ന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഓഫീസര്‍ തസ്തികയില്‍ ജോലി ആഗ്രഹിക്കാത്താവര്‍ വിരളമാണ്. പദവി കൊണ്ടും,  ശമ്പളം കൊണ്ടും, ജോലി തരുന്ന സംതൃപ്തി കൊണ്ടും മികച്ച ജോലിയാണിത്. വനിതകള്‍ക്കും വ്യോമസേനയില്‍ ഓഫീസറാവാന്‍ സാധിക്കും. ഇന്ത്യന്‍ എയര്‍ഫോഴ്‌സിലേക്കുള്ള വാതിലായ AFCAT പരീക്ഷയെ കുറിച്ച് കൂടുതല്‍ അറിയാം.

To advertise here,

എയര്‍ഫോഴ്സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് എന്നാണ് AFCATന്റെ പൂര്‍ണരൂപം . ഇന്ത്യന്‍ എയര്‍ഫോഴ്സിലെ ഫ്‌ളയിങ് ബ്രാഞ്ച്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കല്‍, നോണ്‍-ടെക്നിക്കല്‍) ബ്രാഞ്ചുകള്‍ ഉള്‍പ്പെടെ വിവിധ ശാഖകളിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനായി ഇന്ത്യന്‍ എയര്‍ഫോഴ്സ് നടത്തുന്ന ഒരു പ്രമുഖ പ്രവേശന പരീക്ഷയാണ് AFCAT.

ഫ്‌ളയിങ് ബ്രാഞ്ച്

  1. ഫൈറ്റേര്‍സ്
  2. ട്രാന്‍സ്‌പോര്‍ട്ട്
  3. ഹെലികോപ്റ്റര്‍

ഗ്രൗണ്ട് ഡ്യൂട്ടി

  1. മെക്കാനിക്കല്‍
  2. ഇലക്ട്രോണിക്‌സ്

ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്‌നിക്കല്‍ ബ്രാഞ്ച്)

  1. വെപ്പണ്‍ സിസ്റ്റംസ്
  2. അഡ്മിനിസ്‌ട്രേഷന്‍
  3. അക്കൗണ്ട്‌സ്
  4. ലോജിസ്റ്റിക്‌സ്
  5. എജ്യുക്കേഷന്‍
  6. മീറ്റിറോളജി

ഉദ്യോഗാര്‍ഥികളുടെ വെര്‍ബല്‍ എബിലിറ്റി, ന്യൂമറിക്കല്‍ എബിലിറ്റി, റീസണിങ്, ജനറല്‍ അവയര്‍നസ്, മിലിട്ടറി ആപ്റ്റിറ്റ്യൂഡ് എന്നിവയിലെ അഭിരുചി ഈ പരീക്ഷയിലൂടെ വിലയിരുത്തുന്നു. 

ഈ പരീക്ഷയില്‍ വിജയിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ തുടര്‍ന്നുള്ള ഘട്ടങ്ങളിലേക്ക് പ്രവേശനം ലഭിക്കുന്നു.AFSB അഭിമുഖങ്ങള്‍, മെഡിക്കല്‍ പരിശോധനകള്‍, എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യത്തിന്റെ വ്യോമ പ്രതിരോധശേഷിക്ക് സംഭാവന നല്‍കിക്കൊണ്ട്, കമ്മീഷന്‍ഡ് ഓഫീസര്‍മാരായി ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ചേരുന്നതിന് വൈദഗ്ധ്യമുള്ള വ്യക്തികളെ കണ്ടെത്തുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്നതില്‍ AFCAT പ്രവേശന പരീക്ഷയ്ക്ക് വലിയൊരു പങ്കുണ്ട്.

വര്‍ഷത്തില്‍ ഫെബ്രുരി ഓഗസറ്റ് മാസങ്ങളിലായി രണ്ട് തവണ AFCAT പരീക്ഷകള്‍ നടത്തും. ജൂണിലും ഡിസംബറിലും ഇത് സംബന്ധിച്ച വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിക്കും. ഇന്ത്യയിലെ വിവിധ സെന്ററുകളിലായി ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ മേല്‍നോട്ടത്തില്‍ പരീക്ഷകള്‍ നടത്തും

AFCAT പ്രായപരിധി

  • ഫ്‌ളൈയിങ് ബ്രാഞ്ചും എന്‍സിസി സ്‌പെഷ്യല്‍ എന്‍ട്രിയും: 20 മുതല്‍ 24 വയസ്സ് വരെ.
  • ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍ & നോണ്‍-ടെക്‌നിക്കല്‍) ബ്രാഞ്ച്: 20 മുതല്‍ 26 വയസ്സ് വരെ.

വ്യക്തമായ തീയതികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം

AFCAT യോഗ്യതാ മാനദണ്ഡങ്ങള്‍

ഫ്‌ളൈയിങ് ബ്രാഞ്ച്: 

  • 10, പ്ലസ്ടു തലത്തില്‍ കണക്കിനും ഫിസിക്‌സിനും 50% മാര്‍ക്ക് വീതം നേടിയിരിക്കണം.
  • കുറഞ്ഞത് 60% മാര്‍ക്കോടെ മൂന്ന് വര്‍ഷത്തെ ബിരുദ കോഴ്സ് അല്ലെങ്കില്‍ കുറഞ്ഞത് 60% മാര്‍ക്കോടെ BE/B Tech ബിരുദം (നാല് വര്‍ഷത്തെ കോഴ്സ്).

ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍) ബ്രാഞ്ച്

  • 10, പ്ലസ്ടു തലത്തില്‍ ഫിസിക്‌സിനും മാത്തമാറ്റിക്‌സിനും 50% മാര്‍ക്ക് വീതം നേടിയിരിക്കണം
  • എഞ്ചിനീയറിങ്/ടെക്‌നോളജിയില്‍ കുറഞ്ഞത് നാല് വര്‍ഷത്തെ ബിരുദം/ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ യോഗ്യത.

ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍-ടെക്‌നിക്കല്‍) ബ്രാഞ്ച്: 

  • 10, പ്ലസ്ടു
  • ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് 60% മാര്‍ക്കോടെ ബിരുദം (കുറഞ്ഞത് മൂന്ന് വര്‍ഷത്തെ ബിരുദ കോഴ്സ്).

AFCAT തിരഞ്ഞെടുപ്പ് പ്രക്രിയ

AFCAT തിരഞ്ഞെടുപ്പ് പ്രക്രിയ മുഴുവന്‍ വിശദാംശങ്ങള്‍ അതേ വര്‍ഷം പുറത്ത് വിടുന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉണ്ടായിരിക്കും. AFCAT വിജ്ഞാപനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പ് ഘട്ടങ്ങളിലും ഉദ്യോഗാര്‍ഥികള്‍ പാസ് മാര്‍ക്ക് നേടിയാല്‍ മാത്രമാണ് യോഗ്യത നേടുക

അന്തിമ മെറിറ്റ് ലിസ്റ്റ്

എഴുത്തുപരീക്ഷയിലും AFSB (Air Force Selection Board)ടെസ്റ്റുകളിലും ലഭിച്ച മൊത്തം മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ഥികളെ മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്.

ശമ്പളവും അലവന്‍സുകളും

എയര്‍ഫോഴ്സ് ട്രെയിനിങ് സ്ഥാപനങ്ങളിലെ പരിശീലന കാലയളവിലെ അവസാന ഒരു വര്‍ഷത്തില്‍ പ്രതിമാസം 56,100 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിച്ചു തുടങ്ങും.
ഫ്‌ളൈയിങ് ഓഫീസര്‍മാര്‍ക്ക് കമ്മീഷന്‍ ലഭിക്കുമ്പോള്‍ താഴെപ്പറയുന്ന ശമ്പളവും അലവന്‍സുകളും ബാധകമായിരിക്കും:-

പേ ബാന്‍ഡിലെ ശമ്പളം (എല്ലാ ബ്രാഞ്ചുകള്‍ക്കും പൊതുവായി) - പ്രതിമാസം 56,100 രൂപ (ഓഫീസറെ ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ പേ മാട്രിക്‌സില്‍ ലെവല്‍ 10-ല്‍ (56,100- 1,77,500) ഉള്‍പ്പെടുത്തും).

മിലിട്ടറി സര്‍വീസ് പേ :- പ്രതിമാസം 15,500 രൂപ.

ട്രാന്‍സ്പോര്‍ട്ട് അലവന്‍സ്, കുട്ടികളുടെ വിദ്യാഭ്യാസ അലവന്‍സ്, എച്ച്.ആര്‍.എ തുടങ്ങിയ മറ്റ് അലവന്‍സുകളും ഓഫീസര്‍മാര്‍ക്ക് അനുവദനീയമാണ്.

ശമ്പളത്തിന് പുറമെ, ഡ്യൂട്ടിയുടെ സ്വഭാവം/പോസ്റ്റിംഗ് സ്ഥലം എന്നിവ അടിസ്ഥാനമാക്കി അലവന്‍സുകള്‍ ലഭിക്കും. ഫ്‌ളൈയിങ്, ട്രാന്‍സ്പോര്‍ട്ട്, ടെക്‌നിക്കല്‍, ഫീല്‍ഡ് ഏരിയ, സ്‌പെഷ്യല്‍ കോമ്പന്‍സേറ്ററി (ഹില്‍ ഏരിയ), സ്‌പെഷ്യല്‍ ഫോഴ്‌സ്, സിയാച്ചിന്‍, ഐലന്‍ഡ് സ്‌പെഷ്യല്‍ ഡ്യൂട്ടി, ടെസ്റ്റ് പൈലറ്റ് & ഫ്‌ലൈറ്റ് ടെസ്റ്റ് എഞ്ചിനീയര്‍, ഏരിയ ആന്‍ഡ് റിമോട്ട് ലൊക്കാലിറ്റി അലവന്‍സ് തുടങ്ങിയവ ഉള്‍പ്പെടുന്നു.

ഇതിനുപുറമെ, ഫ്‌ളൈയിങ്, ടെക്‌നിക്കല്‍ ബ്രാഞ്ചുകളിലെ പുതുതായി കമ്മീഷന്‍ ചെയ്യപ്പെട്ട ഓഫീസര്‍മാര്‍ക്ക് താഴെപ്പറയുന്ന അലവന്‍സുകള്‍ അനുവദനീയമാണ്:

  • ഫ്‌ളൈയിങ് ബ്രാഞ്ച് ഓഫീസര്‍മാര്‍ക്ക് ഫ്‌ളൈയിങ് അലവന്‍സ്.
  • ടെക്‌നിക്കല്‍ ബ്രാഞ്ച് ഓഫീസര്‍മാര്‍ക്ക് ടെക്‌നിക്കല്‍ അലവന്‍സ്.

എയര്‍ഫോഴ്സില്‍ റാങ്കിലും സ്ഥാനത്തിലും വളരുമ്പോള്‍,വര്‍ദ്ധിച്ച ഉത്തരവാദിത്തങ്ങള്‍ക്കനുസൃതമായി വരുമാനവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിക്കുന്നതാണ്.

ഇന്‍ഷുറന്‍സ് പരിരക്ഷ

ഫ്‌ളൈറ്റ് കേഡറ്റുകള്‍ ഉള്‍പ്പെടെ എല്ലാ വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കും എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് സ്‌കീം (AFGIS) പ്രകാരം ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു. ഒരു വ്യോമസേനാ ഓഫീസര്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് 1.25 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. ഈ ഇന്‍ഷുറന്‍സ് പരിരക്ഷ സേവനത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കും ബാധകമാണ്. ഫ്‌ളൈയിങ് ബ്രാഞ്ച് ഓഫീസര്‍മാര്‍ക്ക് 15 ലക്ഷം രൂപയുടെ അധിക പരിരക്ഷയും ബാധകമാണ്.

ലഭിക്കുന്ന വായ്പകള്‍

  • ഭവന നിര്‍മാണ വായ്പ
  • കമ്പ്യൂട്ടര്‍ വായ്പ
  • വാഹന വായ്പ

എല്ലാ വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശ്രിതര്‍ക്കും മികച്ച സൗകര്യങ്ങളോടുകൂടിയ മെഡിക്കല്‍ സെന്ററുകളിലും ആശുപത്രികളിലും സൗജന്യ പ്രവേശനമുണ്ട്. സായുധ സേനാ ആശുപത്രികളില്‍ ചികിത്സിക്കുന്നതിനു പുറമെ, ആവശ്യമെങ്കില്‍ പ്രത്യേക കേസുകളുടെ ചികിത്സയ്ക്കായി സിവില്‍ ആശുപത്രികളുടെ സൗകര്യവും ലഭിക്കും. 

AFWWA (എയര്‍ഫോഴ്സ് വൈവ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍) ല്‍ നിന്നുള്ള സ്‌കോളര്‍ഷിപ്പുകളും ക്ഷേമ പദ്ധതികളും ലഭിക്കുന്നതാണ്

മറ്റ് ആനുകൂല്യങ്ങള്‍

  1. താമസ സൗകര്യം
  2. അവധി - വര്‍ഷത്തില്‍ 60 ദിവസത്തെ വാര്‍ഷിക അവധിയും 20 ദിവസത്തെ കാഷ്വല്‍ അവധിയും
  3. ലീവ് ട്രാവല്‍ കണ്‍സഷനുകള്‍
  4. ഇന്‍സ്റ്റിറ്റ്യൂട്ട്, മെസ് അംഗത്വം
  5. സ്‌കൂള്‍ സൗകര്യങ്ങള്‍
  6. റെയില്‍ ഇളവുകള്‍
  7. സുരക്ഷിതമായ ക്യാമ്പ് ജീവിതം
  8. CSD സൗകര്യങ്ങള്‍
  9. വിനോദ, കായിക സൗകര്യങ്ങള്‍

വിദ്യാഭ്യാസ സൗകര്യങ്ങള്‍

ഐഐടി പോലുള്ള സ്ഥാപനങ്ങളില്‍ ടെക്‌നിക്കല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ക്കായി എം.ടെക് കോഴ്സുകളും IAF സ്‌പോണ്‍സര്‍ ചെയ്യുന്നു.
ഉദ്യോഗസ്ഥര്‍ക്കും വ്യോമസേനാംഗങ്ങള്‍ക്കും ദൂരവിദ്യാഭ്യാസം സുഗമമാക്കുന്നതിന് ഇഗ്‌നോ പോലുള്ള സര്‍വ്വകലാശാലകളുമായി IAFന് സഹകരണങ്ങളുമുണ്ട്.

പഠനാവധി - 24 മാസം വരെ പഠനാവധി അനുവദനീയമാണ്, ഇത് 28 മാസം വരെ നീട്ടാവുന്നതാണ്.

വിരമിക്കലിന് ശേഷമുള്ള ആനുകൂല്യങ്ങള്‍

  • പെന്‍ഷന്‍

സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം, ഒരു IAF ഓഫീസര്‍ക്ക് മാന്യമായ പെന്‍ഷന് അര്‍ഹതയുണ്ട്, അത് കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നു.

  • ഇന്‍ഷുറന്‍സ്

പെന്‍ഷന് യോഗ്യമായ സേവന വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ എല്ലാ വ്യോമസേനാ പെന്‍ഷന്‍കാര്‍ക്കും കുറഞ്ഞ പ്രീമിയം അടച്ച് വിരമിക്കലിന് ശേഷമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു. സൊസൈറ്റി നല്‍കുന്ന ഈ പരിരക്ഷ 72 വയസ്സ് വരെയാണ്.

  • ചികിത്സാ സൗകര്യം

വിരമിക്കലിന് ശേഷം കുറഞ്ഞ ഒറ്റത്തവണ വിഹിതം അടച്ച്, ECHS പോളിക്ലിനിക്കുകളിലും, ഫോര്‍ട്ടിസ്, ആര്‍ടെമിസ്, അപ്പോളോ, എസ്‌കോര്‍ട്ട്‌സ് തുടങ്ങി ഇന്ത്യയിലെ മിക്കവാറും എല്ലാ നഗരങ്ങളിലുമുള്ള എംപാനല്‍ ചെയ്ത പ്രീമിയം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ ശൃംഖലയിലും (സ്വകാര്യ വാര്‍ഡുകളുടെ സൗകര്യത്തോടെ) കുടുംബത്തിന് ജീവിതകാലം മുഴുവന്‍ പണരഹിത ചികിത്സ ലഭ്യമാക്കുന്ന വിമുക്തഭടന്മാരുടെ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം (ECHS) സൗകര്യങ്ങള്‍.

വിരമിച്ച എല്ലാ ഉദ്യോഗസ്ഥര്‍ക്കും അവരുടെ ആശ്രിതര്‍ക്കും മികച്ച സൗകര്യങ്ങളുള്ള ആശുപത്രികളിലേക്കും പ്രവേശനമുണ്ട്. ചികിത്സാ സൗകര്യങ്ങള്‍ക്ക് അര്‍ഹതയുള്ളതിനു പുറമെ, വിരമിച്ച വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് താഴെപ്പറയുന്ന ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ട്:

  • ജീവിതകാലം മുഴുവന്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ.

ആരോഗ്യപരമായ കാരണങ്ങളാല്‍ സേവനം ഉപേക്ഷിക്കേണ്ടിവന്ന ഉദ്യോഗസ്ഥര്‍ക്ക് വാണിജ്യ സംരംഭത്തിനുള്ള ഗ്രാന്റ്.

പ്ലേസ്മെന്റ് സെല്‍ : എയര്‍ ഫോഴ്സ് അസോസിയേഷന്‍

വ്യോമസേനാ ഉദ്യോഗസ്ഥരെ വിരമിക്കലിന് ശേഷം അനുയോജ്യമായ ജോലി കണ്ടെത്താന്‍ സഹായിക്കുന്നതിന്, എയര്‍ ഫോഴ്സ് അസോസിയേഷന്റെ പ്ലേസ്മെന്റ് സെല്‍ പ്രവര്‍ത്തുക്കുന്നു