മിയാമി ഡേഡ് കോളേജിലെ എഞ്ചിനീയറിങ് ക്ലാസ്സിലേക്ക് 18-കാരൻ നടന്നു കയറിയപ്പോൾ അവിടെ ഇരുന്നിരുന്ന മിക്ക വിദ്യാർഥികൾക്കും അത് തങ്ങളുടെ കൂട്ടുകാരൻ ആണെന്നേ തോന്നിയുള്ളൂ. എന്നാൽ കംപ്യൂട്ടിങ് പ്രോഗ്രാമിംഗിലെ സങ്കീർണമായ പാഠങ്ങൾ നെയ്ഥൻ തോമസ് അതിവേഗം വിശദീകരിച്ചു തുടങ്ങിയപ്പോൾ വിദ്യാർഥികൾ അത്ഭുതപ്പെട്ടു. തന്റെ അതേ പ്രായത്തിലുള്ളവരെ പഠിപ്പിച്ചുകൊണ്ട് അമേരിക്കൻ യുവാവ് സ്വന്തമാക്കിയത് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ പ്രൊഫസർ എന്ന ഗിന്നസ് ലോക റെക്കോർഡാണ്.
തിരുത്തപ്പെട്ടത് മുന്നൂറ് വർഷത്തെ ചരിത്രം
18 വയസ്സും 346 ദിവസവും പ്രായമുള്ളപ്പോഴാണ് നെയ്ഥൻ ഔദ്യോഗികമായി പ്രൊഫസറായി ചുമതലയേറ്റത്. 1746-ൽ അന്തരിച്ച കോളിൻ മക്ലോറിൻ എന്ന 19-കാരൻ സ്ഥാപിച്ച 306 വർഷം പഴക്കമുള്ള റെക്കോർഡാണ് നെയ്ഥൻ തിരുത്തിക്കുറിച്ചത്. ഇതോടൊപ്പം 2008-ൽ ആലിയ സബൂർ സ്ഥാപിച്ച ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രൊഫസർ എന്ന റെക്കോർഡിനേക്കാളും 16 ദിവസം കുറഞ്ഞ പ്രായത്തിലാണ് വൃത്യസ്തമായ നേട്ടം നഥാൻ കൈവരിച്ചത്.
പത്താം വയസ്സിലെ കോളേജ് പഠനം
നെയ്ഥന്റെ വിദ്യാഭ്യാസ യാത്രയുടെ ടൈംലൈനും അൽപം വ്യത്യസ്തമാണ്. പത്താം വയസ്സിൽ കോളേജ് കോഴ്‌സുകളിൽ ചേർന്ന നെയ്ഥൻ, പതിനാലാം വയസ്സിൽ ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയിലേക്ക് മാറി. സാധാരണ കുട്ടികൾ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന 18-ാം വയസ്സിൽ, ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ് ബിരുദങ്ങൾ കരസ്ഥമാക്കിയിരുന്നു.
ഗണിതശാസ്ത്രത്തോടുള്ള പ്രത്യേക താല്പര്യമാണ് തന്നെ ഈ മേഖലയിലേക്ക് എത്തിച്ചതെന്ന് ഗിന്നസ് ലോക റെക്കോഡ് നെയ്ഥൻ അധികൃതരോട് പ്രതികരിച്ചു. എഞ്ചിനീയർമാരായ മാതാപിതാക്കളുടെ സ്വാധീനവും പിന്നിലുണ്ട്. സങ്കീർണ്ണമായ കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കാനുള്ള അമ്മയുടെ ശൈലിയാണ് തന്റെ അധ്യാപന രീതിയെ സ്വാധീനിച്ചതെന്നും നെയ്ഥൻ ഓർക്കുന്നു.
അധ്യാപനവും കാഴ്ചപ്പാടും
"ഒരു ക്ലാസ് മുറിയിൽ എല്ലാവരും എത്തുന്നത് ഒരേ ലക്ഷ്യത്തിനാണ്, അത് പഠിക്കുക എന്നതാണ്. അവിടെ പ്രായത്തിന് പ്രസക്തിയില്ല," -എന്നതാണ് നെയ്ഥന്റെ പക്ഷം. ഒരു സങ്കീർണ്ണമായ കാര്യം വിദ്യാർഥിക്ക് മനസ്സിലാകുമ്പോൾ അവരുടെ മുഖത്തുണ്ടാകുന്ന മാറ്റം കാണുന്നതാണ് തനിക്ക് ഏറ്റവും വലിയ സംതൃപ്തി നൽകുന്നതെന്നും പറയുന്നു. മറ്റൊരാളെ പഠിപ്പിക്കുന്നത് വഴി തനിക്കും കൂടുതൽ കാര്യങ്ങൾ പഠിക്കാൻ സാധിക്കുന്നുണ്ടെന്ന് യുവ പ്രൊഫസർ വിശ്വസിക്കുന്നു.
പഠനം നിർത്താൻ നെയ്ഥൻ തയ്യാറല്ല. നിലവിൽ യൂണിവേഴ്‌സിറ്റി ഓഫ് മിയാമി സ്കൂൾ ഓഫ് ലോയിൽ നിയമപഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. 2028-ൽ ബിരുദം പൂർത്തിയാക്കും. സ്വത്തവകാശ നിയമ മേഖലയിൽ പ്രവർത്തിക്കാനാണ് നെയ്ഥന്റെ ആഗ്രഹം.
പഠനത്തിന് പുറമെ ബാസ്‌ക്കറ്റ്‌ബോൾ, ടെന്നീസ് തുടങ്ങിയ കായിക വിനോദങ്ങളിലും നെയ്ഥൻ സജീവമാണ്. "ഓരോരുത്തരുടെയും പാതകൾ വ്യത്യസ്തമാണ്. മറ്റുള്ളവരുടെ സമയക്രമവുമായി നമ്മളെ താരതമ്യം ചെയ്യേണ്ടതില്ല. സ്വന്തം ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുക," നെയ്ഥൻ തോമസ് പുതുതലമുറയോട് പങ്കുവെക്കുന്ന സന്ദേശം ഇതാണ്.
Content Highlights: At just 18 years old, Nathan Thomas broke a 306-year-old record to become the world’s youngest male professor, teaching engineering and computing programming at Miami Dade College while simultaneously pursuing a law degree.
Published: 04 Aug 2026, 01:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented