
'എന്നെയെനിക്ക് തിരിച്ചുകിട്ടാതെ ഞാന്‍ ഏതോ ദിവാസ്വപ്നമായി....' എന്തൊരു വരിയാണത്; കവിതയും പ്രണയവും കൈകോര്‍ത്തുനില്‍ക്കുന്ന വരി.. നമുക്ക് നമ്മെത്തന്നെ നഷ്ടപ്പെട്ടുപോകുന്ന അവസ്ഥ, ചിലപ്പോളത് പ്രണയത്തിലാകാം, അല്ലെങ്കില്‍ വിരഹത്തില്‍, അതുമല്ലെങ്കില്‍ ഭക്തിയില്‍. അങ്ങനെയൊരവസ്ഥയിലൂടെ കടന്നുപോകാത്തവരായി ആരെങ്കിലുമുണ്ടാകുമോ ഭൂമിയില്‍ ? സ്വയമറിയാതെ മനസ്സ് കൈവിട്ടുപോകുന്ന അത്തരം ഘട്ടങ്ങള്‍ ജീവിതത്തില്‍ അപൂര്‍വ്വമല്ലാത്തതുകൊണ്ടാവാം ആദ്യകേള്‍വിയില്‍ത്തന്നെ ഹൃദയം കവര്‍ന്നത് 'ഹിമശൈല സൈകത ഭൂമിയില്‍' എന്ന പാട്ടിന്റെ ചരണത്തിലെ ലളിതസുന്ദരമായ ആ ഒരൊറ്റ വരിയാണ്.
'ഏറെ പ്രിയപ്പെട്ട താങ്കളുടെ പാട്ടുകള്‍ മുഴുവന്‍ ഈ ഒരേയൊരു വരിക്ക് വേണ്ടി കൈമാറാന്‍ ഒരുക്കമാ'ണെന്ന് പലതവണ കവിയോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. 'ദേവരാജന്‍ മാഷിനും ഇഷ്ടപ്പെട്ട ഭാഗമായിരുന്നു അത്.' എം.ഡി. രാജേന്ദ്രന്‍ പറയും. ഈണം കൊണ്ട് വാത്സല്യപൂര്‍വ്വം ഒന്ന് തലോടിയിട്ടേയുള്ളൂ മാഷ് ആ വരിയെ. മാന്ത്രികമായ ഒരു സംഗീതസ്പര്‍ശം. മാധുരി അത് പാടിക്കേള്‍ക്കുമ്പോള്‍ കാലം ഘനീഭൂതമായി നില്‍ക്കുന്ന കാണാക്കയങ്ങളിലേക്ക് ശ്രോതാവിന്റെ മനസ്സും അറിയാതെ സഞ്ചരിച്ചുപോകുന്നത് സ്വാഭാവികം. .
'ശാലിനി എന്റെ കൂട്ടുകാരി'യിലെ ആ കാവ്യഗീതം ഒ.എന്‍.വിയോ പി. ഭാസ്‌കരനോ യൂസഫലി കേച്ചേരിയോ എഴുതിയതാണെന്ന് വിശ്വസിക്കുന്നവര്‍ ഇന്നുമുണ്ട്. കഴിഞ്ഞ ദിവസം എം.ഡി. രാജേന്ദ്രന് അക്ഷരരത്‌നം അവാര്‍ഡ് സമ്മാനിക്കപ്പെട്ട കോഴിക്കോട്ടെ വേദിയില്‍ ഹിമശൈലസൈകതത്തെക്കുറിച്ചു സംസാരിച്ചു പുറത്തിറങ്ങിയപ്പോള്‍ പിറകെ ഓടിവന്ന ഒരു ഗാനാസ്വാദകന്റെ വാക്കുകള്‍ കേട്ട് അമ്പരക്കാതിരുന്നതും അതുകൊണ്ടുതന്നെ: 'ഇത് ഒ.എന്‍.വി. സാറിന്റെ കവിതയാണെന്നാണ് ഇതുവരെ കരുതിയിരുന്നത്.'കിതപ്പിനിടയിലൂടെ അയാള്‍ പറഞ്ഞു. 'നിമിഷങ്ങള്‍ തന്‍ കൈക്കുടന്നയില്‍ നീയൊരു നീലാഞ്ജനതീര്‍ത്ഥമായി എന്നൊക്കെ കേട്ടാല്‍ ഒ.എന്‍.വി. എഴുതിയപോലെയാണ് തോന്നുക. എന്തായാലും തെറ്റിദ്ധാരണ തിരുത്തിയതിന് നന്ദി.'
ഒരു ഓര്‍മ്മ കൂടി പങ്കുവെച്ചു അയാള്‍: 'ഗുരുവായൂരപ്പന്‍ കോളേജില്‍ 'ശാലിനി എന്റെ കൂട്ടുകാരി'യുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ കാണാന്‍ പോയിരുന്നു. നായികയായ ശോഭയെ കണ്‍കുളിര്‍ക്കെ കാണാന്‍ വേണ്ടിയായിരുന്നു ക്ലാസ് കട്ട് ചെയ്തുള്ള ആ യാത്ര. എങ്ങോട്ട് പോയി ഞാന്‍ എന്റെ സ്മൃതികളേ നിങ്ങള്‍ വരില്ലയോ കൂടെ എന്ന വരി കേള്‍ക്കുമ്പോള്‍ ഇന്നും ശോഭയെ ഓര്‍മ്മവരും. സിനിമയില്‍ ജലജ ആ കവിത ആലപിക്കുന്നത് കേട്ടുനില്‍ക്കേ ശോഭയുടെ മുഖത്ത് വിടര്‍ന്ന ലജ്ജ കലര്‍ന്ന പുഞ്ചിരിയായിരുന്നു അപ്പോള്‍ എന്റെ ഓര്‍മ്മയില്‍. നന്ദി അജ്ഞാത സുഹൃത്തേ, ആ കാലത്തേക്ക് തിരികെ നടത്തിയതിന്.
ഗാനരചയിതാക്കള്‍ക്കിടയിലെ ഏകാന്തപഥികനാണ് എം.ഡി.ആര്‍. ആള്‍ക്കൂട്ടങ്ങളിലും ആഘോഷങ്ങളിലും ആത്മപ്രശംസാവേദികളിലും കാണാറില്ല അദ്ദേഹത്തെ. എന്തും നര്‍മ്മബോധത്തോടെ കാണുന്നതാണ് എം.ഡി.ആറിന്റെ ശൈലി. പ്രസംഗവേദികളിലും സാമൂഹ്യമാധ്യമങ്ങളിലും ആത്മപ്രഘോഷണം നാട്ടുനടപ്പായിക്കഴിഞ്ഞ കാലത്ത് തന്നിലേക്ക് തന്നെ നോക്കി ചിരിക്കാനും സ്വയം കളിയാക്കാനും മടികാണിക്കാത്ത ഒരാള്‍. ധാരാളം ആരാധകരുണ്ടായിരുന്ന റേഡിയോ അവതാരകന്‍. കൂടെ നല്ലൊരു ശബ്ദാനുകരണ വിദഗ്ധനും. .
മുന്‍തലമുറയിലെയും പിന്‍തലമുറയിലേയും അതിപ്രശസ്തരായ കവികള്‍ക്ക് പോലും ലഭിക്കാത്ത ഒരു സൗഭാഗ്യമുണ്ട് എം.ഡി.ആറിന് അവകാശപ്പെടാന്‍. ആദ്യം പാട്ടെഴുതിയ അഞ്ചു സിനിമകളിലും സംഗീതസംവിധായകന്‍ സാക്ഷാല്‍ ദേവരാജന്‍ മാസ്റ്റര്‍. തോപ്പില്‍ ഭാസി സംവിധാനം ചെയ്ത 'മോചന'ത്തിലായിരുന്നു തുടക്കം. പിന്നെ ശാലിനി എന്റെ കൂട്ടുകാരി, സ്വത്ത്, തീക്കളി, കഥയറിയാതെ.
എഴുതിക്കൊടുത്ത വരികള്‍ക്ക് അര്‍ത്ഥഭംഗിയില്ലെങ്കില്‍ നിര്‍ദ്ദയം തള്ളിക്കളയുന്നതാണ് ദേവരാജന്‍ മാസ്റ്ററുടെ ശൈലി, വയലാറിന്റെയും ഒ.എന്‍.വിയുടേയുമൊക്കെ ഗാനങ്ങള്‍ സ്വരപ്പെടുത്തിയാണല്ലോ അദ്ദേഹത്തിന് ശീലം. തുടക്കക്കാരനായ എം.ഡി.ആര്‍. എന്തായാലും ആ 'പ്രവേശനപ്പരീക്ഷ'യില്‍ അനായാസം ജയിച്ചുകയറി. 'നഗ്നസൗഗന്ധികപ്പൂ വിരിഞ്ഞു, നക്ഷത്രമിഴികളില്‍ ജലം പൊടിഞ്ഞു, ഇരുട്ടിന്റെ അരക്കെട്ടില്‍ സൂര്യനുദിച്ചു, ഈറന്‍മിഴികള്‍ ജ്വലിച്ചു, പുതുമഴയുടെ ലഹരി ഇത് രതിസുഖലഹരി' എന്നെഴുതിക്കൊടുത്ത യുവകവിയെ ആപാദചൂഢം നോക്കി മാസ്റ്റര്‍. പറയാനുള്ളതെല്ലാം ഉണ്ടായിരുന്നു ആ നോട്ടത്തില്‍ എന്ന് എം.ഡി.ആര്‍. അടുത്ത പാട്ടില്‍ കുറേക്കൂടി സുതാര്യമായിരുന്നു കല്‍പനകള്‍; 'കണ്ണുകള്‍ കണ്ണുകളെ ഓമനിച്ചു, ചുണ്ടുകള്‍ ചുണ്ടുകളെ സല്‍ക്കരിച്ചു, പഞ്ചേന്ദ്രിയങ്ങളെ പൊതിയുന്ന പുടവകള്‍ പറന്നകന്നൂ കാറ്റില്‍ പറന്നകന്നൂ...'
പിന്നീടാണ് 'ശാലിനി'യുടെ വരവ്. മാറിവരുന്ന ചലച്ചിത്ര സംഗീതസങ്കല്‍പങ്ങളുമായി ഒത്തുതീര്‍പ്പിലെത്താന്‍ നില്‍ക്കാതെ സിനിമയുമായി അകല്‍ച്ച പാലിച്ചുതുടങ്ങിയിരുന്ന ദേവരാജന്‍ മാസ്റ്ററെ രായ്ക്കുരാമാനം അന്നത്തെ ക്യാംപസുകളുടെ പോലും ഇഷ്ട സംഗീത സംവിധായകനാക്കി മാറ്റിയ പടം. പുതുമയാര്‍ന്ന വാദ്യവിന്യാസവും സൗണ്ടിങ്ങുമാണ് 'സുന്ദരീ നിന്‍ തുമ്പുകെട്ടിയിട്ട ചുരുള്‍ മുടിയില്‍' എന്ന യേശുദാസ് ഗാനത്തെ ഇന്‍സ്റ്റന്റ് ഹിറ്റാക്കി മാറ്റിയത്. ആ ഗാനത്തിന്റെ തുടക്കത്തിലെ 'സുന്ദരീ' എന്ന സംബോധന മാസ്റ്ററുടെ സ്വന്തം സംഭാവനയാണെന്ന് പറയുന്നു എം.ഡി.ആര്‍. 'ആരുടെ മുടിത്തുമ്പാണ് കെട്ടിയിട്ടതെന്ന് ആളുകള്‍ നിന്നോട് ചോദിക്കാന്‍ ഇടവരരുത്' എന്ന ഉപദേശത്തോടെയായിരുന്നു മാസ്റ്ററുടെ ആ സര്‍ഗാത്മക ഇടപെടല്‍. 'സുന്ദരീ' എന്ന ആ സംബോധനയില്ലാതെ ആ ഗാനം എത്ര അപൂര്‍ണം.
'സ്വത്തി'ലെ 'മായാമാളവഗൗളരാഗം' എന്ന രാഗമാലികയായിരുന്നു മറ്റൊരു അവിസ്മരണീയ അനുഭവം. മായാമാളവഗൗളത്തില്‍ തുടങ്ങി വീണാധരി, സൂര്യകോന്‍സ്, മേഘ്, ജലധാര്‍ കേദാര്‍, ലതാംഗി, മല്ലികാവസന്തം, കേദാര്‍, രേവതി, നീലാംബരി, ജ്യോതിസ്വരൂപിണി, ഉദയരവിചന്ദ്രിക, താണ്ഡവപ്രിയ, വിഭാവരി തുടങ്ങിയ വൈവിധ്യമാര്‍ന്ന രാഗങ്ങളിലൂടെ ഒഴുകിപ്പോകുന്ന ആ അപൂര്‍വസൃഷ്ടിയുടെ രചനയിലും ദേവരാജന്‍ മാസ്റ്ററുടെ കയ്യൊപ്പുണ്ടായിരുന്നു എന്ന് സമ്മതിക്കാന്‍ മടിയില്ല എം.ഡി.ആറിന്. 'മാസ്റ്ററിനൊപ്പമുള്ള ഓരോ ഗാനസൃഷ്ടിയും എന്നെ സംബന്ധിച്ച് ഓരോ പിഎച്ച്ഡി തീസിസ് ആയിരുന്നു. അതുപോലൊരാള്‍ അതിനു മുന്‍പുണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. ഹിമശൈലസൈകതം എന്ന ഗാനത്തോടുള്ള മാഷിന്റെ ഇഷ്ടത്തെ കുറിച്ച് ഈയിടെ അദ്ദേഹത്തിന്റെ മകള്‍ എഴുതിയത് വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞുപോയി. ഉള്ളിലെ ഇഷ്ടങ്ങള്‍ അങ്ങനെ തുറന്നു പറയാറില്ലാത്ത ആളാണല്ലോ അദ്ദേഹം...'
'മംഗളം നേരുന്നു'വില്‍ ഇശൈജ്ഞാനി ഇളയരാജ, 'പാര്‍വതി'യില്‍ ജോണ്‍സണ്‍, 'ഒരു സ്വകാര്യ'ത്തില്‍ എം.ബി. ശ്രീനിവാസന്‍, 'കൂടും തേടി'യില്‍ ജെറി അമല്‍ദേവ്, 'അകലത്തെ അമ്പിളി'യില്‍ ശ്യാം, 'ദേവരാഗ'ത്തില്‍ കീരവാണി, 'മനസ്സില്‍ ഒരു മഞ്ഞുതുള്ളി'യില്‍ ബോംബെ രവി, 'പ്രജ'യില്‍ എം.ജി. രാധാകൃഷ്ണന്‍.... സമകാലികരുമായി തട്ടിച്ചുനോക്കുമ്പോള്‍ ചെയ്ത പടങ്ങള്‍ എണ്ണത്തില്‍ കുറവെങ്കിലും അതിപ്രഗത്ഭരായ സംഗീതശില്പികളുമായി സഹകരിക്കാനായി എന്നതാണ് കാലം എം.ഡി. രാജേന്ദ്രന് വേണ്ടി കാത്തുവെച്ച നിയോഗം. അല്ലിയിളം പൂവോ.... ഋതുഭേദ കല്‍പ്പന (മംഗളം നേരുന്നു), നന്ദസുതാവര, കുറുനിരയോ (പാര്‍വതി), വാചാലം എന്‍ മൗനവും (കൂടും തേടി), ശിശിരകാല മേഘമിഥുന, യയയാ യാദവ, ശശികല ചാര്‍ത്തിയ (ദേവരാഗം), അറിയാതെ അറിയാതെ എന്നിലെ എന്നില്‍ നീ (ഒരു കഥ ഒരു നുണക്കഥ), അല്ലികളില്‍ (പ്രജ)...എല്ലാം പ്രായഭേദമന്യേ മലയാളികള്‍ ഏറ്റെടുത്ത ഗാനങ്ങള്‍.
ബോംബെ രവിയുമായുള്ള സംഗമം, ആയുസ്സിലൊരിക്കല്‍ മാത്രം വീണുകിട്ടുന്ന അപൂര്‍വ്വാനുഭവമായി ഓര്‍മ്മയിലുണ്ട്. 'കമ്പോസിംഗ് തുടങ്ങും മുന്‍പ് സ്വന്തം ബ്രീഫ് കേസ് എടുത്ത് മേശപ്പുറത്തു തുറന്നുവെച്ചു രവിസാബ്. പിന്നെ അതിലേക്ക് നോക്കി താണുതൊഴുതു. എന്നോടും ആ പ്രവൃത്തി ആവര്‍ത്തിക്കാന്‍ അദ്ദേഹം പറഞ്ഞപ്പോള്‍ കൗതുകം തോന്നി. ദൈവചിത്രമോ ശില്‍പമോ ആണെന്നാണ് കരുതിയത്. സൂക്ഷിച്ചു നോക്കിയപ്പോള്‍ അത്ഭുതപ്പെട്ടുപോയി. തുറന്നുവെച്ച പെട്ടിയുടെ അടപ്പിന്മേല്‍ സാക്ഷാല്‍ മുഹമ്മദ് റഫിയുടെ ചിത്രം. ദൈവതുല്യനാണ് അദ്ദേഹത്തിന് റഫി സാഹിബ് എന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്...'
'മനസ്സില്‍ ഒരു മഞ്ഞുതുള്ളി'യിലെ പാട്ടുകള്‍ ചിട്ടപ്പെടുത്തുമ്പോള്‍ ഒരാഗ്രഹം കൂടി പങ്കുവെച്ചു രവി. 'എന്റെ ഏറ്റവും വലിയ ഹിറ്റ് ഗാനമായ ചൗദ്‌വീം കാ ചാന്ദിന് ഒരു മലയാളം പതിപ്പ് വേണം. ഹിന്ദി ഗാനത്തിന്റെ ആശയം ഉള്‍ക്കൊണ്ട് താങ്കള്‍ ഒരു പാട്ട് എഴുതിത്തരണം. വരികളുടെ ആശയം രവി സാബ് വിവരിച്ചു തന്നു. അത് കേട്ട് ഞാന്‍ എഴുതി: പൗര്‍ണമിപ്പൂത്തിങ്കളേ നീയെന്‍ ഹൃദയസ്പന്ദനമല്ലേ, എന്‍ ജീവനിശ്വാസമേ എന്നനുഭൂതിയല്ലേ....' ജയചന്ദ്രനാണ് ആ ഗാനം പാടിയത്. സുജാതയുടെ 'പ്രണയിക്കുകയായിരുന്നു' എന്ന ഗാനവും അതേ പടത്തില്‍ തന്നെ.
ജനപ്രീതിയില്‍ ഇവയെയൊക്കെ നിഷ്പ്രഭമാക്കിയ മറ്റൊരു രാജേന്ദ്രസൃഷ്ടിയുണ്ട്; ഈ കാലഘട്ടത്തിന്റെ പാട്ട്. അതെഴുതിയതും ചിട്ടപ്പെടുത്തിയതും എംഡിആര്‍ തന്നെ. പാടിയത് ഗാനഗന്ധര്‍വന്‍: 'കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ട് നിസ്‌കരിച്ചാലും കാണുന്നതും ഒന്ന് കേള്‍ക്കുന്നതും ഒന്ന് കരുണാമയനാം ദൈവമൊന്ന്..'
ഒന്നരപ്പതിറ്റാണ്ടോളം മുന്‍പ് 'മൗനം' എന്ന സിനിമക്ക് വേണ്ടി റെക്കോര്‍ഡ് ചെയ്യപ്പെട്ടതാണ് ആ ഗാനം. 'അന്ന് വര്‍ഗ്ഗീയത ഇത്രത്തോളം തീവ്രവും ഭീതിദവുമല്ല നമ്മുടെ നാട്ടില്‍.' എം.ഡി.ആര്‍. പറയുന്നു. 'സിനിമയിലെ സന്ദര്‍ഭത്തിന് ഇണങ്ങുന്ന ഒരു പാട്ട്. അത്രയേ ആലോചിച്ചിരുന്നുള്ളൂ. പക്ഷേ, ഇന്ന് ആ വരികള്‍ക്ക് കൈവന്നിട്ടുള്ള മാനം എന്നെപ്പോലും അത്ഭുതപ്പെടുത്തുന്നു, ഭയപ്പെടുത്തുന്നു.'
'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു' എന്ന വിഖ്യാത ഗാനമാണ് 'മൗന'ത്തിലെ പാട്ടെഴുതാന്‍ പ്രചോദനമായതെന്ന് കവി. 'ഒരര്‍ത്ഥത്തില്‍ വയലാറിന്റെ പാട്ടിന്റെ ഒരു തുടര്‍ച്ചയാണ് എന്റെ രചന.' കുറി വരച്ചാലും വയലാറിന്റെ സൃഷ്ടിയായി പല രാഷ്ട്രീയ നേതാക്കളും പ്രസംഗങ്ങളില്‍ പരാമര്‍ശിച്ചു കേട്ടിട്ടുണ്ട്. പരിഭവമൊന്നുമില്ല എം.ഡി.ആറിന്. 'വയലാറുമായുള്ള താരതമ്യം പോലും അഭിമാനമായി കാണുന്നയാളാണ് ഞാന്‍.'
അതിനും പത്തു വര്‍ഷം മുന്‍പ് കെ. മധുവിന്റെ സംവിധാനത്തില്‍ പുറത്തുവന്ന 'ഗോഡ്മാന്‍' (1999) എന്ന സിനിമക്ക് വേണ്ടി എഴുതിയതാണ് 'കുറിവരച്ചാലും' എന്ന് തുടങ്ങുന്ന പല്ലവി. പടത്തിന്റെ ശീര്‍ഷകഗാനമായി മതസൗഹാര്‍ദ്ദം പ്രമേയമായ ഒരു പാട്ട് വേണം എന്നാവശ്യപ്പെട്ടത് സുഹൃത്ത് കരീം. 'തുടക്കം ഇങ്ങനെ തന്നെ ആയിരുന്നെങ്കിലും ചരണത്തിലെ വരികള്‍ വ്യത്യസ്തമായിരുന്നു.'-എം.ഡി.ആര്‍. ഓര്‍ക്കുന്നു. 'പക്ഷേ സിനിമയില്‍ ആ ഗാനം ഉപയോഗിക്കേണ്ടി വന്നില്ല. ആക്ഷന്‍ പടം ആയതിനാല്‍ പാട്ടൊന്നും വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു 'ഗോഡ്മാ'ന്റെ ശില്‍പ്പികള്‍. ഒരു കണക്കിന് അതൊരു ഭാഗ്യമായി. ഇല്ലെങ്കില്‍ ഇത്രയേറെ ശ്രദ്ധിക്കപ്പെടുമായിരുന്നില്ലല്ലോ ഈ പാട്ട്..'
തൃശൂരിലെ പ്രിയഗീതം സ്റ്റുഡിയോയിലാണ് ട്രാക്കെടുത്തത്. റെക്കോര്‍ഡ് ചെയ്തത് തൃപ്പൂണിത്തുറയിലെ പൂജ സ്റ്റുഡിയോയിലും. പാട്ട് പിറന്നുവീണ ദിനം ഇന്നുമുണ്ട് എം.ഡി. രാജേന്ദ്രന്റെ ഓര്‍മ്മയില്‍ 2009 ഫെബ്രുവരി 19. അന്നുതന്നെ ആയിരുന്നു പടത്തിന്റെ പൂജയും. 'യേശുദാസ് വേണം പാടാന്‍ എന്ന് നേരത്തെ തന്നെ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. വരികളുടെ ആശയം മറ്റാരേക്കാളും നന്നായി, ആഴത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമല്ലോ അദ്ദേഹത്തിന്.'
സ്റ്റുഡിയോയില്‍ എത്തിയയുടന്‍ പാട്ട് ചോദിച്ചു വാങ്ങി വായന തുടങ്ങി യേശുദാസ്; ഒന്നും രണ്ടുമല്ല പല തവണ. 'നീ എഴുതിയതല്ല ഇത്, നിനക്ക് എഴുതാനാവില്ല ഇങ്ങനെ.' ഇടക്കെപ്പോഴോ ഗാനരചയിതാവിനെ അടുത്തുവിളിച്ച് ദാസേട്ടന്‍ പറഞ്ഞു. ആകെ അസ്വസ്ഥനായി എം.ഡി.ആര്‍. എന്താണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് മനസ്സിലാകുന്നില്ല. അപ്പോള്‍ അതാ വരുന്നു അടുത്ത വാചകം: 'ഏതോ ഒരു അജ്ഞാതശക്തി നിന്നെക്കൊണ്ട് എഴുതിച്ചതാണ്.' ശ്വാസം നേരെ വീണത് ആ വാക്കുകള്‍ കേട്ടപ്പോഴാണെന്ന് എം.ഡി.ആര്‍.
Content Highlights: md-rajendran-himashayala-saikata song ravi menon writes
Published: 27 May 2025, 11:30 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented