
പ്രതീകാത്മക ചിത്രം.|Photo: Geimini AI
മലയാളികൾക്ക് അത്ര പരിചയമില്ലാത്ത സാഹസിക വിനോദമായ പായ്‌വഞ്ചി യാത്ര സർക്കാരിനു കീഴിൽ പരിശീലിക്കാം. ഇതിനായി അക്കാദമി സ്ഥാപിക്കാൻ വഴി തെളിയുന്നു. തീരമേഖലയിൽ കൂടുതൽ തൊഴിലുറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ഫിഷറീസ്, ടൂറിസം വകുപ്പുകളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക.
സംസ്ഥാനത്തിന്റെ വിശാലമായ തീരമേഖലയും ഉൾനാടൻ ജലാശയങ്ങളും പായ്‌വഞ്ചി സഞ്ചാരത്തിന് അനുയോജ്യമാണ്. ഈ സാധ്യതകൾ പരിഗണിച്ചാണ് പുതിയ നീക്കം. ഇതിന്റെ വിശദ പദ്ധതി രേഖ (ഡിപിആർ) ഫിഷറീസ് വകുപ്പ് ഉടൻ സർക്കാരിനു നൽകും. കൂടുതൽ സാധ്യതാപഠനം നടത്തിയിട്ടായിരിക്കും തുടർനടപടി.
നദികൾ കേന്ദ്രീകരിച്ചുള്ള സാഹസിക ടൂറിസം സർക്യൂട്ടിൽ പായ്‌വഞ്ചി പരിശീലനം ഉൾപ്പെടുത്തുന്നതും പരിഗണിക്കും. ആലപ്പുഴ, എറണാകുളം, കൊല്ലം, കണ്ണൂർ, കോഴിക്കോട് തുടങ്ങിയ ജില്ലകൾ കേന്ദ്രീകരിച്ചായിരിക്കും പരിശീലനം. കായലിലും കടലിലും ഒരേസമയം സാഹസിക ടൂറിസത്തിന്റെ കാഴ്ചകളും അനുഭവവുമൊരുക്കാൻ ഇതുവഴി കഴിയും.
റാഫ്റ്റിങ്, കയാക്കിങ് എന്നിവയ്ക്ക് സാധ്യതകളുള്ള ജലാശയങ്ങൾ സംസ്ഥാനത്തുണ്ട്. പരിശീലനത്തിനാവശ്യമായ ഇടങ്ങളിൽ അടിസ്ഥാന സൗകര്യമൊരുക്കും. പരിശീലനം ലഭിച്ചവർക്ക് സർക്കാർ സഹായത്തോടെ പായ്‌വഞ്ചി നൽകി വരുമാനം ഉറപ്പാക്കും. മികച്ച പരിശീലനത്തിന് വിദേശ രാജ്യങ്ങളുടെ സഹായവും തേടും.
മത്സ്യമേഖലയിലെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ഗൾഫ് സന്ദർശനത്തിനു ശേഷം ഫിഷറീസ് മന്ത്രി സജി ചെറിയാനാണ് പുതിയ ആശയം മുന്നോട്ടുവെച്ചത്.
സാഹസികത ഇഷ്ടപ്പെടുന്നവരാണ് വിനോദ സഞ്ചാരികളേറെയും. അവർക്ക് മികച്ച അവസരങ്ങളും സൗകര്യങ്ങളുമൊരുക്കിയാൽ പല മേഖലയിലും നേട്ടമുണ്ടാക്കാനാകുമെന്ന് വിനോദസഞ്ചാര വകുപ്പിന്റെ പഠന റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഉത്തര മലബാറിൽ പുരോഗമിക്കുന്ന റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുമായി സാഹസിക ടൂറിസത്തെ കൂടി ബന്ധിപ്പിക്കാനായാൽ ഇവിടേക്ക് ഏറെ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.
Content Highlights: Learn sailing, a thrilling adventure sport. Kerala`s coasts & backwaters ideal for this. New academy planned by Fisheries & Tourism Depts.
Published: 13 Nov 2025, 01:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented