കഴിഞ്ഞ വർഷം മലയാളത്തിലെ ഓണപ്പതിപ്പുകളിൽ വന്ന ചെറുകഥകളിൽ സംവാദാത്മകസ്വഭാവമുള്ള ഒരു രചനയാണ് വി.എസ്. അനിൽകുമാർ രചിച്ച വേയ്സ്റ്റ്. സമകാലികമായ രാഷ്ട്രീയം തന്നെയാണ് ഇതിന്റെ വിഷയം. ആ നിലയിലുള്ള പ്രസക്തി മുൻനിർത്തിയുള്ള ഒരു വായനയാണ് ഇവിടെ നടത്തുന്നത്.

To advertise here,

നമ്മുടെ നാട് സംഘർഷാത്മകമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. 'ഇന്ത്യയെ ഒരു പരമാധികാര, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിന്' വേണ്ടി തയ്യാറാക്കപ്പെട്ട ഒരു ഉറച്ച ഭരണഘടനയാണ് നമുക്കുള്ളത്. സ്വാതന്ത്ര്യം, സമത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും സാഹോദര്യം എല്ലാവരിലും വളർത്തുന്നതിനുമുള്ള ദൃഢനിശ്ചയം അതിലുണ്ട്. അത്തരത്തിലുള്ള ഉദാത്തമായ കാഴ്ചപ്പാട് പിൻബലമായി ഉണ്ടായിരുന്നിട്ടും ഇന്ത്യൻ ജനത ഇന്ന് മതേതരത്വവും സമത്വവും സാഹോദര്യവും മറന്ന് വർഗീയതയ്ക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുന്നു. കമ്മ്യൂണിസ്റ്റ് ചിന്തയുടെ കൂടി അനന്തരാവകാശികളായ കേരളീയർ ജാതിക്കെതിരായ ചിന്തയിലും മതാതീതമായ ആത്മീയതയിലും സമത്വം കൈവരിക്കണമെന്ന വികാരതീവ്രമായ സ്വപ്നങ്ങളിലും മുന്നിട്ടുനിന്നവരാണ്. പക്ഷേ ലോകത്താകമാനം ഉണ്ടായ മുതലാളിത്തസംസ്‌കൃതിയുടെ വ്യാപനവും റഷ്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ തകർച്ചയും ആഗോളവൽക്കരണത്തിലൂടെ ലോകമെങ്ങും പ്രച്ഛന്ന രീതിയിൽ ആവിർഭവിച്ച കോളനിവൽക്കരണവും ഒക്കെ നമ്മുടെ കൊച്ചുകേരളത്തിന്റെ ഇടതുപക്ഷ നൈതികതയിലും വിള്ളൽ വീഴ്ത്തിയിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്.

കമ്മ്യൂണിസ്റ്റ് പാർട്ടിയെ ബാലറ്റ് പെട്ടിയിലൂടെ ആദ്യമായി അധികാരത്തിൽ എത്തിച്ച വിപ്ലവകരമായ അധ്യായം നമ്മുടെ ചരിത്രത്തിലുണ്ട്. എന്നാൽ പിന്നീട് ആ അധികാരത്തിലെത്തുന്നതിനായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും ആദർശങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നു. ഒരു ജനത എന്ന നിലയ്ക്ക് ആഗോളവൽക്കരണം വെച്ചു നീട്ടിയ ആഡംബരങ്ങൾക്കും ഉപഭോഗതൃഷ്ണയ്ക്കും സുഖാലസ്യത്തിനും കേരളീയരും മിക്കവാറും അടിമപ്പെട്ടുകഴിഞ്ഞിരിക്കുന്നു. മുതലാളിത്ത സംസ്‌കൃതിക്ക് അടിമപ്പെട്ടു കൊണ്ടിരിക്കുന്ന ഭരണകൂടങ്ങൾ തന്നെയാണ് വലതുപക്ഷം എന്നും ഇടതുപക്ഷം എന്നും വ്യത്യസ്ത പേരുകളിൽ നാടു ഭരിച്ചുകൊണ്ടിരിക്കുന്നത്. നവോത്ഥാനകാലത്ത് നമുക്കുണ്ടായിരുന്ന ഉയർന്ന മാനവികമൂല്യങ്ങൾ പതുക്കെപ്പതുക്കെ മാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്നു. ജാതിയുടെയും ധനാസക്തിയുടെയും കൂടാരങ്ങളിലേക്ക് തിരിഞ്ഞുനടക്കാനും സുഖജീവിതത്തിൽ അഭിരമിക്കാനും മടിയില്ലാത്ത ജനതയായി കേരളീയരും മാറിക്കഴിഞ്ഞു. വർഗീയത പിടിമുറുക്കുന്ന ദേശീയാന്തരീക്ഷവും യഥാർത്ഥ ഇടതുപക്ഷ മൂല്യങ്ങൾ ചോർന്നുപൊയ്ക്കഴിഞ്ഞ കേരളീയാന്തരീക്ഷവും ചരിത്രത്തിന്റെ പ്രകാശരേഖകൾ ഓർമകളിൽ സൂക്ഷിക്കുന്ന മനുഷ്യരെ സംബന്ധിച്ച് കടുത്ത വേദനയും നൈരാശ്യവും ഉണ്ടാക്കുന്ന ഘടകങ്ങളാണ്. ഈ വർത്തമാനകാല ദുരവസ്ഥയെ ഒരു കൊച്ചു വർത്തമാനം പോലെ അവതരിപ്പിക്കുന്ന കഥയാണ് 'വേയ്സ്റ്റ്'.

നിരാശാജനകമായ ഈ രാഷ്ട്രീയാവസ്ഥ ചിത്രീകരിക്കാൻ വിഷാദാത്മകമായ അന്തരീക്ഷമോ സൈദ്ധാന്തിക രാഷ്ട്രീയത്തിന്റെ ബൗദ്ധിക ഭാരമോ കഥയിൽ സ്വീകരിച്ചിട്ടില്ല. അതാണ് കഥാകൃത്തിന്റെ സവിശേഷത. പ്രാദേശികതയിൽ ഊന്നി നിന്നുകൊണ്ട് നർമ്മസംഭാഷണത്തിന്റെ രീതിയിൽ ഈ പ്രശ്‌നം ധ്വനിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുന്നു. ചാർലി ചാപ്ലിന്റെ സിനിമ കണ്ടു ചിരിക്കുന്ന നമ്മുടെ ഹൃദയത്തിൽ കണ്ണീരിന്റെ ഉറവ പൊട്ടുന്നതുപോലെ ഈ കഥയും ചിരിയിലൂടെ ആഴമുള്ള ഒരു ദുഃഖഭാവമാണ് നമ്മിൽ ഉണർത്തുക.

പ്രാദേശികത്തനിമയും പ്രാദേശിക ഭാഷയും കൊണ്ട് വായനക്കാരുടെ ഹൃദയത്തെ തൊടുന്ന രീതി വി.എസ്. അനിൽകുമാർ പണ്ടേ പിന്തുടർന്നുപോരുന്നതാണ്. അദ്ദേഹം ബാല്യ കൗമാര യൗവ്വനങ്ങൾ കഴിച്ചുകൂട്ടിയ ധർമ്മടം പ്രദേശത്തിന്റെ നാട്ടുസംസ്‌കാരം അദ്ദേഹത്തിന്റെ പല കഥകളുടെയും പ്രധാന ആകർഷണമാണ്. പക്ഷേ പ്രാദേശികതയുടെ മണ്ണിൽ ആഴത്തിൽ വേരോടിക്കൊണ്ട് രാജ്യത്തിന്റെ ചരിത്രാകാശത്തിലേക്ക് ശാഖകൾ നീട്ടാൻകഴിവുള്ളതാണ് ആ കഥകൾ. ചെന്നൈയിലെ പ്രവാസ ജീവിതത്തിന് ശേഷം കണ്ണൂർ കണ്ണപുരത്താണ് വി.എസ് അനിൽകുമാർ പാർപ്പുറപ്പിച്ചത്. അദ്ദേഹത്തിന്റെ വീട്ടുപേരാണ് മരുതം. അദ്ദേഹം അടുത്തകാലത്ത് പ്രസിദ്ധീകരിച്ച മരുതംമുക്ക് എന്ന സമാഹാരത്തിലെ കഥകൾ ആ പ്രദേശത്തിന്റെ പ്രാദേശികസ്വത്വത്തിൽ നിന്നുയിർക്കൊണ്ടവയും അതേസമയം രാജ്യ ചരിത്രത്തിലേക്കും വർത്തമാനത്തിലേക്കും വ്യാപിക്കുന്നതുമാണ്. അക്കൂട്ടത്തിൽ പെട്ട ഒരു കഥയാണ് 'വേയ്സ്റ്റ്.' വേസ്റ്റ് എന്ന കഥയിലെ കഥാഖ്യാതാവ് ഒരു മാഷാണ്; ഭാര്യ ടീച്ചറും. അവർ പരസ്പരം സംബോധനചെയ്യുന്നതും മാഷേ ടീച്ചറേ എന്നൊക്കെയാണ്. ഇത് ആ ദമ്പതികളുടെ പരസ്പരബഹുമാനത്തിന്റെ സൂചനയാണ്. ഇവർ അന്യോന്യം സംസാരിക്കുന്നതും മറ്റു കഥാപാത്രങ്ങൾ സംസാരിക്കുന്നതുമൊക്കെ തികഞ്ഞ മലബാർ ഭാഷയിലാണ്. ആ സംഭാഷണഭാഷ കഥയുമായി വായനക്കാരന് സവിശേഷമായ അടുപ്പം ഉണ്ടാക്കുന്നുണ്ട്.

മരുതം മുക്ക് ആറാം വാർഡിന്റെ വാട്‌സ് ആപ്പിൽ ഓഹോ കുഞ്ഞാണൻ മരിച്ചു എന്ന വാർത്തയും അയാളുടെ ഫോട്ടോയും ജീവിതക്കുറിപ്പും അയാൾക്കുള്ള ആദരാഞ്ജലികളും കഥാഖ്യാതാവ് കാണുന്നതോടെയാണ് കഥ ആരംഭിക്കുന്നത് .ആ വിവരം ഭാര്യയോട് അയാൾ ഉറക്കെ വിളിച്ചു പറയുന്നുണ്ടെങ്കിലും മൊബൈൽ ഫോണിൽ ദക്ഷിണകൊറിയൻ സിനിമ കണ്ടുകൊണ്ടിരിക്കുന്ന ഭാര്യ അത് ചെവിക്കൊള്ളുന്നതേയില്ല. മാഷ് അകത്തേക്ക് കുതിച്ചെത്തി വിവരം പറയുമ്പോൾ 'ങേ, അയാൾക്ക് അത്രക്കെല്ലാം വയസ്സുണ്ടേനാ'എന്നായിരുന്നു ഭാര്യയുടെ പ്രതികരണം. 86 വയസ്സുള്ള കുഞ്ഞാണേട്ടനെക്കുറിച്ചുള്ള ഈ പ്രതികരണത്തിന്റെ താല്പര്യം മനസ്സിലാകാതെ മാഷ് കൂടുതൽ ക്ഷുഭിതനായി.

മാഷ് പതിവു നടത്തത്തിനിറങ്ങി. മാഷ് കാണുന്ന അയ്യോത്തുവയലും പുഴ പോലുള്ള അയ്യോത്ത് തോടും വെള്ളക്കൊച്ചകളും പരുന്തുകളും കൊക്കുകളും കാക്കയും മൈനയും കീരിയും പനങ്കാക്കയും കുറുനരിയും കൂടി മരുതം മുക്കിന്റെ പ്രകൃതിയെയും ജീവജാലങ്ങളെയും നമുക്കുമുന്നിൽ വരച്ചുവയ്ക്കുന്നു. രണ്ടാം ദിവസത്തെ നടത്തത്തിൽ കമ്പിയിലിരുന്നാടുന്ന ഒരു പച്ചപ്രാവിനെ മാഷ് കാണുന്നുണ്ട്. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന മഞ്ഞവരയൻ പച്ചപ്രാവാണതെന്ന് മാഷ് തിരിച്ചറിയുന്നതോടെ മരുതംമുക്ക് ഒന്നുകൂടി നമ്മുടെ മുന്നിൽ തെളിഞ്ഞുവരുന്നു. അയ്യോത്തു പാടശേഖരത്തിൽ രണ്ടാംവിളയായി ഉഴുന്നും ചെറുപയറും വിതയ്ക്കാത്തതിൽ വിഷമിക്കുന്ന മാഷ് കഴിഞ്ഞ കൊല്ലം അവിടെ താഴേപ്പറമ്പത്ത് നാരായണൻ സൂര്യകാന്തി വിതച്ചതും ഗംഭീരമായി അത് പൂവിട്ടു നിന്നതും ദൂരദേശങ്ങളിൽ നിന്നുപോലും അത് കാണാൻ ആളു വന്നതും ചാനലുകളിൽ വാർത്ത വന്നതും ഓർക്കുന്നു. അതുപോലെ മരുതംമുക്കിലെ മനുഷ്യർ, അങ്കണവാടി, അതിനടുത്തുള്ള മോയന്റോഡ് ഇങ്ങനെ ഓരോന്നായി ചിത്രീകരിക്കപ്പെടുമ്പോൾ മരുതം മൂക്കിന്റെ ഭൂമിശാസ്ത്രം, ഫ്‌ളോറ, ഫോന,മനുഷ്യർ എല്ലാവരും കൂടിച്ചേർന്ന മനോഹരമായ ഒരു ക്യാൻവാസ് കഥയ്ക്കുവേണ്ടി ഒരുങ്ങുകയായി.

കഥാഖ്യാതാവിന്റെ മനസ്സിൽ കുഞ്ഞാണേട്ടനുമായി ഇടപെട്ട ചില സന്ദർഭങ്ങൾ ഉണർന്നു വരുന്നു. വ്യക്തമായ ചരിത്രബോധവും ദേശീയ ബോധവും ജീവിതോന്മുഖതയും ഉള്ള ഒരു നാട്ടുമ്പുറത്തുകാരന്റെ ഉയർന്ന വ്യക്തിത്വം ആ ഓർമ്മകളിലൂടെ കൃത്യമായിചിത്രീകരിക്കപ്പെടുന്നു. ആദ്യ ഓർമ്മ താൻ എടുത്ത ലോട്ടറിക്ക് സമ്മാനം ഉണ്ടോ എന്ന് കുഞ്ഞാണേട്ടൻ പരിശോധിക്കുന്നതാണ്. 86 വയസ്സായിട്ടും തികഞ്ഞ ജീവിതാസക്തിയോടെ ലോട്ടറി എടുക്കുന്നതിന്റെ കാരണം വിശദീകരിക്കുകയാണയാൾ. തനിക്ക് ചൈനയുടെ വൻമതിൽ കാണണമെന്നും ബ്രസീലിലെ പെലയെ നേരിട്ട് കാണണമെന്നും ആണ് അയാൾ പറയുന്നത്. അയാൾ ചെറുപ്പത്തിൽ നല്ലൊരു ഫുട്‌ബോൾ കളിക്കാരനായിരുന്നു. ഒപ്പം അയാൾ ഒരു ആഗ്രഹം കൂടി പറഞ്ഞു. 'അങ്ങനെ കുറേ പൂതിയ്ണ്ട് മാഷേ. നമ്മുടെ നാടു നന്നാവണം എന്നുവരെ എനിക്ക്പൂതീണ്ട്' കുഞ്ഞാണേട്ടൻ ഉറക്ക ചിരിച്ചു.ഒരിക്കലും ലോട്ടറി കിട്ടിയിട്ടില്ല . അതുകൊണ്ട് ചൈനയിലെ വൻമതിൽ കാണാൻസാധിച്ചിട്ടില്ല; പെലെയെ കാണാനും കഴിഞ്ഞിട്ടില്ല. അതുപോലെ സഫലമാകാത്ത ഒരു പൂതിയാണ് നമ്മുടെ നാട് നന്നാവണം എന്നതും എന്നു ധ്വനി. പൊട്ടിച്ചിരിച്ചുകൊണ്ടാണ് ഇതു പറയുന്നതെങ്കിലും ആ ചിരിക്ക് പിന്നിൽ നിരാശയുടെ കണ്ണീരുണ്ട്. ആ കണ്ണീരിന്റെ കാരണങ്ങളാണ് ഈ കഥയുടെ പ്രമേയം.

കാവും മടപ്പുരയും ഒക്കെ ക്ഷേത്രമായി മാറിക്കൊണ്ടിരിക്കുന്നതിനെച്ചൊല്ലിയുള്ള പരാതിയാണ് മറ്റൊരിക്കൽ കുഞ്ഞാണേട്ടൻ പറഞ്ഞത്. ക്ഷേത്രവും കാവും തമ്മിലുള്ള വ്യത്യാസം പോലും അറിയാത്ത പുതിയ തലമുറയുടെ അരാഷ്ട്രീയതയെ അയാൾ കുറ്റപ്പെടുത്തുന്നു. പുതിയ കാലത്ത് ഹൈന്ദവവൽക്കരണവ്യഗ്രത കാവുകളുടെ കീഴാള പ്രാതിനിധ്യത്തെ കടന്നാക്രമിച്ചുകൊണ്ട് അവയെ സവർണവൽക്കരിക്കുന്നു; ക്ഷേത്രങ്ങളാക്കുന്നു. ഇത് കൃത്യമായി മനസ്സിലാക്കാൻ ആ നാട്ടിൻപുറത്തുകാരന്റെ ജാഗ്രത്തായ ബുദ്ധിക്ക് കഴിയുന്നുണ്ട്.

മറ്റൊരിക്കൽ കുഞ്ഞാണേട്ടൻ കഥാഖ്യാതാവായ മാഷിനോട് പറഞ്ഞത് കുഞ്ഞപ്പാട്ടനെക്കുറിച്ചാണ്. കുഞ്ഞപ്പാട്ടൻ ആ ഗ്രാമത്തിലേക്ക് ബ്രഹ്‌മാനന്ദ ശിവയോഗിയെ കുറിച്ചുള്ള അവബോധം സംക്രമിപ്പിച്ച ആളായിരുന്നു .നാട്ടിൽ ആദ്യമായി പന്തിഭോജനം നടത്തിയത് കുഞ്ഞപ്പാട്ടൻ. ആദ്യമായി ഒരു യു പി സ്‌കൂൾ തുടങ്ങിയതും ആ മനുഷ്യൻ. ജാതിയും മതവും ഇല്ലാണ്ട് എല്ലാവർക്കും പണിയെടുക്കാൻ കഴിയുന്ന നെയ്ത്തുകമ്പനി തുടങ്ങി ഗ്രാമത്തിന് പുതിയ മുഖം നൽകിയതും മറ്റാരുമായിരുന്നില്ല. 1948ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ക്രൂരമായി വേട്ടയാടപ്പെടുമ്പോൾ കാന്തലോട്ടു കുഞ്ഞമ്പുവും കെ പി ആർ ഗോപാലനും ഒളിച്ചു പാർത്തത് ആ നെയ്ത്തു കമ്പനിയിലാണ്. ഒളിവിൽ പാർക്കുന്നവരെ കൃത്യമായി സംരക്ഷിച്ച കുഞ്ഞപ്പാട്ടനും കുടുംബവും പോലീസ് മർദ്ദനത്തിനും ഭീഷണിയ്ക്കുമെല്ലാം ഇരയാകേണ്ടിവന്നു. ഇങ്ങനെ ചുരുക്കം ചില പരാമർശങ്ങളിലൂടെ നമ്മുടെ നവോത്ഥാനകാലത്തെ ജാതിവിരുദ്ധ സമരം മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ച വരെയുള്ള പ്രകാശപൂർണ്ണമായ ഒരു ചരിത്രം മിഴിവോടെ കഥയിൽ അനാവൃതമാകുകയാണ്.

ഇത്തരം സാമൂഹിക ചലനങ്ങളിൽ നിർണായക പങ്കുവഹിച്ച, പക്ഷേ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടാതെ പോയ നിരവധി നാട്ടിൻപുറത്തുകാരുടെ ഉത്തമ പ്രതിനിധിയാണ് കുഞ്ഞപ്പാട്ടൻ. ആ കുഞ്ഞപ്പാട്ടൻ പല ആത്മാർത്ഥ കമ്മ്യൂണിസ്റ്റുകളെയും പോലെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഒതുങ്ങിക്കൂടി. യോഗശാലയിലും കൊല്ലത്തിലൊരിക്കൽ ആലത്തൂരിലും ചെല്ലുന്നതു മാത്രമായി അയാളുടെ നവോത്ഥാനസ്മൃതികൾ. അയാളെ മുഖ്യധാരയിൽ കൊണ്ടുവരാൻ നാട്ടിലെ ഇടതുപക്ഷ പ്രവർത്തകരാരും മെനക്കെട്ടില്ല എന്നു മാത്രമല്ല മുകളിലത്തെ നേതാക്കന്മാരെ ഭയന്ന് സർവ്വരും അയാളെ തമസ്‌കരിക്കുകയും ചെയ്തു. അയാളുടെ ഓർമ്മദിനംപോലും ഇന്ന് ആരുടെയും മനസ്സിലില്ല എന്നതാണ് കുഞ്ഞാണേട്ടന്റെ വേവലാതി. അതിനോടൊപ്പം താൻ ലോഹ്യേന്റയും ജെ.പിയുടേയും ആളായിരുന്നുവെന്ന് വികാരനിർഭരമായി ഓർക്കുന്നു കുഞ്ഞാണേട്ടൻ. ആർക്കും വേണ്ടാണ്ടായ സോഷ്യലിസ്റ്റ് പാർട്ടിയുടെ കൊടി താനിന്നു ഹരിതസേനക്കാർക്ക് എടുത്തുകൊടുത്തു എന്നയാൾ വേദനയോടെ ഓർക്കുന്നു. രാം മനോഹർ ലോഹ്യയും ജെ.പിയും മറ്റും കോൺഗ്രസിൽ നിന്ന് വേർപിരിഞ്ഞു വന്ന് ഉണ്ടാക്കിയ സോഷ്യലിസ്റ്റ് പാർട്ടിക്ക് ഉയർന്ന സാമൂഹികസ്വപ്നങ്ങളാണ് ഉണ്ടായിരുന്നത്. വർഗ്ഗവ്യത്യാസമില്ലാത്ത, ജാതി വിവേചനമില്ലാത്ത, സാമൂഹികനീതിയിൽ ഊന്നുന്ന, ഭരണവികേന്ദ്രീകരണത്തിലൂന്നുന്ന ആ പാർട്ടിയുടെ ആദർശങ്ങൾ ഒക്കെ ഇന്ന് വിഫലമായതോർക്കുമ്പോൾ 'നമ്മളെ രാഷ്ട്രീയം മൊത്തം വേയ്സ്റ്റാ'എന്നു കുഞ്ഞാണേട്ടൻ നിരാശപ്പെട്ട് പോകുകയാണ്. അതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തനായ ഒരു കുഞ്ഞാണേട്ടനെ കണ്ട് കഥാഖ്യാതാവ് അമ്പരന്നു പോകുന്നുമുണ്ട്.

കുഞ്ഞാണേട്ടനുമായി താൻ ഇടപെട്ട പല സന്ദർഭങ്ങൾ കഥാഖ്യാതാവിന്റെ മനസ്സിലൂടെ കടന്നു പോകുന്നതിനിടയ്ക്കാണ് മരിച്ചുപോയി എന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പറയപ്പെട്ട കുഞ്ഞാണേട്ടന്റെ ഫോൺകോൾ കഥാഖ്യാതാവിന് വരുന്നത്. അയാളുടെ വീട്ടിൽ നിന്ന് ആരെങ്കിലും വിളിക്കുന്നതാണോ എന്ന വിചാരത്തോടെ ഫോൺ എടുക്കുമ്പോൾ സംസാരിക്കുന്നത് കുഞ്ഞാണേട്ടൻ തന്നെയാണ്. അയാളുടെ അപേക്ഷ അനുസരിച്ച് അയാളുടെ കടയുടെ മുന്നിലെത്തുമ്പോൾ ഒരുകൂട്ടം ആളുകൾ അവിടെ കൂടിനിൽക്കുന്നു. ആരോടും പറയാതെ രണ്ടുദിവസം മകന്റെ വീട്ടിൽ പാർക്കാൻ പോയതാണ് കുഞ്ഞാണേട്ടൻ. അപ്പോഴാണ് നാട്ടിൽ ഇങ്ങനെ ഒരു വാർത്ത. താൻ മരിച്ചുപോയി എന്ന വാർത്ത നർമ്മഭാവത്തോടെ ഉൾക്കൊള്ളുന്ന കുഞ്ഞാണേട്ടന് അമർഷം വന്നത് ആ മരണ അറിയിപ്പിൽ തന്നെ സമുദായ ശ്മശാനത്തിൽ അടക്കും എന്നും പറഞ്ഞിരിക്കുന്നതിലാണ്.

ജാതിയൊക്കെ എന്നോ മറയത്തെറിഞ്ഞ ആ മനുഷ്യന് അതു തന്നെ അപമാനിക്കലായിട്ടാണ് തോന്നിയത്. ജാതിശ്മശാനങ്ങളല്ലാതെ മനുഷ്യശ്മശാനം ഇല്ലാണ്ടായി പോയിട്ടുണ്ടാകും ചിലെടത്തെങ്കിലും. മരുതംമുക്ക് അങ്ങനെയായാലും തന്റെ ശരീരം ശ്രീനാരായണഗുരു പറഞ്ഞപോലെ ചക്കിലിട്ടാട്ടീറ്റ് തെങ്ങിനു വളമാക്കുകയോ മെഡിക്കൽ കോളേജിൽ കൊടുക്കുകയോ ആണ് വേണ്ടതെന്ന അയാളുടെ ഉറപ്പ് ഇന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന നവോത്ഥാനവീര്യത്തിൽ നിന്നുണ്ടായതാണ്. താൻ ഒരിക്കലും സമുദായ ശ്മശാനത്തിൽ പോയി കിടക്കില്ല എന്ന് ഉറപ്പിച്ചു പറയുന്നു അയാൾ. നവോത്ഥാന ദേശീയ മൂല്യങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് ഇന്നത്തെ ജാതി മനോഭാവത്തോടും മൂല്യരഹിത രാഷ്ട്രീയത്തോടും കലഹിക്കുകയാണ് മരുതംമുക്കിലെ ഈ കഥാപാത്രം. അതിലൂടെ ഈ കഥ നമ്മുടെ രാഷ്ട്രീയ നീതിബോധത്തെ പിടിച്ചു ലയ്ക്കുകയും ചെയ്യുന്നു.

പ്രധാനപ്രമേയത്തിന്റെ പശ്ചാത്തലമായുള്ള കഥാഖ്യാതാവിന്റെയും ഭാര്യയുടെയും നർമ്മോത്സുകത നിറഞ്ഞ നിത്യജീവിതസംഭാഷണങ്ങൾ നമ്മുടെ പല സാമൂഹ്യകാപട്യങ്ങളെയും അനാവരണം ചെയ്യുന്നതാണ്. തീവ്രവൈകാരികതയും പകയും വയലൻസും നിറഞ്ഞ തെക്കൻ കൊറിയൻ സിനിമകളും സീരിയലുകളും ഇന്നത്തെ പല പ്രേക്ഷകരുടെയും ഹരമാണല്ലോ. മൊബൈലിൽ താൻ 100 കൊറിയൻ സിനിമ കണ്ടു പൂർത്തിയാക്കിയാൽ കൊറിയൻ പ്രസിഡണ്ടിനെ നേരിട്ട് വിളിച്ചു പറയും എന്നാണ് ടീച്ചറിന്റെ നിശ്ചയം. ആ പ്രസിഡന്റ് മറ്റാരോടും ആലോചിക്കാതെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുകൊണ്ട് അയാളെ പുറത്താക്കി. പിന്നെ അയാൾക്കെങ്ങനെ ഫോൺ ചെയ്യുമെന്ന് ചോദിച്ച് മാഷ് ടീച്ചറെ പ്രകോപിപ്പിക്കുന്നു. അത് കേട്ട് ടീച്ചർ കുലുങ്ങിയില്ലെന്നു മാത്രമല്ല അയാളല്ലെങ്കിൽ അടുത്ത പ്രസിഡണ്ടിനോട് വിളിച്ചു പറയും എന്ന് ഉറപ്പിച്ചു പറയുന്നു.

ദക്ഷിണകൊറിയയിൽ തോന്നിയവാസം കളിച്ച ഭരണകർത്താക്കൾക്ക് ശിക്ഷ കിട്ടുന്നുവല്ലോ എന്നും നമ്മുടെ നാട്ടിലെ ആ ഗുസ്തിക്കാര് പെൺകുട്ട്യോള് എന്തെല്ലാം അനുഭവിച്ചിട്ടും ആ തടിയൻ ഇവിടെ വെലസി നടക്കുകയല്ലേ എന്നും ടീച്ചർ അപ്പോൾ പറയുന്നു. സാക്ഷി മാലിക്കിന്റെയും ബ്രിജ് ഭൂഷണിന്റെയും കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് ടീച്ചർ നടത്തുന്ന പ്രതികരണം നീതിബോധം നഷ്ടപ്പെട്ടിട്ടില്ലാത്ത ഓരോ ഇന്ത്യൻ സ്ത്രീയുടെ മനസ്സിലും ഉയർന്നു വരുന്ന പ്രതിഷേധമാണ്. നമ്മുടെ നാടുമായി താരതമ്യപ്പെടുത്തുമ്പോൾ ദക്ഷിണകൊറിയ എത്രയോ നല്ലതാണ് എന്ന ടീച്ചറുടെ വാക്കുകളോട് മാഷ് ചൊടിച്ചതിങ്ങനെ:'ഒരു മുതലാളിത്ത രാജ്യത്തിന്റെ വമ്പൊന്നും ആരോടും പറയേണ്ട ടീച്ചറെ'. 

അതിന് ടീച്ചർ പറഞ്ഞ മറുപടി കുറിക്ക് കൊള്ളുന്നതാണ്. 'നിങ്ങടെ ഉള്ളില് പഴയൊരു ചീഞ്ഞ സിന്ദാബാദ് വിളി അളിഞ്ഞു കിടക്കുന്നുണ്ട് മാഷേ. നമ്മുടെ നാട് പിന്നെ സോഷ്യലിസ്റ്റ് നാടാണല്ലോ. ങ്ങള് ഒരിക്കലും നന്നാവൂല്ല'. കേരളീയന്റെ കപടമായ രാഷ്ട്രീയനാട്യങ്ങളെ എത്ര ആഴത്തിലാണ് ഈ വാക്കുകൾ അനാവരണം ചെയ്യുന്നത്. നമുക്ക് അമേരിക്കയെ പോലുള്ള മുതലാളിത്ത രാഷ്ട്രങ്ങളോട് കാഞ്ഞ എതിർപ്പാണ്. പക്ഷേ നമ്മുടെ മക്കൾ എങ്ങനെയെങ്കിലും ആ പറുദീസയിൽ എത്തിപ്പെട്ടാലോ നമുക്ക് ജീവിതസാഫല്യം കിട്ടിയ അനന്ദവും. ആദ്യമായി കമ്മ്യൂണിസ്റ്റ് പാർട്ടിയെ ബാലറ്റുപെട്ടിയിലൂടെ ഭരണത്തിൽ എത്തിച്ചവരെന്ന തറവാടിത്തഘോഷണം വേണ്ടിടത്തും വേണ്ടാത്തിടത്തും മുഴക്കുന്ന കേരളീയരിൽ ഇന്ന് എന്തു ഇടതുപക്ഷ മൂല്യമാണ് അവശേഷിച്ചിട്ടുള്ളത്? ആത്മ വിമർശനത്തിന്റെ ശരശയ്യയിൽ മലയാളിയെ കിടത്തുന്ന ഈ ചോദ്യമാണ് കഥയിലെ ടീച്ചർ ഉന്നയിക്കുന്നത്.

കറണ്ട് പോയതിനെ ചൊല്ലി, പ്രത്യേകിച്ച് ടിവി കാണാൻ പറ്റാത്തതിനെച്ചൊല്ലി മാഷ് വല്ലാതെ രോഷം കൊള്ളുമ്പോൾ ടീച്ചർ പറയുന്നു:'ഏതെങ്കിലും ഒരു പുസ്തകമെടുത്ത് വായിച്ചു കൂടെ. പുസ്‌കോത്സവത്തില് പോയിറ്റ് കുറെ വാങ്ങി വരുന്നത് ഇപ്പോൾ ഒരു ഫാഷനാ. ആരും വായിക്ക്വോന്നുമില്ല. ആളെ കാണിക്കാനായിറ്റു മാത്രം.' ഇവിടെയും മധ്യവർഗ മലയാളിയെ ആത്മവിമർശനത്തിന് പ്രേരിപ്പിക്കുന്ന കൂർത്ത വിമർശനമുണ്ട്. നവോത്ഥാനകാലത്ത് വായനശാലകളിലേക്കും പുസ്തകം കിട്ടുന്നിടത്തേക്കും വളരെ ദൂരം ബുദ്ധിമുട്ടി നടന്നു ചെന്ന് വായനയുടെ ജാലകങ്ങളിലൂടെ വായുവും വെളിച്ചവും വലിച്ചെടുത്ത കേരളീയരിൽ ചിലരെങ്കിലും ഇന്ന് പ്രദർശനവസ്തുവായിട്ടാണല്ലോ പുസ്തകങ്ങളെ കാണുന്നത്. ജാതിവിചാരം കൊണ്ട് 'ഭ്രാന്താലയ'മായിരുന്ന കേരളം ധാരാളം നവോത്ഥാന നായകരുടെ ശ്രമങ്ങളിലൂടെ ജാത്യതീതമായ മാനവികതയിലേക്കും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലുള്ള സമർപ്പിതമായ പ്രവർത്തനങ്ങളിലൂടെ സമത്വസുന്ദര ലോകത്തിൽ എത്താനുള്ള സ്വപ്നത്തിലേക്കും സഞ്ചരിച്ചിട്ട് ഒടുവിൽ ഒരു ചളിക്കുണ്ടിൽ ചെന്നു വീണുപോയതോർത്തുള്ള വേദനയാണ് ഈ കഥയുടെസ്രോതസ്സ്. പൂർവികരുടെ എല്ലാ ശ്രമങ്ങളും വേസ്റ്റ് ആയോ എന്ന കുഞ്ഞാണേട്ടന്റെ ചോദ്യം കേരളത്തിന്റെ രാഷ്ട്രീയമനസ്സാക്ഷിയുടെ കൂടി ഒരു ചോദ്യമായി മാറുന്നു.