
രാജ്യം മറ്റൊരു പൊതുതിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചുകഴിഞ്ഞു. ബൃഹത്തായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നേതൃത്വം നല്‍കിയ ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ തലപ്പത്തിരിക്കുന്നത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണെന്ന് എത്രപേര്‍ക്കറിയാം? സമാനമായി രാജ്യത്തിലെ തന്ത്രപ്രധാനമായ പല സ്ഥാപനങ്ങളെയും നയിക്കുന്നത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ്. പ്രധാനമന്ത്രിയുടെ ഓഫീസ്, വിവിധ വകുപ്പ് തലവന്മാര്‍, ചീഫ് സെക്രട്ടറിമാര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, വിവിധ രാജ്യങ്ങളിലെ ഹൈക്കമ്മീഷണര്‍മാരും അംബാസിഡര്‍മാരും തുടങ്ങിയ സ്ഥാനങ്ങളിലെല്ലാം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തന്നെ.
സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസിനെ വിശേഷിപ്പിച്ചത് 'Steel frame of nation'എന്നാണ്.കാരണം ഇന്ത്യന്‍ ഭരണരംഗത്ത് സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതും താഴേക്കിടയില്‍ നടപ്പിലാക്കുന്നതും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ്. സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായി, രാജ്യത്തെ മുന്നോട്ടു നയിക്കുന്ന മുന്‍നിര പോരാളികളാണിവര്‍.
മിടുക്കരും സമര്‍ത്ഥരുമായ ചെറുപ്പക്കാര്‍ക്ക് രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികളാകാനുള്ള മികച്ച അവസരമാണ് സിവില്‍ സര്‍വീസ് നല്‍കുന്നത്. സാമൂഹിക സേവനത്തിനുതകുന്ന, മികച്ച തൊഴില്‍ മേഖലകള്‍ ലഭ്യമെങ്കിലും, വര്‍ദ്ധിതഫലത്തോടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കാം. ദശലക്ഷം ജീവിതങ്ങളെ നേരിട്ട് സ്വാധീനിക്കാന്‍ സിവില്‍ സര്‍വീസ് സഹായിക്കും. മറ്റു തൊഴിലുകളില്‍ നിന്നും ഭിന്നമായി വൈവിധ്യ മേഖലകളില്‍ പ്രവര്‍ത്തിക്കാനും അതിലൂടെ മികച്ച അറിവനുഭവങ്ങളുമാണ് ഉദ്യോഗാര്‍ഥികള്‍ സ്വായത്തമാകുന്നത്. മൂന്ന് 'P'കളാണ് (Perks, Permanence, Prestige) ഈ മേഖലയിലേക്ക് ഏവരെയും ആകര്‍ഷിക്കുന്നത്.
Perks - മികച്ച വേതനമാണ് ഓഫീസര്‍മാര്‍ക്ക് ലഭിക്കുന്നത്. തുടക്കത്തില്‍ തന്നെ എഴുപതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ട്. ഔദ്യോഗിക ഭവനം, വാഹനം തുടങ്ങിയ മറ്റു ആനുകൂല്യങ്ങളും ലഭ്യം.
Permanence- ആകുലതകളില്ലാതെ സുരക്ഷിതമായി ഈ ജോലിയില്‍ പ്രവേശിക്കാനാകും. കാരണം ആര്‍ട്ടിക്കിള്‍ 312 പ്രകാരം രാഷ്ട്രപതിക്ക് മാത്രമാണ് സര്‍വീസില്‍നിന്നും നിന്നും പുറത്താക്കാനുള്ള അധികാരമുള്ളത്. അത്രമാത്രമാണ് ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഉറപ്പ് നല്‍കുന്ന ജോലി സ്ഥിരതയും സുരക്ഷയും.
Prestige- സമൂഹത്തിലെ ഉന്നത ശ്രേണിയിലാണ് ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പ്രതിഷ്ഠിക്കപ്പെടുന്നത്. മറ്റു സ്വകാര്യ തൊഴില്‍ മേഖലകളേക്കാള്‍ ഉയര്‍ന്ന സ്വീകാര്യതയും സ്ഥാനവും സിവില്‍ സര്‍വീസ് പ്രദാനം ചെയ്യുന്നു. കൂടാതെ ഇതിലൂടെ മികച്ച സാമൂഹിക മൂലധനം കൂടെയാണ് കരസ്ഥമാക്കുന്നത്.
സമൂഹത്തില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? നാടിനു വേണ്ടി പ്രവര്‍ത്തിക്കാനും, സമൂഹത്തെ ക്രിയാത്മകമായി നയിക്കാനും നിങ്ങള്‍ തയ്യാറാണോ? എങ്കില്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസ് നിങ്ങള്‍ക്ക് ലഭ്യമായ ഏറ്റവും മികച്ച തൊഴില്‍ സാധ്യതയാണ്. അതുവഴി ഇന്ത്യയുടെ വികസന കുതിപ്പിന് നിങ്ങള്‍ക്കും കരങ്ങള്‍ സമര്‍പ്പിക്കാം.
അഭിരുചിയാണ് മുഖ്യം
നിങ്ങള്‍ സിവില്‍ സര്‍വീസ് തിരഞ്ഞെടുക്കാനുള്ള കാരണം എന്താണ്? എന്ന ചോദ്യം പരീക്ഷയുടെ അവസാനഘട്ടമായ അഭിമുഖത്തില്‍ ഉദ്യോഗാര്‍ഥികള്‍ നേരിടാറുണ്ട്. അതിനുള്ള ഉത്തരം ബിരുദ പഠനത്തിന് മുന്നേ തന്നെ സ്വയം കണ്ടെത്താനായാല്‍ കൂടുതല്‍ ദൃഢതയോടെ തയ്യാറെടുക്കാം. സര്‍വീസ് സമ്മാനിക്കുന്ന ഖ്യാതിയോ ആകര്‍ഷണീയതയോ മാത്രമായിരിക്കരുത് ഈ പരീക്ഷയ്ക്ക് തയ്യാറെടുക്കാനുള്ള നിങ്ങളുടെ കാരണങ്ങള്‍. മേല്‍ മഹത്വങ്ങള്‍ക്കപ്പുറം പൊതു സേവനത്തിനുള്ള, ഉത്കൃഷ്ടമായ ആഗ്രഹവും താല്പര്യവും നിങ്ങള്‍ക്കുണ്ടോ എന്ന് സത്യസന്ധമായി വിലയിരുത്തുകയും പരിശോധിക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. അല്ലാതെ, പകിട്ടില്‍ അഭിരമിച്ചുള്ള പരീക്ഷ തയ്യാറെടുപ്പ് ഇടയില്‍ കാലിടറി വീഴുന്നതിലേക്ക് നയിച്ചേക്കാം. ഇന്ത്യന്‍ സിവില്‍ സര്‍വീസ് കരിയറിനുതകുന്ന ശരിയായ അഭിരുചിയും മനോഭാവവും ഉണ്ടോ എന്ന് വിലയിരുത്താന്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാം.
1. ദേശീയ അന്തര്‍ദേശീയത തലത്തിലെ സമകാലിക സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക വാര്‍ത്തകള്‍ വായിക്കുന്നതും പിന്തുടരുന്നതും ആസ്വദിക്കാറുണ്ടോ?
- നിരന്തരമായി പുതിയ വിവരങ്ങള്‍ തേടാനുള്ള താല്‍പര്യത്തെ സൂചിപ്പിക്കുന്നു.
2. പഠനത്തിനും തയ്യാറെടുപ്പിനുമായി നീണ്ട കാലയളവ് ചിലവഴിക്കാന്‍ തയ്യാറാണോ?
- സ്ഥിരോത്സാഹവും പ്രതിബന്ധതയും ഈ പ്രക്രിയയില്‍ അത്യന്താപേക്ഷിതമാണ്.
3.ശക്തമായ വിശകലനപരവും വിമര്‍ശനാത്മകവുമായ ചിന്തശേഷിയുണ്ടോ?
- സങ്കീര്‍ണമായ പരീക്ഷ വിജയിക്കുന്നതിനും ശേഷം സര്‍വീസ് ജീവിതത്തിലും ഈ കഴിവുകള്‍ സഹായിക്കും.
4. സമൂഹത്തിന്റെ ക്ഷേമത്തിനും വികസനത്തിനും സംഭാവന ചെയ്യാന്‍ യഥാര്‍ത്ഥ ആഗ്രഹം ഉണ്ടോ?
- പൊതു സേവനത്തിനുള്ള അഭിനിവേശം സിവില്‍ സര്‍വീസ് കരിയറിലെ അടിസ്ഥാനമൂല്യമാണ്.
5.പ്രശ്‌ന പരിഹാരത്തിന് ഫലപ്രദമായ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതില്‍ നിങ്ങള്‍ മിടുക്കരാണോ?
-വിവിധ വെല്ലുവിളികള്‍ നേരിട്ട് പ്രശ്‌നപരിഹാര സാധ്യത കണ്ടെത്തുന്നതിലാണ് സിവില്‍ സര്‍വീസ് ഉദ്യോഗത്തിലെ മിടുക്ക്.
6. നല്ല ആശയവിനിമയ ശേഷിയുള്ളവരാണോ നിങ്ങള്‍?
- പരീക്ഷയിലെ മികച്ച വിജയത്തിനും ശേഷം, പൊതുജന സമ്പര്‍ക്കത്തിനും ഫലപ്രദമായ ആശയവിനിമയ ശേഷി പ്രധാനം.
7.രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളിലും വ്യത്യസ്ത സാമൂഹിക സാംസ്‌കാരിക മേഖലകളിലും ജോലി ചെയ്യാന്‍ സന്നദ്ധരാണോ നിങ്ങള്‍?
- സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ രാജ്യത്തെവിടെയും നിയോഗിക്കപ്പെട്ടേക്കാമെന്നതിനാല്‍ വിരമിക്കല്‍ പ്രായം വരെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ജോലി ചെയ്യാനുള്ള സന്നദ്ധത അനിവാര്യമാണ്.
8. ഉയര്‍ന്ന നേതൃഗുണം, ഒപ്പമുള്ളവരെ പ്രചോദിപ്പിക്കുക തുടങ്ങിയ കഴിവുകള്‍ നിങ്ങള്‍ക്കുണ്ടോ?
- കൂട്ടായ ലക്ഷ്യങ്ങളും നേട്ടങ്ങളുമായിരിക്കും ഉദ്യോഗസ്ഥര്‍ നിറവേറ്റേണ്ടത്. ആയതിനാല്‍ മേല്‍ ഗുണങ്ങള്‍ അനിവാര്യം.
9. അതീവ സമ്മര്‍ദ ഘട്ടങ്ങളില്‍ ശാന്തമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ?
-സിവില്‍ സര്‍വീസ് ഓഫീസര്‍, ആയിരക്കണക്കിന് ജീവിതങ്ങളെ ബാധിക്കുന്ന തീരുമാനങ്ങള്‍ എടുക്കേണ്ടതിനാല്‍ സമ്മര്‍ദങ്ങളെ അതിജീവിക്കാനുള്ള കഴിവുള്ളവരായി രിക്കണം.മേല്‍ ചോദ്യങ്ങള്‍ക്ക് 'അതേ' എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍,ഇന്ത്യന്‍ സിവില്‍ സര്‍വീസിന് അനുയോജ്യമായ മനോഭാവവും അഭിരുചിയുമാണ് പ്രതിഫലിപ്പിക്കുന്നത്. വെല്ലുവിളി നിറഞ്ഞതും എന്നാല്‍ പ്രതിഫലദായകവുമായ ഈ പാത തിരഞ്ഞെടുക്കണോയെന്ന് സ്വയം വിലയിരുത്താന്‍ ഈ ചോദ്യങ്ങള്‍ നിങ്ങളെ സഹായിക്കട്ടെ..
12th Fail ഒരു പാഠമാണ്
'12th Fail 'എന്ന സിനിമ ഈയിടെ വലിയ ചര്‍ച്ച വിഷയമായിരുന്നു. വെല്ലുവിളി നിറഞ്ഞ ജീവിത സാഹചര്യങ്ങളുമായി മല്ലടിച്ച് സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ച നായകന്റെ കഥയാണ് ഇതിവൃത്തം. പരീക്ഷയുടെ വ്യത്യസ്ത തലങ്ങളെ സമൂഹത്തിന് പരിചയപ്പെടുത്താന്‍ , ഈ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. എങ്കിലും പരീക്ഷയെ ആഴത്തില്‍ പഠിച്ച് വിവിധ തലങ്ങളെ കുറിച്ച് വിശദമായി മനസ്സിലാക്കല്‍ ഉദ്യോഗാര്‍ത്ഥികളെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള നടപടിയാണ്.
ഇന്ത്യന്‍ ഭരണസംവിധാനം നയിക്കാന്‍ സമര്‍ത്ഥരെ കണ്ടെത്താന്‍, Union Public Service Commission (UPSC ) എന്ന ഭരണഘടനാ സ്ഥാപനം വര്‍ഷാവര്‍ഷം നടത്തുന്ന പരീക്ഷയാണ് സിവില്‍ സര്‍വീസ് എക്‌സാമിനേഷന്‍. 21 വയസ്സ് പൂര്‍ത്തിയാക്കിയ ബിരുദ്ധധാരികള്‍ക്ക് അപേക്ഷിക്കാം.100 രൂപയാണ് അപേക്ഷ ഫീസ്. SC-ST വിഭാഗക്കാര്‍,പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് ഫീസില്ല.പ്രൊഫഷണല്‍/ആര്‍ട്‌സ് തുടങ്ങിയ വ്യത്യാസമില്ലാതെ, എല്ലാ ബിരുദവും യോഗ്യതയായി കണക്കാക്കും. ജനറല്‍ കാറ്റഗറിക്ക്, 32 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. ഒ ബി സി 35, എസ് സി എസ് ടി 37, എന്നിങ്ങനെയാണ് മറ്റു വിഭാഗക്കാരുടെ ഉയര്‍ന്ന പ്രായപരിധി. ജനറല്‍ കാറ്റഗറിക്ക് പരമാവധി 6 തവണയും ഒ ബി സിക്ക് 9 തവണയും പരീക്ഷ എഴുതാന്‍ അനുവദിക്കും. എസ് സി എസ് ടി വിഭാഗക്കാര്‍ക്ക് തവണ പരിധിയില്ല.
21 വയസ്സ് തികഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ബിരുദം പൂര്‍ത്തിയാക്കുന്ന അതേവര്‍ഷം തന്നെ പരീക്ഷയ്ക്ക് അപേക്ഷിക്കാനാകും. പരീക്ഷയുടെ രണ്ടാംഘട്ടമായ മെയിന്‍ പരീക്ഷയ്ക്ക് മുന്നേ ബിരുദഫലം ലഭ്യമായിരിക്കണമെന്ന് മാത്രം. പരീക്ഷയ്ക്ക് അപേക്ഷിക്കുന്നത് attempt ആയി കണക്കാക്കില്ല, പ്രീലിമിനറി പരീക്ഷ എഴുതിയാല്‍ മാത്രമാണ് attempt ആയി പരിഗണിക്കുക.
പൊതുവില്‍ ഐഎഎസ് പരീക്ഷ എന്നാണ് അറിയപ്പെടുന്നതെങ്കിലും ഐഎഎസ്, ഐപിഎസ്, ഐആര്‍എസ്, ഐഎഫ്എസ്, ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട് സര്‍വീസ്, ഇന്ത്യന്‍ റെയില്‍വേ ആന്‍ഡ് മാനേജ്‌മെന്റ് സര്‍വീസ് തുടങ്ങിയ ഇരുപതില്‍പരം സര്‍വീസുകളിലേക്കുള്ള പരീക്ഷയാണ് സിവില്‍ സര്‍വീസ് എക്‌സാമിനേഷന്‍.മൂന്നു ഘട്ടങ്ങളാണ് പരീക്ഷക്കുള്ളത്. Preliminary, Mains, Perosnality Test.ഓരോ ഘട്ടം വിജയിക്കുന്നവര്‍ മാത്രമാണ് അടുത്തഘട്ടംത്തിലേക്ക് യോഗ്യത നേടുക.
പ്രിലിമിനറി - രണ്ടു പേപ്പറുകളാണ് പ്രിലിമിനറി പരീക്ഷയ്ക്ക് ഉള്ളത്. രണ്ടും മള്‍ട്ടിപ്പിള്‍ ചോയ്‌സ് പേപ്പറുകളാണ്. തന്നിരിക്കുന്ന ഓപ്ഷന്‍സില്‍ നിന്നും, ശരിയുത്തരം തെരഞ്ഞെടുക്കുന്ന പ്രക്രിയ. ഒന്നാമത്തെ പേപ്പര്‍ ജനറല്‍ സ്റ്റഡീസും (GS), രണ്ടാമത്തേത് സിവില്‍ സര്‍വീസ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും (CSAT). ഇരു പേപ്പറുകളിലും നെഗറ്റീവ് മാര്‍ക്കിംഗ് ഉണ്ട്. തെറ്റുത്തരങ്ങള്‍ക് മാര്‍ക്ക് കുറയുമെന്നര്‍ത്ഥം.
ജനറല്‍ സ്റ്റഡീസ് പേപ്പര്‍ 1ല്‍, Economy, Environment, Polity, Science and tech, History, Geography, Agriculture തുടങ്ങിയ മേഖലകളിലെ പൊതുവിജ്ഞാനമാണ് അളക്കുന്നത്. 200 ചോദ്യങ്ങള്‍ ആയിരിക്കും. ഒരു ശരിയുത്തരത്തിന് രണ്ടു മാര്‍ക്ക് ലഭിക്കുകയും, തെറ്റുത്തരത്തിന് 0.66 മാര്‍ക്ക് നഷ്ട്ടപെടുകയും ചെയ്യും. പേപ്പര്‍ ഒന്നിലെ, UPSC തീരുമാനിക്കുന്ന നിശ്ചിത കട്ട് ഓഫ് മാര്‍ക്ക് മറികടക്കുന്നവര്‍ മാത്രമാണ് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. കട്ട് ഓഫ് മാര്‍ക്ക് ഓരോ വര്‍ഷവും വ്യത്യാസപ്പെടും.
CSAT- പേപ്പര്‍ ഒന്നില്‍ നിന്നും വ്യത്യസ്തമായി പേപ്പര്‍ 2 ക്വാളിഫൈയിങ് പേപ്പറാണ്. അതായത് 66 മാര്‍ക്ക് നേടിയാല്‍ യോഗ്യത നേടാം. മൊത്തം 80 ചോദ്യങ്ങള്‍. ശരിയുത്തരത്തിന് 2.5 മാര്‍ക്ക് ലഭിക്കുകയും തെറ്റുത്തരത്തിന് 0.83 നഷ്ടപ്പെടുകയും ചെയ്യും.Quantitative ability, Logical reaosning, Comprehension എന്നിവയാണ് ഈ പേപ്പറില്‍ അളക്കുന്നത്. പ്രിലിംസ് പരീക്ഷ വിജയിക്കുന്നവര്‍ക്ക്, mains പരീക്ഷ എഴുതാം .
Mains-Prelims പരീക്ഷ MCQ ആണെങ്കില്‍ മെയിന്‍, ഡിസ്‌ക്രിപ്റ്റീവ് പരീക്ഷയാണ്. അതായത് എഴുത്തു പരീക്ഷയാണ്. മൊത്തം 9 പേപ്പറുകളാണ് ഉള്ളത്. ഇതിലെ രണ്ടു പേപ്പറുകള്‍ ലാംഗ്വേജ് പേപ്പറുകളാണ് , അവ ക്വാളിഫയിങ്ങ് പേപ്പര്‍ ആണ്. ഒന്ന് ഇംഗ്ലീഷ്, മറ്റൊന്ന് ഉദ്യോഗാര്‍ത്ഥി തിരഞ്ഞെടുക്കുന്ന ഏതെങ്കിലും പ്രാദേശിക ഭാഷ. സാമാന്യമായി എഴുതാനും വായിക്കാനുമുള്ള കഴിവിനെയാണ് ഈ രണ്ടു പേപ്പറുകളില്‍ അളക്കുന്നത്. 300 ല്‍ 75 മാര്‍ക്ക് നേടിയാല്‍ ഈ രണ്ടു പേപ്പറുകളില്‍ യോഗ്യത നേടാം. ശേഷിക്കുന്ന ഏഴു പേപ്പറുകള്‍ ഇവയാണ് Essay, ജിഎസ്1, ജി എസ് 2, ജിഎസ്3, ജി എസ് 4 കൂടാതെ ഓപ്ഷണല്‍ വിഷയത്തില്‍ (ഐച്ഛിക വിഷയം) 2 പേപ്പറുകളും.
യുപിഎസ്സി അനുവദിക്കുന്ന 47 ഓളം വിഷയങ്ങളില്‍ നിന്ന് ഉദ്യോഗാര്‍ഥിക്ക് താല്പര്യമുള്ള ഏതു വിഷയവും ഐച്ഛികവിഷയമായി തിരഞ്ഞെടുക്കാം.
ജിഎസ് & ഓപ്ഷണല്‍ പേപ്പറുകളില്‍, 3 മണിക്കൂറില്‍ 20 ചോദ്യങ്ങള്‍ക്ക് ചെറു ഉപന്യാസ രീതിയില്‍ ഉത്തരം എഴുതണം. ഓരോ ചോദ്യത്തിനും രണ്ടോ മൂന്നോ പുറത്തായിരിക്കണം ഉത്തരം എഴുതേണ്ടത്. Essay പേപ്പറില്‍ രണ്ടു വലിയ ഉപന്യാസം, മൂന്നു മണിക്കൂറില്‍ എഴുതിത്തീര്‍ക്കണം. ലാംഗ്വേജ് പേപ്പര്‍ ഒഴികെയുള്ള ഏഴ് പേപ്പറില്‍ ഓരോന്നിനും 250 മാര്‍ക്ക് വീതം മൊത്തം 1750 മാര്‍ക്ക് ആണ് മെയിന്‍സ് പരീക്ഷയിലെ പരമാവധി മാര്‍ക്ക്. ലാംഗ്വേജ് പേപ്പറില്‍ 75 മാര്‍ക്ക് വീതം നേടി യോഗ്യത നേടിയാല്‍ മാത്രം മതി. അവ മൊത്തം മാര്‍ക്കില്‍ ഉള്‍പ്പെടുത്തുന്നതല്ല.
പേഴ്‌സണാലിറ്റി ടെസ്റ്റ്- ഏറ്റവും അവസാന ഘട്ടമാണ് ഇന്റര്‍വ്യൂ എന്നറിയപ്പെടുന്ന പേഴ്‌സണാലിറ്റി ടെസ്റ്റ്. UPSC ബോര്‍ഡ് മെമ്പര്‍ അടങ്ങുന്ന 5-6 പേര് ചേര്‍ന്ന് 30 മിനിറ്റോളം ഉദ്യോഗാര്‍ഥിയോട് സംവദിക്കുന്നതാണ് പേഴ്‌സണാലിറ്റി ടെസ്റ്റ്. 275 ആണ് പരമാവധി മാര്‍ക്ക്.ഇന്റര്‍വ്യൂവിന് ശേഷം യോഗ്യരായ വിദ്യാര്‍ഥികള്‍ യു പി എസ് സി പ്രസിദ്ധീകരിക്കുന്ന റാങ്ക് പട്ടികയില്‍ ഇടം പിടിക്കും. മെയിന്‍സിലെ 1750 മാര്‍ക്കും, കൂടെ ഇന്റര്‍വ്യൂയിലെ 275 മാര്‍ക്കും ചേര്‍ത്ത് മൊത്തം 2025 ആണ് പരമാവധി മാര്‍ക്ക്. പ്രിലിമിനറി പരീക്ഷയുടെ മാര്‍ക്ക് ടോട്ടല്‍ മാര്‍ക്കില്‍ ഉള്‍പ്പെടുത്തുന്നതല്ല.
പരീക്ഷയെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാം
സൂര്യന് താഴെയുള്ള മുഴുവന്‍ കാര്യങ്ങളെക്കുറിച്ചും സിവില്‍ സര്‍വീസുകാരന് അറിയണം, ദിവസവും 20 മണിക്കൂര്‍ പഠിക്കണം, തുടങ്ങിയ പല തെറ്റിദ്ധാരണകളും ഈ പരീക്ഷയെപ്പറ്റി നിലവിലുണ്ട്. UPSC ഇന്റര്‍വ്യൂ ചോദ്യം എന്ന പേരില്‍ പല കടങ്കഥ ചോദ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് കാണാം. എന്നാല്‍ ഇവയെല്ലാം തീര്‍ത്തുംതെറ്റാണ്.സിവില്‍ സര്‍വീസ് പരീക്ഷക്ക് വ്യക്തമായ സിലബസ് UPSC നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഓരോ വര്‍ഷവും പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തിലിത് വായിക്കാം . സൂര്യന് കീഴിലുള്ള എല്ലാം അറിയേണ്ടതില്ല , പകരം സിലബസിലുള്ളത് മാത്രം പഠിച്ചാല്‍ മതി. ദിവസം എത്ര മണിക്കൂര്‍ പഠിക്കണമെന്ന് തീര്‍ത്തും പഠിതാവിന്റെ ബൗദ്ധിക നിലവാരമനുസരിച്ച് തീരുമാനിക്കപ്പെടേണ്ടതാണ്. ദിവസവും 20 മണിക്കൂര്‍ പഠിക്കുക, സൂര്യന് കീഴിലുള്ള മുഴുവന്‍ കാര്യങ്ങള്‍ അറിയുക,എന്നത് മനുഷ്യസാധ്യമല്ല. നാം സമര്‍പ്പിച്ച വിശദമായ അപേക്ഷാഫോമിലുള്ള വിവരങ്ങളെ സംബന്ധിച്ചും മറ്റു സമകാലിക വിഷയങ്ങളെ കുറിച്ചുമായിരിക്കും ഇന്റര്‍വ്യൂ ചോദ്യങ്ങള്‍. അല്ലാതെ കടംകഥകളോ കണക്കിലെ ചോദ്യങ്ങളോ അല്ല. ഇത്തരം തെറ്റിദ്ധാരണകളില്‍ അകപ്പെടാതെ പരീക്ഷയെ ആഴത്തില്‍ മനസ്സിലാക്കുകയാണ് ഉദ്യോഗാര്‍ഥികള്‍ ചെയ്യേണ്ടത്.
സിവില്‍ സര്‍വീസ് പരീക്ഷയുടെ 3 ഘട്ടങ്ങളും പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷത്തോളം സമയം ആവശ്യമാണ്,എന്നത് മറ്റു മത്സരപരീക്ഷകളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നു. ഫെബ്രുവരി മാസത്തില്‍ UPSC പരീക്ഷ വിജ്ഞാപനം പുറപ്പെടുവിക്കും. ഏകദേശം ഒരു മാസത്തോളം സമയമായിരിക്കും അപേക്ഷിക്കാന്‍ ലഭിക്കുക.മെയ് അവസാന വാരമോ ജൂണ്‍ ആദ്യവാരമോ ആയിരിക്കും പ്രിലിമിനറി പരീക്ഷ. രാവിലെ ജി എസ് 1, ഉച്ചയ്ക്ക് CSAT എന്നിങ്ങനെയായിരിക്കും സമയ ക്രമീകരണം. കേരളത്തില്‍ കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി തുടങ്ങിയ സ്ഥലങ്ങളായിരിക്കും പരീക്ഷാകേന്ദ്രങ്ങള്‍. 11 മുതല്‍ 12 ലക്ഷത്തോളം പേര്‍ അപേക്ഷിക്കുന്നതില്‍, നാലര മുതല്‍ അഞ്ചര ലക്ഷത്തോളം പേര്‍ പ്രിലിമിനറി പരീക്ഷ എഴുതാറുണ്ട്. ഏകദേശം മൂന്ന് ആഴ്ചകള്‍ക്ക് ശേഷം ഫലം പ്രഖ്യാപിക്കും.
പ്രസ്തുത വര്‍ഷം പ്രഖ്യാപിച്ച ഒഴിവുകളുടെ ഏകദേശം 12 മുതല്‍ 13 ഇരട്ടിയോളം പേരെ മെയിന്‍ പരീക്ഷ എഴുതാനനുവദിക്കും. ശരാശരി 12,000 മുതല്‍ 15,000 വരെയായിരിക്കും ഓരോ വര്‍ഷവും മെയിന്‍സ് എഴുതുന്നവരുടെ എണ്ണം. പ്രിലിമിനറിക്ക് മൂന്നു മാസങ്ങള്‍ക്ക്,ശേഷം മെയിന്‍സ് പരീക്ഷ. സാധാരണയായി സെപ്റ്റംബര്‍ മാസത്തിലെ 5 വാരാന്ത്യ ദിവസങ്ങളില്‍ ആയിക്കും പരീക്ഷ. വെള്ളിയാഴ്ച Essay, ശനി ഞായര്‍ ദിവസങ്ങളില്‍, GS പേപ്പറുകള്‍. അഞ്ച് ദിവസത്തിനു ശേഷം അടുത്ത ശനി, ലാംഗ്വേജ് പേപ്പറും ഐച്ഛിക വിഷയവും. കേരളത്തില്‍ തിരുവനന്തപുരമാണ് മെയിന്‍സ് പരീക്ഷ കേന്ദ്രം.രണ്ട് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഡിസംബറോടുകൂടി മെയിന്‍ പരീക്ഷഫലം പ്രഖ്യാപിക്കും.2500 ഓളം ഉദ്യോഗാര്‍ത്ഥികളാണ് ഇന്റര്‍വ്യൂവിന് യോഗ്യത നേടുന്നത്.ഡല്‍ഹിയിലെ UPSC ഭവനില്‍, ജനുവരിയോടു കൂടെ ഇന്റര്‍വ്യൂ തുടങ്ങുകയും, ദിവസവും 50 മുതല്‍ 60 പേരെ വ്യത്യസ്ത ബോര്‍ഡുകളില്‍ ഇന്റര്‍വ്യൂ ചെയ്ത്, മൂന്നുമാസം കൊണ്ട് മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളുടെയും അഭിമുഖം പൂര്‍ത്തീകരിച്ച് , ഏപ്രില്‍ അവസാനമോ, അല്ലെങ്കില്‍ മെയ് ആദ്യവാരമോ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത അഞ്ചില്‍ രണ്ടുപേര് എന്ന തോതില്‍ റാങ്ക് ലിസ്റ്റില്‍ ഇടം പിടിക്കാറുണ്ട്.റാങ്ക് അനുസരിച്ചാണ് വ്യത്യസ്ത സര്‍വീസുകള്‍ അനുവദിക്കുന്നത്. അവസാന നാലു വര്‍ഷ ട്രെന്‍ഡനുസരിച്ച് ആദ്യ 80 മുതല്‍ 90 പേര്‍ക്ക് ഐഎഎസ് / ഐ എഫ് എസ് അനുവദിക്കാറുണ്ട്. 250 റാങ്കിനകത്തുള്ളവര്‍ക്ക് വരെ ഐപിഎസ് ലഭിച്ചേക്കാം.
മലയാളത്തില്‍ എഴുതാമോ?
പ്രിലിമിനറി പരീക്ഷയുടെ ചോദ്യങ്ങള്‍ ഹിന്ദി& ഇംഗ്ലീഷ് ഭാഷയില്‍ ആയിരിക്കും. പക്ഷേ മെയിന്‍ പരീക്ഷ മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളില്‍ എഴുതാവുന്നതാണ്. പ്രാദേശിക ഭാഷകളില്‍ ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാനുള്ള സൗകര്യം യു പി എസ് സി ഒരുക്കുന്നുണ്ട്. കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും കേരളത്തില്‍ നിന്ന് 400 ഓളം ഉദ്യോഗാര്‍ത്ഥികള്‍ മെയിന്‍സ് പരീക്ഷയ്ക്ക് യോഗ്യത നേടാറുണ്ട്, പത്തോ പതിനഞ്ചോ പേരായിരിക്കും മലയാള മാധ്യമത്തില്‍ എഴുതുന്നവര്‍, 95% മുകളില്‍ ഇംഗ്ലീഷ് ഭാഷയാണ് മെയിന്‍സ് പരീക്ഷയില്‍ കൂട്ടുപിടിക്കുന്നത് എന്ന് വ്യക്തം. ഓരോ വര്‍ഷവും ഇന്റര്‍വ്യൂയില്‍ പങ്കെടുക്കുന്ന ഒന്നോ രണ്ടോ പേര് മാത്രമാണ് മലയാളം തിരഞ്ഞെടുക്കാറുള്ളത്. പരീക്ഷ മാധ്യമമായി മലയാളം തിരഞ്ഞെടുക്കാമെങ്കിലും, തയ്യാറെടുപ്പിന് ആവശ്യമായ പുസ്തകങ്ങളും പഠന മെറ്റീരിയലുകളും ഇംഗ്ലീഷിലാണ് എളുപ്പത്തില്‍ ലഭ്യമാകുന്നത്, എന്നതാണ് ഇതിന് പിന്നിലുള്ള കാരണം.
ഡിഗ്രി യോടൊപ്പം ഐഎഎസ്
ടീന ദബി എന്ന 22 വയസ്സുകാരി 2015ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി, വാര്‍ത്തകളില്‍ ഇടംപിടിച്ചു. പലരും മൂന്നോ നാലോ ശ്രമത്തില്‍ പരീക്ഷ വിജയിക്കുമ്പോള്‍, ടീന ദബി ഒന്നാമത്തെ ശ്രമത്തില്‍ തന്നെ സ്വപ്നതുല്യമായ നേട്ടം കൈവരിച്ചു. ഇതിനെ ടീന ദബിയെ സഹായിച്ചത് ഡിഗ്രി തലം മുതല്‍ തുടങ്ങിയ ചിട്ടയായ പഠനമാണ്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ലേഡീ ശ്രീറാം കോളേജ് ഫോര്‍ വുമണ്‍സില്‍ ബി. എ പൊളിറ്റിക്കല്‍ സയന്‍സ് പഠിക്കുന്നതോടൊപ്പം സിവില്‍ സര്‍വീസ് പരീക്ഷയുടെ തയ്യാറെടുപ്പും ആരംഭിച്ചിരുന്നു.
എന്തുകൊണ്ട് ഡിഗ്രിയോടൊപ്പം?
ഒന്നും രണ്ടും ശ്രമത്തില്‍ തന്നെ പരീക്ഷ വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് തയ്യാറെടുപ്പിനായി രണ്ടോ മൂന്നോ വര്‍ഷം ആവശ്യമായി വരാറുണ്ട്. ഒന്നോ രണ്ടോ വര്‍ഷം പഠിക്കാനും അടുത്തവര്‍ഷം പരീക്ഷ എഴുതാനും. ബിരുദത്തിന് ശേഷം/ ബിരുദാനന്തര ബിരുദത്തിനു ശേഷം/ മറ്റൊരു ജോലിയില്‍ പ്രവേശിച്ച്/ മുപ്പതുകളുടെ തുടക്കത്തില്‍ ഇങ്ങനെ ഏതു സാഹചര്യങ്ങളിലും തയ്യാറെടുപ്പ് ആരംഭിക്കാമെങ്കിലും, ബിരുദത്തോടൊപ്പം തയ്യാറെടുക്കുന്നതിനു ഒട്ടേറെ ഗുണങ്ങള്‍ ഉണ്ട്.
- ഏറ്റവും വേഗത്തില്‍ സര്‍വീസില്‍ പ്രവേശിക്കാനാകും .
- ഡിഗ്രിയോടൊപ്പം തയ്യാറെടുക്കുന്നതിനാല്‍ പരീക്ഷ പഠനത്തിന് മാത്രമായി വര്‍ഷങ്ങള്‍ നഷ്ടപ്പെടുത്തേണ്ട.
- സിലബസ് പ്രകാരം പഠിക്കുന്നതിന് വിപുലമായ സമയം ലഭിക്കും.
- പരീക്ഷയ്ക്ക് ആവശ്യമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിന് ബിരുദകാലം വിനിയോഗിക്കാം.
- ഓപ്ഷണല്‍ പേപ്പര്‍ വിശദമായി പഠിക്കാനുള്ള അവസരം.
ഏതു ബിരുദം പഠിക്കണം?
ഏതു വിഷയത്തിലുള്ള ബിരുദധാരികള്‍ക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. സ്വന്തം അഭിരുചിക്കിണങ്ങിയ, ആത്മാര്‍ത്ഥ താല്പര്യമുള്ള വിഷയമാണ് ബിരുദത്തിന് തിരഞ്ഞെടുക്കേണ്ടത്.മെഡിക്കല്‍സയന്‍സ്, ആര്‍ട്‌സ്, സയന്‍സ്, എന്‍ജിനീയറിങ് അങ്ങനെ എന്തുമാകാം. പരീക്ഷയില്‍ ഒരു ബിരുദത്തിനും സവിശേഷമായ മേല്‍കൈ ഇല്ലെങ്കിലും സിവില്‍ സര്‍വീസ് ലക്ഷ്യം വെക്കുന്ന വിദ്യാര്‍ത്ഥികള്‍, ഡിഗ്രി പഠനത്തിന് ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി തുടങ്ങിയ വിഷയങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. നിങ്ങളുടെ അഭിരുചിക്കിണങ്ങിയ വിഷയങ്ങളാണിവയെങ്കില്‍, ബിരുദ പഠനവും പരീക്ഷാ തയ്യാറെടുപ്പും കൂടുതല്‍ ഒത്തിണക്കത്തോടെ മുന്നോട്ടുകൊണ്ടുപോകാനാകും. കാരണം ഇവ രണ്ടിലും സമാന വിഷയങ്ങള്‍ പഠിക്കുന്നതിനാല്‍ സമയം, പരിശ്രമം എന്നിവ ലാഭിക്കുകയും സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ശക്തമായ അടിത്തറ നല്‍കുകയും ചെയ്യും. മറിച്ച് അഭിരുചി പരിഗണിക്കാതെ, പരീക്ഷ തയ്യാറെടുപ്പിന് സഹായകരമായേക്കാം എന്ന് മാത്രം ചിന്തിച്ച്, മുകള്‍ ബിരുദ വിഷയങ്ങള്‍ തിരഞ്ഞെടുക്കല്‍ മികച്ച തീരുമാനമായേക്കില്ല. വ്യക്തിപരമായ താല്പര്യങ്ങള്‍ പരിഗണിക്കാതെ, തയ്യാറെടുപ്പ് മാത്രം അടിസ്ഥാനമാക്കി, ഇത്തരം ബിരുദ വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നത് പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കാം.താല്പര്യത്തോടെ പഠിക്കാന്‍ സാധിക്കുന്ന വിഷയങ്ങള്‍ മാത്രം, ബിരുദത്തിന് തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
എവിടെ പഠിക്കണം?
വിദൂര വിദ്യാഭ്യാസത്തിലൂടെ ബിരുദം നേടുന്നത് പോലും പരീക്ഷ എഴുതാനുള്ള യോഗ്യതയാണ്. എങ്കിലും ഐഐടി, AIIMS, IISC, JNU, DU തുടങ്ങിയ ഇന്ത്യയിലെ മുന്‍നിര സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ കൂടുതല്‍ നേട്ടം കൊയ്യാറുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ ഉയര്‍ന്ന നിലവാരം ഉള്ള വിദ്യാഭ്യാസം, വിദഗ്ധ അധ്യാപകര്‍, ലൈബ്രറി പോലെയുള്ള വിപുലമായ സൗകര്യങ്ങള്‍, മറ്റു സാധാരണ സ്ഥാപനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മത്സരാധിഷ്ഠിത അന്തരീക്ഷവും, സഹപാഠികളും തുടങ്ങിയവ പരീക്ഷാ തയ്യാറെടുപ്പിന് കൂടുതല്‍ അടിത്തറ പാകും. ചുരുക്കത്തില്‍ ഇത്തരം മുന്‍നിര സ്ഥാപനങ്ങള്‍ വിദ്യാർഥിയുടെ സമഗ്രമായ വികസനവും വിമര്‍ശനാത്മക ചിന്തയും പരിപോഷിപ്പിക്കുന്നു. ഇവയെല്ലാം സിവില്‍ സര്‍വീസ് തയ്യാറെടുപ്പിന് സഹായദായകമാണ്.
ബിരുദത്തോടൊപ്പം എങ്ങനെ പഠിക്കാം
തയ്യാറെടുപ്പിനായി ചുരുങ്ങിയത് മൂന്നു വര്‍ഷമെങ്കിലും ബിരുദക്കാര്‍ക്ക് ലഭിക്കുമല്ലോ. കൃത്യമായ പഠനപദ്ധതി ആവിഷ്‌കരിച്ച് മിടുക്കോടെ, സിലബസ് ആഴത്തില്‍ പഠിക്കാനും അറിയാനുമാണ് ആദ്യം ശ്രമിക്കേണ്ടത്. സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥിയുടെ ബൈബിളാണ് പരീക്ഷ സിലബസ്. സ്വന്തം കൈപ്പടയില്‍ സിലബസ് എഴുതിയെടുക്കുന്നത് ഉപകാരപ്പെടും. പലയാവര്‍ത്തി വായിച്ച് ഗൃഹപാഠമാക്കുകയോ, പദാനുപദം പരിചയപ്പെടുകയോ ചെയ്യാം. മികച്ച ഉദ്യോഗാര്‍ഥിക്ക് സിലബസിലെ മുഴുവന്‍ പദങ്ങളും പരിചിതമായിരിക്കണം. ഓരോ വാക്കുമായി ബന്ധപ്പെട്ട് ചുരുങ്ങിയത് അഞ്ചോ ആറോ വരിയില്‍ സംസാരിക്കാനോ എഴുതാനോ സാധിക്കുമ്പോഴാണ് സിലബസ് പൂര്‍ണമായും പഠിക്കുന്നത്. സ്മാര്‍ട്ട് സ്റ്റഡി പ്ലാന്‍ ആവിഷ്‌കരിക്കാനും ഉചിതമായ സ്റ്റഡി മെറ്റീരിയലുകള്‍ തിരഞ്ഞെടുക്കാനും, അപ്രസക്തമായവ ഒഴിവാക്കി,പരീക്ഷ ആവശ്യപ്പെടുന്നത് മാത്രം പഠിക്കാനും സിലബസിനോടുള്ള പരിചയമനിവാര്യം. സിലബസ് ലിങ്ക് - https://upsc.gov.in/sites/default/files/Notif-CSP-24-engl-140224.pdf
NCERT പാഠപുസ്തകങ്ങള്‍ വായിക്കാം
ദുര്‍ബലമായ അടിത്തറയില്‍ വലിയ കെട്ടിടം പണിയാന്‍ കഴിയില്ലല്ലോ. സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇത് ബാധകമാണ്.തയ്യാറെടുപ്പിനുള്ള അടിസ്ഥാന വായനാ പുസ്തകങ്ങളാണ്, എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍. ലളിതഭാഷയില്‍ തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകങ്ങള്‍ ആശയങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കാന്‍ സഹായിക്കും. അടിസ്ഥാന വിഷയങ്ങളില്‍ മികച്ച ആശയ വ്യക്തത ഉറപ്പുവരുത്താന്‍ NCERT പുസ്തകങ്ങള്‍ നിര്‍ബന്ധമായും വായിച്ചിരിക്കണം. പലപ്പോഴും NCERT പുസ്തകങ്ങളില്‍ നിന്ന് നേരിട്ട് ചോദ്യങ്ങള്‍ വരാറുണ്ട്. തയ്യാറെടുപ്പിന്റെ ആദ്യഘട്ടത്തില്‍ NCERT പുസ്തകങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. ക്ലാസ് ആറു മുതലുള്ള ഹിസ്റ്ററി, ജോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്,എക്കണോമിക്‌സ്, സയന്‍സ് തുടങ്ങിയ പുസ്തകങ്ങളാണ് വായിക്കേണ്ടത്.
ഏതെല്ലാം NCERT പുസ്തകങ്ങള്‍ പഠിക്കണം
Class 6
1. Social and Political Life
2. The Earth our Habitat
3. Our Pasts-I
Class 7
1. Social and Political Life
2. Our Environment
3. Our Pasts-II
Class 8
1. Social and Political Life
2. Reosurce and Development
3. Our Pasts-III
Class 9
1. Democratic Politics-I
2. Economics
3. Contemporary India-I
4. India and the Contemporary World-I
Class 10
1. Democratic Politics II
2. Understanding Economic Development
3. Contemporary India II
4. India & Contemporary World-II
Class 11
1. India Physical Environment
2. Fundamentals of Physical Geography
3. Introducing Sociology
4. Understanding Society
5. Political Theory
6. Indian Constitution at Work
7. Indian Economic Development
8. Knowledge Tradition Practices of India (ആദ്യ നാല് പാഠങ്ങള്‍ മാത്രം )
9. An Introduction to Indian Art Part-I
Class 12
1. Themes in Indian History I
2. Themes in Indian History II
3. Themes in Indian History III
4. Fundamentals of Human Geography
5. India - People and Economy
6. Indian Society
7. Social Change & Development in India
8. Contemporary World Politics
9. Politics in India since Independence
10. Introductory Macroeconomics
11. Introductory Microeconomics
12. Biology - Chapters 7 to 13
Tamil Nadu textbooks class 11 and 12- Ancient and Medieval.
എങ്ങിനെ വായിക്കാം?
- അടിസ്ഥാന ആശയങ്ങള്‍ മനസ്സിലാക്കാന്‍ ഒരാവൃത്തി വായിക്കുക.പ്രധാന പോയിന്റുകള്‍, നിര്‍വചനങ്ങള്‍, തീയതികള്‍, വസ്തുതകള്‍ എന്നിവ ആവശ്യമെങ്കില്‍ അടിവരയിടാം.ഇത്തവണ കൂടുതല്‍ ശ്രദ്ധയോടെ വിശദാംശങ്ങളിലേക്ക് ഇറങ്ങിച്ചെന്നു വായിക്കണം. ഒപ്പം തന്നെ ചെറു കുറിപ്പുകളും തയ്യാറാക്കാം. കുറിപ്പുകള്‍ നീണ്ടു പോകാതിരിക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്തണം.
- റിവിഷന്‍ പ്ലാന്‍ തയ്യാറാക്കി കൃത്യമായ ഇടവേളകളില്‍ വീണ്ടും വായിക്കണം. മുന്‍പ് എഴുതിവെച്ച ചെറു കുറിപ്പുകളും അടിവരയിട്ട ഭാഗങ്ങള്‍ക്കും പ്രാധാന്യം നല്‍കാം.
ദിവസവും പത്രം വായിക്കാം
പരീക്ഷ വിജയത്തിന് ബഹുമുഖ സമീപനമാണ് സ്വീകരിക്കേണ്ടത്. പത്രവായന ഇതിലെ അഭിവാജ്യ ഘടകമാണ്. പൊതുവിജ്ഞാനം വര്ധിക്കുന്നതിനോടൊപ്പം, ആനുകാലിക രാഷ്ട്രീയ, സാമൂഹിക, പാരിസ്ഥിതിക സംഭവവികാസങ്ങള്‍ കൃത്യമായി വിശകലനം ചെയ്യാനും, പത്രവായന സഹായിക്കും. വിഷയങ്ങളിലുള്ള കേവല ധാരണകള്‍ക്കപ്പുറം, വിമര്‍ശനാത്മകവും വിശകലനപരവുമായ ചിന്തയും പരീക്ഷ ആവശ്യപ്പെടുന്നുണ്ട്. എഡിറ്റോറിയല്‍, വിദഗ്ധ കോളങ്ങള്‍ എന്നിവ വിശകലനം ചെയ്യുന്നതിലൂടെ ബഹുമുഖ പ്രശ്‌നങ്ങളും, കാഴ്ചപ്പാടുകളും മനസ്സിലാക്കാനും വ്യത്യസ്ത വീക്ഷണ കോണില്‍ നിന്ന് ചിന്തിക്കാനും, വിശകലനശേഷി വര്‍ദ്ധിപ്പിക്കാനുമാകും. മെയിന്‍സ്, ഇന്റര്‍വ്യൂ ഘട്ടത്തില്‍ ഈ കഴിവുകള്‍, തീര്‍ച്ചയായും പ്രയോജനപ്പെടും.
പത്രം എങ്ങനെ വായിക്കാം
പരീക്ഷ വീക്ഷണത്തില്‍ ആയിരിക്കണം ഉദ്യോഗാര്‍ത്ഥികള്‍ പത്രം വായിക്കേണ്ടത് സിലബസ് ഗ്രഹിച്ച് പത്രത്തിലെ വാര്‍ത്തകള്‍ സിലബസിനോട് ബന്ധപ്പെടുത്തി വായിക്കുന്നതിലാണ് മിടുക്ക്. രാഷ്ട്രീയം, സമ്പദ്ഘടന,ശാസ്ത്രം,സാങ്കേതികവിദ്യ, പരിസ്ഥിതി,സാമൂഹിക പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളും,ദേശീയ അന്തര്‍ ദേശീയ, പ്രാധാന്യമുള്ള വാര്‍ത്തകളും ശ്രദ്ധ കേന്ദ്രീകരിക്കണം.സര്‍ക്കാര്‍ നയങ്ങള്‍,ഇന്ത്യയുടെ രാജ്യാന്തര ബന്ധങ്ങള്‍, വ്യത്യസ്ത സാമൂഹിക സാമ്പത്തിക വെല്ലുവിളികളോടുള്ള സര്‍ക്കാര്‍ സമീപനം, എന്നിവ കൃത്യമായി മനസ്സിലാക്കണം. പരീക്ഷക്ക് അപ്രസക്തമായ എല്ലാ വാര്‍ത്തകളില്‍ നിന്നും മാറി നില്‍ക്കണം.
പ്രിലിംസ്/മെയിന്‍സ് /ഓപ്ഷണല്‍ തയ്യാറെടുപ്പ്
പ്രിലിമിനറി പരീക്ഷ ഓരോ വര്‍ഷം തോറും കൂടുതല്‍ ബുദ്ധിമുട്ടേറിയതാകുന്നതാണ് നിലവിലെ പ്രവണത. അപേക്ഷകരുടെ എണ്ണം കൂടുന്നതോടൊപ്പം, മത്സരവുമേറുന്നു.2016ല്‍ 116 മാര്‍ക്ക് ആയിരുന്നു GS 1 ലെ കട്ട് ഓഫ് എങ്കില്‍, കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളില്‍ 85 മുതല്‍ 95 വരെയാണ് കട്ട് ഓഫ്. ചോദ്യപേപ്പര്‍ കടുപ്പം ഏറുന്നതിന്റെ സൂചനയാണിത്. പരീക്ഷയുടെ അപ്രവചനീയതയും, അനിശ്ചിതത്വ സ്വഭാവവും കാരണം പലരും ഈ ഘട്ടത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു.
അവസാന 10 വര്‍ഷത്തിലെ ചോദ്യപേപ്പറുകള്‍ പരിശീലിക്കുന്നത് ഈ ഘട്ടത്തില്‍ ഉപകാരപ്പെടും. ഇതിലൂടെ യുപിഎസിയുടെ ഇഷ്ട വിഷയങ്ങള്‍, ഓരോ വിഷയത്തിനും നല്‍കേണ്ട വെയിറ്റേജ് എന്നിവ മനസ്സിലാക്കാം. മോക്ക് ടെസ്റ്റ് ചെയ്ത് പരിശീലിക്കുന്നതും പ്രയോജനപ്പെടും. CSAT പേപ്പറും കടുപ്പമേറുന്നുണ്ട്. പ്രിലിമിനറി പരീക്ഷ എഴുതുന്ന അഞ്ചില്‍ ഒരാള്‍ എന്ന തോതില്‍ CSAT ല്‍ പരാജയപ്പെടുന്നു. പത്താം ക്ലാസ് തരത്തിലുള്ള ചോദ്യങ്ങളെന്ന് സിലബസിലുണ്ടെങ്കിലും, CAT പരീക്ഷ തലത്തിലുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കേണ്ടതാണ്. മുന്‍വര്‍ഷ ചോദ്യങ്ങള്‍ പരിശീലിക്കുന്നത് CSAT വിജയിക്കാന്‍ സഹായിക്കും.
മെയിന്‍സ്
എഴുത്തു പരീക്ഷയായ ഈ ഘട്ടത്തില്‍ വാരി വലിച്ചെഴുതാതെ കൃത്യമായി ചോദ്യത്തിനനുസരിച്ചാണ് ഉത്തരം എഴുതി പരിശീലിക്കേണ്ടത്. നിശ്ചിത പുറം മാത്രമായിരിക്കണം ഓരോ ചോദ്യത്തിനും ലഭ്യമായിരിക്കുക എന്ന് പ്രത്യേകം ഓര്‍ക്കണം. പരിധിയില്‍ കവിഞ്ഞുള്ള ആമുഖം, മികച്ച ഘടനയില്ലായ്മ ,പരത്തി എഴുത്തുക തുടങ്ങിയ പതിവ് പിശകുകള്‍ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
ഓപ്ഷണല്‍ എങ്ങനെ തിരഞ്ഞെടുക്കാം, പഠിക്കാം?
രണ്ടു പേപ്പറുകളിയായി മൊത്തം 500 മാര്‍ക്കാണ് ഓപ്ഷണലില്‍ നേടാന്‍ സാധിക്കുക. അതായത് മൊത്തം മാര്‍ക്കിന്റെ(2025) 25 ശതമാനം.അതിനാല്‍ പരീക്ഷ വിജയത്തെ തന്നെ നിര്‍ണയിക്കാന്‍, ഓപ്ഷണല്‍ ഹേതുവാകും. ഒന്നാം റാങ്ക് ജേതാവിന്റേയും, നൂറാം റാങ്കുകാരന്റെയും മെയിന്‍സ് പരീക്ഷ മാര്‍ക്കുകള്‍ വിശകലനം ചെയ്താല്‍, GS പേപ്പറുകളില്‍ ഇരുവരും, ഏകദേശം തുല്യം മാര്‍ക്കുകളാണ് നേടിയത് എന്ന് മനസിലാക്കാം.പക്ഷേ, 100 റാങ്കിന്റെ വ്യത്യാസം ഉണ്ടാകുന്നത്, മുഖ്യമായും Essay& ഓപ്ഷണല്‍ പേപ്പറുകളിലെ മാര്‍ക്കിന്റെ ഏറ്റക്കുറച്ചിലുകള്‍ മൂലമാണ് . ഇരു പേപ്പറുകളിലും മികച്ച മാര്‍ക്ക് ഉറപ്പിക്കാന്‍ ആയാല്‍, റാങ്ക് ലിസ്റ്റില്‍ ഇടം പിടിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാം.
ഓപ്ഷണല്‍ വിഷയം എങ്ങനെ തിരഞ്ഞെടുക്കാം?
ഓപ്ഷണല് വിഷയം എങ്ങനെ തിരഞ്ഞെടുക്കാം എന്നത് ഏറ്റവും കൂടുതല്‍ ഉയരുന്ന ചോദ്യങ്ങളില്‍ ഒന്നാണ്. പരീക്ഷ തയ്യാറെടുപ്പിലെ ഏറ്റവും പ്രാധാന്യമുള്ള തീരുമാനമാണിത്. ലഭ്യമായ 47 ഓളം വിഷയങ്ങളില്‍ നിന്ന്, ഇഷ്ടത്തിനനുസരിച്ച് ഏതു വിഷയവും എടുക്കാം.ബിരുദ വിഷയം തന്നെ ഓപ്ഷണലായി തിരഞ്ഞെടുക്കുന്നവരും അല്ലാത്തവരും ഉണ്ട്. തിരഞ്ഞെടുക്കുന്ന വിഷയം ബിരുദത്തിന് പഠിച്ചിരിക്കണം എന്ന മാനദണ്ഡം ഇല്ല. അഭിരുചിക്കിണങ്ങാത്ത വിഷയങ്ങള്‍ എടുത്തു പഠിച്ചു പിന്നീട്, മറ്റൊരു വിഷയത്തിലേക്ക് ചേക്കേറുന്നത് നഷ്ടങ്ങള്‍ ഉണ്ടാകും. ബുദ്ധിപരമായ തീരുമാനമാണ് ഇവിടെ ആവശ്യം. ലഭ്യമായ വിഷയ പട്ടിക എടുത്ത്, നമുക്കിണങ്ങുന്ന ആറു വിഷയങ്ങള്‍ കുറിച്ചു വെക്കാം. ശേഷം ഓരോന്നിന്റെയും വിശദമായ സിലബസും, മുന്‍കാല ചോദ്യപേപ്പറുകളും പരിഗണിച്ച് പട്ടിക വീണ്ടും ചുരുക്കുക. അവസാനമായി വിഷയം ഉറപ്പിക്കുന്നതിനു മുന്നേ, താഴെപ്പറയുന്നവ കൂടി പരിഗണിക്കല്‍ അഭിലഷണീയമാണ്.
സ്റ്റഡി മെറ്റീരിയലുകളുടെ ലഭ്യത
സിലബസിന്റെ വ്യാപ്തി-സിലബസിന്റെ വ്യാപ്തിയില്‍ വിഷയങ്ങള്‍ തമ്മില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്.വ്യാപ്തി കൂടിയവ പഠിക്കാന്‍ സ്വാഭാവികമായും കൂടുതല്‍ സമയം എടുത്തേക്കും, ആസ്വദിച്ച് പഠിക്കാന്‍ ആകുമോ എന്ന് പരിശോധിക്കുക, കൂടുതല്‍ മാര്‍ക്ക് നേടാനുള്ള സാധ്യത ഇവയെല്ലാം തുല്യ പരിഗണന നല്‍കി പരിശോധിച്ച് , ധൃതിപ്പെടാതെ തീരുമാനത്തില്‍ എത്തുകയാണ് വേണ്ടത്.
കോച്ചിങ് ക്ലാസുകള്‍ ആവശ്യമോ ?
സ്വന്തമായോ അല്ലെങ്കില്‍ കോച്ചിംഗ് സ്ഥാപനങ്ങളുടെ സഹായത്തോടു കൂടിയോ പരീക്ഷ തയ്യാറെടുപ്പ് നടത്താവുന്നതാണ് . ഇവ രണ്ടിന്റെയും ഗുണദോഷങ്ങള്‍ വിലയിരുത്തി ഏത് സ്വീകരിക്കണമെന്ന് പഠിതാവിന് തീരുമാനിക്കാം. ഇരു മാര്‍ഗങ്ങളും പരീക്ഷ വിജയത്തിലേക്ക് നയിച്ച ഉദാഹരണങ്ങള്‍ അനവധി. പഠന മെറ്റീരിയലുകളും, പുസ്തകങ്ങളും ക്ലാസ്സുകളും വിവിധ വെബ്‌സൈറ്റുകളിലും, യൂട്യൂബിലും , വിവിധ ടെലഗ്രാം ഗ്രൂപ്പുകളിലും ലഭ്യമാണ്. സിവില്‍ സര്‍വീസ് കൂട്ടായ്മകള്‍ ടെലഗ്രാമില്‍ സജീവമാണ്. തയ്യാറെടുപ്പിന് ടെലഗ്രാം കാര്യക്ഷമമായി ഉപയോഗിക്കാം.
പരീക്ഷക്കാവശ്യമായ നൈപുണ്യ വികസനം
പഠനത്തോടൊപ്പം തന്നെ ആവശ്യമായ നൈപുണ്യ വികസനത്തിനും ശ്രദ്ധകേന്ദ്രീകരിക്കുന്നത് സിവില്‍ സര്‍വീസ് സ്വപ്നസാക്ഷാത്കാരത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഹാര്‍ഡ് വര്‍ക്ക് നേക്കാള്‍ സ്മാര്‍ട്ട് വര്‍ക്ക് ചെയ്യുന്നിടത്താണ് ജേതാക്കള്‍ വ്യത്യസ്തരാകുന്നത് .
ആശയവിനിമയശേഷി
എഴുത്തിലും സംസാരത്തിലും ഉയര്‍ന്ന ആശയവിനിമയശേഷി അതിപ്രധാനമാണ്. പത്രങ്ങള്‍ വായിച്ച് എഡിറ്റോറിയലുകള്‍ സ്വന്തം വാക്കുകളില്‍ സംഗ്രഹിച്ചും കോളേജ് പഠനകാലത്ത് ഉപന്യാസ മത്സരങ്ങളില്‍ പങ്കെടുത്തും ഈ കഴിവ് പരിപോഷിപ്പിക്കാം.
വസ്തുനിഷ്ഠമായി സമചിത്തതയോടെ ആശയങ്ങള്‍ പറഞ്ഞു പ്രതിഫലിപ്പിക്കാനാകുന്നവര്‍ക്കാണ് ഇന്റര്‍വ്യൂ ഘട്ടം മറികടക്കക്കാനാവുക . ഡിബേറ്റ് ക്ലബ്, പ്രസംഗ മത്സരങ്ങള്‍, ഗ്രൂപ്പ് ഡിസ്‌കഷനുകള്‍ എന്നിവയില്‍ പങ്കെടുത്ത് ഒഴുക്കില്‍ സംസാരിക്കാനുള്ള കഴിവ് വളര്‍ത്തിയെടുക്കണം. കണ്ണാടിയുടെ മുന്നില്‍ നിന്ന് സംസാരിച്ച് ശീലിക്കുക,സംസാരം റെക്കോര്‍ഡ് ചെയ്ത് വിലയിരുത്തുക എന്നിവയും സഹായിക്കും.
ഉത്തരങ്ങള്‍ എഴുതാന്‍ പഠിക്കാം
ഉയര്‍ന്ന നിലവാരത്തിലുള്ള ഉത്തരമെഴുതി ശീലിക്കണം. മുന്‍വര്‍ഷ റാങ്ക് ജേതാക്കളുടെ ഉത്തര ഷീറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. അവ വായിച്ച് ഉത്തരഘടന മനസിലാക്കാം. ലാളിത്യം, വ്യക്തത കൃത്യത എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കി ഫലപ്രദമായി ഉത്തരമെഴുതി പരിശീലിക്കാം.
വിമര്‍ശനാത്മക ചിന്തയും വിശകലന ശേഷിയും
വിവരങ്ങളും ആശയങ്ങളും വസ്തുനിഷ്ഠമായി വിശകലനം ചെയ്യാനും വിലയിരുത്താനുമാകണം. ഇത്തരക്കാര്‍ക്ക് ബഹുവിധത്തില്‍ ചിന്തിക്കാനാകും. ഈ കഴിവുകള്‍ മൂന്ന് ഘട്ടങ്ങളിലും സഹായിക്കും
ടൈം മാനേജ്‌മെന്റ്
വിശാലമായ സിലബസ് ഉപവിഭാഗങ്ങളായി വിഭജിച്ച് ദൈനംദിന പ്രതിവാര, പ്രതിമാസ ലക്ഷ്യങ്ങള്‍ എന്നിങ്ങനെ സജ്ജമാക്കി ഓരോ വിഭാഗത്തിനും മതിയായ സമയം അനുവദിക്കണം. ഉയര്‍ന്ന സ്‌കോറിങ് സാധ്യതയുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കണം.
കാര്യക്ഷമമായി പഠിക്കാന്‍ Pomodoro പോലെയുള്ള പഠനരീതികള്‍ സ്വീകരിക്കാം. ദീര്‍ഘകാലയളവില്‍ പഠിക്കാനുള്ള ജിജ്ഞാസ നിലനിര്‍ത്താന്‍ ഇത്തരം രീതികള്‍ ഉപകാരപ്രദമാണ്. പരീക്ഷയുടെ മൂന്ന് ഘട്ടങ്ങളിലും ഫലപ്രദമായി സമയം വിനിയോഗിക്കാന്‍ മാതൃകാപരീക്ഷകളില്‍ പങ്കെടുത്ത് പരിശീലിക്കണം.
ആ 0.2%
2019 സിവില്‍ സര്‍വീസ് പരീക്ഷയിലെ 264 റാങ്ക് ജേതാവും നിലവില്‍ ഐആര്‍എസ് ഉദ്യോഗസ്ഥയുമായ അനുജോഷിയുടെ വാക്കുകളിലൂടെ, '0.2% മാത്രമാണ് ഈ പരീക്ഷയില്‍ പാസാക്കുന്നത് ബാക്കി 99.8% പേരും പരാജിതരാകുന്നു, 10 ലക്ഷം പേര് അപേക്ഷിക്കുമ്പോള്‍ ആയിരത്തില്‍ താഴെ പേര്‍ മാത്രമാണ് വിജയിക്കുന്നത്'.ചിട്ടയായ തയ്യാറെടുപ്പ് കൊണ്ട് ഏതൊരു സാധാരണക്കാരനും ഈ പരീക്ഷയില്‍ വിജയിക്കാം എന്നിരിക്കെ എന്തുകൊണ്ടാണ് വിജയനിരക്ക് ഒരു ശതമാനത്തിനും താഴെ പോകുന്നത്?സാമൂഹിക സാമ്പത്തിക പിന്നോക്ക അവസ്ഥയില്‍ നിന്നും ഉയര്‍ന്നുവന്ന് പരീക്ഷ വിജയിച്ച എത്രയോ സാധാരണക്കാരുടെ സിവില്‍ സര്‍വീസ് വിജയകഥകള്‍ അനവധി കേട്ടിട്ടുണ്ട് നമ്മള്‍.
ദീര്‍ഘമായ വിവിധ ഘട്ടങ്ങള്‍ അടങ്ങിയ പരീക്ഷ പ്രക്രിയയാണ് ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷയെ മറ്റു മത്സര പരീക്ഷകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. മൂന്ന് ഘട്ടങ്ങളും പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷത്തോളം സമയമെടുക്കും. ഓരോ ഘട്ടത്തിലും വിജയിക്കാന്‍ സാധിച്ചാല്‍ മാത്രമേ അടുത്തഘട്ടത്തിലേക്ക് യോഗ്യത നേടാനാകൂ.ഏത് ഘട്ടത്തില്‍ വെച്ച് പരാജയപ്പെട്ടാലും അടുത്തവര്‍ഷം വീണ്ടും പ്രിലിമിനറി മുതല്‍ തുടങ്ങേണ്ടിവരും.
ഉദാഹരണത്തിന് ഇന്റര്‍വ്യൂ പൂര്‍ത്തിയാക്കി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ വീണ്ടും എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ അടുത്ത വര്‍ഷം പ്രിലിമിനറി മുതല്‍ വീണ്ടും വിജയിക്കണം. അപ്പോഴേക്കും രണ്ടുവര്‍ഷം കഴിഞ്ഞു പോയിരിക്കും ഇത്തരത്തില്‍ ദീര്‍ഘമായ കാലയളവില്‍ സ്വയം പ്രചോദിതരായി മാനസിക കരുത്തോടെ തയ്യാറെടുക്കുന്നവര്‍ക്ക് മാത്രമാണ് ഈ പരീക്ഷ വിജയിക്കാനാവുക. പരാജയപ്പെടുമ്പോള്‍ സാമൂഹിക കുടുംബ സുഹൃത്ത് സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാനും ആകണം. ഇത്തരത്തിലുള്ള പരീക്ഷാപ്രക്രിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടുതല്‍ കാഠിന്യം സൃഷ്ടിക്കുന്നതാണ്, വിജയ സാധ്യത കുറയാന്‍ ഒരു കാരണം.
വഴികാട്ടി എവിടെ
ആദ്യ പത്ത് റാങ്കില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ 50% ത്തോളം മാര്‍ക്ക് മാത്രമാണ് കൈവരിക്കാറുള്ളൂ എന്നത് പരീക്ഷയുടെ കാഠിന്യവും വെല്ലുവിളിയും പ്രകടിപ്പിക്കുന്നു. ഉദ്യോഗാര്‍ത്ഥിക്ക് വിദഗ്ദ്ധ ഉപദേശമോ മാര്‍ഗനിര്‍ദ്ദേശമോ ശരിയായ സമയത്ത് ലഭിച്ചാല്‍ വിജയസാധ്യത ഗണ്യമായി ഉയര്‍ത്താന്‍ ആകും. ഇതിനായി ഒരു വിദഗ്ധ മെന്ററിനെ കണ്ടെത്താന്‍ ശ്രമിക്കണം ഇതിലൂടെ സമയം, പണം, പരിശ്രമം എന്നിവ ഫലപ്രദമായി വിനിയോഗിക്കാം.
അമിതമായാൽ.....
വിപണിയിലും ഓണ്‍ലൈനിലും ഒരുപാട് പഠന മെറ്റീരിയലുകള്‍ ലഭ്യമായതിനാല്‍ കൂടുതല്‍ പുസ്തകങ്ങളും മെറ്റീരിയലുകളും ശേഖരിച്ച് പഠിക്കാന്‍ ശ്രമിക്കുന്നത് അബദ്ധമാണ്. വിഭവ ധാരാളിത്തം ഒരിക്കലും വിജയം ഉറപ്പുനല്‍കില്ല. കൂടാതെ സിലബസിന് അപ്പുറമുള്ള വായനയിലേക്ക് നയിച്ച്, തയ്യാറെടുപ്പിനെ സാരമായി ബാധിക്കുകയും ചെയ്യും. വിശ്വസനീയവും ഗുണനിലവാരമുള്ളതുമായ ഒന്നോ രണ്ടോ മെറ്റീരിയലുകളെ മാത്രം ആശ്രയിക്കുക.
കരുതണം വിഷാദത്തെ
കടുത്ത മത്സരവും പരീക്ഷയുടെ അനിശ്ചിതത്വവും ഉദ്യോഗാര്‍ത്ഥികളില്‍ വലിയ സമ്മര്‍ദം സൃഷ്ടിക്കാറുണ്ട്. പരാജയഭീതിയും വ്യക്തിപരവും സാമൂഹികവുമായ പ്രതീക്ഷയുടെ ഭാരവും, ഉത്കണ്ഠയിലേക്കും മോശമായ മാനസികാരോഗ്യത്തിലേക്കും നയിച്ച് പ്രകടനത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. ശാരീരിക ആരോഗ്യത്തിനുതുല്യമായ പ്രാധാന്യം, മാനസിക ആരോഗ്യത്തിനും നല്‍കേണ്ടതാണ്.ഇവകളുടെ അഭാവമാണ് പല ഉദ്യോഗാര്‍ത്ഥികളെയും വിഷാദത്തിലേക്കും ആത്മഹത്യ പ്രവണതയിലേക്കും നയിക്കുന്നത്.
എല്ലാം പ്രവചനാതീതം
സിവില്‍ സര്‍വീസ്,തയ്യാറെടുപ്പ് യാത്രയില്‍ പരീക്ഷയുടെ അപ്രവചനീയത നന്നായി മനസ്സിലാക്കണം. മുന്‍ വര്‍ഷ ചോദ്യപേപ്പറുകള്‍ ബുദ്ധിപൂര്‍വ്വം ശ്രദ്ധയോടെ വിശകലനം ചെയ്ത് ഇതിനെ മറികടക്കാം.
സ്ഥിരോല്‍സാഹവും നിശ്ചയദാര്‍ഢ്യവും
സിവില്‍ സര്‍വീസിലേക്ക് കാലെടുത്തുവെക്കാന്‍ ആഗ്രഹിക്കുന്നവര്‍ പരീക്ഷയില്‍ മുന്നേറാന്‍ ദൃഢനിശ്ചയം ആവശ്യമാണെന്ന് ആദ്യം മനസ്സിലാക്കണം. ഒട്ടും എളുപ്പമല്ല ഈ പാത. പ്രാരംഭ തിരിച്ചടികളിലും വെല്ലുവിളികളിലും തളര്‍ന്ന് സ്ഥിരോത്സാഹത്തിന്റെ അഭാവം മൂലം പലരും ഈ ഉദ്യമം ഉപേക്ഷിക്കാറുണ്ട്.
ആന്‍സര്‍ റൈറ്റിംഗ് സ്‌കില്‍ അഭാവം
മെയിന്‍സ് പരീക്ഷ എഴുത്ത് പരീക്ഷ ആയതിനാല്‍, റൈറ്റിംഗ് സ്‌കില്‍ വളരെ നിര്‍ണായകമാണ്. ഒന്നോ രണ്ടോ മാര്‍ക്ക് നഷ്ടപ്പെട്ടാലും റാങ്ക് പട്ടികയില്‍ വലിയ മാറ്റം വരുമെന്നതിനാല്‍ മികച്ച ഘടനയില്‍ അവതരണ വൈദഗ്ധ്യത്തോടെ , ഉത്തരം എഴുതി പരിശീലിക്കണം.
റിവിഷന്റെ അഭാവവും(MR)² എന്ന തന്ത്രവും
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രക്രിയ ആയതിനാല്‍ റിവിഷന്‍ ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പഠിച്ചവ എല്ലാം ആഴ്ചയിലും മാസത്തിലും കൃത്യമായി ഇടവേളയിലും Revision ചെയ്യാന്‍ വ്യക്തമായ പദ്ധതി ഉണ്ടാക്കണം. അല്ലെങ്കില്‍ പുതിയ പാഠങ്ങള്‍ പഠിക്കുമ്പോള്‍ പഴയവ മറന്നു പോയേക്കാം.
Minimum Reosurces Maximum Revision (MR)² കുറഞ്ഞ മെറ്റീരിയലുകള്‍ പരമാവധി റിവിഷന്‍ ചെയ്തുള്ള പഠന രീതിയാണ് വിജയസാധ്യത വര്‍ദ്ധിപ്പിക്കാന്‍ സമര്‍ത്ഥമായ തന്ത്രം.
കഠിനമായതാണെങ്കിലും വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറുള്ള മിടുക്കരായ ചെറുപ്പക്കാര്‍ക്ക് അനന്ത സാധ്യതകള്‍ തുറന്നിടുന്ന മികച്ച കരിയര്‍ ഓപ്ഷനാണ് ഇന്ത്യന്‍ സിവില്‍ സര്‍വീസ്. സമഗ്രമായ പഠന പദ്ധതി ആവിഷ്‌കരിച്ച്, സ്ഥിരതയോടെ പഠിച്ച് ഈ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ ശരാശരിക്കാര്‍ക്ക് പോലും സാധിക്കും. പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട്, അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ വിജയം ഉറപ്പ് .ആശംസകള്‍!
Content Highlights: details about civil service exams and preparation
Published: 12 Jun 2024, 04:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented