മലപ്പുറം: സാധാരണഗതിയിൽ പിഎസ്സിയുടെ നിയമന ഉത്തരവ് ഒരു വലിയ ആഹ്ലാദവാർത്തയാണ്. എന്നാൽ മലപ്പുറം കാളികാവ് സ്വദേശി അബ്ദുൽ മജീദിന് ലഭിച്ച ഉത്തരവ് സന്തോഷത്തേക്കാളേറെ അമ്പരപ്പും സങ്കടവുമാണ് നൽകുന്നത്. ജോലിയിൽ പ്രവേശിക്കേണ്ട പ്രായമെല്ലാം കഴിഞ്ഞ് 61-ാം വയസ്സിലാണ് മജീദിനെ തേടി പിഎസ്സിയുടെ അഡ്വൈസ് മെമ്മോ എത്തിയിരിക്കുന്നത്.
കാത്തിരിപ്പ് 21 വർഷം
2005-ൽ എഴുതിയ പരീക്ഷയുടെ അഡ്വൈസ് മെമ്മോയാണ് 21 വർഷങ്ങൾക്ക് ശേഷം അബ്ദുൽ മജീദിനെ തേടിയെത്തിയത്. കാറ്റഗറി നമ്പർ 229/2005 പ്രകാരം പാർട്ട് ടൈം ജൂനിയർ അറബിക് ടീച്ചർ തസ്തികയിലേക്കാണ് 2005-ൽ അദ്ദേഹം പരീക്ഷ എഴുതിയത്. മൂന്ന് വർഷത്തെ കാലാവധിക്ക് ശേഷം 2008-ൽ ഈ റാങ്ക് ലിസ്റ്റ് റദ്ദായിരുന്നു. സാധാരണയായി റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞാൽ അതിലുൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷകളും അവസാനിക്കാറാണ് പതിവ്. എന്നാൽ ഇവിടെ സംഭവിച്ചത് വ്യത്യസ്തമായിരുന്നു. ഉദ്യോഗാർത്ഥികളുടെ അഭാവം മൂലം മുൻപ് മാറ്റിവെച്ചിരുന്ന ഒഴിവിലേക്ക് വർഷങ്ങൾക്കിപ്പുറം നിയമന നടപടിയായപ്പോൾ അപ്രതീക്ഷിതമായി മജീദിന് നിയമന ഉത്തരവ് ലഭിക്കുകയായിരുന്നു.
വൈകിയെത്തിയ ഭാഗ്യം തിരിച്ചടിയായി
2026 ഏപ്രിൽ 24-നാണ് അബ്ദുൽ മജീദിന് അഡ്വൈസ് മെമ്മോ അയക്കുന്നത്. എന്നാൽ ഔദ്യോഗിക രേഖകൾ പ്രകാരം 2026 മെയ് 27-ന് അദ്ദേഹത്തിന് 60 വയസ്സ് തികഞ്ഞു. പിഎസ്സി നിയമനം മനപ്പൂർവ്വം വൈകിപ്പിച്ചുവെന്നാണ് മജീദിന്റെ പരാതി. "തസ്തിക നികത്താതെ 18 വർഷമാണ് നിയമനം നീട്ടിക്കൊണ്ടുപോയത്. നീട്ടി വെച്ച് നീട്ടി വെച്ച് എന്റെ ജോലി സാധ്യത അവർ നഷ്ടപ്പെടുത്തി. 60 വയസ്സായ എനിക്ക് ഇനി ജോലി ലഭിക്കാൻ സാധ്യതയില്ലല്ലോ" എന്ന് അദ്ദേഹം സങ്കടത്തോടെ പറയുന്നു.
ഒടുവിലത്തെ പ്രതീക്ഷ
എസ്എസ്എൽസി ബുക്കിലെ രേഖപ്രകാരം 1966 മെയ് 27 ആണ് അബ്ദുൽ മജീദിന്റെ ജനന തീയതി. എന്നാൽ തന്റെ യഥാർത്ഥ ജനന തീയതി 1967 മെയ് 27 ആണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഈ പിഴവ് തിരുത്തിക്കിട്ടിയാൽ കുറഞ്ഞത് ഒരു വർഷമെങ്കിലും ജോലി ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ഇതിനായി വിദ്യാഭ്യാസ മന്ത്രിക്കും അഡ്വക്കേറ്റ് എൻ. ഷംസുദ്ദീനും നിവേദനം നൽകി കാത്തിരിക്കുകയാണ് അബ്ദുൽ മജീദ്.
Content Highlights: In a bizarre incident, 61-year-old Abdul Majeed from Malappuram received a Kerala PSC appointment order for an Arabic Teacher exam he wrote 21 years ago in 2005, leaving him stranded past the official retirement age.
Published: 30 May 2026, 06:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented