ഹൈടെക്ക് സെക്യൂരിറ്റി സിസിടിവി ക്യാമറകളും ആയുധാരികളായി ജയിൽ ഗാർഡുകളും അത്യാധുനിക സായുധ വാഹനങ്ങളും സുരക്ഷ ഒരുക്കുന്ന ഇസ്രയേലി ജയിലുകൾക്ക് കാവൽ നിൽക്കാൻ ഇനി മുതലകളും? കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നാമെങ്കിലും ഗസയിൽനിന്ന് പിടികൂടിയ പലസ്തീൻ തടവുകാരെ പാർപ്പിച്ചിരിക്കുന്ന ജയിലുകൾക്ക് കാവലൊരുക്കാൻ മുതലകളെ
ഇറക്കാനാണ് ദേശീയ സുരക്ഷാ മന്ത്രി ബെൻ-ഗ്വിർ പദ്ധതി ഇട്ടിരിക്കുന്നത്. എന്നാൽ, സർക്കാരിന്റെ ഈ വിവാദ നീക്കത്തിനെതിരെ രാജ്യത്തെ വന്യജീവി വിദഗ്ധരും പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തിക്കഴിഞ്ഞു.

To advertise here,

2023 ഒക്ടോബറിന് ശേഷം ഗസയിൽനിന്ന് ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്ത ഹമാസ് പ്രവർത്തകർ ഉൾപ്പെടെയുള്ള പലസ്തീൻ തടവുകാരെ പാർപ്പിച്ചിരിക്കുന്ന ജയിലുകളുടെ സുരക്ഷ വർധിപ്പിക്കുക എന്നതാണ് വാദം. അതീവ സുരക്ഷാ വിഭാഗത്തിൽപ്പെടുന്ന ഈ തടവുകാർ ജയിൽ ചാടുന്നത് തടയാൻ മുതലകളെ കാവൽ നിർത്താനാണ് മന്ത്രി ബെൻ-ഗ്വിർ പദ്ധതിയിടുന്നത്.

ഇതിന് മുന്നോടിയായി, കഴിഞ്ഞ മാസം ഇസ്രയേൽ പരിസ്ഥിതി മന്ത്രി ഇഡിത് സിൽമാൻ മുതലകളുടെ സംരക്ഷിത പദവിയിൽ മാറ്റം വരുത്തിയിരുന്നു. ബെൻ-ഗ്വിറിന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരമായിരുന്നു ഈ നടപടി. ജയിലുകളിൽ മുതലകളെ ഉപയോഗിക്കുന്നത് നിയമപരമാക്കുന്നതിന്റെ ഭാഗമായി, മുതലകളെ 'സംരക്ഷിത വന്യജീവി' എന്ന പദവിയിൽനിന്ന് ഒഴിവാക്കി 'വാണിജ്യാവശ്യങ്ങൾക്ക് വളർത്താൻ കഴിയുന്ന ജീവികളുടെ'  ഗണത്തിലേക്ക് മാറ്റുകയായിരുന്നു.

സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഇപ്പോൾ ഇസ്രയേലിൽ നടക്കുന്നത്. പരിസ്ഥിതി മന്ത്രിയുടെ ഈ വിവാദ ഉത്തരവ് റദ്ദാക്കണമെന്നും ബെൻ-ഗ്വിറിന്റെ പദ്ധതിക്ക് തടയിടണമെന്നും ആവശ്യപ്പെട്ട് വന്യജീവി വിദഗ്ധരും പരിസ്ഥിതി പ്രവർത്തകരും രംഗത്തുവന്നിട്ടുണ്ട്.

രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും ക്രൂരമായ പരീക്ഷണങ്ങൾക്കുമായി മിണ്ടാപ്രാണികളെ കരുവാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നാണ് വന്യജീവി സ്നേഹികളുടെ പക്ഷം. തടവുകാരെ സൂക്ഷിക്കാൻ അത്യാധുനിക സംവിധാനങ്ങളും സായുധ വാഹനങ്ങളും സ്വന്തമായുള്ള ഇസ്രയേൽ ഇത്തരമൊരു പ്രാകൃത രീതിയിലേക്ക് തിരിയുന്നത് കടുത്ത വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.