ജീവനക്കാര്‍ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യണമെന്ന എല്‍.ആന്‍ഡ്.ടി ചെയര്‍മാന്‍ എസ്.എന്‍ സുബ്രഹ്‌മണ്യന്റെ പരാമര്‍ശം അടുത്തിടെ വന്‍ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. നിരവധിപേര്‍ ഇതിനെതിരേ ശക്തമായി പ്രതികരിക്കുകയും ചെയ്തു. ജീവനക്കാര്‍ ആഴ്ചയില്‍ 70 മണിക്കൂറോളം ജോലി ചെയ്യണമെന്നാണ് ഇന്‍ഫോസിസ് സഹസ്ഥാപകനായ നാരായണ മൂര്‍ത്തി നേരത്തേ അഭിപ്രായപ്പെട്ടത്. ജീവനക്കാരുടെ ജോലി സമയം സംബന്ധിച്ച് സംവാദങ്ങള്‍ക്കും തുടക്കമിട്ടുകഴിഞ്ഞു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എഡെല്‍വെയ്‌സ് മ്യൂച്വല്‍ ഫണ്ട് സി.ഇ.ഒ രാധിക ഗുപ്ത. 

To advertise here,

താന്‍ ആദ്യമായി ജോലി ചെയ്യുന്ന സമയത്ത് ഒരു പ്രോജക്ടിന്റെ ഭാഗമായി ആഴ്ചയില്‍ 100 മണിക്കൂര്‍ വരെ ജോലി ചെയ്തിട്ടുണ്ടന്നാണ് രാധിക വെളിപ്പെടുത്തുന്നത്. തിങ്കളാഴ്ചയാണ് ജോലിയിലെ അവധി ദിവസമെന്നും അതിനാല്‍ ഞായറാഴ്ച വരെ ജോലി ചെയ്തിട്ടുണ്ടെന്നും അവര്‍ പറയുന്നു. ജോലിയിലെ കടുത്ത സമ്മര്‍ദത്തിന്റെ ഭാഗമായി ബാത്ത്‌റൂമിലിരുന്ന് കരഞ്ഞിട്ടുണ്ടെന്നും രണ്ടുതവണ ആശുപത്രിയില്‍ ചികിത്സതേടിയതായും രാധിക ഗുപ്ത വെളിപ്പെടുത്തുന്നു.

എന്റെ ആദ്യ ജോലിയിലെ ആദ്യ പ്രോജക്ടിന്റെ ഭാഗമായി ആഴ്ചയില്‍ 100 മണിക്കൂറോളം ജോലി ചെയ്തു. അതും തുടര്‍ച്ചയായി നാല് മാസം. ഒരു ദിവസം 18 മണിക്കൂര്‍ ജോലി. ഓഫീസിലെ ബാത്ത്‌റൂമില്‍ പോയി കരഞ്ഞിട്ടുണ്ട്. പുലര്‍ച്ചെ 2 മണിക്ക് ചോക്ലേറ്റ് കേക്കുകള് കഴിച്ചു. രണ്ട് തവണ ആശുപത്രിയില്‍ പോകേണ്ടിവന്നു. 100 മണിക്കൂറോളെ ജോലിയിലായിരുന്നെങ്കിലും പ്രൊഡക്ടീവായി ജോലി ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇതേ പദവികളിലിരിക്കുന്ന എന്റെ സഹപാഠികളായിരുന്നവര്‍ക്കും സമാനമായ സ്ഥിതിയാണ്.- രാധിക ഗുപ്ത കുറിച്ചു.

ഇത് ഉത്കണ്ഠാരോഗത്തിനും ഹൃദയാഘാതത്തിനും അസന്തുഷ്ടമായ ദാമ്പത്യജീവിതത്തിലേക്കുമാണ് വഴിവെക്കുന്നതെന്നും അവര്‍ പറഞ്ഞു. യാതൊരു ഉത്തരവാദിത്തവുമില്ലാത്ത ചെറുപ്രായത്തിലാണെങ്കില്‍ എനിക്ക് ഇതുപോലെ ജോലി ചെയ്യാന്‍ സാധിക്കും. ഇന്ന് വീട്ടിലെ കാര്യങ്ങള്‍ നോക്കണം ഭര്‍ത്താവിനും മക്കള്‍ക്കുമായി സമയം ചെലവഴിക്കണം. - രാധിക ഗുപ്ത കുറിച്ചു.

ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാനായി എല്ലാവരും ശ്രമിക്കണമെന്നും അതേസമയം ഒരു സന്തുഷ്ട രാജ്യമെന്ന നിലയിലേക്ക് മാറാന്‍ പ്രയത്‌നിക്കണമെന്നും രാധിക കൂട്ടിച്ചേര്‍ത്തു.