വരുംകാലങ്ങളിൽ അഞ്ചോ പത്തോ മിനിറ്റിൽ ഇലക്ട്രിക് വണ്ടികൾ നമ്മൾ ചാർജ് ചെയ്യും. സ്റ്റിയറിംഗ് വീലോ ചവിട്ടാൻ ബ്രേക്കോ അക്‌സിലറ്ററോ ഇല്ലാത്ത ഡ്രൈവറില്ലാ റോബോ വണ്ടികൾ നമുക്ക് മുന്നിൽ വന്ന് നിൽക്കും. ഇടി ഇല്ല, ഉരസൽ ഇല്ല, ബ്ലോക്ക് ഇല്ല. പരസ്പരം സാങ്കേതിക സന്ദേശങ്ങൾ കൊടുത്തും വാങ്ങിയും നിരത്തിൽ നിരനിരയായി അവർ പോകും. ഇനി അഥവാ ഒരു ഇടി കിട്ടി ഒന്ന് ചളുങ്ങിയാൽ തന്നെ തനിയെ നേരെയാകുന്ന ബോഡി ഭാഗം ആയാലോ? കൗതുകമല്ലേ. നമ്മുടെ കൊച്ചിയിലും തിരുവനന്തപുരത്തും ഒക്കെ പറക്കും വാഹനങ്ങൾ ഓർത്ത് നോക്കൂ. വണ്ടി ഓടിക്കുന്ന നമ്മുടെ മൂഡും വികാരങ്ങളും നെഞ്ചിടിപ്പും മനസ്സിലാക്കി പ്രതികരിക്കുന്ന ഒരു വാഹനം ആയാലോ? പോട്ടെ, ഒരു തുള്ളി പോലും മാലിന്യം പുറംതള്ളാത്ത വണ്ടി ആയാലോ. എന്തൊക്കെ അദ്ഭുതങ്ങളാണ് അല്ലേ. ഇന്ന് സ്വപ്നം കാണുന്നതിന് അപ്പുറമുള്ള കാര്യങ്ങൾ സാങ്കേതികവിദ്യ മുന്നിൽ കൊണ്ടുവന്ന് തരും. 

To advertise here,

ഒരു കൂടെപ്പിറപ്പിനോടെന്ന പോലെയുള്ള ഒരു വികാരമാണ് നമുക്ക് നമ്മുടെ സ്വന്തം വാഹനത്തോട്  ഉള്ളത്. നല്ല പുതുപുത്തൻ വാഹനങ്ങളോടുള്ള പല തരത്തിലുള്ള കമ്പം മനസ്സിൽ കൊണ്ട് നടക്കുന്ന ധാരാളം പേരെ നമുക്കറിയാം. പെർഫോമൻസ് നോക്കി (BMW, AUDI) വാഹനം വാങ്ങുവാൻ കോടികൾ ചിലവിടുന്നവർ ഉണ്ട്. എന്നാല് മറ്റു ചിലർ ആഡംബരം തേടി (ലംബോർഗിനി, കാഡിലാക്) ഏതറ്റം വരെ പോകാൻ തയാറാകുന്നവർ ഉണ്ട്. തങ്ങളുടെ കൊക്കിൽ ഒതുങ്ങുന്ന താങ്ങാവുന്ന ഒരു വാഹനം ( ടാറ്റാ നാനോ, മാരുതി) വാങ്ങി സന്തോഷം നേടുന്നവർ ഉണ്ട്. ഇങ്ങനെ ഉപഭോക്താക്കളുടെ നിരവധി അനവധി ആവശ്യങ്ങളെ പരിഗണിച്ച് കൊണ്ടും വൈവിധ്യങ്ങളായ കോടിക്കണക്കിന് വാഹനങ്ങൾ നിരത്തിൽ ഇറങ്ങിക്കൊണ്ടേയിരിക്കുന്നു.    

സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫക്ചറേഴ്സിൻ്റെ കണക്ക് പ്രകാരം 2023-24 സാമ്പത്തിക വർഷം മാത്രം ഇന്ത്യയിൽ വിറ്റ് പോയത് 2.38 കോടി വാഹനങ്ങൾ (മുൻ വർഷത്തേക്കാൾ 12% കൂടുതൽ) ആണ്. ഇതേ കാലയളവിൽ 2.84 കോടി വാഹനങ്ങൾ നിർമ്മിക്കപ്പെട്ടു. കേന്ദ്ര റോഡ് ഗതാഗത വകുപ്പ് പ്രകാരം ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെട്ട വാഹനങ്ങളുടെ എണ്ണം 2022 ലെ കണക്ക് പ്രകാരം 35 കോടിയിൽ അധികം വരും. ഇത് പാസഞ്ചർ കാറുകളുടെ കാര്യമാണ്. ട്രാക്ടർ ഉത്പാദനത്തിൽ ഇന്ത്യ ഒന്നാമതാണ്. ബസ് നിർമാണത്തിൽ ലോകത്ത് രണ്ടാമതും ട്രക്ക് മനുഫാക്ചറിങ്ങിൽ മൂന്നാമതും ആണ് ഇന്ത്യ. 90 കളിൽ കേവലം 3% ൽ താഴെ മാത്രം ജിഡിപി പങ്കാളിത്തം ഉണ്ടായിരുന്ന ഈ സെക്ടർ ഇന്ന് വളർന്ന് 7% മുകളിലേക്ക് എത്തിയിരിക്കുന്നു. 19 മില്യൺ ആളുകൾ നേരിട്ടും അല്ലാതെയും തൊഴിൽ നോക്കുന്നു. 

വരും വർഷങ്ങളിൽ.....

2021-ൽ നിന്നും 2028-ലേക്ക് എത്തുമ്പോൾ ഇവി (ev) മേഖല അഞ്ച് മടങ്ങ് വർദ്ധന പ്രതീക്ഷിക്കുന്നു. 2030 ആകുമ്പോഴേക്കും ആകെയുള്ളതിൽ 30% ഇലക്ട്രിക് വാഹനങ്ങൾ ആക്കുവാനും ലോകത്തെ വലിയ ഇലക്ട്രിക് വാഹന വിപണി ആകുവാനും ഇന്ത്യ ശ്രമിക്കുന്നു. 200 ബില്യൺ അമേരിക്കൻ ഡോളർ നിക്ഷേപം ആണ് പ്രതീക്ഷിക്കുന്നത്. 2028 ആകുമ്പോഴേക്കും ഹോണ്ട മോട്ടോഴ്സ് ജപ്പാൻ ഇന്ത്യയിൽ ev നിർമാണം ആരംഭിക്കുവാൻ ഇരിക്കുന്നു. റെനോൾട്ട് നിസ്സാൻ കൂട്ടായ്മ 600-700 മില്യൺ നിക്ഷേപം ചെന്നൈ പ്ലാൻ്റുമായി ചേർന്ന് ചെയ്യാൻ ഉദ്ദേശിക്കുന്നു. മാരുതി സുസുക്കി മനേസരിൽ പുതിയ അസംബ്ലി ലൈൻ ആരംഭിച്ചു. 2023 മുതൽ 2033 വരെയുള്ള കാലയളവിൽ 32000 കോടി രൂപയുടെ നിക്ഷേപം ഹ്യുണ്ടായി മോട്ടോഴ്സ് ലക്ഷ്യമിടുന്നു. സ്കോഡ 2030 ആകുമ്പോഴേക്കും 5% മാർക്കറ്റ് ഷെയർ വർദ്ധനവ് ഉദ്ദേശിക്കുന്നു. 

ഇത് ചില ഉദാഹരണങ്ങൾ മാത്രം. ഇലക്ട്രിക് വാഹന വിപണി മാത്രം ഇന്ത്യയിൽ 2030 ആകുമ്പോഴേക്കും 5 കോടി തൊഴിലുകൾ നൽകും എന്ന് പറയുന്നു. നീതി ആയോഗ് റിപ്പോർട്ടിൽ 145 ബില്യൺ ഡോളർ ഓട്ടോ പാർട്സ് നിർമാണം 2030 ആകുമ്പോഴേക്ക് ഇന്ത്യ ലക്ഷ്യമിടുന്നു എന്ന് പറയുന്നു. പാർട്സ് കയറ്റുമതി 20 ൽ നിന്നും മൂന്ന് മടങ്ങ് കുതിച്ച് 60 ബില്യൺ അമേരിക്കൻ ഡോളർ ആകുമെന്നും പറയുന്നു. 2030 ആകുമ്പോഴേക്കും ഈ മേഖലയിൽ മാനുഫാക്ചറിങ് ഹബ് ആവുക എന്നതാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.  2030-ൽ ത്വരിതഗതിയിൽ വളർച്ച നേടുന്ന വ്യവസായത്തിൻ്റെ ഭാഗമായി ഒരു ജോലി നമുക്കും നേടാൻ എന്ത് പഠിക്കണം? എവിടെ പഠിക്കണം? നമുക്ക് നോക്കാം...

ഓട്ടോമൊബൈൽ എൻജിനീയറിങ് / ഓട്ടോമോട്ടീവ് എൻജിനീയറിങ്

കാർ, ബസ്, ട്രക്ക്, ബൈക്ക് തുടങ്ങി വൈവിധ്യമാർന്ന വാഹനങ്ങൾ രൂപകൽപ്പന ചെയ്യുക, നിർമ്മിക്കുക, നിരത്തിലിറക്കുക, പരിചരിച്ച് കൊണ്ട് പോകുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക്  വേണ്ട വിദ്യാഭ്യാസ യോഗ്യതയും നൈപുണ്യവും അറിവും നൽകപ്പെടുന്ന എൻജിനീയറിങ് ശാഖയാണ് ഓട്ടോമൊബൈൽ എൻജിനീയറിങ്. ആളുകളെ ആകർഷിക്കുന്ന തരത്തിൽ ഭംഗിയായി ഉപയോഗിക്കത്തക്ക വിധത്തിൽ രൂപകൽപ്പന ചെയ്യുക, ബന്ധപ്പെട്ട എഞ്ചിൻ, ട്രാൻസ്മിഷൻ, സ്റ്റിയറിംഗ്, സസ്പെൻഷൻ തുടങ്ങിയ മെക്കാനിക്കൽ ഉപകരണങ്ങൾ ഉണ്ടാക്കുക, സെൻസറും, ബാറ്ററിയും ഒക്കെ ഉൾപ്പെടുന്ന ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, എല്ലാ പ്രവർത്തനങ്ങളും ഓട്ടോമാറ്റിക് ആയി തന്നെ കൊണ്ട് പോകുവാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയർ, എംബഡഡ് സംവിധാനങ്ങൾ എല്ലാം ചേർന്നതാണ് ഈ ശാഖ. പ്രവർത്തന ക്ഷമത, ഇന്ധന ക്ഷമത, സുഖകരമായ യാത്ര, പാരിസ്ഥിതിക ആഘാതങ്ങൾ കുറക്കുക, ഓട്ടോമേഷൻ, കണക്റ്റിവിറ്റി, ഇലക്ട്രിഫിക്കേഷൻ എന്നിവ ഇതിനോട് ബന്ധപ്പെട്ട പ്രധാന പ്രവർത്തനങ്ങളും ആണ്.

തൊഴിൽ സാധ്യതകൾ

1. വെഹിക്കിൾ ഡിസൈൻ എൻജിനീയർ  ( Shape, Aesthetics, Ergonomics, Aerodynamics) 
2. പവർട്രൈൻ എൻജിനീയർ ( Engine, Fuel Efficiency, Emissions)
3. ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് എൻജിനീയർ ( Battery, Sensors)
4. എംബഡഡ് സിസ്റ്റം എൻജിനീയർ ( Vehicle control Software)
5. ഓട്ടോനോമസ് വെഹിക്കിൾ എൻജിനീയർ ( AI, Robotics)
6. ടെസ്റ്റ് & വലിഡേഷൻ ( Durability, trials, Crash Test, Virtual Simulation)
7. മാനുഫാക്ചെറിംഗ് & പ്രൊഡക്ഷൻ എൻജിനീയർ ( Assembly Line, Parts)
8. വെഹിക്കിൾ ഡൈനാമിക്സ് എൻജിനീയർ ( Ride comfort, Suspension)
9. ഇലക്ട്രിക് വെഹിക്കിൾ എൻജിനീയർ ( ബാറ്ററി, ഇലക്ട്രിക് മോട്ടോർ, Thermal management)
10. കണക്റ്റിവിറ്റി & IoT സ്പെഷ്യലിസ്റ്റ് ( സ്മാർട്ട് ഡാഷ് ബോർഡ്, സൈബർ സെക്യൂരിറ്റി, 5G)
11. സസ്റ്റൈനബിൾ മൊബിലിറ്റി എക്സ്പെർട്ട് ( പാരിസ്ഥിതിക ആഘാതം കുറക്കുന്ന മറ്റീരിയൽ, പ്രവർത്തനം)

പഠനം

ഓട്ടോമൊബൈൽ അല്ലെങ്കിൽ ഓട്ടോമോറ്റിവ് എൻജിനീയറിങ്ങിൽ ബിരുദം. മെക്കാനിക്കൽ എൻജിനീയറിംഗിലും ബിരുദം എടുക്കാം. ഇതിനോടൊപ്പം കാലത്തിന് യോജിച്ച രീതിയിൽ ഈ മേഖലയിലെ വന്നുകൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുവാൻ എമർജിംഗ് സങ്കേതിക വിദ്യകളിൽ ( AI, Cyber security, Machine Learning, IoT, Sensor Technology) ഉള്ള അറിവും ബിരുദം നേടുന്നത് പോലെ തന്നെ അനിവാര്യമാണ്.  അതിനാൽ ഓട്ടോമൊബൈൽ, ഓട്ടോമോറ്റീവ് അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിംഗിൽ മേജർ ബിരുദം നേടുന്നതിനോട് ഒപ്പം എമർജിംഗ് സങ്കേതിക വിദ്യകളിൽ മൈനർ ബിരുദവും നേടണം. 

ഇന്ത്യയിലെ ടോപ് ഇൻസ്റ്റിറ്റ്യൂട്ടുകൾ 

  1. ഐഐടി മദ്രാസ് 
  2. ഐഐടി ഖരഗ്പൂർ
  3. വിഐടി വെല്ലൂർ 
  4. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, വാരംഗൽ 
  5. PSG കോളേജ് ഓഫ് ടെക്നോളജി, കോയമ്പത്തൂർ

ഓട്ടോമൊബൈൽ എൻജിനീയറിങ് ബിരുദം നൽകുന്ന കേരളത്തിലെ പ്രധാനപ്പെട്ട കോളേജുകൾ (കേരള ഇൻസ്റ്റിറ്റ്യൂട്ട് റാങ്കിങ് KIRF ഓർഡറിൽ)

  1.  അമൽ ജ്യോതി കോളേജ് ഓഫ് എൻജിനീയറിങ്, കാഞ്ഞിരപ്പള്ളി (KIRF - 9)
  2. ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങ് (KIRF - 13)
  3. SCMS സ്കൂൾ ഓഫ് എൻജിനീയറിങ് & ടെക്നോളജി (KIRF - 15 )

1. EVs ( ഇലക്ട്രിക് യുഗം): പഴയ ഐസി എഞ്ചിൻ (Internal Combustion Engines) കാലത്ത് നിന്നും ഇവി യുഗത്തിലേക്ക്. ബാറ്ററി ലൈഫ്, പെട്ടെന്നുള്ള ചാർജിങ്, പുനരുപയോഗിക്കാവുന്ന ബാറ്ററികൾ, പവർ ഇലക്ട്രോണിക്സ്, തെർമൽ മാനേജ്മെൻ്റ് എന്നീ മേഖലകളിൽ അനുദിനം കൂടുതൽ കൂടുതൽ മാറ്റങ്ങൾക്ക് വേണ്ടി ശ്രമങ്ങൾ നടക്കുന്നു.

2. ഓട്ടോണോമസ് ഡ്രൈവിങ് & അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം : സെൻസർ സങ്കേതികവിദ്യ, നിർമ്മിത ബുദ്ധി ( AI), മെഷീൻ ലേണിംഗ് ( ML) എന്നിവയുടെ ശക്തി പ്രകടനം നടന്നുകൊണ്ടിരിക്കുന്ന ഒരു ഇടം. ഒരു ഡ്രൈവറെ കൂടുതൽ സഹായിക്കുന്നത് (Level 1) തുടങ്ങി ഡ്രൈവറെ തന്നെ വേണമെങ്കിൽ ഒഴിവാക്കാൻ ( Level 4 ) വരെ സാധിക്കുന്ന സങ്കേതികവിദ്യകൾ. വണ്ടി പാർക്ക് ചെയ്ത് തരും, ബ്ലൈൻഡ് സ്പോട്ടുകൾ പറഞ്ഞു തരും, അടിയന്തിര സാഹചര്യങ്ങളിൽ തനിയെ ബ്രേക്ക് നൽകും, സ്വയം ക്രൂയിസ് കൺട്രോൾ, ലൈൻ ട്രാഫിക് തനിയെ മാനേജ് ചെയ്യും തുടങ്ങിയവ ചെറിയ ഉദാഹരണങ്ങൾ ആണ്. 

3. കണക്റ്റഡ് വാഹനങ്ങൾ, ഇൻ്റർനെറ്റ് ഓഫ് തിങ്സ് (IoT) : ഇൻ്റർനെറ്റ്, IoT, സെൻസർ, സൈബർ സെക്യൂരിറ്റി, ടെലിമാറ്റിക്സ്, ക്ലൗഡ് കമ്പ്യൂട്ടിങ് തുടങ്ങിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഒന്നിലധികം വാഹനങ്ങൾ തമ്മിൽ ഓടുന്ന സമയത്തെ ട്രാക്കിങ്, സന്ദേശം കൈമാറൽ തുടങ്ങിയവ..

4. സസ്റ്റൈനബിൾ മൊബിലിറ്റി (Sustainable Mobility) : പാരിസ്ഥിതികാഘാതം കുറയ്ക്കുക എന്നത് ലക്ഷ്യം. പാരിസ്ഥിതിക സൗഹൃദമായ ഇന്ധനം, വാഹന നിർമ്മാണത്തിൽ ഉപയോഗിക്കുന്ന മെറ്റീരിയൽ എന്നീ മേഖലകളിൽ ശ്രദ്ധ. ബയോ ഫ്യൂവൽ (Fuel) , ഹൈഡ്രജൻ ഫ്യൂവൽ എന്നൊക്കെ നമ്മൾ കേൾക്കുന്നത് ഇതിൻ്റെ ഭാഗമായിട്ടാണ്.

5. ഓട്ടോമോറ്റീവ് സോഫ്റ്റ്‌വേർ: നമുക്ക് ആവശ്യം വരുന്ന സേവനങ്ങൾക്ക് അനുസരിച്ച് സോഫ്റ്റ്‌വേർ മാറി മാറി ഇൻസ്റ്റാൾ ചെയ്ത് ആ സേവനം കാറിൽ ഉപയോഗിക്കുന്ന കാലം ഓർത്തു നോക്കൂ. സേഫ്റ്റി, കൺട്രോൾ എന്നീ മേഖലകളിൽ ആകും ഇത് കൂടുതൽ ഉപയോഗിക്കുക..

മാറ്റങ്ങൾ, സൂചനകൾ

ഓട്ടോമോട്ടീവ് മേഖലയിൽ നിക്ഷേപം കൂടുതൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകൾ ഏതെന്ന് പറയുന്നത് ഈ മേഖലയിൽ എന്ത് പഠിക്കണം എന്നതിനെ സംബന്ധിച്ച് ഒരു സൂചനയാണ്. മൂന്ന് പ്രധാന മേഖലകളിൽ ആണ് കൂടുതൽ നിക്ഷേപം സംഭവിക്കുന്നത്.

1. ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് , സെൻസർ സങ്കേതികവിദ്യകൾ

(Smart Sensors, Generative AI, Advanced Driver Assistance System ADAS Level 1-4, Quantum Computing, Semi conductor, High speed processors etc) 

2. തമ്മിൽ തമ്മിൽ ബന്ധിപ്പിക്കുവാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ (Connected Technologies) 

(Cyber Security, Telematics, Digital Twins, Industry 4.0, Edge Computing, Factory Automation/ Robots, Additive Manufacturing etc) 

3. ഗ്രീൻ ടെക്നോളജി.

(Fuel Efficiency, Battery Chemistry, Charging/Swapping Infra, Fuel Cells, Carbon Fiber, Battery Recycling, Advanced Lite weight Materials etc)

വിദേശം, വിശാലം 

ഈ മേഖലയിൽ ഉന്നത പഠനം ആഗ്രഹിക്കുന്നവർക്ക് ചില രാജ്യങ്ങൾ കൂടി പരിചയപ്പെടുത്താം

1. ജർമനി :  ഓട്ടോമോടീവ് മേഖലയിലെ നൂതന ആശയങ്ങളുടെ ഹബ് ആയിട്ടാണ് ജർമനി അറിയപ്പെടുന്നത്. BMW, AUDI, Mercedes-Benz എന്നിവയുടെ തറവാട്. ഇവിടുത്തെ TU മ്യൂനിച്, RWTH Aachen, Stuttgart സർവകാലശാലകൾ പ്രസിദ്ധമാണ്. 

2. അമേരിക്ക:  വ്യവസായ മേഖലയും അക്കാദമിക സമൂഹവും തമ്മിലുള്ള ശക്തമായ ബന്ധങ്ങൾക്ക് പ്രസിദ്ധമാണ് അമേരിക. മിഷിഗൺ ടെക് യൂണിവേഴ്സിറ്റി ഒക്കെ പേരുകേട്ടതാണ്. Ford, Tesla, GM ഒക്കെ നമുക്ക് ഏറെ പരിചിതമാണ്.

3. ജപ്പാൻ: ഈ മേഖലയിലെ മുൻഗാമികൾ. ടൊയോട്ട, ഹോണ്ട, നിസ്സാൻ. ടോക്യോയിലെ യൂണിവേഴ്സിറ്റികൾ പ്രസിദ്ധം ആണ്.  

പരമ്പരാഗത ശൈലിയിൽനിന്നും ഓട്ടോമോടീവ് വ്യവസായം എമർജിംഗ് സങ്കേതിക വിദ്യകളുടെ സഹായത്തോടെ കുതിച്ച് മുന്നേറുകയാണ്. അതിനോട് കിടപിടിക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഉണ്ടാവേണ്ട കാലം അതിക്രമിച്ചു. ആധുനിക സാങ്കേതിക വിദ്യയിൽ വാർത്തെടുത്ത സ്കിൽ അധിഷ്ഠിതമായ എൻജിനീയറിങ് വിദ്യഭ്യാസം കാലത്തിൻ്റെ അനിവാര്യതയാണ്.