
കടകളില്‍നിന്നു ലഭിച്ചിരുന്ന 50 പൈസ കവറും പ്ലാസ്റ്റിക് ആണ്. കാറിന്റെ ഡാഷ് ബോര്‍ഡും പ്ലാസ്റ്റിക്ക് ആണ്. എന്നിട്ടെങ്ങിനെ ഈ രൂപം, ഭാവം, ഘടന, കനം ഒക്കെ വേറിട്ടതായി മാറി? റബ്ബര്‍ ബാന്‍ഡുകളും കാറിന്റെ ടയറുകളും റബ്ബര്‍ തന്നെ. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ അല്ലേ. എങ്ങിനെ രണ്ടും വിവിധ പരുവത്തില്‍ ആകുന്നു ക്രൂഡ് ഓയില്‍ ചില്ലറക്കാരന്‍ ആണോ? ഡീസല്‍, പെട്രോള്‍, പ്രകൃതി വാതകം, LNG, CNG, പെട്രോ കെമിക്കല്‍, ജെറ്റ് ഇന്ധനം തുടങ്ങി എത്രയെത്ര ഉത്പന്നങ്ങളാണ് ക്രൂഡ് ഓയിലിനെ ശുദ്ധീകരിച്ചും രൂപ-ഭാവ ഘടനാമാറ്റങ്ങള്‍ വരുത്തിയും മാര്‍ക്കറ്റില്‍ എത്തുന്നത്! കൊച്ചുകേരളത്തില്‍ കൊച്ചിയില്‍ അമ്പലമുകളില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചിന്‍ റിഫൈനറി, ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ്, ഫാക്ട് ( FACT) തുടങ്ങി ഏക്കര്‍ കണക്കിന് വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന വ്യവസായശാലകളില്‍ നടക്കുന്നത് രസതന്ത്രങ്ങളുടെ കളികള്‍ അല്ലേ. ഇതിനെല്ലാം ആധാരമായ കെമിക്കല്‍ എന്‍ജിനീയറിങ്ങിന്റെ ലോകം അനന്തമാണ്, കരിയര്‍ സാധ്യകള്‍ വിപുലവുമാണ്
പെട്രോളിയം, എണ്ണ (Oil), പ്രകൃതി വാതകം (Natural Gas), ഇന്ധനം (Fuel), കല്‍ക്കരി (Coal), ഫുഡ്, ഫുഡ് ഉത്പന്നങ്ങള്‍, കെമിക്കല്‍സ്, വളം (Fertilisers ), കീടനാശിനി (Pesticides), ഫാര്‍മസ്യൂട്ടിക്കല്‍, പ്ലാസ്റ്റിക്, റബ്ബര്‍ , ടെക്‌സ്‌റ്റൈല്‍, സിമന്റ്, തുടങ്ങിയ മേഖലകളിലെ എന്‍ജിനീയറിംഗ് തൊഴില്‍ സാധ്യതകള്‍ എന്തെല്ലാമാണെന്നും ആരൊക്കെയാണ് അവിടെ ജോലി ചെയ്യുന്നതെന്നും നമുക്കൊന്ന് പരിശോധിക്കാം. ഇപ്പറഞ്ഞ മേഖലകള്‍ ഒന്നുമില്ലാത്തൊരു ലോകത്തെക്കുറിച്ച് ചിന്തിക്കാനാവില്ല എന്നത് തന്നെയാണ് അതിന്റെ പ്രത്യേകതയുമെന്ന് നിസ്സംശയം പറയാം. പല രാജ്യങ്ങളുടെയും നിലനില്പ് തന്നെ ഈ ഘടകങ്ങളെ ആശ്രയിച്ചാണെന്ന് അറിയാവുന്ന വസ്തുതയാണല്ലോ.
എന്താണ് കെമിക്കല്‍ എന്‍ജിനീയറിംഗ് ?
വന്‍തോതില്‍ ഇന്ധനം, മരുന്നുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, രാസവസ്തുക്കള്‍, പ്ലാസ്റ്റിക്, സെറാമിക്, വളം, കീടനാശിനികള്‍ തുടങ്ങി രാസപ്രക്രിയകള്‍ വഴി ഉണ്ടാകുന്ന ഉത്പന്നങ്ങളുടെ ഉത്പാദനത്തിനായി പ്ലാന്റുകള്‍ ഉപകരണങ്ങള്‍ എന്നിവ രൂപകല്‍പ്പന ചെയ്യുക, നിര്‍മ്മാണം നടത്തുക, പ്രവര്‍ത്തിപ്പിക്കുക, കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക എന്നിവ കൈകാര്യം ചെയ്യുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന എന്‍ജിനീയറിംഗ് ശാഖയാണ് കെമിക്കല്‍ എന്‍ജിനീയറിംഗ്. രസതന്ത്രം, ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം, ജീവശാസ്ത്രം എന്നിവയില്‍ നിന്നുള്ള തത്ത്വങ്ങള്‍ സംയോജിപ്പിച്ച് അസംസ്‌കൃത വസ്തുക്കളെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്ന പ്രക്രിയകളും , അനുബന്ധ ടെക്‌നോളജി വികസിപ്പിച്ചെടുക്കലും, വ്യാവസായിക അടിസ്ഥാനത്തില്‍ അവയൊക്കെ ഉത്പാദിപ്പിക്കലും കെമിക്കല്‍ എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്നു.
കെമിക്കല്‍ എന്‍ജിനീയര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍
- പ്ലാന്റുകളും ഉപകരണങ്ങളും അനുബന്ധ ടെക്‌നോളജിയും രൂപകല്‍പ്പന ചെയ്യുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുക
- പുതിയ പ്രക്രിയകളും ഉത്പന്നങ്ങളും വികസിപ്പിക്കുക
- നിലവിലുള്ള പ്രക്രിയകളും ഉത്പന്നങ്ങളും മെച്ചപ്പെടുത്തുക
- സുരക്ഷ, കാര്യക്ഷമത, സുസ്ഥിരത എന്നിവ ഉറപ്പാക്കുക
- ലബോറട്ടറി പരീക്ഷണങ്ങളെ വ്യാവസായികാടിസ്ഥനത്തിലുള്ള ഉത്പാദനത്തിലേക്ക് ഉയര്‍ത്തുക.
പ്രധാനപ്പെട്ട കെമിക്കല്‍ എന്‍ജിനീയറിംഗ് സെക്ടറുകള്‍
1. ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനി ( Oil and Gas Company)
2. കെമിക്കല്‍ എന്‍ജിനീയറിങ് കമ്പനി ( Chemical Engineering Company)
3. ഫെര്‍ട്ടിലൈസര്‍ കമ്പനി ( Fertiliser Company)
4. ഫുഡ് ആന്‍ഡ് ഡ്ര്ങ്ക് ( Food and Drink Industries)
5. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ( Pharmaceutical Company)
6. ഊര്‍ജ്ജ കമ്പനികള്‍ ( Power and Energy Company )
7. എയര്‍ കണ്ടീഷണിംഗ് ഇന്‍ഡസ്ട്രി ( Air Conditioning and Refrigeration Industry)
8. വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ ( Water Treatment Plant)
9. പ്ലാസ്റ്റിക് വ്യവസായശാലകള്‍ ( Plastic Industries)
10. റബ്ബര്‍ വ്യവസായശാലകള്‍ ( Rubber Industries)
11. സിമന്റ് വ്യവസായശാലകള്‍ ( Cement Industries)
12. ലെതര്‍ വ്യവസായശാലകള്‍ ( Leather Industries)
13. ടെക്‌സ്‌റ്റൈല്‍ വ്യവസായശാലകള്‍ ( Textile Industries)
പ്രധാനപ്പെട്ട തൊഴില്‍ തസ്തികകള്‍
1. കെമിക്കല്‍ എന്‍ജിനീയര്‍
2. പെട്രോളിയം എന്‍ജിനീയര്‍
3. മൈനിങ് എന്‍ജിനീയര്‍
4. ന്യൂക്ലിയര്‍ എന്‍ജിനീയര്‍
5. ഫുഡ് സയന്റിസ്റ്റ്
6. എന്‍വയണ്‍മെന്റല്‍ എന്‍ജിനീയര്‍
7. ക്വാളിറ്റി എന്‍ജിനീയര്‍
8. എനര്‍ജി എന്‍ജിനീയര്‍
9. അനലിറ്റിക്കല്‍ കെമിസ്റ്റ്
10. വാട്ടര്‍ റിസോഴ്‌സ് എന്‍ജിനീയര്‍
എന്‍ജിനീയറിംഗ് ബിരുദം നല്‍കുന്ന പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
1. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഖരഗ്പൂര്‍
2. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ബോംബെ
3. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഡല്‍ഹി
4. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കാണ്‍പൂര്‍
5. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഗാന്ധിനഗര്‍
6. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, മദ്രാസ്
7. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഗുവാഹത്തി
8. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഹൈദരാബാദ്
9. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, തിരുച്ചിറപ്പള്ളി
10. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ജലന്ധര്‍
11. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ജയ്പൂര്‍
12. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഭോപ്പാല്‍
13. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, അലഹബാദ്
14. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, സുരത്ക്കല്‍
എന്‍ജിനീയറിംഗ് ബിരുദം നല്‍കുന്ന കേരളത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
1. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കോഴിക്കോട്
2. ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ്, തൃശ്ശൂര്‍
3. ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ്, കോഴിക്കോട്
4. ടി.കെ.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കൊല്ലം
5. അമല്‍ ജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിംഗ്, കാഞ്ഞിരപ്പള്ളി
6. സെയിന്റ് ഗിറ്റ്‌സ് കോളേജ് ഓഫ് എന്‍ജിനീയറിംഗ്, പത്താമുട്ടം
ടോപ് ടെന്‍ ( Top Ten )
1. പരിസ്ഥിതിയിലെ ആഘാതം കുറയ്ക്കുന്ന സുസ്ഥിര പ്രക്രിയകളും സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതില്‍ കെമിക്കല്‍ എന്‍ജിനീയര്‍മാര്‍ മുന്‍പന്തിയിലാണ്. കൂടുതല്‍ സുസ്ഥിരമായ ഭാവി സൃഷ്ടിക്കാന്‍ സഹായിക്കുന്ന തരത്തില്‍ ഉത്പാദനം, മാലിന്യ സംസ്‌കരണം, ഊര്‍ജ്ജ ഉത്പാദനം എന്നീ കാര്യങ്ങളില്‍ ശുദ്ധവും ഹരിതവുമായ (Clean and Green) രീതികള്‍ വികസിപ്പിക്കുന്നതില്‍ പങ്ക് വഹിക്കുന്നു.
2. രാസ പ്രക്രിയകള്‍, മെറ്റീരിയലുകള്‍ ഇവയുമായി ബന്ധപ്പെട്ട സിസ്റ്റങ്ങള്‍ എന്നിവിടങ്ങളിലെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യാനും പരിഹരിക്കാനുമുള്ള വൈദഗ്ദ്ധ്യം കെമിക്കല്‍ എന്‍ജിനീയര്‍മാര്‍ക്കാണ്. ഫാര്‍മസ്യൂട്ടിക്കല്‍സ്, ഊര്‍ജം, ഭക്ഷ്യ സംസ്‌കരണം തുടങ്ങിയ വ്യവസായങ്ങളിലെ വിവിധ വെല്ലുവിളികളെ അഭിമുഖീകരിക്കുവാനും നൂതനമായ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനും അവര്‍ അവരുടെ ശാസ്ത്ര ബോധവും എന്‍ജിനീയറിംഗ് നൈപുണ്യവും ഉപയോഗിക്കുന്നു.
3. ഉത്പാദനം (Production) , ഗവേഷണം (Research & Innovation), വികസനവും രൂപകല്പനയും (Design & Development), ആരോഗ്യ സംരക്ഷണം (Health Care), ബയോടെക്‌നോളജി, ഫാര്‍മസ്യൂട്ടിക്കല്‍, ഊര്‍ജ്ജം തുടങ്ങി വൈവിദ്ധ്യമാര്‍ന്ന മേഖലകളില്‍ അവരുടെ വൈദഗ്ധ്യം ആവശ്യമാണ്. ബന്ധപ്പെട്ട വ്യവസായങ്ങളിലെ കാര്യക്ഷമത, സുരക്ഷ, ലാഭക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതില്‍ അവര്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.
4. മരുന്ന് നിര്‍മ്മാണത്തിനുള്ള പ്രക്രിയകള്‍ രൂപകല്പന ചെയ്യുകയും ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്തുകൊണ്ട് കെമിക്കല്‍ എന്‍ജിനീയര്‍മാര്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിന് ഗണ്യമായ സംഭാവന നല്‍കുന്നു. പുതിയ മരുന്ന് വിതരണ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനും മരുന്ന് സ്ഥിരത മെച്ചപ്പെടുത്തുന്നതിനും മരുന്നുകളുടെ സുരക്ഷിതത്വവും ഫലപ്രാപ്തിയും ഉറപ്പുവരുത്തുന്നതിനും അവര്‍ പ്രവര്‍ത്തിക്കുന്നു.
5. രാസപ്രവര്‍ത്തനങ്ങളുടേയും, അതുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങള്‍ ഉണ്ടായി വരുന്നതിലെയും എല്ലാ പ്രവര്‍ത്തനങ്ങളുടെയും നിയന്ത്രണവും മേല്‍നോട്ടവും കെമിക്കല്‍ എന്‍ജിനീയര്‍മാര്‍ നിര്‍വഹിക്കുന്നു. ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ഗുണപരമായ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും അവര്‍ അവരുടെ അറിവ് ഉപയോഗിക്കുകയും ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നു.
6. കെമിക്കല്‍ എന്‍ജിനീയര്‍മാര്‍ വലിയ തോതിലുള്ള വ്യാവസായിക പ്ലാന്റുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിലും, കൈകാര്യം ചെയ്യുന്നതിലും, അവിടത്തെ സുഗമമായ പ്രവര്‍ത്തനവും ഉറപ്പാക്കുന്നു. അവര്‍ ഉപകരണങ്ങളുടെയും സൗകര്യങ്ങളുടെയും (infrastructure and Machinery) നിര്‍മ്മാണം, ഇന്‍സ്റ്റാലേഷന്‍, കമ്മീഷന്‍ ചെയ്യല്‍ എന്നിവയ്ക്ക് മേല്‍നോട്ടം വഹിക്കുന്നു.
7. ഓരോ രാസപ്രക്രിയകളെയും വിലയിരുത്തുന്നത് വഴി ട്രെന്‍ഡുകള്‍ തിരിച്ചറിയുന്നതിനും അതിനനുസരിച്ചുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിനും കെമിക്കല്‍ എന്‍ജിനീയര്‍മാര്‍ വിപുലമായി ഡാറ്റാ അനാലിസിസ് ടെക്‌നിക്കുകള്‍ ഉപയോഗിക്കുന്നു. അണുവിട വ്യത്യാസം വരാതെ പ്രക്രിയകളെ മനസ്സിലാക്കുന്നതിലും അതിനനുസരിച്ച് വേണ്ട നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഒക്കെ സ്റ്റാറ്റിസ്റ്റിക്കല്‍ ടൂളുകളും സിമുലേഷന്‍ സോഫ്ട്വെയറും ഉപയോഗിക്കുന്നു.
8. ഭക്ഷ്യ സംസ്‌കരണത്തിന്റെയും ഉല്‍പാദനത്തിന്റെയും കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കുന്നതില്‍ കെമിക്കല്‍ എന്‍ജിനീയര്‍മാര്‍ ആണ് നിര്‍ണായക പങ്ക് വഹിക്കുന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഷെല്‍ഫ് ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതിനും ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള പ്രക്രിയകള്‍ വികസിപ്പിക്കുന്നതില്‍ അവര്‍ പ്രവര്‍ത്തിക്കുന്നു.
9. രാസവള നിര്‍മ്മാണത്തില്‍ കെമിക്കല്‍ എന്‍ജിനീയര്‍മാര്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. രാസവള ഉല്‍പാദനത്തിനുള്ള പ്രക്രിയകള്‍ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക, കാര്യക്ഷമത, സുരക്ഷ, ഉത്പന്ന ഗുണനിലവാരം എന്നിവ ഉറപ്പാക്കുക, വളം പ്ലാന്റുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കല്‍, സുഗമമായ ഉത്പാദനം ഉറപ്പാക്കല്‍, പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍, അമോണിയ സിന്തസിസ്, യൂറിയ ഉല്‍പ്പാദനം തുടങ്ങിയ രാസവള ഉല്‍പാദനത്തില്‍ ഉള്‍പ്പെടുന്ന രാസപ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുക, പ്രത്യേക കാര്‍ഷിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പുതിയ വളം ഉല്‍പന്നങ്ങളും ഫോര്‍മുലേഷനുകളും സൃഷ്ടിക്കുക, വളം ഉല്‍പന്നങ്ങള്‍ ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കുക തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ഇവര്‍ വഴി നടക്കുന്നു.
10. കെമിക്കല്‍ എന്‍ജിനീയറിംഗ് വൈവിധ്യമാര്‍ന്ന വസ്തുക്കളെ സമന്വയിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും വിവിധ പ്രക്രിയകള്‍ ഉപയോഗിക്കുന്നു. നാനോടെക്‌നോളജി ആണെങ്കിലോ അവയുടെ ഘടനയില്‍ മാറ്റം വരുത്തി ഗുണങ്ങള്‍ ( Property) മെച്ചപ്പെടുത്തി എടുക്കുന്നു. ഒരു മെറ്റീരിയലിന്റെ സൂക്ഷ്മമായ ഘടനയും അതിന്റെ രാസഘടനയും അതിന്റെ ഗുണങ്ങള്‍ നിര്‍വചിക്കുന്നതില്‍ നിര്‍ണായകമാണ്. ഇന്നത്തെ കാലത്ത് കുതിച്ചു കയറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന നാനോ ടെക്‌നോളജി മേഖലയില്‍ ഒരു നെടും തൂണ്‍ ആണ് കെമിക്കല്‍ എന്‍ജിനീയര്‍മാര്‍.
ദൈനംദിന ജീവിതത്തില്‍ ധാരാളം കെമിക്കല്‍ എന്‍ജിനീയര്‍മാര്‍ പല തരത്തില്‍ സ്പര്‍ശിക്കുന്നുണ്ട്. ധരിക്കുന്ന വസ്ത്രമോ, ഉപയോഗിക്കുന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കളോ, കഴിക്കുന്ന മരുന്നുകളോ, വീട് അലങ്കരിക്കുന്ന പെയിന്റുകളോ, യൂട്ടിലിറ്റി പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളോ ആകട്ടെ, വാഹനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനങ്ങള്‍ ആവട്ടെ, കെമിക്കല്‍ എന്‍ജിനീയര്‍മാരുടെ കരസ്പര്‍ശമുള്ള ഉത്പന്നങ്ങള്‍ ചുറ്റുമുണ്ട്. ഇപ്പറഞ്ഞ വസ്തുതകളും കാര്യങ്ങളും നിങ്ങളെ ആകര്‍ഷിക്കുന്നുണ്ടെങ്കിൽ, രസതന്ത്രത്തില്‍ അഭിനിവേശമുള്ളവരാണെങ്കിൽ കെമിക്കല്‍ എന്‍ജിനീയറിംഗില്‍ ഒരു കരിയര്‍ തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടും ഉചിതമായിരിക്കും.
Content Highlights: Details about chemical engineering
Published: 17 Jul 2024, 02:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented