ഇന്ത്യയില്‍ ഒരു പൈലറ്റ് ആവുക എന്നത് ആവേശകരവും സംതൃപ്തി നല്‍കുന്നതുമായ കാര്യമാണ്. സാങ്കേതിക പരിജ്ഞാനം, ശാരീരികവും മാനസികവുമായ ആരോഗ്യം, പറക്കലിനോടുള്ള യഥാര്‍ത്ഥ അഭിനിവേശം എന്നിവയെല്ലാമുള്ള വ്യക്തിക്ക് ഈ മേഖയില്‍ വിജയിക്കാനാവും. നിങ്ങള്‍ വാണിജ്യ വിമാനങ്ങള്‍, സ്വകാര്യ ജെറ്റുകള്‍, അല്ലെങ്കില്‍ പ്രതിരോധ വ്യോമയാനത്തിലൂടെ രാജ്യത്തെ സേവിക്കുക എന്നിവ സ്വപ്നം കാണുന്നുന്നുണ്ടോ? എങ്കില്‍ എങ്ങനെയാണ് ആ വഴിയെന്ന് നോക്കാം.

To advertise here,

ഇന്ത്യയില്‍ ആര്‍ക്കാണ് പൈലറ്റ് ആവാന്‍ സാധിക്കുക?

ഇന്ത്യയില്‍ പൈലറ്റ് പരിശീലനം ആരംഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 17 വയസ്സാണ്.  ഫിസിക്‌സും മാത്തമാറ്റിക്‌സും പ്രധാന വിഷയങ്ങളായി 12-ാം ക്ലാസ് (10+2) പാസായിരിക്കണം. വിദ്യാഭ്യാസത്തിന് പുറമെ, നിങ്ങളുടെ ശാരീരിക ആരോഗ്യവും ഒരുപോലെ പ്രധാനമാണ്. ഫളൈറ്റ് പരിശീലനത്തിന് വൈദ്യപരമായി യോഗ്യനാണെന്ന് ഉറപ്പാക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) അംഗീകരിച്ച ഒരു മെഡിക്കല്‍ എക്‌സാമിനര്‍ നല്‍കിയ ക്ലാസ് 2 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നേടണം.  കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് (CPL) നേടുന്നതിനും എയര്‍ലൈനുകളില്‍ ജോലി ചെയ്യുന്നതിനും നിങ്ങള്‍ക്ക് ഒരു ക്ലാസ് 1 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരും.

എത്ര തരം പൈലറ്റുമാരുണ്ട്?

ഇന്ത്യയില്‍, പൈലറ്റാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രണ്ട് പ്രധാന വഴികള്‍ തിരഞ്ഞെടുക്കാം:

സിവില്‍ ഏവിയേഷന്‍

ഒരു സിവില്‍ ഏവിയേഷന്‍ പൈലറ്റ് വാണിജ്യ എയര്‍ലൈനുകള്‍, കാര്‍ഗോ കമ്പനികള്‍, സ്വകാര്യ ജെറ്റുകള്‍, അല്ലെങ്കില്‍ ചാര്‍ട്ടര്‍ ഫ്‌ളൈറ്റുകള്‍ എന്നിവയ്ക്ക് വേണ്ടി ജോലി ചെയ്യുന്നു. ഈ രംഗത്തേക്ക് പ്രവേശിക്കാന്‍, നിങ്ങള്‍ ഫ്‌ളൈറ്റ് പരിശീലനം പൂര്‍ത്തിയാക്കി ഒരു കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് (CPL) നേടേണ്ടതുണ്ട്.

ഡിഫന്‍സ് ഏവിയേഷന്‍

ഒരു ഡിഫന്‍സ് പൈലറ്റ് ഇന്ത്യന്‍ എയര്‍ഫോഴ്‌സിലാണ് സേവനമനുഷ്ഠിക്കുന്നത്. ദേശീയ പ്രതിരോധ സേവനങ്ങളുടെ ഭാഗമായി ഫൈറ്റര്‍ അല്ലെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ പറത്തുന്നതിനായി കഠിനമായ പരിശീലനത്തിന് വിധേയരാകുന്ന ഇവരെ മത്സര പരീക്ഷകളിലൂടെയാണ് തിരഞ്ഞെടുക്കുന്നത്.

എവിടെയാണ് പൈലറ്റ് പരിശീലനം നടത്തേണ്ടത്?

ഒരു കൊമേഴ്‌സ്യല്‍ പൈലറ്റ് ആകുന്നതിന്, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) അംഗീകരിച്ച ഒരു ഫ്‌ലൈറ്റ് പരിശീലന സ്‌കൂളില്‍ ചേരണം. ഈ സ്‌കൂളുകള്‍ സൈദ്ധാന്തികവും( theoretical) പ്രായോഗികവുമായ പരിശീലനം നല്‍കുന്നു. സാധാരണയായി 'ഗ്രൗണ്ട് സ്‌കൂള്‍' എന്ന് വിളിക്കപ്പെടുന്ന സൈദ്ധാന്തിക ക്ലാസുകളില്‍( theoretical) എയര്‍ നാവിഗേഷന്‍, ഏവിയേഷന്‍ നിയമങ്ങള്‍, മെറ്റീരിയോളജി, എയര്‍ക്രാഫ്റ്റ് സിസ്റ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുന്നു.

അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കിയ ശേഷം സര്‍ട്ടിഫൈഡ് ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ പ്രായോഗിക പരിശീലനം ആരംഭിക്കും. സോളോ ഫ്‌ളൈറ്റുകള്‍, ഇന്‍സ്ട്രക്ടര്‍മാരുമായുള്ള ഡ്യുവല്‍ ഫ്‌ളൈറ്റുകള്‍, ക്രോസ്-കണ്‍ട്രി നാവിഗേഷന്‍ വ്യായാമങ്ങള്‍ എന്നിവ ഉള്‍പ്പെടെ കുറഞ്ഞത് 200 ഫ്‌ളയിംഗ് മണിക്കൂറുകള്‍ പൂര്‍ത്തിയാക്കണം.

കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് (CPL) എങ്ങനെ ലഭിക്കും?

പരിശീലനം പൂര്‍ത്തിയായാല്‍, അടുത്ത ഘട്ടം DGCA നടത്തുന്ന നിരവധി പരീക്ഷകള്‍ പാസാവുക എന്നതാണ്. എയര്‍ റെഗുലേഷന്‍സ്, മെറ്റീരിയോളജി, നാവിഗേഷന്‍, എയര്‍ക്രാഫ്റ്റിന്റെ സാങ്കേതിക പരിജ്ഞാനം, റേഡിയോ ടെലിഫോണി (RTR) എന്നിവയിലെ പരീക്ഷകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈ പരീക്ഷകള്‍ പാസാവുകയും ആവശ്യമായ ഫ്‌ളയിംഗ് മണിക്കൂറുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത ശേഷം CPL-ന് അപേക്ഷിക്കാം. ഈ ലൈസന്‍സ് വാണിജ്യ വിമാനങ്ങള്‍ പറത്തുന്നതിനുള്ള ലൈസന്‍സാണ്. കൂടാതെ വ്യോമയാന വ്യവസായത്തിലെ തൊഴിലവസരങ്ങളിലേക്കും അവസരം കിട്ടുന്നത് ഇതിലൂടെയാണ്.

പൈലറ്റ് ആവാന്‍ എത്ര പണം ചെലവാകും?

പൈലറ്റ് പരിശീലനം ഒരു വലിയ സാമ്പത്തിക നിക്ഷേപമാണ്. ഇന്ത്യയില്‍ CPL പരിശീലനത്തിനുള്ള ചെലവ് സാധാരണയായി 40 ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെയാണ്. പിന്നീട് ഒരു  റേറ്റിംഗ് കോഴ്സ് കൂടി തിരഞ്ഞെടുക്കുകയാണെങ്കില്‍, വിമാനത്തിന്റെ മോഡലിനെ ആശ്രയിച്ച് ഇതിന് 15-25 ലക്ഷം രൂപ വരെ അധികമായി ചെലവാകും.

പൈലറ്റ് ആവാന്‍ എത്ര സമയമെടുക്കും?

പൈലറ്റ് ആവുക എന്നത് ചെലവേറിയ മാത്രമല്ല, സമയമെടുക്കുന്ന ഒരു പ്രക്രിയ കൂടിയാണ്. സാധാരണയായി CPL പരിശീലനം പൂര്‍ത്തിയാക്കാന്‍ ഏകദേശം 18 മുതല്‍ 24 മാസം വരെ എടുക്കും (കാലാവസ്ഥാ തടസ്സങ്ങളോ ഫ്‌ളയിംഗ് മണിക്കൂറുകളില്‍ കാലതാമസമോ ഇല്ലെങ്കില്‍). പരിശീലന ഷെഡ്യൂള്‍, സ്‌കൂള്‍ സൗകര്യങ്ങള്‍, നിങ്ങളുടെ DGCA പരീക്ഷകള്‍ എത്ര വേഗത്തില്‍ പാസാകുന്നു എന്നിവയെ ആശ്രയിച്ച് ഈ സമയം വ്യത്യാസപ്പെടാം.

പൈലറ്റ് ആയ ശേഷം എന്തുതരം തൊഴില്‍ സാധ്യതകളാണുള്ളത്?

CPL ലഭിച്ചുകഴിഞ്ഞാല്‍ നിരവധി തൊഴില്‍ മാര്‍ഗ്ഗങ്ങള്‍ തുറന്നു കിട്ടും. ആഭ്യന്തര, അന്താരാഷ്ട്ര എയര്‍ലൈനുകളില്‍ ഫസ്റ്റ് ഓഫീസര്‍ (കോ-പൈലറ്റ്) ആയി അപേക്ഷിക്കാം. അല്ലെങ്കില്‍ സ്വകാര്യ ചാര്‍ട്ടര്‍ കമ്പനികളില്‍ ചേര്‍ന്ന് VIP ക്ലയന്റുകളെ പറത്താം. ചില പൈലറ്റുമാര്‍ ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ടര്‍മാരായി മാറാനും അടുത്ത തലമുറയിലെ പൈലറ്റുമാരെ പരിശീലിപ്പിക്കാനും തിരഞ്ഞെടുക്കുന്നു.