ഒരു വീഴ്ചയും ശൂന്യതയിൽനിന്ന് ഉണ്ടാവുന്നില്ല. വീഴ്ചകൾക്ക് ഉത്തരവാദികളായവർക്ക് കൈകഴുകി അതേ സ്ഥാനങ്ങളിൽ തുടരാനായാൽ സ്ഥാപനങ്ങളിലും പ്രസ്ഥാനങ്ങളിലുമുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെടും. മുഖ്യമന്ത്രി വി.ഡി. സതീശനേയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും ഇക്കാര്യം ഓർമ്മിപ്പിക്കേണ്ടി വരുന്നത് തീർച്ചയായും ആഹ്ലാദകരമായ ഒന്നല്ല.

2015-ലെ ചെന്നൈ പ്രളയം മറക്കാനാവില്ല. പതിനായിരങ്ങളാണ് 11 കൊല്ലം മുമ്പ് ഡിസംബറിൽ മരണവുമായി മുഖാമുഖം നിന്നത്. വ്യക്തിപരമായി വലിയ നഷ്ടം ഈ ലേഖകനുണ്ടായി. പ്രളയത്തിന്റെ കെടുതികൾ ഒന്നടങ്ങിയപ്പോൾ മുൻ ഐഎഎസ് ഓഫീസർ എം.ജി. ദേവസഹായത്തെ വിളിച്ചു. അടിയന്തരാവസ്ഥയിൽ ജയപ്രകാശ് നാരായൺ ചണ്ഡീഗഡിൽ ജയിലിലായിരുന്നപ്പോൾ ആ ജയിലിന്റെ ചുമതല ദേവസഹായത്തിനായിരുന്നു. അന്ന് ഇന്ദിരാ ഭരണകൂടത്തിന്റെ ആജ്ഞകൾ ധിക്കരിച്ച് ജെ.പിയുടെ ആരോഗ്യപരിപാലനത്തിൽ നിഷ്‌കർഷ പുലർത്തിയ ഉദ്യോഗസ്ഥനാണ് ദേവസഹായം.
സിവിൽ സർവ്വീസിൽനിന്ന് പിരിഞ്ഞ ശേഷം മനുഷ്യാവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ സജീവം. ചെന്നൈ പ്രളയം മനുഷ്യ നിർമ്മിതമല്ലേ എന്ന് ചോദിച്ചപ്പോൾ ദേവസഹായം ക്ഷുഭിതനായി: ''നമ്മൾ രണ്ടു പേരും ചെന്നൈയിൽ ജീവിക്കുന്ന മനുഷ്യരാണ്. നമ്മളാണോ പ്രളയമുണ്ടാക്കിയത്? ഈ പ്രളയം സർക്കാർ നിർമ്മിതമാണ് എന്നുതന്നെ പറയണം. സർക്കാർ സംവിധാനത്തിന്റെ പരാജയമാണ് പ്രളയത്തിന് കാരണം.''
ചെന്നൈയ്ക്കടുത്ത് ചെമ്പരമ്പാക്കത്തുള്ള തടാകം രാത്രിക്കു രാത്രി തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമായത്. തുറന്നുവിട്ടതാണോ അതോ തടാകത്തിന്റെ ചില ഭാഗങ്ങൾ ഇടിഞ്ഞുതകർന്നതാണോ എന്ന കാര്യത്തിൽ ഇപ്പോഴും തർക്കമുണ്ട്. ചെന്നൈ പ്രളയം സർക്കാർ നിർമ്മിതമാണെന്ന് ദേവസഹായം പറഞ്ഞതിന്റെ മുഖ്യകാരണങ്ങൾ ഇതായിരുന്നു:
1. അതി തീവ്ര മഴയുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ഈ മുന്നറിയിപ്പ് തമിഴ്‌നാട് സർക്കാർ അവഗണിച്ചു. തടാകങ്ങളിൽനിന്നു കൃത്യസമയത്ത് വെള്ളം തുറന്നുവിട്ടില്ല. തടാകത്തിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുമ്പോൾ ഉള്ളിലേക്ക് വരുന്ന വെള്ളത്തിന്റെ ഇരട്ടി പുറത്തേക്ക് തുറന്നുവിടണം.
2. തടാകത്തിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടിവ് എഞ്ചിനീയർ എടുക്കേണ്ട തീരുമാനമാണിത്. പക്ഷേ, ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോൾ അധികാരമത്രയും അവരിൽ കേന്ദ്രീകരിക്കപ്പെട്ടു. തടാകത്തിലെ വെള്ളം തുറന്നുവിടാൻ അതുകൊണ്ടുതന്നെ എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് ധൈര്യമുണ്ടായില്ല. അദ്ദേഹം മുകളിലേക്ക് വിളിച്ചു. മുകളിൽനിന്നു മുകളിലേക്ക് വിളി പോയി. ഒടുവിൽ വിളി ചീഫ് സെക്രട്ടറിയുടെ അടുത്തെത്തി. ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് തീരുമാനമെടുത്തപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു.
2018-ലെ പ്രളയം
അന്ന് ജയലളിതയെ ഭയക്കാതെ സർക്കാർ വീഴ്ചയെക്കുറിച്ച് പരസ്യമായി പ്രതികരിക്കാൻ ദേവസഹായം മുന്നോട്ടുവന്നു. ഡിഎംകെ അധികാരത്തിൽ വന്നാൽ പ്രളയത്തിനുത്തരവാദികളെ ശിക്ഷിച്ചിരിക്കുമെന്നാണ് ആ ദിനങ്ങളിൽ നടത്തിയ പദയാത്രയ്‌ക്കൊടുവിൽ എം.കെ. സ്റ്റാലിൻ പറഞ്ഞത്. തൊട്ടടുത്ത വർഷം 2016-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ജയലളിതയുടെ നേതൃത്വത്തിൽ എഐഎഡിഎംകെ വിജയിച്ചു. അതോടെ ചെന്നെ പ്രളയം സർക്കാർ നിർമ്മിതമാണെന്ന ആരോപണത്തെക്കുറിച്ച് ഒരു തരത്തിലുള്ള അന്വേഷണവുമുണ്ടായില്ല. 2021-ൽ എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രിയായെങ്കിലും ചെന്നൈ പ്രളയം അപ്പോഴേക്കും ഭരണകൂടത്തിന്റെ മുൻഗണനാ വിഷയമല്ലാതായി മാറിക്കഴിഞ്ഞിരുന്നു.
2018-ൽ കേരളത്തിലുണ്ടായ പ്രളയം ഇതുപോലെ തന്നെ സർക്കാർ നിർമ്മിതമായിരുന്നു എന്ന വിലയിരുത്തലുകളുണ്ട്. ചെന്നെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ വിവിധ സർക്കാർ വിഭാഗങ്ങൾ ഒത്തൊരുമിച്ച് മുൻകരതുലുകൾ എടുത്തിരുന്നെങ്കിൽ കേരളത്തിലെ പ്രളയവും ഒഴിവാക്കാൻ ആവുമായിരുന്നുവെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഘോരമഴ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ പ്രവചിച്ചപ്പോൾ ഇടുക്കി അണക്കെട്ടിൽനിന്ന് യഥാസമയം വെള്ളം പുറത്തേക്ക് വിടണമായിരുന്നു.
അതുണ്ടായില്ല. ഫലമോ 99-ലെ വെള്ളപ്പൊക്കത്തേയും മറികടന്ന് പ്രളയജലം കേരളത്തിന്റെ വലിയൊരു ഭൂഭാഗത്തെ മുക്കിക്കളഞ്ഞു, നിരവധി മനുഷ്യ ജീവനുകൾ പൊലിഞ്ഞു. 2021-ൽ പിണറായി സർക്കാർ രണ്ടാം വട്ടവും അധികാരം പിടിച്ചതോടെ കേരളത്തിലെ പ്രളയവും ചരിത്രമായി. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾക്ക് ഉത്തരവാദികളായവർ ഒരു കൂസലുമില്ലാതെ അധികാരകേന്ദ്രങ്ങളിൽ തുടർന്നു.
വയനാട് ജില്ലാ ഭരണകൂടം
രണ്ട് കൊല്ലം മുമ്പ് വയനാട്ടിലുണ്ടായ വൻദുരന്തത്തിലും വഴിവിട്ട സർക്കാർ നയങ്ങളുടെ പ്രതിഫലനമുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണകാലം മുതലുള്ള പ്രകൃതി ചൂഷണങ്ങളുടെ ആകത്തുകയായിരുന്നു ഒരർത്ഥത്തിൽ വയനാട്ടിലെ ഉരുൾപൊട്ടലും മലയിടിച്ചിലും. ഗാഡ്ഗിലിനെപ്പോലുള്ളവരുടെ മുന്നറിയിപ്പുകൾ അവഗണിച്ചതിന്റെ ഫലം കൂടിയായിരുന്നു അത്. 2024 ജൂലായ് പത്തിനാണ് ഡി.ആർ. മേഘശ്രീ വയനാട് ജില്ലാ കലക്ടറായി ചുമതലയേറ്റത്. 20 ദിവസം കഴിഞ്ഞപ്പോൾ നാടിനെ നടുക്കിയ ദുരന്തമുണ്ടായി. അന്ന് കേരളം ഒന്നടങ്കം ആ പ്രതിസന്ധി തരണം ചെയ്യാൻ ജില്ലാ ഭരണകൂടത്തിനൊപ്പം ഉണ്ടായിരുന്നു.
രണ്ട് കൊല്ലത്തിനിപ്പുറം മറ്റൊരു ജൂലായിൽ വയനാട്ടിൽ മറ്റൊരു ദുരന്തമുണ്ടാവുമ്പോൾ ഭരണകൂടത്തിന് അതിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല. രണ്ട് കൊല്ലം മുമ്പ് പഠിച്ച പാഠങ്ങൾ എന്തുകൊണ്ട് ജില്ലാ ഭരണകൂടത്തെ ജാഗ്രതയോടെ ഉണർന്നിരിക്കാൻ പ്രേരിപ്പിച്ചില്ലെന്ന ചോദ്യം ചോദിക്കുക തന്നെ വേണം. തുരങ്കപാതയ്ക്കായി മാറ്റിയ മണ്ണ് കുന്നുകൂട്ടിയിട്ടിരിക്കുന്നത് മാറ്റണമെന്ന് ജൂൺ 20-ന് ജില്ലാ ഭരണകൂടം തുരങ്കപാത നിർമ്മാണ കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നു. വയനാടിന്റെ സവിശേഷ പശ്ചാത്തലത്തിൽ കാലവർഷക്കാലത്ത് ഇങ്ങനെ മണ്ണ് കൂട്ടിയിടുന്നതിലുള്ള അപകടം ജില്ലാ കലക്ടർക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. എന്നിട്ടും മണ്ണ് മാറ്റാൻ നടപടിയുണ്ടായില്ല.
തങ്ങൾ തുരന്നെടുത്ത മണ്ണ് ടാർപോളിൻ ഷീറ്റ് കൊണ്ട് പൊതിഞ്ഞ് സൂക്ഷിച്ചിട്ടുണ്ടെന്നും ആ മണ്ണ് ഒലിച്ചുപോയിട്ടില്ലെന്നുമാണ് കമ്പനി പറയുന്നത്. മലയിടിഞ്ഞാണ് ദുരന്തമുണ്ടായതെന്നും അതൊരു പ്രകൃതിദത്ത പ്രതിഭാസമാണെന്നും കമ്പനിയുടെ ന്യായീകരണമുണ്ട്. ടാർപൊളിൻ ഷീറ്റ് കൊണ്ട് പൊതിയാതിരുന്ന മൺകൂനകൾ ഒലിച്ചുപോയിട്ടുണ്ടെന്നും പ്രകൃതി മാത്രമല്ല സർക്കാരും കമ്പനിയും ഒരുപോലെ ഈ ദുരന്തത്തിന് ഉത്തരവാദികളാണെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
തുരങ്കപാതയുടെ ഭാവി
സ്വതവേ പരിസ്ഥിതി ദുർബ്ബലപ്രദേശമായ വയനാട്ടിൽ വലിയൊരു ദുരന്തത്തിനു ശേഷവും തുരങ്കപാതപോലൊരു നിർമ്മാണ പ്രവർത്തനത്തിന് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അകമഴിഞ്ഞ പിന്തുണ ലഭിച്ചത് ശ്രദ്ധേയമായിരുന്നു. വയനാട്ടുകാർ യാത്രാക്കുരുക്ക് നേരിടുന്നുണ്ടെന്നത് കടുത്ത യാഥാർത്ഥ്യമാണ്. ഒരു ഗൗരവമാർന്ന ആരോഗ്യപ്രശ്‌നം ഉണ്ടായാൽ വയനാട്ടുകാർക്ക് കോഴിക്കേട്ടേക്കോ കണ്ണൂർക്കോ മൈസൂരിലേക്കോ പായേണ്ടി വരും. അതുകൊണ്ടുതന്നെ യാത്രാപ്രതിസന്ധിക്ക് പരിഹാരം തുരങ്കമെങ്കിൽ തുരങ്കമെന്ന് നാട്ടുകാർ ചിന്തിച്ചാൽ അവരെ കുറ്റം പറയാനാവില്ല.
പക്ഷേ, നാട്ടുകാരുടെ വൈകാരികതയ്ക്കു പുറത്തല്ല കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ തീരുമാനങ്ങൾ വരേണ്ടത്. അതുകൊണ്ടുതന്നെ ഇത്രയും വേഗത്തിൽ തുരങ്ക നിർമ്മാണത്തിന് അനുമതി വരുമ്പോൾ അതിന് പിന്നിൽ ദുരൂഹതകളെന്തെങ്കിലുമുണ്ടോ എന്ന സംശയം സ്വാഭാവികമാണ്. അങ്ങ് വിഴിഞ്ഞം തുറമുഖത്തുനിന്നു വടക്കോട്ടുള്ള ചരക്കുനീക്കം സുഗമമാക്കാൻ വയനാട് തുരങ്കം നിർണ്ണായകമാണെന്ന റിപ്പോർട്ടുകൾ കാണാതിരിക്കേണ്ടതില്ല.
തുരങ്കപാതയുടെ നിർമ്മാണത്തിലും പരിസ്ഥിതി വകുപ്പിന്റെ അനുമതിയിലും ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കേരള സർക്കാർ വിദഗ്ദ്ധ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഭൗമ ശാസ്ത്രജ്ഞൻ ഡോ. സി.പി. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതിയുടെ പഠന റിപ്പോർട്ടിന്റെ വെളിച്ചത്തിലായിരിക്കണം പദ്ധതിയുമായി മുന്നോട്ടു പോകണോ വേണ്ടയോ എന്ന് സർക്കാർ തീരുമാനിക്കേണ്ടത്.
കുടിയേറ്റ തൊഴിലാളികളുടെ മരണം
പക്ഷേ, കള്ളാടി ദുരന്തത്തിൽ ജില്ലാ ഭരണകൂടത്തിന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദികളായവരോട് വിശദീകരണം ചോദിക്കാനും വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടി എടുക്കാനും വി.ഡി. സതീശൻ സർക്കാർ തയ്യാറാവണം. ഒന്നിനുമൊന്നിനും ഉത്തരവാദികളില്ലെന്ന അവസ്ഥയുണ്ടാവുന്നത് ജനാധിപത്യ വ്യവസ്ഥിതിയിൽ ഒരിക്കലും അംഗീകരിക്കാനാവില്ല. തുരങ്കപാതയുടെ കരാർ ഏറ്റെടുത്തിട്ടുള്ള കമ്പനിയുടെ വീഴ്ചകളും സർക്കാർ പരിശോധിക്കണം. ആരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാലും അതിന് ഉത്തരവാദികളായവർ മറുപടി പറയുക തന്നെ വേണം.
എട്ട് മനുഷ്യരാണ് കള്ളാടി ദുരന്തത്തിൽ മരിച്ചത്. മരിച്ചവർ മുഴുവൻ കേരളത്തിന് പുറത്തുനിന്ന് ഉള്ളവരാണെന്നത് ഒരു തരത്തിലും ദുരന്തത്തിന്റെ തീവ്രത കുറയ്ക്കുന്നില്ല. മരണമണി മുഴങ്ങുമ്പോൾ അതാർക്ക് വേണ്ടിയാണെന്ന് അന്വേഷിക്കരുതെന്നും അത് നിങ്ങൾക്ക് വേണ്ടിക്കൂടിയുള്ളതാണെന്നും പറഞ്ഞത് ആംഗലേയ കവി ജോൺ ഡൺ ആണ്.
കള്ളാടിയിൽ മരിച്ചവർ മനുഷ്യകുലത്തിലെ അംഗങ്ങളാണ്. അവരുടെ കുടുംബങ്ങൾ നമ്മുടെ കുടുംബങ്ങൾ തന്നെയാണ്. ഈ മനോഭാവത്തോടെയായിരിക്കണം ഈ വിഷയത്തിൽ സതീശൻ സർക്കാരും കേരളത്തിലെ ജനങ്ങളും മുന്നോട്ടു നീങ്ങേണ്ടത്.
എം.ആർ. അജിത് കുമാറും യുഡിഎഫ് സർക്കാരും
ഉത്തരവാദിത്വത്തെക്കുറിച്ച് പറയുമ്പോൾ എഡിജിപി എം.ആർ. അജിത്കുമാറിനെക്കുറിച്ചും പറയാതിരിക്കാനാവില്ല. വി.ഡി. സതീശൻ സർക്കാർ അധികാരത്തിൽ വരുന്നതിന് വഴിയൊരുക്കിയതിൽ അജിത് കുമാറിനും ചെറുതല്ലാത്ത പങ്കുണ്ട്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രയ്ക്കിടെ കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ തല്ലിച്ചതച്ച സംഭവം സിപിഎമ്മിനും ഇടതു മുന്നണിക്കും ഉണ്ടാക്കിയ നാണക്കേടും ക്ഷതവും മറക്കാനാവില്ല. സുരക്ഷാ ഉദ്യേഗസ്ഥരും സിപിഎം പ്രവർത്തകരും കോൺഗ്രസ്സുകാരെ തല്ലിച്ചതയ്ക്കുകയല്ല രക്ഷാപ്രവർത്തനം നടത്തുകയായിരുന്നുവെന്ന പിണറായിയുടെ പ്രസ്താവന പോലെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായ മറ്റൊരു പ്രസ്താവനയുണ്ടെന്ന് തോന്നുന്നില്ല.
ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ എത്ര വേഗത്തിലാണ് ജനവിരുദ്ധമാവുന്നതെന്നതിന് ഉത്തമോദാഹാരണമായിരുന്നു 'ജീവൻ രക്ഷാപ്രവർത്തനം.' ടെലിവിഷൻ ക്യാമറകൾക്ക് മുന്നിൽ നടന്ന ഈ അതിക്രമം സിപിഎം എത്ര കിണഞ്ഞു പരിശ്രമിച്ചിട്ടും വെളുപ്പിച്ചെടുക്കാനായില്ല. പിണറായി വിജയൻ സർക്കാർ ഈ കേസിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് പ്രതികൾക്ക് അനുകൂലമായിരുന്നു. പക്ഷേ, 2024 നവംബറിൽ ആലപ്പുഴ ജില്ലാ മജിസ്‌ട്രേറ്റ് ഈ റിപ്പോർട്ട് തള്ളിക്കളയുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
അന്വേഷണം അട്ടിമറിക്കുന്നതിന് പോലീസിന്റെ ഉന്നത തലങ്ങളിൽ ഇടപെടലുണ്ടായെന്ന ആരോപണം ഉയർന്നു. അന്ന് സംസ്ഥാന പോലിസിൽ ക്രമസമാധാനത്തിന്റെ ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത് കുമാറിന് നേർക്കാണ് ആരോപണത്തിന്റെ കുന്തമുന ഉയർന്നത്. പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ അജിത് കുമാർ ഇടപെട്ടുവെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിച്ചത്.
ജനവിരുദ്ധതയുടെ പ്രതീകം
എം.ആർ. അജിത് കുമാർ കേരള പോലിസിലെ വിവാദ പുരുഷനാണ്. തൃശ്ശൂർ പൂരം കലക്കാൻ കൂട്ടുനിന്നു എന്ന ആരോപണം അജിത് കുമാറിനെതിരെ ഉന്നയിച്ചവരിൽ സിപിഐ മന്ത്രിമാരുമുണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി ജയിക്കാനുള്ള കാരണങ്ങളിലൊന്ന് തൃശ്ശൂർ പൂരം കലങ്ങിയതായിരുന്നുവെന്ന് അന്നത്തെ കോൺഗ്രസ് സ്ഥാനാർത്ഥി കെ. മുരളീധരനും സിപിഐ സ്ഥാനാർത്ഥി സുനിൽകുമാറും ഒരു പോലെ കുറ്റപ്പെടുത്തിയിരുന്നു.
ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയെ കാണാൻ അജിത് കുമാർ പോയതിലും കോൺഗ്രസ് ദുരൂഹത ആരോപിച്ചിരുന്നു. സിപിഎമ്മിനൊപ്പമായിരുന്ന പി.വി. അൻവർ ഇടതു മുന്നണി വിടുന്നതിനുള്ള കാരണങ്ങളിലൊന്നും അജിത് കുമാറുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. അജിത് കുമാറിനും പിണറായി വിജയനുമെതിരെ രൂക്ഷവിമർശം ഉയർത്തിയാണ് അൻവർ ഇടതു മുന്നണി വിട്ടത്.
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം 'ജീവൻ രക്ഷാപ്രവർത്തനം' കോൺഗ്രസ് പ്രവർത്തകർക്കെതിരെയുള്ള അതിക്രമം മാത്രമായിരുന്നില്ല. പിണറായി സർക്കാരിന്റെ ജനവിരുദ്ധതയുടെ പ്രതീകമായാണ് ഇതിനെ കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടിയത്. ഈ അതിക്രമത്തിന് ഇരയായവരിൽ ഒരാളാണ് നിലവിൽ ആലപ്പുഴയിൽനിന്നുള്ള കോൺഗ്രസ് എംഎൽഎ എ.ഡി. തോമസ്. സ്വാഭാവികമായും ജീവൻ രക്ഷാപ്രവർത്തനത്തിലെ പ്രതികളോട് കോൺഗ്രസ് നേതാക്കൾക്ക് ഒരു തരത്തിലുള്ള മമതയും ഉണ്ടാവാനിടയില്ല.
ആണവയുദ്ധം അതിജീവിക്കുന്ന പാറ്റകൾ
സതീശൻ സർക്കാർ അധികാരമറ്റേ ശേഷം ആദ്യമെടുത്ത നടപടികളിലൊന്ന് ഈ കേസിനെക്കുറിച്ച് അന്വേഷിക്കാനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്്്‌ഐടി) നിയമനമായിരുന്നു. ഇക്കഴിഞ്ഞ ജൂൺ 23-ന് എസ്‌ഐടി അന്വേഷണ റിപ്പോർട്ട് ഡിജിപി രവത ചന്ദ്രശേഖറിന് കൈമാറി. പേക്ഷ, മൂന്നാഴ്ച പിന്നിട്ടിട്ടും ഡിജിപിയുടെ ഓഫീസിൽനിന്ന് റിപ്പോർട്ട് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കിട്ടിയിട്ടില്ല. റിപ്പോർട്ട് കിട്ടിക്കഴിഞ്ഞാൽ ആഭ്യന്തര വകുപ്പ് സെക്രട്ടറി നടപടി ശുപാർശ ചെയ്ത് ആഭ്യന്തര മന്ത്രിക്ക് കൈമാറും. അതായത് അജിത് കുമാറിനെതിരെ യുഡിഎഫ് സർക്കാർ അച്ചടക്ക നടപടി എടുക്കണമെങ്കിൽ റിപ്പോർട്ട് ഡിജിപി ഓഫീസിൽനിന്നു ചലിക്കണം.
കോൺഗ്രസിന് ഏറെ പ്രിയപ്പെട്ട കേസാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ കത്തിനിന്ന വിഷയമാണ്. എന്നിട്ടും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത് റിപ്പോർട്ടിനെക്കുറിച്ച് താൻ അന്വേഷിച്ചിട്ടില്ലെന്നും അത് നടപടി ക്രമങ്ങൾ പൂർത്തിയാക്കി തന്റെ അടുത്തെത്തുമെന്നുമാണ്. കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞത് അന്വേഷണ റിപ്പോർട്ടിന്മേൽ ഉചിത നടപടി ഉണ്ടാവുമെന്നാണ്. കെ.സി. പറയുക എന്ന് പറഞ്ഞാൽ കോൺഗ്രസ് ഹൈക്കമാന്റ് പറയുന്നതുപോലെയാണ്. എന്നിട്ടുമെന്നിട്ടും കോൺഗ്രസ് സർക്കാരിന്റെ ആഭ്യന്തര വകുപ്പിന് ഇങ്ങനെ ഒരു അമാന്തമുണ്ടാവണമെങ്കിൽ അതിന് വ്യക്തമായ കാരണമുണ്ടാവും.
കോൺഗ്രസിന്റെ തന്നെ അണിയറയിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ആഭ്യന്തര വകുപ്പ് അജിത് കുമാറിന് അനുകൂലമായി കളിക്കുകയാണെന്നാണ്. ഈ ജൂലായ് 31-ന് ഫയർ സർവ്വീസിൽനിന്ന് ഡിജിപി നിതിൻ അഗർവാൾ വിരമിക്കും. അപ്പോൾ ഡിജിപി സ്ഥാനത്തേക്ക് ഒരൊഴിവുണ്ടാവും. ആ പദവിയിലേക്ക് ഇപ്പോൾ എഡിജിപി ആയ അജിത് കുമാർ സ്ഥാനക്കയറ്റം പ്രതീക്ഷിക്കുന്നുണ്ട്. ഇപ്പോൾ എന്തെങ്കിലും തരത്തിലുള്ള അച്ചടക്ക നടപടിയുണ്ടായാൽ അജിത് കുമാറിന് ഡിജിപി പദവി കിട്ടാക്കനി ആയേക്കും.
തങ്ങളിലൊരാൾക്ക് ഒരു പ്രതിസന്ധി ഉണ്ടായാൽ ഒന്നിച്ചുനിൽക്കുന്ന ശീലം ഐഎഎസുകാർക്കും ഐപിഎസുകാർക്കും കൂടപ്പിറപ്പാണ്. ആണവയുദ്ധം പോലും അതിജീവിക്കുന്ന പാറ്റകളെപ്പോലെയാണ് ഉദ്യോഗസ്ഥർ എന്നൊരു ചൊല്ലുണ്ട്. പാറ്റകൾ ആണവയുദ്ധം അതിജീവിക്കില്ലെന്നും പറഞ്ഞു മെക്കിട്ടു കയറരുത്. ഇതൊരു ശൈലിയാണ്, പ്രയോഗമാണ്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്നു പറഞ്ഞാൽ അതൊരു ശൈലിയാണ്. അല്ലാതെ, അതിൽ ശാസ്ത്രമില്ലെന്നും പറഞ്ഞ് ഉടക്കാൻ വരരുത്.
ഹിറ്റ്‌ലർക്കു ശേഷം വന്ന ജർമ്മൻ ഭരണകൂടത്തെ സേവിച്ചത് ഹിറ്റ്‌ലറെ സേവിച്ച ഉദ്യോഗസ്ഥർ തന്നെയാണ്. 1977-ൽ ജനതാ സർക്കാരിനെ സേവിച്ച ഉദ്യോഗസ്ഥർ തന്നെയാണ് അതിന് മുമ്പ് അടിയന്തരാവസ്ഥയിൽ ഇന്ദിരാ ഭരണകൂടത്തിന് കൂട്ടുനിന്നത്. അപ്പോൾപിന്നെ അജിത് കുമാറിന് ഒരു പ്രശ്‌നമുണ്ടായാൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ഒപ്പം നിൽക്കുക സ്വാഭാവികമാണ്. ഡിജിപിയായി സ്ഥാനക്കയറ്റം കിട്ടക്കഴിഞ്ഞ ശേഷം അച്ചടക്ക നടപടി എടുത്തോട്ടെ എന്നാവും അവരുടെ നയം.
പോലീസിന്റെ ആത്മവീര്യം
പക്ഷേ, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന് ഇത്തരം നയം സ്വീകരിക്കാനാവില്ല. ഇടതു മുന്നണി സർക്കാരിന്റെ ജനവിരുദ്ധതയ്‌ക്കെതിരെയാണ് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്തത്. ആ സമ്മതിപത്രത്തിന്റെ ബലത്തിലാണ് സതീശൻ സർക്കാർ അധികാരത്തിൽ ഇരിക്കുന്നത്. അപ്പോൾപിന്നെ പിണറായി സർക്കാരിന്റെ ജനവിരുദ്ധ നടപടികളിൽ പങ്കാളികളായവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാൻ സതീശൻ സർക്കാർ ബാദ്ധ്യസ്ഥരാണ്.
കോൺഗ്രസ് പ്രവർത്തകരെ നിഷ്ഠൂരമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണം അട്ടിമറിക്കാൻ അജിത് കുമാർ ശ്രമിച്ചിട്ടുണ്ടെന്നതിന് തെളിവുകളുണ്ടെങ്കിൽ രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന ആഭ്യന്തര വകുപ്പ് നിയമം അനുശാസിക്കുന്ന നടപടികൾ സ്വീകരിക്കണം. പിണറായി സർക്കാരിന്റെ നയം തുടരാനാണെങ്കിൽ രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കേണ്ട കാര്യമുണ്ടോ? പോലീസുകാരുടെ ആത്മവീര്യം തകർക്കാനാവില്ലെന്ന് പറഞ്ഞ് കസ്റ്റഡി മരണങ്ങൾ വരെ ഇടതു സർക്കാർ ന്യായീകരിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് പി. രാജൻ എന്ന ചെറുപ്പക്കാരനെ നിർദ്ദയം വധിച്ച പോലീസുകാരെ കെ. കരുണാകരൻ ന്യായീകരിച്ചതും ഇതേ തൊടുന്യായം പറഞ്ഞിട്ടാണ്. ഇതിനൊക്കെ ഇവരെല്ലാവരും തന്നെ കൊടുക്കേണ്ടി വന്നിട്ടുള്ള രാഷ്ട്രീയവില വളരെ വലുതായിരുന്നു.
ഉത്തരവാദിത്വം ജീവിതത്തിലെന്നപോലെ രാഷ്ട്രീയത്തിലും ഭരണത്തിലും സുപ്രധാനമാണ്. കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരിനെതിരെ കോൺഗ്രസ് നിരന്തരം ഉന്നയിക്കുന്ന ആരോപണം ഉത്തരവാദിത്വമില്ലായ്മയാണ്. ഏറ്റവുമൊടുവിൽ നീറ്റിൽ സംഭവിച്ച ക്രമക്കേടുകൾക്കുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം പോലും പക്ഷേ, ബിജെപി സർക്കാർ അംഗീകരിച്ചിട്ടില്ല. ഒരു വീഴ്ചയും ശൂന്യതയിൽനിന്ന് ഉണ്ടാവുന്നില്ല. വീഴ്ചകൾക്ക് ഉത്തരവാദികൾ ആയവർക്ക് കൈകഴുകി അതേ സ്ഥാനങ്ങളിൽ തുടരാനായാൽ സ്ഥാപനങ്ങളിലും പ്രസ്ഥാനങ്ങളിലുമുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെടും. മുഖ്യമന്ത്രി വി.ഡി. സതീശനേയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും ഇക്കാര്യം ഓർമ്മിപ്പിക്കേണ്ടി വരുന്നത്് തീർച്ചയായും ആഹ്ലാദകരമായ ഒന്നല്ല.
വഴിയിൽ കേട്ടത്: പൗരത്വ കേസുകളിൽ ഗുവാഹതി ഹൈക്കോടതിയുടെ 27 വിധികൾ മാറ്റിവെച്ച് സുപ്രീം കോടതി. നിയമരൂപത്തിൽ പൊതിഞ്ഞിട്ടുണ്ടെന്ന ഒരേയൊരു കാരണത്താൽ ഏകപക്ഷീയമായി ഭരണകൂടം എടുക്കുന്ന നടപടികൾക്ക് നിയമത്തിന്റെ സംരക്ഷണമുണ്ടാവില്ലെന്നും സുപ്രീം കോടതി. യാന്ത്രികമായി ഒരാളെയും വിദേശി ആണെന്ന് പ്രഖ്യാപിക്കാൻ ആവില്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും. തുരങ്കത്തിന്റെ അങ്ങേ അറ്റത്ത് ഇപ്പോഴും വെളിച്ചത്തിന്റെ ചില തിരികളുണ്ടെന്ന് അറിയുന്നതിലുള്ള സന്തോഷം ഒന്നു വേറെ തന്നെയാണ്!
Content Highlights: Critical evaluation of government responsibility regarding natural disasters in Wayanad and Chennai., Investigation into police administrative delays and the role of ADGP M.R. Ajith Kumar., Analysis of the V.D. Satheesan-led government's stance on previous administration's controversies., The importance of transparency and accountability in democratic governance.
Published: 16 Jul 2026, 10:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented