'ചീങ്കണ്ണികളെക്കുറിച്ച് ടെലിഫിലിം നിര്മ്മിക്കാനായി നാഷണല് ജ്യോഗ്രഫി ചാനലിന്റെ അതിസുന്ദരിയായ ടെലിവിഷന് അവതാരക വന്നിരുന്നത് ഞാനോര്ക്കുന്നു.'

ഉദ്വേഗജനകമായ ആ കഥയുടെ പരിണാമ ഗുപ്തിയിൽ നെയ്യാർ റേഞ്ച് ഓഫീസിലെ വയർലസ്സിലൂടെ തിരുവനന്തപുരം പി ടി പി നഗറിലെ വൈൽഡ് ലൈഫ് വാർഡനും അവിടെ നിന്നും വഴുതക്കാട്ടെ വനംവകുപ്പ് ആസ്ഥാനത്തേയ്ക്ക് അറിയിക്കുകയും ആ വിവരം കൈമാറിക്കിട്ടിയ ഉടനെ അന്നത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്റെ നടപടി അംഗീകരിച്ച് ഉത്തരവിറക്കുകയും ചെയ്യുകയായിരുന്നു അതിലൂടെ വലിയ ഒരനിശ്ചിതത്വം ഒഴിവായിക്കിട്ടി എന്ന് പറഞ്ഞാൽ കഴിഞ്ഞല്ലോ. ഞാനന്ന് ചെയ്തത് വിവേചന യുക്തിക്ക് നിരക്കുന്നതല്ലെന്നും മറിച്ച് കേവലം നിവൃത്തികേട് മാത്രമായിരുന്നുവെന്നും എനിക്കറിയാം. അതുപോലെ കൂകിയാർത്ത് അസഭ്യം ചൊരിഞ്ഞുകൊണ്ടിരുന്ന ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായ പ്രതികരണങ്ങളും ഒരിക്കലും ന്യായീകരിക്കാൻ ആകുകയില്ല. പക്ഷേ..!
അടുത്തതായി വലിയ ആഹ്ളാദാരവങ്ങളോടും അട്ടഹാസങ്ങളോടും കൂടി നാട്ടുകാർ കൂട്ടംകൂടുകയും വനം വകുപ്പിന്റെ തന്നെ ബോട്ടുകളിൽ കയറി റിസർവ്വോയറിന്റെ മധ്യത്തിൽ പൊങ്ങിക്കിടന്ന ചീങ്കണ്ണിയുടെ ശവശരീരം ചുമന്ന് കരയിലെത്തിക്കുകയുമായിരുന്നു. അവിടെ ആരുടേയും അനുവാദം ചോദിക്കലോ മറുപടിക്കായി കാത്ത് നിൽക്കലോ ഒന്നും ഇല്ല. അക്ഷരാർത്ഥത്തിൽ ഒരു താണ്ഡവ നൃത്തം തന്നെയായിരുന്നു പിന്നീട് അവിടെ അരങ്ങേറിയത്. ചീങ്കണ്ണിയുടെ ശവശീരത്തിനുമുകളിൽ കയറിത്തുള്ളിച്ചാടിയും കാർക്കിച്ച് തുപ്പിയും തല്ലിച്ചതച്ചും വായ വലിച്ച് പിളർത്തിയും പല്ലുകൾ അടിച്ച് കൊഴിച്ചും ആളുകൾ കോപം തീർത്തുകൊണ്ടിരുന്നു!.
അതൊക്കെ കണ്ടപ്പോൾ ഞാൻ മേൽ സൂചിപ്പിച്ച സർക്കിൾ ഇൻസ്‌പെക്ടർ എന്നോട് 'അനീ, ചീങ്കണ്ണിയുടെ ശവത്തിൽ ആളുകൾ അടിക്കുകയും ചവിട്ടുകയും ഒക്കെ ചെയ്യുന്നുണ്ട്. നിങ്ങൾക്ക് എന്തെങ്കിലും പരാതിയുണ്ടോ? ഞങ്ങൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?' എന്നാണ് ചോദിച്ചത്. എന്നാൽ തൊട്ടുമുൻപ് അവിടെ വച്ചുതന്നെ അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ ഞാൻ നേരിട്ട് കണ്ടതാണല്ലോ. അതുകൊണ്ട് തന്നെ 'എനിക്ക് പരാതിയൊന്നും ഇല്ല സാർ. നമ്മളിപ്പോൾ ഇടപെടാതിരിക്കുന്നതല്ലേ നല്ലത്...' എന്നാണ് ഞാൻ തിരിച്ച് ചോദിച്ചത്. സത്യത്തിൽ ആ സാഹചര്യത്തിൽ നമ്മൾ പിന്നാക്കം വലിയുന്നതാണ് നല്ലതെന്നാണ് എനിക്ക് തോന്നിയതും. എന്തായാലും 'പ്രശ്‌നക്കാരനായി മുദ്ര കുത്തപ്പെട്ട' ചീങ്കണ്ണി ചത്തുകഴിഞ്ഞല്ലോ!.
'അതെ, അതാണ് ബുദ്ധി', എന്നായി അദ്ദേഹത്തിന്റെ പ്രതികരണം. ഇങ്ങോട്ട് പറയാനാകില്ലായിരുന്നെങ്കിലും എന്നിൽ നിന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്ന മറുപടിയും അത് തന്നെയാകണം. എന്നാൽ ആ ബഹളത്തിനിടയിൽ ഏതോ വിരുതൻ ചീങ്കണ്ണിയുടെ വാലിന്റെ അറ്റം കറി വയ്ക്കാനായി മുറിച്ചുകൊണ്ട് പോകുകയും ചെയ്തു. (ആളെ കുറെ നാളുകൾക്ക് ശേഷം തിരിച്ചറിയാൻ കഴിഞ്ഞുവെങ്കിലും തുടർ നടപടികളൊന്നും സ്വീകരിക്കാനായില്ല എന്നതും പറഞ്ഞോട്ടെ.)
ഒന്നുരണ്ട് മണിക്കൂറുകൾ കഴിഞ്ഞിരിക്കണം. ആകാംക്ഷയും ആവേശവും നശിച്ച കാണികൾ പതിയെ ഓരോരുത്തരായി പിരിഞ്ഞ് പോകാൻ തുടങ്ങി. സന്ധ്യ മയങ്ങിത്തുടങ്ങിയപ്പോൾ ആ വിശാലമായ നെയ്യാർ ജലസംഭരണിയുടെ കരയിൽ പോലീസിനും വനംവകുപ്പുദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും പിന്നെ വിറങ്ങലിച്ചു കിടന്ന ചീങ്കണ്ണിയുടെ ശവശരീരത്തിനും പുറമേ പരേതന്റെ ഏറ്റവും അടുത്ത കുറച്ച് ബന്ധുക്കൾ മാത്രമാണുണ്ടായിരുന്നത്! അത് തിക്തമായ ഒരോർമ്മപ്പെടുത്തലായി മനസ്സിലിന്നും മായാതെ കിടക്കുന്നു. എന്നാൽ അപ്പോഴും അപകടത്തിൽപ്പെട്ട ജെയിംസ് നാടാരുടെ (സുകുമാരൻ നാടാർ) മൃതദേഹം പൊങ്ങിയിരുന്നില്ല. എന്നതാണ് വാസ്തവം!.
കഥ അവിടം കൊണ്ട് അവസാനിക്കുന്നില്ല. രാത്രി മുഴുവൻ ചീങ്കണ്ണിയുടെ ശവത്തിന് കാവലായി നെയ്യാർ റെയ്ഞ്ചിലെ മൂന്നാല് വാച്ചറന്മാർ ജലസംഭരണിയുടെ തീരത്ത് കാവൽ കിടന്നു. അന്നുമുഴുവൻ അനുഭവിച്ച അവമതിക്കും വൈതരണികൾക്കും മാനസികാഘാതത്തിനും മറുമരുന്നായി അമ്പൂരിയിലെ ചില വേണ്ടപ്പെട്ട സുഹൃത്തുക്കൾ 'പകർന്ന് നൽകിയ സാന്ത്വനവുമായി' മഹാക്ഷീണങ്ങൾക്ക് അറുതി വരുത്താൻ ഞങ്ങൾ നെയ്യാർഡാമിലെ ക്വാർട്ടേഴ്‌സുകളിലേയ്ക്ക് മടങ്ങി.
സ്ഥലത്തെ എംഎൽഎയും മറ്റും മുൻകൈ എടുത്ത് തിരുവനന്തപുരം ജില്ലാ കളക്ടർ വഴി നേവിയെ അറിയിച്ചിട്ടുണ്ടെന്നും രാവിലെ തന്നെ നേവിയുടെ മുങ്ങൽ വിദഗ്ധർ സ്ഥലത്തെത്തുമെന്നും വൈൽഡ് ലൈഫ് വാർഡൻ (ഡിഎഫ്ഒ) എന്നോട് പറഞ്ഞു. പിറ്റേന്ന് നേരം പുലർന്നപ്പോഴും ബോഡി പൊങ്ങിയിട്ടില്ല എന്നറിഞ്ഞതിനോടൊപ്പം തന്നെ നേവിയുടെ വിദഗ്ധർ എത്തില്ലെന്നും ഉള്ള വിവരമാണ് ഞങ്ങൾക്ക് കിട്ടിയത്. നരഭോജികളായ ചീങ്കണ്ണികൾ നിറഞ്ഞ ജലാശയത്തിൽ സെർച്ച് ഓപ്പറേഷനുകൾ നടത്താനുള്ള സാങ്കേതിക വൈദഗ്ധ്യം ഇന്ത്യൻ നേവിക്ക് ഇല്ലാത്തതാകാം കാരണമെന്ന് ഡിഎഫ്ഒ പറഞ്ഞത് കേട്ടപ്പോൾ ഓസ്ട്രേലിയയിലൊക്കെ വലിയ 'ഉപ്പുമുതലകൾ' (Salt water crocodile) മനുഷ്യരെപ്പിടിക്കുന്നത് അറിഞ്ഞാണോ അവരങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് ഞാൻ അത്ഭുതപ്പെട്ടുപോയി. നെയ്യാർ ജലസംഭരണിയുടെ അടിത്തട്ടിൽ എവിടെയോ കിടക്കുന്ന ശവശരീരം മുങ്ങിത്തപ്പുന്നതിൽ അത്തരം ഗുരുതരമായ ഒരു അപകടം ഇല്ലെന്ന് അവർക്കറിയണമെന്നില്ലല്ലോ എന്ന് സമാധാനിച്ചു. എങ്കിലും നെയ്യാറിലെ ചീങ്കണ്ണികൾ അത്രമേൽ നൃശംസതയ്ക്ക് പാത്രീഭവിച്ച് കഴിഞ്ഞിരുന്നുവെന്ന് സാരം!.
അടുത്തതായി മത്സ്യഫെഡ്ഡിന് ജലാശയങ്ങളിൽ വെള്ളത്തിനടിയിൽ നെത്തോലി പോലുള്ള ചെറിയ മീനുകളെപ്പോലും കണ്ടുപിടിക്കത്ത 'റെസല്യൂഷനുള്ള' (Reoslution) ഒരു ക്യാമറ അടുത്ത് കിട്ടിയിട്ടുണ്ടെന്നും അതുമായി സംഘാംഗങ്ങൾ കാലത്തേ തന്നെ എത്തുമെന്നും ഡിഎഫ്ഒ തന്നെ എന്നെ ഫോണിൽ വിളിച്ചറിയിച്ചു. അതോട് കൂടി എല്ലാവർക്കും വലിയ ആശ്വാസമായി. എന്തായാലും അവരെത്തുന്നതോടെ മൃതദേഹം കണ്ടെത്താനാകുമെന്നുറപ്പ്. രാവിലെ തന്നെ തയ്യാറായി ഞങ്ങൾ എല്ലാവരും തലേ ദിവസം സംഭവം നടന്ന കടവിൽ എത്തി. ചീങ്കണ്ണിയുടെ ശവം നോക്കാൻ കാവൽ നിറുത്തിയിരുന്ന വാച്ചർമ്മാർ കുളിക്കാനും മറ്റുമായി വീടുകളിലേയ്ക്ക് മടങ്ങി. നേരം പിന്നെയും ഇഴഞ്ഞ് നീങ്ങിക്കൊണ്ടിരുന്നു. പന്ത്രണ്ട് മണിയെങ്കിലും കഴിഞ്ഞിരിക്കണം. അന്ന് എന്റെ കൂടെ ജോലി ചെയ്തിരുന്ന ബീറ്റ് ഓഫീസറായ ചന്ദ്രബാബു (അദ്ദേഹം നെയ്യാറ്റിൻകരയിൽ വച്ച് ഒരു ബസ്സ് അപകടത്തിൽപ്പെട്ട് അടുത്തിടെ മരണപ്പെടുകയുണ്ടായി) എന്നോടായി വന്ന് സ്വകാര്യത്തിൽ പറഞ്ഞു.
'സാർ... മരണം കഴിഞ്ഞ് നേരത്തോട് നേരം ആയിരിക്കുന്നു. എങ്ങനെയായാലും ബോഡി പൊങ്ങേണ്ട സമയം ആയി. ഇനി മറ്റേതെങ്കിലും ചീങ്കണ്ണി അത് വലിച്ച് കെട്ടിയിരിക്കുന്ന വലയ്ക്കപ്പുറത്തേയ്ക്ക് കൊണ്ട് പോയിട്ടുണ്ടെങ്കിലോ..? ഫിഷറീസുകാർ വരുമ്പോൾ വരട്ടെ. അതിനിടയിൽ നമുക്ക് നമ്മുടെ മൂന്ന് ബോട്ടുകളും ഇവിടെ കുറുകേയും നെടുകേയും ഓടിച്ച് ഓളങ്ങളുണ്ടാക്കിയാൽ ഒരു പക്ഷെ അടിത്തട്ടിൽ ചെറിയ സമ്മർദ്ദം അനുഭവപ്പെട്ട് ബോഡി പൊങ്ങിയാലോ..?'
ശരിക്കും പ്രായോഗികമതിയായ അദ്ദേഹം പറഞ്ഞ സാധ്യതയെപ്പറ്റി ഞാൻ ബോധവാനായാത് അപ്പോഴാണ്. എന്നിരുന്നാലും അതരമേൽ ഉറപ്പ് ഒന്നുമില്ലാത്ത കാര്യമാണ്. പക്ഷേ മത്സ്യഫെഡ്ഡുകാർ വെള്ളത്തിനടിയിലെ നെത്തോലികളെ വരെ കണ്ടെത്തുന്ന അത്യാധുനിക ക്യാമറയുമായി എപ്പോൾ എത്തും എന്നതിന് ഒരുറപ്പും ഇല്ലാത്തതിനാൽ അങ്ങനെ തന്നെ ചെയ്യാമെന്ന് ഞാൻ പറയുകയായിരുന്നു. ചന്ദ്രബാബുവിന്റെ ആ നിർദ്ദേശം അക്ഷരം പ്രതി ശരിയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. വലകെട്ടിത്തിരിച്ച ഭാഗത്ത് 'ഔട്ട് ബോർഡ് എൻജിൻ' ഘടിപ്പിച്ച സ്പീഡ് ബോട്ടുകളും (Out Board Engines) വലിയ പാസ്സഞ്ചർ ബോട്ടും ഇട്ട് കുറുകേയും നെടുകേയും ഓടിച്ചപ്പോൾ അരമണിക്കൂറിനകം ആ ശവശരീരം പൊന്തുകയായിരുന്നു! പ്രതീക്ഷിച്ചത് പോലെ അദ്ദേഹത്തിന്റെയും ചുമലിലാണ് ചീങ്കണ്ണിയുടെ കടിയേറ്റിരുന്നത്. കൈയ്യിലായിരുന്നെങ്കിൽ അത് മുറിഞ്ഞ് വേർപെട്ടിട്ടാണെങ്കിലും രക്ഷപ്പെടാനുള്ള ചെറിയ സാധ്യത അവശേഷിക്കുമായിരുന്നു എന്ന് സാരം!.
അപ്പോഴേയ്ക്കും നെയ്യാർ ഡാമിൽ നിന്ന് പോലീസ് സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം അവിടെ സന്നിഹിതരായിരുന്നു. മൃതശരീരം അന്ന് ലയൺ സഫാരിയ്ക്ക് യാത്രക്കാരെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന സ്വരാജ് മസ്ദ ബസ്സിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് കയറ്റിക്കൊണ്ടുപോയത്. പോലീസുകാർക്കൊപ്പം ഞാനും എന്റെ ജീപ്പിൽ അവരെ അനുധാവനം ചെയ്തു. പോകുന്ന വഴി നെയ്യാർ ഡാമിനടുത്ത് എത്തിയപ്പോൾ മത്സ്യഫെഡ്ഡിന്റെ വക മിനി ബസ്സ് എതിരേ വളവ് തിരിഞ്ഞ് വരുന്നത് കണ്ടു. അവരെക്കണ്ട് ഞങ്ങൾ വണ്ടി നിറുത്തി. അതിനൂതന ക്യാമറയുമായി എത്തിയിരിക്കുന്ന അവരോട് ശവശരീരം സ്വമേധയാ പൊങ്ങിയെന്നും അതുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് പോകുകയാണെന്നും പറഞ്ഞു. ഓക്കേ പറഞ്ഞ് അവർ വന്നവഴി തിരിച്ച് പോകുകയും ചെയ്തു. ചീങ്കണ്ണി ആക്രമണത്തിൽ മരിച്ച രാജമ്മയുടെ മകൻ ബൈജുവിനും ജെയിംസ് നാടാരുടെ മകൾക്കും വനംവകുപ്പ് താത്കാലിക വാച്ചറന്മാരായി ജോലി കൊടുക്കുകയും ചെയ്തു. പിന്നീട് അവർ സ്ഥിരനിയമനം നേടുകയും ചെയ്തു. ഈ പരമ്പര വായിച്ചിട്ട് ഇപ്പോൾ നെയ്യാറിലെ ഇൻസ്‌പെക്ഷൻ ബംഗ്‌ളാവിൽ കുക്ക് ആയ രാജമ്മയുടെ മകൻ ബൈജു എന്നെ വിളിക്കുകയും രണ്ടുമൂന്ന് ചിത്രങ്ങൾ അയച്ചുതരികയും ചെയ്യുകയുണ്ടായി എന്നതും പറഞ്ഞുകൊള്ളട്ടെ.
അക്കൊല്ലം തന്നെ സാമ്പത്തിക വർഷത്തിന്റെ അവസാനം മാർച്ച് മാസത്തിൽ കേന്ദ്രഫണ്ടിന്റെ ഏതോ ബഡ്ജറ്റ് ശീർഷകത്തിൽ പൈസ ബാക്കിയുള്ളതിനാൽ നെയ്യാറിൽ സംരക്ഷണ ആവശ്യങ്ങൾക്കുപയോഗിക്കുന്ന ബോട്ടുകൾക്ക് നാൽപത് കുതിരശ്ശക്തിയുടെ രണ്ട് ഔട്ട് ബോർഡ് എൻജിനുകൾ വാങ്ങാൻ തീരുമാനിച്ചത് പ്രകാരം മത്സ്യഫെഡ്ഡിൽ നിന്നും പ്രൊഫോർമ ഇൻവോയിസ് വാങ്ങാനായി ഞാനും എന്റെ മറ്റൊരു സെക്ഷൻ ഫോറസ്റ്ററായ വിവേകാനന്ദനും (പിൽക്കാലത്ത് റെയ്ഞ്ച് ഓഫീസറായ അദ്ദേഹം ജോലി ഉപേക്ഷിച്ച് കുടുംബ സമേതം കാനഡയിലേയ്ക്ക് കുടിയേറുകയായിരുന്നു.) ഒത്ത് പോയതാണ് അടുത്ത രംഗം.
ഞങ്ങൾ മത്സ്യഫെഡ്ഡിന്റെ ഓഫീസിലെത്തുകയും അവിടത്തെ സ്റ്റാഫുകളുമായി പരിചയപ്പെട്ട് ബോട്ട് എൻജിന്റെ വിശദാംശങ്ങൾ ആരാഞ്ഞുകൊണ്ടിരിക്കുകയും ആയിരുന്നു. അപ്പോൾ പുറത്ത് നിന്നിരുന്ന വിവേകാനന്ദൻ അവിടത്തെ ഏതോ ഒരു ജീവനക്കാരനുമായി മുൻപ് നെയ്യാർഡാമിൽ നടന്ന ചീങ്കണ്ണി ആക്രമണത്തെക്കുറിച്ചും മത്സ്യഫെഡ്ഡിന്റെ കൈവശമുള്ളതും വെള്ളത്തിനടിൽ ഒരു നെത്തോലി മീനിനെപ്പോലും കണ്ടെത്താൻ ശേഷിയുള്ളതുമായ ക്യാമറയെത്തുന്നത് കാത്തിരിക്കുകയും ചെയ്ത സംഭവം പറയാനിടയായി. അപ്പോൾ അക്ഷരാർത്ഥത്തിൽ വിവേകാനന്ദനെ ഞെട്ടിച്ചുകൊണ്ട് അയാൾ പറഞ്ഞത് ഇപ്രകാരം ആയിരുന്നത്രേ. 'അയ്യോ..പൊന്നു സാറേ അതിന്റെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്. പിറ്റേന്ന് നേവിക്കാരും വരില്ലെന്ന് പറഞ്ഞപ്പോൾ മുതൽ ഞങ്ങളാകെ പേടിച്ചിരിക്കുകയായിരുന്നു. ഉത്തരവ് കിട്ടിയപ്പോൾ പോകാതിരിക്കാൻ പറ്റാത്തോണ്ട് ഇവര് ഇറങ്ങിപ്പുറപ്പെട്ടതാ. രണ്ടും കൽപിച്ച്...' എന്തോ ചിന്തിക്കുന്ന മാതിരി ഒന്ന് നിറുത്തിയിട്ടാണ് അയാൾ ബാക്കി മുഴുമിപ്പിച്ചതത്രേ.'എന്തായാലും ഡാമിനടുത്ത് എത്തിയപ്പോൾ നിങ്ങൾ എതിരേ ഡെഡ്‌ബോഡിയുമായി വരുന്നത് കണ്ടപ്പോൾ ഞങ്ങൾക്കെല്ലാം എന്തെന്നില്ലാത്ത ആശ്വാസമാണ് തോന്നിയത്.' ആ പറച്ചിലിൽ എന്തോ അസ്വാഭാവികത മണത്ത വിവേകാനന്ദൻ വീണ്ടും ചോദിച്ചപ്പോഴാണ് അയാൾ ബാക്കി കൂടി പറഞ്ഞത്.
'ക്യാമറയുള്ളതൊക്കെ ശരി തന്നെ സാറേ...പക്ഷെ അത് കടലിനകത്ത് ഒരു നെത്തോലി മീനിനെ കണ്ടുപിടിക്കാനുള്ളതല്ല. ചാകര വരുന്നത് കണ്ടുപിടിക്കാനുള്ളതാണ്. ചാകര നെത്തോലിയാണെങ്കിലും കിട്ടും. ചലിക്കുന്ന വസ്തുക്കളല്ലാതെ അതിലൊന്നും പതിയില്ലെന്നാണ് ഞാൻ കേട്ടിട്ടുള്ളത്...!' അമ്പരന്ന് വായയും പൊളിച്ച് നിൽക്കുന്ന ഫോറസ്റ്ററെ നോക്കി അയാളൊന്ന് നിറുത്തി. പിന്നെ ശബ്ദം താഴ്ത്തി ബാക്കി പറഞ്ഞു.'എന്റെ സാറേ...ഇത് ഞാനിവിടെ പറയുന്നത് കേട്ടതാണ്. അല്ലാതെ എനിക്കൊന്നുമറിയില്ലേ. ദയവായിട്ട് ഞാനാണിത് പറഞ്ഞതെന്ന് ആരോടും പറയല്ലേ. എങ്കിൽ ഇനി അതാകും അടുത്ത പുകില്.'
ഒരുടവേളയ്ക്ക് ശേഷം ആത്മഗതമെന്നോണമാണത്രേ അയാൾ മുഴുമിപ്പിച്ചത്. 'ഇന്നത്തെ കാലം തീരെ മോശമാണ്. ആർക്കും ആരേയും വിശ്വാസിക്കാൻ പറ്റില്ല, അതുകൊണ്ട് പറഞ്ഞതാണ്. എന്തായാലും അതങ്ങനെ കഴിഞ്ഞ് പോയല്ലോ. അത് തന്നെ ഭാഗ്യം എന്ന് കരുതിയാൽ മതി!'. എന്തായാലും രണ്ടാമത്തെ മരണത്തോടെ ചീങ്കണ്ണികളെ നിയന്ത്രിക്കാൻ എന്തെങ്കിലും കാര്യമായി ചെയ്യാതെ പറ്റില്ലെന്ന് എല്ലാപേർക്കും ബോധ്യം വന്നു. അങ്ങനെയാണ് നെയ്യാറിലെ ജലസംഭരണിക്ക് ചുറ്റിനും താമസിക്കുന്ന ആൾക്കാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള 'ഇക്കോ ഡെവലപ്‌മെന്റ് കമ്മറ്റികളെ' (പൊതുജനപങ്കാളിത്തത്തോട് കൂടിയുള്ള വനസംരക്ഷണത്തിന്റെ ഭാഗമായി രൂപീകരിക്കുന്ന വനാശ്രിത സമൂഹത്തിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന കമ്മറ്റികളെ ദേശീയോദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും ഇക്കോ ഡെവലപ്‌മെന്റ് കമ്മറ്റികളെന്നും (EDC) എന്നും മറ്റ് വനപ്രദേശങ്ങളിൽ വനസംരക്ഷണ സമിതികളെന്നും (VSS) പറയുന്നു) ഏൽപ്പിക്കുന്നത്.
നെയ്യാർ ജലസംഭരണിയിൽ ജനവാസമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ നിന്ന് അത്തരത്തിൽ ഇഡിസികൾ ചേർന്ന് ഒൻപതോളം ചീങ്കണ്ണികളെ ജീവനോടെ പിടിച്ച് മാറ്റുകയായിരുന്നു. ഒരു ചീങ്കണ്ണിക്ക് നാലായിരം രൂപ ഇനാം ആണ് നൽകിയിരുന്നത്. ഇന്നത്തെ അമ്പൂരി പഞ്ചായത്ത് പ്രസിഡണ്ടായ തോമസ് മംഗലശ്ശേരിയുടെ നേതൃത്വത്തിലുണ്ടായിരുന്ന മായം ഇ ഡി സിയും രാജു പൈനാപ്പള്ളി, ബീന കുര്യൻ എന്നിവരുടെ നേതൃത്വത്തിലുണ്ടായിരുന്ന പുട്ടുകല്ല് ഇഡിസിയും ആണ് അതിൽ മിക്കതിനേയും പിടിച്ചതും. അവയിൽ പലതും പല കാരണങ്ങളാൽ പിന്നീട് ചത്ത് പോകുകയുണ്ടായി. അതിലോരു കാരണം പലതിനേയും ആൾക്കാർ ചൂണ്ടയിൽ പിടിച്ചതാണെന്നതാണ് പിന്നീട് അറിയാൻ കഴിഞ്ഞത്. ചൂണ്ടയിൽത്തന്നെ വലിച്ച് കയറ്റുമ്പേൾ അവയുടെ ആന്തരികാവയവങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണല്ലോ.
എന്തായാലും അതോട് കൂടി നെയ്യാറിലെ ചീങ്കണ്ണി ആക്രമണങ്ങൾക്ക് ഏതാണ്ട് ശാശ്വത പരിഹാരം ആകുകയാണുണ്ടായത്. കൈത്തീറ്റ കൊടുത്ത് വളർത്തിയതും മനുഷ്യ ആവാസ കേന്ദ്രങ്ങളോട് അടുത്ത് താമസിച്ചിരുന്ന പ്രശ്‌നക്കാരായ ചീങ്കണ്ണികളെ ആയിരിക്കാം അത്തരത്തിൽ പിടിച്ച് മാറ്റിയിട്ടുണ്ടാവുക എന്ന് കരുതുന്നു. അന്ന് നെയ്യാർ വന്യജീവി സങ്കേതത്തിൽ സോഷ്യോളജിസ്റ്റുകളായി പ്രവർത്തിച്ചിരുന്ന നജീമിന്റേയും മുരളിയുടേയും ഫീൽഡ് തലത്തിലെ പ്രവർത്തനങ്ങളും ഏകോപനങ്ങളും എത്രമേൽ ശ്ലാഘിച്ചാലും മതിയാവുകയില്ല. പിൽക്കാലത്ത് തിരുവനന്തപുരത്തുതന്നെ കെഎസ്ആർടിസിയിൽ ചെക്കിംഗ് ഇൻസ്‌പെക്ടറായ നജീം ഇന്നും വിളിക്കുമ്പോൾ പഴയ ഓർമ്മകൾ അയവിറക്കാറുണ്ട്.
നെയ്യാർ ജലസംഭരണിയിൽത്തന്നെ ഉൾപ്രദേശങ്ങളായ കൊമ്പൈ, പുരവിമല, തെന്മല തുടങ്ങിയ സ്ഥലങ്ങളിലെ ആദിവാസി ഉന്നതികളോട് ചേർന്ന് പലയിടത്തും വലിയ ചീങ്കണ്ണികളെ കാണാറുണ്ടെങ്കിലും അവയൊന്നും തന്നെ ഇന്നോളം മനുഷ്യരെ ആക്രമിച്ചതായി കേട്ടുകേൾവിയില്ല എന്നതും കൂടി ചേർത്ത് പറഞ്ഞോട്ടെ. ഇനി കാടും ജീവികളേയും അറിയുന്ന ആദിവാസികൾ പ്രകൃതിയുമായി സരസപ്പെട്ട് കഴിയുന്നതും സഹിഷ്ണുത പുലർത്തുന്നതും ആകാം അതിന് കാരണം എന്നും വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം!.
മനുഷ്യ-വന്യജീവി സംഘർഷങ്ങൾ അത്രമേൽ ചർച്ചയ്ക്ക് വിധേയപ്പെടാതിരുന്ന അന്നത്തെ കാലത്ത് നെയ്യാറിലെ നരഭോജികളായ ചീങ്കണ്ണികളായിരുന്നു ഏറ്റവും കൂടുതൽ പ്രശ്‌നക്കാരായിരുന്നത്. മൊബൈൽ ഫോണോ സാമൂഹിക മാധ്യമങ്ങളോ പ്രചാരത്തിലേ ഇല്ലായിരുന്ന അന്ന് കൊച്ചുകേരളത്തിലെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന നെയ്യാർ ഡാമിലെ ചീങ്കണ്ണികളെക്കുറിച്ച് ടെലിഫിലിം നിർമ്മിക്കാനായി ഓസ്‌ട്രേലിയയിൽ നിന്നും നാഷണൽ ജ്യോഗ്രഫി ചാനലിന്റെ ഒരു ടീം ഇന്ത്യൻ വംശജയും കാനഡക്കാരിയും അതിസുന്ദരിയുമായ ഒരു ടെലിവിഷൻ അവതാരകയുമായി വന്നിരുന്നത് ഞാനോർക്കുന്നു. ചീങ്കണ്ണി പ്രശ്‌നത്തെപ്പറ്റി വനംവകുപ്പിലെ ഉന്നതരാരും സംസാരിക്കാൻ തയ്യാറാകാത്തത് കൊണ്ടാണോ എന്നറിയില്ല അതിനുള്ള അവസരം അവസാനം എനിക്കാണ് കിട്ടിയത്.
'മുകളിൽ' നിന്ന് എനിക്കുണ്ടായിരുന്ന കർശന നിർദ്ദേശങ്ങൾ പ്രകാരം അവരിൽ നിന്ന് മുൻകൂട്ടി എഴുതി തയ്യാറാക്കിയ ചോദ്യാവലി വാങ്ങി വായിച്ച് ഉത്തരം നിശ്ചയിച്ചുറച്ചാണ് ഞാനും ആ മഹതിയും ചീങ്കണ്ണിക്കൂടുകൾക്ക് ഇടയിലൂടെ നടന്നും തമാശകൾ പറഞ്ഞും അന്ന് അഭിനയിച്ചത്. അവരുടെ ആക്‌സന്റ് (Accent) മനസ്സിലാക്കുന്നത് വല്ലാത്ത തൊന്തരവായി തോന്നിയപ്പോൾ മുൻകൂർ ചോദ്യാവലി വാങ്ങിയതും നന്നായി എന്ന് തോന്നാതിരുന്നില്ല. ഇല്ലെങ്കിൽ ഫോട്ടോ ഷൂട്ട് ചിലപ്പോൾ സമയത്ത് അവസാനിക്കാതെ പോയേനേ. കാരണം അവരുടെ ചോദ്യം മനസ്സിലായാലല്ലേ, എനിക്ക് ഉത്തരം പറയാൻ പറ്റൂ!
പുത്തനുടുപ്പൊക്കെ അണിഞ്ഞ് അന്ന് ഷൂട്ടിന് ചെന്ന അവിവാഹിതനായിരുന്ന എന്നോട് ആ അപ്‌സര കന്യക (?) തമാശകൾ പറഞ്ഞും കൈകളിൽ പിടിച്ചും ഉന്തിയും തള്ളിയുമൊക്കെ അഭിനയിച്ചപ്പോൾ ഹർഷോന്മാദത്താൽ ഞാൻ തരളിതനായിപ്പോയി എന്നത് പറയാതെ വയ്യല്ലോ. പക്ഷെ ആ സംഭവം പിന്നീട് ടെലികാസ്റ്റ് ചെയ്ത് വന്നതിന് ശേഷം (ഭാഗ്യത്തിന് ഞാനത് ഇന്നോളം കണ്ടിട്ടില്ല. ഇപ്പോൾ ഇന്റർനെറ്റിലൊക്കെ പരതി നോക്കിയെങ്കിലും ഫലം തഥൈവ!) എന്റെ പരിതാപകരമായ ഇംഗ്‌ളീഷ് ഉച്ചാരണത്തെക്കുറിച്ച് ഒരു മദ്യപാന സദസ്സിൽ വച്ച് സെൻട്രൽ എക്‌സൈസിൽ ഇൻസ്‌പെക്ടറായിരുന്ന ഒരു സുഹൃത്ത് നിശിതമായി കളിയാക്കിയതും അതുകേൾക്കെ ആകെ ചമ്മിപ്പോയ ഞാൻ ആത്മവിശ്വാസം വീണ്ടെടുക്കാനും ദുഃഖങ്ങൾക്ക് അവധി കൊടുക്കാനുമായി പതിവിലും രണ്ടെണ്ണം കൂടുതലായി അകത്താക്കിയതും ഇന്നും മറന്നിട്ടില്ല. ആ അഭൗമ സൌന്ദര്യത്തിന് മുന്നിൽ വച്ച് അവരുടെ 'ആക്‌സന്റ്' മനസ്സിലാക്കാനും മറുപടി പറയാനുമായി ഞാനനുഭവിച്ച പെടാപ്പാട് അയാൾക്ക് അറിയില്ലല്ലോ എന്ന് സമാധാനിക്കാം!
(തുടരും)
Content Highlights: Relive the harrowing Neyyar dam crocodile attack incident. Learn about the challenges faced, the community`s response, and the measures taken for wildlife management.
Published: 27 Jan 2026, 10:05 am IST
ABOUT THE AUTHOR
കേരള വനം വകുപ്പില് നിന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്സര്വ്വേറ്ററായി വിരമിച്ചു. ചിന്ത പബ്ലിഷേഴ്സ് വഴി കാട് പറഞ്ഞ കഥകള്, ആരണ്യകാണ്ഡം എന്നീ കഥാ സമാഹാരങ്ങളും ലോഗോസ് ബുക്ക്സ് വഴി കാട്ടിലേയ്ക്ക് പോകാം എന്നൊരു യാത്രാവിവരണവും മാതൃഭൂമി ബുക്ക്സ് വഴി നാഗമാണിക്യം, ഗജമുത്ത്, വെള്ളിമൂങ്ങ- വനം കള്ളക്കടത്തിന്റെ കാണാപ്പുറങ്ങള് എന്നൊരു അനുഭവകഥയും കേരള
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented