'പാപ്പിലിയോ ബുദ്ധ' എന്ന സിനിമ കേരളത്തിൽ എന്തുകൊണ്ട് വേണ്ട രീതിയില്‍ അംഗീകരിക്കപ്പെട്ടില്ല? ഏതു സാധാരണപ്രേക്ഷകനും അങ്ങനെ ചിന്തിക്കും. ഉത്തരം കിട്ടാത്ത ചോദ്യമാണത്! 
    
എന്താണ് ജയന്‍ ചെറിയാന് പറ്റിയത്? എവിടെയാണു പിഴച്ചത്? ഒരു 'ബുജി' ലുക്കിന് താടിയും മുടിയും വളര്‍ത്താമായിരുന്നു! ന്യൂയോര്‍ക്കില്‍ നിന്ന് സംവിധാനത്തിലും ഛായാഗ്രഹണത്തിലും ബിരുദം നേടിയതാണോ ജയന്റെ കുറ്റം? അവിടെത്തന്നെയുള്ള ഫിലിം സ്‌കൂളില്‍ കുട്ടികളെ സിനിമ പഠിപ്പിക്കുന്നതോ? അങ്ങനെയുള്ള അമേരിക്കന്‍ പൗരന്‍ ഒരു മലയാള സിനിമയെടുക്കാന്‍ പാടില്ലായിരുന്നു എന്നാണോ കേരളത്തിലെ തലമൂത്ത സിനിമാ കാരണവന്‍മാര്‍ പറയുന്നത്? സംവിധായകനും നിര്‍മാതാവും അമേരിക്കന്‍ പൗരന്‍മാരായതുകൊണ്ടു മാത്രം നാഷണല്‍ അവാര്‍ഡിന് ഒരു നല്ല സിനിമ പരിഗണിക്കാതിരിക്കുമ്പോള്‍ അങ്ങനെയല്ലേ ചിന്തിക്കാന്‍ കഴിയൂ? അങ്ങനെയുള്ള സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാ കലാകാരന്‍മാര്‍ക്കും അവാര്‍ഡ് നിഷേധിക്കുന്നതിന് തുല്യമല്ലേ ആ തീരുമാനം? പണ്ടെങ്ങോ എഴുതിവച്ച പുരാതന നിയമങ്ങളില്‍ കടിച്ചുതൂങ്ങിക്കിടക്കുന്ന സെന്‍സര്‍ ബോര്‍ഡിന്റെ കാര്യം അതിലും കഷ്ടമാണ്. അവരീ സിനിമയെ മുളയിലേ നുള്ളിക്കളയാമെന്ന് കരുതിയെന്നു തോന്നുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ നിര്‍മാതാക്കളായ ഞാനും പ്രകാശ് ബാരെയും സംവിധായകന്‍ ജയന്‍ ചെറിയാനും അമേരിക്കന്‍ പൗരന്‍മാരായതുകൊണ്ടാണോ അങ്ങനെ കരുതിയത്? 

To advertise here,
placeholder
വയനാട് മുത്തങ്ങയില്‍ സംവിധായകന്‍ ജയനോടൊപ്പം തമ്പി ആന്റണി

ഞാന്‍ നിര്‍ബന്ധിച്ചിട്ടാണ് ജയന്‍ ഇങ്ങനെയൊരു സംരംഭത്തിനു വഴങ്ങിയത്. എന്റെയറിവിൽ  അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ സിനിമ പഠിപ്പിക്കുന്ന ഒരേയൊരു മലയാളിയേയുള്ളൂ. അദ്ദേഹത്തോട് രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നൊരു മലയാള സിനിമയെടുക്കാനാണ് ഞാനാവശ്യപ്പെട്ടത്. എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രകാശ് ബാരെയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തു. അങ്ങനെയാണ് ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് ഈ സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചത്. അത് ഞങ്ങള്‍ മലയാളത്തെ, മലയാളസിനിമയെ സ്‌നേഹിക്കുന്നതുകൊണ്ട് മാത്രമാണ്. ആവശ്യത്തിനും അനാവശ്യത്തിനും അന്ധമായൊരു അമേരിക്കന്‍വിരോധം നമ്മുടെയൊക്കെ രക്തത്തിലലിഞ്ഞിട്ടുണ്ടെന്നു തോന്നുന്നു. ഇപ്പോഴത്തെ ഐഫോണ്‍ തലമുറ കാര്യങ്ങള്‍ കുറച്ചൊക്കെ മനസ്സിലാക്കുന്നുണ്ട്. പണ്ടു റഷ്യയുടെകൂടെനിന്ന് ഇന്ദിരാഗാന്ധി സോഷ്യലിസമുണ്ടാക്കിയപ്പോള്‍ നമുക്ക് അംബാസിഡര്‍ കാറും ഫിയറ്റും സെവന്‍ ഒ'ക്ലോക്ക് ബ്ലേഡും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് പഴയ തലമുറയ്ക്കു മറക്കാന്‍ പറ്റില്ലല്ലോ!     

placeholder
സംവിധായകന്‍ ജയനോടൊപ്പം തമ്പി ആന്റണി

പ്രിയപ്പെട്ട ജയന്‍ ചെറിയാന്‍, നിങ്ങള്‍ക്ക് കുറെ അബദ്ധങ്ങള്‍ പറ്റി. ഒന്നാമത്, ലുക്കിലെങ്കിലും ഒരു ബുദ്ധിജീവി ചമയണമായിരുന്നു. താടിയോ മുടിയോ എന്തെങ്കിലുമൊന്നു വളര്‍ത്തണമായിരുന്നു. അല്ലെങ്കില്‍ പേരിലൊരു കിടിലന്‍ അക്ഷരമെങ്കിലും? അതുമില്ല! കൊറിയക്കാരനായ കിം കി ഡുക്കിനെ കണ്ടുപഠിക്കണം. ഇംഗ്ലീഷിലെ ഒരക്ഷരംപോലുമറിയില്ലെങ്കിലും കേരളത്തെ ഞെട്ടിച്ചില്ലേ? ഈ ഡുക്കിന്റെയൊരു ബോറന്‍ ഡോക്യുമെന്ററിയും പ്രസംഗവും ഈയുള്ളവന്‍ രണ്ടായിരത്തിപ്പത്തിലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ കാണുകയും കേള്‍ക്കുകയും ചെയ്തതാണ്. അദ്ദേഹം പ്രതിഭയാണ്. അത്യുഗ്രന്‍ സിനിമകളെടുത്തിട്ടുണ്ട്. സമ്മതിക്കുന്നു. എങ്കിലും ജയൻ എന്നൊരു മലയാളി, വളരെയധികം ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുള്ളൊരു സിനിമയാണെടുത്തതെന്ന് മനസ്സിലാക്കാനുള്ള വിവരമെങ്കിലുമില്ലാതെപോയല്ലോ, കേരളത്തിലെ പ്രതിഭകള്‍ക്ക്! ഇപ്പോള്‍ ആഗോളതലത്തില്‍ കിട്ടിക്കൊണ്ടിരിക്കുന്ന അംഗീകാരങ്ങളറിയുമ്പോള്‍ എന്നെപ്പോലുള്ളൊരു സാധാരണപ്രേക്ഷകന് അങ്ങനെയല്ലേ ചിന്തിക്കാന്‍ പറ്റൂ? അതിനീ പ്രതിഭകളെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല! ഇതിനുമുമ്പ് പല ഇന്ത്യന്‍ചിത്രങ്ങള്‍ക്കും രാജ്യാന്തര അംഗീകാരങ്ങള്‍ കിട്ടിയിട്ടില്ലെന്നല്ല പറയുന്നത്. ആ ചിത്രങ്ങളൊക്കെ കേരളത്തിലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ലോകപ്രശസ്തമായ ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ 'പാപ്പിലിയോ ബുദ്ധ'യ്ക്ക് പനോരമ സെലക്ഷന്‍ കിട്ടിയതു ചെറിയ കാര്യമല്ലാത്തുകൊണ്ടാണ് ഇത്രയും പറഞ്ഞത്. അതായത്, ലോകസിനിമകളില്‍നിന്ന് തിരഞ്ഞെടുത്ത പത്തൊന്‍പത് സിനിമകളിലൊന്ന്! വര്‍ഷങ്ങളായി ഒരു മലയാള പടത്തിനും കിട്ടാത്ത അംഗീകാരമാണിതെന്ന് കേരളത്തിലെ പ്രേക്ഷകരെങ്കിലും സമ്മതിക്കാതിരിക്കില്ല. 

മലയാളികള്‍ അംഗീകരിക്കാതിരുന്നതുകൊണ്ടാണ് ഇതിനെയൊരു ഇന്‍ഡോ-അമേരിക്കന്‍ ചിത്രമായി പല മത്സരങ്ങള്‍ക്കുമയയ്ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. അങ്ങനെ പൂര്‍ണമായും കേരളത്തില്‍ നിര്‍മിച്ച, കേരളത്തിലെ ആദിവാസികളുടെ കഥ പറയുന്ന, മലയാളമണ്ണിന്റെ മണമുള്ള ഈ സിനിമ അമേരിക്കയുടേതുംകൂടിയായി എന്നു പറയാം! അല്ലെങ്കില്‍ അങ്ങനെയാക്കേണ്ടിവന്നു.

കേരളത്തിലെ ദളിതരുടെ ആത്മാവിഷ്‌കാരത്തെ ഗാന്ധിവിരോധമായി തെറ്റിദ്ധരിച്ചതാണോ സെന്‍സര്‍ ബോര്‍ഡിനെ കുഴപ്പിച്ചതെന്നറിയില്ല. നേരത്തേ സൂചിപ്പിച്ചതുപോലെ അന്ധമായ അമേരിക്കന്‍വിരോധവും ഉള്ളിലുണ്ടായതാവാം.

placeholder
പാപ്പീലിയോ ബുദ്ധയിലെ ഗാന്ധിയന്‍

ബെര്‍ലിനില്‍ ആദ്യത്തെ ഷോ കഴിഞ്ഞപ്പോഴാണ് അന്ന് ഇത്രയുമെഴുതാന്‍ തോന്നിയത്. കാരണം, ഷോ ഹൗസ്ഫുള്ളായിരുന്നു! ടിക്കറ്റ് കിട്ടാതെ ധാരാളമാളുകള്‍ തിരിച്ചുപോയി. ഒരിന്ത്യന്‍ പടത്തിന്, അതും നമ്മുടെ മലയാളത്തിനു ബെര്‍ലിന്‍ പനോരമയില്‍ കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം ഇതുതന്നെയല്ലേ? 'പാപ്പിലിയോ ബുദ്ധ' ബെര്‍ലിനില്‍ ഒരു സംസാരവിഷയമാകുന്നത് തീര്‍ച്ചയായും ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന കാര്യംതന്നെയാണ്. 

പറുദീസ എന്ന സിനിമ

ക്രിസ്ത്യന്‍ പുരോഹിതരെ അധിക്ഷേപിക്കുന്നു എന്ന കാരണത്താല്‍ ഏറ്റവുമധികം അവഗണനയനുഭവിക്കേണ്ടിവന്ന സിനിമയാണ് 'പറുദീസ.' പല ക്രിസ്തീയകേന്ദ്രങ്ങളും പടം കളിക്കില്ലെന്ന് തീര്‍ത്തുപറഞ്ഞു. അതുകൊണ്ടു വേണ്ടത്ര തിയേറ്ററുകള്‍ കിട്ടിയില്ല. കൂടാതെ സിനിമാസമരവും വന്നു. അങ്ങനെ റിലീസിംഗ് ഒരു പരാജയമായിരുന്നു. കേരളസംസ്ഥാന അവാര്‍ഡ് കമ്മിറ്റിപോലും പടം മുഴുവന്‍ കാണേണ്ടെന്ന് തീരുമാനിച്ചതായാണറിവ്. പനോരമയിലേക്കെടുക്കാനോ ദേശീയ അവാര്‍ഡിനു നോമിനേറ്റ് ചെയ്യാനോ അവര്‍ കൂട്ടാക്കിയില്ല. എന്റെ സിനിമാജീവിതത്തില്‍ ഇത്രയധികം സമയം ഞാനൊരു സിനിമയ്ക്കുവേണ്ടി മാറ്റിവെച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. പ്രധാനകഥാപാത്രമെന്ന ഉത്തരവാദിത്തം മാത്രമായിരുന്നില്ല എനിക്കുണ്ടായിരുന്നത്. ലൊക്കേഷന്‍, തിരക്കഥ മുതലായ എല്ലാകാര്യത്തിലും ഞാന്‍ വളരെ ശ്രദ്ധാപൂര്‍വം ഇടപെട്ടിരുന്നു. വിനു അബ്രഹാമാണ് തിരക്കഥയെഴുതിയതെങ്കിലും എന്നെയറിയാവുന്ന സംവിധായകന്‍ തിരക്കഥയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താനുള്ള സ്വാതന്ത്ര്യം എനിക്കു തന്നിരുന്നു. പല മാറ്റങ്ങളും മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ശ്രീനിവാസനോടുകൂടി ചോദിച്ചിട്ടാണ് വരുത്തിയത്. 
    

placeholder
പറുദീസ സിനിമയുടെ ലൊക്കേഷനില്‍ ശ്രീനിവാസന്‍, ജഗതി ശ്രീകുമാര്‍
എന്നിവരോടൊപ്പം തമ്പി ആന്റണി


സംവിധായകന്‍ ആര്‍ ശരത്ത് ഒരു സിനിമ ചെയ്യണമെന്ന ആശയവുമായി എന്റെയടുത്തു വന്നത് ഞാന്‍ നല്ല സിനിമയെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നറിഞ്ഞുകൊണ്ടാണ്. പല കഥകളും പല കാലഘട്ടങ്ങളിലായി ഞങ്ങള്‍ ചര്‍ച്ചചെയ്‌തെങ്കിലും പറുദീസയുടെ ആശയത്തോടാണ് എനിക്കു താത്പര്യം തോന്നിയത്. ആ കഥയില്‍ എന്റെയാത്മാവിന്റെ ഒരംശമുള്ളതുപോലെ എനിക്കു തോന്നി. 

എന്റെ മുത്തശ്ശന്‍ തെക്കേക്കൂറ്റ് ജോസഫ് പള്ളിയിലെ ഡീക്കനായിരുന്നതുകൊണ്ടാവാം അങ്ങനെ തോന്നിയത്. മുത്തശ്ശനെ എനിക്കോര്‍മയില്ല. പറഞ്ഞുകേട്ടിട്ടേയുള്ളു. ഏതോ വികാരിയച്ചനാണ് പൊന്‍കുന്നം പള്ളിയിലേക്ക് കുറവിലങ്ങാട്ട്‌നിന്നു കൂട്ടിക്കൊണ്ടുവന്നതെന്ന് വല്യമ്മച്ചി പറഞ്ഞറിയാം. ശരത്ത് ഈ കഥ പറഞ്ഞപ്പോള്‍ മുത്തശ്ശനെക്കുറിച്ചുള്ള ഓര്‍മകള്‍ എന്നെ ആവേശിച്ചിരിക്കാം. 

പള്ളിയിലെ കപ്യാര്‍പണി ഒരു താഴ്ന്ന ജോലിയാണെന്ന തോന്നല്‍ പൊതുവെ സമൂഹത്തിലുള്ളതായി എനിക്കു തോന്നിയിട്ടുണ്ട്. പള്ളിയില്‍ പൂജാകര്‍മങ്ങള്‍ക്ക് സഹായിക്കുന്ന പണി എന്തുകൊണ്ട് മോശമായെന്ന് എനിക്കു മനസ്സിലാകുന്നില്ല. പറുദീസയുടെ തുടക്കത്തില്‍, മരിച്ചുപോയ അപ്പന്റെയും അമ്മയുടെയും പടംകാണിച്ചതിനെപ്പോലും കുടുംബത്തിലാരും അനുമോദിച്ചുകണ്ടില്ല. ബന്ധുക്കളില്‍ പലരും പടം കാണാന്‍തന്നെ കൂട്ടാക്കിയില്ല. പക്ഷേ ഞാനതിനെയൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു. അതുകൊണ്ട് കുടുംബത്തില്‍ നിന്നുതന്നെ വളരെയധികം എതിര്‍പ്പുകളുണ്ടായതായി പിന്നീടറിഞ്ഞു. സിനിമയുടെ പരാജയംകൂടിയായപ്പോള്‍ ആകെ തളര്‍ന്നെങ്കിലും ആരെയുമറിയിക്കാതെ എന്തൊക്കെയോ പ്രതീക്ഷിച്ചു. എവിടെനിന്നെങ്കിലും അംഗീകാരം കിട്ടുമെന്ന വിചാരം എനിക്കുണ്ടായിരുന്നു. 

ഞാന്‍ പ്രതീക്ഷിച്ചതുപോലെ ഒരു ദിവസം സന്തോഷവാര്‍ത്തയെത്തി. രണ്ടവാര്‍ഡുകളെക്കുറിച്ചുള്ള മെയിലുകളാണ് ഒന്നിച്ചുവന്നത്! മെക്​സിക്കോ രാജ്യാന്തരചലച്ചിത്രമേളയില്‍ ഏറ്റവും മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് ലഭിച്ചതായിരുന്നു ആദ്യത്തേത്. ആംസ്റ്റര്‍ഡാം രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഏറ്റവും നല്ല ഡ്രമാറ്റിക് എഡിറ്റിംഗിനുള്ള അവാര്‍ഡായിരുന്നു രണ്ടാമത്തേത്. കേരളത്തിലും ഇന്ത്യയിലും ഒരവാര്‍ഡും കിട്ടാതിരുന്ന പറുദീസ രണ്ട് രാജ്യാന്തര ചലച്ചിത്രോത്സവങ്ങളില്‍ അവാര്‍ഡ് വാങ്ങിയത് അത്ര ചെറിയ കാര്യമല്ലല്ലോ! 

ഞാന്‍ ലോകോത്തര സിനിമയൊന്നും നിര്‍മിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്നില്ലെങ്കിലും വെറും കച്ചവടത്തിനുവേണ്ടി ഒരിക്കലും ഒരു മോശം സിനിമ നിര്‍മിച്ചിട്ടില്ലെന്ന് അഭിമാനത്തോടെ എവിടെയും പറയാന്‍ കഴിയും. ബ്ലെസ്സിയുടെ 'കല്‍ക്കട്ടാ ന്യൂസ്' പോലും നല്ല സന്ദേശങ്ങളുള്ള  സിനിമയായിരുന്നല്ലോ! രാജീവ് അഞ്ചലിന്റെ 'ബിയോണ്ട് ദ സോള്‍' മുതല്‍ ജയന്‍ ചെറിയാന്റെ 'പാപ്പിലിയോ ബുദ്ധ'വരെ അങ്ങനെയേ സംഭവിച്ചിട്ടുള്ളു. തുടര്‍ന്നും ഈ രംഗത്തുണ്ടെങ്കില്‍ അങ്ങനെയേ സംഭവിക്കൂ.