'ഒന്നാം ശ്രമത്തില്‍ പ്രിലിംസ് തോറ്റു, രണ്ടില്‍ വീണ്ടും  പ്രിലിംസില്‍ കാലിടറി, മൂന്നില്‍  വില്ലനായത് മെയിന്‍സ്, നാലില്‍ പ്രിലിമിനറി വീണ്ടും ചോദ്യചിഹ്നമായി.  അഞ്ചാം ശ്രമത്തില്‍ പ്രിലിംസും മെയിന്‍സും കടന്നെങ്കിലും ഇന്റര്‍വ്യൂവില്‍ അടിതെറ്റി. ആറില്‍ പ്രിലിംസ് പോലും കടക്കാന്‍ ഭാഗ്യം  തുണച്ചില്ല. പക്ഷേ, ഏഴാം തവണ പരീക്ഷയെ മെരുക്കി  യു.പി.എസ്.സി ടോപ്പറായി.' 2024-ലെ സിവില്‍ സര്‍വീസ് പരീക്ഷ വിജയിയായ യദു കെ.രാജന്റെ നാള്‍വഴികളാണിത്. 

To advertise here,

കഴിഞ്ഞ മാസം അവസാനം സിവില്‍ സര്‍വീസ് പരീക്ഷാഫലവും വിജയികളുടെ കഥകളും മാധ്യമങ്ങളില്‍ സജീവമായിരുന്നു. അവിസ്മരണീയവും ആവേശോജ്ജ്വലവുമായ ജീവിതവും നമ്മള്‍ അറിഞ്ഞു.1009 പേരുടെ പട്ടികയാണ് യു.പി.എസ്.സി പുറത്തുവിട്ടത്. വിജയികളുടെ എത്രയോ മടങ്ങാണ് റാങ്ക് ലിസ്റ്റില്‍ ഇടം പിടിക്കാനാകാത്തവര്‍. പ്രിലിംസ്, മെയിന്‍സ്, ഇന്റര്‍വ്യൂ തുടങ്ങിയ ഘട്ടങ്ങളില്‍ കാലിടറിയവരാണ് ഏറെയും. 9,92599 അപേക്ഷകരില്‍, 5,83213 പേരാണ് പ്രിലിമിനറി എഴുതിയത്. അതില്‍നിന്നും 14,627 പേര്‍ മാത്രമാണ് രണ്ടാം ഘട്ടമായ മെയിന്‍സിലേക്ക് യോഗ്യാരായത്. 2845 പേര്‍ക്ക് ഇന്റര്‍വ്യൂ കോള്‍ ലഭിച്ചു. 1009 പേര്‍ മാത്രം അവസാന പട്ടികയില്‍ ഇടംപിടിച്ച് ജേതാക്കളായി.

പിന്തള്ളപ്പെട്ടവര്‍, ഈ പ്രക്രിയയുടെ ചില കടമ്പകള്‍ മറികടക്കാന്‍ സാധിക്കാത്തവര്‍ മാത്രമാണ്. വിജയത്തിന്റെ വക്കോളം എത്തിയവരാണ് പലരും . അവര്‍ക്ക് മുന്നില്‍ ഇനിയും അവസരങ്ങളുണ്ട്. യദു കെ.രാജനെ പോലെ വിഫലശ്രമങ്ങളും വീഴ്ചകളും അവഗണിച്ച്, സ്ഥിരോത്സഹത്തോടെ പരിശ്രമിക്കുന്നവര്‍ക്കാണ് വിജയം. 

''These days can be either a break or a breakthrough. Choose to rise.'

വേണോ ഒന്നാം റാങ്ക്?

മുന്‍വര്‍ഷങ്ങളിലെ ടോപ്പേഴ്‌സ് ലിസ്റ്റിലെ പലരും സമാനമായ പരാജയ സാഹചര്യത്തിലൂടെ കടന്നുപോയവരാണ്. പലകുറി തോറ്റുപോയ ശേഷം പൂര്‍വ്വാധികം ശക്തിയോടെ മുന്നേറി വിജയിച്ചവരാണവര്‍. അതായത് ഈ വീഴ്ചകള്‍ സ്വാഭാവികമെന്ന് അര്‍ത്ഥം. പണ്ടൊരു സിനിമയില്‍ പറഞ്ഞതുപോലെ വീണുപോയിടത്തുനിന്ന് എഴുന്നേറ്റ് നടക്കുന്നവനാണ് വിജയം.

നാം തനിച്ചല്ല എന്നര്‍ത്ഥം

പരാജയങ്ങളാണ് പലരുടെയും വിജയത്തിന് ഇന്ധനം പകര്‍ന്നത്. നാല് ശ്രമങ്ങള്‍ക്ക് ശേഷം, അഞ്ചാം ശ്രമത്തിലാണ്,അനുദീപ് ദുരിഷെട്ടി ഒന്നാം റാങ്ക് (AIR-1) കരസ്ഥമാക്കിയത്. 2012-ല്‍ കേരളത്തിലേക്ക് ഒന്നാം റാങ്ക് എത്തിച്ച ഹരിത വി.കുമാറിന്റേതും സമാനകഥയാണ്. നാലാമത്തെ പരിശ്രമത്തിലാണ് ഒന്നാം റാങ്കുകാരിയായത്. നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിലേക്ക് ഒന്നാം റാങ്ക് വീണ്ടും എത്തിക്കാനും ഹരിതക്ക് സാധിച്ചു. 

സമഗ്രമായ പഠന പദ്ധതികളും വീഴ്ചകള്‍ മനസ്സിലാക്കി പുതുതന്ത്രം ആവിഷ്‌കരിച്ചതുമാണ് ഇവരെ സഹായിച്ചത്. ഈ വിധം  ശ്രമിച്ചാല്‍ നമുക്കും നേടാനാകും ഒന്നാം റാങ്ക്.

പ്രിലിംസിന് പഠനം മാത്രം പോരാ

ഫൈനല്‍ ലിസ്റ്റ് പ്രഖ്യാപിച്ചതിന് ശേഷം, പ്രസ്തുത വര്‍ഷ പരീക്ഷയുടെ 'Minimum Qualifying Marks / Cut Off' എത്രയായിരുന്നുവെന്ന് യു.പി.എസ്.സി പ്രസിദ്ധീകരിക്കാറുണ്ട്. '100+ Marks' എന്ന പഴയകാല ട്രെന്‍ഡില്‍നിന്നു മാറി, കട്ട് ഓഫ് കുറഞ്ഞു വരുന്നതായി വിശകലനത്തില്‍ വ്യക്തം.

2021 മുതല്‍ ഇങ്ങോട്ട്, 70-നും 90-നും ഇടയിലാണ് പ്രിലിംസ് പരീക്ഷയുടെ കട്ട് ഓഫ് എന്നാണ് യു.പി.എസ്.സി രേഖ. കട്ട് ഓഫ് കുറഞ്ഞുവരിക എന്നതിന്റെ അര്‍ത്ഥം പരീക്ഷ കൂടുതല്‍ 'ബുദ്ധിമുട്ടേറിയതാവുന്നു' എന്നതാണ്.  50% താഴെ മാത്രം ശരിയുത്തരങ്ങളാണ് യു.പി.എസ്.സി പോലും പ്രതീക്ഷിക്കുന്നത്. പകുതിയില്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ശരിയുത്തരം കണ്ടെത്തി, 110 മാര്‍ക്കോളം നേടാന്‍ സാധിച്ചാല്‍, നിലവില്‍ പ്രിലിമിനറി GS-1 പേപ്പറില്‍ വിജയം ഉറപ്പിക്കാനാകും.

മറുവശം എന്തെന്നാല്‍, പരീക്ഷയിലെ 50% ചോദ്യങ്ങളും, അപ്രതീക്ഷിതവും അപരിചിതവും ആയേക്കാം എന്നതാണ്. തീവ്രപഠനം മാത്രമല്ല സഹായിക്കുക, പകരം മുന്‍വര്‍ഷ ജേതാക്കള്‍, പ്രിലിമിനറി വിജയിക്കാന്‍ സ്വീകരിച്ച ചില തന്ത്രങ്ങളും രീതികളും നമുക്കും പകര്‍ത്താവുന്നതാണ്. വിജയസാധ്യത വര്‍ദ്ധിപ്പിക്കാന്‍ ഉപകരിക്കുമെന്ന് ഉറപ്പ്. 'Static Subjects 'നന്നായി പഠിച്ചതിനോടൊപ്പം, ഈ ട്രിക്കുകള്‍ കൂടെ പ്രയോഗിക്കാം.

(I)- Elimination technique
 
100 ചോദ്യങ്ങളുള്ള പ്രിലിംസ് പരീക്ഷയില്‍, ഓരോ ചോദ്യത്തിനും ലഭ്യമായ നാല് 'Answer Option'-ൽനിന്നും ഒന്ന് മാത്രമായിരിക്കും ശരിയുത്തരം അഥവാ 'Right Option'. ഈ Right Option കണ്ടെത്തിയാല്‍, വിലയേറിയ രണ്ട് മാര്‍ക്ക് ലഭിക്കും. രണ്ട് രീതിയില്‍ Right Option കണ്ടെത്താം.

1. നല്‍കിയിരിക്കുന്ന നാല് ഓപ്ഷനുകളില്‍ നിന്നും ശരിയുത്തരം വ്യക്തമായി  അറിയുമെങ്കില്‍ നേരെ  തിരഞ്ഞെടുക്കാം. 
2. അല്ലാത്തപക്ഷം, മറ്റ് മൂന്ന് Wrong Options ഓരോന്നായി  'Eliminate' ചെയ്യണം. ശേഷിക്കുന്ന ഒരു ഓപ്ഷന്‍ നിര്‍ബന്ധമായും Right Option ആയിരിക്കുമല്ലോ. 

ഇത്തരത്തില്‍ Wrong Options കണ്ടെത്തി, Eliminate ചെയ്ത്, ക്രമാനുഗതമായി ശരിയുത്തരത്തില്‍ എത്തിച്ചേരാന്‍ പ്രയോഗിക്കുന്ന സമര്‍ത്ഥ തന്ത്രമാണ് എലിമിനേഷന്‍ ടെക്‌നിക്. 

Options എലിമിനേറ്റ് ചെയ്യാന്‍ ഈ മാര്‍ഗങ്ങള്‍ ഉപയോഗിക്കാം

വസ്തുതാപരമായി പിശകുണ്ടോ എന്ന് പരിശോധിച്ച്  ഒഴിവാക്കാം.

Extreme statements - 'Always /Never' തുടങ്ങിയ പദങ്ങളുള്ള Extreme statements, പൊതുവില്‍ Wrong Option ആകാനുള്ള സാധ്യതയേറെയാണ്.

സാമാന്യബുദ്ധി/ യുക്തിക്ക്  നിരക്കാത്ത ഓപ്ഷന്‍സ് ഉപേക്ഷിക്കുക.

Contradicting Statemen-ts ചോദ്യത്തോട് ആശയവിരുദ്ധമായ options എലിമിനേറ്റ് ചെയ്യാം.

(II) Three round strategy

Round One 100%

പ്രിലിമിനറി ചോദ്യപേപ്പര്‍, മൂന്ന് വ്യത്യസ്ത  റൗണ്ടുകളിലായി  Attempt ചെയ്യുന്ന രീതിയാണ്  'Three Round Strategy'. ആകെയുള്ള 100 ചോദ്യങ്ങളില്‍നിന്നു പ്രഥമ വായനയില്‍ തന്നെ 100% ഉത്തരം കണ്ടെത്താം എന്ന് ആത്മവിശ്വാസമുള്ള ചോദ്യങ്ങള്‍ മാത്രമാണ്, ഒന്നാം റൗണ്ടില്‍ Attempt ചെയ്യേണ്ടത്. ആദ്യ വായനയില്‍ തന്നെ കൃത്യമായി ഉത്തരം കണ്ടെത്താന്‍ സാധിച്ചാല്‍, ഉടന്‍ തന്നെ ഉത്തരം OMRÂ ബബിള്‍ ചെയ്യണം. ശേഷം അടുത്ത ചോദ്യത്തിലേക്ക്. ഈ രീതിയില്‍ മുഴുവന്‍ ചോദ്യങ്ങളിലൂടെയും കടന്നുപോകണം.

കൃത്യമായി ഉത്തരം അറിയാവുന്നവ മാത്രം ഒന്നാം റൗണ്ടില്‍ ഉത്തരം ചെയ്യണം. ശേഷിക്കുന്ന ചോദ്യങ്ങള്‍, വരും റൗണ്ടുകളില്‍ Attempt ചെയ്യാനായി, ചോദ്യപേപ്പറില്‍  പ്രത്യേകമായി അടയാളപ്പെടുത്താന്‍ മറക്കുകയുമരുത്.

Round Two-  50:50

നാലു ഓപ്ഷനുകളില്‍ നിന്നും, രണ്ട് wrong Options Eliminate ചെയ്യാന്‍ സാധിക്കുന്നുവെങ്കില്‍, നിര്‍ബന്ധമായും അത്തരം ചോദ്യങ്ങള്‍ Attempt ചെയ്യണം. കാരണം ശേഷിക്കുന്ന രണ്ടിലൊന്ന് ശരിയുത്തരം ആണെന്ന് ഉറപ്പാണല്ലോ. ഉത്തരം ശരിയാകാന്‍  50 ശതമാനം സാധ്യതയുമുണ്ട്. ഇത്തരം ചോദ്യങ്ങള്‍ രണ്ടാമത്തെ റൗണ്ടിലാണ് ചെയ്യേണ്ടത്. 

Round Three- Calculated Risk

ഒട്ടും അറിയാത്ത ചോദ്യങ്ങള്‍ മാത്രമാണ് മൂന്നാം റൗണ്ടിലേക്ക് മാറ്റിവെക്കേണ്ടത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നാം ഒരു സാഹസത്തിനു മുതിരുകയാണ്. പൊതുവില്‍ പരീക്ഷ എളുപ്പമാണ് എന്ന്  തോന്നുന്നുവെങ്കിലാണ് മൂന്നാം റൗണ്ടിന്റെ പ്രസക്തി. എളുപ്പമുള്ള പരീക്ഷയ്ക്ക് കട്ട് ഓഫ് ഉയരാനാണ് സാധ്യത. അപ്പോള്‍ കൂടുതല്‍ മാര്‍ക്ക് നേടേണ്ടി വരും. ഇവിടെയാണ് മേല്‍ സൂചിപ്പിച്ച എലിമിനേഷന്‍ ടെക്‌നിക് കൂടുതല്‍ പ്രസക്തമാകുന്നത്. തെറ്റുത്തരം നെഗറ്റീവ് മാര്‍ക്കിലേക്ക് നയിക്കുമെന്ന ബോധത്തോടെ പരമാവധി ശ്രദ്ധിച്ച് ടെക്‌നിക് പ്രയോഗിക്കണം.അല്പം ചോദ്യങ്ങള്‍ മാത്രമാണ് ഈ റൗണ്ടിലേക്ക് മാറ്റി വെക്കേണ്ടത്. മറിച്ചാണെങ്കില്‍ വലിയ വില നല്‍കേണ്ടി വന്നേക്കും.

നെഗറ്റീവ് മാര്‍ക്ക് എന്ന വില്ലന്‍

മുഴുവന്‍ ചോദ്യങ്ങളും Attempt ചെയ്യണമെന്ന് നിര്‍ബന്ധമില്ല. നെഗറ്റീവ് മാര്‍ക്ക് എന്ന വാള്‍ തലക്ക് മീതെയുണ്ട്. ഒട്ടും അറിയാത്ത ചോദ്യങ്ങള്‍, Attempt ചെയ്ത് അപകടം വിളിച്ചുവരുത്തരുത്. 'ദീര്‍ഘകാലം പഠിച്ചതാണല്ലോ എന്നിട്ടും എങ്ങിനെ Attempt ചെയ്യാതിരിക്കും?' ഇത്തരം ചിന്തകള്‍ അപായസൂചനയാണ്. നെഗറ്റീവ് മാര്‍ക്ക് വഴങ്ങി കട്ട് ഓഫ് മാര്‍ക്കിന്റെ അടുത്തുനിന്നും താഴേക്ക് പതിക്കുന്നത് വല്ലാത്ത കഷ്ടം തന്നെയാണ്.

2025-ലെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ, മെയ് 25 ഞായറാഴ്ചയാണ്. വരുംദിനങ്ങള്‍ സവിശേഷമായി വിനിയോഗിച്ചാല്‍, സ്വപ്നനേട്ടത്തിന് വഴിയൊരുങ്ങും.