
ചില കണ്ടുപിടുത്തങ്ങൾ ലോകം കീഴടക്കുകയും തങ്ങളുടേതായ ചരിത്രം എഴുതിച്ചേർക്കുകയും ചെയ്യും. അത്തരത്തിൽ നോക്കുമ്പോൾ മെറ്റീരിയൽ സയൻസിൻ്റെ ലോകത്ത് വിപ്ലവം തീർത്തവരാണ് സ്റ്റീലും കോംപസിറ്റ് (composite) മെറ്റീരിയലും. ഇവയുടെ വരവോടെ ഓട്ടോമോട്ടീവ്, എയ്റോസ്പേസ് മേഖലകളിൽ അദ്ഭുതകരമായ മാറ്റങ്ങൾ സംഭവിച്ചു. ഭാരം കുറച്ചും ഗുണങ്ങൾ (Property ) മെച്ചപ്പെടുത്തിയും പുത്തൻ മെറ്റീരിയലുകൾ ഡിസൈൻ ചെയ്യുന്നതിൽ ലോകത്ത് തന്നെ, പ്രത്യേകിച്ച് ബഹിരാകാശ-പ്രതിരോധ മേഖലകളിലൊക്കെയും വലിയ മത്സരമാണ് നടക്കുന്നത്.
ഏതാണ്ട് നാലു ശതാബ്ദത്തോളം പഴക്കമുള്ളതും കരകൗശല മികവിന്റെ ഏറ്റവും വലിയ ഉദാഹരണമായ ലോഹക്കൂട്ടുകൾ കൊണ്ട് നിർമിതമായ ആറന്മുള കണ്ണാടി നമ്മുടെ കേരളത്തിൽ പാരമ്പര്യമായി നിലനിന്ന് പോരുന്ന മെറ്റലർജി രീതികളുടെ ഉദാഹരണമാണ്. ഇന്ത്യയുടെ ലോഹസംസ്കരണ പാരമ്പര്യം വിളിച്ചോതുന്ന നിർമ്മിതിയായ- ദില്ലിയിൽ സ്ഥിതി ചെയ്യുന്ന തുരുമ്പെടുക്കാത്ത ഇരുമ്പ് സ്തംഭം( Iron Pillar) നോക്കി നിൽക്കാറില്ലേ. ടൈറ്റാനിക് സിനിമ നമ്മൾ എല്ലാവരും കണ്ടിട്ടുണ്ടാകുമല്ലോ. സിനിമ കണ്ട് തരിച്ചിരുന്നെങ്കിലും യഥാർത്ഥത്തിൽ അതിൻ്റെ തകർച്ചയുടെ കാരണങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ തണുത്തുറഞ്ഞ അന്തരീക്ഷത്തിൽ സ്വഭാവം മാറുന്ന മെറ്റീരിയലുകളുടെ നിഗൂഢതകളിലേക്കാണ് കണ്ണ് തുറക്കുന്നത്.
ആദ്യ തലമുറ കംപ്യൂട്ടറുകൾ വാക്വം ട്യൂബുകൾ ഉപയോഗിച്ചായിരുന്നു നിർമിച്ചത്. ഒന്നും രണ്ടുമല്ല, ആയിരക്കണക്കിന് വാക്വം ട്യൂബുകൾ. ബഹുനിലക്കെട്ടിടങ്ങളുടെ വലുപ്പമുള്ള അന്നത്തെ വാക്വം ട്യൂബുകളിൽ നിന്ന് ഇന്നത്തെ ചെറു ഡെസ്ക്ടോപ്പുകളും ലാപ്ടോപ്പുകളും സ്മാർട്ഫോണുകളുമൊക്കെ പിറവിയെടുത്തത് സെമി കണ്ടക്ടറുകളുടെ ഉദയത്തോടെയാണ്. ഇവയെല്ലാം മെറ്റീരിയൽ സയൻസ് എന്ന ശാസ്ത്രശാഖയുടെ കരുത്തിലാണ് സംഭവിച്ചത്. ഇന്നത്തെ കാലത്തേക്ക് വരുമ്പോൾ മെറ്റീരിയൽ ഭീമന്മാർ അരങ്ങ് തകർക്കുന്ന സെമി കണ്ടക്ടർ മെറ്റീരിയലുകൾ , നമ്മുടെ ശരീരത്തിൻ്റെ ഉള്ളിൽ കൃത്രിമമായി ഘടിപ്പിക്കേണ്ടി വരുന്ന അവയവ ഭാഗങ്ങളുടെ മെറ്റീരിയലുകൾ( Bio material), വലുപ്പത്തിൽ ഇത്തിരിക്കുഞ്ഞന്മാരും ഗുണത്തിൻ്റെ കാര്യത്തിൽ വമ്പന്മാരും ആയ നാനോ മെറ്റീരിയലുകൾ, ബഹിരാകാശ അന്തരീക്ഷത്തിൽ ഉപയോഗിക്കുന്ന നിരവധി അനവധി മെറ്റീരിയലുകൾ തുടങ്ങി ഈ ശാസ്ത്രശാഖയുടെ സാദ്ധ്യതകൾ അനന്തമാണ്. ഇന്നത്തെ കാലത്തെ സൈക്കിളുകളുടെ ഭാരവും വൈവിധ്യവും പണ്ടത്തെ യമണ്ടൻ സൈക്കിളുകളും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ വരെ മെറ്റീരിയൽ സയൻസിൻ്റെ മാജിക് മനസ്സിലാകും. എങ്കിൽ ഇതിനേക്കുറിച്ചൊക്കെ പഠിപ്പിക്കുന്ന സാങ്കേതിക ശാസ്ത്ര ശാഖയെ കുറിച്ച് അറിയാൻ ശ്രമിച്ചാലോ.
മെറ്റലർജി ആൻഡ് മെറ്റീരിയൽ എന്‍ജിനീയറിംഗ്
ലോഹങ്ങൾ, അലോയ്കൾ, സെറാമിക്സ്, പോളിമറുകൾ, composite കൾ, സംയുക്തങ്ങൾ എന്നിവയുടെ ഗുണങ്ങളും സ്വഭാവവും പ്രയോഗങ്ങളും കൈകാര്യം ചെയ്യുന്ന ഒരു വിഭാഗമാണ് മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എന്‍ജിനീയറിംഗ്. നിത്യോപയോഗ മേഖല മുതൽ വൻകിട ഗവേഷണ മേഖല വരെ വലിയ സാധ്യതകളുള്ള ഒരു രംഗമാണ് ഇത്. മികച്ച ഒരു പഠനമേഖല എന്നതിലുപരി, ലോകത്തിൻ്റെ നിലനിൽപ്പിനും ഉത്പാദന മേഖലക്കും ഏറെ പ്രയോജനം ചെയ്യുന്ന എൻജിനീയറിങ് മേഖല. മെറ്റലര്‍ജിസ്റ്റാണെന്ന്‌അഭിമാനത്തോടെ പറയുന്ന ധാരാളം ശാസ്ത്രജ്ഞന്മാർ ഇന്ത്യയുടെ ബഹിരാകാശ - പ്രതിരോധ മേഖലകളിൽ പ്രവർത്തിക്കുന്നു. ഗവേഷണാധിഷ്ഠിതമാണ് മെറ്റീരിയൽ സയൻസ്. കെമിസ്ട്രിയും ഫിസിക്സും എൻജിനീയറിങ്ങുമെല്ലാം സമന്വയിക്കുന്ന ഒരു മേഖലയാണ് ഇത്. ബിരുദതലത്തിലുളള പഠനത്തിന് പുറമേ ബിരുദാനന്തര ബിരുദം, ഗവേഷണം, പൊസ്റ്റ് ഡോക്ടറൽ തലങ്ങൾ വരെ ഈ മേഖലയിൽ മുന്നോട്ട് പോകാവുന്നതാണ്.
തൊഴിലവസരങ്ങൾ
ഗൂഗിൾ സി.ഇ.ഒ. ആയ സുന്ദർ പിച്ചൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഖരഗ്പൂരിൽനിന്നും ഇതേ ബ്രാഞ്ചിൽ ബിരുദം എടുത്ത വ്യക്തിയാണ്. ISRO, DRDO, Indian Army, Indian Navy, BARC, SAIL, GAIL, DMRL, NML, HAL KMML, MIDHANI പോലെയുള്ള ഭാരതത്തിൻ്റെ സർക്കാർ നിയന്ത്രിത പ്രമുഖ കമ്പനികളിൽ എന്‍ജിനീയറിംഗ് തലത്തിൽ ഉയർന്ന ശമ്പളത്തിൽ ജോലിക്കുള്ള അവസരങ്ങൾ ഈ ബ്രാഞ്ചിൻറെ പ്രത്യേകത തന്നെയാണ്. ഏറ്റവും കുറവ് സീറ്റുകൾ ആയതിനാൽ പഠിച്ചിറങ്ങുന്നവർക്ക് സാധ്യത ഏറുമല്ലോ. ഇവിടെയും അവസാനിക്കുന്നില്ല അവസരങ്ങൾ. ജിൻഡാൽ സ്റ്റീൽസ്, പീകേ സ്‌റ്റീൽസ്, ഹിൻഡാൽകോ, കൊച്ചിൻ ഷിപ് യാർഡ്, സ്റ്റീൽ ആൻഡ് അയൺ ഫോർജിംഗ് ലിമിറ്റഡ്, അന്ന അലുമിനിയം മെറ്റലർജി എന്‍ജിനീയർമാർക്ക് അവസരം നൽകുന്ന വേറെയും വ്യവസായശാലകൾ ആണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി ഗവേഷണാവസരങ്ങൾ മെറ്റീരിയൽസ് സയൻസ് മേഖലകളിലുള്ളവർക്ക് ഉണ്ട്.
പ്രധാനപ്പെട്ട തൊഴിൽ തസ്തികകളും മേഖലയും
1. മെറ്റീരിയൽസ് ആൻഡ് കോറോഷൻ (Corrosion ) എന്‍ജിനീയർ
2. റിസർച്ച് ഓഫീസേഴ്സ്
3. ഡിസൈൻ എന്‍ജിനീയർ
4. ക്വാളിറ്റി ഇൻസ്പെക്ടർ
5. ഇന്ത്യൻ ആർമി, ഇന്ത്യൻ നേവി
6. മെറ്റലർജിക്കൽ ആൻഡ് സ്പെഷ്യൽ പ്രോസസ് എന്‍ജിനീയറിംഗ് മാനേജർ
7. ഒപ്റ്റിക്കൽ ഡിസൈൻ എന്‍ജിനീയർ
8. വെൽഡിംഗ് എന്‍ജിനീയർ
9. നോൺ ഡിസ്ട്രക്ടീവ് ടെസ്റ്റിംഗ് എന്‍ജിനീയർ
10. ഡിഫൻസ് സർവീസ്
പുതിയ ലോകവും മെറ്റലര്‍ജിയും
1. സുസ്ഥിര സാങ്കേതികവിദ്യകൾ: പുനരുപയോഗം, മാലിന്യം കുറയ്ക്കൽ, ഊർജ-കാര്യക്ഷമമായ പ്രക്രിയകൾ എന്നിങ്ങനെയുള്ള സുസ്ഥിര സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ മെറ്റലർജിസ്റ്റുകൾ നിർണായക പങ്ക് വഹിക്കും.
2. അഡ്വാൻസ്‌ഡ് മെറ്റീരിയലുകൾ: നാനോ മെറ്റീരിയലുകൾ, സ്‌മാർട്ട് മെറ്റീരിയലുകൾ, ബയോ മെറ്റീരിയലുകൾ എന്നിവ പോലെ തനതായ ഗുണങ്ങളുള്ളതും innovation , research, Entrepreneurship എന്നിവയെ പോഷിപ്പിക്കുന്നതുമായ പുതിയ മെറ്റീരിയലുകൾ രൂപകല്പന ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് മെറ്റലർജിസ്റ്റുകൾ ആണ്.
3. ഊർജ്ജ സംഭരണവും ഉൽപാദനവും: നൂതന ബാറ്ററി സാങ്കേതികവിദ്യകൾ, ഇന്ധന സെല്ലുകൾ, മറ്റ് ഊർജ്ജ സംഭരണ പരിഹാരങ്ങൾ എന്നിവയുടെ വികസനത്തിന് മെറ്റലർജിസ്റ്റുകൾ സംഭാവന നൽകും.
4. എയ്‌റോസ്‌പേസും ഡിഫൻസും: വിമാനം, ബഹിരാകാശ പേടകം, പ്രതിരോധ പ്രയോഗങ്ങൾ എന്നിവയ്‌ക്കായുള്ള സാമഗ്രികളിൽ മെറ്റലർജിസ്റ്റുകളുടെ പങ്ക് നിർണ്ണായകമാണ്.
5. ബയോമെഡിക്കൽ ആപ്ലിക്കേഷനുകൾ: ജോയിൻ്റ് റീപ്ലേസ്‌മെൻ്റുകൾ, ഡെൻ്റൽ ഇംപ്ലാൻ്റുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ എന്നിവ പോലുള്ള മെഡിക്കൽ ആപ്ലിക്കേഷനുകൾക്കായി മെറ്റലർജിസ്റ്റുകൾ പുതിയ മെറ്റീരിയലുകളും ഇംപ്ലാൻ്റുകളും വികസിപ്പിക്കും.
6. പരിസ്ഥിതി: പരിസ്ഥിതിയിൽനിന്ന് ഘനലോഹങ്ങളും മറ്റ് മലിനീകരണങ്ങളും നീക്കം ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ മെറ്റലർജിസ്റ്റുകൾ സഹായിക്കും.
7. ഡിജിറ്റലൈസേഷന്‍: കാര്യക്ഷമതയും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുന്നതിനായി AI, IoT പോലുള്ള ഡിജിറ്റൽ സാങ്കേതികവിദ്യകളെ മെറ്റലർജിക്കൽ പ്രക്രിയകളിലേക്ക് സമന്വയിപ്പിക്കാൻ മെറ്റലർജിസ്റ്റുകൾ പ്രവർത്തിക്കുന്നത് വഴി ആധുനിക സാങ്കേതിക വിദ്യയുടെ തണലിൽ വിപ്ലവം സൃഷ്ടിക്കുവാൻ മെറ്റലര്‍ജിസ്റ്റ് മുൻഗണന നൽകും.
8. എനർജി ഹർവേസ്റ്റിംഗ്: തെർമോ ഇലക്‌ട്രിക് മെറ്റീരിയലുകൾ പീസോ ഇലക്ട്രിക് ഉപകരണങ്ങൾ തുടങ്ങി ചുറ്റുമുള്ള പരിതസ്ഥിതിയിൽനിന്നു ലഭിക്കുന്ന ഊർജ്ജത്തെ ഇലക്ട്രിക് പവർ ആക്കി മാറ്റുവാനുള്ള ഹർവേസ്റ്റിംഗ് സാങ്കേതിക വിദ്യയുടെ വികസനത്തിൽ മെറ്റീരിയൽ സയൻസ് എന്‍ജിനീയർമാർ ഗവേഷണം നടത്തുന്നു.
10. നാനോടെക്നോളജി: വലുപ്പത്തിൽ കുഞ്ഞനും ഗുണങ്ങളിൽ വമ്പന്മാരുമായ ഇത്തിരിക്കുഞ്ഞൻ മെറ്റീരിയല്‍ ഭീമൻമാരെ നിർമ്മിച്ചെടുക്കുന്നത് മെറ്റലർജിസ്റ്റുകൾ ആണ്. ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഉപകരണങ്ങൾ എല്ലാം ഭാവിയിൽ വലുപ്പം കുറഞ്ഞ് ചെറിയ പരുവത്തിൽ ആകും. ഇത്തരത്തിൽ വിവിധ ആപ്ലിക്കേഷനുകൾക്കായി നാനോ മെറ്റീരിയലുകളുടെയും നാനോ സ്ട്രക്ചറുകളുടെയും സാധ്യതകൾ ഗവേഷണം ചെയ്യുന്നത് മെറ്റീരിയല്‍ സയന്‍സ് ചെയ്യുന്നവരാണ്
ഉന്നതപഠനം, ഗവേഷണം
ഇന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ വിദേശത്ത് അടക്കം ഉന്നത പഠനത്തിന് ധാരാളം അവസരമുള്ള ശാസ്ത്ര മേഖലയാണ് ഇത്. കാലാവസ്ഥ വ്യതിയാനവും ഊർജ്ജത്തിൻ്റെ ലഭ്യതയിൽ കുറവും വരുന്ന ഈ കാലഘട്ടം മറ്റ് ഊർജ്ജ ഉത്പാദന മേഖലകൾ തേടുന്ന സമയമാണ്. photocatalysis, photovoltaics, thermoelectrics, phononics, batteries and supercapacitors എന്നീ മേഖലയിൽ material science ൻ്റെ പങ്കും സാദ്ധ്യതയും ഏറി വരുന്നു. അർദ്ധചാലക ഉപകരണങ്ങളുടെയും ( Semi conductors) സർക്യൂട്ടുകളുടെയും ഉപയോഗം ആധുനിക ജീവിതത്തിൽ ഒരു പ്രധാന പങ്ക് വഹിക്കും. അതിനാൽ ഇലക്ട്രോണിക്സും ഫോട്ടോണിക്സും പ്രധാന വളർച്ചാ മേഖലകളായി കണക്കാക്കപ്പെടുന്നു. ബയോ ഇൻസ്‌പൈർഡ് ഉപകരണങ്ങളോ സിസ്റ്റങ്ങളോ രൂപകൽപന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്നത് മറ്റൊരു മേഖലയാണ്. നാനോ സങ്കേതിക വിദ്യയുടെ ബലത്തിൽ മുന്നേറുന്ന ഗ്രീൻ ടെക്നോളജി വലിയ സാധ്യതകൾ മുന്നോട്ട് വെക്കുന്നു.
എന്‍ജിനീയറിംഗ് ബിരുദം നൽകുന്ന പ്രമുഖ സ്ഥാപനങ്ങൾ
1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് , ബാംഗ്ലൂർ
2. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മദ്രാസ്
3. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബോംബെ
4. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഡൽഹി
5. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഖരഗ്പൂർ
6. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാൺപൂർ
7. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, തിരുച്ചിറപ്പള്ളി
8. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, വാരംഗൽ
9. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, സുരത്കൽ
കേരളത്തിലെ സ്ഥാപനങ്ങൾ
1. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോഴിക്കോട്
2. അമൽ ജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിംഗ് , കാഞ്ഞിരപ്പള്ളി
മെറ്റീരിയൽ സയൻസ് അനുബന്ധമായ രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങൾ
1. ഭാഭാ അറ്റോമിക് റിസർച്ച് സെൻ്റർ ( BARC)
2. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിനറൽസ് ആൻഡ് മെറ്റീരിയൽസ് ടെക്നോളജി
3. സെൻട്രൽ ഗ്ലാസ്സ് ആൻഡ് സെറാമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കൽക്കട്ട
4. ഇൻ്റർനാഷണൽ അഡ്വാൻസ്ഡ് റിസർച്ച് സെൻ്റർ ഫോർ പൗഡർ മെറ്റലർജ്ജി ആൻഡ് ന്യൂ മറ്റീരിയൽ , ഹൈദരാബാദ്
5. ഡിഫൻസ് മെറ്റലർജിക്കൽ റിസർച്ച് ലബോറട്ടറി, ഹൈദരാബാദ്
6. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റൽസ്
സ്പെഷ്യൽ എം.ടെക്. കോഴ്സുകൾ
1. വെൽഡിംഗ് എന്‍ജിനീയറിംഗ്
2. ഇൻഡസ്ട്രിയൽ മെറ്റലർജി
3. മറ്റീരിയൽ സയൻസ് ആൻഡ് എന്‍ജിനീയറിംഗ്
4. മെറ്റല്ലർജിക്കൽ ആൻഡ് മറ്റീരിയൽസ് എന്‍ജിനീയറിംഗ്
5. സെറാമിക് എന്‍ജിനീയറിംഗ്
6. നാനോ സയൻസ് ആൻഡ് ടെക്നോളജി
7. സ്റ്റീൽ ടെക്നോളജി
8. കൊറോഷൻ സയൻസ്
9. പ്രോസസ് മെറ്റലർജി
മെറ്റലർജി കോഴ്സും പെൺകുട്ടികളും
മെക്കാനിക്കൽ ബന്ധമുള്ള കോർ എന്‍ജിനീയറിംഗ് കോഴ്സുകളിൽ പെൺകുട്ടികൾ കുറവ് പഠിച്ചിരുന്ന ഒരു പ്രവണത നിലനിന്നിരുന്നു. എന്നാൽ പുതിയ കാലത്തെ ചിന്താഗതികളും, തൊഴിലിടങ്ങളിലെ ജെൻഡർ തുല്യതാ പരിഗണനകളും തത്തുല്യമായ രീതിയിൽ തന്നെ പെൺകുട്ടികളെ കൂടുതൽ എടുക്കുവാൻ തൊഴിൽദാതാക്കൾ പ്രത്യേകമായി തന്നെ അവരുടെ ബയോഡാറ്റകൾ ആവശ്യപ്പെടുന്ന കാലമാണ് . വിവരസാങ്കേതിക വിദ്യയുടെ മേഖലയിലുള്ള മത്സരവുമായി താരതമ്യം ചെയ്താൽ പെൺകുട്ടികൾക്ക് ഇവിടെ കാര്യമായ മത്സരം നേരിടേണ്ടി വരുന്നില്ല. നല്ല നിലയിൽ വിജയിച്ചു വന്നാൽ തന്നെ ജോലി ഉറപ്പാകുന്ന സാഹചര്യം നിലനിൽക്കുന്നു.
വിമാനങ്ങൾ, വാഹനങ്ങൾ, കെട്ടിടങ്ങൾ, കൃത്രിമ അവയവ ഉപകരണങ്ങൾ, നാണയങ്ങൾ, ആഭരണങ്ങൾ, തോക്കുകൾ, പാചക ഉപകരണങ്ങൾ, സംഗീത ഉപകരണങ്ങൾ തുടങ്ങി മെറ്റലർജി എത്താത്ത മേഖലകൾ ഇല്ല. യന്ത്രങ്ങളും ഉപകരണങ്ങളും നിത്യോപയോഗ സാധനങ്ങളും അടക്കം നിരവധി ഉൽപന്നങ്ങൾ നിർമ്മിക്കുവാൻ വേണ്ട മെറ്റീരിയലുകൾ വികസിപ്പിക്കുവാൻ ഈ ലോഹശാസ്ത്രം ഉപയോഗിക്കുന്നു. ലോഹമൂലകങ്ങളുടെയും അവയുടെ സംയുക്തങ്ങളുടെയും ലോഹസങ്കരങ്ങളുടെയും ഭൗതികവും രാസപരവുമായ സ്വഭാവത്തെക്കുറിച്ചുള്ള പഠനമായതിനാൽ ലോഹശാസ്ത്രം ആധുനിക സമൂഹത്തിൻ്റെയും വളർച്ചയുടെയും നിർണായക ഭാഗമാണ്..
Content Highlights: about metallurgy and material science engineering
Published: 09 Jul 2024, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented