തൃശ്ശൂർ: ജൂലായ് 31-ന് കാലാവധി അവസാനിക്കുന്ന പി.എസ്.സി. ലോവർ ഡിവിഷൻ ക്ലാർക്ക് (വിവിധം) റാങ്ക് പട്ടികയിൽനിന്ന് നിയമന ശുപാർശ ലഭിച്ചത് 41 ശതമാനം പേർക്ക് മാത്രം. അഞ്ചുമാസം മാത്രം കാലാവധി ബാക്കിയിരിക്കേ 9659 പേർക്കാണ് നിയമന ശുപാർശ കിട്ടിയത്. കഴിഞ്ഞപട്ടികയിൽ നിന്ന് 12069 പേർക്കാണ് നിയമനം ലഭിച്ചത്.

To advertise here,

2022 ഓഗസ്റ്റിൽ നിലവിൽവന്ന റാങ്ക് പട്ടികയിൽ 23,521 ഉദ്യോഗാർഥികളാണുൾപ്പെട്ടിട്ടുള്ളത്. മുൻവർഷങ്ങളെ അപേക്ഷിച്ച് പട്ടിക ചുരുക്കിയതുമൂലമാണ് നിയമന ശതമാനം 41 എങ്കിലുമായതെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്. വയനാട് ആണ് കൂടുതൽ നിയമനം നടന്നിട്ടുള്ളത് - 49 ശതമാനം. ഏറ്റവും കുറവ് കാസർകോടും- 28 ശതമാനം മാത്രം.

ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ താത്കാലിക നിയമനങ്ങൾ ഇഷ്ടംപോലെ തുടരുന്നതായി ഉദ്യോഗാർഥികൾ പരാതിപ്പെടുന്നു. പ്രായപരിധി കാരണം ഇനിയൊരു പരീക്ഷയെഴുതാൻ പറ്റാത്ത ഒട്ടേറെ ഉദ്യോഗാർഥികളും പട്ടികയിലുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലനിന്ന കാലയളവിൽ പട്ടികയിൽനിന്ന് നിയമനങ്ങളൊന്നും നടന്നിട്ടില്ല. ഇതുപരിഗണിച്ച് പട്ടികയുടെ കാലാവധി നീട്ടിനൽകണമെന്നും ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു.