മഴക്കാലം എത്തുന്നതോടെ പലപ്പോഴും കാറ്റത്ത് റബ്ബറിന്റേയോ മറ്റോ ചില്ലകള്‍ ഒടിഞ്ഞ് വീണ് പ്ലാന്റേഷനുള്ളിലെ വൈദ്യുതബന്ധം അപ്പാടെ താറുമാറാകുന്നത് അന്നൊക്കെ കാലടിയിലെ അതിരപ്പിള്ളി, വെറ്റിലപ്പാറ, കല്ലാല എസ്റ്റേറ്റുകളില്‍ സാധാരണയായിരുന്നു. അത് ശരിയാക്കിക്കിട്ടാൻ ചിലപ്പോള്‍ ദിവസങ്ങള്‍ കഴിയും.

To advertise here,

നേരം ഇരുട്ടുന്നതോട് കൂടി ആഹാരം കഴിക്കാനായി എസ്റ്റേറ്റിലെ ആശുപത്രി ക്യാന്റീനിലേയ്ക്കാണ് ഞാന്‍ പോകുമായിരുന്നതെന്ന് പറഞ്ഞുവല്ലോ. ചില ലയങ്ങളില്‍ നിന്നും തൊഴിലാളികള്‍ ഒറ്റയ്ക്കും തെറ്റയ്ക്കും ഭക്ഷണം കഴിക്കാനെത്താറുണ്ട്. അവര്‍ ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുമ്പോള്‍ മുഖത്തെ പേശികള്‍ വലിഞ്ഞുമുറുകുന്നതും തൊണ്ടയിലെ അന്നനാളത്തിന്റെ ആരംഭത്തിലായി മുന്നോട്ടും പിന്നോട്ടും ഓടിക്കളിക്കുന്ന മുഴയെ ഇടകണ്ണിട്ട് നോക്കിയും ഞാനിരിക്കും. ഇലയില്‍ കൂമ്പാരം കൂട്ടിയിടുന്ന ചോറും കറികളും ഉരുളകളാക്കി വായനിറച്ച് ആസ്വദിച്ച് തിന്നുകഴിഞ്ഞ് സിഗരറ്റോ ബീഡിയോ പുകച്ചുകൊണ്ട് അവര്‍ കാഷ്യറുടെ മേശയുടെ മുകളിലെ തട്ടില്‍ ഏതോ ദൈവത്തിന് അരികിലായി വച്ചിട്ടുള്ള റേഡിയോയില്‍ നിന്ന് വാര്‍ത്തകളും ചലച്ചിത്ര ഗാനങ്ങളും ശ്രവിച്ചിരിക്കും. ഇടയ്ക്ക് രാഷ്ട്രീയമായോ മറ്റോ ചിലര്‍ കമന്റുകള്‍ പുറപ്പെടുവിക്കുകയും മറ്റ് ചിലര്‍ അതേറ്റ് പിടിക്കുകയും ചെയ്യുന്നതും കാണാം..

 

എന്നാല്‍ എട്ട് മണി ആകുന്നതോടെ എല്ലാവരും താന്താങ്ങളുടെ ലാവണങ്ങളിലേയ്ക്ക് നിഷ്‌ക്രമിച്ച് കഴിയുമ്പോള്‍ ക്യാന്റീനിലെ കച്ചവടം അവസാനിപ്പിച്ച് അവിടം വൃത്തിയാക്കാന്‍ നടത്തിപ്പുകാരന്‍ വട്ടംകൂട്ടും. എനിക്ക് സ്ഥലം കാലിയാക്കാനുള്ള അറിയിപ്പ് കൂടിയാണത്. അപ്പോള്‍ മനസ്സില്ലാമനസ്സോടെ ഞാന്‍ പുറത്തിറങ്ങി മോട്ടോര്‍ സൈക്കിള്‍ സ്റ്റാര്‍ട്ടാക്കി ക്വാര്‍ട്ടേഴ്‌സിലേയ്ക്ക് ഓടിച്ച് പോകും. ഏതാണ്ട് ഒരു കിലോമീറ്റര്‍ കഴിയുമ്പോള്‍ അരണ്ട നാട്ടുവെളിച്ചത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു പ്രേതഭവനത്തെ അനുസ്മരിപ്പിച്ചിരുന്ന ആ കെട്ടിടത്തിലേയ്ക്ക് ഞാനെന്റെ മോട്ടോര്‍ സൈക്കിള്‍ ഓടിച്ച് കയറ്റും. വണ്ടി മുറ്റത്ത് നിർത്താതെ ചാരിയിട്ട വാതിലിലൂടെ കടക്കാന്‍ പാകത്തില്‍ വച്ചിരിക്കുന്ന ഇഷ്ടികകളിലൂടെ ഇറയത്തേയ്ക്ക് കടത്തി ആക്‌സിലറേറ്റര്‍ പരമാവധി ഉച്ചത്തില്‍ വീണ്ടും കുറെ നേരം ഇരപ്പിച്ചശേഷമാണ് എന്‍ജിന്‍ ഓഫ് ചെയ്യുക. ഏതെങ്കിലും അപകടകാരികളായ ജീവികള്‍ ഉണ്ടെങ്കില്‍ ഭയന്ന് ഓടിപ്പോകട്ടെയെന്നാണ് അപ്പോള്‍ എന്റെ പ്രാര്‍ത്ഥന. എഞ്ചില്‍ ഇരച്ച് തളര്‍ന്നു നില്‍ക്കുമ്പോള്‍ ചുറ്റിനും പതുങ്ങി നില്‍ക്കുന്ന അന്ധകാരം പല്ലിളിച്ചുകൊണ്ട് ആര്‍ത്തിയോടെ വന്ന് വെളിച്ചത്തേയും എന്നേയും ഒരുപോലെ മൂടും.

 

അങ്ങനെയിരിക്കെയാണ് സ്‌ളോട്ടര്‍ ടാപ്പിംഗ് (Slaughter tapping) കഴിഞ്ഞ റബ്ബര്‍ മരങ്ങള്‍ മുറിക്കാനായി കരാറുകാര്‍ എത്തിയത്. മരങ്ങള്‍ക്കിടയിലൂടെയാണ് എന്റെ ക്വാര്‍ട്ടേഴ്‌സിലേയ്ക്കുള്ള വൈദ്യുത ലൈനുകള്‍ വലിച്ചിരിക്കുന്നുവെന്നതിനാല്‍ മരംമുറി തുടങ്ങുന്നതിന് മുമ്പ് തന്നെ പണിക്കാരുടെ സുരക്ഷയ്ക്കായി ആ ലൈനുകളിലെ വൈദ്യുത ബന്ധം അപ്പാടെ വിച്ഛേദിക്കുകയും ചെയ്തു. അതോടുകൂടി മഴക്കാലമല്ലാഞ്ഞിട്ടും വൈകുന്നേരത്തോട് കൂടിത്തന്നെ ക്വാര്‍ട്ടേഴ്‌സും ചുറ്റുപാടുകളും ഇരുട്ടിന്റെ പിടിയിലാകുമായിരുന്നു. ഒന്നുരണ്ട് മാസങ്ങളെങ്കിലും കഴിഞ്ഞേ വൈദ്യുതി പുനഃസ്ഥാപിക്കുകയുള്ളൂവെന്നാണ് അറിഞ്ഞത്! അസിസ്റ്റന്റ് മാനേജര്‍ എന്നാണ് പേരെങ്കിലും പ്രത്യേകിച്ച് ഒരധികാരവുമില്ലാത്ത കോണ്‍ട്രാക്ട് സ്റ്റാഫാണ് താമസിക്കുന്നത് എന്നതിനാല്‍ത്തന്നെ ആ പഴയ ക്വാര്‍ട്ടേഴ്‌സിന്റെ പരിസരങ്ങളും കളകളും പുല്ലും മൂടിക്കിടക്കുന്നത് സമയബന്ധിതമായി വൃത്തിയാക്കാന്‍ ആരും മിനക്കെട്ടിരുന്നില്ല എന്നതും ഒരു സത്യമാണ്! ചുമരുകളില്‍ വെള്ള വലിക്കുന്ന കാര്യമാണെങ്കില്‍ പറയാനും ഇല്ല.

ഇതിനിടയില്‍ ഓര്‍മ്മ വരുന്ന ഒരു സംഭവം കൂടി പറഞ്ഞുകൊള്ളട്ടെ. ദൈവഹിതമനുസരിച്ചാകാം പില്‍ക്കാലത്ത് ഞാനും വനം വകുപ്പില്‍ സ്ഥിരനിയമനം നേടി ജോലി ചെയ്തിട്ടുണ്ടെങ്കിലും കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവരെയും ദിവസക്കൂലിയ്ക്ക് ജോലിചെയ്യുന്നവരെയും പൊതുവേ രണ്ടാംതരക്കാരായിട്ടാണ് മിക്ക സര്‍ക്കാര്‍ വകുപ്പുകളിലും ഉദ്യോഗസ്ഥന്മാര്‍ കാണാറുള്ളതെന്നാണ് എന്റെ അനുഭവത്തില്‍ നിന്ന് പലപ്പോഴും തോന്നിയിട്ടുള്ളത്. സത്യത്തില്‍ ഞാന്‍ പലപ്പോഴും വനം വകുപ്പിലെ താത്കാലിക വാച്ചറന്മാരുടെ ആത്മാര്‍ത്ഥമായ സേവനങ്ങളെക്കുറിച്ചും അവര്‍ക്ക് മാത്രം സ്വായത്തമായ അപാരമായ കാടറിവുകളെക്കുറിച്ചും ഫീല്‍ഡില്‍ പലപ്പോഴും ആന ഉള്‍പ്പടെയുള്ള വന്യജീവികളില്‍ നിന്നും അവര്‍ നേരിടുന്ന അപകടങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥന്മാര്‍ക്ക് വനത്തില്‍ അവരൊരുക്കുന്ന സംരക്ഷണത്തെക്കുറിച്ചും പലയിടത്തും എഴുതുന്നത് കണ്ടിട്ടാകാം വനം വകുപ്പിലെ താത്കാലിക വാച്ചറന്മാരുടെ തിരുവനന്തപുരം ജില്ലയിലെ സംഘടനാ നേതാവ് രതീഷ് കുമാര്‍ എന്റെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് ഈയ്യടുത്ത് എന്നെ വിളിച്ചിരുന്നു. അദ്ദേഹം കുളത്തൂപ്പുഴ റെയ്ഞ്ചിലെ ചിറ്റാര്‍ സൗത്ത് സെക്ഷനിലാണ് ജോലി ചെയ്യുന്നത്.

'സാര്‍, ഞങ്ങള്‍ വനം വകുപ്പില്‍ താത്കാലിക ജീവനക്കാര്‍ ഇപ്പോള്‍ 2361 പേരുണ്ട്. കുറെപ്പേര്‍ മുന്‍പ് സ്ഥിരപ്പെട്ടു. ഇപ്പോഴാകട്ടെ 56 വയസ്സാകുന്ന മുറയ്ക്ക് താത്കാലിക വാച്ചർമാർ ഒന്നൊന്നായി പുറത്ത് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. പുതുതായി ആരേയും എടുക്കുന്നുമില്ല. പല പല രാഷ്ട്രീയ സമ്മര്‍ദങ്ങളാകാം അതിന് പിന്നിലെന്ന് ഞാനും സമ്മതിക്കുന്നു.' അയാളൊന്ന് നിറുത്തി. ആ പറഞ്ഞതില്‍ സത്യമുണ്ട്. മുന്‍പ് ഉണ്ടായിരുന്ന വാച്ചർമാരുടെ എണ്ണം ഇപ്പോള്‍ തുലോം കുറഞ്ഞിരിക്കുന്നു. എല്ലാതുറകളിലും എന്ന പോലെ സാമ്പത്തിക ഞെരുക്കം കാരണം പലപ്പോഴും വാച്ചർമാരുടെ ശമ്പളം വൈകുന്നത് മുന്‍പ് വനം വകുപ്പില്‍ പതിവുമായിരുന്നു. അതുകൊണ്ട് തന്നെയാണ് പിരിഞ്ഞുപോകുന്നവര്‍ക്ക് പകരം പുതുതായി ആള്‍ക്കാരെ ഇപ്പോള്‍ എടുക്കാനാകാത്തതും.

'എന്നാല്‍ പകുതിയിലധികം പേരും പത്തോ പതിനഞ്ചോ അതിലധികമോ വര്‍ഷത്തെ സര്‍വീസ് ഉള്ളവരാണ്. ഇനി അവര്‍ക്ക് പുറത്തുപോയി ഒരു ജോലിയും ചെയ്യാനാകില്ല. ഇക്കണ്ട വര്‍ഷങ്ങള്‍കൊണ്ട് അവര്‍ വനം വകുപ്പിലെ ജോലിയുമായി അത്രയ്ക്ക് പൊരുത്തപ്പെട്ടിരിക്കുന്നു. കാടിനകത്ത് ജോലി ചെയ്യുന്നതിലെ റിസ്‌കും അപകട സാധ്യതകളും സാറിനും അറിയാമല്ലോ. ശരിക്കും പുതുതായി ഒരു ബീറ്റ് ഫോറസ്റ്റ് ഓഫീസറോ റെയ്ഞ്ച് ഓഫീസറോ ഡിഎഫ്ഓയോ എത്തിയാല്‍ അവരെ ഫീല്‍ഡ് പഠിപ്പിക്കുന്നത് ഞങ്ങളാണ്. പിന്നെ കാലം പോകുമ്പോള്‍ അവരുടെ പോലും അവഗണനയ്ക്ക് പാത്രമാകുന്നതും ഞങ്ങള്‍ തന്നെ. അതെക്കുറിച്ച് സാര്‍ എപ്പോഴെങ്കിലും എഴുതണം. എനിക്ക് കുറെ സംസാരിക്കാനുണ്ട്. ' അയാള്‍ തുടര്‍ന്ന് പറഞ്ഞു. സത്യത്തില്‍ ഞാനതിന് ആദ്യം മറുപടി ഒന്നും പറഞ്ഞില്ല. പിന്നേയും രതീഷ് നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ മറുപടി പറഞ്ഞു.

'രതീഷേ, എഴുതുന്നത് ഓരോ സാഹചര്യങ്ങള്‍ ഒത്ത് വരുമ്പോഴാണ്. അല്ലാതെ ഇന്നത് എഴുതിയേ അടങ്ങൂ എന്ന് കരുതി ഇരുന്ന് അതെഴുതാനുള്ള കഴിവ് എനിക്കില്ല.'

തെല്ലുനേരത്തെ നിശ്ശബ്ദത. ഞാൻ അദ്ദേഹത്തെ സര്‍വ്വീസില്‍ നേരില്‍ കണ്ടതായി ഓര്‍ക്കുന്നില്ലെങ്കിലും ഫോണിന്റെ അങ്ങേതലയ്ക്കല്‍ അദ്ദേഹം നിരുദ്ധകണ്ഠനായോ എന്നെനിക്ക് സംശയം തോന്നി. 'രതീഷ്… നിങ്ങള്‍ പറഞ്ഞ ഇക്കാര്യങ്ങള്‍ എന്നും എന്റെ മനസ്സിലുള്ളതാണ്. നിങ്ങള്‍ വനത്തെക്കുറിച്ചുള്ള എന്റെ ഏത് ബുക്കെടുത്ത് വായിച്ചാലും താത്കാലിക വാച്ചറന്മാരെക്കുറിച്ച് അതില്‍ പറയാതെ പോകില്ല. എന്തായാലും ഞാനിനി എഴുതുമ്പോള്‍ നിശ്ചയമായും ഇക്കാര്യങ്ങള്‍ അതില്‍ ഉണ്ടാകും.' ഞാനയാള്‍ക്ക് ഉറപ്പ് നല്‍കി.

ഞാനപ്പോള്‍ ഓര്‍ത്തത് കരാര്‍ അടിസ്ഥാനത്തില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ അതിരപ്പിള്ളി എസ്റ്റേറ്റില്‍ ഒരുനാള്‍ മാനേജിങ്ങ് ഡയറക്ടര്‍ ഇന്‍സ്‌പെക്ഷനായി എത്തിയ ദിവസമായിരുന്നു. വനം വകുപ്പിലെ കണ്‍സര്‍വേറ്റര്‍ റാങ്കിലുള്ള ഒരുദ്യോഗസ്ഥനായിരുന്നു വന്നത്. (പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തിട്ടുണ്ടെങ്കിലും ഞാന്‍ പരിചയം പുതുക്കിയിട്ടൊന്നുമില്ലതാനും.) അതിരപ്പിള്ളി എസ്റ്റേറ്റിന്റെ മാനേജരുടെ ഓഫീസിനടുത്തുള്ള ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിലാണ് അദ്ദേഹം എത്തിയത്. പുതുതായി ചാര്‍ജെടുത്ത കര്‍ണാടകക്കാരനായ ഓഫീസറെ മുഖം കാണിക്കാനും കുശലം പറയാനുമായി മാനേജർമാരും സീനിയര്‍ മാനേജരും അസിസ്റ്റന്റ് മാനേജർമാരും തിക്കിത്തിരക്കുകയാണ്. അവരിലൊരാളായി ഞാനും അവിടെ എത്തിയിട്ടുണ്ട്. എല്ലാവരോടും കുശലം ചോദിക്കുന്ന കൂട്ടത്തില്‍ എന്നെ പരിചയപ്പെട്ടപ്പോള്‍ ഞാന്‍ കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്ള വനശാസ്ത്ര ബിരുദധാരിയാണെന്ന് പറഞ്ഞതിനാലാകണം അദ്ദേഹം കുറച്ച് കൂടുതല്‍ എന്നോട് സംസാരിക്കുകയും ചെയ്തു. ബാക്കിയുള്ള സ്ഥിരജോലിക്കാര്‍ നോക്കി നില്‍ക്കുമ്പോള്‍ അതവര്‍ക്ക് ഇഷ്ടപ്പെടുമോയെന്ന് ചിന്തിക്കാതെ ഞാനും അദ്ദേഹത്തോട് കാര്യമായി സംസാരിച്ചു.

അപ്പോഴേയ്ക്കും അന്ന് എന്നോട് അത്ര പ്രതിപത്തിയില്ലായിരുന്ന എന്റെ മാനേജര്‍ പെട്ടെന്ന് കടന്നുവന്ന് ആഹാരം തയ്യാറാണെന്നും കഴിഞ്ഞ് ഉച്ചയ്ക്ക് ഫാക്ടറിയിലേയ്ക്ക് ഇന്‍സ്‌പെക്ഷനായി പോകാമെന്നും എംഡിയോട് ഇംഗ്ലീഷില്‍ പറഞ്ഞു. അത് കേള്‍ക്കെ അദ്ദേഹം 'ഓക്കെ...'യെന്ന് പറഞ്ഞ് എണീറ്റ് തീന്‍മേശയിലേയ്ക്ക് നടക്കുകയും ചെയ്തു. അദ്ദേഹത്തെ പൊതിഞ്ഞ് നടന്നിരുന്ന അനുചരവൃന്ദത്തോടൊപ്പം എത്താന്‍ എനിക്കായതുമില്ല. പിന്നാലെ തപ്പിപ്പിടിച്ച് ഞാന്‍ ഊണുമുറിയിലേയ്ക്ക് കടക്കവേ അവരെല്ലാം മേശയ്ക്ക് ചുറ്റുമായി സന്നിഹിതരായിക്കഴിഞ്ഞിരുന്നു. സീറ്റൊന്നും അവശേഷിക്കുന്നുമുണ്ടായിരുന്നില്ല. എല്ലാവരും ഞാന്‍ നേരത്തെ സൂചിപ്പിച്ച വിഭാഗങ്ങളിലുള്ള സ്ഥിരജീവനക്കാരാണ്. തമ്മില്‍ കുശലം പറഞ്ഞ് വിളമ്പുകാരെ പ്രതീക്ഷിച്ചിരിക്കുന്ന ആരും എന്നെ മൈന്‍ഡ് ചെയ്യുന്നുപോലുമില്ല. എംഡിയാകട്ടെ അവിടത്തെ ഉദ്യോഗസ്ഥന്മാരുമായി സംസാരിക്കുന്ന തിരക്കിലാണ്. കുറെ ഫീല്‍ഡ് എക്‌സിക്യുട്ടീവുമാര്‍ വിളമ്പാനും മറ്റുമായി സഹായികളായി അടുക്കളയില്‍ പെരുമാറുന്നുണ്ട്.

നല്ല വിശപ്പുണ്ടെങ്കിലും ആത്മാഭിമാനം (അതോ ദുരഭിമാനമോ) എന്നെ അവിടെ നില്‍ക്കാന്‍ അനുവദിച്ചില്ല. ഞാന്‍ പതിയെ പുറത്തിറങ്ങി. അപ്പോഴേയ്ക്കും വല്ലാത്തൊരു അപകര്‍ഷത എന്നെ ഗ്രസിച്ചിരുന്നു. ആരും കാണാതെ ഞാന്‍ പുറത്തുകിടന്ന വണ്ടിക്കരികിലായി പോയി നിന്നു. ഉച്ചയ്ക്ക് പരിശോധനകള്‍ക്കായി പോകാനുള്ളതിനാല്‍ത്തന്നെ വണ്ടികളിലെ ഡ്രൈവർമാർ നിന്നും ഇരുന്നും ധൃതിയില്‍ ആഹാരം കഴിക്കുന്നത് കാണാം. അവരാരേയും എനിക്ക് വലിയ പരിചയം ഇല്ലതാനും. എന്നിട്ടും അവരുടെ കണ്ണില്‍പ്പെടാതെ ഞാന്‍ ലേശം മാറിനിന്നു.

കുറച്ചുകഴിഞ്ഞപ്പോള്‍ എല്ലാവരും ഭക്ഷണം കഴിച്ച് പുറത്തേയ്ക്കിറങ്ങി. പ്രതിക്ഷിച്ചതുപോലെ തന്നെ അധികസമയം കളയാതെ വെറ്റിലപ്പാറ എസ്റ്റേറ്റിലെ റബ്ബര്‍ ഫാക്ടറിയിലേയ്ക്ക് തിരിച്ചു. വണ്ടിയിലേയ്ക്ക് കയറാനായി ഞാന്‍ ചെന്നപ്പോഴാണ് തികച്ചും അവിചാരിതമായി 'ഇയാളെ അവിടെ കണ്ടില്ലല്ലോ. ആഹാരം കഴിച്ചില്ലായിരുന്നോ?' എന്ന് കല്ലാല എസ്റ്റേറ്റ് മാനേജര്‍ എന്നോട് ചോദിച്ചത്. ഞാന്‍ ഉവ്വെന്നോ ഇല്ലെന്നോ മറുപടി പറഞ്ഞില്ല. വണ്ടിയിലെ മുന്‍സീറ്റിലേയ്ക്ക് ഉപവിഷ്ടനാകവേ അദ്ദേഹം ഇംഗ്ലീഷില്‍ ഞാന്‍ കേള്‍ക്കാനെന്നോണം പറഞ്ഞു.

'നമ്മള്‍ എപ്പോഴും മുന്നോട്ട് തള്ളിക്കയറാന്‍ ശ്രമിക്കണം. അത് ചെയ്തില്ലെങ്കില്‍ നമ്മള്‍ പിന്നിലായിപ്പോകും. അതാണ് സിസ്റ്റം.'

അതിനും ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. അദ്ദേഹം പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്നതില്‍ സംശയമില്ല. പക്ഷേ പില്‍ക്കാലത്തുപോലും ഞാനതില്‍ നൂറ് ശതമാനം വിജയമായിരുന്നോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഞാന്‍ മാത്രമല്ല ഇത് വായിക്കുന്ന ഓരോരുത്തരും ചിന്തിക്കേണ്ട വിഷയമാണത്. കാരണം ഇന്നത്തെ ലോകത്ത് എപ്പോഴും നമുക്ക് അവസരങ്ങള്‍ ഒരുക്കാനും പിന്തുണയ്ക്കാനുമായി ഒരു മെന്ററെ (Mender) കിട്ടണമെന്നില്ല. തന്നെയുമല്ല എല്ലാവര്‍ക്കും അത് കിട്ടണമെന്നുമില്ല.

കഥയിലേയ്ക്ക് തിരികെ പോകാം. പകല്‍ സമയത്ത് തോട്ടത്തിലെ മരം മുറിയ്ക്കാന്‍ എത്തുന്ന തൊഴിലാളികള്‍ക്ക് ആഹാരം പാചകം ചെയ്യുന്നതിനായി എന്റെ ക്വാര്‍ട്ടേഴ്‌സിന്റെ പിന്നില്‍ പണിക്കാര്‍ ചെറിയ ഒരു കുശിനിപ്പുര തട്ടിക്കൂട്ടിയിരുന്നു. പകല്‍ പണിക്കെത്തുന്നതില്‍ നിന്ന് ഏതെങ്കിലും രണ്ട് സ്ത്രീകള്‍ മൊത്തം ആളുകള്‍ക്കുള്ള ഉച്ചഭക്ഷണം അവിടെ ഒരുക്കും. 'തത്പരകക്ഷികളായ' ചില പുരുഷന്മാര്‍ തരം കിട്ടുമ്പോഴൊക്കെ അവരെ ചുറ്റിപ്പറ്റി നില്‍ക്കുന്നതും കാണാം.

 

പകല്‍ അവിടമാകെ ബഹളമാണ്. ലോറികളുടെ ഇരപ്പും തൊഴിലാളികളുടെ ഒച്ചകളും കങ്കാണിമാരുടെ നിര്‍ദ്ദേശങ്ങളും ആള്‍പ്പെരുമാറ്റങ്ങളും നിറഞ്ഞ അന്തരീക്ഷം. അതെനിക്ക് വലിയ സന്തോഷമായിരുന്നു. വല്ല ജീവികളും ഉണ്ടെങ്കില്‍ ശല്യം സഹിക്കാനാവാതെ അവറ്റകള്‍ സ്ഥലം കാലിയാക്കുമെന്ന ആശ്വാസം. എന്നാല്‍ രാത്രി കനക്കുമ്പോള്‍ പരിസരത്തെങ്ങും തരിമ്പും വെളിച്ചമില്ലാത്ത അവസ്ഥയാണ്. കുറ്റാക്കൂരിരുട്ട് എന്നൊക്കെ പറയുന്നത് പോലെ. തന്നെയുമല്ല രാത്രികളില്‍ താന്താങ്ങളുടെ താവളങ്ങളായ പൊന്തകളും അടിക്കാടുകളും മുറിച്ചിട്ട മരങ്ങള്‍ വീണ് അപ്പാടെ നഷ്ടപ്പെട്ടിട്ടോ എന്തോ കാട്ടുമാക്കാന്‍മാരുടേയും കുറുക്കന്മാരുടേയും ഭയപ്പെടുത്തുന്ന ബഹുവിധങ്ങളായ ഒച്ചകളും കേള്‍ക്കുക പതിവായിരുന്നു. കുറ്റിക്കാടുകളില്‍ രാപ്പാർത്തിരുന്ന ഇഴജന്തുക്കള്‍ മാളങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ സുരക്ഷിതയിടങ്ങള്‍ തേടി ആള്‍പ്പെരുമാറ്റം കുറഞ്ഞ ക്വാര്‍ട്ടേഴ്‌സിലേയ്ക്ക് കയറിവന്നേയ്ക്കുമെന്ന് ഞാന്‍ ഭയന്നു.

 

അതിനും പുറമേയാണ് എവിടെയെങ്കിലും ശേഷിക്കുന്ന മരക്കൊമ്പുകളിലോ ചേക്കകളിലോ ഇരുന്ന് രാത്രികളില്‍ കാലന്‍ കോഴികള്‍ 'ഹുഊഊഉആആആ...' എന്ന് ഒച്ചയിടുന്നത് കേള്‍ക്കുമ്പോള്‍ ലക്ഷണംകെട്ട പക്ഷിയാണതെന്നും അവ മരണത്തെ വിളിച്ചുവരുത്തുന്നതാണെന്നും ആ മൂളലിന് 'പൂ...വാം...പൂ...വാം...'എന്നാണ് അര്‍ത്ഥമെന്നും ഒക്കെ കുഞ്ഞുന്നാളുകളില്‍ മുത്തശ്ശി പറഞ്ഞ് പഠിപ്പിച്ചത് ഓര്‍മ വരുന്നത്! ക്വാര്‍ട്ടേഴ്‌സിനകത്താകട്ടെ തട്ടിന്‍മുകളില്‍ മരപ്പട്ടികളുടെ മരണപ്പാച്ചിലുകളും തമ്മിലുള്ള കടിപിടികളും കെട്ടിമറിച്ചിലുകളും മുറുകുമ്പോള്‍ വിഷപ്പാമ്പുകളോ മെരുക്കളോ തട്ടിന്‍മുകളില്‍ നിന്ന് ദേഹത്തേയ്ക്ക് വീഴുമോയെന്ന് ഞാന്‍ ന്യായമായും ഭയന്നു. ഒപ്പം കരുതിയിരുന്ന രണ്ട് കട്ടയിടുന്ന ടോര്‍ച്ച് ഇടക്കിടെ തെളിച്ചുനോക്കി അപകടമില്ലെന്ന് പലവട്ടം ഉറപ്പാക്കി ഉറങ്ങാന്‍ കിടന്നിരുന്ന എത്രയോ ദിവസങ്ങള്‍!

പേരറിയാവുന്ന സകലദൈവങ്ങളേയും വിളിച്ച് കട്ടിലിനരികിലായി ഒരു മെഴുക്തിരി കത്തിച്ച് വച്ചിട്ടാണ് അന്നൊക്കെ സാധാരണ കിടക്കുക. ചുറ്റിനും ഭയപ്പെടുത്തുന്ന ഒച്ചകള്‍ കേട്ട് വിറങ്ങലിച്ച മനസ്സുമായിക്കിടന്ന് മെഴുകുതിരി കത്തിത്തീരുന്നതിന് മുമ്പെപ്പോഴോ ഞാന്‍ ഉറങ്ങിപ്പോകുമായിരുന്നു. നേരത്തെ സൂചിപ്പിച്ചത് മാതിരി പുലരിയിലേയ്ക്ക് കണ്ണ് തുറക്കുമ്പോഴാണ് എനിക്ക് ഒന്നും പറ്റിയിട്ടില്ല എന്ന സത്യം ആശ്വാസത്തോടെ ഞാനറിയുന്നതും! പേടി മാറാനായും പെട്ടെന്ന് ഉറക്കം വരുന്നതിനുമായും അക്കാലത്ത് കുറശ്ശെ മദ്യപിച്ച് തുടങ്ങിയെന്നത് പറയാതിരുന്നാല്‍ അത് ശരികഥനത്തോടുള്ള നീതികേടാവും. അത്തരത്തില്‍ പിന്നിട്ട എത്രയോ നാളുകള്‍!

എട്ട് മണികഴിഞ്ഞ് ക്യാന്റീനടയ്ക്കുമ്പോള്‍ വേറെ വഴിയില്ലാതെ ഇരുട്ടിലേയക്ക് പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ആ ഭാര്‍ഗ്ഗവീനിലയത്തിലേയ്ക്ക് ബൈക്ക് ഓടിച്ച് വരുമ്പോള്‍, വഴിയില്‍ക്കാണുന്ന തൊഴിലാളികളുടെ ലയങ്ങളിലെ വെളിച്ചവും ആള്‍പ്പെരുമാറ്റവും കാണുമ്പോള്‍, ഉള്ളില്‍ എനിക്കവരോട് വല്ലാത്ത അസൂയയാണ് തോന്നിയിരുന്നത്. എന്റെ അവസ്ഥ ആരോട് പറയാനാണ്? അവരോട് കൂടെ പോയി ലയങ്ങളിലെ കുടുസ്സുമുറികളില്‍ മനസ്സമാധാനത്തോടെ താമസിക്കാനോ അവരില്‍ ആരെയെങ്കിലുമൊക്കെ വിളിച്ച് എന്റെ വലിയ ക്വാര്‍ട്ടേഴ്‌സില്‍ താമസിപ്പിക്കാനോ എനിക്ക് കൊതി തോന്നുമായിരുന്നു എന്നതാണ് സത്യം. പ്രത്യേകിച്ച് മേന്മയൊന്നും അവകാശപ്പെടാനില്ലായിരുന്നെങ്കിലും കൈയ്യാളിയിരുന്ന തസ്തിക അക്ഷരാര്‍ത്ഥത്തില്‍ അന്ന് എനിക്കൊരു ഭാരമായിരുന്നു എന്ന് വേണം പറയാന്‍. നാമമാത്രമായ ജോലി കൊണ്ട് മാത്രമല്ല അത്രതന്നെ വരുന്ന ശമ്പളം കൊണ്ടും നേരിടുന്ന അവഗണന കൊണ്ടും! ഒരു ലേബര്‍ ആയിരുന്നെങ്കില്‍ അത്രയ്ക്കും അപകര്‍ഷത തോന്നുമായിരുന്നില്ലെന്ന് മനസ്സ് പറയുന്നു. 'ഇല്ലത്ത് നിന്ന് ഇറങ്ങുകയും ചെയ്തു അമ്മാത്ത് ഒട്ട് എത്തിയുമില്ല' എന്ന് പറയുന്ന മാതിരി. ഏതാണ്ട് രണ്ട് മാസത്തിന് മുകളില്‍ റബ്ബര്‍മുറി കഴിയുംവരെ പകല്‍ ഒരിക്കലും അവസാനിക്കരുതേ എന്ന് പ്രാര്‍ത്ഥിച്ചാണ് ഞാന്‍ ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞിട്ടുള്ളത് എന്നതാണ് സത്യം.

(തുടരും)