തിരുവനന്തപുരം: ഒ.എം.ആർ. ഷീറ്റിലെ വ്യക്തതക്കുറവിന്റെ പേരിൽ കെ-ടെറ്റ് പരീക്ഷാഫലം അസാധുവാക്കിയെന്ന് സ്‌കൂൾ അധ്യാപകരുടെ പരാതി. ഓഗസ്റ്റിൽ നടത്തിയ പ്രത്യേക പരീക്ഷയുടെ ഫലത്തെച്ചൊല്ലിയാണ് തർക്കം. എന്നാൽ, കെ-ടെറ്റ് മൂല്യനിർണയത്തിൽ സാങ്കേതികമായോ മറ്റോ പിഴവുണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഒ.എം.ആർ. അടിസ്ഥാനത്തിലുള്ള പരീക്ഷ സംബന്ധിച്ച നിർദേശങ്ങൾ അധ്യാപകർ പാലിക്കാത്തതാണ് ഫലം അസാധുവാകാനുള്ള കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. വിഷയത്തിൽ സർക്കാർ ഇടപെടുമെന്ന പ്രതീക്ഷയിൽ വിദ്യാഭ്യാസമന്ത്രിക്ക് പരാതി നൽകി കാത്തിരിക്കുകയാണ് അധ്യാപകർ.
കെ-ടെറ്റ് യോഗ്യതയില്ലാത്തവരെ സർവീസിൽ തുടരാൻ അനുവദിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിനാൽ, സ്‌കൂൾ അധ്യാപകർക്കായി പ്രത്യേകമായി നടത്തിയതാണ് പരീക്ഷ. ഓഗസ്റ്റിൽ നടത്തിയ പരീക്ഷയുടെ ഫലം 19-ന് പ്രസിദ്ധീകരിച്ചു. മികച്ച വിജയശതമാനവും ഉണ്ടായിരുന്നു.
എന്നാൽ, ഒ.എം.ആർ. ഷീറ്റിൽ ചില കോളങ്ങൾ കറുപ്പിച്ചത് (ബബിൾ) ശരിയായില്ലെന്ന പേരിൽ ഫലം അസാധുവാക്കിയെന്നാണ് ഒരു വിഭാഗം അധ്യാപകർ പറയുന്നത്. ഇത് ഒ.എം.ആർ. സാങ്കേതികമായി വായിച്ചതിന്റെ പ്രശ്‌നമാണെന്നും അവർ വാദിക്കുന്നു. അസാധുവായ ഒ.എം.ആറിലെ പിഴവ് പരിഹരിച്ച് ഫലം പ്രസിദ്ധീകരിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.
ഒ.എം.ആർ. സംബന്ധിച്ച് പരീക്ഷാവിജ്ഞാപനത്തിലും ഹാൾ ടിക്കറ്റിലും വ്യക്തമായ നിർദേശം നൽകിയിരുന്നതായും കെ-ടെറ്റ് ഫലം പ്രസിദ്ധീകരിച്ചതിൽ പിഴവില്ലെന്നും പരീക്ഷാ സെക്രട്ടറി കെ.ഐ. ലാൽ പറഞ്ഞു.
Content Highlights: School teachers complain that K-TET special exam results were invalidated due to OMR sheet clarity issues
Published: 26 Sept 2026, 10:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented