തൃശ്ശൂർ: ശ്രീരാജ് ഗോപി എന്ന യുവശാസ്ത്രജ്ഞന് 2021-ൽ ഓഫീസും പരീക്ഷണശാലയുമെല്ലാം സ്വന്തം കാർ ആയിരുന്നു. ഇപ്പോൾ വ്യാപാരത്തിലൂടെ അദ്ദേഹം സ്വന്തമാക്കുന്ന വർഷിക അറ്റാദായം 100 കോടിരൂപ.

To advertise here,

ഓർഗാനിക് കെമിസ്ട്രി, നാനോ ഡ്രഗ് ഡെലിവറി, നാനോ ടെക്നോളജി എന്നിവയിൽ ഡോക്ടറേറ്റുള്ള ശ്രീരാജ് ഗവേഷണവും പരീക്ഷണവും വാണിജ്യാധിഷ്ഠിതമാക്കിയാണ് വിജയക്കുതിപ്പ് നടത്തിയത്.

ബെംഗളൂരുവിലെ മോളിക്യൂൾ ബയോലാബ്സ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാണ് 40- കാരനായ ശ്രീരാജ് ഗോപി. സഹോദരൻ ഡോ. ശ്രീരാഗ്, സുഹൃത്തുക്കളായ ഉണ്ണി കീരിക്കാട്ട്, രാജീവ് മേനോൻ എന്നിവർക്കൊപ്പമാണ് കമ്പനിക്ക് തുടക്കമിട്ടത്.

പോഷക തന്മാത്രകളെ ശരീരം പരമാവധി ആഗിരണം ചെയ്യുന്നതിന് ഇടയാക്കുന്ന ‘ലിപോസം’ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉത്‌പന്നങ്ങളാണ് ഇവർ നിർമിക്കുന്നത്. ഇതിന് പേറ്റന്റുമുണ്ട്.

ബെംഗളൂരുവിലും പാലക്കാട്ടും 5000 ചതുരശ്ര അടി വീതവും തൃശ്ശൂരിൽ 10,000 ചതുരശ്ര അടിയുമുള്ള ഒാഫീസും പരീക്ഷണ ശാലകളുമുണ്ട്. പാലക്കാട്ട് 35,000 ചതുരശ്ര അടി ഫാക്ടറിയും. ഇപ്പോൾ 75 ജീവനക്കാർ. ഇവരിൽ 45 പേർ യുവശാസ്ത്രജ്ഞരാണ്. 50ശതമാനം പേരും സ്ത്രീകൾ‌.

മുപ്പത്തിരണ്ടാം വയസ്സിൽ ലണ്ടനിലെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീരാജിന് ലണ്ടൻ റോയൽ സൊസൈറ്റി ഓഫ് ആർട്സ് ഫെലോ, അമേരിക്കൻ കോളേജ് ഓഫ് ന്യുട്രീഷൻ ഫെലോ എന്നീ അംഗീകാരങ്ങൾ ലഭിച്ചു. അഞ്ച് അമേരിക്കൻ പേറ്റന്റുകൾക്ക് നേടി.

ഭാര്യ ഡോ. കെ.എസ്. അഖിലയോടൊപ്പം അകോർ ഫോർമുലേഷൻസ് ‌എന്ന സ്ഥാപനവും ആരംഭിച്ചു. മക്കൾ: ശീപദ്മ, ശ്രീഹരി. അച്ഛൻ അന്നനാട് കണക്കാപ്പറമ്പിൽ കെ. ഗോവിന്ദൻകുട്ടി അപ്പോളോ ടയേഴ്‌സിൽ വർക്കർ ആയിരുന്നു. അമ്മ: പദ്മജ.

ലിപോസോം ടെക്നോളജി

വിദേശ വിപണിയിലേക്കായി ലിപോസോം സാങ്കേതികവിദ്യയിൽ നിർമിക്കുന്ന ഫുഡ് സപ്ലിമെന്റുകളാണ് മോളിക്യൂൾ ബയോലാബ്സ് നിർമിക്കുന്നത്. ചെറുതും മൃദുവുമായ കുമിളപോലുള്ള ഘടനയാണ് (നമ്മുടെ കോശങ്ങളുടേതുപോലെ) ലിപോസോം. പ്രകൃതിദത്ത കൊഴുപ്പ് കൊണ്ടാണ് നിർമിക്കുന്നത്. ലിപോസോം ഘടനയ്ക്കുള്ളിലൂടെ ഔഷധവും പോഷകവും നഷ്ടമുണ്ടാകാതെ ശരീരത്തിൽ ശരിയായ സ്ഥലത്തെത്തും.