കൊച്ചി: വൈദ്യുതിവകുപ്പ് ഒരു കുരിശാണെന്ന് തന്നെ പലരും ഉപദേശിച്ചെന്നും ആ കുരിശിനെ പുഷ്പകിരീടമാക്കി മാറ്റാൻ ശ്രമിക്കുമെന്നും വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം എറണാകുളം ആശിർഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

ഒരു നിമിഷം വൈദ്യുതി തടസ്സപ്പെട്ടാൽ ജനങ്ങൾക്ക് വലിയ പ്രയാസമാണ് നേരിടുന്നത്. അതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജനങ്ങൾ നേരിടുന്ന ദുരിതം. അവർ ഉത്കണ്ഠ പ്രകടിപ്പിക്കുമ്പോൾ അതിനെ പഴിപറയാനാകില്ല. ആന്ധ്രപ്രദേശ് അവരുടെ വൈദ്യുതി ഉപയോഗത്തിന്റെ 86 ശതമാനവും സ്വന്തമായിട്ടാണ് ഉത്പാദിപ്പിക്കുന്നത്. കേരളത്തിൽ ആവശ്യമായ ഉപഭോഗത്തിന്റെ 25 ശതമാനം മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. ധാരാളം നദികളുണ്ടായിട്ടും നമുക്ക് പ്രയോജനപ്പെടുത്താനാകുന്നില്ല. ഇടുക്കി ജലവൈദ്യുതി പദ്ധതിക്ക് ശേഷം വലിയൊരു ജല വൈദ്യുതി പദ്ധതി ആരംഭിക്കുന്നതിന് കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

എറണാകുളം ചീഫ് എൻജിനിയർ ടി. ബിജു വിശ്വം മോഡറേറ്ററായി. മുൻ പ്ലാനിങ് ബോർഡ് മെംബർ ഡോ. രവിരാമൻ, ഇ.എം.സി. ഡയറക്ടർ ഹരികുമാർ, കെ.എസ്.ഇ.ബി.ഒ.എഫ്. ജനറൽ സെക്രട്ടറി എം.ജി. അനന്തകൃഷ്ണൻ, വർക്കിങ് പ്രസിഡന്റ് ജി. ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

വനിത കൺവെൻഷൻ കേരള മഹിളാ സംഘം സെക്രട്ടറി പി. വസന്തം ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി.ഒ.എഫ്. പ്രസിഡന്റ് ടി.എസ്. സജിതകുമാരി അധ്യക്ഷയായി. വനിതാ കമ്മിഷൻ അംഗം ഇന്ദിര രവീന്ദ്രൻ മുഖ്യാതിഥിയായി. എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി, എം.കെ. ഷീജ, കവിത രാജൻ, ഇ.പി. മായ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പൂർവകാല നേതാക്കളെ ആദരിച്ചു. സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്ക് നടത്തിയ പ്രബന്ധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണവും നടത്തി. ശനിയാഴ്ച രാവിലെ ഒൻപതിന് പ്രതിനിധി സമ്മേളനം സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.

ഒരു ഫീഡർ രണ്ടുതവണ ഓഫാക്കുംവൈദ്യുതി കട്ട് 50 മിനിറ്റ്‌

രാത്രിയിലെ വൈദ്യുതിവിതരണം നിയന്ത്രിക്കാൻ ചിട്ടവട്ടങ്ങളുമായി കെ.എസ്.ഇ.ബി. ഒരു ഫീഡർ ട്രാൻസ്ഫോർമർ രണ്ടുതവണ ഓഫാക്കണം. ഒാരോ തവണയും 25 മിനിറ്റുവീതം 50 മിനിറ്റ്‌ നിയന്ത്രണത്തിന്റെ ഭാഗമായി മുടങ്ങും. ലോഡ് അധികം വരാത്ത, ദിവസേന രണ്ടുതവണ ഓഫ് ചെയ്യാത്ത ഫീഡറുകളുണ്ട്. അവയും രണ്ടുതവണ ഓഫാക്കാനാണ് നിർദേശം. വൈകുന്നേരം 6.20 മുതൽ 6.45 വരെയാണ് ഇത്തരം ഫീഡറുകളിൽ വൈദ്യുതി നിയന്ത്രിക്കുക.