തിരുവനന്തപുരം: സഹകരണമേഖലയിൽ സമഗ്ര നിയമപരിഷ്കരണം ശുപാർശചെയ്ത് ആസൂത്രണ ബോർഡിന്റെ പതിനഞ്ചാം പഞ്ചവത്സരപദ്ധതിയുടെ സമീപനരേഖ. സഹകരണമേഖലയെ ‘പങ്കാളിത്ത സമ്പദ്‌വ്യവസ്ഥയിലെ’ മുഖ്യപങ്കാളിയായും ഗ്രാമീണ സംരംഭകത്വം, പ്രാദേശിക അടിസ്ഥാനസൗകര്യ വികസനം, മൂലധന സമാഹരണം എന്നിവയുടെ ചാലകശക്തിയായും വിഭാവനം ചെയ്യുന്നതാണ് പുതിയ കാഴ്ചപ്പാട്.

To advertise here,

കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളിൽമാത്രം ഏകദേശം 1.3 ലക്ഷം കോടിയുടെ നിക്ഷേപമുണ്ട്. ഇത് രാജ്യത്തെ ആകെ ഇത്തരം നിക്ഷേപത്തിന്റെ ഏകദേശം 70 ശതമാനത്തോളംവരും. ഈ ഫണ്ട് ഉപയോഗിക്കുന്നതിന് നിരീക്ഷണസംവിധാനം വേണം. വായ്പാപ്രവാഹം നിരീക്ഷിക്കുന്നതിനും പ്രവാസികളുടെ നിക്ഷേപം ഉപയോഗപ്പെടുത്തുന്നതിനുള്ള രീതി ആവിഷ്കരിക്കുന്നതിനുമായി സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയും സഹകരണമേഖലയും ചേർന്ന് സ്ഥിരം വേദി രൂപവത്കരിക്കുമെന്നാണ് സമീപനരേഖ പറയുന്നത്.

സഹകരണസംഘങ്ങൾക്ക് അനുബന്ധ സ്ഥാപനങ്ങൾ തുടങ്ങുന്നതിന് ഇടതുസർക്കാർ വിലക്ക് കൊണ്ടുവന്നിരുന്നു. ഇത് മാറ്റും. സഹകരണസംഘ നിക്ഷേപത്തിന് പൂർണസുരക്ഷ ഉറപ്പാക്കാൻ മിച്ചവരുമാനവിഹിതം ഉപയോഗിച്ച് പ്രത്യേക റിസ്ക് ഫണ്ട് രൂപവത്കരിക്കും. പുതിയൊരു സ്ഥാപനം തുടങ്ങാതെത്തന്നെ നിലവിലുള്ള സംഘങ്ങൾക്ക് പ്രവർത്തനം വൈവിധ്യവത്‌കരിക്കാൻ സഹായിക്കുന്നതിനായി മാതൃകാ നിയമാവലി കൊണ്ടുവരും. ഇവ നടപ്പാക്കുന്നതിന് സഹകരണനിയമത്തിൽ സമഗ്രമായ ഭേദഗതി വരുത്താനാണ് സമീപനരേഖ ശുപാർശ ചെയ്യുന്നത്.

മറ്റ് പ്രധാന നിർദേശങ്ങൾ

  •  അടിസ്ഥാനസൗകര്യവികസന പദ്ധതികളിൽ സഹകരണസംഘങ്ങൾക്ക് ഔദ്യോഗികമായി പങ്കാളിയാകാം. പദ്ധതിവരുമാനത്തിന്റെ ഒരുഭാഗം സംഘങ്ങൾക്ക് ലഭിക്കുംവിധം കരാറുണ്ടാക്കാം.
  • സർക്കാർ-തദ്ദേശ-പൊതുമേഖലാ ഫാമുകളുമായി സഹകരിച്ച് കൃഷി, പ്രിസിഷൻ ഫാമിങ്, സംസ്കരണം, കയറ്റുമതി എന്നിവയ്ക്ക് സഹകരണസംരംഭങ്ങളുണ്ടാക്കും.
  • അസിസ്റ്റഡ് ലിവിങ്, ഹോം കെയർ, പുനരധിവാസം, ജെറിയാട്രിക് ക്ലിനിക്, ഗതാഗതം തുടങ്ങിയ വയോജന പരിപാലന വ്യവസായം കെട്ടിപ്പടുക്കാൻ സഹകരണ-സ്വകാര്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും.