വിസ്തൃതിയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനാണ് ചൈനയിലെ ചോങ്കിങ് ഈസ്റ്റ് റെയിൽവേ സ്റ്റേഷൻ. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ചൈന സന്ദർശനത്തിനിടെ ഇതിന്റെ നിർമ്മാണത്തെക്കുറിച്ചുള്ള ഒരു വീഡിയോ ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌ക് എക്‌സിൽ പങ്കുവെച്ചിരുന്നു. പോസ്റ്റിൽ മസ്‌ക് പ്രത്യേകിച്ച് ഒന്നും എഴുതിയിരുന്നില്ലെങ്കിലും അദ്ദേഹം എന്തിനാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത് എന്നിറിയാനുള്ള ആകാംക്ഷ സാമൂഹിക മാധ്യമ ഉപയോക്താക്കളടക്കം പ്രകടിപ്പിച്ചിരുന്നു.

To advertise here,

റോബോട്ടുകളുടെ സഹായത്തോടെ 38 മാസംകൊണ്ട് നിർമാണം പൂർത്തിയാക്കിയ റെയിൽവേ സ്റ്റേഷനാണിത്. 2025 മെയ് മാസത്തിൽ ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരുന്നു. വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ലോകത്ത് ഒന്നാം സ്ഥാനമുള്ള ഈ റെയിൽവേ സ്റ്റേഷൻ വിവിധ സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഗതാഗത സമുച്ചയം കൂടിയാണ്.

ഇന്ന് ചോങ്കിങ്ങും അവിടുത്തെ പുതിയ സ്റ്റേഷനും ചൈനയുടെ ശക്തമായ എഞ്ചിനീയറിങ് വൈദഗ്ധ്യത്തിന്റെയും സാമ്പത്തിക ശക്തിയുടെയും അടയാളമായാണ് നിലകൊള്ളുന്നത്. പല രാജ്യങ്ങളും വലിയ പദ്ധതികൾ പൂർത്തിയാക്കാൻ ദശാബ്ദങ്ങളെടുക്കുമ്പോൾ ചൈന ഈ ഭീമാകാരമായ 12.2 ലക്ഷം ചതുരശ്ര മീറ്റർ സ്റ്റേഷൻ വെറും 38 മാസത്തിനുള്ളിൽ നിർമ്മിച്ചു. റോബോട്ടുകളാണ് അതിവേഗ നിർമാണം സാധ്യമാക്കിയത്.

ലേസർ-ഗൈഡഡ് ഫോർ-വീൽ സ്‌ക്രീഡ് റോബോട്ടുകൾ, മനുഷ്യന്റെ വേഗതയുടെ മൂന്നിരട്ടി വേഗതയിൽ മില്ലിമീറ്റർ കൃത്യതയോടെ കോൺക്രീറ്റ് ലെവലിംഗ് നടത്തി എന്നാണ് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നത്. തൊഴിലാളികളുടെ ചെലവ് 40 ശതമാനം കുറയ്ക്കാൻ റോബോട്ടുകൾ സഹായിച്ചു. ഗ്ലാസ് ഘടിപ്പിക്കുന്നതിനുള്ള റോബോട്ടുകൾ 800 കിലോഗ്രാം പാനലുകൾ സുരക്ഷിതമായും കൃത്യമായും കൈകാര്യം ചെയ്തു. നിർമാണ വേഗത ഇവ മൂന്നിരട്ടി വർധിപ്പിക്കുകയും അപകട സാധ്യത 90 ശതമാനം കുറയ്ക്കുകയും ചെയ്തു. വെൽഡിങ് റോബോട്ടുകളും പട്രോളിംഗ് റോബോട്ടുകളും നിർമാണത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിച്ചു. അപകടങ്ങൾ കുറച്ചയ്ക്കുകയും പ്രതികൂല സാഹചര്യങ്ങളിൽ പോലും ഗുണനിലവാരം നിലനിർത്തുകയും ചെയ്തു.

തൊഴിലാളികളുടെ ചെലവ് റോബോട്ടിക്‌സ് സാങ്കേതികവിദ്യ ഏകദേശം പകുതിയാക്കിയെന്നും, കാര്യക്ഷമത മൂന്നിരട്ടിയാക്കിയെന്നും, അപകടങ്ങൾ 90 ശതമാനം കുറച്ചുവെന്നും ചൈന റെയിൽവേ ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയോട് പറഞ്ഞു. ഇന്ന് ചൈനയുടെ വിശാലമായ അതിവേഗ റെയിൽ ശൃംഖലയുടെ ഭാഗമാണ് ഈ സ്റ്റേഷൻ. തെക്കുപടിഞ്ഞാറൻ ചൈനയെ 14 പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ ഈ സ്റ്റേഷൻ നിർണായക പങ്ക് വഹിക്കുന്നു.