കെ റെയിൽ പഴങ്കഥയായിരിക്കുന്നു. ഇത്രയും ജനവിരുദ്ധമായ ഒരു പദ്ധതി ഒരു സർക്കാരും അടുത്ത കാലത്തെങ്ങും കേരളത്തിൽ ഇതുപോലെ അടിച്ചേൽപിക്കാൻ നോക്കിയിട്ടില്ല. അതുകൊണ്ടു തന്നെ കെ റെയിലിന്റെ പ്രതീകമായി മാറിയ മഞ്ഞക്കുറ്റികൾ ജനങ്ങൾ ആവേശപൂർവ്വം പിഴുതുമാറ്റുമ്പോൾ അത് കണ്ടറിഞ്ഞ് മാദ്ധ്യമങ്ങൾ ആഘോഷിച്ചു.

To advertise here,

2022-ൽ തൃക്കാക്കരയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കെ റെയിലായിരുന്നു ഇടത് മുന്നണിയുടെ അജണ്ടകളിലൊന്ന്. കേരളത്തെ വികസനത്തിന്റെ പറുദീസയാക്കുന്ന പദ്ധതിയാണ് കെ റെയിൽ എന്നായിരുന്നു അന്ന് തൃക്കാക്കരയിൽ തമ്പടിച്ച് നടത്തിയ പ്രചാരണത്തിൽ പിണറായി വിജയനും സിപിഎമ്മും ഉദ്ഘോഷിച്ചത്. ജനം പക്ഷേ, ആ വായ്ത്താരികൾ തള്ളിക്കളഞ്ഞു. തൊട്ട് തലേവർഷം പി.ടി. തോമസ് 14,319 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചതെങ്കിൽ ഉമ തോമസിന്റെ ഭൂരിപക്ഷം 25,016 ആയി ഉയർന്നു. ഇക്കഴിഞ്ഞ മെയിൽ 50,211 വോട്ടുകളുടെ തകർപ്പൻ ഭൂരിപക്ഷത്തിലാണ് തൃക്കാക്കരക്കാർ ഉമയെ രണ്ടാം വട്ടം നിയമസഭയിലേക്ക് അയച്ചിരിക്കുന്നത്.

തൃക്കാക്കര നൽകിയ സൂചനകൾ ശക്തമായിരുന്നു. കെ റെയിൽ ഇവിടെ വേണ്ട എന്ന് അത്രയും കൃത്യമായാണ് ജനങ്ങൾ വിധിയെഴുതിയത്. പക്ഷേ, വിനാശകാലേ വിപരീത ബുദ്ധീ എന്ന് പറയുന്നതുപോലെ പിണറായി സർക്കാർ കെ റെയിലിൽ അട്ടയെപ്പോലെ കടിച്ചു തൂങ്ങി. ജനങ്ങൾ ഇടത് സർക്കാരിനെതിരെ തിരിയുന്നതിനുള്ള കളമൊരുങ്ങിയത് പ്രഥമവും പ്രധാനമായും കെ റെയിലിലൂടെ ആയിരുന്നു എന്ന് പറഞ്ഞാൽ അതിലൊട്ടും തന്നെ അതിശയോക്തയുണ്ടാവില്ല. കാർഷിക നിയമങ്ങളുടെ കാര്യത്തിൽ മോദി സർക്കാർ എടുത്ത അതേ സമീപനമാണ് കെ റെയിലിൽ പിണറായി സർക്കാരും സ്വീകരിച്ചത്.

ഗർത്തവും പിന്മാറ്റവും

കർഷകരുടെ സമരജ്വാലയിൽ മോദി സർക്കാർ പിൻവാങ്ങിയപ്പോഴും കേരളത്തിൽ പിണറായി സർക്കാർ കെ റെയിലിൽ അനുരഞ്ജനത്തിന് തയ്യാറായില്ല. പദ്ധതി മരവിപ്പിച്ചപ്പോഴും മഞ്ഞക്കുറ്റികൾ അവിടെത്തന്നെ തുടർന്നു. പ്രക്ഷോഭകർക്കെതിരെയുള്ള കേസുകളും പ്രതികാര ബുദ്ധിയോടെന്ന പോലെ സർക്കാർ പിന്തുടർന്നു. ഒരു ഗർത്തത്തിന് മുന്നിൽ നിൽക്കുമ്പോൾ പിന്നിലേക്ക് വെയ്ക്കുന്ന ചുവടുവെയ്പാണ് നമ്മളെ ജീവിതത്തിലേക്ക് പിടിച്ചുയർത്തുന്നത്. അതിനുള്ള വിവേകം ഇല്ലാതെ പോയതിനുള്ള വില കൂടിയാണ് ഈ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി നൽകേണ്ടി വന്നത്.

കഴിഞ്ഞ ഇടത് സർക്കാർ കെ റെയിലിനായി ഉയർത്തിയ വാദമുഖങ്ങൾ ഒന്ന് പരിശോധിക്കാം. കേരളം ഇതുവരെ വിഭാവനം ചെയ്തിട്ടുള്ളതിൽ ഏറ്റവും വലിയ പദ്ധതിയായിരുന്നു കെ റെയിൽ. കേരളത്തിന്റെ വടക്കേ അറ്റമായ കാസർകോട്ടുനിന്നു തെക്കേ അറ്റമായ തിരുവനന്തപുരത്തേക്ക് നാല് മണിക്കൂർ കൊണ്ട് ഓടിയെത്താൻ സഹായിക്കുന്ന അർദ്ധാതി വേഗ റെയിൽപാതയെയാണ് കെ റെയിൽ എന്ന് ചുരുക്കപ്പേരിട്ട് വിളിച്ചത്. ഒരു കിലോ മീറ്റർ ട്രാക്കുണ്ടാക്കാൻ 120 കോടി രൂപ ചെലവ് വരുമെന്നായിരുന്നു കണക്ക്. 63,941 കോടി രൂപയായിരുന്നു പദ്ധതിയുടെ മൊത്തം ചെലവ്. പണി പൂർത്തിയാവുമ്പോഴേക്കും ഇത് രണ്ട് ലക്ഷം കോടി രൂപ വരെ എത്തിയേക്കാമെന്നും സൂചനയുണ്ടായിരുന്നു.

 

ഇത്രയും പണം ചെലവാക്കി നാല് മണിക്കൂർ കൊണ്ട് ഓടിയെത്തുന്നതിന് പകരം ഇതിന്റെ ചെറിയൊരു ഭാഗം മാത്രം ചെലവാക്കി ആറോ ഏഴോ മണിക്കൂർ കൊണ്ട് ഇത്രയും ദൂരം താണ്ടാനാവുമെന്നാണ് ഇടത് മുന്നണിയുടെ സഹയാത്രികരായ കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ആർവിജി മേനോനെപ്പോലെയുള്ള എഞ്ചിനിയറിങ് വിദഗ്ധരും വാദിച്ചത്. പൊതു ഗതാഗതം മെച്ചപ്പെടുത്തുന്നതിന് വലിയ മൂലധന ചെലവില്ലാത്ത പദ്ധതികളാണ് കേരളം പരിഗണിക്കേണ്ടത്.

നിലവിലുള്ള പാളങ്ങളുടെ വളവുകൾ ശരിയാക്കുക, സിഗ്നലിങ് സംവിധാനം നവീകരിക്കുക എന്നിവ കെ റെയിലിനുള്ള ബദൽ മാർഗ്ഗങ്ങളാണ്. വന്ദേ ഭാരതിന്റെ വരവോടെ ഈ നടപടികൾക്ക് റെയിൽവെ തന്നെ ആക്കം കൂട്ടിയിട്ടുണ്ട്. അർദ്ധ- അതിവേഗ ട്രെയിനുകൾക്കായി മൂന്നാം പാളത്തിനുള്ള നടപടികൾ റെയിൽവെ തുടങ്ങിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ നാലാം പാളത്തിനുള്ള സാദ്ധ്യത കൂടി കേരള സർക്കാർ ആരായണമെന്നാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടത്.

 

ബദൽ വഴികൾ

പാത ഇരട്ടിപ്പിക്കുന്നതിനുള്ള പ്രധാന തടസ്സം സ്ഥലലഭ്യതയില്ലായ്മയാണെന്നാണ് റെയിൽവെ ചൂണ്ടിക്കാട്ടുന്നത്. അപ്പോൾ പിന്നെ സ്ഥലം ലഭ്യമാക്കാനല്ലേ കേരള സർക്കാർ മുൻകൈ എടുക്കേണ്ടിയിരുന്നത്? എറണാകുളത്തുനിന്ന് ഷൊർണൂർ വരെ മൂന്നാമതൊരു പാത കൂടി എന്തുകൊണ്ടായിക്കൂടാ? ഇങ്ങനെയാരു ബദൽ മാർഗ്ഗമുള്ളപ്പോൾ കേരളീയരെ കടക്കെണിയിലേക്ക് വലിച്ചെറിയുന്ന സിൽവർലൈനിന്റെ ആവശ്യമുണ്ടായിരുന്നോ?

ഈ ചോദ്യങ്ങൾക്കൊന്നും തന്നെ പിണറായി സർക്കാരിന് മറുപടി ഉണ്ടായിരുന്നില്ല. ചെലവ് കുറഞ്ഞ ബദൽവഴികൾ തള്ളിക്കളയുകയും കെ റെയിലാണ് കേരളത്തിന്റെ തലവര മാറ്റാൻ പോകുന്ന പുതിയ ജാതകമെന്ന് പ്രചരിപ്പിക്കുകയുമാണ് സിപിഎമ്മും പിണറായി സർക്കാരും ചെയ്തത്. എന്തുകൊണ്ടാണ് കേരള സർക്കാരും സിപിഎമ്മും കെ റെയിലിന്റെ കാര്യത്തിൽ ഇത്രയും പിടിവാശി കാണിക്കുന്നതെന്ന ചോദ്യത്തിന് സാമ്പത്തിക വിദഗ്ദനും മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഒഫ് സോഷ്യൽ സയൻസസിലെ മുൻ ഡീനുമായ കെ.ടി. റാംമോഹൻ നൽകിയ വിശദീകരണം ശ്രദ്ധേയമായിരുന്നു: ''കേരളത്തിൽ നിലവിലുള്ള ഭരണവർഗ്ഗം കമ്മ്യൂണിസ്റ്റ് പാർട്ടി ഉദ്യോഗസ്ഥരും സങ്കേതിക ഭരണവർഗ്ഗ ഉന്നതരും അടങ്ങിയതാണ്. ഈ ഭരണവർഗ്ഗം കേരളീയരാണോ എന്ന് ചോദിച്ചാൽ ജന്മം കൊണ്ട് മാത്രം എന്നേ പറയാനാവൂ. ഇവിടത്തെ സാധാരണ മനുഷ്യരുടെ താൽപര്യങ്ങൾ ഇക്കൂട്ടർക്ക് അന്യമാണ്. ക്യാപിറ്റലിസ്റ്റ് സമൂഹങ്ങളിലുള്ള ജനാധിപത്യ മൂല്യങ്ങൾ പോലും ഇവർക്കില്ല. അല്ലെങ്കിൽ പിന്നെ പദ്ധതിയുടെ വിശദമായ രൂപരേഖ പൊതുസമൂഹത്തിന് മുന്നിൽ വെയ്ക്കാൻ ഇവർ മടിക്കുന്നതെന്തിനാണ്. ഭരണവർഗ്ഗത്തിന്റെ താൽപര്യങ്ങൾ പൊതുസമൂഹത്തിന്റെ താൽപര്യങ്ങളായി അവതരിപ്പിക്കപ്പെടുകയാണ്.''

കെ റെയിൽ പൂർത്തിയാക്കാൻ വൻതോതിൽ കല്ലും മണ്ണും വേണ്ടി വരുമെന്നും പശ്ചിമഘട്ടത്തിലെ മലനിരകൾ തുരന്നെടുക്കുന്ന പാറകളായിരിക്കും ഇതിന് ഉപയോഗിക്കപ്പെടുകയെന്നും റാം മോഹൻ ചൂണ്ടിക്കാണിച്ചിരുന്നു. കേരളത്തെ മാത്രമല്ല, നമ്മുടെ അയൽ സംസ്ഥാനങ്ങളെയും ബാധിക്കുന്ന പദ്ധതിയാണിതെന്നർത്ഥം. കാലാവസ്ഥ വ്യതിയാനം എന്നത് ഇപ്പോൾ വെറും വാക്കല്ലെന്നും യാഥാർത്ഥ്യമാണെന്നും നമുക്കറിയാം. നമ്മൾ മലയാളികളും ഇവിടെ നമ്മുടെ താമസസ്ഥലങ്ങളിൽ കാലാവസഥാ വ്യതിയാനത്തിന്റെ കെടുതികൾ അനുഭവിക്കുന്നുണ്ട്. പശ്ചിമഘട്ടം സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യന്റെയും ചുമതലയാണെന്ന ബോദ്ധ്യം ശക്തമായിക്കൊണ്ടിരിക്കെ എത്ര നിരുവത്തരവാദപരമായാണ് പിണറായി സർക്കാർ സർക്കാർ പെരുമാറിയതെന്ന് കാണാതിരിക്കാനാവില്ല.

പ്രൊക്രസ്റ്റസിന്റെ കട്ടിൽ

കേന്ദ്ര സർക്കാർ അനുമതി നൽകുന്നതിന് മുമ്പ്, സാമൂഹികാഘാത പഠനം പൂർത്തിയാക്കുന്നതിന് മുമ്പേ പദ്ധതിയുമായി പിണറായി സർക്കാർ മുന്നോട്ട് പോയി. തങ്ങൾക്ക് താൽപര്യമുള്ള മുതലാളിമാർക്ക് റിയൽ എസ്‌റ്റേറ്റ് കച്ചടവത്തിനുള്ള വഴിയൊരുക്കുകയാണ് പിണറായി സർക്കാർ ചെയ്തതെന്ന ആരോപണമുയർന്നത് ഈ പശ്ചാത്തലത്തിലാണ്.

ജനിച്ചു വളർന്ന വീടും മണ്ണും കൈവിടുകയെന്ന് പറഞ്ഞാൽ അതൊട്ടും തന്നെ എളുപ്പമുള്ള സംഗതിയല്ല. വീടും ഭൂമിയും എന്നു പറഞ്ഞാൽ കല്ലും മണ്ണും മാത്രമല്ല; നമ്മൾ ജനിച്ചു വളർന്ന പരിസരം കൂടിയാണത്. നമ്മൾ നമ്മളായ പരിസരം. അയൽപക്കക്കാരും നാട്ടുകാരുമൊക്കെ ചേർന്നുള്ള മാനസികമായ വലിയൊരു ബന്ധം കൂടിയാണ് വലിച്ചുപറിച്ചെറിയേണ്ടി വരുന്നത്. ഇങ്ങനെ കുടിയൊഴിഞ്ഞുപോകാൻ പറ്റില്ലെന്ന് പറഞ്ഞവരെയാണ് സർക്കാർ പോലിസിനെ വിട്ട് അടിച്ചൊതുക്കാൻ നോക്കിയത്. ഇതിനെയാണ് മണ്ണും കുടിയും വിട്ടുകൊടുക്കാതെ നാട്ടിൽ എങ്ങിനെയാണ് വികസനം വരികയെന്ന ചോദ്യവുമായി സിപിഎം അനുകൂലികൾ ന്യായീകരിച്ചത്. വികസനം ആവശ്യമാണ്. പക്ഷേ, അതിനു വേണ്ടി ചെലവിടേണ്ടി വരുന്ന പണവും ഊർജ്ജവും അതുകൊണ്ട് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടും പദ്ധതി കൊണ്ടുണ്ടാവുന്ന ഗുണവും തമ്മിൽ തട്ടിച്ചുനോക്കുമ്പോൾ കഷ്ടപ്പാടാണ് കൂടുതലെങ്കിൽ പിന്നെ അത്തരമൊരു പദ്ധതി വേണ്ടെന്ന് വെയ്ക്കുകയാണ് നല്ലത്.

ജപ്പാൻ ഇന്റർനാഷനൽ കോ ഓപ്പറേഷൻ ഏജൻസിയിൽനിന്നും ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്കിൽനിന്നും കടമെടുത്ത് സിൽവർ ലൈൻ പൂർത്തിയാക്കുമെന്നായിരുന്നു പിണറായി സർക്കാർ പറഞ്ഞത്. അര ശതമാനവും ഒന്നര ശതമാനവുമൊക്കെയേ ഇതിന് പലിശ വരൂ എന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ രണ്ട് പ്രശ്‌നങ്ങളുണ്ട്. ഒന്ന് പലിശ കുറവാണെങ്കിലും തിരിച്ചടവ് ദീർഘകാലത്തേക്കാവുമ്പോൾ നല്ലൊരു തുക പലിശയായി കൊടുക്കേണ്ടി വരും. വായ്പയെടുക്കുന്നതും തിരിച്ചടക്കുന്നതും ഡോളറിലാണ്, രൂപയിലല്ല. ഒരു പത്ത് കൊല്ലം കഴിയുമ്പോൾ ഡോളർ വില എവിടെയെത്തി നിൽക്കുമെന്നാലോചിച്ചാൽ തിരിച്ചടിക്കേണ്ടി വരുന്നത് കടമെടുക്കുന്നതിന്റെ എത്ര ഇരട്ടിയാവുമെന്ന് ഊഹിക്കാവുന്നതേയുള്ളു. ബംഗാളിൽ നന്ദിഗ്രാമും സിംഗൂരും നൽകിയ പാഠങ്ങൾ മറന്നുകൊണ്ടാണ് സിപിഎം കേരളത്തിൽ സിൽവർ ലൈനിനായി നിലയറുപ്പിച്ചത്.

 

ഗ്രീക്ക് പുരാണത്തിൽ പ്രൊക്രസ്റ്റസ് എന്നൊരു കഥാപാത്രമുണ്ട്. വഴിയാത്രക്കാരെ കൊള്ളയടിക്കലായിരുന്നു പണി. കെണിയിൽ പെടുന്ന യാത്രികരെ പ്രൊക്രസ്റ്റ്‌സ് തന്റെ കട്ടിലിൽ കിടത്തും. പ്രൊക്രസ്റ്റസിന് വേണ്ടി പ്രത്യേകം പണിതീർത്ത കട്ടിലാണ്. കിടത്തുന്ന യാത്രികന് നീളം കൂടുതലാണെങ്കിൽ പ്രൊക്രസ്റ്റസ് അയാളുടെ കാലുകൾ കട്ടിലിന്റെ നീളത്തിന് അനുസരിച്ച് വെട്ടിമാറ്റും. നീളം കുറവാണെങ്കിൽ കാൽ പിടിച്ചുവലിച്ച് കട്ടിലിന് അനുയോജ്യമാക്കും. പ്രൊക്രസ്റ്റസിന്റെ മാനദണ്ഡം അയാൾ മാത്രമാണ്. അയാളുടെ ഇച്ഛകളാണ് എന്തിനുമേതിനും അളവുകോൽ. കേരളത്തിലെ ജനങ്ങളുടെ മനസ്സ് അറിയുന്നതിനോ അവരുടെ ആശയാഭിലാഷങ്ങൾ ഉൾക്കൊള്ളുന്നതിനോ അല്ല പിണറായി സർക്കാർ ശ്രമിച്ചത്. റിയൽ എസ്‌റ്റേറ്റ് ലോബിക്ക് വേണ്ടിയുണ്ടാക്കിയ ഒരു പദ്ധതിക്കായി ജനങ്ങൾ സഹിക്കേണ്ടി വരുന്നതിൽ പിണറായി സർക്കാർ ഒരപാകവും കണ്ടില്ല.

 

ഓർക്കണം സൈലന്റ് വാലി

സൈലന്റ് വാലി ഇന്നിപ്പോൾ സൈലന്റ് വാലിയായി നിലകൊള്ളുന്നത് പണ്ട് ഇതുപോലുള്ള ചില വാദങ്ങൾ അന്നത്തെ ഭരണകൂടങ്ങൾ കൊണ്ടുവന്നപ്പോൾ കേരളസമൂഹം അത് തള്ളിക്കളഞ്ഞതുകൊണ്ടാണ്. ശാസ്ത്ര സാഹിത്യ പരിഷത്ത് കേരളത്തിൽ നേതൃത്വം നൽകിയ സമുജ്ജ്വലമായൊരു പ്രക്ഷോഭമായിരുന്നു അത്. സൈലന്റ് വാലിയുടെ പ്രാധാന്യം തിരിച്ചറിയാൻ കഴിയുന്ന ഒരു പ്രധാനമന്ത്രി അന്നുണ്ടായിരുന്നുവെന്നതും മറക്കാനാവില്ല. ഇന്ദിര ഗാന്ധി എന്ന നേതാവിനോട് ഇക്കാര്യത്തിൽ കേരളവും ലോകവും എന്നേയ്ക്കുമായി കടപ്പെട്ടിരിക്കുന്നു. ഒരു ഭരണാധികാരിക്ക് എങ്ങിനെയാണ് ഒരു സമൂഹത്തിനും ജനതയ്ക്കും പ്രകൃതിക്കും കാവൽ നിൽക്കാനാവുക എന്നതിന് ചരിത്രം മുന്നോട്ടുവെയ്ക്കുന്ന സുവർണ്ണ സാക്ഷ്യമായിരുന്നു സൈലന്റ് വാലി.

പിണറായി വിജയൻ സൈലന്റ് വാലിയിൽ പോയിട്ടുണ്ടോ എന്നറിയില്ല. പ്രാചീനവും വന്യവുമായ നിശ്ശബ്ദതയാണ് സൈലന്റ്‌വാലിയെ ചൂഴ്ന്ന് നിൽക്കുന്നത്. സൈലന്റ് വാലിയിൽ നിൽക്കുമ്പോൾ നമ്മൾ നമ്മളുടെ നിസ്സാരത തിരിച്ചറിയും. സമസ്ത ആഡംബരങ്ങളും അഹംഭാവവും വെടിഞ്ഞ് നമ്മൾ നമ്മുടെ പ്രാഥമികമായ സ്വത്വത്തിലേക്കും ലാളിത്യത്തിലേക്ക് മടങ്ങും. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി വി.ഡി. സതീശൻ ട്രെക്കിങ്ങിൽ തൽപരനാണ്. പരിസ്ഥിതി സംരക്ഷണത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സതീശൻ അസന്നിഗ്ധമായി പറഞ്ഞിട്ടുണ്ട്. ആ വാക്കുകൾ വെറും വാക്കുകളല്ലെന്നതിന്റെ ശക്തമായ സൂചനയാണ് കെ റെയിൽ റദ്ദാക്കിക്കൊണ്ടുള്ള നടപടി. വികസനം മനുഷ്യർക്ക് വേണ്ടിയാണ്. മനുഷ്യരെ ഇരയാക്കുന്ന വികസനം വേണ്ടെന്ന് വെയ്ക്കുന്നിടത്താണ് ഭരണകൂടം മനുഷ്യപ്പറ്റുള്ളതായി മാറുന്നത്.

വഴിയിൽ കേട്ടത്: പാറ്റകൾ ഉണ്ടാവുന്നത് ചീഞ്ഞളിഞ്ഞ സ്ഥലങ്ങളിലാണെന്നും ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ അതാണെന്ന് അധികാരത്തിലിരിക്കുന്നവർ അറിയണമെന്നും കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദിപ്‌കെ. ഇൻസ്റ്റയിൽ സിജെപിയെ പിന്തുടരുന്നവർ ഒരു കോടി കഴിഞ്ഞു. കാലത്തിന്റെ ചുവരെഴുത്താണ് സിജെപിയുടെ ജനപ്രീതിയിൽ നിഴലിക്കുന്നത്. 2026-ൽ വിജയ് തമിഴകത്തെ ഞെട്ടിച്ചതുപോലെ 2029-ൽ സിജെപി ഇന്ദ്രപ്രസ്ഥത്തെ പിടിച്ചുകുലുക്കുമോ?