ജയ്പുർ: രാജസ്ഥാനിൽ കോടികളുടെ അനധികൃത സ്വത്ത് സമ്പാദിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥരായ ദമ്പതിമാർക്കെതിരേ നടപടി. വ്യവസായ വകുപ്പിലെ മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയായ ശിഖർ അഗർവാൾ, ഭാര്യയും മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥയുമായ പ്രശാഖ മാഥുർ എന്നിവർക്കെതിരേയാണ് അന്വേഷണം. രണ്ടരവർഷത്തിനിടയിൽ 6.16 കോടി രൂപയുടെ 40 വില്ലകളും റിസോർട്ടുകളും ഇവർ അനധികൃതമായി സമ്പാദിച്ചെന്നാണ് ആരോപണം.
പദവി ദുരുപയോഗം ചെയ്ത് കമ്പനിക്ക് അനുകൂലമായ കരാറുകൾ ഉണ്ടാക്കുകയും വിപണി വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ സ്വത്തുക്കൾ സ്വന്തമാക്കുകയും ചെയ്തെന്ന ആരോപണം സംബന്ധിച്ച് അഴിമതി വിരുദ്ധ ബ്യൂറോ (എ.സി.ബി) അന്വേഷണം നടത്തിവരികയാണ്. ശിഖർ അഗർവാളിനെ നേരത്തെ പോസ്റ്റിങ് ഉത്തരവുകൾക്കായി കാത്തിരിക്കുന്ന (എപിഒ) വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. പ്രശാഖ മാഥുറിനെ ശനിയാഴ്ചയാണ് എപിഒയിലേക്ക് മാറ്റിയത്.
ആരോപണ വിധേയമായ സ്വകാര്യ കമ്പനിയിലെ ജീവനക്കാരുമായി ചേർന്ന്, ഉദയ്പൂർ ജില്ലയിലെ ബുജ്ദയിലും അൽവാർ ജില്ലയിലെ അജബ്ഗഢിലുമുള്ള റിസോർട്ടുകളിൽ 40 വില്ലകൾ സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമായി അഗർവാൾ വാങ്ങി. വിവിധ വകുപ്പുകളുടെ തലപ്പത്തിരുന്ന ശിഖർ അഗർവാൾ മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
പദവിയും സ്വാധീനവും ദുരുപയോഗിച്ച് ഒരു സ്വകാര്യകമ്പനിക്ക് അനർഹമായ നേട്ടങ്ങൾ ഉണ്ടാക്കിക്കൊടുത്തുവെന്നും ഇതിലൂടെ സംസ്ഥാന സർക്കാരിന് വൻ സാമ്പത്തിക ബാധ്യതയുണ്ടായി എന്നും പ്രാഥമിക തെളിവുകളെ മുൻനിർത്തി എ.സി.ബി ചൂണ്ടിക്കാണിച്ചിരുന്നു. തുടർന്നാണ് സർക്കാർ അന്വേഷണത്തിനുത്തരവിട്ടത്.
ഉദയ്പൂർ ജില്ലാ കളക്ടർ, രാജസ്ഥാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ, വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി തുടങ്ങി സംസ്ഥാനത്തെ വിവിധ ഉന്നത പദവികൾ വഹിച്ചിരുന്ന അഗർവാൾ, സ്ഥാനവും സ്വാധീനവും ദുരുപയോഗം ചെയ്തതായാണ് അന്വേഷണസംഘത്തിന്റെ ആരോപണം.
ഭരണപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പുതിയ ജോലിസ്ഥലമോ ചുമതലയോ ലഭിക്കുന്നതുവരെ സർവ്വീസിൽനിന്ന് മാറിനിൽക്കാൻ അഗർവാളിനോടും ഭാര്യയും ഐ.പി.എസ് ഉദ്യോഗസ്ഥയുമായ പ്രശാഖ മാഥൂറിനോടും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യസ്ഥാപനത്തിന് റിസോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട നിബന്ധനകളിൽ ഇളവുകൾ നൽകുകയും പ്രത്യേക സാമ്പത്തിക ഇളവുകൾ അനുവദിക്കുകയും ചെയ്ത അഗർവാൾ, ആവശ്യമായ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാതെ പല പദ്ധതികൾക്കും അനുമതി നൽകിയതായി എ.സി.ബി ചൂണ്ടിക്കാണിച്ചു.
ആരോപണങ്ങൾ ഭജൻ ലാൽ ശർമ്മ സർക്കാരിന്റെ കാലത്തെ ഏറ്റവും വലിയ അഴിമതിയിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് പറഞ്ഞ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷണം നടത്തണമെന്നും ഇയാൾ മുൻപ് മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിച്ചിരുന്നതിനാൽ മുഖ്യമന്ത്രി ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. ശിഖർ അഗർവാൾ ഇതുവരെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.
Content Highlights: Rajasthan government grants permission to ACB to investigate senior IAS officer Shikhar Agarwal., Accused of abusing official position to benefit a private company and causing financial loss to the state., Allegations include illegal acquisition of villas in Udaipur and Alwar resorts., Opposition demands central agency investigation and accountability from the Chief Minister.
Published: 01 Nov 2026, 11:02 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented