എന്തായാലും കോത്തഗിരിയിലെ ഉൾപ്രദേശങ്ങളിൽ കൂടുതൽ സ്ഥലങ്ങൾ കാണുന്നത് മതിയാക്കി വല്ലവിധേനയും തിരികെ ടൗണിലെത്തി വണ്ടി നിരത്തിലൊരിടത്ത് സ്റ്റാൻഡിട്ട് വച്ചിട്ട് ഞാൻ കാഴ്ചകൾ കണ്ട് വെറുതെ നടക്കാൻ തുടങ്ങി. അപ്പോഴാണ് ഒരിടത്തായി കുറച്ചുപേർ കൂടി നിൽക്കുന്നത് കണ്ടത്. ആകാംക്ഷ മൂത്ത് അടുത്തേയ്ക്ക് ചെന്നപ്പോൾ മകുടിയൂതി പാമ്പുകളെ കളിപ്പിക്കുന്ന ഒരു പാമ്പാട്ടിയാണ് സംഭവം! ആളുടെ പ്രകടനം കാണാനായി അത്യാവശ്യം വലിയ പുരുഷാരം അവിടെ സന്നിഹിതരാണ് താനും.

To advertise here,

ആ പാമ്പാട്ടിക്കരികിലായി പക്ഷികളെ വിൽക്കാൻ വച്ചിരിക്കുന്ന ഒരു സ്ത്രീയുമുണ്ട്. അടുത്തിരുന്ന ഒരു ചാക്കിനകത്ത് കൈയ്യിട്ട് കിട്ടുന്ന കുരുവികളെ അനുസ്മരിപ്പിക്കുന്ന ചെറിയ പക്ഷികളെ പുറത്തേയ്ക്കെടുത്ത് അവയുടെ ഇരുകാലുകളും മൂർച്ചയുള്ള ഭാഗം മുകളിൽ വരത്തക്ക വിധം തിരിച്ച് വലത് കാലിൽ ചവിട്ടിപ്പിടിച്ചിരിക്കുന്ന കത്തിയിൽ കൂസലില്ലാതെ അമർത്തിയുരച്ച് മുറിച്ചുകളഞ്ഞ് ആവശ്യക്കാർക്കായി സഞ്ചിയിലിട്ട് നൽകുകയാണ്. അപ്പോൾ അവറ്റകളുടെ മുറിഞ്ഞ് പോകുന്ന കാലുകളുടെ സ്ഥാനത്ത് ചോരത്തുള്ളികൾ കിനിഞ്ഞ് നിൽക്കുന്നത് കാണാമായിരുന്നു! അതേ പോലെ തന്നെ മറ്റൊരു ചാക്കിനകത്തുനിന്ന് കാലിൽത്തൂക്കി പുറത്തെടുക്കുന്ന വലിയ പച്ചത്തവളകളെ മുന്നിലായി വച്ചിരിക്കുന്ന ഉയരം കുറഞ്ഞ പുളിമുട്ടിയിൽ വീശി രണ്ടടിയാണ്! ശേഷം തുലാസിൽ ഭാരക്കട്ടികളിട്ട് അളവ് തൂക്കുന്നു. വാങ്ങാനെത്തുന്നവരെ തൂക്കം ബോധ്യപ്പെടുത്തിയതിന് ശേഷം മലർത്തിക്കിടത്തി കത്തിയുപയോഗിച്ച് തലയും കൈകളും കാലിന്റെ അറ്റവും വെട്ടിമാറ്റുന്നു. പിന്നെ അവയെ തോലുരിച്ച് കുടലും പണ്ടവും മാറ്റി ചന്നം പിന്നം വെട്ടി നുറുക്കി ഒരു പോളിത്തീൻ ബാഗിലാക്കി മുറുക്കിക്കെട്ടുന്നു. കഷണങ്ങൾ ആക്കാത്ത കാലുകൾ തുടയോടെ മുഴുവനെ ആണ് ഇടുന്നത്!

അവർ ഇരിക്കുന്ന സ്റ്റൂളിനടുത്തായി അഴുക്ക് പറ്റിയതും വക്ക് ചളുങ്ങിയതുമായ ഒരു അലൂമിനിയം ബക്കറ്റിൽ സാമാന്യം വലിയ രണ്ട് ആമകളെ ഇട്ടിട്ടുണ്ട്. അതിനെ മറിച്ചിട്ട് വെട്ടിമുറിക്കുന്നത് നോക്കിനിൽക്കാനാവാത്ത കാഴ്ചയാണ്. തിളച്ച വെള്ളത്തിൽ അവയെ മലർത്തിയിട്ടാൽ എളുപ്പത്തിൽ കൊല്ലാമെന്നും അവർ ഇടയ്ക്കിടെ ഉദ്ബോധിപ്പിക്കുന്നുണ്ട്. തൊട്ടപ്പുറത്തായി പാമ്പാട്ടി തന്റെ വിഷസർപ്പങ്ങളുമായി പുതിയ പല പ്രകടനങ്ങളും കാഴ്ച വയ്ക്കുന്ന തിരക്കിലാണ്. തമിഴിലാണെങ്കിലും പാമ്പിനെക്കുറിച്ചും സർപ്പദംശത്തെക്കുറിച്ചുമുള്ള ബോധവത്കരണ ക്ലാസ്സും കൂടിയാണ് അദ്ദേഹത്തിന്റെ വകയായി അവിടെ അരങ്ങേറുന്നത്.

അയാൾ പറയുന്നതിലെ സാരാംശം ഇതൊക്കെയാണ്. ‘പാമ്പിന് ശബ്ദം ഗ്രഹിക്കാൻ ബാഹ്യകർണ്ണപുടങ്ങൾ ഇല്ല. അതുകൊണ്ട് തന്നെ അന്തരീക്ഷത്തിലുണ്ടാകുന്ന ശബ്ദം അതിന് കേൾക്കാനുമാവില്ല. നിലത്തുള്ള പ്രകമ്പനങ്ങളാണ് അവയ്ക്ക് അറിയാൻ കഴിയുന്നത്. രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്ത വഴികളിലൂടെ നടക്കുമ്പോൾ കാലുകൾ അമർത്തിച്ചവിട്ടി ഒച്ചയുണ്ടാക്കി വേണം നടക്കേണ്ടത്. അങ്ങനെ ചെയ്യുന്ന പക്ഷം വഴിമുടക്കിയോ വഴിക്ക് അരികിലായോ കിടക്കുന്ന പാമ്പുകൾ ഒഴിഞ്ഞ് പോകും. അതേസമയം, ശബ്ദമുണ്ടാക്കാതെ നടക്കുന്നവർ വഴിയിൽ കിടക്കുന്ന പാമ്പിന്റെ ദേഹത്താകും അറിയാതെ കാലുകൾ വയ്ക്കുന്നത്. ഉടനെ തന്നെ അവർ കടിയും വാങ്ങും.’ തികഞ്ഞ വാഗ്ചാതുര്യത്തോടെയാണ് അയാൾ കാര്യങ്ങൾ വിവരിക്കുന്നത്.

കോപത്താൽ പത്തിയെടുത്തുനിൽക്കുന്ന മൂർഖൻ പാമ്പ് മുന്നിൽ പിടിച്ചിരിക്കുന്ന മകുടിയുടെ ചലനങ്ങളിൽ ശ്രദ്ധിച്ചും അതിനനുസരിച്ചുമാണ് ഫണം ചലിപ്പിക്കുന്നതെന്നും അയാളുൾപ്പെടുന്ന പാമ്പാട്ടികൾ മകുടിയൂതി ആൾക്കാരെ പറ്റിക്കുകയാണെന്നുമൊക്കെയാണ് അടുത്തതായി പറയുന്നത്. മുൻപ് ക്ലാസ്സുകളിൽ കേട്ടതും പഠിച്ചതുമായ പല കാര്യങ്ങളും വലിയ വിദ്യാഭ്യാസം ഇല്ലെന്ന് തോന്നിക്കുന്ന അയാൾ പറയുന്നത് കേട്ടപ്പോൾ എനിക്കും സംഭവം കൊള്ളാമെന്ന് തോന്നി. ‘ആൾ പണ്ഡിതനാണെന്ന് തോന്നുന്നു’ എന്ന് ഏതോ സിനിമയിൽ പറയുന്നത് മാതിരി! കാഴ്ചക്കാരുടെ താത്പര്യം കൂടുന്നതിനനുസരിച്ച് അയാളുടെ അനർഗ്ഗളമായ വാഗ്ധോരണിയും സാരോപദാശങ്ങളും കൂടി വന്നു.

ഇതിനിടയിൽ ഓർമ്മ വരുന്ന ഒരു സംഗതി കൂടി പറഞ്ഞുകൊള്ളട്ടെ. പണ്ട് നാട്ടിൽ ഉണ്ടായിരുന്ന ഞങ്ങളുടെ ഒരു അടുത്ത ബന്ധുവിന്റെ പേരും ‘മൂക്കൻ’ (മൂർഖൻ അല്ല) എന്ന് ആയിരുന്നു. അദ്ദേഹത്തിന്റെ ശരിക്കുള്ള പേര് മറ്റെന്തോ ആണ്. അദ്ദേഹം ഇന്നില്ല. ഞങ്ങൾ കുട്ടികളായിരുന്നപ്പോൾത്തന്നെ ഏതാണ്ട് അറുപത് വയസ്സെങ്കിലും മതിക്കുമായിരുന്നു കക്ഷിക്ക്. അദ്ദേഹത്തിന്റെ കുടുംബക്കാർക്കും പിന്തുടർച്ചക്കാർക്കും എല്ലാം അസ്സാരം നീണ്ട മൂക്ക് ആയതിനാലായിരിക്കും ‘മൂക്കന്മാർ’ എന്ന വിളിപ്പേര് സിദ്ധിച്ചതെന്ന് തോന്നുന്നു. ആറ്റിങ്ങലിലെ ‘പാടിക്കവിളാകം’ എന്ന ഞങ്ങളുടെ കുടുംബ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ അവസാന ദിവസത്തോടനുബന്ധിച്ച് എല്ലാ വർഷവും നടത്തുന്ന ‘ഗുരുസി’ എന്ന ചടങ്ങിൽ അദ്ദേഹത്തിന് ദൈവവിളിയുണ്ടാകുക പതിവായിരുന്നു. (ദേവീക്ഷേത്രങ്ങളിൽ ഈശ്വരപ്രീതിക്കായി നടത്തിരുന്ന മൃഗബലിയുടെ പരിഷ്കൃതരൂപമായ ആചാരമാണത്. അഭിജിത്ത് മൂഹൂർത്തത്തിൽ നടത്തുന്ന ഗുരുസി ഭദ്രകാളിയുടെ ഭൂതഗണങ്ങൾക്ക് ചോര നൽകുക എന്ന സങ്കല്പത്തിൽ അധിഷ്ഠിതമാണ്.)

അപ്പോഴൊക്കെ ദൈവം ശരീരത്തിൽ സന്നിവേശിച്ചത് മാതിരി അദ്ദേഹം എരിപിരി കൊള്ളുകയും പിന്നെ ഓരോന്ന് തുള്ളിപ്പറയുകയും ചെയ്യുക പതിവായിരുന്നു. എന്തിനേറെപ്പറയുന്നു തികഞ്ഞ കമ്മ്യൂണിസ്റ്റ് അനുഭാവിയായ എന്റെ അച്ഛൻ പോലും ഒരിക്കൽ അവരുടെ കുടുംബക്കാവിലെ ഉത്സവം കൊടുമ്പിരി കൊണ്ട ദിവസം എന്റെ അടുക്കൽനിന്നു തുമ്മുകയും ചീറ്റുകയും കൈപ്പത്തികൾ വിടർത്തി പാമ്പിന്റെ പത്തിയുടെ രൂപത്തിൽ വയ്ക്കുകയും ഒക്കെ ചെയ്യുന്നത് അമ്പരപ്പോടെ ഞാനും ചേട്ടനും കണ്ടുനിന്നിട്ടുണ്ട്. (ഹിന്ദി മാഷായിരുന്ന അച്ഛൻ വർഷങ്ങൾക്ക് മുമ്പ് ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററായി വിരമിച്ചു.)

ഇടതുപക്ഷ സംഘടനയിൽ സജീവമായിരുന്ന അച്ഛൻ അടുത്തൂൺ പറ്റിയ ശേഷമാണ് മേൽപ്പറഞ്ഞ സംഭവങ്ങൾ അരങ്ങേറുന്നത്. കുഞ്ഞുന്നാളുകളിൽ അമ്മയേയും എന്നേയും ചേട്ടനേയും ക്ഷേത്രങ്ങളിലേയ്ക്ക് കടത്തിവിട്ടിട്ട് തികഞ്ഞ ഭൌതികവാദിയുടെ മട്ടും ഭാവവുമായി അതിന്റെ പടിപ്പുരയ്ക്ക് വെളിയിൽ മാത്രം നിന്നിരുന്ന അച്ഛന്റെ രൂപമാണ് എൻറെ മനസ്സിലിപ്പോഴും വരിക. അച്ഛൻ അവരുടെ കുടുംബകാവിൽ ഉത്സവത്തിന് പോകുന്നത് അല്ലാതെ മറ്റെങ്ങും പോകാറില്ലായിരുന്നു. അമ്മയുടെ മരണത്തോടെ അതും നിർത്തി.

ഇപ്പോൾ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ എല്ലുരോഗ വിദഗ്ദ്ധനായി ജോലി ചെയ്യുന്ന എന്റെ ജ്യേഷ്ഠന് അക്കാലത്തുണ്ടായ ചില മാനസികാസ്വാസ്ഥ്യങ്ങൾ കാരണമാകണം അമ്മ ദൈവസന്നിധികളിൽ പ്രാർത്ഥിക്കുന്നതും വഴിപാടുകൾ നേരുന്നതും സ്ഥിരം പതിവാക്കിയിരുന്നു. എന്തായാലും ആ ‘സന്നിവേശം’ ഭാഗ്യത്തിന് അതിൻറെ ഉഗ്രരൂപം പ്രാപിക്കാതെ അങ്ങനെതന്നെ അവസാനിക്കുകയായിരുന്നു. വലിയ കമ്മ്യൂണിസ്റ്റുകാരും ഭൗതികവാദിയുമായ ‘ഒരാൾ’ ബാധ കയറിയത് പോലെ കാവിൽവച്ച് തുള്ളാൻ തുടങ്ങിയ കാര്യം പറഞ്ഞ് ഞങ്ങളും അമ്മയും പലപ്രാവശ്യം ചിരിച്ചിട്ടുമുണ്ട്. അപ്പോളത് കേൾക്കാത്ത മട്ടിൽ അച്ഛൻ കൃത്രിമ ഗൌരവം നടിച്ചിരിക്കും.

അതിലും വിചിത്രമായ മറ്റൊരു കാര്യം അമ്മ അച്ഛനെ ‘ഒരാൾ’ എന്നാണ് വിളിച്ചിരുന്നത് എന്നതാണ്. ഞാനറിയുന്ന അച്ഛൻ അവരുടെ കുടുംബത്തിലെ ആറുപേരിൽ ഏറ്റവും ഇളയ സന്തതിയാണ്. ആ വഴിയിൽ ഒരിക്കലും ഒരാൾ മാത്രമാകാൻ വയ്യ. സാധാരണ ചെയ്യുന്നത് പോലെ മൂത്ത മകന്റെ പേര് പറഞ്ഞിട്ട് ‘മണിയുടെ അച്ഛനെന്നോ’ മറ്റോ വിളിക്കാതെ അന്നത്തെക്കാലത്ത് ആ ഫ്രീക്കൻ പേര് വിളിച്ചതിന്റെ കാരണവും അതിന്റെ ഉറവിടവും എത്ര ചോദിച്ചിട്ടും അമ്മ പറഞ്ഞ് തന്നിട്ടേയില്ല. അന്നത്തെക്കാലത്ത് അച്ഛനമ്മമാർ തമ്മിൽ മിശ്രവിവാഹമായിരുന്നു നടന്നത്. അതായത് ജാതിയിൽ ലേശം കൂടിയവനായ അച്ഛൻ സമപ്രായക്കാരിയും ഉപജാതിയിൽപ്പെട്ടവളുമായ അമ്മയുടെ സൗന്ദര്യത്തിലും സ്വഭാവ മഹിമയിലും ഭ്രമിച്ച് വേട്ടു എന്നതാണ് കഥയുടെ സാരാംശം.

അച്ഛന്റെ വീട്ടുകാരേക്കാൾ മെച്ചപ്പെട്ട സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലുള്ളതാണ് അമ്മയെന്നതും അച്ഛനെപ്പോലെ തന്നെ ഉദ്യോഗം ഉണ്ടായിരുന്നുവെന്നതുമൊക്കെ നിലനിന്നിരുന്ന കീഴ്വഴക്കങ്ങളെ മറികടക്കാൻ ഉത്പ്രേരകമായി വർത്തിച്ചോയെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. (ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് ആയി വിരമിച്ച അമ്മ ഇന്ന് ജീവിച്ചിരിപ്പില്ല) അച്ഛനുമമ്മയും ഒരിക്കലും അത് സമ്മതിച്ചുതരികയും ഉണ്ടായില്ല. എന്തായാലും ആ വിവാഹത്തിന് ഇരുപക്ഷക്കാരും എതിര് നിന്നതുമില്ല എന്നത് എടുത്ത് പറയേണ്ടതില്ലല്ലോ.

നമുക്ക് നാട്ടിലെ ആരാധ്യനായ മൂക്കനിലേയ്ക്ക് തിരിച്ചുപോകാം. അങ്ങനെ അമ്പലത്തിൽ ഉത്സവം തിമിർക്കുന്നതിനിടെ യുക്തിവാദികളെന്നും പറഞ്ഞ് നടക്കുന്ന കുറച്ച് ‘തല തെറിച്ച ചെറുപ്പക്കാർ’ പരമ്പരാഗമായി പിന്തുടരുന്ന ആചാരങ്ങളെ വെല്ലുവിളിക്കാൻ വല്ലാത്ത ഔത്സുക്യം കാണിച്ചിരുന്ന സമയം ആയിരുന്നു അന്നൊക്കെ. അതുകൊണ്ടുതന്നെ അത്തവണ ക്ഷേത്രത്തിലെ ഗുരുസിയോടനുബന്ധിച്ച് നമ്മുടെ മൂക്കന്റെ വർഷങ്ങളായുള്ള പകർന്നാട്ടം വെറും അഭിനയം ആണെന്നും ഭക്തജനങ്ങൾ സമക്ഷം അത് പൊളിക്കണമെന്നും അവരെല്ലാം ചേർന്ന് തീരുമാനിക്കുന്നു. ഒപ്പം അതിനനുസരിച്ചുള്ള പ്ളാനുകളും!

സാധാരണയായി ഗുരുസി എന്ന ചടങ്ങിൽ വല്ലാത്ത ആക്രോശങ്ങളുണ്ടാക്കി തുള്ളുകയും ചോരയ്ക്ക് പകരമായി മഞ്ഞളും ചുണ്ണാമ്പും ചേർത്ത് തയ്യാറാക്കിയ ചുവന്ന നിറമുള്ള വെള്ളം എടുത്ത് തലയിലൂടെ ഒഴിക്കുകയും (ഹിംസയും രക്തവും ഇല്ലാത്തതിനാൽ ‘മംഗള ഗുരുസി’ എന്നാണ് ഇപ്പോൾ ചടങ്ങ് അറിയപ്പെടുന്നത്.) കുമ്പളങ്ങയും മറ്റും പ്രതീകാത്മകമായി വെട്ടിമുറിക്കുകയും ചെയ്ത് ദൈവസന്നിവേശം നിർദ്ദോഷമായി വിളംബരം ചെയ്യുകയാണ് മൂക്കച്ചാരുടെ പതിവ്. ഇതിനെല്ലാം സാക്ഷ്യം വഹിക്കുന്നതിനായി കാലുകൾ കൂട്ടിക്കെട്ടിയ ഒരു പാവം കരിങ്കോഴിയെ അവിടെ സൂക്ഷിക്കുമായിരുന്നു. ഉത്സവപ്പിറ്റേന്ന് തന്നെ അതിനെ ലേലം ചെയ്ത് വിൽക്കുകയും ചെയ്യും.

എന്തായാലും അന്നേദിവസം ആ വയോധികനെ പരീക്ഷിക്കാനായി ഒരു വലിയ ഉരുളിയിൽ അരിയും ശർക്കരയും നെയ്യും അനുസാരികളും ചേർത്ത് തയ്യാറാക്കിയ തിളയ്ക്കുന്ന പായസം ആ ‘യുവതുർക്കികൾ’ ചേർന്നെടുത്ത് ഉറഞ്ഞ് തുള്ളിക്കൊണ്ടിരുന്ന അദ്ദേഹത്തിൻറെ മുമ്പിൽ കൊണ്ടുവന്ന് വച്ചതാണ് തുടക്കം. അതോടൊപ്പം പായസം തലവഴി കോരിക്കുടയാനായി തെങ്ങിൻ പൂക്കുലയിൽനിന്നു പൂക്കൾ കൊഴിച്ച് തയ്യാറാക്കിയ ‘കിനാഞ്ഞിലും’!

പക്ഷേ, തുള്ളിയും അട്ടഹസിച്ചും കൊണ്ട് ‘സന്നിവേശിച്ചെത്തിയ’ സാക്ഷാൽ ശ്രീമാൻ മൂക്കച്ചാര് അവിടിരുന്ന തിളയ്ക്കുന്ന പായസം കാൺകെ അപകടം മണത്തിട്ടാണോയെന്തോ കിനാഞ്ഞിൽ കടന്നെടുത്ത് പായസത്തിൽ മുക്കുകയും സ്വന്തം തലയിലും ദേഹത്തും അടിക്കുന്നതിന് പകരം തന്റെ വെപ്രാളം കണ്ടാസ്വദിക്കാനായി തിക്കിക്കയറിയ നിരീശ്വരവാദികളായ ചെറുപ്പക്കാരുടെ മുഖത്തേയ്ക്കും ദേഹത്തേയ്ക്കും പലയാവർത്തി കുടഞ്ഞതാണ് കഥാന്തത്യത്തിലെ അവിചാരിതമായ ട്വിസ്റ്റ്! ദേഹമാകലം പൊള്ളലുകളുമായി ഓടിയ വിരുതന്മാർക്ക് അങ്ങനെ തന്നെ വേണമെന്ന് ഒരുകൂട്ടം വിശ്വാസികളും തീരുമാനമെടുത്തതോടെ അത് അങ്ങനെ അവസാനിച്ചു. എന്തായാലും അതിന് ശേഷം നമ്മുടെ കാരണവർ മൂക്കനും ഉത്സവത്തോടനുബന്ധിച്ച് പിന്നീട് ദൈവവിളികളും സന്നിവേശങ്ങളും ഉണ്ടായതായി അറിവില്ലെന്നും കരക്കമ്പിയുണ്ട്.

ചിന്ത കാട് കയറിയപ്പോൾ എന്റെ മുന്നിലിരിക്കുന്ന പാമ്പാട്ടിയെ മറന്നതല്ല. അദ്ദേഹം സംഭാഷണത്തിനിടയിൽ ഒരു ചൂരൽക്കൊട്ടയിൽനിന്നു പുറത്തെടുത്ത കരിമൂർഖന്റെ തലയിൽ പിൻഭാഗത്തായി ഒന്നുരണ്ട് തട്ടുകൾ കൊടുക്കുന്നതും കോപാവേശത്തിൽ അത് ഫണം വിടർത്തി ചീറുന്നതുമാണ് ഇപ്പോൾ കാണുന്നത്! പത്തിയുയർത്തിപ്പിച്ച് നിൽക്കുന്ന നാഗത്തിന്റെ മുന്നിൽ ശ്രദ്ധിച്ച് വലത് കൈയ്യിൽ പിടിച്ചിരിക്കുന്ന തൂവാല അയാൾ അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചു കൊണ്ടിരുന്നു. അയാൾതന്നെ മുൻപ് പറഞ്ഞത് പോലെ ആ ചലനത്തിൽ മാത്രം ശ്രദ്ധിച്ച് ചീറുകയും കൊത്താനായുകയും ചെയ്തുകൊണ്ടിരിക്കുന്ന വിഷപ്പാമ്പിന്റെ പത്തിയ്ക്ക് പുറകിൽ ഇടത് കൈവച്ച് ഇടയ്ക്കിടെ അയാൾ തട്ടുകയും തടവുകയും ചെയ്യുന്നതാണ് അടുത്തതായി കാണുന്നത്! പക്ഷേ, സർപ്പം അതിൽ ലവലേശവും ശ്രദ്ധിക്കുന്നില്ല. അതിൻറെ ശ്രദ്ധ മുഴുവൻ മുന്നിൽ ചലിക്കുന്ന തൂവാലയിലാണ്. പ്രോത്സാഹിപ്പിക്കുന്നതിന് അനുസരിച്ചും അല്ലാതേയും പലരും അയാളോട് അനുവാദം വാങ്ങിയിട്ട് പത്തിയെടുത്ത് നിൽക്കുന്ന മൂർഖന്റെ പത്തിയുടെ പിന്നിലായി കൈവച്ച് തൊടുന്നുമുണ്ട്. ഇപ്പോളതാ ഫണത്തിന് പിന്നിൽ പാമ്പാട്ടി ഉമ്മ വച്ച് കാണിക്കുന്നു! അതൊക്കെ കണ്ടുരസിച്ച് മതിമറന്നുനിന്ന എന്നെ അയാൾ സ്നേഹത്തോടെ തലയാട്ടി വിളിച്ച് പാമ്പിന്റെ തലയുടെ പിന്നിൽ തൊടുവാനുള്ള അവസരം തരികയായിരുന്നു. വലിയ അഭിമാനത്തോടേയും തികഞ്ഞ ‘ഇരട്ടച്ചങ്കൻറെ ഭാവഹാവാദികളോടേയും’ ഞാനും ആ സാഹസികവൃത്തിയിൽ പങ്കാളിയാകുക തന്നെ ചെയ്തു!

തമിഴ് അത്രമേൽ വശമില്ലെങ്കിലും അയാൾ പറയുന്ന പലകാര്യങ്ങളും എനിക്കും മനസ്സിലാകുന്നുണ്ടായിരുന്നു. മൂർഖൻ പാമ്പിനെ അയാൾ ‘നാഗപ്പാമ്പെന്നാണ്’ വിശേഷിപ്പിക്കുന്നത് കേട്ടത്. തുടർന്ന് അയാൾ പറഞ്ഞത് ഏതാണ്ട് ഇങ്ങനെയാണ്. ‘പൊതുജനങ്ങൾക്കിടയിൽ പൊതുവേ ആൺമൂർഖൻ പെൺചേരകളോടാണ് ഇണ ചേരുന്നതെന്ന ഒരു തെറ്റിദ്ധാരണ ഉണ്ട്. അത് പൂർണ്ണമായും തെറ്റാണ്. മൂർഖൻ പാമ്പ് അവരിലെ തന്നെ പെണ്ണുങ്ങളോടാണ് ഇണ ചേരുന്നത്.’ കൂട്ടം കൂടി നിൽക്കുന്ന ആളുകളുടെ ആവേശം അധികരിക്കുന്നത് അനുസരിച്ച് അയാളുടെ ഒച്ചയും വല്ലാതെ ഫണമുയർത്തിക്കൊണ്ടിരുന്നു. ‘ആൺമൂർഖൻ ചേരയുടെ പെണ്ണിനോടാണ് ഇണ ചേരുന്നതെങ്കിൽ മൂർഖത്തിയെ പിന്നെ ആര് കെട്ടും...?’ ആകാംക്ഷ മുറ്റിയ അനേകം മുഖങ്ങൾ ഉറ്റുനോക്കുമ്പോൾ അയാളൊന്ന് നിറുത്തി. ‘നിങ്ങൾ കെട്ടുമോ സാർ..?’ അതീവ കൌതുകത്തോടെ അയാളുടെ ഭാഷണം ശ്രവിച്ചുകൊണ്ടിരുന്ന അവിവാഹിതനായ എന്നെ നോക്കി ഒറ്റ ചോദ്യം! ‘നീങ്ക അവളൈ തിരുമണം പണ്ണുവീങ്കളാ സാർ...’, എന്നാണ് അയാളപ്പോൾ തമിഴിൽ ചോദിച്ചതെന്ന് പിന്നെ എനിക്ക് മനസ്സിലായി.

കൂട്ടച്ചിരികളാണ് ചുറ്റിനും നിന്ന് എന്നെ പൊതിഞ്ഞത്. അനവധി കണ്ണുകൾ നിറഞ്ഞ പരിഹാസത്തോടെ എന്നെ ഉറ്റ് നോക്കുന്നു. ശരിക്കും അപ്പോഴാണ് ഞാൻ ആ ചോദ്യത്തിൻറെ അർത്ഥം മലയാളത്തിൽ വിവക്ഷിച്ചെടുത്തത് തന്നെ. ആൾക്കൂട്ടത്തിൽ നാണക്കേട് കൊണ്ട് തൊലിയുരിയുന്നത് പോലെ തോന്നിയെങ്കിലും ഞാനും ഒരു വിഡ്ഢിയെപ്പോലെ ചിരിച്ചു കാണിച്ചു. അതല്ലാതെ ആ അവസരത്തിൽ അയാളോട് കയർക്കുവാൻ ആകില്ലല്ലോ. എന്തായാലും അതോടുകൂടി ഞാൻ സർവ്വാത്മനാ ആ ആൾക്കൂട്ടത്തിലൊരാളായി മാറിക്കഴിഞ്ഞു എന്ന് പറഞ്ഞാൽ കഴിഞ്ഞല്ലോ. ഒപ്പം വലത് കൈ കൊണ്ടുള്ള ആംഗ്യഭാഷയിലൂടെ അയാൾ എന്നെ പ്രകടനം വ്യക്തമായി കാണത്തക്ക വിധം മുന്നോട്ട് കടന്നുനിൽക്കാൻ ക്ഷണിക്കുകയും ചെയ്തു.

കുറേ നേരത്തെ പ്രഭാഷണത്തിന് ശേഷം ‘നമ്മുടെ നാഗപ്പാമ്പിന് വിശക്കില്ലേ അപ്പോൾ നിങ്ങൾ സ്വമനസ്സാലെ ആഹാരം നൽകുമോ?’ എന്നോ മറ്റോ തമിഴിൽ ചോദിക്കുന്നത് കേട്ടു. ശരിക്കും ഭാഷ പൂർണ്ണമായും മനസ്സിലായില്ലെങ്കിലും എല്ലാം മറന്ന് ഞാനും അതിൽ മുഴുകി നിൽക്കുകയായിരുന്നു. അപ്പോൾ കൂടി നിന്നവരിൽ പലരും ‘ഞങ്ങൾ ആഹാരം കൊടുക്കും’ എന്ന് വിളിച്ച് പറഞ്ഞു. അതുകേൾക്കെ അയാൾ കൗതുകത്തോടെ എന്നെ നോക്കി ‘’നീങ്ക കൊടുപ്പീങ്കളാ..സാർ…?’’ എന്നായി. തെല്ല് അമ്പരന്ന് പോയെങ്കിലും ഞാനും സർപ്പത്തിന് ആഹാരം കൊടുക്കാൻ തയ്യാറാണെന്ന് തലയാട്ടി. അപ്പോളയാൾ എന്നെ നോക്കി പുകയിലക്കറ പറ്റിയ പല്ലുകൾ പുറത്ത് കാട്ടി ചിരിച്ചു.

‘ഒന്നുമേ തേവയില്ലൈ, സ്വാമീ...ഉങ്കളുടെ അരുമയാന ഉള്ളം മട്ടും പോതും…’ അയാൾ എന്നോടായി പറഞ്ഞു. പിന്നെ ചുറ്റിനും കൂടി നിന്നിരുന്ന ചിലരോടൊക്കെ ആ ചോദ്യം ആവർത്തിച്ചു. അവരിൽ പലരും ‘അതെ’ എന്ന അർത്ഥത്തിൽ തലയാട്ടുന്നതാണ് കണ്ടത്. അടുത്തതായി അയാൾ അടുത്ത എന്തോ കൺകെട്ട് കാണിക്കുന്ന മാതിരി ചുറ്റിനും നിൽക്കുന്ന എല്ലാപേരോടും അവരവരുടെ പോക്കറ്റിൽ ഉള്ള കാശ് കൈയ്യിലെടുത്ത് പൊത്തിപ്പിടിക്കാൻ പറഞ്ഞു. അടുത്തതായി ആ കാശ് എത്ര വീതമുണ്ടെന്ന് പാമ്പ് എണ്ണിപ്പറയുന്നത് കാണണമോ എന്ന് ചോദിച്ചു. അത് വേണമെന്ന് പറഞ്ഞ് ആൾക്കൂട്ടത്തിനിടയിൽ നിന്ന് കുറേപ്പേർ അപ്പോഴയാളെ പ്രോത്സാഹിപ്പിക്കുന്നത് കാണാമായിരുന്നു.

ശേഷം സ്വയം സന്നദ്ധരായി മുന്നോട്ട് വന്നവർ പോക്കറ്റിൽനിന്നു എടുത്ത കാശ് അയാൾ ഓരോന്നായി കൈയ്യിൽ വാങ്ങി. തെല്ലിട എന്തോ കണ്ണടച്ച് പ്രാർത്ഥിക്കുന്നത് മാതിരി അത് കൈയ്യിൽ മുറുക്കിപ്പിടിച്ച് നെഞ്ചിനോട് ചേർത്തു. പിന്നെ എണ്ണിനോക്കാതെ തന്നെ അത് അയാളുടെ ചുറ്റിനും നിരത്തി വച്ചിരുന്നതും മൂർഖൻ പാമ്പുകളെ അടച്ചിരുന്നതുമായ കൊട്ടകളുടെ മൂടി മാറ്റി ഉള്ളിൽ വച്ചിട്ട് വീണ്ടും അടച്ചു. എന്നിട്ട് വലിയ നാട്യങ്ങളോടെ എല്ലാപേരോടുമായി ഉറക്കെപ്പറഞ്ഞു. ’അമൈതി...അമൈതി... മുതലിലെ അന്ത നാഗപ്പാമ്പ് കാശ് എണ്ണിപ്പാക്കും. അതുക്കപ്പുറം താൻ എന്നാലേ ഏതാവത് സൊല്ല മുടിയും…!’