
സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ഘടോല്‍ക്കചന്‍ പിള്ളയ്ക്ക് ഒരുവിധ വിരോധവുമല്ലെന്നു ആദ്യമേ പറയട്ടെ. പത്താം ക്ളാസും ഗുസ്തിയും മാത്രം പഠിച്ചതിനാല്‍ പി.എസ്.സി. പരീക്ഷയുടെ കടമ്പ ചാടി ജോലിയുമായി കടക്കാന്‍ പറ്റാത്തതിന്റെ നിരാശയുമുണ്ടെന്നു കൂട്ടിക്കോ. സര്‍ക്കാരോഫീസില്‍ ചെന്നാല്‍ ബഹുമാനം സടകുടഞ്ഞെഴുന്നേല്‍ക്കാറുണ്ട്.
മനസ്സിലെന്താണേലും, സാര്‍ എന്നല്ലാതെ മോനേ, അനിയാ, പെങ്ങളേ എന്നൊന്നും വിളിക്കില്ല. അതൊന്നും പെരുമാറ്റച്ചട്ടത്തില്‍ പെടില്ലല്ലോ. മുണ്ടിന്റെ മടക്കിക്കുത്തഴിച്ചേ നില്‍ക്കാറുള്ളൂ. കാര്യംകാണാന്‍ ചിലയിടങ്ങളില്‍ കൈകൂപ്പും. കുറഞ്ഞപക്ഷം നെഞ്ചത്തെങ്കിലും കൈവെച്ചു കാട്ടും. ചില സാറന്മാര്‍ ഇരിക്കാന്‍ പറയാത്തതിനാല്‍ കാലിക്കസേര കണ്ടാലും നിന്നേ അപേക്ഷിക്കൂ. നേരേ നില്‍ക്കാന്‍ പ്രയാസമാണെങ്കിലും. കാര്യങ്ങള്‍ മുറപോലെ നടക്കട്ടെ.
സര്‍ക്കാര്‍ മുതലാളിയെയും ഒപ്പം പൊതുജനത്തെയും സേവിക്കുന്നവര്‍ക്ക് സാമാന്യം നന്നായി ജീവിക്കാനും കുടുംബംപോറ്റാനുമുള്ള മാസക്കാശ് ഖജനാവില്‍ നിന്നു കൊടുക്കുന്നുണ്ടെന്നാണറിവ്. ഖജനാവു കാലിയാകാതിരിക്കാന്‍ നികുതിപ്പണം മുണ്ടുമുറുക്കിയുടുത്തായാലും നല്‍കി ദേശസ്നേഹം കാണിക്കുന്നുമുണ്ട്. പണിയില്ലാത്തവരുടെയും പണിയെടുത്തിട്ടും പശിയടക്കാന്‍ പെടാപ്പാടുപെടുന്നവന്റെയും നാട്ടില്‍ സര്‍ക്കാര്‍ ശമ്പളം അത്ര ചില്ലറക്കാര്യമല്ലല്ലോ. എന്നിട്ടും ചില സാറന്മാര്‍ പാവപ്പെട്ടവന്റെ ക്ഷേമപെന്‍ഷനിലും തലയിട്ട് കാശ് കീശയിലാക്കിയതറിഞ്ഞപ്പോള്‍ വല്ലാത്ത വിമ്മിട്ടം. ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരില്‍ 1,458 പണിക്കാര്‍ ഉണ്ടെന്നാണു സര്‍ക്കാരിന്റെ അന്വേഷണക്കണ്ടെത്തല്‍. ഏതാനും കോളേജ്, ഹയര്‍സെക്കന്‍ഡറി ഗുരുക്കന്മാരും ലിസ്റ്റിലുണ്ടത്രേ. ഗുരു ഭാവി തലമുറയ്ക്ക് വഴികാട്ടിയാകേണ്ട ആളല്ലേ എന്നൊന്നും ചോദിക്കരുത്.
പെന്‍ഷന്‍ കളങ്കമേല്‍ക്കാത്ത ലക്ഷക്കണക്കിനുവരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഈ 1,458 പേര്‍ പേരുദോഷം വരുത്തിയെന്നൊരു പ്രശ്നം കൂടിയുണ്ട്. അക്കാര്യം പ്രത്യേക വകുപ്പായി കണ്ടാല്‍ നടപടിക്കു സ്‌കോപ്പുള്ളതാണ്. ന്യൂനപക്ഷത്തിന്റെ തെറ്റില്‍ ഭൂരിപക്ഷം സംശയിക്കപ്പെടുന്നത് ന്യായമല്ലല്ലോ. പെന്‍ഷന്‍ വാങ്ങുന്ന മഹാന്മാരില്‍ ഭൂരിപക്ഷവും കൃത്യമായി മാസശമ്പളം വാങ്ങുന്നവരാണ്. ഇതില്‍ കിമ്പളം വാങ്ങുന്നവരുണ്ടോയെന്നതിലേക്ക് അന്വേഷണം പോയിട്ടില്ല. ആരോഗ്യവകുപ്പില്‍പെട്ടവരായിരുന്നത്രേ അധികവും. ആരോഗ്യക്കാരുടെ സാമ്പത്തികാരോഗ്യം മോശമായതിലാകാം ഈ കടുംകൈ ചെയ്തത്. ക്ഷമിക്കാം.
സാറന്മാര്‍ ഒന്നോര്‍ക്കണം. 1,600 രൂപ ക്ഷേമപെന്‍ഷന്‍ വാങ്ങി അത്താഴപ്പട്ടിണി അകറ്റുന്നവരുടെ നാടാണിത്. അതിലാണു കൈയ്യിട്ടത്. നിങ്ങള്‍ക്കത് വട്ടച്ചിലവിനുള്ള കാശാകാം. പക്ഷേ, നമ്മള്‍ക്കത് അരി വാങ്ങാനുള്ളതാണ്. അതാണു വ്യത്യാസം. 1458 നെ 1600 കൊണ്ടു ഗുണിച്ചാല്‍ 23,32,800. ഇത്രയും തുക സര്‍ക്കാരിനു പ്രതിമാസ നഷ്ടം. വര്‍ഷക്കണക്ക് ആലോചിച്ചാല്‍ അമ്പമ്പോ... പതിനായിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെ മാസക്കാശ് വാങ്ങുന്നവര്‍ക്ക് 1,600 നായി മാസംതോറും കീശതുറക്കാന്‍ ഒരു മടിയുമില്ലായിരുന്നു. മടിക്കനം കൂടുമല്ലോ. പണമില്ലാതെ ക്ഷേമപെന്‍ഷന്‍ മുടങ്ങുന്ന നാട്ടിലാണീ സ്ഥിതിയെന്നതുകൂടി വേണമെങ്കില്‍ ആലോചിക്കാം. സര്‍ക്കാര്‍ പണി തന്നപ്പോഴോ സ്ഥിരപ്പെടുത്തിയപ്പോഴോ എങ്കിലും പാവങ്ങള്‍ക്കുള്ള പെന്‍ഷന്‍ വേണ്ടെന്നുവെക്കാനുള്ള മര്യാദ കാട്ടണമായിരുന്നു സര്‍. തെറ്റായ രീതിയില്‍ കീശയിലാക്കിയ കാശ് പലിശസഹിതം തിരിച്ചുപിടിക്കുമെന്നും നടപടിയുണ്ടാകുമെന്നും വേണ്ടപ്പെട്ടവര്‍ പറഞ്ഞിട്ടുണ്ട്. അത്രയും ആശ്വാസം.
പക്ഷേ, തെറ്റുചെയ്തവരുടെ പേരുവിവരങ്ങളെ കുറിച്ച് കമാ എന്നൊരക്ഷരം മിണ്ടില്ലെന്നു പറയുന്നതിലെ ഗുട്ടന്‍സ് പിടികിട്ടുന്നതേയില്ല. ഒരു പേരിലെന്തിരിക്കുന്നു എന്നാണു ചോദ്യമെങ്കില്‍ പേരില്‍ പലതുമുണ്ടെന്നാണു മറുപടി. പേരു പറഞ്ഞില്ലേല്‍ പേരുദോഷമുണ്ടാകുന്നത് പാപം ചെയ്യാത്ത പണിക്കാര്‍ക്കെന്നതാണ് പ്രധാന ദോഷം. 1,458 സര്‍ക്കാര്‍ പണിക്കാരെ മാത്രം പ്രതിസ്ഥാനത്തു നിര്‍ത്തുന്നതു ശരിയല്ലോ. വലിയവീടും വമ്പന്‍ കാറും എ.സി.യുമൊക്കയുള്ള പാവപ്പെട്ട ചില സമ്പന്നരും പെന്‍ഷന്‍ വാങ്ങിയാണ് ഉപജീവനം നടത്തുന്നത്. ഇക്കാലത്ത് കാറും എ.സി.യുമൊക്കെ ആഡംഭരമാണോയെന്ന് ദോഷൈകദൃക്കുകള്‍ സംശയിച്ചേക്കാം. പക്ഷേ, ഇതൊക്കെയുള്ളവര്‍ക്ക് പെന്‍ഷന്‍ കൊടുക്കാന്‍ വകുപ്പില്ലത്രേ. വര്‍ഷം ഒരുലക്ഷത്തിലേറെ വരുമാനവും പാടില്ലെന്നു പറയുന്നു.
മലപ്പുറം കോട്ടയ്ക്കല്‍ നഗരസഭയില്‍ ധനകാര്യവിഭാഗം നടത്തിയ അന്വേഷണത്തിലാണ് മേല്‍പ്പടി കള്ളി വെളിച്ചത്തായത്. ഒരു വാര്‍ഡില്‍ പെന്‍ഷന്‍ വാങ്ങുന്ന 42 പേരില്‍ നാലുപേര്‍ക്കേ അര്‍ഹതയുള്ളത്രേ. ബി.എം.ഡബ്ളിയു. കാറുണ്ടെങ്കിലും 1600 രൂപയുടെ ക്ഷേമപെന്‍ഷന്‍ വാങ്ങാതെ ജീവിക്കാന്‍ കഴിയാത്തവരുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മരിച്ചയാളുടെ പേരിലും പെന്‍ഷന്‍ വാങ്ങിയത്രെ. പെന്‍ഷനായി പരലോകത്തുനിന്ന് ആളെത്തുന്നുണ്ടോ ആവോ? ശമ്പളവും പെന്‍ഷനും ക്ഷേമപെന്‍ഷനുമൊക്കെ മുടങ്ങാതിരിക്കാന്‍ പെടാപ്പാടുപെടുന്ന സര്‍ക്കാരിനെയാണു നമ്മള്‍ തിരഞ്ഞെടുത്തതെന്ന് ഘടോല്‍ക്കചന്‍ പിള്ളയ്ക്ക് നന്നായറിയാം. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ സുന്ദരമാക്കുന്നതും ഫര്‍ണിച്ചര്‍, വാഹനങ്ങള്‍ എന്നിവ കാശുകൊടുത്തു വാങ്ങുന്നതിനും ഒരു വര്‍ഷത്തേക്കു വിലക്കി പണമൊഴുക്കിനു തത്കാലം ബണ്ടിട്ടുണ്ട്.. പക്ഷേ, ഇതിനിടെ ഒരു മന്ത്രിമന്ദിരം ശരിപ്പെടുത്തിയെടുക്കാന്‍ 86 ലക്ഷത്തിന്റെ പണിക്ക് അനുമതിയും കൊടുത്തത്രേ. കഥയില്‍ ചോദ്യമില്ല. ക്ഷേമപെന്‍ഷനും കൈക്കൂലിക്കു കൈനീട്ടുന്നവരാണ് എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്നൊന്നും ഘടോല്‍ക്കചന്‍ പിള്ള കരുതുന്നില്ല. കൂലിക്കുമുന്നില്‍ കമിഴ്ന്നുവീഴാതെ നട്ടെല്ലുനിവര്‍ത്തി പണിയെടുക്കുന്നവരെ കണ്ടിട്ടുമുണ്ട്. അഴിമതി അപവാദം കേട്ട സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന്‍ കണ്ണൂരില്‍ ആത്മഹത്യചെയ്തതിന്റെ കണ്ണീര്‍ ഇനിയും കേരള നാട്ടില്‍ പെയ്തുതോര്‍ന്നിട്ടില്ല. എന്നിട്ടും പലരും ഒന്നും പഠിക്കുന്നില്ല.
ഒരാഴ്ച മുന്‍പുള്ള സംഭവമാണ്. ഒരു ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് 60,000 രൂപ വേണം. പണിക്കു കൂലിയായിട്ടല്ല, കടമായിട്ടുമല്ല. കൈക്കൂലിയായിട്ട്. 13 സെന്റ് സ്ഥലം പോക്കുവരു ചെയ്യാനെത്തിയ ആളോടു ചോദിച്ചു. കൊടുത്തില്ല. കച്ചവടം 25,000 രൂപയിലൊതുക്കി. പണം കൊടുക്കേണ്ടവന്‍ ചില്ലറക്കാരനല്ലായിരുന്നു. വിജിലന്‍സിനെ വിവരമറിയിച്ചു. തഹസില്‍ദാര്‍ വിവരമറിഞ്ഞു. കൈയ്യോടെ പൊക്കി. അത്യാഗ്രഹത്തിനു പൂട്ടും വീണു. കോട്ടയം ജില്ലയിലായിരുന്നു സംഭവം. കൈക്കൂലി വാങ്ങുന്നതിനിടെ ഒരു കേന്ദ്ര അസിസ്റ്റന്റ് ലേബര്‍ കമ്മിഷണറെ പിടികൂടിയതും അടുത്തിയടെ തന്നെ. 20,000 രൂപയായിരുന്നു കക്ഷിക്കു വേണ്ടിയിരുന്നത്. താത്കാലിക തൊഴിലാളികളുടെ ജോലിവിഷയവുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റു തേടി ചെന്നപ്പോഴാണ് പുള്ളിക്കാരന് കൈക്കൂലി വാങ്ങാന്‍ മോഹമുദിച്ചത്. എറണാകുളത്തായിരുന്നു സംഭവം.
വാക്കുകള്‍ സൂക്ഷിച്ചുവേണം
ഭാര്യയ്ക്കെന്നാ പണിയെന്നു ചോദിച്ചാല്‍ വീട്ടമ്മ, അല്ലേല്‍ അല്‍പ്പം കൂടി ഗമയില്‍ ഹൗസ് വൈഫ് എന്നു പറയുന്നതായിരുന്നു പതിവ്. ഇനിയിതു പാടില്ലെന്നാണു പ്രിയതമ ലലനാമണിയുടെ കല്‍പ്പന. വനിതാകമ്മിഷനെ കൊണ്ട് വാളെടുപ്പിക്കുമത്രേ. പത്രഭാഷ പരിഷ്‌കരിക്കാനുള്ള ശുപാര്‍ശയായിരുന്നു കമ്മിഷന്റേതെന്നു പറഞ്ഞു കാലുപിടിച്ചിട്ടും രക്ഷയില്ല. ഗൃഹരാജ്ഞി, ഗൃഹനാഥ, ഗൃഹനായിക എന്നീ വാക്കുകളിലൊന്ന് പരിഗണിക്കാന്‍ ലലനാമണിക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയാണിപ്പോള്‍. വളയിട്ട കൈകള്‍ ഇനി വളയം പിടിക്കുമെന്നൊന്നും എഴുതിക്കൂടാ. വളയും പണിയും തമ്മില്‍ കൂട്ടിമുട്ടിക്കുന്നത് ശരിയായ പണിയല്ല. പ്രാസം കൊണ്ട് പ്രകമ്പനം സൃഷ്ടിച്ച് അഷ്ടിക്കു വക കണ്ടെത്തുന്ന അക്ഷരത്തൊഴിലാളികള്‍ ഇനിയിത്തിരി പാടുപെടും. പെണ്‍ബുദ്ധി പിന്‍ബുദ്ധി, പെണ്ണൊരുമ്പിട്ടാല്‍ എന്നൊക്കെ പ്രയോഗിക്കാനുള്ള അതിബുദ്ധി ഇനി കാണിക്കയുമരുത്.
ഒളിച്ചോട്ടത്തില്‍ മാത്രമല്ല, ഒളിച്ചോട്ട വാര്‍ത്തകളിലും ജാഗ്രത പുലര്‍ത്തണം. രണ്ടു കുട്ടികളുടെ അമ്മ കാമുകന്റെകൂടെ ഒളിച്ചോടി എന്നൊക്കെ എഴുതി പാവം അമ്മയുടെ തലയില്‍ എല്ലാം കെട്ടിവെക്കരുത്. കാമുകന്‍ രണ്ടു കുട്ടികളുടെ അമ്മയുമായി കടന്നുവെന്നോ മറ്റോ ആകാമോ ആവോ? 'സെക്സി ഷറപ്പോവ' പോലുള്ള സെക്സി വാക്കുകളും മറന്നേക്കണം. ലിംഗസമത്വത്തില്‍ അടിയുറച്ച മലയാള പദാവലികളുടെ ശൈലീ പുസ്തകം തയ്യാറാക്കാനുള്ള കമ്മിഷന്റെ ശ്രമങ്ങള്‍ക്ക് എല്ലാ വിജയാശംസകളും. വനിതകളുടെ കാര്യം വിട്. രാഷ്ട്രീയക്കാര്‍ക്കായും ഒരു ശൈലീപുസ്തകം വേണമെന്ന കടുത്ത അഭിപ്രായക്കാരനാണ് ഘടോല്‍ക്കചന്‍ പിള്ള. ചരിത്രത്തിലിടം നേടിയ രാഷ്ട്രീയക്കാരുടെ അധിക പ്രസംഗങ്ങള്‍ പലതുണ്ടല്ലോ. പണ്ട് കണ്ണൂരില്‍ ന്യായാധിപന്മാര്‍ക്കെതിരേയുണ്ടായ ശുംഭന്‍ പ്രയോഗം, ഹൈറേഞ്ചിലെ വണ്‍.. ടു.. ത്രീ.. കൊലവിളി, മല്ലപ്പളളിയിലെ കുന്തം കൊടച്ചക്രം പ്രസംഗം... അതൊന്നും അത്രവേഗം അരിയാഹാരം കഴിക്കുന്ന മലയാളി മറക്കില്ല.
ഒരു കര്‍ഷകവിലാപം
കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ സ്നേഹത്തെപറ്റി പിള്ളാച്ചന് യാതൊരു സന്ദേഹവുമില്ല. ചിങ്ങം പിറന്നാലുള്ള പുകിലു പറയുകയും വേണ്ടാ. ഒന്നിനുതന്നെ നാടിന്റെ മുക്കിലും മൂലയിലും കര്‍ഷകദിനത്തിനു വിളക്കുകൊളുത്തും. വിളിച്ചുവരുത്തി പൊന്നാടയണിയിക്കും. പൂമാലയിടും. നല്ലതുതന്നെ. നാടിന്റെ അന്നദാതാവെന്നൊക്കെ പറഞ്ഞ് കോള്‍മയിര്‍ കൊള്ളിക്കും. കണ്ണാടിക്കൂടില്‍ നിന്നിറങ്ങി മുണ്ടുംമടക്കിക്കുത്തി ചിലരൊക്കെ പാടത്തിറങ്ങി ഐക്യദാര്‍ഢ്യം ആവോളം പ്രകടിപ്പിക്കാറുമുണ്ട്. പക്ഷേ ആദരവ് പിന്നെ അനാദരവ് ആകുമെന്നതാണു പ്രശ്നം.
പുഞ്ചകൃഷിക്കാലം തുടങ്ങിക്കഴിഞ്ഞു. പാടത്തിറങ്ങി മഴയും വെയിലുമേറ്റ് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടാണ് കഴിഞ്ഞകൃഷിക്ക് പത്തുചക്രത്തിനുള്ള നെല്ലുവിളയിച്ചത്. പക്ഷേ നെല്ലുവാങ്ങിയാല്‍ കാശുകൊടുക്കില്ല, രസീതു കൊടുക്കും. മില്ലുകള്‍ നെല്ലെടുത്തതിന്റെ വില ബാങ്കുവഴി കിട്ടാനുള്ള രസീത്. കൃത്യമായി പറഞ്ഞാല്‍ പി.ആര്‍.എസ്. രസീത്. ലോകത്ത് മറ്റെവിടെയെങ്കിലും ഈ സൂത്രപ്പണിയുണ്ടോയെന്നറിയില്ല. സര്‍ക്കാരിന്റെ സ്വന്തം സപ്ലൈക്കോയുടെ പേരുള്ള രസീതുമായി ചെന്നാല്‍ പഞ്ചസാരപോയിട്ട് ഗ്യാസുമിഠായി പോലും കടക്കാരന്‍ തരില്ല. അല്ലെങ്കില്‍ അത്തരമൊരു ഏര്‍പ്പാടുണ്ടാക്കണം.
മില്ലുകാര്‍ നെല്ലുകുത്തി അരിയാക്കി വിറ്റാലും കീശയില്‍ കാശെത്താന്‍ മാസങ്ങളെടുക്കാറുണ്ട്. ബാങ്കുകളുടെ പടി പലതവണ കയറിയിറങ്ങേണ്ടിവരുന്ന പരീക്ഷണവും നേരിടേണ്ടി വരാം. ചിലപ്പോള്‍ സര്‍ക്കാരോഫീസിന്റെ പടിയും ചവിട്ടണം. കാശുകിട്ടിയില്ലേല്‍ കടം വാങ്ങി കൃഷിയിറക്കും. ജീവിക്കാന്‍ വേണ്ടി കുറുവടീമിന്റെ കുലത്തൊഴിലെടുക്കാനാകില്ലല്ലോ. അതോടെ ആദ്യകടമായി. സര്‍ക്കാര്‍ ഗ്യാരന്റിയില്‍ ബാങ്കുകാര്‍ വായ്പയായാണ് നെല്ലുവിറ്റ കാശ് അക്കൗണ്ടിലിട്ടിരുന്നത്. സാമ്പത്തിക പ്രതിസന്ധി പതിവു പ്രതിഭാസമാകയാല്‍ സമയത്ത് സര്‍ക്കാര്‍ ബാങ്കിനു കാശുകൊടുക്കുമെന്ന ഉറപ്പ് കുറുപ്പിന്റെ ഉറപ്പാകാറുണ്ടെന്നാണ് അനുഭവം. സമയത്ത് കൊടുത്തില്ലേല്‍ കര്‍ഷകന്‍ രണ്ടാമതും കടക്കാരനായി. സിബില്‍ സ്‌കോര്‍ എന്നൊരു സ്‌കോര്‍ ഉണ്ട്. കടംവാങ്ങി മുങ്ങിനടക്കുന്നവരെ തിരിച്ചറിയാന്‍ പറ്റുന്ന ഏര്‍പ്പാട്. പാവം കര്‍ഷകന്റെ സ്‌കോറങ്ങ് പാതാളത്തിലേക്കു താഴും. അതോടെ കര്‍ഷകന്‍ മഹാ കടക്കാരന്‍, ശല്യക്കാരന്‍. പിന്നൊരു വായ്പ സംഘടിപ്പിക്കാന്‍ പറ്റിയാല്‍ മഹാഭാഗ്യം.
കാലങ്ങളായുള്ള ഈ കലാപരിപാടിക്കു കര്‍ട്ടനിടുമെന്ന് പ്രഖ്യാപനം പലതവണ കേട്ടതാണ്. പറഞ്ഞു പറ്റിക്കല്‍ പട്ടികയില്‍ പെടുത്തിയിരിക്കുകയാണ് ഈ പ്രഖ്യാപനത്തെയും പിള്ളേച്ചന്‍. നെല്ലുവിറ്റാലുടന്‍ എല്ലാവര്‍ക്കും രൊക്കം പണം നല്‍കാനുള്ള നേരേചൊവ്വേയുള്ള ഏര്‍പ്പാടൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. മഴയുടെയും വെള്ളപ്പൊക്കത്തിന്റെയും മലവെള്ളപ്പാച്ചില്‍, വളത്തിന്റെയും വിഷത്തിന്റെയും ഒക്കെ കുതിക്കുന്ന വില. പോരേ പൂരം? ഒരു ദിവസം ശമ്പളം വൈകിയാല്‍ കൊടിപിടിക്കുന്നവരുള്ള നാടാണിതെന്ന് പിള്ളേച്ചനറിയാം. മാസങ്ങളോളം കാശുകിട്ടാതെ കടക്കെണിയില്‍ പെടുന്നവന്റെ വിലാപത്തിന് ആരു സമാധാനം പറയും സര്‍?.
കലാശക്കൊട്ട്
കണ്ണില്‍ച്ചോരയില്ലാതാകുക എന്നൊരു സൂക്കേട് നാട്ടില്‍ വല്ലാതെ പടരുന്നുണ്ട്. ചില വര്‍ഗത്തില്‍പെട്ട ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍ എന്നിവരിലാണ് അധികവും കണ്ടുവരുന്നത്. ഉടനടി മരുന്നു കണ്ടുപിടിച്ച് ചികിത്സിച്ചില്ലേല്‍ നാടു കണ്ണീരിലാകുകയോ നാട്ടുകാരിളകുകയോ ചെയ്യും. പേടി വേണ്ട, ജാഗ്രത മതി.
Content Highlights: Investigation reveals 1458 Kerala govt employees misused welfare pension. Millions lost.
Published: 04 Dec 2024, 10:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented