പലർക്കും ഗൂഗിളിൽ ഒരു ജോലി എന്നത് സ്വപ്നതുല്യമാണ്. എന്നാൽ മികച്ച ശമ്പളവും പ്രമോഷനുകളും ലഭിച്ചിട്ടും ഏഴു വർത്തിലധികം നീണ്ട ആഡംബരപൂർണ്ണമായ കോർപ്പറേറ്റ് കരിയർ ഉപേക്ഷിച്ച്, മുൻപരിചയമൊന്നുമില്ലാത്ത തന്റെ ഇഷ്ടജോലിയിലേക്ക് തിരിഞ്ഞ ഒരു യുവതി ശ്രദ്ധേയമാവുകയാണ്. വേറിട്ട വഴി തിരഞ്ഞെടുത്ത സാറ വിൽസിൻസ്ക എന്ന മുൻ ഗൂഗിൾ സോഫ്റ്റ്‌വെയർ എഞ്ചിനീയറെപറ്റി ബിസിനസ് ഇൻസിഡൈർ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
പോളണ്ടിലെ വാർസോയിൽ ജനിച്ച് കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് ബിരുദം നേടിയ സാറ, 25-ാം വയസ്സിൽ ലണ്ടനിലെ ഒരു ഇൻവെസ്റ്റ്‌മെന്റ് ബാങ്കിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് 2015-ൽ സൂറിച്ചിൽ ഗൂഗിൾ ടീമിന്റെ ഭാഗമായി. പിന്നീട് ന്യൂയോർക്കിലേക്ക് മാറി ഗൂഗിൾ സെർച്ചിന്റെ ന്യൂസ് വിഭാഗത്തിൽ പ്രവർത്തിച്ചു. മികച്ച ശമ്പളം, സ്റ്റോക്ക് ഓപ്ഷനുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്കൊപ്പം രണ്ട് തവണ പ്രമോഷനും സാറയ്ക്ക് ലഭിച്ചിരുന്നു.
എല്ലാം തികഞ്ഞ കരിയർ ആയിരുന്നിട്ടും മീറ്റിങ്ങുകളുടെ തിരക്കിലും കോർപ്പറേറ്റ് സമ്മർദ്ദങ്ങളിലും സാറയ്ക്ക് തന്റെ ജോലിയിലെ സന്തോഷം നഷ്ടപ്പെടാൻ തുടങ്ങി. കോഡിങ്ങിനേക്കാൾ കൂടുതൽ സമയം മീറ്റിങ്ങുകൾക്കായി ചെലവഴിക്കേണ്ടി വന്നതോടെ അവർക്ക് ജോലിയിൽ മടുപ്പ് തോന്നി. കോവിഡ് കാലത്ത് സാൻ ഡിയാഗോയിലേക്ക് മാറിയപ്പോഴാണ് ജീവിതത്തിന്റെ വേഗത കുറയ്ക്കാനും പ്രകൃതിയെ ആസ്വദിക്കാനും സാധിച്ചത്.
ജോലി സമയം കുറച്ചും മറ്റ് പല കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചും മാറ്റങ്ങൾക്ക് ശ്രമിച്ചെങ്കിലും ഒടുവിൽ 2022-ന്റെ അവസാനത്തോടെ സാറ ഗൂഗിളിലെ ജോലി പൂർണ്ണമായി രാജിവെച്ചു. തൊട്ടുപിന്നാലെ 2023-ൽ പങ്കാളിയോടൊപ്പം തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലും ഒരു വർഷത്തോളം അവർ യാത്ര ചെയ്തു.
യാത്രയ്ക്കിടയിൽ തായ്‌ലൻഡിലെ കോ താവോ എന്ന ദ്വീപിൽ ആറുമാസം താമസിച്ചതാണ് സാറയുടെ ജീവിതം മാറ്റിമറിച്ചത്. യാതൊരു മുൻപരിചയവുമില്ലാതിരുന്നിട്ടും അവർ ഓൺലൈൻ ക്ലാസുകളിലൂടെ വാട്ടർകളർ പെയിന്റിങ് പഠിക്കാൻ തുടങ്ങി. ദ്വീപിലെ കച്ചവട സ്റ്റാളുകളും തെരുവുകളും മനോഹരമായ കാഴ്ചകളും അവർ ക്യാൻവാസിലാക്കി.
ഈ ചിത്രങ്ങൾ പ്രാദേശിക ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ പങ്കുവെച്ചതോടെ വലിയ പ്രതികരണമാണ് ലഭിച്ചത്. ആളുകൾ ആ ചിത്രങ്ങൾ വിലകൊടുത്തു വാങ്ങാൻ തുടങ്ങി. ഇതോടെ ചിത്രരചന ഒരു ഹോബി എന്നതിനപ്പുറം ഒരു കരിയർ ആക്കി മാറ്റാൻ അവർ തീരുമാനിച്ചു.
സാൻ ഡിയാഗോയിൽ തിരിച്ചെത്തിയ സാറ Swil Arts എന്ന പേരിൽ സ്വന്തമായി ഒരു ആർട്ട് സ്റ്റുഡിയോ ആരംഭിച്ചു. ഇന്ന് ഒറിജിനൽ വാട്ടർകളർ ചിത്രങ്ങൾ, പ്രിന്റുകൾ, ഹോം ഡെക്കർ ഉൽപ്പന്നങ്ങൾ എന്നിവ അവർ നിർമ്മിച്ച് വിൽക്കുന്നുണ്ട്.
"വിജയത്തിന്റെ നിർവചനം ഇപ്പോൾ എനിക്ക് പൂർണ്ണമായും മാറി മറിഞ്ഞു. അത് ഉൽപ്പാദനക്ഷമതയെക്കുറിച്ചോ വരുമാനത്തെക്കുറിച്ചോ മാത്രമുള്ളതല്ല. എന്റെ ഒരു ചിത്രം കണ്ട് ആരെങ്കിലും ഒരു നിമിഷം നിൽക്കുകയും അവർക്ക് എന്തെങ്കിലും അനുഭവപ്പെടുകയോ പഴയ കാര്യങ്ങൾ ഓർമ്മ വരികയോ ചെയ്താൽ, അതുതന്നെയാണ് എനിക്ക് ഏറ്റവും വലിയ വിജയം"- സാറ പറയുന്നു.
Content Highlights: Former Google Software Engineer Sara Wilczinska gave up her lucrative corporate career, promotions, and stock options to escape corporate burnout, ultimately finding true fulfillment and commercial success as a self-taught watercolor artist.
Published: 08 Jul 2026, 10:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented