
ന്യൂഡൽഹി: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. വിവിധ സാമൂഹിക, മാനുഷിക, വിദ്യാഭ്യാസ വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമവും ചർച്ചയായ കൂടിക്കാഴ്ചയിൽ അന്താരാഷ്ട്രതലത്തിലെ സമകാലിക സംഭവവികാസങ്ങളും സംസാരവിഷയമായെന്ന് കാന്തപുരം അറിയിച്ചു. റംസാൻ സന്ദേശവും സംഘം പ്രധാനമന്ത്രിക്ക് കൈമാറി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്‌മാൻ സഖാഫി, എസ്.വൈ.എസ് പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
'മനുഷ്യർക്കെഔാപ്പം' എന്ന പ്രമേയത്തിൽ കാന്തപുരം നടത്തിയ കേരളയാത്രയ്ക്കിടെ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ളവർ ഉന്നയിച്ച ആവശ്യങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. നിർത്തലാക്കിയ മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പ് പുനഃസ്ഥാപിക്കണമെന്നും, ന്യൂനപക്ഷ വിഭാഗങ്ങളുമായി കേന്ദ്രസർക്കാർ അടുത്തിടപഴകേണ്ടതിന്റെ ആവശ്യകതയും സംസാര വിഷയമായതായി കാന്തപുരം ഫെയ്‌സ്ബുക്കിൽ കുറിച്ചു. പുരാതന മസ്ജിദുകളുടെയും ഇസ്ലാമിക പൈതൃക സ്മാരകങ്ങളുടെയും സംരക്ഷണം ഉറപ്പാക്കണമെന്നും വഖഫ്-എസ്.ഐ.ആർ. വിഷയങ്ങളിലെ ആശങ്കകൾ പരിഹരിക്കണമെന്നും സമ്പൂർണ വികസനത്തോടൊപ്പം സന്തോഷ സൂചികയ്ക്കും മാനവ വികസനത്തിനും പ്രാധാന്യം നൽകണമെന്നും സംഘം ആവശ്യപ്പെട്ടു.
ബറേലി സംഭവത്തിലുൾപ്പെടെ നിരപരാധികൾക്ക് നീതി ലഭ്യമാക്കണമെന്നും ഉത്തരേന്ത്യയിലെ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്നും ചർച്ചയിൽ ആവശ്യമുയർന്നു. അലിഗഢ് മുസ്ലിം സർവകലാശാലയുടെ മലപ്പുറം സെന്റർ വികസനം, ദക്ഷിണേന്ത്യയിലെ തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ട്രെയിൻ സർവീസുകൾ എന്നിവയും ചർച്ചയായി. ജംഇയ്യത്തുൽ ഉലമയുടെയും മർകസിന്റെയും നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും ഇന്ത്യയുടെ യശസ്സ് ഉയർത്തുന്ന ആഗോള ഇടപെടലുകളും പ്രശംസനീയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു.
Published: 16 Feb 2026, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented