''സിംഹാസനങ്ങൾ ഒഴിയൂ, ജനങ്ങൾ വരികയാണ്.'' ഈ മുദ്രാവാക്യം ഏറ്റുവിളിച്ചുകൊണ്ടാണ് 1970-കളിൽ ഇന്ദിര ഗാന്ധിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ യുവാക്കൾ തെരുവിലിറങ്ങിയത്. ഹിന്ദി കവി രാംധാരി സിങ് ദിൻകർ എഴുതിയ ജനാധിപത്യത്തിന്റെ പിറവി എന്ന കവിതയിൽനിന്നുള്ള ഈ വരികൾ ഒരു ഭരണകൂടത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ശബ്ദമായി മാറുകയായിരുന്നു. ബിഹാറിലും ഗുജറാത്തിലും കാമ്പസുകൾ യുവാക്കളുടെ സമരവീര്യത്തിൽ ജ്വലിച്ചു. ഇന്ദിരയെന്നാൽ ഇന്ത്യയാണെന്ന വാഴ്ത്തലുകൾ വിലാപമായി മാറാൻ പിന്നെ അധികസമയം വേണ്ടിവന്നില്ല. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ഇന്ത്യൻ ജനത അണിചേർന്നതോടെ ഇന്ത്യൻ ജനാധിപത്യം അതുവരെ കണ്ടതിൽ ഏറ്റവും വലിയ പ്രക്ഷോഭമായി ആ പോരാട്ടം പരിണമിച്ചു.

To advertise here,

ഡൽഹിയിലെ ജന്തർ മന്തറിൽനിന്ന് ഉയരുന്ന പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങൾ ജെ.പിയെയും യുവാക്കളേയും ഓർമ്മയിലേക്ക് കൊണ്ടുവരിക സ്വാഭാവികമാണ്. പ്രക്ഷോഭകരെ നിർദ്ദയമാണ് ഇന്ദിരാ ഭരണകൂടം നേരിട്ടത്. മഹാത്മ ഗാന്ധിക്ക് ശേഷം ഇന്ത്യ കണ്ട സമാധാന ദൂതനെന്നു വിശേഷിപ്പിക്കപ്പെട്ട ജെ.പിക്ക് പോലും ക്രൂരമായ മർദ്ദനം നേരിടേണ്ടിവന്നു. വിയോജിപ്പുകൾ ജനാധിപത്യം എന്ന പ്രഷർ കുക്കറിന്റെ വാൽവുകളാണെന്ന് ഒരു ഏകാധിപത്യ ഭരണകൂടവും സമ്മതിച്ചുതരില്ല. എതിരഭിപ്രായങ്ങളെ രാജ്യ ദ്രോഹമായി കാണുന്നവർക്ക് അതൊരു ക്രമസമാധാന പ്രശ്നം മാത്രമാണ്. എന്തുകൊണ്ടാണ് ഈ പ്രക്ഷോഭമെന്ന് അവർ അന്വേഷിക്കില്ല. പകരം പ്രക്ഷോഭം എങ്ങിനെ അടിച്ചമർത്താം എന്ന് മാത്രമായിരിക്കും ആലോചന. കഴിഞ്ഞ ദിവസം കോക്രോച്ച് ജനതാ പാർട്ടി (സ്രിജെപി)യുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പാർലമെന്റ് മാർച്ചിനെ മോദി ഭരണകൂടം നേരിട്ടതും സമാനമായ രീതിയിലാണ്.

സമരങ്ങളുടെ സമരം

മാർച്ചിന് മുമ്പ് ജന്തർ മന്തർ നിരാഹാരസമര വേദിയായിരുന്നു. സമരങ്ങളുടെ സമരം എന്നാണ് ഗാന്ധിജി നിരാഹാര സമരത്തെ വിശേഷിപ്പിച്ചിരുന്നത്. അവസാന ആയുധമാണതെന്നായിരുന്നു ഗാന്ധിജിയുടെ പക്ഷം. മറ്റെല്ലാ മാർഗ്ഗങ്ങളും പരാജയപ്പെടുമെന്ന് ഉറപ്പായാൽ മാത്രം സ്വീകരിക്കേണ്ട വഴി. അനിതരസാധാരണമായ ധാർമ്മിക ശക്തിയായിരുന്നു അതിന്റെ പിൻബലം. സ്വന്തം മഹിമയ്ക്കോ മേന്മയ്ക്കോ വേണ്ടിയല്ല ഇന്ത്യൻ ജനതയ്ക്ക് വേണ്ടിയാണ് താൻ ഭക്ഷണം ത്യജിക്കുന്നതെന്ന ഉത്തമ ബോദ്ധ്യത്തിലായിരുന്നു ഗാന്ധിജിയുടെ സമരം. ഇന്ത്യയുടെ മനഃസാക്ഷിയുമായാണ് തങ്ങൾ മുഖാമുഖം നിൽക്കുന്നതെന്നും അതുകൊണ്ടുതന്നെ ഗാന്ധിജിയുടെ നിരാഹാര സമരം കൈകാര്യം ചെയ്യുമ്പോൾ കടുത്ത ജാഗ്രത വേണമെന്നും ബ്രിട്ടീഷ് കൊളോണിയൽ സർക്കാരിനറിയാമായിരുന്നു. 1932-ൽ പൂണെ ഉടമ്പടിക്ക് വഴിയൊരുക്കിയ സമരം ഗാന്ധിയൻ ചിന്തകളുടെയും ദർശനത്തിന്റെയും നെടുകെയുള്ള പരിച്ഛേദമാണ്.

ദളിതർക്ക്് പ്രത്യേക തിരഞ്ഞെടുപ്പ് മണ്ഡലങ്ങൾ വേണമെന്ന അംബദ്കറുടെ ആവശ്യത്തിന് ബ്രിട്ടിഷ് സർക്കാർ വഴങ്ങിയതാണ് ഗാന്ധിജിയെ പ്രകോപിപ്പിച്ചത്. ദളിതരുടെ മുന്നേറ്റത്തിന് ഇതാവശ്യമാണെന്ന നിലപാടിൽ അംബദ്കർ ഉറച്ചുനിന്നു. പ്രത്യേക തിരഞ്ഞെടുപ്പ് മണ്ഡലങ്ങളെന്ന്് പറഞ്ഞാൽ ദളിതരെ ദളിതർ മാത്രം തിരഞ്ഞെടുക്കുന്ന മണ്ഡലങ്ങൾ എന്നാണർത്ഥം. ഹിന്ദു സമുദായത്തിൽനിന്നു ദളിതരെ വേർപെടുത്തുന്നതിനുള്ള നീക്കമാണിതെന്നും ഇതിന് താൻ കൂട്ടുനിൽക്കില്ലെന്നുമായിരുന്നു ഗാന്ധിജിയുടെ നിലപാട്. മുസ്ലിങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക തിരഞ്ഞെടുപ്പ് മണ്ഡലങ്ങൾ ആവാമെങ്കിൽ ദളിതർക്കും ആവാമെന്നും ഇതല്ലാതെ മറ്റൊരു വഴി ദളിതരുടെ മുന്നിൽ ഇല്ലെന്നുമുള്ള അംബദ്കറുടെ സമീപനം ബ്രിട്ടീഷ് സർക്കാർ അംഗീകരിച്ചു. ഇതോടെയാണ് ഗാന്ധിജി 1932 സെപ്റ്റംബർ 20-ന് നിരാഹാര സമരം തുടങ്ങിയത്.

ആറ് ദിവസങ്ങൾക്ക് ശേഷം തന്റെ നിലപാടിൽനിന്ന് പിന്മാറി സംവരണ മണ്ഡലങ്ങൾ സ്വീകരിക്കാൻ അംബദ്കർ തയ്യാറായതോടെ പൂണെ ഉടമ്പടി നിലവിൽ വന്നു. മദൻ മോഹൻ മാളവ്യയും അംബദ്കറുമാണ് ഉടമ്പടിയിൽ ഒപ്പുവെച്ചത്. ബ്രിട്ടീഷ് സർക്കാർ ഈ ഉടമ്പടി അംഗീകരിച്ചു. അങ്ങിനെ സെപ്റ്റംബർ 26-ന് ഗാന്ധിജി നിരാഹാര സമരം നിർത്തി. ഗാന്ധിജിയുടെ ജീവൻ സംരക്ഷിക്കപ്പെടണമെന്ന അഭിപ്രായം പൊതുമണ്ഡലത്തിൽ ശക്തമായപ്പോൾ അംബദ്കർ അതിന് വഴങ്ങുകയായിരുന്നു. സംവരണ മണ്ഡലങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാമെന്ന കോൺഗ്രസിന്റെ നിലപാടും അംബദ്കറുടെ മനംമാറ്റത്തിന് സഹായമായി. ഗാന്ധിജിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന ചിന്ത ബ്രിട്ടീഷ് സർക്കാരിനും ഉണ്ടായിരുന്നു.

ഗാന്ധിജിയുടെ അവസാന നിരാഹാരം

ഗാന്ധിജിയുടെ അവസാന നിരാഹാര സമരം 1948 ജനുവരിയിൽ ഡൽഹിയിലായിരുന്നു. വർഗ്ഗീയ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഹിന്ദു- മുസ്ലിം മൈത്രിക്ക് വേണ്ടിയുള്ള സമരം. പാക്കിസ്താന് ഇന്ത്യ കൊടുക്കാനുള്ള 55 കോടി രൂപ ഉടനടി കൊടുക്കണം എന്ന ആവശ്യവും ഗാന്ധിജി മുന്നോട്ടുവെച്ചു. വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുകയായിരുന്ന പട്ടേലിനെയും നെഹ്രുവിനെയും ഒന്നിപ്പിക്കുക എന്ന ലക്ഷ്യവും ഗാന്ധിജിക്കുണ്ടായിരുന്നു. ഈ ലക്ഷ്യങ്ങളത്രയും നിറവേറിയതോടെയാണ് 1948 ജനുവരി 18-ന് ഗാന്ധിജി നിരാഹാര സമരം അവസാനിപ്പിച്ചത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ള നൂറ് നേതാക്കൾ ഒപ്പിട്ട സമ്മതപത്രമാണ് ആത്യന്തികമായി സമരം അവസാനിപ്പിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ചത്.

ഈ സമരത്തിന് മറ്റൊരു ഫലം കൂടിയുണ്ടായി. നാഥുറാം ഗോഡ്സയെയും കൂട്ടരെയും ഗാന്ധിജിക്കെതിരെയുള്ള കടുത്ത നടപടിക്ക് പെട്ടെന്നുള്ള പ്രകോപനമായതും ഈ സമരമാണ്. 1948 ജനുവരി 30-ന് ഡൽഹിയിലെ ബിർള ഹൗസിൽനിന്നു പുറപ്പെട്ട വെടിയുണ്ടയുടെ ചരിത്രവും പരിസരവുമാണത്.

സമരലക്ഷ്യം കാണുന്നതിൽ ഗാന്ധിജി വിജയിച്ചെങ്കിലും ഗോഡ്സെയും കൂട്ടരും വിശ്വസിച്ച പ്രത്യയശാസ്ത്ര പദ്ധതിയുടെ വ്യാപനത്തിനും ശാക്തീകരണത്തിനും ഗാന്ധിജിയുടെ നിരാഹാര സമരം കാരണമായെന്ന് ചരിത്രത്തിന്റെ ഇങ്ങേപ്പുറത്ത് നിൽക്കുമ്പോൾ നമുക്കറിയാം. ഗാന്ധിജിയെ ഇല്ലാതാക്കിയാൽ അദ്ദേഹം നിലയുറപ്പിച്ച രാഷ്ട്രീയഭൂമികയും ഇല്ലാതാക്കാമെന്ന വ്യാമോഹത്തിലായിരുന്നു ഗാന്ധിജിയുടെ ഘാതകർ.

അനുരഞ്ജനത്തിനുള്ള മനസ്സ്

ഇന്നിപ്പോൾ ഡൽഹിയിൽ മേദാന്ത ആസ്പത്രിയിൽ സോനം വാങ്ചുക്ക് ഇന്ത്യൻ മനഃസാക്ഷിയുടെ പ്രതീകമെന്ന പോലെ നിരാഹാര സമരം തുടരവെ ഗാന്ധിജിയും ബ്രിട്ടീഷ് സർക്കാരും അംബദ്കറും ഹിന്ദുത്വയും നമുക്ക് മുന്നിൽ ഒരിക്കൽ കൂടി അനാവരണം ചെയ്യപ്പെടുന്നു. പൂണെ ഉടമ്പടി അംബദ്കറുടെ ത്യാഗത്തിന്റെ ഫലം കൂടിയായിരുന്നു. ഗാന്ധിജിയുടെ ജീവൻ തുലാസിൽ നിൽക്കെ അംബദ്കർ നടത്തിയ വിട്ടുവീഴ്ചയാണ് ആ ഉടമ്പടി സാദ്ധ്യമാക്കിയത്.

1948-ൽ പട്ടേലും നെഹ്രുവും മറ്റ് നേതാക്കളും ഹിന്ദു- മുസ്ലിം മൈത്രിക്കായി ഒന്നിച്ചു നിൽക്കുമെന്ന് പ്രതിജ്ഞ എടുത്തതോടെയാണ് ഗാന്ധിജി സമരം അവസാനിപ്പിച്ചത്. ഇന്ത്യയുടെ അതിജീവനം എന്ന വിശാല ആശയത്തിന് മുന്നിൽ തങ്ങളുടെ ഇടുങ്ങിയ ചില വീക്ഷണങ്ങൾ മാറ്റിവെയ്ക്കാൻ ഒരു തലമുറയിലെ നേതാക്കൾ തയ്യാറായതിന്റെ ബാക്കിപത്രം കൂടിയിരുന്നു അത്.

പുനർ വിചിന്തനത്തിനുള്ള ഇടമുണ്ടെന്നതായിരുന്നു അംബദ്കറെയും നെഹ്രുവിനെയും പട്ടേലിനെയും വ്യത്യസ്തരാക്കിയത്. പാക്കിസ്താന് 55 കോടി രൂപ കൊടുക്കാനുണ്ടെങ്കിൽ കൊടുക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് മുന്നിൽ മുഖം തിരിച്ചു നിന്നുകൊണ്ട് ഗാന്ധിജിയെ ബലംപ്രയോഗിച്ച് ആസ്പത്രിയിലാക്കാനല്ല നെഹ്രുവിന്റെയും പട്ടേലിന്റെയും സർക്കാർ ശ്രമിച്ചത്. ഗാന്ധിജി ഉയർത്തുന്ന ചോദ്യങ്ങൾ ഇന്ത്യ ചോദിക്കുന്ന ചോദ്യങ്ങളാണെന്നും അതിനുള്ള ഉത്തരങ്ങൾ കണ്ടെത്തുകയാണ് തങ്ങൾ ചെയ്യേണ്ടതെന്നും നെഹ്രുവിനും പട്ടേലിനും അറിയാമായിരുന്നു. ഈ തിരിച്ചറിവ് കൈമോശം വന്ന ഒരു ഭരുണകൂടവുമായാണ് വാങ്ചുക്കും സിജെപിയും മുഖാമുഖം നിൽക്കുന്നതെന്ന യാഥാർത്ഥ്യമാണ് സമകാലിക ഇന്ത്യയെ വ്യത്യസ്തമാക്കുന്നത്.

കർഷക സമരത്തിന്റെ ഓർമ്മകൾ

2021-ൽ കർഷകരുടെ മുന്നിൽ മാത്രമാണ് മോദി സർക്കാർ മുട്ടുമടക്കിയത്. ഹരിയാനയിലെയും യു.പിയിലെയും പഞ്ചാബിലെയും കർഷക കൂട്ടായ്മയ്ക്ക് മുന്നിൽ പതറേണ്ടി വന്നത് മോദിയും കൂട്ടരും ഓർക്കാൻ ഇഷ്ടപ്പെടുന്നുണ്ടാവില്ല. 2022-ൽ പഞ്ചാബും യു.പിയും തിരഞ്ഞെടുപ്പിലേക്ക് പോകാനിരിക്കെ കർഷകരുടെ ആവശ്യങ്ങളോട് മുഖം തിരിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് ആർഎസ്എസ് ചിലപ്പോൾ മോദിയേയും അമിത് ഷായേയും ഉപദേശിച്ചിരിക്കാം. അത്തരമൊരു നിലപാട് സിജെപിയുടെ പ്രക്ഷോഭത്തിൽ ആർഎസ്എസ് നേതൃത്വം സീകരിക്കുമോ എന്നത് കണ്ടറിയേണ്ടി വരും. 2014-ൽ മോദിയെയും ബിജെപിയേയും അധികാരത്തിലെത്തിക്കുന്നതിൽ അണ്ണാ ഹസാരെ പ്രസ്ഥാനം വഹിച്ച പങ്ക് മറ്റാര് മറന്നാലും ആർഎസ്എസ് മറക്കാനിടയില്ല.

ജന്തർ മന്തറിലെ പ്രക്ഷോഭം മോദി സർക്കാർ ഇതുവരെ നേരിട്ടിട്ടുള്ളതിൽ ഏറ്റവും വലിയ പോരാട്ടമായി മാറിയേക്കാമെന്ന സൂചനകളാണ് ഉയരുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സിജെപിക്ക് അനുകൂലമായി അനുരണനനങ്ങൾ ഉടലെടുക്കുന്നുണ്ട്.

മഹാരാഷ്ട്രയിലും ബിഹാറിലും അസമിലും തമിഴകത്തുമൊക്കെ യുവാക്കൾ സിജെപിക്ക് അനുകൂലമായി തെരുവുകളിലേക്ക് ഇറങ്ങുന്നുണ്ട്. ബിജെപി സർക്കാരിന്റെ വീഴ്ചകളിൽ കടുത്ത പ്രതിഷേധമുള്ള ചെറുപ്പക്കാരുടെ വലിയൊരു നിരയാണ് സിജെപിക്കൊപ്പം നിലയുറപ്പിക്കുന്നത്.

ചെറുപ്പക്കാർ ദുരിതത്തിലാണ്

സാമ്പത്തിക മേഖലയിലെ അശാന്തിക്കിടയിൽ യുവജനങ്ങളുടെ ചെറുത്തുനിൽപ് കണ്ടില്ലെന്ന് നടിക്കുന്നത് ഒരു ഭരണകൂടത്തിനും ഭൂഷണമല്ല. തൊഴിലില്ലായ്മയുടെ ചുഴികളിൽപെട്ട് നട്ടംതിരിയുന്ന ജെൻ സീയാണ് സിജെപിയുടെ കാതലെന്ന് കാണാതിരിക്കാനിവില്ല. 1997-നും 2012-നുമിടയിൽ ജനിച്ച 15-നും 26-നും ഇടയിൽ പ്രായമുള്ള ഈ തലമുറ കടുത്ത തൊഴിൽ പ്രതിസന്ധിയിലാണെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. 29.4 കോടി വരുന്ന ഇക്കൂട്ടരിൽ വെറും 4.7 ശതമാനത്തിനു മാത്രമേ കൃത്യമായി വരുമാനമുള്ള തൊഴിലുകളുള്ളൂ. പെൺകുട്ടികളിൽ 35 ശതമാനവും ഒരു വരുമാനവുമില്ലാത്ത വീട്ടുജോലികളിലാണ് ഏർപ്പെട്ടിരിക്കുന്നതെന്നാണ് 2023- 24 ലെ പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വെ വ്യക്തമാക്കുന്നത്.

നീറ്റ് അടക്കമുള്ള വിവിധ യോഗ്യതാ പരീക്ഷകളിൽ മോദി സർക്കാരിനുണ്ടായ വീഴ്ചകൾക്കെതിരെ ഈ പരിസരത്തിൽ ജെൻ സീ സമരമുഖത്തിറങ്ങിയില്ലെങ്കിലാണ് അത്ഭുതപ്പെടേണ്ടത്. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന സമാധാനപരമായ പ്രക്ഷോഭപാതയിലാണ് ഈ ചെറുപ്പക്കാർ എന്നതും ഓർക്കണം. ജനാധിപത്യം എല്ലാ അർത്ഥത്തിലും സംഭാഷണമാണ്. ഭരണകൂടത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്നവരെ അടിച്ചൊതുക്കാതെ സംഭാഷണത്തിന്റെയും ചർച്ചകളുടെയും വിശാലമായ തുറസ്സുകളിലേക്ക് കൊണ്ടുവരികയാണ് രാഷ്ട്രീയ നേതൃത്വം ചെയ്യേണ്ടത്.

സോനവും അഭിജിത്തും

അലമാരകളിൽ അസ്ഥികൂടങ്ങൾ ഇല്ലാത്തവരാണ് സിജെപിയുടെ മുന്നിലും പിന്നിലും. സോനം വാങ്ചുക്കും അഭിജിത് ദിപ്കെയുമൊക്കെ തുറന്ന പുസ്തകങ്ങളാണ്. അവരുടെ അലമാരകളിൽ ദുഷിച്ചതൊന്നും തന്നെ ഇല്ലെന്ന അറിവായിരിക്കണം ബിജെപി ഭരണകൂടത്തിനെ അസ്വസ്ഥമാക്കുന്നത്. ലഡാക്കിന്റെ സ്വയം നിർണ്ണയാവകാശവുമായി ബന്ധപ്പെട്ട് മാസങ്ങളോളം സോനം വാങ്ചുക്ക് നേരത്തെ ജയിലിലുണ്ടായിരുന്നു. അന്ന് ഈ ലേഖകൻ സോനത്തിന്റെ ഭാര്യ ഗീതാഞ്ജലിയുമായി അഭിമുഖം നടത്തിയിരുന്നു. ആ സംഭിഷണത്തിൽ ഗീതാഞ്ജലി വ്യക്തമാക്കിയ ഒരു കാര്യം സോനത്തിനെ വിലയ്ക്ക് വാങ്ങാൻ ആവാത്തത് കൊണ്ടാണ് ഭരണകൂടം ജയിലിൽ അടച്ചെതന്നാണ്.

സോനത്തിന്റെ ആരോഗ്യം പരിരക്ഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ മറവിലാണ് ഭരണകൂടം അദ്ദേഹത്തെ ബലം പ്രയോഗിച്ച് ആസ്പത്രിയിലാക്കിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയാണ് പ്രക്ഷോഭകരുടെ മുഖ്യ ആവശ്യം. വിദ്യാഭ്യാസമാണ് ഒരു ശരാശരി ഇന്ത്യക്കാരന്റെയും ഇന്ത്യക്കാരിയുടെയും ഭാവിക്കായുള്ള മൂലധനം. ഈ മൂലധനത്തിലുള്ള വിശ്വാസ്യതയാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ഭരണകൂട സംവിധാനത്തിന്റെ പരാജയമാണ് ഈ തകർച്ചയുടെ കാരണം.

അപ്പോൾ പിന്നെ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി രാജി വെയ്ക്കുക എന്നത് ജനങ്ങൾ സ്വാഭാവികമായും പ്രതീക്ഷിക്കുന്ന സംഗതിയാണ്. വീഴ്ചയ്ക്ക് കാരണക്കാരായവർ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലെങ്കിൽ അവരെ അതിലേക്ക് കൊണ്ടുവരേണ്ട കടമ പൊതുസമൂഹത്തിനുണ്ട്. ഈ പൗരബോധമാണ് ഡൽഹിയിൽ ചെറുപ്പക്കാരെ നയിക്കുന്നത്.

വൈകിയെങ്കിലും ഉണരുന്ന കോൺഗ്രസ്

ഒരു തെറ്റും ചെയ്യാത്തവരാണ് തങ്ങൾ, ഒരു വീഴ്ചയുമില്ലാത്തവരാണ് തങ്ങൾ എന്ന മിഥ്യാബോധത്തിൽ എത്രനാൾ ഇങ്ങനെ കഴിഞ്ഞുകൂടാൻ ബിജെപി സർക്കാരിന് കഴിയുമെന്നറിയില്ല. വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നവരെ രാജ്യദ്രോഹികളാക്കാൻ എളുപ്പമാണ്. ഇന്ദ്രപ്രസ്ഥം പിടിക്കാൻ മോദിയെ തുണച്ച വലിയൊരു ഘടകം ഓഡിറ്റർ ആന്റ് കംപ്‌ട്രോളർ ജനറൽ ഓഫീസായിരുന്നു. വിനോദ് റായിയുടെ ഓഫീസ് നടത്തിയ ഓഡിറ്റിങ്ങാണ് ഒരർത്ഥത്തിൽ മൻമോഹൻ സിങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന് ചരമക്കുറിപ്പെഴുതിയത്.

സിഎജി ഓഫീസിലെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയും നിയമഭേദഗതികളിലൂടെ ഓഡിറ്റിങ് മേഖലകൾ ചുരുക്കിയും ഇനിയൊരു വിനോദ് റായ് ഉണ്ടാവരുതെന്ന് ബിജെപി ഭരണകൂടം ഉറപ്പാക്കിയതായാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്തായാലും മോദി ഭരണത്തിൽ സിഎജിയുടെ ഓഫീസ് താരതമ്യേന മൗനത്തിലാണ് എന്നതൊരു വസ്തുതയാണ്.

പാക്കിസ്താൻ മതരാഷ്ട്രമായി ജീർണ്ണിച്ചപ്പോൾ ഇന്ത്യയെ ജനാധിപത്യത്തിന്റെ വഴിയിൽ ഉറപ്പിച്ചു നിർത്തിയത് ഗാന്ധിജിയുടെ ബലിയായിരുന്നുവെന്ന് രാമചന്ദ്ര ഗുഹ ഒരു ലേഖനത്തിൽ നിരീക്ഷിക്കുന്നുണ്ട്. വെടിയുണ്ട കൊണ്ട് ഒരു ആശയത്തെയും ഇല്ലാതാക്കാനാവില്ല എന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തമാണ് ഗാന്ധിജിയുടെ രക്തം വീണ ഡൽഹിയിൽനിന്ന് ഇപ്പോൾ ഉയരുന്ന പോരാട്ടത്തിന്റെ ദൃശ്യങ്ങൾ. സിംഹാസനങ്ങൾ ഒഴിയൂ, ജനങ്ങൾ വരികയാണ് എന്ന മുദ്രാവാക്യം ഇന്നിതാ മറ്റൊരു ഏകാധിപത്യ ഭരണകൂടവുമായി ഇന്ദ്രപ്രസ്ഥത്തിൽ മുഖാമുഖം നിൽക്കുന്നു.

ജന്തർ മന്തറിൽ കോൺഗ്രസ് എവിടെയെന്ന ചോദ്യം ഉയരുന്നതിനിടയിൽ വൈകിയാണെങ്കിലും കോൺഗ്രസ് സമരരംഗത്തേക്കെത്തിയിട്ടുണ്ട്. അണ്ണാ ഹസാരെ പ്രസ്ഥാനത്തിന്റെ നിഴൽ ജന്തർ മന്തറിലും സിജെപിക്കും മേലുണ്ട് എന്നൊരു ചിന്ത കോൺഗ്രസിനെ അലട്ടുന്നുണ്ടെന്ന് തോന്നുന്നു. ജന്തർ മന്തർ മറ്റൊരു കെജ്റിവാളിനെ സൃഷ്ടിക്കുമോ എന്ന് കോൺഗ്രസ് പേടിക്കുന്നുണ്ടോ? എന്തായാലും കാലം മുന്നോട്ടുവെയ്ക്കുന്ന ഈ നിമിഷത്തിൽ പങ്ക്ചേരാതിരിക്കാനാവില്ലെന്ന് കോൺഗ്രസ് തിരിച്ചറിഞ്ഞെന്ന് വേണം കരുതാൻ.

പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ കോൺഗ്രസ് ചൊവ്വാഴ്ച നടത്തിയ മിന്നൽ സമരം ബിജെപി സർക്കാർ പ്രതീക്ഷിച്ചു കാണില്ല. വാസ്തവത്തിൽ ജന്തര മന്തറിലെ പ്രക്ഷോഭത്തിലേക്ക് ഇന്ത്യ മുന്നണിയെ അണിചേർക്കുകയാണ് കോൺഗ്രസ് ചെയ്യേണ്ടത്. പ്രതിപക്ഷത്തിന്റെ മഹാമുന്നണിയായി ജനതാ പാർട്ടി 1977-ൽ രൂപം കൊണ്ടത് വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ പരിസമാപ്തി എന്ന നിലയിലായിരുന്നുവെന്ന ചരിത്രം കോൺഗ്രസ് കാണാതെ പോവരുത്. യുവാക്കളുടെ ആവശ്യം ഏറ്റെടുത്ത് രാഹുൽ ഗാന്ധി നിരാഹാരം തുടങ്ങിയാൽ അതിനെ നേരിടാൻ സംഘപരിവാറിന് ശരിക്കും വിയർക്കേണ്ടി വരും.

ക്രിസ്റ്റഫർ നൊളന്റെ ചലച്ചിത്രകാവ്യം

ഡൽഹിയിൽ സിജെപി പ്രക്ഷോഭം കൊടുമ്പിരി കൊള്ളുന്നതിനിടയിലാണ് ലോകവ്യാപകമായി ക്രിസ്റ്റഫർ നൊളന്റെ ചലച്ചിത്രം 'ഒഡീസി' പുറത്തിറങ്ങിയത്. ഗ്രീക്ക് മഹാകവി ഹോമറിന്റെ ഇതിഹാസത്തിന് നൊളൻ നൽകിയ ചലച്ചിത്ര ഭാഷ്യം. എല്ലാ മഹാകാവ്യങ്ങളെയും പോലെ ഒഡീസിയും ജീവിതത്തിന്റെയും മരണത്തിന്റെയും കഥയാണ്. വിജയങ്ങളുടെയും പരാജയങ്ങളുടെയും കഥ. വാത്മീകിയെയും വ്യാസനെയും പോലെ ജീവിതത്തിന്റെ അർഥം എന്താണെന്ന് തന്നെയാണ് ഹോമർ അന്വേഷിക്കുന്നത്. ആ അന്വേഷണത്തിൽ നോളനും പങ്കുചേരുന്നു. എന്തിനാണ് നൊളൻ ഹെലനെ കറുത്തവൾ ആക്കിയതെന്നതിനെക്കുറിച്ച് ചർച്ച നടക്കുന്നുണ്ട്. കാഞ്ചനസീതയിൽ അരവിന്ദൻ രാമനെയും സീതയെയും ആന്ധ്രയിലെ ഗോത്രവർഗക്കാരിൽനിന്നാണ് കണ്ടെത്തിയത്. എത്രയോ എഴുത്തുകാരും സംവിധായകരും പുരാണങ്ങൾ അവരുടെ രീതിയിൽ വ്യാഖ്യാനിച്ചിരിക്കുന്നു. അങ്ങിനെയൊരു സ്വാതന്ത്ര്യം എല്ലാ മിത്തുകളും മനുഷ്യർക്ക് നൽകുന്നുണ്ട്.

ഹെലനല്ല ഒഡീസിയുസ് ആണ് ഒഡീസിയുടെ കേന്ദ്രബിന്ദു.  അഹംബോധത്തിന്റെ പടം പൊഴിച്ചു നിൽക്കുന്ന ഒഡീസിയുസ്. ട്രോജൻ കുതിരയുടെ തലച്ചോർ. തന്റെ ഏറ്റവും മികച്ച ജനറൽ എന്ന് അഗമെംനോൺ പുകഴ്ത്തുന്ന ഇത്താക്കയുടെ നായകൻ. ട്രോയിയെ വീഴ്ത്തി ഹെലനെ വീണ്ടെടുക്കാൻ വഴിയൊരുക്കിയ പടനായകൻ. എത്രയെത്ര യുദ്ധങ്ങൾ, എത്രയെത്ര വിജയങ്ങൾ. പക്ഷേ, എല്ലാ വിജയങ്ങൾക്കുമൊടുവിൽ മനുഷ്യൻ നേരിടേണ്ടി വരുന്ന നിസ്സാരതയാണ് നൊളന്റെ പ്രമേയം. മരണവുമായി മുഖാമുഖം നിൽക്കുന്ന നിമിഷങ്ങളിൽ അയാൾക്കുണ്ടാവുന്ന തിരിച്ചറിവുകൾ.

ഡൽഹിയിൽ ചെറുപ്പക്കാർ തെരുവുകളിൽ ഉണർന്നിരിക്കുമ്പോഴാണ് ലോകകപ്പ് ഫുട്ബോളിന്റെ കൊട്ടിക്കലാശം ന്യുജഴ്സിയിൽ അരങ്ങേറിയത്. അതേ രാത്രിയിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇറാനിൽ ബോംബ് വർഷിക്കുന്ന തിരക്കിലായിരുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിൽ ചെറുപ്പക്കാർ മർദ്ദിക്കപ്പെടുമ്പോൾ പ്രധാനമന്ത്രി മോദി പാർലമെന്റിൽനിന്ന് ഔദ്യോഗിക വസതിയിലേക്ക് മടങ്ങുന്ന ചിത്രം ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്തിരുന്നു. ചെറുപ്പക്കാരുടെ സമരത്തെക്കുറിച്ചോ പ്രധാന്റെ രാജിയെക്കുറിച്ചോ മോദി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.

ട്രംപും മോദിയും ഒഡീസി കാണുമോ എന്നറിയില്ല. കണ്ടാലും മാനസാന്തരം ഉണ്ടാവുമോ എന്നുമറിയില്ല... കണ്ടിരുന്നെങ്കിൽ എന്ന് ചുമ്മാ... ഒന്നാശിച്ചുപോവുന്നു!

വഴിയിൽ കേട്ടത്: കോക്രോച്ച് എന്ന വാക്ക് ഇന്ത്യൻ ചീഫ് ജസ്റ്റിസ് പറയാതിരുന്നെങ്കിൽ എന്ന് ബിജെപി നേതൃത്വം ഇപ്പോൾ ആഗ്രഹിക്കുന്നുണ്ടാവും! ഉച്ചരിക്കാത്ത വാക്കിന്റെ ഉടമയും ഉച്ചരിച്ച വാക്കിന്റെ അടിമയുമാണ് മനുഷ്യൻ എന്ന ചൊല്ലിന്റെ പൊരുൾ ഇനിയിപ്പോൾ ജസ്റ്റിസ് സൂര്യ കാന്തിന് ആരെങ്കിലും പറഞ്ഞു കൊടുക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല.