
ഒരു ദിവസം രാവിലെ പത്രം തുറക്കുമ്പോൾ തലക്കെട്ട് നിങ്ങളെ കൊതിപ്പിക്കും.
'ആർബിഐ പലിശ കുറച്ചു, ഇഎംഐ കുറയും!''
ചായ കുടിച്ചുകൊണ്ടിരിക്കുന്ന നിങ്ങളുടെ മുഖത്ത് ഒരു ചിരി വിടരും. ഇനിയങ്കിലും മാസ ബജറ്റിൽ എന്തെങ്കിലും കുറച്ച് ബാക്കിവരും.
പക്ഷേ... ഒന്നും സംഭവിക്കില്ല.
ഇഎംഐ അവിടെ തന്നെയിരിക്കും ഓഫീസ് കസേര പോലെ. എത്ര ശ്രമിച്ചാലും നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് ഉയരുകയുമില്ല, താഴുകയുമില്ല.
രണ്ടു മൂന്നു മാസം കഴിയുമ്പോൾ വീണ്ടും സർപ്രൈസ്! തലക്കെട്ട് നിങ്ങളുടെ തലക്കിട്ട് കൊട്ടും.
ആർബിഐ പലിശനിരക്ക് കൂട്ടി.
അപ്പോൾ എന്ത് സംഭവിക്കും?
അർദ്ധരാത്രി 12ന് മാനേജർ ഫോർവേഡ് ചെയ്യുന്ന ഇ മെയിൽ പോലെ, മിന്നൽ വേഗത്തിൽ നിങ്ങളുടെ ഇഎംഐ കൂടും.
മിഡിൽ ക്ലാസിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥിരം സസ്പെൻസ് ത്രില്ലറിലേക്ക് എല്ലാവർക്കും സ്വാഗതം.-ഇന്ത്യയിലെ പലിശനിരക്കിലെ നിഗൂഢ വഴികൾ.
എല്ലാ രണ്ടോ മൂന്നോ മാസം കൂടുമ്പോഴും നടക്കുന്ന ആചാരപരമായ ഒരു ചടങ്ങുണ്ട്. വെടിക്കെട്ടും ശീവേലിയുമൊക്കെയായി ചേരുന്ന ഈ യോഗത്തിന്റെ പേര് ആർബിഐ മൊണിറ്ററി പോളിസി കമ്മിറ്റിയെന്നാണ് (MPC).
ഇൻഫ്‌ലഷൻ, സാമ്പത്തിക വളർച്ച, ആഗോള സാഹചര്യം, എണ്ണവില, മഴ, മറ്റ് രാജ്യങ്ങളിലെ രാഷ്ട്രീയ സംഭവ വികാസങ്ങൾ. ഭൂമിക്കു കീഴയുള്ള ഏന്തും ജഗന്നാഥന് സമമാണ് എന്ന് പറയുന്ന പോലെ ആർബിഐ എല്ലാത്തിനെക്കുറിച്ചും പഠിക്കും.
ശേഷം പ്രഖ്യാപനം
Repo Rate, Reverse Repo Rate, CRR, SLR, MSF… ചിലത് കൂട്ടും. ചിലത് കുറക്കും.ചിലത് ''മാറ്റമില്ല'' എന്ന് പറയും.
എന്തിനാണിത്?
കാരണം എല്ലാം സ്ഥിരമായങ്ങനെ ഇരിക്കുന്നത് പരമ ബോറാണ്. കൺഫ്യൂഷൻ എല്ലാവരെയും ജാഗ്രതയിൽ നിർത്തും.
മിഡിൽ ക്ലാസിൽപെട്ട ശമ്പള വരുമാനക്കാർക്ക് ആർബിഐ റിപ്പോർട്ട് ലാബ് റിപ്പോർട്ട് പോലെയാണ്. ബ്ലഡ് ടെസ്റ്റിൽ എന്തൊക്കെയേ കുഴപ്പമുണ്ടെന്നറിയാം. പക്ഷേ അതെന്താണെന്ന് ഓരെത്തും പിടിയും കിട്ടുകേല. പേടിക്കണോ സന്തോഷിക്കണോ എന്നുമറിയില്ല.
ആർബിഐ മീറ്റിംഗ് കഴിയുമ്പോൾ മീഡിയ അവരുടെ ജോലി ഭംഗിയായി ചെയ്യും.
'ഇഎംഐ കുറയും!''
''വായ്പയെടുത്തവർക്ക് ആശ്വാസം!''
''ഇനി പലിശ കുറഞ്ഞ ലോൺ കാലം!''
സന്തോഷം കൊണ്ടെനിക്കിരിക്കാൻ മേലേ എന്ന് അവസ്ഥയിൽ സൂപ്രണ്ടനിടോ സെക്ഷൻ ഓഫീസറോടോ കല്ലുവെച്ച ഓരു നുണയും പറഞ്ഞ് നിങ്ങൾ ഓടി ബാങ്കിൽ ചെല്ലും. എന്നിട്ട് കിതപ്പോടെ ചോദിക്കും.
''പലിശ നിരക്ക് കുറച്ചല്ലോ, എന്റെ ഇഎംഐയിൽ എത്ര കുറയും?''
ബാങ്ക് ഉദ്യോഗസ്ഥൻ പുഞ്ചിരിക്കും.
പരിശീലനം കിട്ടിയ, പ്രൊഫഷണൽ പുഞ്ചിരി.
കൈ വീശും.
''അതെ.. അതെ..പലിശ കുറഞ്ഞിട്ടുണ്ട്. പക്ഷേ ഓർഡർ വരണം. വന്നാലും സിസ്റ്റത്തിൽ അപ്ഡേറ്റ് ആകണം. ആയാലും നിങ്ങളുടെ വായ്പയുടെ...റീസെറ്റ് ഡേറ്റ് ആകണം. ആയാലും... ഇന്റേണൽ പോളിസി... അനുമതിയും വരണം. അതും വന്നാലുടനെ ഇഎംഐ കുറയും. ഈ പറഞ്ഞതിന്റെ അർത്ഥവുമാലോചിച്ച് ബാങ്കിന്റെ പടികളിറങ്ങും നിങ്ങൾ. ഓരുപാടൊന്നും ആലോചിക്കേണ്ട. ബാങ്ക മാനേജർ പറഞ്ഞതിന് ഓരൊറ്റ അർത്ഥമേയുള്ളൂ. അതിതാണ്. ദയവായി വീട്ടിലേക്ക് നിങ്ങൾ ഇപ്പോൾ പോകൂ. നിങ്ങളുടെ ഇഎംഐയ്ക്ക് ഒരു ചുക്കും സംഭവിക്കില്ല.
പലിശ കുറയുമ്പോൾ ബാങ്കിലെ സിസ്റ്റം സ്റ്റേഷനോടടുക്കുന്ന ട്രയിൻ പോലെയാണ്. മെല്ലെ മെല്ലെ....
ആദ്യം ആർബിഐ കുറക്കും.
പിന്നെ ബാങ്കുകൾ ''പഠിക്കും''.
പിന്നെ ''പരിശോധിക്കും''.
പിന്നെ ''ക്രമേണ ആനുകൂല്യം നൽകാൻ തീരുമാനിക്കും''.
നിങ്ങളുടെ ലോണിന്റെ ''റീസെറ്റ് ഡേറ്റ്'' കഴിഞ്ഞാൽ ഉടനെ ഇഎംഐ കുറയും എന്ന് നിങ്ങളെ അറിയിക്കും. അതിന് ചുരുങ്ങിയത് ആറുമാസം എടുക്കും..
അതുവരെ...
ആർബിഐ വീണ്ടും യോഗം ചേരും.
അപ്പോൾ?
പലിശ ചിലപ്പോൾ കൂട്ടിയേക്കും.
പലിശ കൂട്ടിയാൽ പിന്നെ കാര്യങ്ങൾ ഒളിമ്പിക് സ്പീഡിലാണ്. നേരത്തെ സംഭവിച്ചതിന് നേർ വിപരീതം. വൈറൽ വാട്‌സാപ് മെസേജ് പോലെ.
ദിവസങ്ങൾക്കുള്ളിൽ
ഇഎംഐ കൂടും, ലോൺ കാലാവധി നീളും, മാസബജറ്റ് തകർന്നുവീഴും
എക്‌സൽ ഷീറ്റ് കരയും, റീസെറ്റ് ഡേറ്റ് ഇല്ല, കമ്മിറ്റി ഇല്ല. ഉദാസീനതയില്ല. നിർവികാരതയില്ല.
ഈ വേഗത്തിന് മെഡൽ കൊടുക്കണം. ഇതെല്ലാം വായ്പക്കാരനായ ഇടത്തരക്കാരന്റെ കാര്യം. ഇനി ബാങ്ക് നിക്ഷേപകരായ ഇടത്തരക്കാരന്റെ കാര്യം നോക്കാം.
ഇതാണ് ഏറ്റവും രസകരമായ വൈരുദ്ധ്യം.
നിങ്ങൾ വായ്പ എടുത്താൽ അതിന്റെ പലിശ ഫ്‌ലോട്ടിംഗ്, ഫ്‌ളെക്‌സിബിൾ, അഡ്ജസ്റ്റബിൾ, റെസ്‌പോൺസീവ് എന്നൊക്കെയാണ് എന്നാണ് വെയ്പ്.
പക്ഷേ ഫിക്‌സഡ് ഡിപ്പോസിറ്റ് ഇട്ടാൽ? അത് പുരാതനമായ ഫോസിൽ പോലെ.
കല്ലുപോലെ ഉറച്ചതാണ്. മാറ്റാൻ എത്ര ശ്രമിച്ചാലും അനങ്ങുകേല.
മൂന്ന് വർഷത്തേക്ക് 6.5% പലിശയ്ക്ക് നിങ്ങൾ നിങ്ങളുടെ ഡിപ്പോസിറ്റ് ലോക്ക് ചെയ്തു പോയി. ആറ് മാസം കഴിഞ്ഞ് നിരക്ക് 7.5% ആയി. മാറ്റാമോ?
ഇല്ല.
''സാർ/മാഡം, ഇത് ഫിക്‌സ്ഡ് ആണ്.''
ഇവിടെ സ്ഥിരതയ്ക്ക് വലിയ വില കൊടുക്കേണ്ടിവരുന്നു. എന്നാൽ പോസ്റ്റ് ഓഫീസ് ഡിപ്പോസിറ്റുകളുടെ കാര്യമെടുക്കൂ. അതിലെ സ്ഥിരതയ്ക്ക് മൂന്നുമാസത്തെ ആയുസേയുള്ളൂ. ''മൂന്ന് മാസത്തിലൊരിക്കൽ പലിശ പരിഷ്‌കരിക്കും.' എന്നുവെച്ചാൽ അതിന്റെ അർത്ഥം ഇതാണ്.
സ്ഥിരത ഉണ്ട്, പക്ഷേ മൂന്ന് മാസം മാത്രം. പിന്നെ വീണ്ടും സർപ്രൈസ്
പലിശ കൂടാം. കുറയാം.
ഇവിടെയും സ്ഥിരതയ്ക്ക് എക്സ്പയറി ഡേറ്റ് ഉണ്ട്.
അപ്പോൾ 'സ്ഥിരത' എന്താണ്?
ബാങ്കുകൾ സ്ഥിരതയെക്കുറിച്ചാണ് സംസാരിക്കുന്നത്. ആർബിഐ എപ്പോഴും വളർച്ചയും നാണ്യപ്പെരുപ്പവും തമ്മിലുള്ള ബാലൻസിംഗിനെക്കുറിച്ച് വാചാലാരാകും. ഇക്കണോമിസ്റ്റുകൾ വേറെന്തൊക്കെയോ പറയും.
മിഡിൽ ക്ലാസ് ചോദിക്കുന്നത് ഒന്ന് മാത്രം:
''മാസ ബജറ്റ് ഒരു ഷോക്കുമില്ലാതെ ഒന്നു പ്ലാൻ ചെയ്യാനാകുമോ?''
ഉത്തരം പലപ്പോഴും ഇല്ല എന്നുതന്നെയാകും.
സ്‌കൂൾ ഫീസ് സ്ഥിരം, വാടക സ്ഥിരം, കറന്റ് ബിൽ വേരിയബിളാണ്. കൂടിയും കുറഞ്ഞുമിരിക്കും. പച്ചക്കറി വില സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്ക് ആണ്. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം.
പലിശ നിരക്ക്. അത് എപ്പോഴും സംൂബാ ഡാൻസ് ചെയ്തുകൊണ്ടേയിരിക്കും.
ആർബിഐ എന്തിന് ഇതൊക്കെ ചെയ്യുന്നു? സത്യം പറഞ്ഞാൽ
ആർബിഐ ഈ ചെയ്യുന്നതൊന്നും വെറും കളിയല്ല. കാര്യമാണ്. സീരിയസാണ്. കാണുന്നവർക്ക് അങ്ങനെ തോന്നാത്തത് അവരുടെ കുറ്റമല്ലല്ലോ.
ഇങ്ങനെയൊക്കെ ചെയ്യുന്നത് ഇൻഫ്‌ലേഷൻ നിയന്ത്രിക്കാൻ, വായ്പകൾ ആളുകൾ എടുക്കുന്നതിനെ ചിലപ്പോൾ പ്രോൽസാഹിപ്പിക്കാൻ. ചിലപ്പോൾ നിരുത്സാഹപ്പെടുത്താൻ, സാമ്പത്തിക വളർച്ചയ്ക്കായുള്ള പിന്തുണ നൽകാൻ
രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത സംരക്ഷിക്കാൻ. പോളിസി പേപ്പറിൽ വളരെ ലോജിക്കലായി തോന്നുന്നത് വീട്ടുബജറ്റിൽ കട്ട കുഴപ്പം ഉണ്ടാക്കുമെന്ന് മാത്രം.
ഇനി മിഡിൽ ക്ലാസുകാരയ ശമ്പള വരുമാനക്കാരുടെ കട്ട യാഥാർത്ഥ്യങ്ങളെന്താണ് എന്ന് നോക്കിയാലോ. ഇൻക്രിമെന്റ് വർഷത്തിലൊരിക്കൽ (ഭാഗ്യമുണ്ടെങ്കിൽ)ലോൺ 15-25 വർഷംപലിശ രണ്ട് മാസം കൂടുമ്പോൾ മാറിക്കൊണ്ടിരിക്കുന്നു.
ഈ മിസ് മാച്ചാണ് പ്രശ്‌നം.
ഫിക്‌സ്ഡ് ഇൻകം, വേരിയബിൾ ചിലവ്, അനിശ്ചിതമായ ഇഎംഐ.
എന്നിട്ടും തലക്കെട്ടുകൾ പറയുന്നു
'ആഘോഷിക്കൂ!''
പലിശ നിരക്കിലെ ഇളവ് പുസ്തകത്തിൽ മാത്രം. ഏട്ടിലെ പശു പുല്ലുതിന്നില്ലല്ലോ.
ജീവിതത്തിൽ സ്ഥിരത കൊണ്ടുവരുന്നത് ഇവയാണ്. കുറഞ്ഞ കടം, ഹ്രസ്വകാല ലോൺ, എമർജൻസി ഫണ്ട്, ഫാമിലി ബജറ്റ് പ്ലാനിങ്
അല്ലാതെ അടുത്ത ആർബിഐ യോഗം ദയവുള്ളതാകുമെന്ന പ്രതീക്ഷയിൽ അല്ല. മിഡിൽ ക്ലാസിനായി ലളിതമായ ഓരു സർവൈവൽ റൂൾ പറയാം. ഓരു പോളിസി ഡോക്ക്യമെന്റിലും പറയാത്തത്.
ഇന്നത്തെ പലിശനിരക്കിൽ ഇപ്പോഴത്തെ ഇഎംഐ അടയ്ക്കാൻ നിങ്ങളെകൊണ്ട് പറ്റിയെന്നുവരും. എന്നാൽ വായ്പാ കാലാവധി മുഴുവൻ അങ്ങനെയല്ല. പലിശ നിരക്ക് കൂടും കുറയും. പക്ഷേ ഇഎംഐ കൂടിക്കൊണ്ടേയിരിക്കും. അല്ലെങ്കിൽ വായ്പാ കാലവധി കൂടിക്കൊണ്ടിരിക്കും. അത് നിങ്ങൾക്ക് താങ്ങാവുന്നതാണോ?
പലിശ കൂടുമെന്ന് കരുതുക. അത്തരം സാഹചര്യങ്ങളിൽ ഓരു പ്ലാൻ ബി മനസിൽ കരുതുക. പലിശ കുറയുമ്പോൾ ഇഎംഐ കുറക്കാതെ കാലാവധി കുറയ്ക്കുക. ചക്രം എപ്പോഴും കറങ്ങിക്കൊണ്ടേയിരിക്കുകയാണ് എന്നത് തിരിച്ചറിയണം. പലിശനിരക്കുകൾ കാലാവസ്ഥ പോലെയാണ്. അതിനെ നിയന്ത്രിക്കാനാകില്ല. കൃത്യമായി പ്രവചിക്കാനാകില്ല.
പക്ഷേ ഓരു കുട വേണമെങ്കിൽ കരുതാം. അപ്പോൾ അടുത്ത ആർബിഐ മീറ്റിംഗിന് കാണാം. അതുവരേയ്ക്കും വണക്കം.
(പേഴ്‌സണൽ ഫിനാൻസ് അനിലസ്റ്റും എൻട്രപ്രണർഷിപ്പ് മെന്ററുമാണ് ലേഖകൻ. ഇമെയിൽ jayakumarkk8@gmail.com)
Published: 29 Dec 2025, 11:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented