ജോലിയില്‍നിന്ന് പിരിച്ചുവിട്ടതിന് പിന്നാലെ അമേരിക്കയില്‍ നിന്ന് മടങ്ങുന്ന ഇന്ത്യക്കാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. കണ്ണീരോടെ അമേരിക്കയോട് വിട പറയുന്നതിന്റെ ദൃശ്യങ്ങള്‍ അനന്യ ജോഷി എന്ന യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ യുവതി കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കി.
തന്നെ ജോലിയില്‍നിന്ന് പിരിച്ചുവിടുമ്പോള്‍ താന്‍ എഫ്-1 വിസയിലായിരുന്നുവെന്നും കമ്പനി ഇ-വെരിഫൈഡ് ആണെന്ന് തൊഴിലുടമ വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കില്‍ പിന്നീട് അത് ശരിയല്ലെന്ന് തെളിഞ്ഞുവെന്നും യുവതി പറയുന്നു. STEM എക്സ്റ്റന്‍ഷന് അപേക്ഷിക്കാനുള്ള അവസരം നഷ്ടമാവുകയും തന്നെ പിരിച്ചുവിടുകയുമായിരുന്നെന്ന് യുവതി കൂട്ടിച്ചേര്‍ത്തു.
'ഒപിടി (ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിങ്)
കാലയളവില്‍ ഒരു കമ്പനിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് അവര്‍ തന്റെ വിസ സ്‌പോണ്‍സര്‍ ചെയ്യില്ലെന്ന് അറിയിക്കുകയായിരുന്നു.
ആ സമയത്ത് ഞാന്‍ പരിഭ്രാന്തയായില്ല. കാരണം എനിക്ക് ഒപിടിയില്‍ രണ്ട് വര്‍ഷം കൂടി അധികമായി ലഭിക്കുമെന്ന് അറിയാമായിരുന്നു. എന്നാല്‍ ഒപിടി എക്സ്റ്റന്‍ഷനില്‍ ജോലി ചെയ്യണമെങ്കില്‍ കമ്പനി ഇ-വെരിഫൈഡ് ആയിരിക്കണം. തങ്ങള്‍ ഇ-വെരിഫൈഡ് ആണെന്ന് തൊഴിലുടമ വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും അത് ശരിയല്ലെന്ന് പിന്നീട് തെളിഞ്ഞു. ഇതിന്റെ ഫലമായി STEM എക്സ്റ്റന്‍ഷന് അപേക്ഷിക്കാനുള്ള അവസരം നഷ്ടമാവുകയും പിരിച്ചുവിടുകയും ചെയ്തു.'-യുവതി വ്യക്തമാക്കുന്നു.
ജോലി കണ്ടെത്താന്‍ താന്‍ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും അവര്‍ വിവരിച്ചു. 'ആ രണ്ട് മാസത്തെ ചെറിയ സമയത്തിനുള്ളില്‍ പോലും ഞാന്‍ മുപ്പതോളം അഭിമുഖങ്ങളില്‍ പങ്കെടുത്തു. എന്നാല്‍ എഫ്-1 ഒപിടിയില്‍ ജോലി ചെയ്യുന്ന ആരെയും നിയമിക്കാന്‍ അവരാരും തയ്യാറായില്ല. അവര്‍ക്കെല്ലാം ഗ്രീന്‍ കാര്‍ഡോ പൗരത്വമോ വേണമായിരുന്നു.'-യുവതി കൂട്ടിച്ചേര്‍ക്കുന്നു.
ട്രംപ് ഭരണകൂടത്തിന്റെ വിസ നിയന്ത്രണങ്ങള്‍ സൃഷ്ടിച്ച അനിശ്ചിതത്വത്തെ കുറിച്ചും അവര്‍ സംസാരിച്ചു. ഗ്രീന്‍ കാര്‍ഡോ പൗരത്വമോ ഇല്ലാതെ കരാര്‍ ജോലികള്‍പോലും ഇപ്പോള്‍ ആളുകള്‍ക്ക് കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് അനന്യ പറയുന്നു. അമേരിക്കയില്‍മാത്രം നമ്മള്‍ ഒതുങ്ങേണ്ടതില്ലെന്നും മറ്റ് രാജ്യങ്ങളിലും ഒരുപാട് അവസരങ്ങളുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബയോടെക്‌നോളജി പ്രൊഫഷണലുകള്‍ക്ക് അവസരങ്ങള്‍ ധാരാളമുള്ള സ്വിറ്റ്‌സര്‍ലന്റ്, ജര്‍മനി,ബെല്‍ജിയം,സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ജോലിക്കായി ശ്രമിക്കണമെന്നും അവര്‍ പറയുന്നു.
സെപ്റ്റംബര്‍ 29-നാണ് അനന്യ അമേരിക്കയോട് യാത്ര പറയുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അമേരിക്കയോട് വിട പറയുകയാണെന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചിരുന്നുവെന്നും എന്നാല്‍ മുന്‍കൂട്ടി ഒരുങ്ങാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും അതാണ് കരച്ചില്‍ നിയന്ത്രിക്കാന്‍ കഴിയാതിരുന്നതെന്നും അവര്‍ വീഡിയോയ്‌ക്കൊപ്പം കുറിച്ചിരുന്നു. സാമ്പത്തികമായി സ്വാതന്ത്ര്യം നേടിയ ഒരു വ്യക്തി എന്ന നിലയില്‍ തന്റെ ആദ്യത്തെ വീടായിരുന്നു അമേരിക്കയെന്നും അത് തന്റെ മനസില്‍ എപ്പോഴുമുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
Content Highlights: graduate-behind-viral-post-urges-indians-to-look-beyond-us
Published: 04 Oct 2025, 10:20 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented