കോഴിക്കോട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ചട്ടം മറികടന്ന് അസി. പ്രൊഫസർ നിയമനത്തിന് വിജ്ഞാപനമിറക്കി. 94 തസ്തികകളിലേക്കാണ് നിയമനം. 40 ആണ് വെറ്ററിനറി സർവകലാശാലയിൽ അധ്യാപക നിയമനത്തിനുള്ള പ്രായപരിധി. എന്നാൽ, വിജ്ഞാപനത്തിൽ 50 വയസ്സാണ് കാണിച്ചിരിക്കുന്നത്. വെറ്ററിനറി സർവകലാശാലയുടെ ചട്ടത്തിൽ ഭേദഗതിവരുത്താതെ ഇങ്ങനെ പ്രായപരിധി നിശ്ചയിച്ചത് നിയമപ്രശ്നങ്ങളുയർത്തും
2014-ൽ പ്രായ ഇളവ് നൽകി സർവകലാശാലയിൽ നിയമനം ലഭിച്ച ഏഴ് അസിസ്റ്റന്റ് പ്രൊഫസർമാർക്ക് ജോലി നഷ്ടമായിരുന്നു. സ്റ്റാറ്റ്യൂട്ടിലില്ലാത്തതാണ് പ്രധാനകാരണമായി അന്ന് നിയമനങ്ങൾ റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിത്. അതേ സാഹചര്യമാണ് വരാൻപോവുന്നത്. മുഴുവൻ നിയമനങ്ങളെയും ഇത് ബാധിക്കുമെന്ന ആശങ്കയുണ്ട്.
74 പുതിയ തസ്തികകളിലേക്കും സംവരണവിഭാഗത്തിൽപ്പെട്ട് നിയമനം നടക്കാതെപോയ 20 ബാക്ക് ലോഗ് തസ്തികളിലേക്കുമാണ് വിജ്ഞാപനമിറക്കിയിരിക്കുന്നത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് നിയമനം നടത്താനാണ് 2020-ലെ യു.ജി.സി. നിയമത്തിൽ പറയുന്നത്. എന്നാൽ, 2015-ൽ റിപ്പോർട്ട് ചെയ്യപ്പെട്ട് നിയമനം നടക്കാതെപോയ ഒഴിവുകൾവരെ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് നിയമവിരുദ്ധമാണെന്ന് വിലയിരുത്തപ്പെടുന്നു.
അധ്യാപകനിയമനത്തിന് ഈ വർഷം മൂന്നാമത്തെ തവണയാണ് സർവകലാശാല വിജ്ഞാപനമിറക്കുന്നത്. ഇല്ലാത്ത തസ്തികകളിലേക്ക് വിജ്ഞാപനമിറക്കി എന്ന ആരോപണം വന്നതോടെ ജനുവരിയിൽ 156 അധ്യാപക തസ്തികകളിലേക്കുള്ള നിയമനം സർവകലാശാല റദ്ദാക്കി. പിന്നീട് കഴിഞ്ഞ ഓഗസ്റ്റിൽ വീണ്ടും വിജ്ഞാപനമിറക്കിയെങ്കിലും പ്രായപരിധിയിലും സംവരണ റൊട്ടേഷൻ നിശ്ചയിച്ചതിലുമുൾപ്പെടെയുള്ള അപാകങ്ങൾ വാർത്തയായതോടെ അതും റദ്ദാക്കേണ്ടിവന്നു. അപാകം തിരുത്തി വീണ്ടും വിജ്ഞാപനമിറക്കാനാണ് വൈസ് ചാൻസലർ അന്ന് നിർദേശം നൽകിയത്. എന്നാൽ, ഒരുമാറ്റവും വരുത്താതെ അപാകങ്ങൾ അതേപോലെ നിലനിർത്തിയാണ് പുതിയ വിജ്ഞാപനം. ഡെയറി സയൻസിൽ 46 അധ്യാപകരെയാണ് നിയമിക്കുന്നത്. എന്നാൽ, മണ്ണുത്തി ഒഴികെ മറ്റൊരിടത്തും ഡെയറി പ്ലാന്റുപോലുമില്ലാത്ത അവസ്ഥയാണെന്നും അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാതെ എങ്ങനെയാണ് അധ്യാപകരെമാത്രം നിയമിച്ച് കോഴ്‌സ് മുന്നോട്ടുകൊണ്ടുപോവാൻ കഴിയുകയെന്നുമാണ് ഉയരുന്ന ചോദ്യം. മാത്രമല്ല, സർവകലാശാല ഒരുവർഷം ശരാശരി 40 കോടിരൂപ നഷ്ടത്തിലാണ്. ശന്പളവിതരണം എല്ലാമാസവും വൈകാറുണ്ട്. തിരക്കിട്ട് ഇത്രയും തസ്തികകളിലേക്ക് നിയമനം നടത്തുന്നത് സർവകലാശാലയുടെ സാന്പത്തികസ്ഥിതിയെ ബാധിക്കുമെന്നും വിമർശനമുണ്ട്.
Content Highlights: Kerala Veterinary and Animal Sciences University pookode, teachers appointment, volating norms
Published: 29 Dec 2024, 11:47 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented