
കേന്ദ്രസർക്കാരിനു കീഴിലെ വിവിധ തസ്തികകളിലേക്ക് പൊതുപ്രവേശന നടത്താനായി നാഷണൽ റിക്രൂട്ട്മെന്റ് ഏജൻസി (എൻ.ആർ.എ) രൂപവത്‌കരിക്കാൻ കഴിഞ്ഞ ദിവസമാണ് കാബിനെറ്റ് അംഗീകാരം നൽകിയത്. റെയിൽവേ ഉൾപ്പെടെ കേന്ദ്രസർവീസിലെ ഗ്രൂപ്പ് സി,ഡി തസ്തികകളിലേക്കും (നോൺ ടെക്നിക്കൽ) പൊതുമേഖലാ ബാങ്കുകളിലും നിയമനം നടത്തുന്നതിനുള്ള പൊതു യോഗ്യതാ പരീക്ഷ (കോമൺ എലിജിബിലിറ്റി ടെസ്റ്റ്-സി.ഇ.ടി.) നടത്തുകയെന്നതാണ് എൻ.ആർ.എയുടെ ചുമതല.
വിവിധ ഭാഷകളിലായി വർഷത്തിൽ രണ്ടുപ്രാവശ്യം സി.ഇ.ടി. പരീക്ഷ നടത്തും. ഉദ്യോഗാർഥികൾക്ക് സി.ഇ.ടി. സ്കോറിന്റെ അടിസ്ഥാനത്തിൽ വിവിധ ഏജൻസികളിലേക്ക് അടുത്തഘട്ടം പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഉദാഹരണത്തിന് നിലവിൽ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി), റെയിൽവെ റിക്രൂട്ട്മെന്റ് ബോർഡ് (ആർ.ആർ.ബി), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സനൽ സെലക്ഷൻ (ഐ.ബി.പി.എസ്) എന്നിവയുടെ വിവിധ പരീക്ഷകൾക്ക് വെവ്വേറെ സ്ക്രീനിങ് ടെസ്റ്റിനും ഫിസിക്കൽ ടെസ്റ്റിനും ഹാജരാകേണ്ട സ്ഥിതിയാണുള്ളത്. എന്നാൽ സി.ഇ.ടി. സ്കോർ ലഭിക്കുന്ന ഉദ്യോഗാർഥികൾക്ക് നേരിട്ട് ഇവയുടെ മെയിൻ പരീക്ഷ എഴുതാം.
സ്കോറിന് മൂന്നുകൊല്ലത്തെ പ്രാബല്യമുണ്ടാകും. ഇക്കാലയളവിൽ ഉദ്യോഗാർഥികൾക്ക് നേരിട്ട് രണ്ടാംഘട്ട/ മെയിൻ പരീക്ഷ എഴുതാം. പ്രായപരിധിക്കുള്ളിലാണെങ്കിൽ എത്രപ്രാവശ്യം വേണമെങ്കിലും സി.ഇ.ടി. എഴുതി സ്കോർ മെച്ചപ്പെടുത്താം. സംവരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രായപരിധിയിൽ ഇളവ് ലഭിക്കും. നിലവിൽ എൻ.ആർ.എയ്ക്കായി 1517 കോടി രൂപയാണ് കേന്ദ്രം വകയിരുത്തിയിട്ടുള്ളത്.
Common entrance test under #NationalRecruitmentAgency will replace Tier-1 exam held by SSC, Railway Recruitment Board and IBPS and shortlist candidates for Group-B and C posts in Central Government #NRA #CabinetDecisions pic.twitter.com/Xd1eerI5Bw
— PIB India (@PIB_India) August 19, 2020
തുടക്കത്തിൽ മൂന്നു ഏജൻസികൾക്കാണ് പരീക്ഷയുടെ സ്കോർ നൽകുക. ക്രമേണ സംസ്ഥാന സർക്കാരുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യമേഖല എന്നിവയുമായും സ്കോർ പങ്കുവെക്കും. സി.ഇ.ടി. സ്കോർ, ശാരീരിക പരിശോധന, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രം റിക്രൂട്ട്മെന്റ് നടത്താനും രണ്ടാംഘട്ട പരീക്ഷ ഒഴിവാക്കാനും തയ്യാറാണെന്ന് ചില വകുപ്പുകൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
എസ്.എസ്.സി, ആർ.ആർ.ബി, ഐ.ബി.പി.എസ് എന്നിവയിൽനിന്നുള്ള പ്രതിനിധികൾ എൻ.ആർഎയിൽ ഉണ്ടാകും. ഓരോവർഷവും വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന 25 ദശലഷം ഉദ്യോഗാർഥികൾക്ക് എൻ.ആർ.എയുടെ സേവനം പ്രയോജനപ്പെടും. ഉദ്യോഗാർഥികൾക്കും പരീക്ഷ നടത്തുന്നവർക്കും സമയവും ചെലവും ലാഭിക്കാവുന്ന സംവിധാനം നിലവിൽ വരുന്നതോടെ റിക്രൂട്ട്മെന്റിലെ പല തട്ടുകൾ ഒഴിവാക്കാനാവുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.
The #NationalRecruitmentAgency will prove to be a boon for crores of youngsters. Through the Common Eligibility Test, it will eliminate multiple tests and save precious time as well as resources. This will also be a big boost to transparency. https://t.co/FbCLAUrYmX
— Narendra Modi (@narendramodi) August 19, 2020
എസ്.എസ്.സി, ആർ.ആർ.ബി, ഐ.ബി.പി.എസ് എന്നിവയ്ക്കുവേണ്ടിയാണ് എൻ.ആർ.എ ആദ്യഘട്ട പരീക്ഷ നടത്തുക. ബിരുദധാരികൾക്കും 10, 12 ക്ലാസുകൾ പാസായവർക്കുമെല്ലാം കംപ്യൂട്ടർ അടിസ്ഥാനമാക്കി മൂന്നു വെവ്വെറേ ഓൺലൈൻ പരീക്ഷകളുണ്ടാകും. പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ, റോൾ നമ്പർ/ഹാൾടിക്കറ്റ്, മെരിറ്റ് ലിസ്റ്റ് എല്ലാം ഓൺലൈനിൽ ലഭ്യമാകും.
എല്ലാ ജില്ലകളിലും ചുരുങ്ങിയത് ഒരു സി.ഇ.ടി. പരീക്ഷാകേന്ദ്രമുണ്ടാകും. രാജ്യത്ത് ആകമാനം ആയിരത്തലധികം പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. തുടക്കത്തിൽ 12 ഭാഷകളിലും ക്രമേണ എല്ലാ പ്രാദേശിക ഭാഷകളിലും പരീക്ഷ നടത്തും. ചോദ്യങ്ങൾ മൾട്ടിപ്പിൾ ചോയ്സ് ഒബ്ജക്ടീവ് ടൈപ്പ് ആയിരിക്കും. ഗ്രാമീണമേഖലയിലുള്ളവർക്കായി എൻ.ആർ.എ മോക് ടെസ്റ്റ് സംഘടിപ്പിക്കും.
എൻ.ആർ.എ പ്രാബല്യത്തിൽ വരുന്നതോടെ ഇപ്പോൾ പല തലങ്ങളിലായി നടത്തുന്ന പരീക്ഷകൾക്ക് പലയിടങ്ങളിലായി പോവുകയും ഒന്നിലേറെ തവണ ഫീസ് നൽകുകയും ചെയ്യുന്നത് ഒഴിവാകും. പരീക്ഷകൾക്കായി ഇപ്പോൾ ദീർഘദൂര യാത്ര ചെയ്യേണ്ടിവരുന്ന ഉദ്യോഗാർഥികൾക്കും ഇത് ഏറെ പ്രയോജനമാകും.
Content Highlights: How National Recruitment Agency will BenefitGovt Job Aspirants
Published: 20 Aug 2020, 04:57 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented