
2013 മുതല്‍ 2023 വരെയുള്ള യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷയില്‍, അവസാന റാങ്ക് പട്ടികയില്‍ ഇടം പിടിച്ച് ജേതാക്കളായവര്‍, മെയിന്‍സ് പരീക്ഷയില്‍ ശരാശരി 42% മാര്‍ക്ക് എങ്കിലും നേടിയവരാണ്.അതായത് പകുതിയിലും താഴെ മാര്‍ക്ക് നേടിയാല്‍ പോലും വിജയിക്കാനുള്ള സാധ്യതയേറെ. കൃത്യമായ പദ്ധതിയോടെ പഠിക്കുന്ന മിടുക്കര്‍ക്ക് അനായാസം മെയിന്‍സ് കടമ്പ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കാം.
'സിലബസ് സമഗ്രമായി പഠിക്കുക, സിലബസില്‍ പ്രതിപാദിക്കുന്ന ഓരോ വിഷയത്തിലും സ്വന്തമായി നോട്ട്‌സ് തയ്യാറാക്കുക, ശേഷം പലകുറി റിവിഷന്‍ ചെയ്യുക' ഇക്കാര്യങ്ങളാണ് പഠനത്തിന് സ്വീകരിക്കേണ്ട ഉചിതമാര്‍ഗ്ഗം. ഇവയുടെ പഠനത്തോടൊപ്പം, ഉത്തരം എഴുതി ശീലിക്കുകയും ആകാം.
വിജയത്തിലേക്ക് നയിക്കാന്‍ 'NTA'.
മെയിന്‍സില്‍ ഉയര്‍ന്ന മാര്‍ക്ക് നേടാന്‍, ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന അതിപ്രധാനമായ 3 കാര്യങ്ങളെ 'NTA' എന്ന് ചുരുക്കി വിളിക്കാം. 'Note Making, Test Series, Answer Writing' എന്നിവയാണവ. മെയിന്‍സ് സിലബസിലെ ഓരോ വിഷയത്തിലും സ്വന്തമായി നോട്ട് തയ്യാറാക്കുകയാണ് ആദ്യപടി. പ്രസക്തമായവ മാത്രം നോട്ടില്‍ ഉള്‍പ്പെടുത്താന്‍ ബദ്ധശ്രദ്ധരാകേണ്ടതാണ്. ആശയം ഗ്രഹിച്ച് സ്വന്തം വാക്കുകളില്‍ എഴുതണം. ഇത്തരത്തിലുള്ള നോട്ടുകളാണ് അവസാന ദിനങ്ങളിലെ റിവിഷന് ഉപകാരപ്പെടുക.
ഉന്നതനിലവാരമുള്ള ടെസ്റ്റ് സീരീസില്‍ ചേരലാണ് അടുത്ത പടി. വ്യക്തിഗത മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന സ്ഥാപനങ്ങളുടെ ടെസ്റ്റ് സീരീസ് തിരഞ്ഞെടുക്കലാണ് ഉചിതം. മെയിന്‍സ് മാതൃകയില്‍ ഒരുപാട് പരീക്ഷകള്‍ എഴുതി, പരീക്ഷ ക്ഷമത വര്‍ദ്ധിപ്പിക്കാന്‍, ഈ ടെസ്റ്റ് സീരീസുകള്‍ സഹായിക്കും. ഓരോ ടെസ്റ്റിന് ശേഷവും ലഭിച്ച മാര്‍ക്ക് അവലോകനം ചെയ്യണം.
ദിനേനയെന്നോണം 'Answer Writing' പതിവാക്കലാണ് മൂന്നാമത്. 2020ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ ഒന്നാം റാങ്ക് നേടിയ ശുഭം കുമാറിന്റെ വാക്കിലൂടെ 'ഞങ്ങള്‍ മൂന്ന് സുഹൃത്തുക്കള്‍ ദിവസവും ഓണ്‍ലൈന്‍ മീറ്റിംഗ് ചേര്‍ന്ന്, 2013 മുതല്‍ 2019 വരെയുള്ള, GS ഉത്തരങ്ങള്‍ പരിശീലിക്കുമായിരുന്നു. ഉയര്‍ന്ന മാര്‍ക്ക് നേടാന്‍ ഈ പരിശീലനം ഒരുപാട് ഗുണം ചെയ്തു'.
ചോദ്യങ്ങള്‍ കൃത്യമായി വായിച്ച് മനസ്സിലാക്കി, നിശ്ചിത വലിപ്പത്തിൽ ഉത്തരങ്ങളെഴുതി ശീലിക്കണം. വാരിവലിച്ചെഴുതാതെ, ചുരുങ്ങിയ വാക്കുകളില്‍ ഉന്നത നിലവാരമുള്ള ഉത്തരങ്ങളാണ് യുപിഎസ്സിക്ക് ആവശ്യം. GS ഉത്തരങ്ങള്‍ എഴുതുന്ന രീതിയല്ല Essay പേപ്പറുകളില്‍ സ്വീകരിക്കേണ്ടത്. ഈ വ്യത്യാസങ്ങള്‍ കൃത്യമായി അറിയണം. മുന്‍വര്‍ഷ റാങ്ക് ജേതാക്കളുടെ ഉത്തര പേപ്പറുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്, അവ വായിച്ച് മനസ്സിലാക്കുന്നത് ഗുണപരമാണ്. 'GS & OPTIONAL ഉത്തരങ്ങള്‍ ദിനംപ്രതി ഓരോന്ന്, ആഴ്ചയില്‍ രണ്ട് Essay' എന്ന രീതിയാണ് പല ജേതാക്കളും അവലംബിച്ചിരുന്നത്. വിട്ടുവീഴ്ചയില്ലാതെ അച്ചടക്കത്തോടെ, ചെയ്യേണ്ട അനിവാര്യ ഉദ്യമമാണിത്. ഓരോ ഉത്തരം എഴുതിയതിന് ശേഷവും വിദഗ്ധ മെന്ററെ കാണിച്ച് പ്രതികരണം തേടാന്‍ മറക്കരുത്.
പ്രയോഗിക്കാം ഈ പ്രവചന വിദ്യ
അപ്രവചനീയ ചോദ്യങ്ങളാണ് പ്രിലിമിനറിയിലെങ്കില്‍, ഒരു പരിധി വരെ മെയിന്‍സ് പ്രവചനാത്മകമാണ്. 2013 മുതല്‍ 2023 വരെയുള്ള പത്ത് വര്‍ഷ ചോദ്യപേപ്പറുകള്‍ പരിശോധിച്ചാല്‍ യുപിഎസ്സി സ്ഥിരമായി ചോദിക്കുന്ന സുപ്രധാന മേഖലകള്‍ കണ്ടെത്താന്‍ സാധിക്കും. അവയെ നമുക്ക് 'Priority Themes' എന്നു വിളിക്കാം. മുന്‍വര്‍ഷ ട്രെന്‍ഡുകള്‍ പ്രകാരം, ഈ തീമുകളില്‍ നിന്ന് ഉറപ്പായും ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. ഈ വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പഠനം ക്രമീകരിക്കണം.
Priority Themes
- Water Governance
- Cyber Security
- Globalisation
- Urbanisation
- Women Empowerment
- LSG
- NGO
- SHG
- Inclusive Growth
- Energy
- Terrorism
- LWE
- Money Laundering
- Health
- Education
- Federalism
- Agriculture Marketing
- Agriculture Revival
- Disaster Management Basics
- India's Foreign policy
- Regionalism
- Secularism
- Caste
- Poverty
- Separation of Power
- Parliament Functioning and Issues
- Electoral Reforms
- Food Processing
- Employment Scenario and Issues
- Growth and Development
മേല്‍ വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്കണമെങ്കിലും 'Indian Society, Internal Security, Governance' തുടങ്ങിയ മെയിന്‍സ് കേന്ദ്രീകൃത വിഷയങ്ങള്‍ ഒരിക്കലും അവഗണിക്കരുത്. ഇവ നിസ്സാരവത്കരിക്കുന്നത് അബദ്ധമായേക്കും.ചരിത്രം ഭൂമിശാസ്ത്രം എന്നിവയ്ക്ക്, പ്രിലിംസിന് പഠിച്ച പാഠഭാഗങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചു വായിക്കാം.
പലര്‍ക്കും പിഴച്ചത് ഇങ്ങനെ, ശ്രദ്ധിക്കാം ഈ നാല് കാര്യങ്ങള്‍
1.വിശകലനപാടവവും,ആശയവ്യക്തതയും.
വിവരണാത്മക പരീക്ഷയായ മെയിന്‍സില്‍ ഉദ്യോഗാര്‍ത്ഥിയുടെ വിശകലന പാടവമാണ് അളക്കുന്നത്. ഒരുപാട് പഠിക്കുക എന്നതല്ല വിജയഹേതു. പകരം പഠിച്ച വിവരങ്ങള്‍ വിശകലനപരമായി, അവതരണ മികവോടെ ഉത്തര പേപ്പറില്‍ സമര്‍ഥിക്കുകയാണ് ചെയ്യേണ്ടത്. ആശയ വ്യക്തതയും, അവ എവിടെ?എങ്ങനെ? ഉപയോഗിക്കണം എന്ന തിരിച്ചറിവും വിജയം നിര്‍ണ്ണയിക്കും. വികലമായ അവതരണവും സിലബസനുസരിച്ചുള്ള ഗ്രാഹ്യമില്ലായ്മയുമാണ് പല ഉദ്യോഗാര്‍ത്ഥികള്‍ക്കും വിനയായത്.
2.സ്വന്തം നോട്ടുകളുടെ അഭാവം
നോട്ട് തയ്യാറാക്കുന്നതിന്റെ പ്രാധാന്യം മേലെ വിവരിച്ചുവല്ലോ. ഇക്കാര്യത്തില്‍ പലരും അശ്രദ്ധരാണ്. ഇത്തരക്കാര്‍ പരീക്ഷയടുക്കുമ്പോള്‍ റിവിഷന്‍ ചെയ്യാന്‍ ബുദ്ധിമുട്ടാറുണ്ട്. പഠിച്ച കാര്യങ്ങള്‍ അടുക്കോടെ ഓര്‍ത്തെടുക്കല്‍, മാര്‍ക്ക് നേടാന്‍ അനിവാര്യമാണ്. സ്വന്തം നോട്ടുകളാണ് ഇതിന് ഏറ്റവും നല്ല ഉപാധി.
3.PYQ എന്ന വഴികാട്ടി.
യുപിഎസ്സി സിലബസ് പരിശോധിച്ച്, പഠനം ക്രമീകരിക്കല്‍ ശ്രമകരമായ ദൗത്യമാണ്. Previous Year Question Paper- 'PYQ' എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന 'മുന്‍വര്‍ഷ ചോദ്യപേപ്പറുകള്‍' ആണ് പഠന ക്രമീകരണത്തിനുള്ള വഴിവിളക്ക്. സുപ്രധാന ഭാഗങ്ങള്‍ മനസ്സിലാക്കാനും പരിചയപ്പെടാനും സമാന ചോദ്യങ്ങള്‍ മുന്‍കൂട്ടി കാണാനും, ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും PYQ സഹായിക്കും.
4. 'ആഴ്ചകള്‍' പ്ലാന്‍ ചെയ്യാം.
സിവില്‍ സര്‍വീസ് പരീക്ഷാ തയ്യാറെടുപ്പില്‍ പഠനസമയം താരതമ്യേന കുറവ് ലഭിക്കുന്നത് മെയിന്‍സ് എന്ന രണ്ടാംഘട്ട പരീക്ഷക്കാണ്. പ്രിലിമിനറിക്ക് ശേഷം ശരാശരി 100 ദിവസങ്ങള്‍ക്കകം ആയിരിക്കും മെയിന്‍സ് പരീക്ഷ. ആയതിനാല്‍ സമയ വിനിയോഗത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. അലസരായി, ഒരു ദിവസം പോലും നഷ്ടപ്പെടുത്തുന്നതിന് വലിയ വില നല്‍കേണ്ടിവരും. ശേഷിക്കുന്ന ദിനങ്ങള്‍ ആഴ്ചകള്‍ക്കനുസരിച്ച് ക്രമീകരിക്കുന്നത് അഭികാമ്യമാണ്. ഓരോ ആഴ്ചയും കൈവരിക്കേണ്ട ചെക്ക് ലിസ്റ്റ് മുന്‍കൂട്ടി തയ്യാറാക്കി മുന്നേറണം.
Content Highlights: How to prepare civil service mains
Published: 09 Aug 2024, 03:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented