
ചൂടുള്ള ചായ കുടിച്ചപ്പോഴാണ് സാവിത്രിക്കൊന്ന് ആശ്വാസമായത്. പനിച്ചുവിറച്ച് കിടക്കാൻ തുടങ്ങിയിട്ട് ദിവസം മൂന്നായി. കിടന്നിടത്തൂന്ന് എണീക്കാൻ നോക്കിയപ്പോ ശരീരം പൊങ്ങാത്തത്ര ക്ഷീണം. അയാൾ മെലിഞ്ഞ കൈകൾകൊണ്ട് സഹായിച്ചു. അവർ എണീറ്റിരുന്നു. വെളുത്ത താടിയുള്ള അയാളെ അന്നാണ് ആദ്യമായി സാവിത്രി അടുത്തുകാണുന്നതും. അയാളൊരു പാരസെറ്റമോൾ നീട്ടി.
‘‘പനിച്ച് കെടക്കണ കണ്ടു, ഇന്നും ഇന്നലേം. ഇത് കഴിച്ചോ...” എല്ലാവരെയും കടിച്ചുകീറണപോലെ നോക്കണ സാവിത്രിക്ക് അനുസരിക്കാനാണ് തോന്നിയത്. “വയ്യ...വല്ലാത്ത തണുപ്പ്...നിങ്ങടെ പേരെന്താണ്...ഇവിടെ കണ്ടിട്ടുണ്ടല്ലോ...”
“എന്റെ പേര് അയ്യപ്പൻ.”
പറഞ്ഞുതീരുമ്പോ തട്ടുകടയിലെ ജനാർദനൻ നീട്ടി ചോദിച്ചു:
“അയ്യപ്പേട്ടോ...ചായ വേണോ? ഇഡ്ഡലിയും ചട്ണിയും വന്ന് കഴിക്ക്...’’
വെറുതേയുള്ള ക്ഷണമൊന്നുമല്ല. രാവിലെ 5.30 ആവുമ്പോ എണീറ്റ് 12 കുടം വെള്ളം തട്ടുകടയിലെത്തിക്കണം. രാത്രിയിലുമതേ. ജില്ലാ ആശുപത്രിക്കു മുന്നിലുള്ള കടയിൽ ഏഴുമണിയാവുമ്പോ നല്ല തിരക്ക് തുടങ്ങും. വെള്ളമെത്തിക്കുന്നതിെന്റ കൂലിയാണ് രാവിലത്തെ ഭക്ഷണം. വൈകീട്ടും ഇതുപോലെതന്നെ. 69-ാമത്തെ വയസ്സിൽ വേറെ പണിയൊന്നുമെടുക്കാൻ അയ്യപ്പനും വയ്യ.
“നീയും വാ, ചൂടുദോശ കിട്ടും. കഴിച്ചിട്ട് കിടക്ക്...’’ ചെറിയ പ്ലേറ്റില് കിട്ടിയ ദോശയുടെ സ്വാദ് പനി കാരണം അറിഞ്ഞില്ലെങ്കിലും 57-ാമത്തെ വയസ്സിൽ ആദ്യമായി സ്നേഹത്തിെന്റ സ്വാദ് സാവിത്രിയറിഞ്ഞു. അത്ര വിശപ്പില്ലാഞ്ഞിട്ടും അവരത് മുഴുവൻ തിന്നു.
ജില്ലാ ആശുപത്രിക്കു മുന്നിലും പിന്നിലുമായുള്ള രണ്ട് ഷോപ്പിങ് കോംപ്ലക്സുകളുടെ കടത്തിണ്ണയാണ് ഇരുവരുടെയും വീട്. സാവിത്രി മുന്നിലേതിലും അയ്യപ്പൻ പിന്നിലേതിലും. നഗരസഭയുടെ 150-ാം വാർഷികത്തിന്റെ ഭാഗമായി കെട്ടിടം പുതുക്കിപ്പണിയാൻ പൊളിച്ചതോടെയാണ് അയ്യപ്പൻ താമസിക്കുന്നിടത്തേക്ക് സാവിത്രിയുമെത്തിയത്.
രാവിലത്തെ ഗുളിക ഫലിച്ചു. സാവിത്രി ഉച്ചയ്ക്ക് പതിവുപോലെ ആശുപത്രിയുടെ മുന്നിൽ ചെന്നിരുന്ന് കൈ നീട്ടി. എട്ടുമണിയായപ്പോഴേക്കും 160 രൂപ കൈയിലെത്തി. നേരേ തൊട്ടപ്പുറത്തുള്ള ബിവറേജിലേക്ക്. ഒരു ക്വാർട്ടർ വാങ്ങാൻ മിക്ക ദിവസവും വരുന്ന സാവിത്രിയെ പതിവുകാർക്കും ജീവനക്കാർക്കും നല്ല പരിചയമാണ്.
“എന്താണ് ചേച്ചിയേ... കണ്ടിട്ട് കുറച്ച് ദിവസമായല്ലോ...”
“പനി പിടിച്ച് കെടന്നാൽ പിച്ചയെടുക്കാമ്പറ്റില്ല. പൈസയില്ലാണ്ട് ഇവിടെ വന്നിട്ടെന്തിനാ... സാധനം തരാൻ നോക്ക്...’’
സാവിത്രിയങ്ങനെയാണ്. സന്തോഷത്തോടെ മിണ്ടാനോ നോക്കാനോ മറന്നുപോയവൾ. ഉള്ളിൽ പക പുകയുംപോലെയാണ് നോട്ടവും വർത്താനവും. ആരും അതുകൊണ്ട് ഒരന്വേഷണത്തിനും ചെല്ലാറുമില്ല.
സാവിത്രി കിടക്കണത് ഒരു തുന്നൽക്കടയ്ക്ക് മുന്നിലാണ്. അവര് പൂട്ടുമ്പോത്തന്നെ മണി 9.30 കഴിയും. അപ്പോഴേക്കും അടുത്തുള്ള ചെരുപ്പുകുത്തിയുടെ ഷെഡ്ഡിന്റെ ഓരം പറ്റി, വാങ്ങിയ കുപ്പിയുടെ പാതി തീർക്കും. അടുത്തുള്ള മരത്തിലെ പുളിയില കുറച്ച് ചവച്ചുതിന്നും. കൈയിൽ മിച്ചം പൈസയുണ്ടെങ്കിൽ എന്തെങ്കിലും കഴിക്കും. രാവിലെ ഒന്നും കഴിക്കാതായിട്ട് കാലങ്ങളായി.
ഉച്ചയ്ക്ക് ആശുപത്രിയിൽ ഊണു കൊടുക്കുന്നവരുടെ മുൻപിൽ പാത്രവുമായി ചെല്ലും. അതാണ് ആകെയുള്ള ഭക്ഷണം. പക്ഷേ, അന്നു രാത്രി അയ്യപ്പൻ തേടിവന്നു.
“വാ, ദോശയോ ചപ്പാത്തിയോ തിന്നാം”
സാവിത്രി പോയി. അവരങ്ങനെ കൂട്ടായി. അയാൾക്കൊപ്പം പൈപ്പിൻചോട്ടിൽ വെള്ളം പിടിക്കാനും കടത്തിണ്ണ കഴുകിക്കൊടുക്കാനുമൊക്കെ സാവിത്രിയും കൂടി.
മഴക്കാലം വന്നു. അപ്പോൾ കിടത്തമില്ല, കൂനിക്കൂടി ഇരുത്തമേയുള്ളൂ, റോഡിലുറങ്ങുന്നവർക്ക്.
‘‘നീയെങ്ങനെയാ റോട്ടിലായേ?’’
കേൾക്കാത്ത മട്ടിൽ മുഖം കനപ്പിച്ച് ഇരിക്കവേ അവർ കരയാൻ തുടങ്ങി. മഴയുടെ നിലവിളിയിൽ ആ ശബ്ദം ആരും കേട്ടുമില്ല. കരച്ചിലടങ്ങിയപ്പോൾ സാവിത്രി പറഞ്ഞു.
“37 വർഷം മുൻപ് കല്യാണത്തലേന്ന് വീട്ടിൽനിന്നിറങ്ങി. വീടിന്റെയടുത്ത് വാർക്കപ്പണിക്കു വന്നയാളോട് തോന്നിയ ഇഷ്ടം. പഴനിയിലാണ് വീടെന്നും കൃഷിയുണ്ടെന്നും പറഞ്ഞു. ഒന്നും നോക്കിയില്ല. ചന്തം കണ്ട് പോയി. അയാൾക്ക് മടുത്തപ്പോൾ കളഞ്ഞു. മധുരയ്ക്കു പോകാമെന്ന് പറഞ്ഞ് ഒരു ലോറിയിൽ കയറ്റി. ചായ കുടിക്കാനിറങ്ങി തിരിച്ചുകേറുമ്പോൾ അയാളില്ല. പിന്നെ ലോറിക്കാരുടെ കൂടെ, നാടോടികളുടെ കൂടെ... അങ്ങനെ ജീവിച്ചു.
മനസ്സും ശരീരവുമൊക്കെ നരച്ചു. വീട്ടിലെനിക്ക് വൃത്തിപ്രാന്തായിരുന്നു. രണ്ടുനേരം കുളിക്കണ പെൺകുട്ടി. പൊടി പാടില്ല, അടുക്കു തെറ്റരുത്...പിന്നെപ്പിന്നെ നിർബന്ധങ്ങളെല്ലാം മാറി. അയാള് കളഞ്ഞപ്പോ വീട്ടിൽ പോവാനേ തോന്നിയില്ല. സങ്കടം മാറാൻ ബോധം പോകുംവരെ കുടിക്കാൻ പഠിച്ചതങ്ങനെയാണ്.”
“കരിഞ്ഞ മുറിവീന്ന് വീണ്ടും ചോരയിറ്റുന്ന വേദന നമ്മളായിട്ട് ആർക്കും ഉണ്ടാക്കണ്ടല്ലോ. നന്നായി...” -അയ്യപ്പൻ പറഞ്ഞു. തന്റെ കാര്യം കേൾക്കണോയെന്ന ചോദ്യവുമായി അയാൾ തുടർന്നു.
“ചേട്ടൻ സൈക്കിള് തന്നില്ല. പിടിയും വലിയുമായി. അവൻ ചെന്നുവീണത് കമ്പിപ്പാരയ്ക്കു മുകളിൽ. മണ്ണിൽ ചോരത്തുള്ളി കണ്ടപ്പോൾ ഓടിയതാ. അമ്മയുടെ അന്നത്തെ കരച്ചിൽ ഇപ്പോഴുമുണ്ട് ചെവിയിൽ. അവൻ മരിച്ചോ ജീവിച്ചോ... ഒന്നുമറിയില്ല. പിന്നെ ഞാൻ വീട്ടിലേ പോയില്ല. നേരേ തീവണ്ടിയിൽ കയറി തിരുവനന്തപുരത്ത് ചെന്നിറങ്ങി. കിട്ടുന്ന ജോലി ചെയ്തു. പല നാടുകളിലായി ജീവിച്ചു. ഇവിടെയെത്തി...” -കഥ തീർന്നപ്പോൾ മഴ തോർന്നു.
അടുത്തുള്ള സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നത് അന്ന് രാത്രിയിലാണ്. കടത്തിണ്ണയിൽ വെള്ളം കയറിപ്പോൾ അവരും ഒപ്പമുള്ള അഞ്ചാറുപേരും ക്യാമ്പിൽ പോയി. ചൂടുള്ള ഉപ്പുമാവും പഴവും കാപ്പിയും ഒന്നിച്ചു കഴിച്ചു. ക്യാമ്പിലെ രണ്ടാഴ്ചക്കാലം അവരുടെ ആഘോഷക്കാലമായി. ക്യാമ്പ് കുടുംബം പോലെയായി. അപ്പൂപ്പായെന്നും അമ്മേയെന്നും അമ്മമ്മയേന്നുമൊക്കെയുള്ള വിളികൾക്ക് അവർ തിരിഞ്ഞുനോക്കാൻ പഠിച്ചു.
ക്യാമ്പ് അവസാനിച്ച ദിവസം കടത്തിണ്ണയിലേക്ക് വരുമ്പോൾ അയാൾ പറഞ്ഞു “ഇനിയിങ്ങനെ നീ കള്ള് കുടിക്കണ്ട. ഉറക്കം വരണില്ലെങ്കിൽ നമുക്ക് മിണ്ടിയും പറഞ്ഞുമിരിക്കാം.”
ഒരുപാധിയുമില്ലാത്ത സ്നേഹത്തിന്റെ തെളിച്ചം അവരിൽ നിറഞ്ഞു. അവരിലും ആകാശത്തും മഴ മാറി വെയിലു വന്നു. തട്ടുകടയിലേക്ക് വെള്ളമെത്തിക്കലും പാത്രം കഴുകലുമൊക്കെ അവർ ഒന്നിച്ച് ചെയ്തു. ഒരുമിച്ച് പുഴയിലേക്ക് പോയി. ഒരേ കടത്തിണ്ണയിൽ ഉറങ്ങി. ഉത്സവങ്ങൾ കാണാൻ പോയി. പ്രസാദസദ്യയുണ്ടു. ആകാശത്തെ നക്ഷത്രങ്ങൾക്ക് പേരിട്ടു. ഭിത്തിയിലൊട്ടിച്ച സിനിമാ പോസ്റ്ററുകളുടെ കഥ ഭാവനയിൽ കണ്ട് പറഞ്ഞുചിരിച്ചു... അവരെ ഒരുമിച്ചല്ലാതെ കാണുന്നത് തന്നെ അപൂർവ്വമായി.
അങ്ങനെയൊരു ദിവസം ഉറങ്ങാൻ കിടന്ന അയ്യപ്പൻ പിന്നെ എണീറ്റില്ല. തണുത്ത് മരവിച്ച ശരീരം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോലീസെത്തി വിവരമെടുക്കുമ്പോൾ ചോദിച്ചു.
“നിങ്ങളാരാ? ഭാര്യയാണോ, ബന്ധുവാണോ...”
സാവിത്രി ഒന്നും മിണ്ടിയില്ല. അയാളുടെ എല്ലാമായിരുന്നിട്ടും ആരുമല്ലെന്ന് തലയാട്ടി. അന്ന് സാവിത്രി വീണ്ടും ബിവറേജിലേക്ക് പോയി. കുടിച്ച് ഛർദിച്ച് ആകാശം നോക്കി കിടന്നു. ആകാശത്ത് കണ്ട മിന്നണ നക്ഷത്രത്തെ അയാളുടെ പേരിട്ട് വിളിച്ചു.
Content Highlights: Kina Kanum Neram Column by Sarojam K Mallya
Published: 04 Feb 2025, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented