എമ്പുരാന്‍ കാണണമെന്ന് കരുതിയിരുന്നു. പക്ഷേ, അത് ആദ്യ ദിവസം തന്നെയായത് യാദൃച്ഛികമായി. മാര്‍ച്ച് 27ന് പോണ്ടിച്ചേരിയില്‍ പോകേണ്ടി വന്നു. അവിടെ എത്തിയപ്പോള്‍ കുറച്ച് സമയം വെറുതെ കിടക്കുന്നു. എന്നാല്‍ പിന്നെ എമ്പുരാന്‍ കണ്ടാലോ എന്നായി. നെറ്റില്‍ നോക്കിയപ്പോള്‍ അടുത്തുതന്നെയുള്ള മാളിലെ തിയേറ്ററില്‍ ടിക്കറ്റുണ്ട്. അങ്ങിനെയാണ് എമ്പുരാന്‍ കണ്ടത്. സിനിമ കണ്ടിറങ്ങിയപ്പോള്‍ ആദ്യമുണ്ടായ സംശയം എങ്ങിനെയാണ് സെന്‍സര്‍ ബോര്‍ഡ് പടം ക്ലിയര്‍ ചെയ്തതെന്നായിരുന്നു. ഗുജറാത്ത് കലാപമാണ് പശ്ചാത്തലം. ഇരകളും പ്രതികളും ആരായിരുന്നുവെന്ന് വളച്ചുകെട്ടില്ലാതെ പറയുന്ന സിനിമ. എന്നിട്ടും നിലവിലെ സാഹചര്യത്തില്‍ സെന്‍സര്‍ ബോര്‍ഡിന്റെ കത്രികയില്‍ നിന്നും പൃഥ്വിയുടെയും മുരളിയുടെയും ലാലിന്റെയും ചിത്രം രക്ഷപ്പെട്ടുവെന്നത് ചെറിയ സംഗതിയായിരുന്നില്ല. ഫാസിസമല്ല നവ ഫാസിസമാണ് നാട്ടിലെന്ന് പ്രകാശ് കാരാട്ട് പറഞ്ഞത് വെറുതെയല്ലെന്നായിരുന്നു ഒരു സുഹൃത്തിന്റെ പ്രതികരണം. പക്ഷേ, തൊട്ടടുത്ത ദിവസം തന്നെ എമ്പുരാന്‍ വിവരമറിഞ്ഞു. ആ അറിവാണ് ഇപ്പോള്‍ 24 വെട്ടിലെത്തി നില്‍ക്കുന്നത്.

To advertise here,

ഗുജറാത്ത് കലാപം പശ്ചാത്തലമാവുന്ന ആദ്യ സിനിമയല്ല എമ്പുരാന്‍. രാഹുല്‍ ധൊലാക്കിയയുടെ സംവിധാനത്തില്‍ 2005 ല്‍ പുറത്തിറങ്ങിയ പര്‍സാനിയ എന്ന ചലച്ചിത്രം ഇതേ വിഷയമാണ് കൈകാര്യം ചെയ്തത്. 2002ലെ കലാപത്തില്‍ കാണാതായ മകനായുള്ള അന്വേഷണവും കാത്തിരിപ്പും തുടരുന്ന പാഴ്‌സി ദമ്പതികളായ രൂപയുടെയും ദാറ മോദിയുടെയും ജീവിതത്തെ ആസ്പദമാക്കിയുള്ള ചലച്ചിത്രമായിരുന്നു പര്‍സാനിയ. സ്വര്‍ഗവും നരകവും ഈ ഭൂമിയില്‍ എന്നാണ് പര്‍സാനിയ എന്ന വാക്കിന്റെ അര്‍ത്ഥം. കലാപത്തിന്റെ ആദ്യ നാളുകളില്‍ അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ സൊസസെറ്റിയില്‍ നിന്നാണ് രൂപയ്ക്കും ദാറയ്ക്കും 13 കാരനായ മകന്‍ അഷറിനെ നഷ്ടപ്പെട്ടത്. എഹ്‌സാന്‍ ജഫ്രി എന്ന മുന്‍ കോണ്‍ഗ്രസ് എംപിയും മറ്റ് 37 പേരും അതിദാരുണമായി കൊല്ലപ്പെട്ട ഇടമാണ് ഗുല്‍ബര്‍ഗ സൊസെസെറ്റി. ഇവിടെ മൂന്നാം നിലയിലെ ഫ്‌ളാറ്റിലായിരുന്നു അഷറിന്റെ കുടുംബം താമസിച്ചിരുന്നത്. ഗുജറാത്തില്‍ അറിയപ്പെടുന്ന നേതാവായിരുന്ന എഹ്‌സന്‍ ജഫ്രിയുടെ സാന്നിധ്യം കലാപകാരികളെ ഗുല്‍ബര്‍ഗ സൊസൈറ്റിയിലേക്ക് വരുന്നതില്‍ നിന്നും തടയുമെന്ന രൂപയുടെയും ദാറയുടെയും പ്രതീക്ഷ അസ്ഥാനത്തായി. കലാപകാരികളുടെ മുഖ്യലക്ഷ്യം എഹ്‌സാനായിരുന്നു. 2002 ഫിബ്രവരി 28ന് രാത്രി എഹ്‌സന്‍ സംസ്ഥാന സര്‍ക്കാരിലെയും കേന്ദ്ര സര്‍ക്കാരിലെയും ഉന്നതരെ വിളിച്ചെങ്കിലും ഒരു സഹായവുമെത്തിയില്ല. കലാപം ഒടുങ്ങിയപ്പോള്‍ ഗുല്‍ബര്‍ഗയില്‍ നിന്നും കാണാതായ 31 പേരില്‍ അഷറുമുണ്ടായിരുന്നു.

ഈ കഥയാണ് രാഹുല്‍ ധൊലാക്കിയ സിനിമയാക്കിയത്. പക്ഷേ, പര്‍സാനിയ ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടില്ല. രാഹുലിന്റെ സിനിമ പ്രദര്‍ശിപ്പിക്കാനാവില്ലെന്ന് ഗുജറാത്തിലെ തിയേറ്റര്‍ ഉടമകള്‍ തീരുമാനമെടുത്തതായിരുന്നു കാരണം. തിയേറ്റര്‍ ഉടമകള്‍ സ്വയം എടുത്ത തീരുമാനമായിരുന്നില്ല അത്. പേടിയായിരുന്നു യഥാര്‍ത്ഥ കാരണം. വിഎച്ച്പി നേതാവ് ബാബു ബജ്രംഗി (ഈ ബാബു ബജ്‌റംഗിയാണ് എമ്പുരാനിലെ വില്ലനെന്നാണ് വ്യാഖ്യാനം) സമ്മതിച്ചാല്‍ ചിത്രം പ്രദര്‍ശിപ്പിക്കാം എന്നായിരുന്നു തിയേറ്റര്‍ ഉടമകള്‍ രഹസ്യമായി പറഞ്ഞത്. ഗുറാത്ത് കലാപത്തില്‍ 97 പേര്‍ കൊല്ലപ്പെട്ട നരോദ്യ പാട്യ കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ ബാബു ബജ്‌റംഗിയെ ചിത്രത്തിന്റെ പ്രിവ്യുവിന്  ക്ഷണിക്കണമെന്ന നിര്‍ദ്ദേശം രാഹുല്‍ ധൊലാക്കിയ നിരസിച്ചു. സെന്‍സര്‍ ബോര്‍ഡ് അനുമതി തന്ന ഒരു സിനിമയ്ക്ക് അതിനും മുകളില്‍ മറ്റൊരാള്‍ അനുമതി തരേണ്ടതുണ്ടെന്ന് സമ്മതിച്ചുകൊടുക്കാന്‍ ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമുള്ള ഒരു പൗരന്‍ എന്ന നിലയില്‍ രാഹുലിനാവുമായിരുന്നില്ല. പര്‍സാനിയയുടെ അനുഭവം ഓര്‍മ്മയിലുള്ളതുകൊണ്ടാണോ എമ്പുരാന്‍ പ്രിവ്യു വേണ്ടെന്ന് വെച്ചതെന്നറിയില്ല. പര്‍സാനിയയെ പൃഥ്വിയും മോഹന്‍ലാലും ഓര്‍ക്കണമെന്നില്ലെങ്കിലും മുരളി ഗോപി മറക്കാന്‍ ഇടയില്ല. എമ്പുരാനില്‍ ഗുല്‍ബര്‍ഗ സൊസൈറ്റിയിലെ കൂട്ടക്കൊല മുരളി ഗോപി ഒന്നഴിച്ചുപണിയുന്നുണ്ട്. എമ്പുരാന്‍ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയത്തിന് അത്യധികം തീക്ഷ്ണത കൈവരുന്നത് ഈ അഴിച്ചുപണിയിലൂടെയാണ്. എഹ്സാന്‍ ജഫ്രിയ്ക്ക് പകരം ഒരു ഹിന്ദു വനിതയാണ് മുസ്ലിങ്ങള്‍ക്ക് അഭയമേകുന്ന കോളനിയുടെ കുലപതി. അഭയം നല്‍കിയതിന് അള്ളാഹു താങ്കളെ രക്ഷിക്കട്ടെ എന്ന് പറയുന്ന മുസ്ലിം നേതാവിനോട് റാം താങ്കളെയും എന്നാണ് ഈ വനിത പ്രതികരിക്കുന്നത്. ഇവരെയടക്കം ആ കോളനിയിലുള്ള സകലരെയും (പൃഥ്വിയുടെ കഥാപാത്രത്തെ ഒഴികെ) ബജ്രംഗിയുടെ നേതൃത്വത്തിലുള്ള കലാപകാരികള്‍ കൊന്നുതള്ളുന്നു.

പര്‍സാനിയ മാത്രമല്ല നന്ദിത ദാസിന്റെ സംവിധാനത്തില്‍ 2008ല്‍ പുറത്തിറങ്ങിയ ഫിറാഖ് എന്ന സിനിമയും ഗുജറാത്തില്‍ അപ്രഖ്യാപിത നിരോധനത്തിനിരയായി. ഗുജറാത്ത് കലാപവും അനന്തരഫലങ്ങളുമായിരുന്നു ഫിറാഖിന്റെയും പ്രമേയം. പര്‍സാനിയയുടെ കാര്യത്തിലെന്ന പോലെ ഫിറാഖ് പ്രദര്‍ശിപ്പിക്കാനും തിയേറ്റര്‍ ഉടമകള്‍ മടിച്ചു. ഫിറാഖ് കാണാന്‍ താല്‍പര്യമുണ്ടെന്ന് മോദി ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അങ്ങനെയൊരു സ്‌പെഷ്യല്‍ സ്‌ക്രീനിങ്ങിന്റെ ആവശ്യമില്ലെന്നും ആര്‍ക്ക് വേണമെങ്കിലും സിനിമ തിയേറ്ററില്‍ പോയി കാണാമെന്നുമാണ് നന്ദിത പ്രതികരിച്ചത്. ഭരണകൂടത്തിന് മുന്നില്‍ കുനിയാത്ത ശിരസ്സുകളുടെ ഉടമകളും ഈ ഇന്ത്യയിലുണ്ട്.

വിശ്വരൂപം, കായാ തരണ്‍

2013ല്‍ തമിഴ്നാട്ടില്‍ കമല്‍ഹാസന്‍ ഇത്തരമൊരു പ്രതിസന്ധിയില്‍ അകപ്പെട്ടിരുന്നു. കമലിന്റെ വിശ്വരൂപം എന്ന ബിഗ്ബജറ്റ് (90 കോടി രൂപ മുതല്‍മുടക്കിയെന്നായിരുന്നു കമലിന്റെ ഭാഷ്യം) സിനിമയ്ക്കെതിരെ ജയലളിത സര്‍ക്കാര്‍ രംഗത്ത് വന്നു. മുസ്ലിം സമുദായത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന സിനിമയാണ് വിശ്വരൂപമെന്നും പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചാല്‍ തമിഴകത്ത് കലാപമുണ്ടാകുമെന്നും ജയലളിത നിലപാടെടുത്തു. സര്‍ക്കാര്‍ എതിരാണെന്ന് കണ്ടതോടെ തിയേറ്റര്‍ ഉടമകള്‍ വിശ്വരൂപത്തിന് നേര്‍ക്ക് വാതിലുകള്‍ കൊട്ടിയടച്ചു. ചെന്നൈയിലെ വീട് പണയം വെച്ചാണ് സിനിമ എടുത്തിരിക്കുന്നതെന്നും പടം ഓടിയില്ലെങ്കില്‍ കുത്തുപാള എടുക്കേണ്ടിവരുമെന്നുമൊക്കെ പത്രസമ്മേളനത്തില്‍ പറയുമ്പോള്‍ കമല്‍ ശരിക്കും കരച്ചിലിന്റെ വക്കിലെത്തിയിരുന്നത് അന്നാ പത്രസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയിരുന്നതുകൊണ്ട് ഇപ്പോഴും മനസ്സിലുണ്ട്. ഒരു നിവൃത്തിയുമില്ലെങ്കില്‍ തമിഴ്നാട് വിട്ടുപോകുമെന്നുള്ള കമലിന്റെ പ്രസ്താവന വലിയ വിവാദമാവുകയും ചെയ്തു. പക്ഷേ, ജയലളിതയുടെ മനസ്സലിഞ്ഞില്ല. ആയിടെ ചെന്നൈയില്‍ നടന്ന ഒരു സമ്മേളനത്തില്‍ അടുത്ത പ്രധാനമന്ത്രി ആരാകണം എന്ന ചോദ്യത്തിന് തമിഴ്നാട്ടില്‍ നിന്നുള്ള മുണ്ടുടുത്ത ആള്‍ എന്ന് കമല്‍ ഉത്തരം പറഞ്ഞിരുന്നു. കേന്ദ്ര ധനമന്ത്രി പി ചിദംബരമായിരുന്നു കമലിന്റെ മനസ്സില്‍. പ്രധാനമന്ത്രി സ്ഥാനം സ്വപ്നം കണ്ടിരുന്ന ജയലളിതയ്ക്ക് കമലിന്റെ മറുപടി ഇഷ്ടപ്പെട്ടില്ലെന്നും അതാണ് വിശ്വരൂപത്തിന് വിലങ്ങുതടിയായതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിശ്വരൂപത്തിന്റെ ടെലിവിഷന്‍ അവകാശം ജയ ടിവിക്ക് നല്‍കാന്‍ കമല്‍ തയ്യാറാവാതിരുന്നതും പ്രശ്നമായതായി കേള്‍വിയുണ്ടായിരുന്നു. ഒടുവില്‍ കമല്‍ നേരിട്ടുപോയി ജയലളിതയെ കണ്ട് പ്രശ്നം തീര്‍ത്തുതരണമെന്ന് അഭ്യര്‍ത്ഥിച്ചു. അതോടെ ജയലളിത അയഞ്ഞു. കമല്‍ തന്നെ വന്നുകണ്ട് അപേക്ഷിക്കണമെന്നേ ജയലളിതയ്ക്കുണ്ടായിരുന്നുള്ളു. ആവശ്യമായ എഡിറ്റിങ്ങ് നടത്തിയ ശേഷം സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാം എന്നായി ജയലളിത. ഏഴ് സീനുകള്‍ വെട്ടി മാറ്റി എന്നാണ് കമല്‍ പറഞ്ഞത്. എന്നാല്‍ ശരിക്കും ഏതെങ്കിലും സീന്‍ വെട്ടി മാറ്റിയോ എന്ന കാര്യം സംശയമാണ്. ജയലളിത പച്ചക്കൊടി കാട്ടിയതോടെ തിയേറ്റര്‍ ഉടമകള്‍ ഉഷാറായി. പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്ന മുസ്ലിം സംഘടനകളും പിന്‍വലിഞ്ഞു.

2004 ലാണ് മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ 'കായാതരണ്‍' എന്ന സിനിമ എടുത്തത്. 1984ലെ സിഖ് വിരുദ്ധ കലാപവും 2002ലെ ഗുജറാത്ത് കലാപവുമായിരുന്നു ഈ സിനിമയുടെ പരിസരം. എന്‍ എസ് മാധവന്റെ വന്മരങ്ങള്‍ വീഴുമ്പോള്‍ എന്ന കഥയുടെ ചലച്ചിത്രാവിഷ്‌കാരം. ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്ന് സിഖ്കാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോള്‍ അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജിവ്ഗാന്ധിയുടെ പ്രതികരണം 'വന്മരങ്ങള്‍ വീഴുമ്പോള്‍ സമീപത്തുള്ള ഭൂമിയൊക്കെ ഒന്ന് കുലുങ്ങുക സ്വാഭാവികമാണ്' വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ പ്രതികരണത്തോടുള്ള വിമര്‍ശം കൂടിയായിരുന്നു മാധവന്റെ കഥ. അത്തരമൊരു കഥയെ ആസ്പദമാക്കി എടുത്ത സിനിമയായിട്ടും അന്ന് അതിനെതിരേ കാര്യമായ ഒരു പ്രതിഷേധവും ഉയര്‍ന്നില്ലെന്ന് ശശികുമാര്‍ ഈ ലേഖകനോട് പറഞ്ഞു. കായാതരണ്‍ ഒരു വാണിജ്യ സിനിമയായിരുന്നില്ല. അത് ലക്ഷ്യമിട്ട പ്രേക്ഷകരുടെ എണ്ണവും കുറവായിരുന്നു. എമ്പുരാന്‍ അങ്ങിനെയല്ല. ജനസഹസ്രങ്ങളെ ലക്ഷ്യമിടുന്ന സിനിമയാണത്. കേരളം പിടിക്കാന്‍ സംഘപരിവാര്‍ പുതിയ തന്ത്രങ്ങള്‍ മെനയുമ്പോള്‍ ആ ദേശത്തെ സൂപ്പര്‍സ്റ്റാര്‍ തന്നെ തങ്ങള്‍ക്കെതിരെയുള്ള ആഖ്യാനത്തിന്റെ ഭാഗമാവുന്നുവെന്നതും സംഘപരിവാറിനെ അലോസരപ്പെടുത്തിയിട്ടുണ്ടാവണം. അല്ലെങ്കില്‍ പിന്നെ , തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ ഓര്‍ഗനൈസറില്‍ എമ്പുരാനെതിരെ ലേഖനമെഴുതേണ്ടി വരില്ല.

ഭരണകൂടം ആവശ്യപ്പെടാതെ തന്നെ എമ്പുരാന്‍ റീ സെന്‍സറിങ്ങിന് വിധേയമാവുന്നു എന്നും നവഫാസിസം ഇങ്ങനെയൊക്കെയാണ് വരുന്നതെന്നും വ്യാഖ്യാനങ്ങള്‍ ഉയരുന്നുണ്ട്. ഭരണകൂടം അറിയാതെ ഒന്നും നടക്കുന്നില്ല എന്നതാണ് വാസ്തവം. ആസൂത്രിതമായ ഏത് കലാപവും ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് അരങ്ങേറുക. ഭരണകൂടം വിചാരിച്ചാല്‍ ഒരു തുള്ളി ചോരപൊടിയാതെ ഒരു സിനിമയെയയും പുസ്തകത്തിനെയും തുരത്താനാവും. ഭരണകൂടത്തിന്റെ ഏജന്‍സികള്‍ പേടിപ്പിക്കുന്നതുകൊണ്ടാണ് സ്വമേധയാ ഉള്ള സെന്‍സറിങ് നടക്കുന്നത്. ഇലയനങ്ങാതെ മരം മുറിക്കുന്ന ഈ സെല്‍ഫ് സെന്‍സറിങ്ങാണ് ഇന്നിപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്ന്.

എമ്പുരാന്‍ ഒരു സൂപ്പര്‍സ്റ്റാര്‍ സിനിമയാണ്. ഏത് പ്രതിസന്ധിയെയും അതിജീവിക്കുന്ന സൂപ്പര്‍മാനാണ് ഇത്തരം ചിത്രങ്ങളിലെ നായകന്‍. വെള്ളരിക്കപട്ടണങ്ങളില്‍ മാത്രം നടക്കുന്ന കാഴ്ചകളാണ് ഇത്തരം ചിത്രങ്ങളിലുണ്ടാവുക. ബ്രിട്ടീഷ് ഇന്റലിജന്‍സ് മേധാവിയെ ചൈനീസ് മാഫിയ വധിക്കുന്നത് പോലുള്ള സീനുകള്‍ വേറെ എവിടെയാണ് കാണാനാവുക? എന്നിട്ടും എമ്പുരാന്‍ ചലനമുണ്ടാക്കുന്നുണ്ടെങ്കില്‍ അതിനുള്ള ക്രെഡിറ്റ് തിരക്കഥാകൃത്ത് മുരളി ഗോപിക്കും സംവിധായകന്‍ പൃഥ്വിരാജിനുമുള്ളതാണ്. ന്യൂനപഷങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് ഇന്നത്തെ കാലത്ത് ഫാസിസത്തിനെതിരെയുള്ള പോരാട്ടമെങ്കില്‍ അത്തരമൊരു സന്ദേശം എമ്പുരാനിലുണ്ട്. ന്യൂനപക്ഷങ്ങളെ കൈവിടുന്നവര്‍ ധാര്‍മ്മികതയെയാണ് ഉപേക്ഷിക്കുന്നതെന്നാണ് ഗാന്ധിജി പറഞ്ഞത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ വെള്ളിവെളിച്ചത്തില്‍ നിന്നകന്ന് ബംഗാളില്‍ വര്‍ഗീയ കലാപങ്ങള്‍ കലുഷിതമാക്കിയ ഇടങ്ങളിലൂടെ നടന്നുകൊണ്ട് ഗാന്ധിജി വിളിച്ചുപറഞ്ഞ സത്യം അതായിരുന്നു. ഈ ധാര്‍മ്മികതയാണ് നെഹ്രുവും പട്ടേലും ഉയര്‍ത്തിപ്പിടിച്ചത്.  ഇന്ത്യയില്‍ എല്ലാ വിഭാഗം ജനങ്ങളും ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ ന്യൂനപക്ഷമാണെന്ന പ്രൊഫസര്‍ മോഹന്‍ ഗോപാലിന്റെ വാക്കുകള്‍ ഓര്‍ത്തുപോകുന്നു. അവകാശങ്ങള്‍ നഷ്ടപ്പെടുന്നവര്‍, അടിച്ചമര്‍ത്തപ്പെടുന്നവര്‍, നീതി നിഷേധിക്കപ്പെടുന്നവര്‍ , ജീവിതത്തില്‍ നിന്നും തുടച്ചുമാറ്റപ്പെടുന്നവര്‍ - സംവിധായകനും തിരക്കഥാകൃത്തും  ഈ ജനതയ്ക്കൊപ്പം നിലയുറപ്പിക്കുന്നതുകൊണ്ടാണ്  ഒരു മസാലപ്പടത്തിന്റെ ചേരുവകള്‍ക്കിടയിലും എമ്പുരാന്റെ രാഷ്ട്രീയം ഇത്രയധികം പ്രസക്തമാവുന്നത്.

ഒരു കലയും പരിശുദ്ധമല്ല

'Art is not entertainment. At its very best, it's revolution (കല വിനോദമല്ല. അതിന്റെ ഉന്നതിയില്‍ അത് വിപ്ലവമാണ്.)''   2012 ല്‍ ന്യൂയോര്‍ക്കര്‍ മാസികയില്‍ എഴുതിയ ലേഖനം എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി അവസാനിപ്പിച്ചത് ഈ വാക്കുകളോടെയാണ്. സെന്‍സര്‍ഷിപ്പ് എന്ന തലക്കെട്ടിലുള്ള ലേഖനമായിരുന്നു അത്. സെന്‍സര്‍ഷിപ്പിന്റെ ഏറ്റവും ഭീകരമായ അവസ്ഥകള്‍ നേരിട്ട എഴുത്തുകാരന്‍ എന്ന നിലയില്‍ റുഷ്ദിയുടെ വാക്കുകള്‍ക്ക് സവിശേഷമായ പ്രസക്തി എന്നുമുണ്ട്. 1989 സെപ്റ്റംബര്‍ 14ന് ഇറാനിലെ ആത്മീയ നേതാവ് ആയത്തൊള്ള ഖൊമീനി പുറപ്പെടുവിച്ച ഫത്വയോടെ റുഷ്ദിയുടെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു. നീണ്ട പതിനൊന്ന് കൊല്ലത്തോളം റുഷ്ദിക്ക് പൊതുജീവിതം അന്യമായി. പിന്നീടങ്ങോട്ട് ജീവിതം തിരിച്ചുപിടിച്ചു എന്ന് കരുതിയിരിക്കവെയാണ് 2022 ഓഗസ്റ്റ് 12 ന് ന്യൂയോര്‍ക്കില്‍ ഒരു വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ റുഷ്ദി ആക്രമിക്കപ്പെട്ടത്. ഹാദി മാത്തര്‍ എന്ന 24 വയസ്സുള്ള ചെറുപ്പക്കാരനാണ് റുഷ്ദിയെ കുത്തിവീഴ്ത്തിയത്. ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ചയും ഒരു കൈയ്യിന്റെ ചലന ശേഷിയും നഷ്ടപ്പെട്ടു. പതിനഞ്ചോളം കുത്തുകളാണ് റുഷ്ദിയുടെ ശരീരത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്.

ഒരു കലയും പരിശുദ്ധമല്ലെന്നും പരിശുദ്ധമായത് കലയല്ലെന്നും പറഞ്ഞത് പ്രമുഖ ചിത്രകാരന്‍ പാബ്ലൊ പിക്കാസൊ ആണ്. കല പ്രകോപിപ്പിക്കണമെന്ന് പിക്കാസൊയെ ഉദ്ധരിച്ച് റുഷ്ദി എഴുതി. സാത്താന്റെ വചനങ്ങള്‍ മതമൗലിക വാദികളെ പ്രകോപിപ്പിച്ചു. പക്ഷേ, അന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ എടുത്ത നിലപാട് ഗംഭീരമെന്ന് മാത്രമേ വിശേഷിപ്പിക്കാനാവൂ. രാജ്ഞി കഴിഞ്ഞാല്‍ ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന വ്യക്തിയാണ് റുഷ്ദിയെന്നും അതുകൊണ്ടുതന്നെ റുഷ്ദിയുടെ സുരക്ഷയില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും സാധ്യമല്ലെന്നുമാണ് ബ്രിട്ടന്‍ നിലപാടെടത്തത്. താനിന്ന് ജീവനോടെയിരിക്കുന്നുണ്ടെങ്കില്‍ അത് ബ്രിട്ടീഷ് സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടല്‍ ഒന്നുകൊണ്ടു മാത്രമാണെന്ന് റുഷ്ദി പറഞ്ഞത് വെറുതെയല്ല.

ബിജെപി പാഴാക്കിയ സുവര്‍ണ്ണാവസരം

സെന്‍സര്‍ഷിപ്പ് സര്‍ഗാത്മകതയുടെ നേര്‍വിപരീതമാണെന്നും നമ്മള്‍ എന്ത് ചെയ്യാന്‍ ഉദ്ദേശിക്കുന്നുവോ അതില്‍ നിന്നും അത് നമ്മെ തടയുന്നുവെന്നുമുള്ള റുഷ്ദിയുടെ നിരീക്ഷണം സ്വന്തം ജീവതാനുഭവത്തിന്റെ വെളിച്ചത്തിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും ഗുജറാത്ത് കലാപത്തെക്കുറിച്ചുമുള്ള ബിബിസി ഡോക്യുമെന്ററിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ എടുത്ത നിലപാട് മറക്കാനാവില്ല. ബിബിസി ഓഫീസുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സികള്‍ റെയ്ഡ് ചെയ്യുന്ന കാഴ്ച ഒരു തരത്തിലും ഇന്ത്യന്‍ ജനാധിപത്യത്തിന് പ്രകാശം പകരുന്നതായിരുന്നില്ല.

എമ്പുരാന്റെ കാര്യത്തില്‍ പക്ഷേ, ഭരണകൂടവും ഭരണകക്ഷിയും കരുതലോടെയാണ് നീങ്ങിയത്. ചിത്രത്തിനെതിരേ ഒരിടത്തും പ്രതിഷേധ ജാഥകളുണ്ടായില്ല. തിയേറ്ററുകള്‍ക്ക് മുന്നില്‍ അടിപിടിയോ കല്ലേറോ സംഭവിച്ചില്ല. മോഹന്‍ലാലിന്റെയും പൃഥ്വിയുടെയും കോലങ്ങള്‍ കത്തിക്കാന്‍ ആരുമെത്തിയില്ല. പക്ഷേ, അണിയറയില്‍ ചെയ്യേണ്ടതെന്താണെന്ന് ചെയ്യേണ്ടവര്‍ക്കറിയാമായിരുന്നു. ആര്‍എസ്എസ്സിന്റെ ജിഹ്വയായ ഓര്‍ഗനൈസര്‍ എമ്പുരാനെതിരെ രൂക്ഷ വിമര്‍ശമുയര്‍ത്തി. സംഘപരിവാര്‍ സംഘടനകളുടെ നേതാക്കള്‍ പരസ്യമായി പ്രതികരിച്ചു. സിനിമയ്ക്ക് ആദ്യം ആശംസകള്‍ നേര്‍ന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ സിനിമ കാണില്ലെന്ന് പ്രഖ്യാപിച്ചു. ചരിത്രം വളച്ചൊടിക്കുന്ന സിനിമ എന്തിനാണ് കാണേണ്ടതെന്നാണ് അദ്ദേഹം ചോദിച്ചത്. സിനിമയെ വിമര്‍ശിക്കാനും കാണില്ലെന്ന് തീരുമാനിക്കാനും ഏതൊരു ഇന്ത്യന്‍ പൗരനുമന്നെതുപോലെ രാജീവ് ചന്ദ്രശേഖറിനും അവകാശമുണ്ട്.

കേരളത്തിന്റെ മതേതതര മധ്യവര്‍ഗ മനസ്സിനെ കൈയ്യിലെടുക്കാന്‍ പറ്റിയ ആള്‍ എന്ന ചിന്ത കൊണ്ടുകൂടിയായിരിക്കണം രാജിവ് ചന്ദ്ര ശേഖറിനെ ബിജെപി നേതൃത്വം മുന്നിലേക്ക് കൊണ്ടുവന്നത്. ശശി തരൂരിനെപ്പോലുള്ളവര്‍ വളര്‍ത്തിയെടുത്തിട്ടുള്ള ഒരു ഇടം കേരള രാഷ്ട്രീയത്തിലുണ്ട്. ഇ ശ്രീധരനെ പാലക്കാട്ടിറക്കിയപ്പോള്‍ ബിജെപി ലക്ഷ്യമിട്ടത് ആ ഇടമാണ്. തൃശ്ശൂരില്‍ സുരേഷ് ഗോപിയിലൂടെ ബിജെപി സ്വായത്തമാക്കിയതും ഇതേ ഇടമാണ്. കേരളത്തിലുടനീളം ഇത്തരമൊരു മുന്നേറ്റമുണ്ടാക്കാന്‍ ശശി തരൂരിനെപ്പോലൊരാളെ ബിജെപിക്ക് വേണമായിരുന്നു. തരൂര്‍ വരില്ല എന്നുറപ്പായപ്പോഴായിരിക്കണം ബിജെപി രാജീവിലേക്ക് തിരിഞ്ഞത്. ബിസിനസ്സുകാരായിരുന്ന ടി ടി കൃഷ്ണമാചാരിയും ഷണ്‍മുഖം ചെട്ടിയുമൊക്കെ ഇതിന് മുമ്പ് കേന്ദ്രത്തില്‍ മന്ത്രിമാരായിട്ടുണ്ട്. പക്ഷേ, ഒരു ബിസിനസ്സുകാരന്‍ ഇതാദ്യമായിട്ടായിരിക്കണം ബിജെപിയെപ്പോലെ ഒരു പ്രധാന പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ അദ്ധ്യക്ഷനാവുന്നത്. എന്തായാലും രാജീവ് ചന്ദ്രശേഖറിനും ബിജെപിക്കും കേരളത്തില്‍ വീണുകിട്ടിയ സുവര്‍ണ്ണാവസരമായിരുന്നു എമ്പുരാന്‍. ബിജെപി പഴയ ബിജെപിയല്ലെന്നും വിമര്‍ശനങ്ങളെ സമചിത്തതയോടെ കാണുന്ന പുതിയ ബിജെപിയാണെന്നും തെളിയിക്കാനുള്ള ഒന്നാന്തരം സുവര്‍ണ്ണാവസരം.  സിനിമ കാണുമെന്നും കണ്ടുകഴിഞ്ഞിട്ട് വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിമര്‍ശിക്കുമെന്നുമാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നതെങ്കില്‍ സിപിഎമ്മും കോണ്‍ഗ്രസും ആ നിമിഷം നിരായുധരാകുമായിരുന്നു. ഒരു സിനിമ കൊണ്ട് തകരുന്ന പാര്‍ട്ടിയല്ല ബിജെപിയെന്നും എമ്പുരാന്‍ എമ്പുരാന്റെ വഴിക്ക് പോകട്ടെയെന്നുമുള്ള ഒരൊറ്റ പ്രഖ്യാപനത്തില്‍ രാജീവ് ചന്ദ്രശേഖറിന്റെയും ബിജെപിയുടെയും മുഖച്ഛായ തന്നെ മാറിമറിയുമായിരുന്നു. പക്ഷേ, അതുണ്ടായില്ല. പകരം സംഘപരിവാറിലെ കടുംപിടിത്തക്കാര്‍ക്ക് മുന്നില്‍ കീഴടങ്ങുന്ന പാര്‍ട്ടി നേതൃത്വത്തെയാണ് കാണേണ്ടിവന്നത്.

സംസാരിച്ചു കഴിഞ്ഞാലും സ്വാതന്ത്ര്യം വേണം

2016 ജൂലായ് അഞ്ചിന് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച സുപ്രധാനമായൊരു വിധിയുണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളും ജസ്റ്റിസ് പുഷ്പ സത്യനാരായണയും അടങ്ങിയ ബെഞ്ചിന്റെ വിധി. അതിനും എട്ടു കൊല്ലം മുമ്പ് ഡെല്‍ഹി ഹൈക്കോടതിയില്‍ ജഡ്ജിയായിരിക്കെ ജസ്റ്റിസ് എസ് കെ കൗള്‍ പുറപ്പെടുവിച്ച മറ്റൊരു വിധിയും ഇതോടൊപ്പം ചേര്‍ത്തുവെയ്ക്കാവുന്നതാണ്. എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്റെ ' മാതൊരു ഭാഗന്‍ ' എന്ന  നോവലിനെതിരെ ഭരണകൂടവും മതമൗലിക വാദികളും എടുത്ത നിലപാടിനെതിരെയായിരുന്നു 2016 ലെ വിധി. എംഎഫ് ഹുസൈന്‍ എന്ന ചിത്രകാരന് അനുകൂലമായുള്ള വിധിയായിരുന്നു 2008 ലേത്. രണ്ട് കേസിലും ജസ്റ്റിസ് കൗള്‍ ഭരണകൂടത്തെ എഴുത്തുകാരുടെയും കലാകാരന്മാരുടെയും സ്വാതന്ത്ര്യം ഓര്‍മ്മിപ്പിച്ചു. എഴുത്തുകാരന്മാരെയും കലാകാരന്മാരെയുമാണ് ഭരണകൂടം സംരക്ഷിക്കേണ്ടതെന്നും അവരെ അക്രമിക്കുന്ന കലാപകാരികളെ കര്‍ശനമായി നേരിടണമെന്നും  പറഞ്ഞു.

സല്‍മാന്‍ റുഷ്ദിയെ ഉദ്ധരിച്ചുകൊണ്ടാണ് ജസ്റ്റിസ് കൗള്‍ അന്ന് പെരുമാള്‍ മുരുകന് അനുകൂലമായുള്ള വിധി എഴുതിയത്: '' പുസ്തകം നിങ്ങളെ പ്രകോപിപ്പിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കത് അടച്ചു വെയ്ക്കാം, വേണമെങ്കില്‍ വലിച്ചെറിയാം, മറ്റൊരു പുസ്തകമെഴുതാം'' എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന കൃതി എഴുതുക എന്നത് നടപ്പുള്ള കാര്യമല്ലെന്ന് ജസ്റ്റിസ് കൗള്‍ കൃത്യമായി ചൂണ്ടിക്കാട്ടി.'' ഗ്രന്ഥകാരനായ പെരുമാള്‍ മുരുകന്‍ പേടിയുടെ നിഴലില്‍ അല്ല ജിവിക്കേണ്ടത്. അദ്ദേഹത്തിന് എഴുതാന്‍ കഴിയണം. അദ്ദേഹം എഴുതുന്നതിനോടും എഴുത്തിന്റെ ശൈലിയോടും വിയോജിക്കുന്നവരുണ്ടാവും. എന്നാലും അദ്ദേഹത്തിന്റെ രചനകള്‍ സാഹിത്യത്തിനുള്ള സംഭാവനകളായിരിക്കും. അദ്ദേഹം ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെ! എന്നിട്ട് അദ്ദേഹത്തിന് ചെയ്യാവുന്ന ഏറ്റവും നല്ല പ്രവൃത്തിയില്‍ മുഴുകട്ടെ! അദ്ദേഹം എഴുതട്ടെ!''

2010 ജൂലായ് നാലിന് പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തില്‍ അന്നത്തെ ഇടതുപക്ഷ സര്‍ക്കാരിനുണ്ടായ വീഴ്ചയും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. പ്രൊഫസര്‍ ജോസഫിന്റെ ചോദ്യപേപ്പര്‍ വിവാദമായപ്പോള്‍ അദ്ദേഹത്തെ മഠയന്‍ എന്നാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി എംഎ ബേബി വിശേഷപ്പിച്ചത്. ഇടതുപക്ഷ അധ്യാപക സംഘടനയും തുടക്കത്തില്‍ ജോസഫിനെതിരെ നിലയുറപ്പിച്ചു. ലൗ ജിഹാദ് വിവാദമുയര്‍ത്തി പിന്നീട് ബഹളമുണ്ടാക്കിയ സഭാ നേതൃത്വവും അന്ന് പ്രൊഫസര്‍ ജോസഫിനെ പീഡിപ്പിക്കാന്‍ കൂട്ടുനിന്നു. ഭരണകൂടത്തിന്റെയും സഭയുടെയും ഈ വൃത്തികെട്ട നിലപാടുകളാണ് അന്ന് ഭീകര വാദികള്‍ക്ക് പ്രൊഫസര്‍ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റാനുള്ള ധൈര്യമേകിയത്. ആ ഭീകര പ്രവൃത്തിയാണ് കേരള സമൂഹത്തില്‍ മത സൗഹാര്‍ദ്ദം ശിഥിലമാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത്. അന്ന് ആ കൊടും കുറ്റകൃത്യത്തെ ശക്തിയുക്തം എതിര്‍ക്കുന്നതില്‍ മുസ്ലിം ലീഗുള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് സംഭവിച്ച വീഴ്ചയും എടുത്തുപറയുകതന്നെ വേണം.

സെന്‍സറിങ് കഴിഞ്ഞ് പുറത്തിറങ്ങുന്ന ഒരേയൊരു കലാരൂപമാണ് സിനിമ. സെന്‍സര്‍ബോര്‍ഡ് അനുമതി കൊടുത്ത ഒരു സിനിമയെ വീണ്ടും കീറിമുറിക്കുമ്പോള്‍ നിയമവാഴ്ചയുടെ അന്തഃസത്തയാണ് ചോദ്യം ചെയ്യപ്പെടുന്നത്. കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതുകൊണ്ട് എന്ത് പ്രശ്നമാണ് കേരളത്തിലുണ്ടായത്? നെല്ലും പതിരും വേര്‍തിരിച്ചറിയാന്‍ കേരളീയര്‍ക്ക് കൃത്യമായറിയാം. ശബരിമല പ്രശ്‌നം സുവര്‍ണ്ണാവസരമാണെന്ന് പറഞ്ഞവരോട് ആ കഞ്ഞി ഇവിടത്തെ അടുപ്പില്‍ വേവില്ലെന്ന് പറഞ്ഞവരാണ് മലയാളികള്‍. ക്രിസ്തുവിന്റെ അന്ത്യ പ്രലോഭനം എന്ന കസാന്‍ദ് സാക്കിസിന്റെ നോവലോ അതിനെ ഉപജീവിച്ച് പിഎം ആന്റണി എഴുതിയ ആറാം തിരുമുറിവോ ക്രൈസ്തവ സഭയെ വീഴ്ത്തിയിട്ടില്ല.

1958ല്‍ മോസ്‌കോയില്‍ വെച്ച് അന്നത്തെ കമ്മ്യൂണിസ്റ്റ് നേതാവ് ക്രൂഷ്ചേവുമായി നടത്തിയ സംഭാഷണം കെ ദാമോദരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ബാലെ കാണുന്നതിനിടയിലാണ് തന്റെ അടുത്തുള്ള കസേരയില്‍ ക്രൂഷ്ചേവ് വന്നിരിക്കുന്നത് ദാമോദരന്‍ കണ്ടത്. പാസ്റ്റര്‍നാക്കിന്റെ നോവല്‍ 'ഡോക്ടര്‍ ഷിവാഗൊ' സോവിയറ്റ് യൂണിയന്‍ നിരോധിച്ച സമയമായിരുന്നു അത്. വിപ്ലവം കഴിഞ്ഞ് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷവും സോവിയറ്റ് ഭരണകൂടം ഒരു നോവലിനെ പേടിക്കുന്നത് എന്തിനാണെന്നായിരുന്നു ദാമോദരന്റെ ചോദ്യം. നിരോധന തീരുമാനമെടുത്തത് റൈറ്റേഴ്സ് യൂണിയനാണെന്നും അവരോട് സംസാരിക്കുന്നതായിരിക്കും ഉചിതമെന്നും ക്രൂഷ്ചേവ് പറഞ്ഞു. വര്‍ധിച്ചുവരുന്ന മദ്യപാനത്തെക്കുറിച്ച് ക്രൂഷ്ചേവ് പരാമര്‍ശിച്ചപ്പോള്‍ മദ്യനിരോധനം പ്രായോഗികമാണോ എന്ന് ദാമോദരന്‍ ചോദിച്ചു. പ്രായോഗികമല്ലെന്നും വ്യാജ മദ്യം കൂടുതലായി നിര്‍മ്മിക്കപ്പെടാന്‍ വഴിയൊരുങ്ങുമെന്നും ക്രൂഷ്ചേവ് പറഞ്ഞു. അപ്പോള്‍ പുസ്തകങ്ങള്‍ നിരോധിച്ചാല്‍ അതിന്റെ അനധികൃത പതിപ്പുകള്‍ പുറത്തിറങ്ങില്ലേ എന്ന് ദാമോദരന്‍ ചോദിച്ചു. അതോടെ ക്രൂഷ്ചേവ് സംഭാഷണം നിര്‍ത്തിയിട്ട് നമുക്ക് ബാലെയില്‍ ശ്രദ്ധിക്കാം എന്ന് പറഞ്ഞു. 2012ല്‍ ടി പി ചന്ദ്രശേഖരനെ നിഷ്ഠൂരമായി വധിച്ചത് ഇതേ പരിസരത്ത് നിന്നാണ് കാണേണ്ടത്. വ്യത്യസ്ത വഴിയിലൂടെയുള്ള സഞ്ചാരം ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു അത്. പുസ്തകത്തെയും സിനിമയെയും ഇല്ലാതാക്കുന്നത് പോലെ മനുഷ്യനെ ഇല്ലാതാക്കുന്ന നടപടി. സല്‍മാന്‍ റുഷ്ദിയുടെ ' സാത്താന്റെ വചനങ്ങള്‍' നിരോധിക്കാന്‍ മുന്‍കൈ എടുത്തത് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു. വിമര്‍ശങ്ങള്‍ക്ക് മുന്നില്‍ ഒരു പാര്‍ട്ടിയുടെയും ചരിത്രം അത്രകണ്ട് പ്രസാദാത്മകമല്ല എന്നര്‍ത്ഥം.  ഇന്ത്യന്‍ ജനാധിപത്യം അതിന്റെ ആത്മാവ് വീണ്ടെടുക്കണെമെങ്കില്‍ വിമര്‍ശങ്ങള്‍ക്ക് ശേഷവും വിമര്‍ശിച്ചവര്‍ക്ക് ഇവിടെ സ്വതന്ത്രമായി ജീവിക്കാന്‍ കഴിയണം. ആ വെല്ലുവിളിയുമായി ഇന്ത്യ ഇപ്പോഴും മുഖാമുഖം നില്‍ക്കുകയാണെന്ന് തന്നെയാണ് എമ്പുരാന്റെ മേല്‍ വീഴുന്ന ഓരോ വെട്ടും നമ്മോട് പറയുന്നത്.

വഴിയില്‍ കേട്ടത് : മരുമകളെ നിലയ്ക്ക് നിര്‍ത്തണമെന്ന് നടി മല്ലിക സുകുമാരനോട് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. വ്യത്യസ്തമായ പാര്‍ട്ടിയുടെ വ്യത്യസ്തമായ സ്വരം !