ന്യൂഡൽഹി: ഇലക്ട്രിക് വാഹന (ഇവി) മേഖലയിലേക്കുള്ള ചുവടുമാറ്റം ഇന്ത്യയുടെ സാമ്പത്തികരംഗത്തും തൊഴിൽവിപണിയിലും കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് റിപ്പോർട്ട്. 'വികസിത് ഭാരത്' ലക്ഷ്യങ്ങളിലൂന്നി മുന്നേറിയാൽ 2040-ഓടെ ഇവി മേഖലയിൽനിന്നുള്ള വാർഷിക സാമ്പത്തിക ഉത്പാദനം 620.5 ബില്യൺ ഡോളറായി (ഏകദേശം 50 ലക്ഷം കോടിയിലധികം രൂപ) ഉയരുമെന്ന് ഇന്റർനാഷണൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്‌പോർട്ടേഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2024-ൽ ഇത് 12.8 ബില്യൺ ഡോളർ മാത്രമായിരുന്നു.

To advertise here,

ആഗോള ഇലക്ട്രിക് വാഹന ദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇന്ത്യയുടെ ഭാവിസാധ്യതകൾ വ്യക്തമാക്കുന്നത്.

തൊഴിൽവിപണിയിൽ വൻ തരംഗം

  • നേരിട്ടുള്ള തൊഴിലവസരങ്ങൾ: ഇവി നിർമാണമേഖലയിൽ നേരിട്ടുള്ള തൊഴിലവസരങ്ങൾ 2024-ലെ 90,000-ൽനിന്ന് 2040-ഓടെ 43 ലക്ഷമായി കുതിച്ചുയരും.
  • 100 ശതമാനം പ്രാദേശികവത്കരണം: ബാറ്ററികൾ പൂർണമായും രാജ്യത്തിനകത്തുതന്നെ നിർമിക്കാനായാൽ നേരിട്ടുള്ള തൊഴിലവസരങ്ങൾ 70 ലക്ഷം കടക്കും.
  • ലോജിസ്റ്റിക്സ്, മാർക്കറ്റിങ്, ഫിനാൻസ് തുടങ്ങിയ അനുബന്ധമേഖലകളിൽ 1.73 കോടി പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടും.
  • ഇതോടെ ഇവി മേഖലയുമായി ബന്ധപ്പെട്ട് ആകെ രണ്ടു കോടിയിലധികം തൊഴിലവസരങ്ങൾ രാജ്യത്തുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിർണായകം ബാറ്ററി നിർമാണം

വാഹനങ്ങൾ നിർമിക്കുന്നതുകൊണ്ടുമാത്രം കാര്യമില്ലെന്നും ബാറ്ററികൾ രാജ്യത്തുതന്നെ നിർമിച്ചാൽ മാത്രമേ ഇതിന്റെ സാമ്പത്തികനേട്ടം പൂർണമായി കൊയ്യാൻ സാധിക്കൂ എന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. പൂർണമായി ഇറക്കുമതിയെ ആശ്രയിച്ചാൽ പരമ്പരാഗത വാഹനമേഖലയിലെ തൊഴിൽനഷ്ടം വലിയ തിരിച്ചടിയാകും. എന്നാൽ കുറഞ്ഞത് 25 ശതമാനം ബാറ്ററി നിർമാണമെങ്കിലും പ്രാദേശികമായി നടത്തിയാൽ തൊഴിൽവിപണിക്ക് അത് വലിയ ഗുണം ചെയ്യും.

ബാറ്ററി ആവശ്യകത 40 മടങ്ങ് വർധിക്കും

ഇന്ത്യയിൽ ബാറ്ററി ആവശ്യകത 40 മടങ്ങ് വർധിക്കുമെന്ന് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇവി വിൽപ്പന ഉയരുന്നതോടെ രാജ്യത്തെ ബാറ്ററി ഡിമാൻഡ് വലിയതോതിൽ വർധിക്കും.

റിപ്പോർട്ട് അനുസരിച്ച് ആവശ്യകത 12 GWh-ൽനിന്ന് 480 GWh ആകും. 2040-ഓടെ വലിയ മാറ്റമുണ്ടാകുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

നിലവിൽ ഇന്ത്യക്ക് 1.4 GWh ബാറ്ററി നിർമാണശേഷി മാത്രമാണുള്ളത്. പ്രഖ്യാപിച്ച പദ്ധതികൾ വന്നാൽ ഇത് 128 GWh വരെയാകാം. എന്നാൽ ഭാവിയിലെ ആവശ്യത്തിന് കൂടുതൽ നിർമാണശാലകൾ വേണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു.