വാഷിങ്ടൺ: എച്ച്-1ബി വിസ ഉടമകളുടെ പങ്കാളികൾ ഉൾപ്പെടെയുള്ള എച്ച്-4 വിസ ഉടമകളുടെ എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ(ഇ.എ.ഡി.) രേഖകളുടെ സ്വയംപുതുക്കൽ നയം നിർത്തി അമേരിക്ക. വർക്ക് പെർമിറ്റിന്റെ കാലാവധി കഴിഞ്ഞാൽ, പുതിയ അപേക്ഷകൾ പരിഗണനയിലിരിക്കെ 540 ദിവസത്തേക്ക് ജോലിയിൽ തുടരാൻ മുൻപ് അനുമതിയുണ്ടായിരുന്നു. ഈ ഇളവാണ് നിർത്തലാക്കുന്നത്. അന്തിമ ഉത്തരവ് യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ബുധനാഴ്ച പുറപ്പെടുവിച്ചു.

To advertise here,

നയം പ്രാബല്യത്തിൽ വരുന്നതോടെ എച്ച്-4 വിസയിലുള്ള ആയിരക്കണക്കിന് ഇന്ത്യൻ ഐ.ടി. പ്രൊഫഷണലുകളുടെയും മറ്റ് വിദഗ്‌ധരുടെയും ജോലി സാധ്യതകളെ പ്രതികൂലമായി ബാധിക്കും. പുതിയ നിയമപ്രകാരം വർക്ക് പെർമിറ്റ് അവസാനിച്ചതിനുശേഷം പുതുക്കൽ അപേക്ഷയിൽ അന്തിമതീരുമാനം വരുന്നതുവരെ ജോലിയിൽ തുടരാൻ സാധിക്കില്ല. എഫ്-1 സ്റ്റെം വിസയിലുള്ള വിദ്യാർഥികൾക്ക് ലഭിക്കുന്ന 180 ദിവസത്തെ ഇളവിനെയും എൽ, ഇ വിസ ഉടമകളുടെ പങ്കാളികളെയും ഈ മാറ്റം ബാധിക്കില്ല.

ഇതിനുപുറമേ, എച്ച്-1ബി ഉൾപ്പെടെയുള്ള ചില വിസകളുടെ കാലാവധി നീട്ടിനൽകുന്ന അപേക്ഷകളിൽ മുൻ അംഗീകാരം കണക്കിലെടുത്ത് നീട്ടിനൽകുന്ന രീതി അവസാനിപ്പിക്കാനും പുതിയ നിർദേശമുണ്ട്.

ഇതോടെ ഓരോ തവണ അപേക്ഷ പുതുക്കുമ്പോഴും ആദ്യമായി അപേക്ഷിക്കുന്നത്രയും കർശനമായ രേഖകളും പരിശോധനകളും നേരിടേണ്ടി വരും. നവംബർ 13 വരെ ഈ നിർദേശത്തിന്മേൽ അഭിപ്രായങ്ങൾ ക്ഷണിച്ചിട്ടുണ്ട്.