കൊല്ലം: കേരള ഫോറസ്റ്റ് ഡിവലപ്‌മെന്റ് കോർപ്പറേഷൻ ഗവിയിൽ തുടങ്ങുന്ന വർക്കേഷൻ പാക്കേജിനായുള്ള സൗകര്യങ്ങൾ പൂർത്തിയായി. പാക്കേജ് 30-ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

To advertise here,

100 എംബിപിഎസ് വൈഫൈ സൗകര്യം നൽകി, കാടിന്റെ വന്യഭംഗിയിൽ, ശാന്തമായ അന്തരീക്ഷത്തിൽ ഇരുന്ന്, അവധിക്കാല ഉല്ലാസത്തോടെ ജോലി ആസ്വദിച്ചുചെയ്യാനുള്ള സൗകര്യമാണ് ‘വർക്കേഷൻ’ എന്ന പേരിൽ ഒരുക്കിയിരിക്കുന്നത്. നാല് മുറികളാണ് ഇതിനായുള്ളത്. രണ്ടുപേർക്കാണ് ഒരു മുറി. മൂന്നു ദിവസത്തേക്ക് 14,000 രൂപയും ജി.എസ്.ടി.യുമാണ് നിരക്ക്. ഭക്ഷണം, ബോട്ടിങ്, ചെറിയ ട്രെക്കിങ് എന്നിവയും ലഭ്യമാണ്. ഇരുപത്തിനാലു മണിക്കൂറും തുറന്നിരിക്കുന്ന കോഫി ഷോപ്പ്, സ്നാക്സ്‌ ഷോപ്പ് എന്നിവയുമുണ്ട്.

ഇത്തരം മുറിയിൽ ഒരാൾക്ക് ഒരു ദിവസത്തേക്ക് 3,500 രൂപയാണ് സാധാരണനിരക്ക്. രണ്ടുപേർക്ക് 7,000 രൂപ. മൂന്നുദിവസത്തേക്ക് 21,000 രൂപയാകും. എന്നാൽ വർക്കേഷൻ പ്രകാരം നിരക്ക് ഇളവുചെയ്ത് മൂന്നുദിവസത്തേക്ക് 14,000 രൂപയേ ഈടാക്കുന്നുള്ളൂ. അതിനാൽ വലിയ കമ്പനികളിലെ ജീവനക്കാരെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഇക്കോടൂറിസം മാനേജർ സി. സന്തോഷ്‌കുമാർ പറഞ്ഞു. വർക്കേഷൻ പാക്കേജിന് 8289821004 നമ്പരിൽ ബന്ധപ്പെടാം. വെബ്സൈറ്റ്: https://kfdcecotourism.com/

ഗവിയിൽ മറ്റ് പാക്കേജുകളിൽ മരവീടുകളാണ് പ്രിയം. 6,000 രൂപയാണിതിന്. പ്രീമിയം സൗകര്യം നൽകുന്ന ഡോമിന് ഒരാൾക്ക് 7,500 രൂപയും. ഭക്ഷണം, ബോട്ടിങ്, സഫാരി, ട്രെക്കിങ് എന്നിവയുൾപ്പെടെയാണ് എല്ലാ പാക്കേജും. ഗവിയിൽനിന്നു മാറി കുറേക്കൂടി ശാന്തസുന്ദരമായ കൊച്ചുപമ്പയിലെ ടെൻറിൽ താമസിക്കാനും സഫാരി, ഡാമിൽ തുഴബോട്ടിൽ യാത്ര, ചെറിയ ട്രെക്കിങ് എന്നിവയ്ക്കും സഞ്ചാരികളെത്തുന്നുണ്ട്. ഈ പാക്കേജിന് ഒരാൾക്ക് 1,750 രൂപയാണ്.

ഗവിയിൽ ഇപ്പോൾ മിക്ക ദിവസങ്ങളിലും ബുക്കിങ്ങുണ്ട്. കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിന്റെ ബസ് യാത്രയും ഇതുവഴിയുണ്ട്. കുമിളി-പത്തനംതിട്ട കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസിൽ ഇതുവഴി പോകുന്ന യാത്രികരും ധാരാളം. ഗവിയിൽനിന്ന്‌ പത്തനംതിട്ട ഭാഗത്തേക്കുള്ള റോഡ് പലയിടത്തും തകർന്നുകിടക്കുന്നു. വണ്ടിപ്പെരിയാർ വള്ളക്കടവ് ഭാഗത്ത് നല്ല റോഡാണ്. ഈ വഴിയാണ് സഞ്ചാരികളേറെയുമെത്തുന്നത്.