
കഴിഞ്ഞ വര്‍ഷം ഞാൻ കേരളത്തില്‍ വന്നപ്പോള്‍ത്തന്നെ ശ്രീനിയേട്ടനെ കാണണമെന്നു തീരുമാനിച്ചിരുന്നു. ഒരു ദിവസം നേരത്തെ വിളിച്ചറിയിച്ച്, പറഞ്ഞ സമയത്ത് ആലുവയ്ക്കടുത്ത് കണ്ടനാടുള്ള പുതിയ വീട്ടിലേക്കു പോയി. സ്നേഹിതന്‍ രാജേഷ് മൈക്കിളുമുണ്ടായിരുന്നു എന്റെകൂടെ.
കോളിങ് ബെല്ലമര്‍ത്തിയപ്പോള്‍ ശ്രീനിവാസന്റെ സഹായിയാണെന്ന് തോന്നിക്കുന്ന ഒരാള്‍ വാതില്‍ തുറന്ന് ഇരിക്കാന്‍ പറഞ്ഞു. അപ്പോഴേക്കും വിമല ചിരിച്ചുകൊണ്ട് ഞങ്ങളെ എതിരേറ്റു. ശ്രീനിയേട്ടനും പിറകെവന്നു. സ്വതഃസിദ്ധമായ ചിരിയുണ്ടായിരുന്നെങ്കിലും നടപ്പ് അല്‍പം പതിയെയാണ്. പല അസുഖങ്ങള്‍ക്കും ചികിത്സയിലായിരുന്നതിനാല്‍ ഞങ്ങളതു പ്രതീക്ഷിച്ചിരുന്നു.

'ചെന്നൈയിലായിരുന്നു ചികിത്സ. വന്നിട്ട് അധിക ദിവസമായില്ല.' വിമല പറഞ്ഞു. ഒറ്റയ്ക്കാണോ വന്നതെന്ന് ശ്രീനിയേട്ടന്‍ ചോദിച്ചു. പ്രേമയോട് അന്വേഷണം പറയണമെന്നും പറഞ്ഞു. പ്രേമയെ അറിയാം. അമേരിക്കയില്‍ ഷൂട്ട് ചെയ്ത 'മെയ്ഡ് ഇന്‍ യു എസ് എ'യില്‍ ശ്രീനിവാസനും മാധവനുമൊപ്പം ഒരു സീനില്‍ പ്രേമ അഭിനയിക്കുകയും ചെയ്തിരുന്നു. ഏതോ ഒരു നടി അപ്രതീക്ഷിതമായി വരാതിരുന്നപ്പോള്‍ രാജീവ് അഞ്ചൽ പ്രേമയോട് ആ സീനില്‍ അഭിനയിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അതൊന്നും അത്ര പെട്ടെന്നു മറക്കാന്‍ പറ്റില്ലല്ലോ. ചായകുടി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഒന്നിച്ചഭിനയിച്ച രണ്ടു ചിത്രങ്ങളെപ്പറ്റിയും സംസാരിച്ചു. ആര്‍ ശരത്തിന്റെ 'പറുദീസ'യില്‍ ഞങ്ങള്‍ അച്ചനും ബിഷപ്പുമായിരുന്നെങ്കില്‍ രാജീവ് അഞ്ചലിന്റെ 'മെയ്ഡ് ഇന്‍ യു എസ് എ'യില്‍ ഡോക്ടറും കേണലുമായിരുന്നു.

അമേരിക്കയിലെയും ഇന്ത്യയിലെയും രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച് സമയംപോയതറിഞ്ഞില്ല. എന്റെ പുസ്തകങ്ങളെല്ലാം വായിക്കുന്ന വിമലച്ചേച്ചിക്ക് 'ഭൂതത്താന്‍കു'ന്നിന്റ പുതിയ പതിപ്പു നല്‍കി. ശ്രീനിയേട്ടന്റെ സംസാരത്തില്‍ ചെറിയ കുഴച്ചിലുണ്ടായിരുന്നെങ്കിലും പഴയ തമാശപറച്ചിലിനും ഉച്ചത്തിലുള്ള ചിരിക്കുമൊന്നും ഒരു കുറവുമില്ലായിരുന്നു. എന്നാണ് അടുത്ത സിനിമ എന്നുചോദിച്ചപ്പോള്‍ പുതിയ സിനിമയ്ക്കുള്ള തിരക്കഥയെഴുതുന്നു എന്നുപറഞ്ഞു. അപ്പോള്‍ ഞാന്‍ ചോദിച്ചു: 'മക്കളൊക്കെ എഴുത്തും സംവിധാനവുമെല്ലാം തുടങ്ങിയിട്ടുണ്ടല്ലോ... എനിക്കുംകൂടി ഒരു ചാന്‍സ് തരാന്‍പറയണം. ശ്രീനിയേട്ടന്‍ പറഞ്ഞാല്‍ കേള്‍ക്കാതിരിക്കില്ലല്ലോ!' ആഗ്രഹമുണ്ടെങ്കിലും ഞാന്‍ തമാശയായാണ് പറഞ്ഞതെന്ന് ശ്രീനിയേട്ടനു മനസ്സിലായി.
'എന്തു കേള്‍ക്കാന്‍! രണ്ടിനും ഒരനുസരണയുമില്ല!' 'അതെന്താ ശ്രീനിയേട്ടാ അങ്ങനെ പറയുന്നത്' 'എടാ, അവന്‍മാര് എനിക്കൊരു ചാന്‍സ് തരുന്നില്ല. പിന്നെയല്ലേ മറ്റുള്ളവരുടെ കാര്യം!' അതു പറഞ്ഞ് വീണ്ടും ഉച്ചത്തില്‍ ചിരിച്ചു.
'ഞാന്‍ വെറുതെ പറഞ്ഞെന്നേയുള്ളു. ഇപ്പോള്‍ വന്നത് നേരിട്ടൊന്നു കാണാന്‍ മാത്രമാണ്. സുഖമില്ലാതിരിക്കുന്നതുകൊണ്ട് ഒരു ഫോട്ടോപോലും ഫെയ്സ്ബുക്കിലിടില്ല. അതുറപ്പാണ്.' പെട്ടെന്നു ശ്രീനിയേട്ടന്‍ അല്‍പ്പം ഗൗരവത്തില്‍ പ്രതികരിച്ചു: 'എനിക്കൊരു കുഴപ്പോമില്ല. എവിടെ വേണമെങ്കിലും ഫോട്ടോയിട്ടോ... ഗ്ലാമറുള്ളവര്‍ക്ക് അതിലെന്തു പരിഭവിക്കാന്‍!' അതുപറഞ്ഞ്, ഒരു കള്ളച്ചിരി ചിരിച്ചു. അതുകൊണ്ടു മാത്രമാണ് ഞാന്‍ പിന്നീട് ഫെയ്സ്ബുക്കിലും ഇന്‍സ്റ്റയിലുമൊക്കെ അന്നെടുത്ത ഫോട്ടോയിട്ടത്.

അന്നു പിരിഞ്ഞതിനുശേഷം തൊട്ടടുത്ത ആഴ്ചതന്നെ വീണ്ടും കാണാനിടയായി. അമ്മയുടെ ജനറല്‍ബോഡിയില്‍വെച്ചായിരുന്നു അത്. ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന ദിവസമായതുകൊണ്ട് വോട്ടു ചെയ്യാനാണ് വന്നത്. വോട്ടിംഗ് കഴിഞ്ഞ് അധികനേരം നിന്നില്ല. നടക്കുമ്പോള്‍ സഹായത്തിനു കൂടെയൊരാള്‍ വേണമെന്നതൊഴിച്ചാല്‍ ശ്രീനിയേട്ടന് പറയത്തക്ക കുഴപ്പമൊന്നുമില്ല.

അമേരിക്കന്‍ സംസ്ഥാനമായ ന്യൂമെക്സിക്കോയിലെ ആല്‍ബുക്കര്‍ക്കിലായിരുന്നു മെയ്ഡ് ഇന്‍ യുഎസ്എയുടെ ഷൂട്ടിംഗ് ലൊക്കേഷന്‍. സംവിധായകന്‍ രാജീവ് അഞ്ചലിനൊപ്പം ഇന്നസെന്റും ശ്രീനിയേട്ടനും മാധവനും മധുപാലും കാവേരിയും മറ്റു പല താരങ്ങളുമുണ്ടായിരുന്നു. അനുജന്‍ ബാബു ആന്റണിയും രണ്ടുമൂന്നു ദിവസം ഗസ്റ്റ് ആര്‍ട്ടിസ്റ്റായി അഭിനയിച്ചു. ന്യൂയോര്‍ക്കിലെ എന്റെ സുഹൃത്തായ സിബി ഡേവിഡ് മാത്രമായിരുന്നു അമേരിക്കയി ല്‍നിന്നുണ്ടായിരുന്നത്. എല്ലാവര്‍ക്കും വെവ്വേറെ കോട്ടേജുകളായിരുന്നു.
ശ്രീനിയേട്ടന്‍ നല്ലൊരു പാചകക്കാരനാണെന്ന് അന്നാണ് മനസ്സിലായത്. ചോറും കറിയും മാത്രമല്ല, കപ്പയും പോര്‍ക്ക് കറിയുമൊക്കെ രുചികരമായി പാകം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഞങ്ങളെ അമ്പരപ്പിച്ചു. മാധവനും രാജീവും വെജിറ്റേറിയനായതുകൊണ്ട് ഞങ്ങളുടെ ഭക്ഷണക്കൂട്ടായ്മകളില്‍ പങ്കെടുക്കാറില്ലായിരുന്നു. ആ സമയങ്ങളില്‍ ഇന്നസെന്റുചേട്ടന്റെ സ്വന്തം ശൈലിയിലുള്ള തമാശകള്‍ പൊട്ടിക്കുമായിരുന്നു.

ആല്‍ബുക്കര്‍ക്കിയില്‍ ഞാനും മാധവനും ശ്രീനിയേട്ടനുമായുള്ള കോമ്പിനേഷന്‍ സീനുകളായിരുന്നു അധികവും. ഓരോ ഷോട്ടും ഇംഗ്ലീഷിലും മലയാളത്തിലും എടുക്കണമായിരുന്നു. അതുകൊണ്ടു ഷൂട്ടിംഗ്ദിവസങ്ങള്‍ കൂടുതലായിരുന്നു. ഇംഗ്ലീഷ് വേര്‍ഷന്‍ ഒരിടത്തും കൊടുക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, പിന്നീടു ചിത്രത്തിന്റെ പേരുമാറ്റി തമിഴിലേക്കു ഡബ് ചെയ്തു. അതുകൊണ്ട് ഇടയ്ക്കൊക്കെ അമേരിക്കയിലെ ഇന്ത്യന്‍ കടകളില്‍ പോകുമ്പോള്‍ അപൂര്‍വമായാണെങ്കിലും തമിഴന്‍മാര്‍ എന്നെതിരിച്ചറിയുമായിരുന്നു എന്നത് എനിക്കൊരത്ഭുതമായിരുന്നു. ഒരിക്കല്‍ കടയുടെ മുമ്പില്‍ കാറിലിരുന്നപ്പോള്‍ ഒരു തമിഴന്‍ പയ്യന്‍ വന്നു ചോദിച്ചു:
'ആര്‍ യു ആന്‍ ആക്ടര്‍'
'യാ, ഇന്‍ മലയാളം.'
'ഐ സോ യൂ ഇന്‍ എ തമിഴ് മൂവി വിത്ത് മാധവന്‍.'
'നൈസ് ടു ഹിയര്‍ ദാറ്റ്, താങ്ക്സ്!'
'നൈസ് ടു മീറ്റ് യു.'
അതു പറഞ്ഞ്, ഷെയ്ക്ക് ഹാന്‍ഡ് ചെയ്തിട്ട് അവന്‍ പോയി. അതാണ് തമിഴ് സിനിമയിൽ മുഖം കാണിച്ചാലുള്ള ഗുണം! മലയാളത്തില്‍ അമ്പത് സിനിമകളിൽ അഭിനയിച്ചിട്ടും എന്നെ അറിയാത്തവരുണ്ട്. അറിഞ്ഞിട്ടും അറിയില്ലെന്നു നടിക്കുന്നവരുമുണ്ട്. ആ തമിഴന്‍ പറഞ്ഞപ്പോഴാണ് എനിക്കു മനസ്സിലായത്, മെയ്ഡ് ഇന്‍ യു എസ് എ വേറെ ഏതോ പേരില്‍ തമിഴ് ടിവിയില്‍ കാണിക്കുന്നുണ്ടെന്ന്! മലയാളത്തില്‍ മാധവന്റെ ആദ്യത്തെ പടമായിരുന്നു അത്. അദ്ദേഹം പിന്നീടു ഹിന്ദി സിനിമകളിലാണ് കൂടുതലും അഭിനയിച്ചത്. മുംബൈയില്‍ വളര്‍ന്നതുകൊണ്ട് ഹിന്ദി അനായാസം കൈകാര്യം ചെയ്തിരുന്നു. അമേരിക്കയില്‍ പഠിച്ചതുകൊണ്ട് ഇംഗ്ലീഷും നന്നായി വഴങ്ങും. ഗാംബ്ലിങ്ങിൽ തല്‍പ്പരനായിരുന്ന മാധവന്‍, എന്നെയുംകൂട്ടി ന്യൂ മെക്സിക്കോയിലെ കാസിനോയില്‍ ഒന്നുരണ്ടു പ്രാവശ്യം പോയതോർക്കുന്നു. നല്ലൊരു ഗോള്‍ഫ് കളിക്കാരനാണ് മാധവന്‍ എന്നതും എനിക്കു പുതിയ അറിവായിരുന്നു. ഞങ്ങളൊന്നിച്ച് ഗോള്‍ഫ് കളിക്കുന്ന സീന്‍ ആ സിനിമയിലുണ്ടായിരുന്നു. അതിനുവേണ്ടി എന്നെ പരിശീലിപ്പിച്ചതും മാധവന്‍ തന്നെയായിരുന്നു.
എച്ച് ഡി ക്യാമറയിലെടുത്ത ആദ്യത്തെ മലയാളം സിനിമയായിരുന്നു അതെങ്കിലും ബോക്സ് ഓഫീസില്‍ വന്‍പരാജയമായിരുന്നു. അമേരിക്കക്കാരനായ കീത്ത് ആണ് ക്യാമറ കൈകാര്യം ചെയ്തത്. നവീന്‍ ചാത്തപുറമായിരുന്നു എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സെന്‍ട്രല്‍ പിക്ചേഴ്സാണ് കേരളത്തില്‍ വിതരണം ചെയ്തത്. അങ്ങനെ ഞാനെടുത്ത സിനിമകളില്‍ കോടികളുടെ നഷ്ടം വന്ന മറ്റൊരു സിനിമയുടെ പേരുകൂടി എഴുതിച്ചേര്‍ക്കപ്പെട്ടു എന്നതൊഴിച്ചാല്‍ എനിക്കോ രാജീവ് അഞ്ചലിനോ കാര്യമായ നേട്ടമൊന്നുമുണ്ടായില്ല. എല്ലാത്തിനും സാക്ഷിയായി അമ്മയുടെ സാരഥിയായിരുന്ന ഇന്നസെന്റുചേട്ടന്‍ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ഷൂട്ടിംഗിന്റെ ഇടവേളകളില്‍ ഞങ്ങളെ ചിരിപ്പിക്കാന്‍ എന്തെങ്കിലുമൊക്കെ പറയും. ബ്ലെസ്സിയുടെ 'കല്‍ക്കട്ട ന്യൂസ്' എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഇടവേളകളിലാണ് ഇന്നസെന്റ് ചേട്ടനെയും ദിലീപിനെയും മീരാ ജാസ്മിനെയും ഇന്ദ്രജിത്തിനെയുമൊക്കെ ഞാന്‍ അടുത്തറിയുന്നത്. അന്നു കൊല്‍ക്കത്ത എന്ന മഹാനഗരത്തില്‍ ഏകദേശം ഒരു മാസത്തോളം ഒന്നിച്ചുണ്ടായിരുന്നു. ഒരിക്കലും ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമില്ലാത്തയാളായിരുന്നു ഇന്നസെന്റ് ചേട്ടന്‍. എപ്പോഴും കൂട്ടുകാര്‍ക്കൊപ്പം സംസാരിച്ചിരിക്കുന്നതായിരുന്നു ഇഷ്ടവിനോദം. ചുറ്റിലുമുള്ള ആളുകളുടെ എണ്ണം കൂടുന്തോറും ആവേശം കൂടും. ഇത്രയധികം അവിശ്വസനീയമായി ഇല്ലാക്കഥകള്‍ ഉണ്ടാക്കിപ്പറയാന്‍ കഴിവുള്ള നടന്‍മാര്‍ വിരളമാണ്. ഗൗരവമുള്ള നുണക്കഥകള്‍ പറയാന്‍ സമര്‍ത്ഥനായ മറ്റൊരാള്‍ മുകേഷാണെന്നും തോന്നിയിട്ടുണ്ട്. ഞങ്ങളൊന്നിച്ച് ഊട്ടിയില്‍ ലാലിന്റെ 'ഇന്‍ ഗോസ്റ്റ്ഹൗസ് ഇന്‍'ല്‍ അഭിനയിച്ചപ്പോള്‍ എനിക്കത് നേരിട്ടനുഭവപ്പെട്ടതാണ്. നടന്‍ അശോകനെപ്പറ്റി കുറെ തമാശക്കഥകള്‍ പറഞ്ഞു.
എല്ലാം കെട്ടുകഥകളായിരുന്നെന്ന് പിന്നീടാണ് എനിക്കു മനസ്സിലായത്! സിനിമാ നിര്‍മാതാവായിട്ടാണല്ലോ ഇന്നസെന്റിന്റെ രംഗപ്രവേശം! എടുത്ത സിനിമകളെല്ലാം പൊട്ടി, അപ്പന്‍ കര്‍ണാടകയില്‍ ഇട്ടുകൊടുത്ത തീപ്പെട്ടിഫാക്ടറി കടം കയറി വിറ്റ്, ഒരു ഗതിയും പരഗതിയുമില്ലാതിരുന്നപ്പോള്‍ അമേരിക്കയ്ക്കു പോകാന്‍ തീരുമാനിച്ചു. ഫ്ളോറിഡയിലുള്ള, ഡോക്ടറായ ചേട്ടന് കത്തെഴുതിയ കഥപറഞ്ഞ് ഞങ്ങളെ ഒരുപാടു ചിരിപ്പിച്ചിട്ടുണ്ട്. ഡോക്ടര്‍ ചേട്ടന്റെ മറുപടി രസകരമായിരുന്നു:
'എടാ, ഞാനും എന്റെ ഭാര്യയും ഒരു കുട്ടിയുംകൂടി ഒരുവള്ളത്തില്‍ നിലയില്ലാക്കായലിലൂടെ തുഴഞ്ഞു പോവുകയാണ്. വള്ളം ഏതാണ്ടു മുങ്ങാറായ അവസ്ഥയിലാണ്. ഇനി നീകൂടി ഇതില്‍ കയറിയാല്‍ നമ്മളൊന്നിച്ചു മുങ്ങിച്ചാകും!'
ഈ കത്ത് വായിച്ചതോടെ അമേരിക്കന്‍സ്വപ്നം ഉപേക്ഷിച്ചു. സിനിമയില്‍ ചെറിയചെറിയ റോളുകളില്‍ അഭിനയിക്കാന്‍ തീരുമാനിച്ചു. ആദ്യമൊന്നും സംഭാഷണമുള്ള കഥാപാത്രങ്ങള്‍ കിട്ടാറില്ലായിരുന്നു. എപ്പൊഴോ ഒരവസരം കിട്ടിയപ്പോള്‍ ഇന്നസെന്റ് ചേട്ടന്റെ തൃശ്ശൂര്‍ഭാഷ കേട്ട് ആളുകള്‍ ചിരിക്കാന്‍ തുടങ്ങി. പിന്നത്തെ കഥ ഞാന്‍ പറയേണ്ടല്ലോ!
ന്യൂമെക്സിക്കോയിലേക്ക് കൊച്ചിയില്‍നിന്ന് ഫ്ളൈറ്റില്‍ വരുമ്പോഴുള്ള അദ്ദേഹത്തിന്റെ രസകരമായൊരനുഭവം ആല്‍ബുക്കര്‍ക്കില്‍വെച്ചാണ് പറഞ്ഞത്. ഒന്നുരണ്ടു തവണ പ്ലെയിന്‍ മാറിക്കയറേണ്ടതിനാല്‍ നാട്ടില്‍നിന്നു പോരുമ്പോള്‍ വീല്‍ച്ചെയര്‍ ഓര്‍ഡര്‍ ചെയ്യണമെന്ന് പ്രൊഡക്ഷന്‍ മാനേജരോട് നിര്‍ദ്ദേശിച്ചിരുന്നു. എയര്‍പോര്‍ട്ടിലൂടെ മെക്സിക്കന്‍ പയ്യന്‍മാര്‍ ഇന്നസെന്റ് ചേട്ടനെ ഉന്തിക്കൊണ്ടുവരുമ്പോള്‍, ഇടയ്ക്ക് ബാര്‍ കണ്ടാല്‍ 'നിര്‍ത്തൂ' എന്നുപറഞ്ഞ് കൈകൊണ്ട് ആംഗ്യംകാണിക്കും. നിര്‍ത്തിക്കഴിഞ്ഞാല്‍ ഉടനെഴുന്നേറ്റ്, പുഷ്പംപോലെ ബാര്‍കൗണ്ടറിലേക്കു നടക്കും! വീല്‍ച്ചെയറുകാരന്‍ ആദ്യമൊക്കെ അന്തംവിട്ടു നില്‍ക്കുമത്രേ! ബാറില്‍നിന്ന് ഒരു 'നില്‍പ്പൻ' അടിച്ചിട്ടു പെട്ടെന്നു തിരിച്ചുവന്ന് ആ പയ്യനോട് 'ഉം, പോകാം' എന്നു മലയാളത്തില്‍ പറയും.

'അതെങ്ങനെയാ ഇന്നസെന്റുചേട്ടാ, അവനു മലയാളം മനസ്സിലാകുമോ' ഞാന്‍ ചോദിച്ചു.
'അതൊക്കെ ഞാനവനെ ആദ്യമേ പഠിപ്പിച്ചു. ഉം, പോകാം എന്നുപറഞ്ഞാല്‍ ഗോ എന്നും നിര്‍ത്തൂ എന്നുപറഞ്ഞാല്‍ സ്റ്റോപ്പ് എന്നും അവനറിയാമെടാ!'
'അതെങ്ങനെ അത്ര പെട്ടെന്നു പഠിച്ചു'
'അതൊക്കെ ഞാന്‍ ആദ്യത്തെ ബാര്‍ കണ്ടപ്പൊഴേ പഠിപ്പിച്ചു. മൂന്നാമത്തെ ബാറായപ്പോഴേക്കും മലയാളം പറഞ്ഞാലേ അവനുമനസ്സലാകത്തൊള്ളു എന്ന നിലയിലായി!'
അവസാനം ഫ്ളൈറ്റിന്റെ വാതില്‍ക്കല്‍വരെ അവനുന്തി. ചേട്ടന്‍ ഫ്ളൈറ്റിലേക്കു കയറുമ്പോള്‍, അവന്‍ പുഞ്ചിരിച്ചുകൊണ്ട് പഠിച്ച രണ്ടു വാക്കുകള്‍ പറഞ്ഞത്രേ:
'നിര്‍ത്തൂ, ഉം പോകാം!'
അപ്പോള്‍ ഇന്നസെന്റുചേട്ടന്‍ 'പിന്നെക്കാണാം' എന്നുപറഞ്ഞെങ്കിലും അതവനു മനസ്സിലായില്ല.
'മലയാളഭാഷയ്ക്കുവേണ്ടി ഇത്രയൊക്കെയേ എന്നെക്കൊണ്ടു ചെയ്യാന്‍ പറ്റൂ' എന്ന് ഇന്നസെന്റ് പറഞ്ഞപ്പോള്‍ ഞങ്ങളെല്ലാവരും ചിരിച്ചുപോയി.
ഒറ്റയ്ക്കിരുന്നാല്‍ മാനസികവിഭ്രാന്തിയുണ്ടാകുമായിരുന്ന ഒരാള്‍ എന്നേക്കുമായി ഒറ്റയ്ക്കു യാത്രയാകുന്നു എന്നത് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാണ്. പക്ഷേ, അതങ്ങനെയാണല്ലോ! എന്തൊക്കെ നേടിയാലും എല്ലാവരും ഒരുദിവസം ഒറ്റയ്ക്കങ്ങു യാത്രയാകുന്നു! എല്ലാവര്‍ക്കും തുല്യമായി വീതിച്ചുവച്ചിരിക്കുന്ന അദൃശ്യമായ അതേ സ്ഥലത്തേക്കാണ് നമ്മളും ഒരിക്കല്‍ പോകേണ്ടത്. അങ്ങനെയൊരുസ്ഥലമൊന്നുമില്ലെന്നറിയാമെങ്കിലും ആ യാത്രയെ നമ്മള്‍ മരണമെന്നു വിളിക്കുന്നു!
ജീവിതത്തില്‍ രണ്ടു ദുഃഖങ്ങളെയുള്ളു എന്നു ബര്‍ണാഡ്ഷാ ഒരിക്കല്‍ പറഞ്ഞു. ഒന്ന്: നാം സ്വപ്നം കാണുന്നതൊന്നും സാക്ഷാത്കരിക്കാതിരിക്കുക. രണ്ട്: എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കുക! ജീവിതത്തിന്റെ സ്ഥായീഭാവം ദുഃഖമാണെന്നാണല്ലോ അതിന്റെ പൊരുള്‍!

ഇന്നസെന്റുചേട്ടന് അദ്ദേഹത്തിന്റേതായ ഒരു കൊച്ചുലോകമുണ്ടായിരുന്നു. കൂടാതെ അദ്ദേഹത്തിനു ചുറ്റുമിരുന്നു പൊട്ടിച്ചിരിക്കുന്നവരുടെ മറ്റൊരു ലോകം. ഭൂമിയിലെ എല്ലാജീവജാലങ്ങള്‍ക്കും അവരവരുടേതായ ലോകങ്ങളുണ്ട്. നമ്മള്‍കൂടി ഉള്‍പ്പെടുന്ന പ്രകൃതി നമുക്കു ചുറ്റിലുമുണ്ട്. എല്ലാമുള്‍ക്കൊള്ളുന്ന പ്രപഞ്ചമുണ്ട്. നമ്മളും പ്രപഞ്ചവും കാലാകാലങ്ങളായി രൂപപരിണാമങ്ങള്‍ക്കു വിധേയരായിക്കൊണ്ടിരിക്കുന്നു. ജീവജാലങ്ങളുണ്ടായതും അത്തരം
പരിണാമങ്ങളില്‍ക്കൂടിയാണ്. ജനനംമുതല്‍ മരണംവരെയും നമ്മളിലും അതു സംഭവിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ നമ്മളതറിയുന്നില്ലെന്നുമാത്രം! ജീവിച്ചിരിക്കുമ്പോള്‍ നമ്മെയെല്ലാം ചിരിപ്പിച്ച ഇന്നസെന്റിന്റെ വിയോഗം ഇന്നു നമ്മെ കരയിക്കുന്നു. എങ്കിലും അദ്ദേഹമവതരിപ്പിച്ച കഥാപാത്രങ്ങള്‍ തലമുറകളെ ചിരിപ്പിച്ചുകൊണ്ടിരിക്കും.
കുമാരനാശന്റെ ഒരു ശ്ലോകമോര്‍ക്കുന്നു:
'കരുതുവതിഹ ചെയ്യവയ്യ; ചെയ്യാന്‍
വരുതി ലഭിച്ചതില്‍ നിന്നിടാ വിചാരം
പരമഹിതമറിഞ്ഞുകൂട;യായു-
സ്ഥിരതയുമില്ലതിനിന്ദ്യമീ നരത്വം!'
Content Highlights: Thampy Antony Remembering Srinivasan and Innocent
Published: 10 Jul 2025, 10:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented