'പേരാറ്റിന്നക്കരെയക്കരെയക്കരെയേതോ
പേരറിയാക്കരയില്‍നിന്നൊരു പൂത്തുമ്പി
നാടായ നാടുകള്‍ചുറ്റി കാണായ കാഴ്ചകള്‍ കാണാന്‍
കൂടെപ്പോയിക്കരെ നിന്നൊരു പൂവാലന്‍തുമ്പി'

To advertise here,

ടെക്സാസിലെ ഏറ്റവും വലിയ സര്‍വകലാശാലയായ യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ഓസ്റ്റിനിലെ (യുടിഎ) മലയാളം വിഭാഗത്തില്‍ അതിഥിപ്രസംഗകനായെത്തിയപ്പോള്‍ എന്റെ മനസ്സില്‍ ഒഴുകിയെത്തിയൊരു ഗാനശകലമാണിത്. എന്നെ കാണാനും പ്രസംഗം കേള്‍ക്കാനുമെത്തിയ അവിടത്തെ വിദ്യാർഥികള്‍ക്ക് നമ്മുടെ മലയാളം ഏതോ പേരറിയാക്കരയില്‍ നിന്നു വന്ന പൂത്തുമ്പിയാണ്. എന്നാല്‍, സൗത്ത് ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും പ്രൊഫസറുമായ ഡോക്ടര്‍ ഡോണാള്‍ഡ് ഡേവിസിന് അങ്ങനെയല്ല. അദ്ദേഹം മലയാളത്തെയും മലയാള സാഹിത്യത്തെയും ഹൃദയംകൊണ്ടു തൊട്ടറിഞ്ഞ വ്യക്തിയാണ്. അദ്ദേഹത്തിന്റെ പ്രചോദനം അദ്ദേഹത്തിന്റെ ഗുരുവായ ഡോക്ടര്‍ റോഡ്നി മോഗ് തന്നെ. 

placeholder
പ്രൊഫസര്‍ റോഡിനി മോഗിനൊപ്പം
അദ്ദേഹത്തിന്റെ വീടിനുമുന്നില്‍ തമ്പി ആന്റണി

ആദ്യ ദിവസം ഡേവിസിന്റെ ഓഫീസില്‍നിന്നു വിളിച്ചു സംസാരിച്ചപ്പോള്‍ അദ്ദേഹം എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. അദ്ദേഹത്തിന്റെ മുമ്പില്‍ ഒരുപാട് ചെറുതായതുപോലെ. അത്ര ശുദ്ധമായ മലയാളം കേട്ടപ്പോള്‍ ഒരു മലയാളി എഴുത്തുകാരൻ എന്ന അഹങ്കാരത്തിന്റെ തൂവലുകള്‍ ഒന്നൊന്നായി കൊഴിഞ്ഞുവീണു. 

ഡോക്ടര്‍ റോഡ്നി മോഗ് സാധാരണ വെള്ളക്കാരില്‍ നിന്നും വ്യത്യസ്തനായിരുന്നു. ഏഴു വയസ്സില്‍ കാഴ്ച നഷ്ടപ്പെട്ട ആ അമേരിക്കക്കാരന്‍ ഹിന്ദിയും സംസ്‌കൃതവുമുള്‍പ്പെടെ പല ഭാഷകളിലും ബിരുദാനന്തരബിരുദം നേടിയിരുന്നു. കണ്ണുള്ളവര്‍ പോലും കാണാത്ത പലതും അദ്ദേഹം കാണുകയും അറിയുകയും ചെയ്തിരുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു. കാഴ്ചശക്തിയും കേള്‍വിശക്തിയും നഷ്ടപ്പെട്ട ഹെലന്‍ കെല്ലറെപ്പോലെ അദ്ദേഹത്തിന്റെയും ആറാമിന്ദ്രിയും ഉണര്‍ന്നു പ്രവര്‍ത്തിച്ചതാകാം. 

placeholder
മലയാളം പ്രൊഫസര്‍ ഡോ.ദര്‍ശന ശശിക്കൊപ്പം തമ്പി ആന്റണി

അവിടുത്തെ ഏക മലയാളി അധ്യാപികയായ ഡോക്ടര്‍ ദര്‍ശന ശശിയാണ് എന്നെ കൂട്ടി അദ്ദേഹത്തിന്റെ വീട്ടിലേക്ക്  ഡ്രൈവ് ചെയ്തത്. ഞങ്ങള്‍ കാണാന്‍ ചെല്ലുന്ന വിവരം നേരത്തേ ദര്‍ശന അറിയിച്ചിരുന്നെങ്കിലും പോകുന്ന വഴി ഒന്നുകൂടി ഫോണ്‍ ചെയ്തു. അങ്ങനെയാണ് ഞങ്ങള്‍ നേരിട്ടു സംസാരിച്ചത്.

'ആന്റണി സാര്‍ എന്റെ വീട്ടില്‍ വരുമ്പോള്‍ ഒന്നും കഴിക്കാതെ പോകരുത്, ഞാന്‍ സ്നാക്ക്സും കോഫിയും കരുതിയിട്ടുണ്ടെന്നു ദര്‍ശന ടീച്ചറോടു പറയണം' എന്നും അദ്ദേഹം പറഞ്ഞു. 'ഒരു മലയാളി കൂട്ടുകാരനെ കാണാന്‍ സാധിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ട്' എന്നൊക്ക പറഞ്ഞത് നല്ല ഉച്ചാരണശുദ്ധിയോടെയാണ്. നമ്മുടെ തൊട്ടപ്പുറത്തുള്ള തമിഴ്നാട്ടുകാര്‍ക്കുപോലും 'ഴ'യും 'ര'യും വ്യക്തമായി പറയാനാവാത്തപ്പോഴാണ് അദ്ദേഹത്തിനതു നിഷ്പ്രയാസം സാധിക്കുന്നത്. 

placeholder
യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ഓസ്റ്റിനിലെ മലയാളം ക്ലാസ്മുറി

എന്താണ് ദര്‍ശന ടീച്ചര്‍ എന്നു വിളിക്കുന്നതെന്നു ദര്‍ശനയോടുതന്നെ ചോദിച്ചു. അതും അദ്ദേഹം കേരളത്തില്‍ നിന്നുതന്നെ പഠിച്ചതാണ്. അവിടെയുള്ള എല്ലാ മലയാളം വിദ്യാര്‍ഥികളും അങ്ങനെതന്നെയാണ് സംബോധന ചെയ്യുന്നത്. അമേരിക്കയില്‍ ടീച്ചര്‍ എന്നു വിളിക്കപ്പെടുന്ന ഒരേയൊരു അധ്യാപിക ദര്‍ശനയായിരിക്കുമെന്നു ഞാന്‍ പറഞ്ഞത് ദര്‍ശനയെ ചിരിപ്പിച്ചു.

കാര്‍ വീടിന്റെ വാതില്‍ക്കലെത്തിയപ്പോഴേക്കും ഡോക്ടര്‍ മോഗ് അതിഥികളെ സ്വീകരിക്കാന്‍ മുന്‍വാതില്‍ തുറന്നു പുറത്തുവന്നു. കൈയിലൊരു ഊന്നുവടി പോലുമില്ലാതെ സുസ്മേരവദനനായി അദ്ദേഹം 'ആന്റണി വരണം വരണം' എന്നു നല്ല നാടന്‍ മലയാളത്തില്‍ പറഞ്ഞു.

വര്‍ഷങ്ങളായി താമസിക്കുന്ന സ്വന്തം വീടായതിനാലാകാം, അതിന്റെ മുക്കും മൂലയുംവരെ അദ്ദേഹത്തിനറിയാം. അതൊക്കെ ഒരു ചിത്രത്തിലെന്നപോലെ മനസ്സില്‍ തെളിയുന്നുണ്ടാവണം.

അദ്ദേഹം സ്വന്തം സോഫയിലിരുന്നശേഷം ഞങ്ങളോട് ഇരിക്കാന്‍ പറഞ്ഞു. കാഷ്യൂ നട്ട്സും ചിപ്സും കൃത്യമായ അകലത്തില്‍ ടീപ്പോയില്‍ വച്ചിരുന്നു. കാഴ്ചയുള്ളവര്‍പോലും അത്രയും കൃത്യത പാലിച്ചേക്കില്ല! അദ്ദേഹം നന്നായി ഞങ്ങളെ സല്‍ക്കരിച്ചു.

placeholder
യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ഓസ്റ്റിനിലെ മലയാളം ലൈബ്രറി

എണ്‍പത്തിരണ്ടു വയസ്സായ ഡോക്ടര്‍ മോഗിന് പല ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഡയാലിസിസ് ഉള്ളതിനാല്‍, എന്റെ പ്രസന്റേഷന്‍ നടക്കുന്ന, അടുത്ത ദിവസം വരാന്‍ കഴിയില്ല എന്ന് ഖേദപൂര്‍വം പറഞ്ഞു. അദ്ദേഹത്തിന്റെ സാന്നിധ്യം ഞങ്ങള്‍ അതിയായി ആഗ്രഹിച്ചിരുന്നു. 

കേരളത്തില്‍ നിന്ന് ഏറ്റവുമകലത്ത്, ഭൂഗോളത്തിന്റെ അങ്ങേത്തലയ്ക്കല്‍ ജീവിക്കുന്ന ഡോക്ടര്‍ മോഗ് എന്തുകൊണ്ടു മലയാളം പഠിക്കണമെന്നു തീരുമാനിച്ചു എന്ന കാര്യമറിയാന്‍ വലിയ ജിജ്ഞാസ തോന്നി. ദര്‍ശനയോടാണ് ആദ്യം ചോദിച്ചത്. അദ്ദേഹം അവിടെ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഇവിടെ പഠിക്കാന്‍ വന്ന മലയാളികളെ യാദൃച്ഛികമായി പരിചയപ്പെട്ടു. അവര്‍ തമ്മില്‍ സംസാരിക്കുന്ന ഭാഷയെപ്പറ്റിയറിയാന്‍ ആകാംക്ഷ തോന്നി. പഠിക്കാന്‍ അത്ര എളുപ്പമുള്ള ഭാഷയല്ലെന്ന അവരുടെ അഭിപ്രായമാകാം, ഭാഷാസ്നേഹിയായ ആ അധ്യാപകന് മലയാളം എങ്ങനെയെങ്കിലും പഠിക്കണമെന്ന വാശിയുണ്ടായത്. 'ലവ് അറ്റ് ഫസ്റ്റ് ഹിയറിംഗ്' എന്നു പറയാം! 

placeholder
യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ഓസ്റ്റിന്‍ (യുടിഎ)

ആദ്യത്തെ ഉദ്യമം, ആ ഭാഷ സംസാരിക്കുന്ന സ്ഥലത്തേക്കു യാത്ര ചെയ്യുക എന്നതായിരുന്നു. അങ്ങനെ ഒരു ഊന്നുവടിയുമായി വന്ന് കേരളത്തില്‍ വര്‍ഷങ്ങളോളം താമസിച്ച് ഭാഷയെയും സംസ്‌കാരത്തെയും മനസ്സിലാക്കി. പൗലോ കൊയ്​ലോ പറഞ്ഞതുപോലെ, മനുഷ്യന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ സാധിക്കാത്ത ഒരു കാര്യവുമില്ല! മലയാളം എന്ന ഭാഷയെപ്പറ്റി കേട്ടുകേള്‍വി പോലുമില്ലാതിരുന്ന ആ അമേരിക്കക്കാരന്‍ അതു തെളിയിച്ചു. അങ്ങനെയാണ് ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിയൊന്നില്‍ ഓസ്റ്റിനിലെ ടെക്സാസ് സര്‍വകലാശാലയില്‍ ഒരു മലയാളം വിഭാഗം തുടങ്ങിയത്. 

ആദ്യം കുട്ടികള്‍ കുറവായിരുന്നെങ്കിലും ആ മലയാളപ്രേമി വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. അങ്ങനെ എണ്‍പത്തിയെട്ടില്‍ ഇരുപതിലധികം വിദ്യാര്‍ഥികളുമായി ആദ്യത്തെ ബാച്ച് ആരംഭിച്ചു. നാല്‍പതോളം വര്‍ഷങ്ങളായി അതു നല്ല രീതിയില്‍ പോകുന്നു. കേരളത്തിനു പുറത്ത് മറ്റേതെങ്കിലും സര്‍വകലാശാലയില്‍ ഇത്രയും വിജയകരമായ ഒരു മലയാളവിഭാഗമുണ്ടെന്നു തോന്നുന്നില്ല. 

അദ്ദേഹത്തിന്റെ വീട്ടില്‍വച്ചു മനസ്സിലാക്കിയ മറ്റൊരു കാര്യം എന്നെ കൂടുതല്‍ അത്ഭുതപ്പെടുത്തി. ടെക്സാസിലെ 'ബ്ലൂ ഗ്രാസ്സ്' എന്ന മ്യൂസിക് ബാന്‍ഡിന്റെ സ്ഥാപകന്‍ കൂടിയാണ് ആ സംഗീതപ്രേമി. അവര്‍ക്കുവേണ്ടി നൂറിലധികം ഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

placeholder
സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ്
പ്രൊഫ.റൊണാള്‍ഡ് ഡേവിസിനൊപ്പം തമ്പി ആന്റണി

എല്ലാം കണ്ടും കേട്ടും ആ മഹദ്​വ്യക്തിയോട് യാത്ര പറഞ്ഞിറങ്ങി. ഡോക്ടര്‍ മോഗിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്നു ഡോക്ടര്‍ ഡൊണാള്‍ഡ് ഡേവിസ്. അദ്ദേഹം മലയാളത്തിനു പുറമേ സംസ്‌കൃതത്തിലും റിസര്‍ച്ച് ചെയ്തു. അദ്ദേഹം അവിടെ സംസ്‌കൃതം പഠിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് നാട്ടില്‍നിന്ന് പ്രൊഫസര്‍ ഉണ്ണിത്താനെ കൊണ്ടുവന്നത്. ഉണ്ണിത്താന്റെ പിന്‍ഗാമിയായാണ് ഡോക്ടര്‍ ദര്‍ശന ശശി നാലു വര്‍ഷംമുമ്പ് അവിടെ ചാര്‍ജെടുത്തത്. 

തൊട്ടടുത്ത ദിവസം എന്റെ പ്രഭാഷണം നടന്നു. കേരളത്തില്‍ നിന്ന് ആയിരക്കണക്കിനു മൈലുകള്‍ക്കപ്പുറത്തുള്ള ഒരു സര്‍വകലാശാലയില്‍നിന്ന് കുറേ മലയാളത്തനിമയുള്ള ഓര്‍മകളുമായി ഞാന്‍ സാന്‍ഫ്രാന്‍സിസ്‌കോയിലേക്കു പറന്നു.