ബെംഗളൂരു: ഇൻഫോസിസ് സയൻസ് ഫൗണ്ടേഷന്റെ ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാമ്പത്തികശാസ്ത്രം, എൻജിനീയറിങ് ആൻഡ് കമ്പ്യൂട്ടർ സയൻസ്, സാമൂഹികശാസ്ത്രം, ജീവശാസ്ത്രം, ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം എന്നീ ആറ് വിഭാഗങ്ങളിലായിട്ടാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

To advertise here,

സാമ്പത്തികശാസ്ത്ര വിഭാഗത്തിൽ പ്രിൻസ്റ്റൺ സർവകലാശാല അസോ. പ്രൊഫ. കാർത്തിക് ശാസ്ത്രി, എൻജിനീയറിങ് ആൻഡ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ കാർണേഗി മെല്ലൻ സർവകലാശാലയിലെ അസി. പ്രൊഫ. സ്വരൺ കുമാർ, സാമൂഹിക ശാസ്ത്രത്തിൽ ജിൻഡാൽ ഗ്ലോബൽ ലോ സ്കൂളിലെ പ്രൊഫ. ഗൗതം ഭാട്ട്യ, ജീവശാസ്ത്ര വിഭാഗത്തിൽ ഗ്ലാഡ്സ്റ്റൺ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇഷാ ജെയിൻ, ഗണിതശാസ്ത്ര വിഭാഗത്തിൽ ഇൻ്റർനാഷണൽ സെൻ്റർ ഫോർ തിയററ്റിക്കൽ സയൻസസ് ഓഫ് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ (ICTS-TIFR) അസോ. പ്രൊഫ. ഋദ്ധിപ്രതിം ബസു, ഭൗതികശാസ്ത്ര വിഭാഗത്തിൽ സിംഗപ്പൂർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് ഡിസൈനിലെ അസി. പ്രൊഫ. മനോജ് കുമാർ ജോഷി എന്നിവരാണ് പുരസ്കാര ജേതാക്കൾ.

ഒരു ലക്ഷം യു.എസ്. ഡോളറും (അല്ലെങ്കിൽ തത്തുല്യമായ ഇന്ത്യൻ രൂപ) സ്വർണമെഡലും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഇന്ത്യയിലുള്ള ജേതാക്കൾക്ക് ലഭിക്കുന്ന സമ്മാനത്തുകയ്ക്ക് നികുതിയുണ്ടാകില്ല.

പുരസ്കാര വിവരങ്ങളും മാനദണ്ഡങ്ങളും

40 വയസ്സിൽ താഴെയുള്ള യുവ ഗവേഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 2024 മുതലാണ് ഫൗണ്ടേഷൻ പുരസ്കാര മാനദണ്ഡങ്ങൾ പരിഷ്കരിച്ചത്.

ഇത്തവണ ആകെ 222 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ എൻജിനീയറിങ് ആൻഡ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചത്. പുരസ്കാരം ലഭിച്ച ഗവേഷകരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിക്ക് 31 വയസ്സാണ്. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായ വിദഗ്ധർ അടങ്ങുന്ന ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 

‘ഇതൊരു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡല്ല. മറിച്ച്, വിപുലമായ ഗവേഷണങ്ങളിലേക്കും നേട്ടങ്ങളിലേക്കും നിങ്ങളെ നയിക്കാനുള്ള പ്രചോദനമാണ് പുരസ്കാരം’-ജേതാക്കളെ അഭിനന്ദിച്ചുകൊണ്ട് ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ ട്രസ്റ്റി എൻ.ആർ. നാരായണ മൂർത്തി പ്രതികരിച്ചു. 

ജേതാക്കളും ഗവേഷണ നേട്ടങ്ങളും

സാമ്പത്തികശാസ്ത്രം: പ്രൊഫ. കാർത്തിക് ശാസ്ത്രി 

കാലാവസ്ഥാ വ്യതിയാനം, സാങ്കേതിക വികസനം, ബിസിനസ് സൈക്കിളുകളിലെ വ്യതിയാനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശകലനങ്ങൾ. സാങ്കേതിക നവീകരണത്തിലൂടെ സമൂഹം കാലാവസ്ഥാ വെല്ലുവിളികളെ എങ്ങനെ അതിജീവിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ഗവേഷണം വ്യക്തമാക്കുന്നു.

എൻജിനീയറിങ് ആൻഡ് കമ്പ്യൂട്ടർ സയൻസ്: പ്രൊഫ. സ്വരൺ കുമാർ 

കുറഞ്ഞ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന വയർലെസ് നെറ്റ്‌വർക്കുകളെ വിവരവിനിമയത്തിനപ്പുറം ഭൗതിക ചുറ്റുപാടുകൾ മനസ്സിലാക്കാനും റോബോട്ടിക് നിയന്ത്രണങ്ങൾക്കുമായി ഉപയോഗിക്കാമെന്ന് തെളിയിച്ചു.

സാമൂഹികശാസ്ത്രം: പ്രൊഫ. ഗൗതം ഭാട്ട്യ

നിയമത്തെ സോഷ്യോളജി, പൊളിറ്റിക്കൽ തിയറി, മോറൽ ഫിലോസഫി എന്നിവയുമായി ബന്ധിപ്പിച്ചുള്ള പഠനങ്ങൾ. നീതിയും സമത്വവുമുള്ള ഒരു സമൂഹനിർമ്മിതിക്കായി നിയമത്തെ ഒരു ഉപാധിയാക്കുന്ന പഠനങ്ങളിലൂടെ അഞ്ച് പുസ്തകങ്ങളും നിരവധിലേഖനങ്ങളും രചിച്ചിട്ടുണ്ട്. 

ജീവശാസ്ത്രം: പ്രൊഫ. ഇഷാ ജെയിൻ

ഓക്സിജൻ ബയോളജിയിലെ നിർണ്ണായക കണ്ടെത്തലുകൾ. ചില മൈറ്റോകോൺഡ്രിയൽ രോഗങ്ങളിൽ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് ഊർജ്ജക്കുറവ് മൂലമല്ല, മറിച്ച് അമിതമായ ഓക്സിജൻ്റെ സാന്നിധ്യം മൂലമാണെന്ന് കണ്ടെത്തി. ഇത് മരുന്ന് ചികിത്സാരീതികളിൽ പുതിയ വഴിത്തിരിവായി.

ഗണിതശാസ്ത്രം: പ്രൊഫ. ഋദ്ധിപ്രതിം ബസു 

പ്രൊബബിലിറ്റി തിയറിയിലും സ്റ്റാറ്റിസ്റ്റിക്കൽ ഫിസിക്സിലുമുള്ള മികച്ച ഗവേഷണങ്ങൾ. കാലങ്ങളായി നിലനിന്നിരുന്ന ‘സ്ലോ-ബോണ്ട് പ്രോബ്ലം’ പരിഹരിക്കാനും പെർക്കൊലേഷൻ മോഡലുകളിലെ തടസ്സങ്ങൾ നീക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

ഭൗതികശാസ്ത്രം: പ്രൊഫ. മനോജ് കുമാർ ജോഷി

ട്രാപ്പ്ഡ് അയോണുകൾ ഉപയോഗിച്ച് പ്രോഗ്രാമബിൾ ക്വാണ്ടം മെഷീനുകൾ നിർമ്മിച്ച പരീക്ഷണങ്ങൾ. കെമിസ്ട്രിയിലും മെറ്റീരിയൽ സയൻസിലും വലിയ മാറ്റങ്ങൾക്ക് വഴിവെക്കുന്ന ക്വാണ്ടം സിമുലേഷനുകൾ പ്രായോഗിക തലത്തിലെത്തിക്കാൻ അദ്ദേഹത്തിന്റെ ഗവേഷണം സഹായിക്കുന്നു.