കണ്ണൂര്‍: ലോക്ഡൗണ്‍ നിലനില്‍ക്കെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അധ്യാപക നിയമനത്തിന് സ്‌കൈപ്പ് വഴി അഭിമുഖം നടത്തുന്നു. വിവിധ പഠനവകുപ്പുകളില്‍ അനുവദിച്ച അസോസിയേറ്റ് പ്രൊഫസര്‍മാരുടെ തസ്തികയിലേക്കുള്ള അഭിമുഖമാണ് സ്‌കൈപ്പ് വഴി നടത്തുന്നത്. ഏപ്രില്‍ 27, 28 തിയ്യതികളിലായി രണ്ട് പഠനവകുപ്പുകളിലേക്കാണ് ഓണ്‍ലൈന്‍ അഭിമുഖം നടക്കുക.
സ്റ്റാറ്റിസ്റ്റിക്സ്, കണക്ക് വിഭാഗങ്ങളിലെ ഓരോ തസ്തികയിലേക്കുള്ള നിയമനത്തിനാണ് അഭിമുഖം. മുപ്പതോളം പഠനവകുപ്പുകളിലാണ് സ്ഥിരം അധ്യാപക തസ്തിക അനുവദിച്ചിട്ടുള്ളത്. ഇതില്‍ രണ്ട് പഠനവകുപ്പുകളിലെ നിയമന നടപടികള്‍ ലോക്ഡൗണിന് മുമ്പുതന്നെ നടന്നിരുന്നു. ലോക്ഡൗണ്‍ കാരണം മറ്റ് വകുപ്പുകളിലെ നിയമനനടപടികള്‍ നിലച്ചു. ഇപ്പോഴത്തെ നിലയില്‍ മേയ് മൂന്നിന് ലോക്ഡൗണ്‍ തീരുമെന്നതിനാലും സര്‍വകലാശാലാ പഠനവകുപ്പുകള്‍ തുറക്കാന്‍ വൈകുമെന്നതിനാലും ഇപ്പോള്‍ തിടുക്കപ്പെട്ട് അഭിമുഖം നടത്തുന്നതെന്തിനെന്ന ചോദ്യമുയര്‍ന്നിട്ടുണ്ട്.
ഉദ്യോഗാര്‍ഥികളും വൈസ്ചാന്‍സലറുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയും അവരവരുടെ താമസസ്ഥലത്തിരുന്ന് സ്‌കൈപ്പിലൂടെ അഭിമുഖം നടത്തുമെന്നാണ് പറയുന്നത്. ചാന്‍സലറുടെ പ്രതിനിധി, മൂന്ന് വിഷയവിദഗ്ധര്‍, വകുപ്പ് തലവന്‍ എന്നിവരാണ് സെലക്ഷന്‍ സമിതിയിലുള്ളത്. ഏപ്രില്‍ 21-നാണ് ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തിനുള്ള അറിയിപ്പ് നല്‍കിയത്.
സ്‌കൈപ്പില്‍ അഭിമുഖം നടക്കുമ്പോള്‍ ലൈനില്‍ എന്തെങ്കിലും തകരാറുണ്ടായാല്‍ സര്‍വകലാശാലയ്ക്ക് ഉത്തരവാദിത്വമുണ്ടാകില്ല, പിന്നീടൊരവസരം നല്‍കില്ല എന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച ശേഷം മാത്രമായിരിക്കുമെന്നും അറിയിപ്പുണ്ട്. നേരിട്ടല്ലാതെയുള്ള അഭിമുഖം ക്രമക്കേടിന് കാരണമാകുമെന്ന് ആരോപണമുണ്ട്. ലോക്ഡൗണ്‍ തീരാതെ തിടുക്കത്തില്‍ അഭിമുഖം നടത്തുന്നത് നിയമപ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും ആക്ഷേപമുണ്ട്. അന്തിമമായി റാങ്ക് പട്ടിക തയ്യാറാക്കുക ലോക്ഡൗണെല്ലാം കഴിഞ്ഞായിരിക്കുമെന്ന സൂചന അഭിമുഖ അറിയിപ്പില്‍ത്തന്നെയുണ്ട്.
അപാകമില്ലെന്ന് വൈസ് ചാന്‍സലര്‍
കണ്ണൂര്‍: സര്‍വകലാശാലയിലെ അധ്യാപക നിയമനത്തിന് സ്‌കൈപ്പ് വഴി അഭിമുഖം നടത്തുന്നതില്‍ അപാകമൊന്നുമില്ലെന്ന് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. അധ്യാപക നിയമനത്തിനായുള്ള അഭിമുഖ നടപടികള്‍ ആരംഭിച്ചതിനുശേഷമാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപനമുണ്ടായത്. വിദ്യാഭ്യാസവര്‍ഷം തുടങ്ങുന്നതിനുമുമ്പുതന്നെ അധ്യാപകനിയമനം പൂര്‍ത്തിയാക്കണമെന്ന തീരുമാനപ്രകാരമാണ് സ്‌കൈപ്പ് വഴിയുള്ള അഭിമുഖം നിശ്ചയിച്ചത്. ഇത് സുതാര്യമായും നിയമാനുസൃതമായുമാണ് നടത്തുക -അദ്ദേഹം പറഞ്ഞു.
Content Highlights: Kannur University to conduct teachers interview through skype during this lockdown
Published: 26 Apr 2020, 01:24 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented