻക,ഹവായി രാജവംശങ്ങളിലും സഹോദരവിവാഹങ്ങളുണ്ട്.

ഇന്ന് മിക്കവാറും രാജ്യങ്ങളിലും സമൂഹങ്ങളിലും സഹോദരവിവാഹം നിയമവിരുദ്ധമാണ്. ഇന്ത്യയിൽ 1955ലെ ഹിന്ദു വിവാഹനിയമപ്രകാരവും സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരവും മുസ്ലിം വ്യക്തിനിയമപ്രകാരവും സഹോദരവിവാഹം അനുവദനീയമല്ല. ചില ഗോത്രവിഭാഗങ്ങളിൽ ഇത്തരത്തിലുള്ള വിവാഹങ്ങൾ നടക്കുന്നതായി പറയപ്പെടുന്നുണ്ടെങ്കിലും വ്യക്തമായ തെളിവില്ല. ഇന്ത്യയിലും കേരളത്തിലും ചില സമൂഹങ്ങളിൽ അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. അതിൽ അമ്മാവന്റെ മക്കൾ, സഹോദരങ്ങളുടെ മക്കൾ എന്നിവരൊക്കെ തമ്മിലുള്ള വിവാഹങ്ങൾ പെടും. തമിഴ്നാട്ടിൽ അമ്മാവനെത്തന്നെയും വിവാഹം കഴിക്കുന്നവരുണ്ട്. ഇങ്ങനെ അടുത്തബന്ധുക്കൾതമ്മിലുള്ള വിവാഹബന്ധത്തിൽ ജനിക്കുന്ന കുട്ടികൾക്ക് ജനിതകരോഗങ്ങൾക്കുള്ള സാധ്യത വളരെ കൂടുതലാണ്.

ഇന്നുമുണ്ട് പാഞ്ചാലിമാർ

മഹാഭാരതത്തിൽ പഞ്ചപാണ്ഡവൻമാരുടെ ഭാര്യയാവേണ്ടിവന്ന പാഞ്ചാലിയുടെ കഥയറിയാമല്ലോ. അത് ഒരു കഥാഗതിക്കായി സൃഷ്ടിച്ചതാണെങ്കിൽ ഇന്നും അഭിനവപാഞ്ചാലിമാർ ജീവിക്കുന്നുണ്ട്. ഒരു കുടുംബത്തിലെ സഹോദരങ്ങൾക്കെല്ലാംകൂടി ഒരുഭാര്യ എന്ന സമ്പ്രദായമുള്ള പല സമൂഹങ്ങളും ഇപ്പോഴുമുണ്ട്. ഫ്രാറ്റേണൽ പോളിയാൻഡ്രി(Fraternal Polyandry) എന്നാണ് ഇതിന് പറയുക. തമിഴ്നാട്ടിലെ നീലഗിരിയിലുള്ള തോഡ ഗോത്രത്തിൽ ഇത് വ്യാപകമായിരുന്നു. ഇപ്പോഴും ചെറിയതോതിൽ നടക്കുന്നുണ്ട്. സ്ത്രീ ഗർഭിണിയായാൽ കുട്ടിയുടെ അച്ഛൻ ആരാണെന്ന് വ്യവസ്ഥപ്പെടുത്തുന്ന അമ്പും വില്ലും ചടങ്ങ്(Bow and Arrow Ceremony) ഇവർ നടത്തും. ഏഴാംമാസത്തിലാണ് ഈ ചടങ്ങ്. കുട്ടിയുടെ അച്ഛനാണ് എന്ന് നല്ല 'ഉറപ്പുള്ളയാൾ' കാട്ടിൽനിന്ന് പ്രത്യേക മരക്കൊമ്പുപയോഗിച്ച് അമ്പും വില്ലും നിർമിക്കും. മറ്റൊരു മരത്തിന്റെ ചുവട്ടിൽ വെച്ച് അത് ഭാര്യക്ക് നൽകും. ഭാര്യ അത് സ്വീകരിച്ചാൽ ആ കുട്ടിയുടെ പിതാവായി അദ്ദേഹം അംഗീകരിക്കപ്പെടും. അതിനു ശേഷമാണ് യഥാർത്ഥവിവാഹം പോലും നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ഹിമാചലിലെ കിന്നൗർ, ലാഹൗൾ-സ്പിതി, ഉത്തരാഖണ്ഡിലെ ജൗൺസാർ-ബാവർ, എന്നീ മേഖലകളിലെല്ലാം ഇത്തരം രീതിയുണ്ട്. ഇന്ത്യക്ക് പുറത്ത് നേപ്പാൾ, ഭൂട്ടാൻ, ചൈന, ടിബറ്റ്, എന്നിവിടങ്ങളിലും ഇത്തരം വിവാഹം നിലവിലുണ്ട്. കേരളത്തിലും ചില ജാതികൾക്കിടയിൽ ഉണ്ടായിരുന്നതായി പറയുന്നു. മലയാളത്തിലിറങ്ങിയ 'വെങ്കലം' എന്ന സിനിമയിൽ ഇത്തരമൊരു വിവാഹത്തെ പരാമർശിക്കുന്നുണ്ട്. സ്വത്ത് വിഭജിച്ചുപോകാതിരിക്കാനാണ് ഈ വിവാഹരീതി വികസിച്ചത് എന്നാണ് ചരിത്രകാരൻമാർ പറയുന്നത്.

തട്ടിക്കൊണ്ടുപോയി കല്യാണം

ഇന്ത്യയിലുണ്ടായിരുന്ന 'രാക്ഷസം' എന്ന രീതിക്ക് സമാനമായ ഒന്നാണിത്. ഇന്നും ചില മധ്യേഷ്യൻ രാജ്യങ്ങളിൽ ഈ സമ്പ്രദായമുണ്ട്. നിയമവിരുദ്ധമാണെങ്കിലും കിർഗിസ്ഥാനിൽ ചിലവിഭാഗങ്ങളിൽ ഇത് ഒരു ആചാരമായിത്തന്നെ നിലവിലുണ്ട്. അതിന്റെ പേര് 'അലാകച്ചു' എന്നാണ്. പിടിച്ച് ഓടുക എന്നാണ് അവരുടെ ഭാഷയിൽ അതിന്റെ അർത്ഥം.

വരനും കൂട്ടുകാരും വധുവിനെ വീട്ടിൽ നിന്നോ വഴിയിൽ നിന്നോ തട്ടിക്കൊണ്ടുപോവും. സ്വന്തം വീട്ടിലെത്തിച്ചതിന് ശേഷം അവിടത്തെ മുതിർന്ന സ്ത്രീകൾ പെൺകുട്ടിയെക്കൊണ്ട് സമ്മതിപ്പിച്ച് കല്യാണം കഴിപ്പിക്കും.കസാക്കിസ്ഥാനിൽ അവിടത്തെ സർക്കാർ അതിന് വിലങ്ങിടാൻ നിയമങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. ഈ രണ്ട് രാജ്യങ്ങളിലേയും 'രാക്ഷസ' രീതികളെക്കുറിച്ച് ബി.ബി.സി പ്രോഗ്രാം ചെയ്തിട്ടുണ്ട്. ആഫ്രിക്കൻ രാജ്യമായ നമീബിയയിലെ ഹിംബ ഗോത്രവർഗ്ഗക്കാർ ഇത് ആചാരമായി ഇപ്പോഴും തുടരുന്നു. അതുകൊണ്ടുതന്നെ, വീട്ടുകാർ ആലോചിച്ചുറപ്പിച്ച കല്യാണത്തിന് തൊട്ടുമുൻപുപോലും പ്രതീകാത്മകമായി ഈ തട്ടിക്കൊണ്ടുപോകൽ നാടകം നടത്തും. ആചാരങ്ങൾ പലതും വരുന്ന വഴി ഇങ്ങനെയൊക്കെയാണ്. ബാലിയിലെ ഗെരോറോഡ്(Ngerorod), ലോംബോക്കിലെ മെരാരിക്(Merariq), ദക്ഷിണാഫ്രിക്കയിലെ ഉകുത്വാല്വ(Ukuthwalwa), എന്നിവയൊക്കെ ഈ തട്ടിക്കൊണ്ടുപോകൽ കല്യാണങ്ങളുടെ പേരാണ്.

നമ്മളും ഇക്കാര്യത്തിൽ മോശമല്ല. ബീഹാറിൽ 'പകട് വ വിവാഹ്' എന്ന പേരിൽ പെൺവീട്ടുകാർ ആൺകുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന രീതിയുണ്ട്. എന്നിട്ട് ബലം പ്രയോഗിച്ച് കല്യാണം കഴിപ്പിക്കും. 2023 ൽ പട്ന ഹൈക്കോടതിതന്നെ ഇത്തരമൊരു കേസിൽ ഇടപെട്ടിരുന്നു. മേഘാലയയിലുള്ള 'ഗാരോ' ഗോത്രത്തിൽ പെൺകുട്ടിക്ക് ഇഷ്ടപ്പെട്ടാൽ ബന്ധുക്കളെ ഉപയോഗിച്ച് ആൺകുട്ടികളെ തട്ടിക്കൊണ്ടുപോകും. 'ഹോ','നാഗ','ഗോണ്ട്' ഗോത്രങ്ങളിലും ഇത്തരത്തിലുള്ള തട്ടിക്കൊണ്ടുപോകൽ കല്യാണങ്ങളുണ്ടായിരുന്നു. എന്നാൽ ഇന്ന് അത് വളരെ കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.

മരിച്ചവർക്ക് കല്യാണം

ജീവിച്ചിരിക്കുന്നവരെ മരിച്ചുപോയവർക്ക് കല്യാണം കഴിച്ചുകൊടുക്കുന്ന സമ്പ്രദായം കേട്ടിട്ടുണ്ടോ ? അത്തരം പ്രേതവിവാഹങ്ങൾ(Ghost marriage, Posthumous Marriage) ഇപ്പോഴുമുണ്ട് മനുഷ്യർക്കിടയിൽ ! 3000 വർഷം മുമ്പുതന്നെ ചൈനയിലെ മിൻഗുൻ(minghun) വിഭാഗത്തിനിടയിൽ ഈ രീതി നിലവിലുണ്ടായിരുന്നു. ഇത് പലതരത്തിലുണ്ട്, മരിച്ച രണ്ടുപേരെ തമ്മിൽ കല്യാണം കഴിപ്പിക്കാം. മരിച്ച ആളും ജീവിച്ചിരിക്കുന്ന ആളും തമ്മിലും ആവാം. എന്തായാലും സാധാരണ കല്യാണംപോലെത്തന്നെ വലിയ ആഘോഷമായാണ് നടത്തുക. മരിച്ച രണ്ടുപേരുടേയും അസ്ഥികൾ ഒരേ കല്ലറയിലേക്ക് മാറ്റുകയും പിന്നീട് കർമങ്ങൾ ചെയ്യുകയുമാണ് ചെയ്യുന്നത്. ജീവിച്ചിരിക്കുന്നയാളും മരിച്ചയാളും തമ്മിലാണ് വിവാഹമെങ്കിൽ പ്രതീകാത്മകമായി ഒരു പ്രതിമയോ മറ്റെന്തെങ്കിലും രൂപമോ വെക്കുന്നു. മരിച്ചുപോയവർക്ക് കൂട്ടുണ്ടാവാനാണത്രെ ഇത്. മരിച്ചുപോയവരിൽ നിന്ന് എന്തെങ്കിലും ഉപദ്രവങ്ങൾ ഉണ്ടാവാതിരിക്കാനും ഇതുചെയ്യുന്നുണ്ട്. ഇന്ന് ചൈനയിൽ നിയമപരമായി ഇത് നിരോധിച്ചിട്ടുണ്ടെങ്കിലും ഷാൻസി പോലുള്ള ഉൾനാടുകളിൽ ഇപ്പോഴും നടക്കുന്നുണ്ടത്രെ.

സുഡാനിലെ നൂർ(Nuer) ഗോത്രവിഭാഗത്തിൽ ഇത്തരം വിവാഹമുണ്ട്. മരിച്ചുപോയ പുരുഷന് കല്യാണം കഴിപ്പിച്ചുകൊടുക്കുന്നു എന്ന സങ്കൽപത്തിൽ മറ്റൊരു പുരുഷന് കല്യാണം കഴിച്ചു നൽകും. എന്നാൽ ജനിക്കുന്ന മക്കൾ മരിച്ചുപോയ ആളുടെ വംശമായാണ് അറിയപ്പെടുക. ഇത്തരം മരണാനന്തര വിവാഹം നിയമപരമായി അംഗീകരിച്ചിട്ടുള്ള രാജ്യമാണ് ഫ്രാൻസ്. ഒന്നാംലോക യുദ്ധകാലത്ത് യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ പ്രതിശ്രുതവധുക്കൾക്കുവേണ്ടിയാണ് ഈ സമ്പ്രദായം അവിടെ തുടങ്ങിയത്. പിന്നീട് ഇത് സിവിൽകോഡിന്റെ തന്നെ ഭാഗമായി. ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു എന്നതിന് തെളിവ് ഹാജരാക്കണം. അതോടൊപ്പം ആ വിവാഹത്തിന് ഫ്രഞ്ച് പ്രസിഡന്റിന്റെ അംഗീകാരവും വേണം. ദക്ഷിണകൊറിയയിൽ ഇത്തരം കല്യാണങ്ങളെ യോൻകോൺ(Yeonhon)എന്നാണ് വിളിക്കുന്നത്. അവിവാഹിതരായി മരിച്ചവരുടെ ആത്മാക്കൾക്ക് ശാന്തി കിട്ടാനാണത്രെ പ്രേതവിവാഹം നടത്തുന്നത്.