ഗൂഗിളിന് പ്രസക്തിയുള്ള മേഖലകളിൽ ഗവേഷണങ്ങൾ നടത്തുന്ന ‘ഏർളി കരിയർ പ്രൊഫസർമാർക്ക്’ പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഗൂഗിൾ റിസർച്ച് സ്കോളർ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. പ്രൊഫസർമാരുടെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന്, സർവകലാശാലകൾക്കാണ് സഹായംനൽകുന്നത്.

To advertise here,

അർഹത

അപേക്ഷ നൽകുമ്പോൾ ഒരു സർവകലാശാലയിലോ ബിരുദം നൽകുന്ന ഒരു ഗവേഷണസ്ഥാപനത്തിലോ ഒരു ഫുൾടൈം അസിസ്റ്റൻറ് പ്രൊഫസർ/അസോസിയറ്റ് പ്രൊഫസർ/പ്രൊഫസർ ആയിരിക്കണം. അപേക്ഷ നൽകുന്ന വേളയിൽ ഏഴുവർഷത്തിനകം ലഭിച്ച പിഎച്ച്.ഡി. ബിരുദം വേണം. ഒരുറൗണ്ടിൽ ഒരു അപേക്ഷയേ നൽകാവൂ. ഫാക്കൽറ്റിക്ക് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ (പി.ഐ.) ആയോ കോ.പി.ഐ. ആയോ പ്രവർത്തിക്കാം. പോസ്റ്റ് ഡോക്ടറൽ സ്റ്റാഫിന് പി.ഐ.യായി മാത്രമേ പ്രവർത്തിക്കാൻ കഴിയൂ.

പോസ്റ്റ് ഡോക്ടറൽ റിസർച്ചർ അല്ലാത്ത കോ.പി.ഐ.ക്കും, പി.ഐ.യ്ക്കുവേണ്ട യോഗ്യത ഉണ്ടായിരിക്കണം.

ഏഴുവർഷമായോ അതിലും കുറഞ്ഞ കാലയളവിലോ പഠിപ്പിച്ചുകൊണ്ടിരിക്കുന്നവരിൽ, വ്യവസായമേഖലയിലെ ജോലി, അവധിമൂലമുള്ള അസാന്നിധ്യം, പേരൻറൽ അവധി, തുsങ്ങിയ കാരണങ്ങളാൽ തടസ്സങ്ങൾ ഉണ്ടായവരെയും അവാർഡിനായി പരിഗണിച്ചേക്കും. ഇളവുനൽകാനുള്ള അഭ്യർഥന അവർ അപേക്ഷയിൽ ഉൾപ്പെടുത്തണം.

ഒരു റൗണ്ടിൽ ഒരു അപേക്ഷയേ നൽകാവൂ. ഒരു അപേക്ഷാർഥി രണ്ട് പ്രൊപ്പോസലുകളിൽ ഉൾപ്പെടാൻ പാടില്ല. പിഎച്ച്.ഡി. ലഭിച്ചശേഷമുള്ള ഏഴുവർഷത്തിനുള്ളിൽ പരമാവധി മൂന്നുതവണ മാത്രമേ പദ്ധതിയിലേക്ക് അപേക്ഷ നൽകിയിരിക്കാൻപാടുള്ളൂ.

ഗവേഷണവിഷയം

ഗവേഷണത്തിന്റെ മുഖ്യമേഖല ഇവയിൽ ഒന്നായിരിക്കണം: അൽഗരിതംസ് ആൻഡ് ഓപ്റ്റിമൈസേഷൻ, അപ്ലൈഡ് സയൻസസ്, ഹെൽത്ത് റിസർച്ച്, ഹ്യൂമൺ- കംപ്യൂട്ടർ ഇന്ററാക്‌ഷൻ, മെഷീൻ ലേണിങ്, മെഷീൻ പെർസെപ്ഷൻ, നാച്വറൽ ലാംഗ്വേജ് പ്രോസസിങ്, നെറ്റ് വർക്കിങ്, പ്രൈവസി സേഫ്റ്റി ആൻഡ് സെക്യൂരിറ്റി, ക്വാണ്ടം കംപ്യൂട്ടിങ്, സോഫ്റ്റ്‌വേർ എൻജിനിയറിങ് ആൻഡ് പ്രോഗ്രാമിങ് ലാംഗ്വേജ്, സിസ്റ്റംസ്.

ഓരോ മേഖലയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, ഉപമേഖലകൾ എന്നിവയ്ക്കും അപേക്ഷയ്ക്കും research.google/ ൽ കാണുക (പ്രോഗ്രാംസ് ആൻഡ്‌ ഈവൻറ്സ് > ഫാക്കൽറ്റി പ്രോഗ്രാം > റിസർച്ച് സ്കോളർ പ്രോഗ്രാം). സമയപരിധി ജനുവരി 27-ന് 11.59.59 പി.എം. എ.ഒ.ഇ. (UTC 12)

സാമ്പത്തികസഹായം

പരമാവധി 60,000 യു.എസ്. ഡോളർ (ഏകദേശം 52 ലക്ഷം രൂപ) സ്‌കോളർക്ക് ലഭിക്കും. പ്രൊഫസറുടെ ഗവേഷണകാര്യങ്ങൾക്ക്/പുരോഗതിക്ക് തുക ഉപയോഗിക്കാം.