പി.എം. ശ്രീ തുടരാൻ കേരള സർക്കാർ നിർബ്ബന്ധിതമായെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ പറയുന്നത്. 93 കോടി രൂപ ഈ പദ്ധതിയുടെ കീഴിൽ കേരള സർക്കാർ കേന്ദ്രത്തിൽനിന്ന് സ്വീകരിച്ച് കഴിഞ്ഞെന്നും 106 കോടി രൂപ പുതുതായി അനുവദിച്ചിട്ടുണ്ടെന്നും 1,200 കോടി രൂപ അധികം വൈകാതെ ലഭ്യമാവുമെന്നും സതീശൻ ചൂണ്ടിക്കാട്ടുന്നു. ഈ അവസ്ഥയിൽ പദ്ധതിയിൽനിന്ന് പിന്മാറാനാവില്ലെന്നാണ് സതീശന്റെ ഭാഷ്യം. പദ്ധതിയിൽ ഒപ്പുവെച്ച പിണറായി സർക്കാരിന്റെ പാപഭാരം ഇപ്പോൾ തങ്ങളുടെ തലയിലാണെന്നും സതീശൻ വിലപിക്കുന്നു. ഉള്ളിന്റെ ഉള്ളിൽ കുറ്റബോധം ബാക്കി നിൽക്കുന്നതുകൊണ്ടാവാം പദ്ധതിയെക്കുറിച്ച് പഠിക്കാൻ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഒരു ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സതീശൻ കൂട്ടിച്ചേർക്കുന്നു.

To advertise here,

നടപ്പാക്കാൻ നിർബ്ബന്ധിതമായ ഒരു വിഷയം വീണ്ടും പഠിക്കാൻ കമ്മിറ്റിയെ വെച്ചിട്ട് എന്തെങ്കിലും കാര്യമുണ്ടോ? സ്പ്രിങ്ക്‌ളർ വിവാദം അന്വേഷിച്ച മാധവൻ നമ്പ്യാർ കമ്മിറ്റി റിപ്പോർട്ടും സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ പരിശോധിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടും പഠിക്കാൻ പിണറായി സർക്കാർ രണ്ട് ഉപസമിതികൾക്ക് രൂപം നൽകിയിരുന്നു. ചുമ്മാ സമയം തള്ളി നീക്കാൻ വേണ്ടി മാത്രം സർക്കാരുകൾ പ്രയോഗിക്കുന്ന തന്ത്രം എന്നല്ലാതെ ഇത്തരം ഉപസമിതികൾ കൊണ്ട് വേറൊരു പ്രയോജനവുമില്ലെന്ന് ആർക്കാണറിയാത്തത്. പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ പറ്റില്ലെന്ന് ഉപസമിതി കണ്ടെത്തിയാൽ യു.ഡി.എഫ്. സർക്കാർ സംഗതി ഉപേക്ഷിക്കുമോ? അങ്ങിനെ ഉപേക്ഷിക്കാനാണെങ്കിൽ ഇപ്പോൾ തന്നെ പദ്ധതിയിൽനിന്നു പിന്മാറുന്നതല്ലേ ബുദ്ധി? ബി.ജെ.പിയുടെ ഹിന്ദുത്വ പദ്ധതിയാണ് പി.എം. ശ്രീയെന്ന് വലിയ വായിൽ വിളിച്ചുകൂവിയത് സതീശനും കൂട്ടരും എത്ര എളുപ്പത്തിലാണ് മറന്നുപോവുന്നത്!

സി.പി.ഐയുടെ എതിർപ്പ്

പി.എം. ശ്രീ എന്ന് പറഞ്ഞാൽ പ്രൈം മിനിസ്റ്റേഴ്‌സ് സ്‌കൂൾസ് ഫോർ റൈസിങ്ങ് ഇന്ത്യ എന്നാണ് പൂർണ്ണരൂപം. ഭാവിയിലെ ഇന്ത്യയ്ക്കായുള്ള പ്രധാനമന്ത്രി മോദിയുടെ സ്വപ്ന പദ്ധതി. മോദി സർക്കാരിന്റെ പദ്ധതി എന്ന് പറഞ്ഞാൽ അത് ബി.ജെ.പിയുടെ പദ്ധതി കൂടിയാണ്. 2020-ൽ മോദി സർക്കാർ കൊണ്ടുവന്ന നവ വിദ്യാഭ്യാസ നയത്തിന്റെ(എൻ.ഇ.പി.) തുടർച്ചയാണ് പി.എം. ശ്രീ എന്നാണ് ഇടതുപക്ഷവും കോൺഗ്രസും നിലപാടെടുത്തത്. ഹിന്ദുത്വയാണ് എൻഇപിയുടെ അന്തഃസത്ത എന്ന സമീപനത്തിന്റെ പുറത്താണ് ഇടത്പക്ഷവും കോൺഗ്രസും ഈ നിലപാട് സ്വീകരിച്ചത്.

പക്ഷേ, 2025 ഒക്ടോബറിൽ ഇടതു മുന്നണിയുടെ നേതൃത്വത്തിലുള്ള പിണറായി സർക്കാർ പി.എം. ശ്രീയിൽ ഒപ്പുവെച്ചു. രാത്രിക്ക് രാത്രി എന്തിനാണ് സിപിഎം ഇങ്ങനെയൊരു നിലപാട് മാറ്റത്തിനൊരുങ്ങിയത് എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. പി.എം. ശ്രീയിൽ കേരളം ഒപ്പുവെയ്ക്കും മുമ്പ് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വാസുകി ഡൽഹിയിലേക്ക് പോയി കേന്ദ്ര സർക്കാരുമായി കരാറിൽ ഒപ്പിട്ടത്. വാസുകി ഇപ്പോൾ സംസ്ഥാന ഗവർണ്ണറുടെ സെക്രട്ടറിയാണ്. ഇടതു മുന്നണിയിൽ ചർച്ച ചെയ്യാതെ തീർത്തും രഹസ്യമായി പിണറായി സർക്കാർ പി.എം. ശ്രീ ഏറ്റെടുത്തത് വൻവിവാദമായി.

ഇടതു സർക്കാരിന്റെ കാലാവധി കഴിയാൻ അഞ്ച് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ മുന്നണിയെ മൊത്തത്തിൽ ഇരുട്ടിലാക്കിയ നടപടിയാണ് മുഖ്യമന്ത്രി പിണറായിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. പി.എം. ശ്രീ നടപ്പാക്കാതെ കേന്ദ്രം ഫണ്ട് തരില്ലെന്നും അതുകൊണ്ടുതന്നെ പദ്ധതിയിൽ ഒപ്പിടാതെ നിർവ്വാഹമില്ലെന്നും വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി വാദിച്ചെങ്കിലും ആരും തന്നെ അത് മുഖവിലയ്‌ക്കെടുത്തില്ല. കേന്ദ്രം ഫണ്ട് അനുവദിച്ച് വരുമ്പോഴേക്കും നിയമസഭാ തിരഞ്ഞെടുപ്പിന് സമയമാകുമെന്നും അപ്പോൾ പിന്നെ പി.എം. ശ്രീയിൽ തീരുമാനം പുതിയ സർക്കാർ വന്ന ശേഷം മതിയായിരുന്നല്ലോ എന്നുമുള്ള ചോദ്യത്തിന് മുഖ്യമന്ത്രി പിണറായിക്കോ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോ മറുപടിയുണ്ടായില്ല. ഘടകകക്ഷിയായ സി.പി.ഐ. ക്രോധം കൊണ്ട് ജ്വലിച്ചു. പദ്ധതിയിൽനിന്ന് പിന്മാറുന്നില്ലെങ്കിൽ ഇടതു മുന്നണിയുടെ അസ്തിത്വം തന്നെ പ്രതിസന്ധിയിലാവും എന്നായപ്പോൾ ഗത്യന്തരമില്ലാതെ പദ്ധതി മരവിപ്പക്കണമെന്നേ ആവശ്യപ്പെട്ട് കേരള സർക്കാർ കേന്ദ്രത്തിന് കത്തെഴുതി.

ശാസ്ത്രാവബോധം

പക്ഷേ, പി.എം. ശ്രീയുടെ അൾത്താരയിൽ സിപിഎമ്മിന്റെയും ഇടതു മുന്നണിയുടെയും ബലി നടക്കാൻ വലിയ താമസമുണ്ടായില്ല. പി.എം. ശ്രീ കേരളത്തിൽ ഒരു വിദ്യാഭ്യാസ പദ്ധതി മാത്രമായിരുന്നില്ല. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട രാഷ്ട്രീയ വിഷയങ്ങളിൽ ഒന്നായിരുന്നു പി.എം. ശ്രീ. 2022-ൽ മോദി സർക്കാർ തുടങ്ങിയ ഈ പദ്ധതിയുടെ ലക്ഷ്യം അഞ്ച് വർഷം കൊണ്ട് രാജ്യത്തെ 14,500 സ്‌കൂളുകൾ മികവിന്റെ കേന്ദ്രങ്ങളായ മാതൃകാ സ്‌കൂളുകൾ ആക്കി മാറ്റുക എന്നതാണ്. 27,360 കോടി രൂപയാണ് ഇതിനായി കേന്ദ്ര സർക്കാർ ചെലവഴിക്കുക. മൊത്തം വരുന്ന ചെലവിൽ 40 ശതമാനം സംസ്ഥാന സർക്കാരുകൾ വഹിക്കണം.

പി.എം. ശ്രീയിൽ ഒപ്പുവെയ്ക്കുക വഴി ബിജെപിയുടെ ഹിന്ദുത്വ പദ്ധതിക്ക് സ്വയം തീറെഴുതിക്കൊടുക്കുകയാണ് പിണറായിയും സി.പി.എമ്മും ചെയ്തത് എന്നായിരുന്നു യു.ഡി.എഫിന്റെ ആരോപണം. ഇന്ത്യൻ ജ്ഞാന വ്യവസ്ഥ (Indian Knowledge System) പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് എൻ.ഇ.പി. നിഷ്‌കർഷിക്കുന്നുണ്ട്.

യൂറോപ്പ് ഇരുണ്ട കാലഘട്ടത്തിൽ ആയിരുന്നപ്പോൾ വിജ്ഞാനത്തിന്റെ വെളിച്ചമുണ്ടായിരുന്നു പൗരാണിക ഇന്ത്യയിലെന്നതിൽ തർക്കമില്ല. രോഗപരിപാലനത്തിലും ഗണിതത്തിലും വ്യാകരണത്തിലും തർക്ക മീമാംസകളിലും പൗരാണിക ഇന്ത്യ നടത്തിയ മുന്നേറ്റം പുതിയ കാലത്ത് പഠിക്കുന്നതിലും ആർക്കും എതിർപ്പുണ്ടാവില്ല. പക്ഷേ, പുരാണവും കെട്ടുകഥകളും ശാസ്ത്രമായി പരിഗണിക്കുന്നതിന് പിന്നിൽ ഹിന്ദുത്വയുടെ ഇടപെടലാണെന്ന ആരോപണം അങ്ങിനെയങ്ങ് തള്ളിക്കളയാനാവില്ല. അടുത്തിടെ ഐ.ഐ.ടി. കാൺപൂരിൽ ഇന്ത്യൻ ജ്ഞാനവ്യവസ്ഥയുടെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക സെമിനാർ പുനർജന്മത്തിന്റെ ശാസ്ത്രവുമായി ബന്ധപ്പെട്ടതായിരുന്നു. ജാതകവും നക്ഷത്രവിന്യാസവുമൊക്കെ അടിസ്ഥാനമാക്കി ഭൂതകാലത്തിലേക്ക് സഞ്ചരിക്കാനാവുമെന്നാണ് സെമിനാർ മുന്നോട്ടുവെച്ച ഒരു നിർദ്ദേശം.

ജവഹർലാൽ നെഹ്റു ഉയർത്തിപ്പിടിച്ച ശാസ്ത്രാവബോധം വളർത്തുന്നതിനെക്കുറിച്ച് തന്റെ ആദ്യ ബജറ്റിൽ മുഖ്യമന്ത്രി സതീശൻ വാചാലനായിരുന്നു. നെഹ്റുവിന്റെ പേരിൽ ഇതിനായി തുടങ്ങുന്ന കേന്ദ്രത്തിന് 25 കോടി രൂപ സതീശൻ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഹിന്ദുത്വ ഒളിച്ചുകടത്താനുള്ള വഴിയെന്ന് കോൺഗ്രസ് വിമർശിക്കുന്ന എൻ.ഇ.പി. ഒരു വശത്തും ശാസ്ത്രാവബോധം വളർത്തുന്ന നെഹ്റു കേന്ദ്രം മറുവശത്തും വരുമ്പോൾ അനിതരസാധാരണമായ മെയ്‌വഴക്കമുണ്ടെങ്കിൽ മാത്രമേ സതീശൻ സർക്കാരിന് പിടിച്ചു നിൽക്കാനാവുകയുള്ളു.

ചൊല്ലും ചെയ്തിയും

ഇന്ത്യയിൽ കോൺഗ്രസ് ഭരിക്കുന്ന കർണ്ണാടകം, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ പി.എം. ശ്രീ നടപ്പാക്കിയിട്ടുണ്ട്. കർണ്ണാടകത്തിലും തെലങ്കാനയിലും കോൺഗ്രസ് ഇതര സർക്കാരുകളാണ് ഈ പദ്ധതി നടപ്പാക്കിയത്. ഹിമാചലിൽ കോൺഗ്രസ് സർക്കാരാണ് 2023-ൽ പി.എം. ശ്രീ ഒപ്പുവെച്ചത്. ഹിമാലയൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ ഭരണ പ്രദേശങ്ങൾക്കും വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്കും പദ്ധതി വിഹിതത്തിന്റെ 90 ശതമാനവും കേന്ദ്ര സർക്കാരാണ് നൽകുന്നത്. സംസ്ഥാനത്ത് സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പി.എം. ശ്രീ നടപ്പാക്കാതെ വയ്യെന്നാണ് മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു പറഞ്ഞത്. പി.എം. ശ്രീയെ പ്രത്യയശാസ്ത്രപരമായി എതിർക്കാൻ ഹിമാചലിൽ കോൺഗ്രസ് സർക്കാർ ശ്രമിച്ചിട്ടില്ലെന്നതും കാണാതിരിക്കരുത്.

കേരളത്തിൽ കേന്ദ്ര സർക്കാരിന് കീഴിലുള്ള 47 വിദ്യാലയങ്ങളിൽ പി.എം. ശ്രീ നടപ്പാക്കിയിട്ടുണ്ട്. എന്നാൽ, പദ്ധതി മരവിപ്പിക്കാൻ ആവശ്യപ്പെട്ടതിനാൽ കേരള സർക്കാരിന് കീഴിലുള്ള ഒരു വിദ്യാലയത്തിലും പി.എം. ശ്രീ ഇതുവരെ നടപ്പാക്കിയിട്ടില്ല. പി.എം. ശ്രീക്കെതിരെ ഘോരഘോരം പ്രസംഗിച്ചതിന് ശേഷം പദ്ധതി നടപ്പാക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നിടത്താണ് സതീശൻ സർക്കാരിന്റെ ഇരട്ടത്താപ്പ് ജനാധിപത്യ വിശ്വാസികൾക്ക് നേരെ പല്ലിളിച്ച് നിൽക്കുന്നത്. പണമാണ് പ്രശ്‌നമെങ്കിൽ അത് തുറന്നുപറയാനുള്ള ആർജ്ജവം മുഖ്യമന്ത്രി സതീശനുണ്ടാവണം.

ബി.ജെ.പി.- സി.പി.എം. ഡീലിനുള്ള ഉത്തമ ദൃഷ്ടാന്തമാണ് ഈ സംഭവവികാസമെന്ന് വിമർശിക്കാൻ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന് ഒരു മടിയുമുണ്ടായില്ല. ആഗോള അയ്യപ്പസംഗമം, വെള്ളാപ്പള്ളി നടേശനുമായുള്ള ചങ്ങാത്തം എന്നിവയിലൂടെ അതിനകംതന്നെ ഹിന്ദുത്വയുടെ നിഴലിലായിരുന്ന ഇടതു സർക്കാരിന് പിഎം ശ്രീ അക്ഷരാർത്ഥത്തിൽ കൂനിന്മേൽ കുരുവായി. ന്യൂനപക്ഷങ്ങൾ ഒന്നടങ്കം യു.ഡി.എഫിന് പിന്നിൽ അണിനിരന്നത് ഈ പരിസരത്തിലായിരുന്നു.

വർഗീയതയുടെ രാഷ്ട്രീയം

പി.എം. ശ്രീ അറബിക്കടലിൽ ഒഴുക്കണമെന്നാണ് സതീശൻ സർക്കാരിൽ മന്ത്രിയായ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി പ്രഖ്യാപിച്ചത്. വർഗീയതയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ സി.പി.എം. പിന്നിലേക്ക് പോവുകയാണെന്ന ശക്തമായ ആരോപണമുയർത്തിയാണ് കോൺഗ്രസും മുസ്ലിം ലീഗുമടങ്ങുന്ന ഐക്യ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ ആരോപണത്തിന് ചൂടും വെളിച്ചവും പകർന്നത് പി.എം. ശ്രീയിലുള്ള സി.പി.എം. സർക്കാരിന്റെ ഒത്തുതീർപ്പായിരുന്നു. 102 സീറ്റുകളുടെ സമ്മോഹന ഭൂരിപക്ഷം സതീശനും കൂട്ടർക്കും കേരള ജനത സമ്മാനിച്ചതിൽ പി.എം. ശ്രീയിലുള്ള നിലപാടും നിർണ്ണായകമായിരുന്നു എന്ന് പറഞ്ഞാൽ അതൊരിക്കലും അതിശയോക്തിയാവില്ല.

ഭരണഘടനയിൽ അധിഷ്ഠിതമായ ഇന്ത്യൻ റിപ്പബ്ലിക്കിനെ സംരക്ഷിക്കണമെങ്കിൽ ഹിന്ദുത്വയുടെ ചിറകിലേറി പറക്കുന്ന ബി.ജെ.പിയുമായി ഒരു തരത്തിലുള്ള അനുരഞ്ജനവും സാദ്ധ്യമല്ല എന്നതാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അർത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുള്ളത്. സമസ്ത ഭരണഘടനാ സ്ഥാപനങ്ങളും ബി.ജെ.പിയുടെ പിടിയിലായിരിക്കെ ഹിന്ദുത്വയ്‌ക്കെതിരെയുള്ള ചെറുത്തുനിൽപിലൂടെ മാത്രമേ മോദി സർക്കാരിനെ പരാജയപ്പെടുത്താനാവുകയുള്ളു എന്നാണ് അടുത്തിടെ നടന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ രാഹുൽ പറഞ്ഞത്.

താൻ നെഹ്റുവിയൻ സോഷ്യലിസ്റ്റാണെന്നാണ് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ അവകാശപ്പെടുന്നത്. മതേതരത്വവും ബഹുസ്വരതയുമാണ് ഇന്ത്യയുടെ അടിസ്ഥാന ശിലകളെന്ന് ഉറച്ചു വിശ്വസിച്ച നേതാവായിരുന്നു നെഹ്‌റു. സോമനാഥ ക്ഷേത്രം പുനരുദ്ധരിക്കാൻ കെ.എം. മുൻഷിയുടെ നേതൃത്വത്തിൽ ശ്രംമുണ്ടായപ്പോൾ കേന്ദ്ര സർക്കാർ ഫണ്ട് അതിനായി വിനിയോഗിക്കാനാവില്ലെന്ന നിലപാടാണ് നെഹ്‌റു എടുത്തത്. 1950-ൽ പുനരുദ്ധാരണം കഴിഞ്ഞ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് പങ്കെടുക്കുന്നതിനോടുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കാൻ നെഹ്റുവിന് ഒരു മടിയുമുണ്ടായില്ല.

അതേവർഷം തന്നെ നാസിക്കിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ വർഗ്ഗീയതയ്‌ക്കെതിരെയുള്ള പ്രമേയത്തിന്മേലുള്ള ചർച്ചയിൽ നെഹ്റു തന്റെ നിലപാട് ഒരിക്കൽ കൂടി വ്യക്തമാക്കി: ''On this question of communalism you cannot waver. If you want me to lead the Congress, you have to pass this reoslution unequivocally, with the least ambiguity in your stand.'' വർഗീയതയുടെ കാര്യത്തിൽ ഒരു തരത്തിലുള്ള ചാഞ്ചാട്ടവും കോൺഗ്രസിനാവില്ലെന്ന പരസ്യപ്രഖ്യാപനമായിരുന്നു അത്.

തമിഴ്‌നാട് ചെയ്തത്

നെഹ്റുവിന്റെ ഈ വഴിയിലൂടെയാണ് ഇപ്പോൾ രാഹുൽ ഗാന്ധിയും സഞ്ചരിക്കുന്നത്. വൈവിദ്ധ്യവും നാനാത്വവുമല്ല രാജ്യത്തിന്റെ ഏകീകരണമാണ് ബി.ജെ.പി. ലക്ഷ്യമിടുന്നത്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, ഒരു നേതാവ്, ഒരു ഭാഷ എന്നിവ ബി.ജെ.പിയുടെ എക്കാലത്തെയും അജണ്ടകളാണ്. ഇന്ത്യയുടെ ഫെഡറൽ സംവിധാനം ഈ ലക്ഷ്യങ്ങളുമായി ഒത്തുപോകുന്നതല്ലെന്ന് ബി.ജെ.പിക്കറിയാം.

അതുകൊണ്ടുതന്നെ സാമ്പത്തികമായും രാഷ്ട്രീയമായും ഫെഡറൽ സംവിധാനം ദുർബ്ബലമാക്കുന്നതിനുള്ള ആസൂത്രിത നീക്കങ്ങൾ ബി.ജെ.പി. സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവും. വിദ്വ്യാഭ്യാസം നിലവിൽ ഭരണഘടനയുടെ കൺകറന്റ് പട്ടികയിലാണ്. വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിയമനിർമ്മാണം നടത്താം.

പക്ഷേ, ആത്യന്തികമായി കേന്ദ്ര നിയമത്തിനായിരിക്കും പ്രാബല്യം. 2020-ലെ നവ വിദ്യാഭ്യാസ നയം (എൻ.ഇ.പി.) നടപ്പാക്കിയാലേ സംസ്ഥാനങ്ങൾക്ക് ആവശ്യമായ വിദ്യാഭ്യാസ ഫണ്ടുകൾ ലഭിക്കുകയുള്ളു എന്ന കേന്ദ്ര സർക്കാർ സമീപനവും ഫെഡറൽ ഘടന ദുർബ്ബലപ്പെടുത്തുന്നതിന്റെ ഭാഗമായുള്ളതാണെന്ന ആരോപണം കാണാതിരിക്കാനാവില്ല. എൻ.ഇ.പിയേയും പി.എം. ശ്രീയേയും തമിഴ്‌നാട് എതിർക്കുന്നത് ഈ നയത്തിന്റെ അടിസ്ഥാനത്തിലാണ്.

നിലവിൽ ഇന്തയിൽ പി.എം. ശ്രീയിൽ ഒപ്പുവെച്ചിട്ടില്ലാത്ത ഒരേയൊരു സംസ്ഥാനം തമിഴ്‌നാടാണ്. സമഗ്ര ശിക്ഷ അഭിയാന് കീഴിൽ കേന്ദ്ര സർക്കാർ നൽകേണ്ട ഫണ്ട് പി.എം. ശ്രീയുമായി കൂട്ടിക്കെട്ടുന്നതിനെതിരെ തമിഴ്‌നാട് സുപ്രീം കോടതിയിൽ പോയി. 2024- 26 കാലയളവിൽ 4,886 കോടി രൂപയാണ് തമിഴ്‌നാടിന് സമഗ്ര ശിക്ഷ പദ്ധതിക്ക് കീഴിൽ കേന്ദ്ര സർക്കാർ നൽകേണ്ടത്.

ഫണ്ട് ലഭിക്കാതെ വന്നപ്പോൾ വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന് കീഴിൽ സംസ്ഥാനത്ത് നടത്തേണ്ട സ്‌കൂൾ പ്രവേശനങ്ങൾ തമിഴ്‌നാട് സർക്കാർ നിർത്തിവെച്ചു. ഒടുവിൽ സുപ്രീം കോടതി ഇടപെട്ട് ഈ ഇനത്തിൽ 538 കോടി രൂപ തമിഴ്‌നാടിന് ലഭ്യമാക്കി. സംസ്ഥാനത്തിന്റെ അവകാശങ്ങൾ അടിയറ വെയ്ക്കില്ലെന്നും അതിനായുള്ള നിയമപോരാട്ടം തുടരുമെന്നുമുള്ള ഉറച്ച നിലപാടിലാണ് തമിഴ്‌നാട്.

ലീഗിന്റെ നിശ്ശബ്ദത

സി.പി.എം. സർക്കാർ പി.എം. ശ്രീയിൽ ഒപ്പുവെച്ചപ്പോൾ ഉയർന്ന വിമർശങ്ങളിലൊന്ന് സംഗതി ഇടതു മുന്നണിയിൽ ചർച്ച ചെയ്തില്ല എന്നതായിരുന്നു. ഇതിൽ പിടിച്ചാണ് സി.പി.എമ്മിനെതിരെ സി.പി.ഐ. ചന്ദ്രഹാസമിളക്കിയത്. പദ്ധതിയുമായി മുന്നോട്ടുപോകാൻ സതീശൻ സർക്കാർ തീരുമാനിച്ചത് യുഡിഎഫിൽ ചർച്ച ചെയ്തിട്ടാണോ എന്ന് ഒരു ഘടകകക്ഷിയും ചോദിക്കുന്നില്ല.

മറിച്ച് സതീശൻ സർക്കാരിന് എല്ലാ വിധത്തിലുമുള്ള പിന്തുണയാണ് ഈ വിഷയത്തിൽ മുസ്ലിം ലീഗ് അടക്കമുള്ള പാർട്ടികളിൽനിന്ന് ഉണ്ടായിട്ടുള്ളത്. സി.പി.എമ്മിനെതിരെ സി.പി.ഐ. ഉയർത്തിയ കലാപക്കൊടി ഇപ്പോൾ മുസ്ലിം ലീഗിനെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടാവണം. അധികാരത്തിന്റെ പ്രലോഭനങ്ങൾക്ക് മുന്നിൽ പ്രത്യയശാസ്ത്രപരമായ നിലപാടുകൾ ഇത്ര എളുപ്പത്തിൽ മറക്കാൻ യു.ഡി.എഫിനാവുമെങ്കിൽ ഇതെന്തൊരു മുന്നണിയാണെന്ന് ചോദിക്കാതിരിക്കാനാവില്ല.

നൂറു കോടി രൂപയോളമാണ് പിണറായി സർക്കാർ കെ റെയിലിലായി ചെലവഴിച്ചത്. എന്നിട്ടും ആ പദ്ധതി വേണ്ടെന്നുവെക്കാൻ സതീശൻ സർക്കാരിന് ഒരു മടിയുമുണ്ടായില്ല. കാരണം അതൊരു ജനവിരുദ്ധ പദ്ധതിയാണെന്ന നിലപാടായിരുന്നു യു.ഡി.എഫിന്. അധികാരം കിട്ടിയ ആദ്യ മുഹൂർത്തത്തിൽതന്നെ കെ റെയിൽ റദ്ദാക്കാൻ സതീശൻ സർക്കാർ തീരുമാനിക്കുകയും ചെയ്തു.

പക്ഷേ, പി.എം. ശ്രീയിൽ എത്തുമ്പോൾ വി.ഡി. സതീശന് കാലിടറുന്നു. പി.എം. ശ്രീ അറബിക്കടലിൽ എന്ന മുദ്രാവാക്യവുമായി വോട്ടുപിടിച്ചവർ അതേ പദ്ധതി നടപ്പാക്കാൻ സ്വയം മുന്നിട്ടിറങ്ങുമ്പോൾ വാക്കിനും ചെയ്തിക്കുമിടയിലുള്ള അകലം എത്രമാത്രം വലുതാണെന്ന് സാധാരണ മനുഷ്യർക്ക് കാണാതിരിക്കാനാവില്ല.

പിണറായി എന്ന ഐശ്വര്യം

പി.എം. ശ്രീയിൽ തന്റെ സർക്കാരിനെതിരെ പ്രക്ഷോഭത്തിന്റെ പാതയിലേക്ക് നീങ്ങാൻ സി.പി.എമ്മിനാവില്ല എന്ന ഒറ്റ സംഗതിയിലാണ് ഈ വിഷമഘട്ടത്തിൽ സതീശൻ പിടിച്ചുനിൽക്കുന്നത്. പദ്ധതിയിൽ ഒപ്പിടുക വഴി ചോദ്യം ചെയ്യുന്നതിനുള്ള ധാർമ്മിക ശക്തിയാണ് സി.പി.എം. നഷ്ടപ്പെടുത്തിയത്. അതുകൊണ്ടുതന്നെ എന്തുകൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോകുന്നു എന്നൊക്കെ ചോദ്യങ്ങൾക്ക് വേണ്ടിയുള്ള ചില ചോദ്യങ്ങൾ ഉന്നയിക്കാൻ മാത്രമേ സി.പി.എം. നേതൃത്വത്തിന് ആവുന്നുള്ളു.

പി.എം. ശ്രീയിൽ ഒപ്പിട്ടത് തെറ്റായിരുന്നുവെന്ന് സി.പി.എം. ഇതുവരെ കുറ്റസമ്മതം നടത്തിയിട്ടില്ല. ഇതുൾപ്പെടെ തിരഞ്ഞെടുപ്പിൽ തിരിച്ചടിക്കിടയാക്കിയ എല്ലാ തീരുമാനങ്ങളും എടുത്ത പിണറായി വിജയൻ തന്നെയാണ് ഇപ്പോഴും കേരളത്തിൽ സി.പി.എമ്മിന്റെ സുപ്രധാന നേതാവും പ്രതിപക്ഷ നേതാവും എന്നത് സതീശൻ സർക്കാരിന് കിട്ടിയിട്ടുള്ള ഏറ്റവും നല്ല സമ്മാനമാണ്. ഇങ്ങനെ ഒരു ഐശ്വര്യമുള്ളപ്പോൾ നിയമസഭയിലും പുറത്തും പ്രതിപക്ഷം സതീശൻ സർക്കാരിന് മുന്നിൽ ഒരു നനഞ്ഞ പടക്കം മാത്രമാണ്.

ഇടതു മുന്നണിയുടെ നയങ്ങൾ തുടരാനല്ല കോൺഗ്രസ് സർക്കാരിനെ ജനം തിരഞ്ഞെടുത്തതെന്ന് തീർച്ചയാണ്. മദ്യനയത്തിലും കരിമണൽ ഖനനത്തിലും സി.പി.എം സർക്കാരിന്റെ നയങ്ങൾ തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രി വി.ഡി. സതീശനെ ഓർമ്മിപ്പിച്ചിട്ടുണ്ട്. പക്ഷേ, പി.എം. ശ്രീയുടെ കാര്യത്തിൽ കേരളത്തിൽനിന്നുള്ള ഒരു കോൺഗ്രസ് നേതാവും ഒരു തരത്തിലുള്ള വിമർശവും ഇതുവരെ ഉയർത്തിയിട്ടില്ല എന്നുള്ളത് ശ്രദ്ധേയമാണ്.

ഉൾപാർട്ടി വിമർശത്തിന്റെ അഭാവമാണ് ആത്യന്തികമായി പിണറായി സർക്കാരിനെയും സി.പി.എമ്മിനെയും തകർത്തതെന്ന് നിരീക്ഷണമുണ്ട്. പി.എം. ശ്രീപോലെ സുപ്രധാനമായൊരു വിഷയത്തിൽ കോൺഗ്രസിനുള്ളിൽ ഒരു തരത്തിലുള്ള വിമതശബ്ദവും ഉയരുന്നില്ലെന്നത് ജനാധിപത്യ സമൂഹത്തെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്.


വഴിയിൽ കേട്ടത്: ഇന്ത്യയിൽനിന്നുള്ള ഏറ്റവും പ്രിയപ്പെട്ട വ്യക്തി ഭാര്യ ഉഷയാണെന്നും ഏറ്റവും പ്രിയപ്പെട്ട പാക്കിസ്താൻകാരൻ ഫീൽഡ് മാർഷൽ അസിം മുനിർ ആണെന്നും അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. അപ്പോൾ, നമ്മുടെ ഫ്രണ്ട് ഇനി എന്ത് ചെയ്യും മല്ലയ്യ!